കോവിഡും ഗന്ധവും


ഡോ.സംഗീത ചേനംപുല്ലി

കോവിഡ് ബാധയുടെ എളുപ്പത്തില്‍ തിരിച്ചറിയാവുന്ന ലക്ഷണമായി പൊതുവേ പറയപ്പെടുന്നത് ഗന്ധനഷ്ടമാണ്. കോവിഡ് ബാധിതയായി രണ്ടാമത്തെ ദിവസമാണ് ആ വിചിത്രാനുഭവം ആദ്യമായി ഉണ്ടാകുന്നത്. തീക്ഷ്ണമായ മണമുള്ള ബാമുകളോ, ഓറഞ്ച് തൊലിയോ ഒന്നും മൂക്കില്‍ യാതൊരു പ്രതികരണവും ഉണ്ടാക്കാത്ത അവസ്ഥ. അപ്പോഴാണ് എങ്ങനെയാണ് ഗന്ധം തിരിച്ചറിയുന്ന കോശങ്ങളെ കൊറോണ വൈറസ് ബാധിക്കുന്നുണ്ടാവുക എന്നോര്‍ത്തത്. മറ്റുപല വൈറസ് രോഗങ്ങളും താല്‍ക്കാലികമോ, നീണ്ട കാലത്തേക്കോ ഉള്ള ഗന്ധ നഷ്ടത്തിന് (anosmia) കാരണമാകുന്നുണ്ട് എങ്കിലും കോവിഡിന്റെ കാര്യത്തില്‍ അത് കുറച്ച് വ്യത്യസ്തമായ രീതിയിലാണ്‌ സംഭവിക്കുന്നത് എന്ന് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ ഡോ.ദത്തയുടെ നേതൃത്വത്തിലുള്ള പഠനം സൂചിപ്പിക്കുന്നു . രുചി അറിയാനുള്ള നമ്മുടെ കഴിവും ഗന്ധവുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് ഗന്ധമില്ലായ്മ അത്ര നിസാര പ്രശ്നമല്ല. ഗ്യാസ് ലീക്ക് ചെയ്യുന്നതും, ഭക്ഷണം ചീത്തയായതും, ഫ്രിഡ്ജില്‍ പച്ചക്കറികള്‍ ചീഞ്ഞളിഞ്ഞതും ഒന്നും എളുപ്പത്തില്‍ മനസ്സിലാകാത്ത പ്രശ്നം വേറെയുമുണ്ട്. ഗന്ധങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് മനുഷ്യന്‍ ഉള്‍പ്പടെയുള്ള ജീവികളുടെ അതിജീവനത്തിന്റെ പ്രശ്നം കൂടിയാണ്. ആരോഗ്യത്തിനു പ്രശ്നമുണ്ടാക്കുന്ന ഭക്ഷണവും അപകടകരമായ സാഹചര്യങ്ങളുമൊക്കെ മണത്തറിഞ്ഞു കൊണ്ടുകൂടിയാണ് നാം അതിജീവിക്കുന്നത്.  അതുപോലെ മുല്ലപ്പൂ മണക്കുമ്പോള്‍ സള്‍ഫര്‍ ഡയോക്സൈഡിന്റെ ഗന്ധം വന്നാലോ? ഗന്ധങ്ങള്‍ തമ്മില്‍ പരസ്പരം മാറിപ്പോകുന്ന അവസ്ഥക്കും ചിലപ്പോള്‍ കോവിഡ് കാരണമാകുമത്രേ

നാം മണക്കുന്നതെങ്ങനെ ?

