Read Time:17 Minute


പി.കെ.ബാലകൃഷ്ണൻ

2021 ഒക്ടോബർ31 മുതൽ നവംബർ 12 വരെ തിയ്യതികളിൽ സ്കോട്ട്ലന്റിലെ ഗ്ലാസ്ഗോവിൽ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള ലോകരാഷ്ട്രങ്ങളുടെ 26-ാമത് കാലാവസ്ഥാ ഉച്ചകോടി(COP-26) നടക്കുകയാണ്. കാലാവസ്ഥയുമായി ബന്ധപ്പെട്ട ഫ്രെയിംവർക്ക് കൺവെൻഷൻ(UNFCCC) എന്ന പേരിലാണ് ഈ ഉച്ചകോടി അറിയപ്പെടുന്നത്.

ഭൂമിയിൽ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നതായി നാം കാണുന്നു. ഇത് സ്ഥിരീകരിക്കുന്ന ശാസ്ത്ര പഠനങ്ങളും വന്നുകൊണ്ടിരിക്കുന്നു.
ഈ വർഷം തന്നെ ലോകത്തിന്റെ പല ഭാഗത്തുമായി നിരവധി കാലാവസ്ഥാ ദുരന്തങ്ങൾ ഉണ്ടായതിന്റെ വാർത്തകളും നാം കാണുകയുണ്ടായി. കേരളത്തിൽ ഈ വർഷം ഒക്ടോബർ മധ്യത്തിൽ കോട്ടയത്തും ഇടുക്കിയിലും മേഘ സ്ഫോടനങ്ങൾ വഴിയുണ്ടായ മഴക്കെടുതികൾ, ഹിമാചൽ പ്രദേശിലും, ഉത്തരാഖണ്ഡിലും സമാന രൂപത്തിലുണ്ടായ മേഘസ്ഫോടനങ്ങൾ, ചൈന, ജർമനി, അമേരിക്കയിലെ കാലിഫോർണിയ എന്നിവിടങ്ങളിലുണ്ടായ പ്രളയങ്ങൾ, യൂറോപ്പിലാഞ്ഞടിച്ച ഉഷ്ണ തരംഗം എല്ലാം ഇവയിലുൾപ്പെടും.

ഉച്ചകോടിയുടെ മുന്നോടിയായി കാലാവസ്ഥാ മാറ്റത്തെയും പ്രതിരോധ നടപടികളുടെ ഫലപ്രാപ്തിയെയും സംബന്ധിച്ചുള്ള രണ്ടു പഠന റിപ്പോർട്ടുകളും വരികയുണ്ടായി. ഈ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ നേരത്തെ 2015 ൽ പാരീസിൽ 195 രാഷ്ട്രങ്ങളുടെ പങ്കാളിത്തത്തിൽ നടന്ന ഉച്ചകോടിയിൽ രുപപ്പെട്ട ധാരണകളുടെ പുരോഗതി സംബന്ധിച്ച വിലയിരുത്തലുകളും, ഭാവി പരിപാടികൾ സംബന്ധമായ തീരുമാനങ്ങളും ഗ്ലാസ്ഗോ ഉച്ചകോടിയിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ടു റിപ്പോർട്ടുകൾ

1. ഐ.പി.സി.സി യുടെ ആറാമത്തെ റിപ്പോർട്ട്.

ഇന്റർ ഗവണ്മെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയിഞ്ച്(IPCC) എന്നത് ഐക്യരാഷ്ടസഭയുടെ പരിസ്ഥിതി പരിപാടി(UNEP) യുടെയും കാലാവസ്ഥാ പഠന സംഘടന(WMO) യുടെയും സംയുക്താഭിമുഖ്യത്തിൽ കാലാവസ്ഥാ മാറ്റത്തിന്റെ ഭൗതിക ശാസ്ത്രം, പ്രത്യാഘാതങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങൾ , അനുകൂലന നടപടികൾ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ചുള്ള പഠനങ്ങൾ നടത്തി റിപ്പോർട്ടുകൾ തയാറാക്കാനുള്ള ഒരു ശാസ്ത്രജ്ഞ സമിതിയാണ്. 1988 ലാണ് ഇത്തരത്തിലൊരു സമിതി രൂപീകരിക്കപ്പെട്ടത് .1990 ലാണ് സമിതിയുടെ ആദ്യ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. പിന്നീട് 1995, 2001, 2007, 2014 എന്നീ വർഷങ്ങളിലായി 5 റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. അഞ്ചാമത്തെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു 2015 സിസംബറിലെ പാരീസ് ഉച്ചകോടി.
ഐ.പി.സി.സി യുടെ ആറാമത്തെ റിപ്പോർട്ടിന്റെ ഭാഗമായുള്ള കാലാവസ്ഥ സംബന്ധിച്ച ഭൗതിക ശാസ്ത്ര റിപ്പോർട്ട് ഈ വർഷം ആഗസ്റ്റ് 6 ന് പ്രസിദ്ധീകരിക്കുകയുണ്ടായി.

ഐ.പി.സി.സി റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ.

