എന്തുകൊണ്ട് ഇത്തവണ ആറ്റുകാൽ പൊങ്കാല ഒഴിവാക്കണം?

ഡോ: എ.കെ. ജയശ്രീ (പ്രൊഫസര്‍, കമ്യൂണിറ്റി മെഡിസിന്‍, മെഡിക്കല്‍ കോളേജ്, പരിയാരം, കണ്ണൂര്‍) യുമായി മനില സി. മോഹന്‍ നടത്തിയ അഭിമുഖം

പൊങ്കാല നടക്കുന്ന സമയത്ത്, ആളുകൾ കൂട്ടം കൂടുന്ന സ്ഥലത്ത് എന്തുകൊണ്ടാണ് പോകേണ്ട എന്ന് പറയുന്നത്?

കൊറോണ രോഗം പകരുന്ന രീതി കൊണ്ടാണ് അത് പറയുന്നത്. (droplet infection) ഡ്രോപ് ലെറ്റ് ഇൻഫെക്ഷൻ ആണ്. രോഗിയുടെ കഫത്തിൽ നിന്നും, മൂക്കിൽനിന്നും തൊണ്ടയിൽ നിന്നുമൊക്കെയുള്ള സ്രവങ്ങൾ വഴിയുമാണ് ഇത് പകരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തെറിച്ചു പോകുന്നതാണ്. ഒരു മീറ്റർ അകലം ഇല്ല എന്നുണ്ടെങ്കിൽ പകരാനുള്ള സാധ്യത കൂടുതലാണ്. ഇത്രയധികം ആളുകൾ തിങ്ങിത്തിങ്ങി വരുന്ന സമയത്ത് ഇത് പകരുന്നതിനുള്ള സാധ്യത കൂടുതൽ ആണല്ലോ? അത്തരത്തിൽ പകരുന്ന ഏത് രോഗത്തിനും ഈ സാധ്യത ഉണ്ട്. ഇത് പുതിയ രോഗം ആണ് നമ്മുടെ നാട്ടിൽ. അധികം വന്നിട്ടില്ല. അതുകൊണ്ടുതന്നെ വ്യാപകമായി പടർന്നു പിടിക്കാതിരിക്കാൻ ഉള്ള മാർഗ്ഗം എന്ന നിലയ്ക്കാണ് ഇത്തരത്തിൽ ആളുകൾ വലിയതോതിൽ കൂട്ടം കൂടുന്ന സ്ഥലങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത് എന്ന് പറയുന്നത്. അവിടെയുമിവിടെയും ഒറ്റപ്പെട്ട രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനെ നമുക്ക് പെട്ടെന്ന് കണ്ടയ്ൻ ചെയ്യാൻ പറ്റും. ഇത്തരം സ്ഥലങ്ങളിൽ പടരുകയാണെങ്കിൽ ഇതിൽ പ്രായമായവരെയും മറ്റ് രോഗങ്ങൾ ഉള്ളവരെയും ഒക്കെ ബാധിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് മരണനിരക്കും അതുപോലെതന്നെ കൂടാൻ സാധ്യതയുണ്ട്.

പൊങ്കാല ആഘോഷം വേണ്ടെന്ന് വെക്കാൻ തീരുമാനിക്കാത്ത സ്ഥിതിക്ക് അവിടെ വരുന്നവർ ഏതെല്ലാം തരത്തിലുള്ള സുരക്ഷ ആണ് സ്വയം ഏറ്റെടുക്കേണ്ടത്?

ഡോ.ജ: ജലദോഷം, പനി, ചുമ, തൊണ്ടവേദന, ശ്വാസം മുട്ട് ഒക്കെയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ഉള്ളവർ എന്തായാലും പോകരുത്. ഇത്തരം ലക്ഷണങ്ങൾ ഉള്ള ആളുകൾ പോകാതിരിക്കുക തന്നെയാണ് വേണ്ടത്. പൊങ്കാലയിൽ അടുത്തടുത്തല്ലേ ആളുകൾ നിൽക്കുകയും ഇരിക്കുകയും ചെയ്യുന്നത്? യാത്രയും അതുപോലെ ആണല്ലോ ട്രെയിനിലും ബസിലും ഒക്കെ തിക്കിത്തിരക്കി ആണല്ലോ ആളുകൾ വരുന്നത്.