കാഴ്ചയെപ്പോലെ തന്നെ ഗന്ധം തിരിച്ചറിയുന്നതും രസതന്ത്ര പ്രക്രിയയാണ്‌. വസ്തുക്കളില്‍ ബാഷ്പീകരണസ്വഭാവമുള്ള പലതരം ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ബാഷ്പീകരിച്ച് പുറത്തെത്തുന്ന ഇവ വായുവിലൂടെ സംവഹനം മൂലം സഞ്ചരിച്ച് നമ്മുടെ മൂക്കില്‍ എത്തിയാണ് ഗന്ധത്തിന്റെ അനുഭവം ഉളവാക്കുന്നത്. ഒട്ടും ബാഷ്പീകരണം നടക്കാത്ത വസ്തുക്കള്‍ക്ക് ഗന്ധവും ഉണ്ടാകുകയില്ല. ബാഷ്പശീലം കൂടുംതോറും ഗന്ധത്തിന്‍റെ ഗാഡതയും കൂടുന്നു. ഉയര്‍ന്ന ഊഷ്മാവില്‍ വസ്തുക്കളുടെ ബാഷ്പീകരണത്തോത് കൂടുതലായിരിക്കും, മാത്രമല്ല ഉയര്‍ന്ന ഗതികോര്‍ജ്ജം മൂലം ബാഷ്പ തന്മാത്രകള്‍ കൂടുതല്‍ വേഗത്തില്‍ വായുവിലൂടെ സഞ്ചരിക്കുകയും ചെയ്യും. . അതുകൊണ്ടാണ് ചൂടുള്ള ഭക്ഷണത്തിന്‍റെ മണം തണുത്ത ഭക്ഷണത്തിന്‍റെതിനേക്കാള്‍ എളുപ്പത്തില്‍ നമ്മുടെ മൂക്കിലെത്തുന്നത്.  എങ്കിലും ആയിരക്കണക്കിന് വ്യത്യസ്തമായ മണങ്ങളെ നമ്മള്‍ തിരിച്ചറിയുന്നത് എങ്ങനെ എന്ന് അത്ഭുതം തോന്നുന്നില്ലേ? അതിന്‍റെ രഹസ്യം ഒളിഞ്ഞിരിക്കുന്നത് നമ്മുടെ ഗന്ധ സംവേദന വ്യവസ്ഥയിലാണ്.

തലച്ചോറുമായി ഹൈപ്പോതലാമസ് വഴിയല്ലാതെ നേരിട്ട് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ഒരേയൊരു സംവേദന സംവിധാനം ഗന്ധത്തിന്‍റെതാണ്.  മൂക്കിനുള്ളില്‍  എതാണ്ട് ഏഴ് സെന്റിമീറ്റര്‍ ഉള്ളിലായി കിടക്കുന്ന എപ്പിത്തീലിയല്‍ കോശങ്ങളടങ്ങിയ ചെറിയ പാളിയാണ് പ്രാഥമികമായി മണമറിയുന്ന പ്രക്രിയക്ക്  പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണ, ഘടനാപരമായി വ്യത്യസ്തമായ ആറു തരം കോശങ്ങള്‍ ഈ ഭാഗത്ത് കാണപ്പെടുന്നു. ഗന്ധഎപ്പിത്തീലിയല്‍ കോശങ്ങളെ പൊതിഞ്ഞുകൊണ്ട് ശ്ലേഷ്മത്തിന്റെ ഒരു പാളിയുമുണ്ടാവും. ഇവയില്‍ പലതരം തന്മാത്രകളും, ലവണങ്ങളും എന്‍സൈമുകളും കൂടാതെ ആന്‍റിബോഡികളും അടങ്ങിയിരിക്കുന്നു. ഇവിടെ ശ്ലേഷ്മം സ്ഥിരമായി ഈര്‍പ്പം പകരുകയും  ഓരോ പത്തുമിനിറ്റിലും പുതുക്കപ്പെടുകയും ചെയ്യുന്നു. ഈ ഭാഗത്ത് അവസാനിക്കുന്ന ശാഖകളോട് കൂടിയ (dendrites)  ഗന്ധ സംവേദന ന്യൂറോണുകള്‍ (olfactory sensory neurons) ആണ് മണത്തെ തലച്ചോറിലേക്ക് എത്തിക്കുന്നത്. . ഇവ നേരിട്ട് തലച്ചോറുമായി ഘടിപ്പിക്കപ്പെട്ടിരിക്കുന്നു. മറ്റൊരു സംവേദനാവയവങ്ങളും നേരിട്ട് തലച്ചോറിനോട് ബന്ധിക്കപ്പെട്ടിട്ടില്ല. ശ്ലേഷ്മസ്തരത്തിലെ ആന്‍റിബോഡികള്‍ പ്രധാനമാകുന്നത് ഇക്കാരണം കൊണ്ടാണ്. മൂക്കില്‍ വന്നെത്തുന്ന രോഗാണുക്കള്‍ തലച്ചോറിനെ നേരിട്ട് ആക്രമിക്കാനുള്ള സാധ്യതയെ ആന്റിബോഡികള്‍ തടയുന്നു. ഗന്ധം തിരിച്ചറിയാന്‍ സഹായിക്കുന്ന എപ്പിത്തീലിയല്‍ കോശങ്ങളുടെ എണ്ണവും ഗന്ധസംവേദന ന്യൂറോണുകളുടെ സാന്ദ്രതയും കൂടുമ്പോള്‍ ജീവികള്‍ക്ക് ഗന്ധം തിരിച്ചറിയാനുള്ള കഴിവ് കൂടും. മനുഷ്യനില്‍ ഈ ഭാഗം മറ്റ് സസ്തനികളുടെ അത്രയും വികസിതമല്ല. ഒരു നായയില്‍ ഈ ഭാഗത്തിന് മനുഷ്യനുള്ളതിനേക്കാള്‍ പതിനേഴ് ഇരട്ടിയോളം വിസ്തൃതിയുണ്ടാവും.

