Read Time:10 Minute

ഡോ.കെ.പി.അരവിന്ദന്‍

റിട്ട. പ്രൊഫസർ, പത്തോളജി വിഭാഗം, കോഴിക്കോട് മെഡിക്കൽ കോളേജ്

കോവിഡ്-19 കണ്ടെത്താനുള്ള രോഗനിർണയരീതികൾ എന്തെല്ലാമാണ് ? വളരെ കൂടുതൽ പേരെ രോഗനിർണയ ടെസ്റ്റുകൾക്കു വിധേയമാക്കിയ രാജ്യങ്ങൾക്കാണ് പൊതുവിൽ രോഗത്തിൻ്റെ വ്യാപനതോത് കുറച്ചു കൊണ്ടുവരാനായത്. അങ്ങനെയെങ്കില്‍ രോഗനിര്‍ണയത്തിന്റെ നമ്മുടെ സാഹചര്യം എന്താണ് ?

കേരളത്തിലെ കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഇതുവരെയുള്ള വിജയം സാധാരണ ജനങ്ങളിൽ ഇതൊരു ഗുരുതര ആരോഗ്യപ്രശ്നമാണെന്ന ബോധം ഉണ്ടായിട്ടുണ്ടെന്നതാണ്. (രജത് കുമാർ ഫാനുകളെപ്പോലുള്ളവരെ സാധാരണ ജനങ്ങളായി കണക്കാക്കാനാവില്ല). ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും നേരിട്ട് നയിക്കുന്ന സ്ഥിതിയാണ് ഇതിനു മുഖ്യ കാരണമായതെന്നു തോന്നുന്നു. സർക്കാർ സ്വീകരിക്കുന്ന നടപടികളും നിർദേശങ്ങളും പ്രാവർത്തികമാക്കാൻ ഇത് ഏറെ സഹായിക്കുമെന്നതിൽ തർക്കമില്ല. ഗണ്യമായ തോതിൽ കേസുകൾ കുറയ്ക്കാനും ഒരു പക്ഷെ ഇത് ഇടയാക്കിയേക്കും.

എന്നാൽ നാം വലിയൊരു പരീക്ഷണത്തിൻ്റെ തുടക്കത്തിൽ മാത്രമാണ്. ഇപ്പോൾ ഇരുപതു കേസുകൾ മാത്രമേ ഉള്ളൂ എന്നതിൻ്റെ അർത്ഥം 20 പേരിൽ മാത്രമാണ് ടെസ്റ്റ് പോസിറ്റീവ് ആയി വന്നത് എന്നതു മാത്രമാണ്. ലോകമെമ്പാടും ഇതു തന്നെയാണ് സ്ഥിതി. ആരെ ടെസ്റ്റു ചെയ്യുന്നു, എത്രപേരെ ടെസ്റ്റ് ചെയ്യുന്നു എന്നനുസരിച്ചിരിക്കും എത്ര രോഗികളെ കണ്ടെത്തുന്നു എന്നത്.
തെക്കൻ കൊറിയ, ജപ്പാൻ, സിങ്കപ്പൂർ എന്നിവിടങ്ങളിൽ വ്യാപകമായി രോഗനിർണയ ടെസ്റ്റുകൾ ഉപയോഗിച്ചപ്പോൾ ഒട്ടേറെ രോഗികളെ കണ്ടെത്തി. ഈ രാജ്യങ്ങളിലാണ് രോഗവ്യാപനത്തിൻ്റെ വേഗത ഏറ്റവുമധികം കുറയ്ക്കാനായത് എന്നതും പ്രസ്താവ്യമാണ്. കൂടുതൽ ആൾക്കാരെ ടെസ്റ്റ് ചെയ്യുന്നത് എന്തുകൊണ്ടും അഭികാമ്യമാണ്. എന്നാൽ ഇതിൻ്റെ പ്രായോഗികവശങ്ങൾ കാണാതിരുന്നു കൂടാ. കോവിഡ്-19 കണ്ടെത്താനുള്ള രോഗനിർണയരീതികൾ എന്തെല്ലാമാണ്, ടെസ്റ്റുകളുടെയും സാങ്കേതിക വിദഗ്ദ്ധരുടേയും ലഭ്യത എത്ര മാത്രമുണ്ട്, അവയുടെ ചെലവ്, ഗുണപ്രാപ്തി എന്നിവയെല്ലാം പരിഗണനാവിധേയമാക്കേണ്ടതുണ്ട്.

രോഗനിർണയ ടെസ്റ്റുകൾ:
പ്രധാനമായും മൂന്ന് സങ്കേതങ്ങളാണ് കോവിഡ് രോഗനിർണയത്തിന് ഉപയോഗിക്കുന്നത്.

  1. വൈറസിനെ നേരിട്ട് കണ്ടെത്തുന്ന രീതികൾ
  2. വൈറസ് കാരണം മനുഷ്യനിലുണ്ടാകുന്ന ആൻ്റിബോഡികൾ (പ്രതിവസ്തുക്കൾ) കണ്ടെത്തുന്ന രീതികൾ
  3. ശ്വാസകോശത്തേയും മറ്റും ബാധിച്ച ഗുരുതരരോഗം കണ്ടെത്തുന്ന രീതികൾ.