27 ഡിഗ്രിയിൽ കൂടുതൽ താപനിലയിൽ വൈറസ് ജീവിക്കില്ല തുടങ്ങിയ വ്യാജപ്രചരണങ്ങൾ നടക്കുന്നുണ്ടല്ലോ?

അതിന് ശാസ്ത്രീയമായ ഒരു തെളിവുമില്ല. തെളിവുകൾ വെച്ചാണ് നമ്മൾ ശാസ്ത്രീയമായി സംസാരിക്കുന്നത്. ഈ പ്രചാരണത്തിന് ഇതുവരെ ഒരു തെളിവും ഇല്ല. തെളിവില്ലാത്ത ഒരു കാര്യം ഊഹിച്ചു പറയുകയാണ്. ഒരു പഠനറിപ്പോർട്ടുകളും വന്നിട്ടില്ല.

പത്തനംതിട്ടയിൽ അഞ്ചുപേർക്ക് കൊറോണ സ്ഥിരീകരിച്ചുവല്ലോ? ഇത് എത്ര തീവ്രമായി വ്യാപിക്കും എന്നാണ് ആണ് കരുതുന്നത്?

കേരളത്തിൽ ആദ്യഘട്ടത്തിൽ, രോഗം ബാധിച്ച ഒരാളുടെ കൂടെത്തന്നെ സഞ്ചരിച്ച, വുഹാനിൽ നിന്ന് വന്ന ഒരാൾ നിരീക്ഷണത്തിൽ ഉണ്ടായിരുന്നു. ടെസ്റ്റ് ചെയ്തപ്പോൾ അദ്ദേഹത്തിന് നെഗറ്റീവ് ആയിരുന്നു. ഇതിന്റെ വ്യാപന ശേഷി എന്നു പറയുന്നത് എല്ലാവർക്കും വരും എന്നുള്ള തരത്തിലല്ല. കുറച്ചുപേർക്ക് വരാനുള്ള റിസ്ക് ഉണ്ട്. സിവിയർ ആയ കേസുകൾ കേരളത്തിൽ ഇതുവരെ വന്നിട്ടില്ല. കേരളത്തിൽ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നവർക്കെല്ലാം വളരെ ചെറിയ രീതിയിലേ ഉണ്ടായിരുന്നുള്ളൂ. നേരത്തെ ഉണ്ടായിരുന്ന മൂന്നുപേർക്ക് വലിയ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. പക്ഷേ റിസൾട്ട് നെഗറ്റീവ് ആവാൻ കുറച്ചു സമയമെടുത്തു. അവരെല്ലാം ചെറുപ്പക്കാർ ആയിരുന്നു ഹെൽത്തി ആയിട്ടുള്ള ആളുകൾ ആയിരുന്നു.

ചൈനയിലും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലും ഇത്രയധികം മരണം ഉണ്ടാവാനുള്ള കാരണം എന്തായിരിക്കാം?

അതാണ് നേരത്തെ അതെ പറഞ്ഞത്. ഒരുപാട് പടർന്ന് പിടിക്കുമ്പോൾ മറ്റ് രോഗങ്ങളുള്ള രോഗികളായവരെയും വൃദ്ധരേയും ഒക്കെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല ലക്ഷണമൊന്നും ഇല്ലാത്ത ആളുകളും ഉണ്ടാകാം, അവരിൽനിന്നും രോഗം പകരാനുള്ള സാധ്യതയുണ്ട്. ലക്ഷണങ്ങൾ തുടങ്ങുന്നതിനുമുൻപും പകരാം. ലക്ഷണങ്ങൾ ഉള്ളവരെ മാത്രം മാറ്റി നിർത്തി നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല, അതിൽ ഒരു പരിമിതി ഉണ്ട്. അതുകൊണ്ടുതന്നെ കഴിയുന്നത്ര ആൾക്കൂട്ടങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക എന്നതാണ് ചെയ്യാൻ പറ്റുന്ന കാര്യം. മാത്രമല്ല ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഒക്കെ ശുചിത്വ ശീലങ്ങൾ പാലിക്കുക, നിശ്ചിത അകലം പാലിക്കുക, ഇടയ്ക്കിടെ കൈകൾ കഴുകുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പറയുന്നത് അതുകൊണ്ടാണ്. ഐസൊലേഷൻ കൊണ്ട് മാത്രം പൂർണമായി തടയാൻ കഴിയില്ല.

Leave a Reply