 

ഗന്ധം  തിരിച്ചറിയുന്ന ശാരീരിക പ്രക്രിയയുടെ സൂക്ഷ്മവിശദാംശങ്ങള്‍ ഇപ്പോഴും കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ഇത് സംബന്ധിച്ച് പ്രാഥമികമായ ധാരണയുണ്ട്. വസ്തുക്കളില്‍ നിന്ന് ബാഷ്പീകരിക്കപ്പെട്ട് പുറത്തെത്തുന്ന, ഗന്ധത്തിന് കാരണമായ ഓര്‍ഗാനിക സംയുക്തങ്ങള്‍ മൂക്കിനുള്ളില്‍ എത്തുകയും ശ്ലേഷ്മത്തില്‍ ലയിക്കുകയും ചെയ്യുന്നു. ഗന്ധസംവേദന ന്യൂറോണുകളുടെ ചുറ്റിലും കാണപ്പെടുന്ന സഹായക കോശങ്ങള്‍ (Auxillary cells) വിവിധ തരം പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്.  ഇവയാണ് ഗന്ധതന്മാത്രകളുമായി കൂടിച്ചേര്‍ന്ന് അവയെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. ഒരു പൂട്ടും താക്കോലും തമ്മിലുള്ള ബന്ധമാണ് ഗന്ധതന്മാത്രകള്‍ക്ക് പ്രോട്ടീനുകളുമായുള്ളത്. അതായത് ചില പ്രത്യേക ഘടനയുള്ള തന്മാത്രകള്‍ ചില പ്രത്യേക പ്രോട്ടീനുകളുമായി മാത്രം ബന്ധിക്കപ്പെടുന്നു.ഗന്ധസംവേദന ന്യൂറോണുകളുടെ അഗ്രങ്ങള്‍ ശ്ലേഷ്മവും ലവണങ്ങളും അടങ്ങിയ ജലീയ ലായനിയില്‍ മുങ്ങിയിരിക്കുന്നു. അതേസമയം ഗന്ധത്തിന് കാരണമാകുന്ന തന്മാത്രകള്‍ ജലത്തോട് പ്രതിപത്തിയില്ലാത്ത ഓര്‍ഗാനിക് തന്മാത്രകളാണ്. ഇവയെ ജലത്തില്‍ ലയിപ്പിക്കുന്ന ദൗത്യം ഈ പ്രോട്ടീനുകള്‍ക്കാണ്. ഗന്ധത്തിന് കാരണമായ തന്മാത്രകളെ ഗന്ധ സംവേദന ന്യൂറോണുകളിലെ സ്വീകരണികളിലേക്ക് എത്തിക്കുന്ന വാഹകരായി ഇവ പ്രവര്‍ത്തിക്കുന്നു. ഗന്ധസംവേദന ന്യൂറോണുകള്‍ ഗന്ധത്തെ സംബന്ധിച്ച വിവരങ്ങള്‍ തലച്ചോറിന്റെ മുന്‍വശത്തെ ഓള്‍ഫാക്റ്ററി ബള്‍ബ് എന്ന ഭാഗത്ത് എത്തിക്കുന്നു. ഇവിടെ നിന്ന് വിവരങ്ങള്‍ കൂടുതല്‍ വിശകലനത്തിനായി അമിഡ്ഗല, ഹിപ്പോകാമ്പസ്, ഓര്‍ബിറ്റോ ഫ്രണ്ടല്‍ കോര്ടക്സ് എന്നിവിടങ്ങളിലേക്കും കൈമാറുന്നു. വികാരങ്ങളേയും ഓര്‍മ്മകളേയും  കൈകാര്യം ചെയ്യുന്നതില്‍ കൂടി ഈ ഭാഗങ്ങള്‍ക്ക് പങ്കുണ്ട്. ഗന്ധങ്ങള്‍ ചില പ്രത്യേക മാനസികാവസ്ഥകളിലേക്കും ഓര്‍മ്മകളിലേക്കും നയിക്കുന്നത് ഈ ബന്ധം കാരണമാണ്. മാത്രമല്ല ഗന്ധങ്ങളെ സംബന്ധിച്ച ഓര്‍മ്മകള്‍ സൂക്ഷിക്കപ്പെടുന്നത് ദീര്‍ഘകാല ഓര്‍മ്മകള്‍ക്ക് ഒപ്പമാണ്.

മനുഷ്യന് അഞ്ചുതരം taste-കളെ  വേര്‍തിരിച്ചറിയാന്‍ കഴിയൂ. അപ്പോള്‍ പിന്നെ എങ്ങനെയാണ് ചക്കപ്പഴത്തിന്റെയും മാമ്പഴത്തിന്റെയും മധുരം വ്യത്യസ്തമാകുന്നത്? അവിടെയാണ് ഗന്ധത്തിന്‍റെ പ്രാധാന്യം. കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണത്തിന്റെ ഗന്ധം തിരിച്ചറിയുന്നത് മണമറിയുന്ന സാധാരണ പ്രക്രിയയില്‍ (Orthonasal Smell) നിന്ന് കുറച്ചുകൂടി വ്യത്യസ്തമായ രീതിയിലാണ്(Retronasal smell). ഭക്ഷണം ചവച്ചരക്കുമ്പോള്‍ അതില്‍ നിന്ന് ഗന്ധകണികകള്‍ പുറത്തുവരുന്നു. ഉഛ്വസന സമയത്ത് അത് ഗന്ധ സംവേദന കോശങ്ങളില്‍ ചെന്നുതട്ടി പ്രതികരണം ഉണ്ടാക്കുന്നു. ഭക്ഷണത്തിൻ്റെ flavour ഗന്ധവുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. ഗന്ധവും Taste ഉം ചേര്‍ന്നാണ് flavour എന്ന അനുഭവം സൃഷ്ടിക്കുന്നത്. അഞ്ച് taste കളേ നമുക്ക് തിരിച്ചറിയാന്‍ കഴിയൂ എങ്കിലും നൂറുകണക്കിന് വ്യത്യസ്ത flavour കള്‍ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ഇങ്ങനെ കഴിയുന്നു. ജലദോഷമുള്ളപ്പോള്‍ മൂക്ക് അടയുമ്പോള്‍ ഭക്ഷണത്തില്‍ നിന്നുള്ള ഗന്ധകണികകള്‍ ഗന്ധകോശങ്ങളില്‍ എത്താതെ വരികയും അത് രുചിയെ ബാധിക്കുകയും ചെയ്യുന്നു. എങ്കിലും മറ്റുജീവികളില്‍ എന്നപോലെ മനുഷ്യൻ്റെ അതിജീവനത്തെ സംബന്ധിച്ച് ഗന്ധത്തിന് പ്രാധാന്യം കുറവാണ്.