1. വൈറസിനെ നേരിട്ട് കണ്ടെത്തുന്ന രീതികൾ:

കോവിഡ്-19 എന്ന രോഗമുണ്ടാക്കുന്ന SARS-CoV-2 (പഴയ പേര് NCoV-19) എന്ന പുതിയ RNA വൈറസ്സിൻ്റെ ജനിതകക്രമം പൂർണമായി കണ്ടെത്തുന്നതാണ് രോഗനിർണയത്തിൻ്റെ ഏറ്റവും ആധികാരികമായ രീതി. 2019ൻ്റെ അവസാനം ചൈനയിൽ പുതിയ രോഗം പൊട്ടിപ്പുറപ്പെട്ടതിൻ്റെ ഏതാനും ആഴ്കൾക്കുള്ളിൽ ഇത് പുതിയ രോഗാണുവാണെന്ന് കണ്ടെത്തിയത് ഈ ജനിതകക്രമം സീക്വെൻസിങ്ങ് (Sequencing – ജനിതകക്രമം കണ്ടെത്തുന്ന സാങ്കേതിക വിദ്യ) ചെയ്തിട്ടാണ്. ചൈനക്കാർ ഈ അറിവ് പുറംലോകവുമായി പങ്കിട്ടു. ഇതിൻ്റെ ഫലമായി മറ്റു രോഗനിർണയ ടെസ്റ്റുകൾക്ക് രൂപം നൽകാൻ ശാസ്ത്രജ്ഞർക്കു കഴിഞ്ഞു.
സീക്വെൻസിങ്ങ് എന്ന ടെസ്റ്റ് എല്ലാ രോഗികൾക്കും ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ചിലവും, സമയവുമൊക്കെ പ്രശ്നം. പകരം വൈറസിൻ്റെ ജനിതകക്രമത്തിലെ തനതായ ഭാഗങ്ങൾ മാത്രമായി- അതായത് മറ്റുള്ള വൈറസ്സുകളിൽ കാണാത്ത ഭാഗങ്ങൾ – ഉണ്ടോ ഇല്ലയോ എന്നു നോക്കിയാൽ അണു അകത്ത് കയറിയിട്ടുണ്ടോ എന്ന് പറയാനാകും. PCR (Polymerase Chain Reaction) എന്ന ടെസ്റ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. RNA വൈറസ് ആയതുകൊണ്ട് ആദ്യം അതിനെ Reverse Transcriptase എന്ന എൻസൈം ഉപ്യോഗിച്ച് DNA ആയി മാറ്റേണ്ടി വരും. അതിനാൽ RT-PCR എന്ന ടെസ്റ്റാണ് കൃത്യമായി പറഞ്ഞാൽ ഉപയോഗിക്കുക.

CDC 2019-Novel Coronavirus (2019-nCoV) Real-Time Reverse Transcriptase (RT)-PCR Diagnostic Panel

PCR ടെസ്റ്റിൻ്റെ ഏറ്റവും വലിയ ഗുണം അതിൻ്റെ കൃത്യതയാണ് (സാങ്കേതികമായി പറഞ്ഞാൽ ‘specificity’ – അതായത് തെറ്റാനുള്ള സാധ്യത വളരെ കുറവ്). രോഗാണു അകത്തു കയറിക്കഴിഞ്ഞാൽ വേഗത്തിൽ തന്നെ ടെസ്റ്റ് പോസിറ്റീവ് ആകുമെന്നതാണ് മറ്റൊരു ഗുണം. പക്ഷെ, രോഗമുള്ള എല്ലാവരിലും ഇത് പോസിറ്റിവ് ആവണമെന്നില്ല. സാധാരണ ഗതിയിൽ രോഗണുബാധിതരായ 10-20% പേരിൽ ടെസ്റ്റ് നെഗറ്റീവ് ആവാം. വൈറസ് അടങ്ങുന്ന സ്രവങ്ങൾ എടുക്കുന്ന രീതിയിലെ പിഴവുകൾ, മറ്റു സാങ്കേതിക പ്രശ്നങ്ങൾ എന്നിവയൊക്കെ ഇതിനു കാരണമാവാം. കൂടാതെ രോഗാണുവിനെതിരെ ശരീരത്തിൻ്റെ പ്രതിരോധം വിജയിക്കുന്നതിനനുസരിച്ച് രോഗാണുവിൻ്റെ എണ്ണം കുറയുന്നതും നെഗറ്റീവ് ടെസ്റ്റിനു കാരണമാവാം.