നാസാരന്ധ്രങ്ങളിലുണ്ടാകുന്ന തടസ്സങ്ങള്‍, അണുബാധകള്‍, ഓള്‍ഫാക്ടറി ബള്‍ബിനോ തലച്ചോറിന്‍റെ മറ്റു ഭാഗങ്ങള്‍ക്കോ ഉണ്ടാകുന്ന ക്ഷതങ്ങള്‍ എന്നിവയൊക്കെ താല്‍ക്കാലികമോ സ്ഥിരമോ ആയ ഗന്ധനഷ്ടത്തിന് കാരണമാകാം. മാത്രമല്ല ഇത് രുചിയേയും വൈകാരിക സംതുലനത്തേയും ബാധിക്കുകയും ചെയ്യും. കോവിഡ് രോഗികളില്‍ പ്രധാനപ്പെട്ട ഒരു ലക്ഷണമാണ് ഗന്ധനഷ്ടം. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ ഗവേഷകര്‍ ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തിയിരുന്നു. കോവിഡിന് കാരണമാകുന്ന SARS-CoV-2 ഗന്ധം തിരിച്ചറിയാന്‍ സഹായിക്കുന്ന എപ്പിത്തീലിയല്‍ കോശങ്ങളെ ബാധിക്കുന്നതാണ് ഗന്ധനഷ്ടത്തിന് കാരണമെന്ന് ഇവര്‍ കണ്ടെത്തി. ഗന്ധസംവേദന ന്യൂറോണുകളെ ഈ വൈറസ് ബാധിക്കുന്നില്ല.  അതുകൊണ്ടുതന്നെ താരതമ്യേന എളുപ്പത്തില്‍ പുതിയ കോശങ്ങള്‍ നിര്‍മ്മിക്കപ്പെടുകയും ഗന്ധം വീണ്ടുകിട്ടുകയും ചെയ്യുന്നു. എന്നാല്‍ മറ്റ് ചില വൈറസുകള്‍ ഗന്ധസംവേദന ന്യൂറോണുകളെ നേരിട്ട് ബാധിക്കാറുണ്ട്, പുതിയ നാഡീകോശങ്ങള്‍ നിര്‍മ്മിക്കപ്പെടാന്‍ കൂടുതല്‍ സമയമെടുക്കുന്നതിനാല്‍ വളരെ വൈകി മാത്രമേ ഗന്ധം തിരിച്ചു കിട്ടൂ. സാധാരണ ജലദോഷം ഉണ്ടാക്കുന്ന വൈറസുകള്‍ ബാധിക്കുമ്പോള്‍ ആവട്ടെ മൂക്കടപ്പും കോശങ്ങളുടെ വീക്കവും കാരണമാണ് മണം നഷ്ടമാകുന്നത്. കോവിഡ് ബാധയില്‍ മൂക്കടപ്പ് ഇല്ലാതെ തന്നെ ഗന്ധം നഷ്ടമാകാറുണ്ട്.

ഗവേഷകര്‍ക്ക് പറയാനുള്ളത്

നമ്മുടെ ശ്വാസനാളത്തിലെ കോശങ്ങളില്‍ കാണുന്ന ACE2 എന്ന ജീനിനെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. കൊറോണ വൈറസിന്‍റെ ശരീരത്തിലേക്കുള്ള കടന്നുകയറ്റത്തെ സഹായിക്കുന്ന സ്വീകരണീ പ്രോട്ടീന്‍ (Receptor protein) ഉത്പാദിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്ന ജീന്‍ ആണിത്. ഇതേപോലെ കൊറോണ വൈറസിനെ സഹായിക്കുന്നു എന്ന് കരുതപ്പെടുന്ന ഒരു എന്‍സൈം ഉത്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന TMPRSS2 ജീനിനേയും പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഗന്ധഎപ്പിത്തീലിയല്‍ കോശങ്ങളില്‍ ഈ ജീനുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായും, ന്യൂറോണുകളില്‍ ഇവ പ്രവര്‍ത്തിക്കുന്നില്ല എന്നും കണ്ടെത്തി. അതേസമയം മറ്റ് തരം കൊറോണ വൈറസുകള്‍ ഗന്ധ സംവേദന ന്യൂറോണുകളെ ആക്രമിക്കുന്നുണ്ട് എന്നതാണ് കൌതുകകരമായ കാര്യം. എപ്പിത്തീലിയല്‍ കോശങ്ങളില്‍ തന്നെ രണ്ട് തരം കോശങ്ങളാണ് ആക്രമണ വിധേയമാകുന്നത്. ന്യൂറോണുകള്‍ക്ക് താങ്ങും ബലവും നല്‍കുന്ന sustentacular കോശങ്ങളും, എപ്പിത്തീലിയല്‍ കോശങ്ങള്‍ നശിച്ചാല്‍ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്ന വിത്തുകോശങ്ങള്‍ ആയ ബാസല്‍ കോശങ്ങളും. ഓള്‍ഫാക്റ്ററി ബള്‍ബിലോ തലച്ചോറിലെ ഗന്ധവുമായി ബന്ധപ്പെട്ട മറ്റ് ഭാഗങ്ങളിലോ ഈ ജീനുകള്‍ പ്രവര്‍ത്തന ക്ഷമമല്ല എന്നും കണ്ടു. പക്ഷേ തലച്ചോറിലെ രക്തക്കുഴലുകളിലെ ചില കോശങ്ങളില്‍ ACE2 ജീന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രക്തസമ്മര്‍ദ്ദവും തലച്ചോറിലെ രക്തത്തിന്റെ അളവും ഉറപ്പു വരുത്തുന്നതില്‍ ഇവക്ക് പങ്കുള്ളതിനാല്‍ വിശദമായ തുടര്‍പഠനം ഇക്കാര്യത്തില്‍ ആവശ്യമുണ്ട്.

ഗന്ധ നഷ്ടം ദീര്‍ഘകാലത്തേക്ക് ആകുമ്പോള്‍ അത് മാനസികമായ പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഗന്ധം കൈകാര്യം ചെയ്യുന്ന തലച്ചോറിന്റെ ഭാഗങ്ങള്‍ തന്നെയാണ് വികാരങ്ങളേയും ഓര്‍മ്മകളേയും നിയന്ത്രിക്കുന്നത് എന്നതുകൊണ്ടാണിത്. ഗന്ധനഷ്ടം സംഭവിച്ച എലികള്‍ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചതായി ഒരു പഠനം സൂചിപ്പിക്കുന്നു. വൈകാരിക സന്തുലനത്തില്‍ ഗന്ധത്തിന്റെ പ്രാധാന്യത്തെ ആണിത് കാണിക്കുന്നത്. കോവിഡ് 19 ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെ സംബന്ധിച്ചും ഈ പഠനം പ്രസക്തമാണ്‌.


അവലംബം

  1. https://hms.harvard.edu/news/how-covid-19-causes-loss-smell

Leave a Reply