2. വൈറസ് കാരണം മനുഷ്യനിലുണ്ടാകുന്ന ആൻ്റിബോഡികൾ കണ്ടെത്തുന്ന രീതികൾ

മനുഷ്യനെ ബാധിക്കുന്ന പല പകർച്ചവ്യാധികളും ലബോറട്ടറിയിൽ നിർണയിക്കുന്നത് അവയ്ക്കെതിരെയുള്ള ആൻ്റിബോഡികൾ രക്തത്തിൽ ഉണ്ടോ എന്നു നോക്കിയാണ്. രോഗം വന്ന് ഏതാനും ദിവസങ്ങൾക്കകം ശരീരം ആൻ്റിബോഡികൾ നിർമ്മിച്ചു തുടങ്ങും. ആദ്യം IgM (Immunoglobulin M) എന്ന ആൻ്റിബോഡികളാണ് ഉണ്ടാവുക. ഒരു രോഗാണുവിനെതിരെയുള്ള IgM ആൻ്റിബോഡികൾ ഒരാളുടെ രക്തത്തിൽ ഉണ്ടെങ്കിൽ അതിനർത്ഥം അടുത്തിടെ അയാൾക്ക് ആ അണുമൂലമുള്ള രോഗം ഉണ്ടായി എന്നതാണ്. ക്രമേണ IgM കുറയുകയും IgG മാത്രം നിലനിൽക്കുകയും ചെയ്യും, IgG ആൻ്റിബോഡികൾ ഉണ്ടെങ്കിൽ അതിനർത്ഥം അയാൾക്ക് എപ്പോഴെങ്കിലും ആ രോഗം പിടിപെട്ടു എന്നതാണ്.

ELISA (Enzyme Linked Immunosorbent Assay) എന്ന ടെസ്റ്റ് വഴിയാണ് ആൻ്റിബോഡികൾ സാധാരണയായി കണ്ടെത്തുന്നത്. PCRനെ അപേക്ഷിച്ച് കൂടുതൽ വേഗത്തിൽ ചെയ്യാമെന്നതും ചിലവ് കുറവാണെന്നതുമാണ് ഇതിൻ്റെ ഒരു മേന്മ.

പക്ഷെ ഈ ടെസ്റ്റുകൾ രോഗാണു അകത്തു കടന്ന് കഴിഞ്ഞ് സുമാർ 10 ദിവസമെങ്കിലും കഴിഞ്ഞേ പോസിറ്റിവ് ആവുകയുള്ളൂ. മിക്ക കേസുകളും പോസിറ്റിവ് ആവണമെങ്കിൽ 14 ദിവസമെങ്കിലും കഴിയണം.


വളരെ പെട്ടെന്ന്, വളരെ കുറച്ച് രക്തം ഉപയോഗിച്ച് ELISAയ്ക്ക് സമാനമായ Rapid (അതിവേഗ) ആൻ്റിബോഡി ടെസ്റ്റുകൾ കോവിഡ്-19 രോഗത്തിനു വേണ്ടി ചില കമ്പനികൾ ഇറക്കിയിട്ടുണ്ട്. ചൈനയിൽ ഇന്ന് വ്യാപകമായി ഇവയാണ് ഉപയോഗിക്കപ്പെടുന്നത്. കൂടുതൽ പേരെ പരിശോധിക്കാനും കൊണ്ടാക്ടുകളെ കണ്ടെത്താനും, എപ്പിഡമിയോളജിക്കൽ പഠനങ്ങൾക്കുമൊക്കെ ഏറ്റവും അനുയോജ്യം ഈ ടെസ്റ്റുകളാണെന്ന് കാര്യത്തിൽ തർക്കമില്ല.

3. ശ്വാസകോശത്തേയും മറ്റും ബാധിച്ച ഗുരുതരരോഗം കണ്ടെത്തുന്ന രീതികൾ.

CT Scan ആണ് ഇവയിൽ ഏറ്റവും പ്രധാനം. ശ്വാസകോശങ്ങളെ ബാധിക്കുന്ന കോവിഡ് കേസുകൾ കണ്ടെത്താൻ അനുയോജ്യമാണ് ഈ ടെസ്റ്റ്.

വളരെ കൂടുതൽ പേരെ രോഗനിർണയ ടെസ്റ്റുകൾക്കു വിധേയമാക്കിയ രാജ്യങ്ങൾക്കാണ് പൊതുവിൽ രോഗത്തിൻ്റെ വ്യാപനതോത് കുറച്ചു കൊണ്ടുവരാനായത്. PCR എന്ന ഒരു ടെസ്റ്റിലൂടെ മാത്രം നമുക്ക് ഇതു സാധ്യമാവുകയില്ല. കൂടുതൽ പേരെ പെട്ടെന്ന് ടെസ്റ്റു ചെയ്യാവുന്ന Rapid ആൻ്റിബോഡി ടെസ്റ്റുകൾ കൂടെ ചേർക്കുന്നതായിരിക്കും നമ്മുടെ രോഗ നിയന്ത്രണ പരിപാടികൾക്ക് ഏറ്റവും അനുയോജ്യം.

https://luca.co.in/covid-19-live-updates/

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ് 19: ഐസോലേഷനില്‍ കഴിയുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
Next post സാമാന്യബുദ്ധിയാൽ അറിയാനാവാത്ത പ്രപഞ്ചം
Close