  1. കാലാവസ്ഥാ മാറ്റം സംഭവിക്കുന്നു. ഈ മാറ്റത്തിനു കാരണം മനുഷ്യർ തന്നെയാണ്.’മനുഷ്യ സ്വാധീനത്താൽ ഭൂമിയുടെ അന്തരീക്ഷത്തിന്റെയും, സമുദ്രങ്ങളടെയും , കരകളുടെയും താപം വർധിക്കുയാണ്’ ഐ.പി.സി.സി രാഷ്ട്രങ്ങളുടെ നയ രൂപീകരണത്തിന്നായി എന്ന നിലയിൽ പ്രസിദ്ധീകരിച്ച സംക്ഷിപ്ത റിപ്പോർട്ടിലെ ആദ്യ വാചകമാണിത്.
  2. ആഗോള താപനത്തിൽ തുടർച്ചയായ വർധനവുണ്ടാകുന്നു. 1850-1900നു ശേഷമുള്ള മനുഷ്യ നിർമിത താപ വർധനവിന്റെ ശരാശരി1.07°C ൽ എത്തി നിൽക്കുന്നു. പാരീസ് ഉടമ്പടിയിൽ ലക്ഷ്യമിട്ട1.5°C ൽ താപവർധനവിനെ പരിമിതപ്പെടുത്തുക എന്നത് അസാധ്യമായിരിക്കും. ഇനിയുള്ള യാതൊരു നടപടികൾ കൊണ്ടും താപ വർധനവ് 2100 ആവുമ്പോഴേക്കും 2°C ഓ അതിലധികമോ ആവുന്നത് തടയുക പ്രയാസകരമായിരിക്കും.
  3. ദിനാന്തരീക്ഷാവസ്ഥ(weather extremes) തീവ്രസ്വഭാവമുള്ളതായി മാറുന്നു. അവയുടെ ആവൃത്തി വർധിക്കുന്നു.
    കാട്ടുതീകൾ, വരൾച്ച എന്നിവയുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാവുന്നു.
  4. ആർക്ടിക്ക് സമുദ്രത്തിലെ മഞ്ഞു മലകൾ ഉരുകി ഒഴുകുന്നു. 2050 ആവുമ്പോഴേക്കും ഇവ പൂർണമായും അപ്രത്യക്ഷമാവും. ഈ പ്രദേശത്തെ താപവർധനവിന്റെ നിരക്ക് ഭൂമിയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് രണ്ട് ഇരട്ടിയിലധികമായിരിക്കുന്നു. വേനൽക്കാലത്ത് ഇവിടെയുണ്ടാവുന്ന ഹിമാവരണത്തിന്റെ ശോഷണം കഴിഞ്ഞ 1000 വർഷങ്ങൾക്കിടയിലെ ഏറ്റവും കൂടുതലായുള്ളതാണ്.
  5. സമുദ്രജലനിരപ്പ് ഉയരുകയാണ്. അതിനിയും നൂറു കണക്കോ,ആയിരക്കണക്കോ വർഷങ്ങളിൽ തുടരും. താപവർദ്ധനവിനെ1.5°C ൽ പരിമിതപ്പെടുത്തിയാൽപ്പോലും സമുദജലനിരപ്പ് 2 മുതൽ3 മീറ്റർ വരെ ഉയരും.2300 ആവുമ്പോഴേക്കും15 മീറ്റർ വരെ ഉയരും.
  6. പ്രതിരോധ പ്രവർത്തനങ്ങളുടെ സമയം അതിക്രമിച്ചിരിക്കുന്നു. പാരീസ് ഉടമ്പടി പ്രകാരമുള്ള 1.5°C എന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ കാർബൺ ബഡ്ജറ്റിൽ കേന്ദ്രീകരിച്ചുള്ള തീരുമാനങ്ങളും അടിയന്തിര നടപടികളും ഉണ്ടാവണം.

1800 കളുടെ മധ്യത്തിനു ശേഷം ഇതെ വരെയായി അന്തരീക്ഷത്തിലേക്ക് ഉത്സർജിച്ചCO2 വിന്റെ അളവ് 2400 ഗിഗാ ടൺ(1 ഗിഗാ ടൺ=1 ബില്യൺ ടൺ) ആണ്. ഇത് മൂലം അന്തരീക്ഷ താപനിലയിലുണ്ടായ വർധനവ്1.07°C ആണ്. വർധനവ്1.5°C ൽ പരിമിതപ്പെടുത്തണമെങ്കിൽ അനുവദനീയമായ CO2 ഉത്സർജനത്തിന്റെ അളവ് 420 ഗിഗാ ടൺ മാത്രമാണ്. ഇത് ലോക രാഷ്ട്രങ്ങൾ എങ്ങിനെയാണ് പങ്കിട്ടെടുക്കുന്നത് എന്നതും എത്ര സമയത്തിനുള്ളിൽ കാർബൺ തുലിതാവസ്ഥയിൽ ലോക രാഷ്ട്രങ്ങൾ മുഴുവനായും എത്തും എന്നതും സംബന്ധിച്ചുള്ള തീരുമാനങ്ങളെ ആശ്രയിച്ചാണ് ഗ്ലാസ്ഗോ ഉച്ചകോടിയുടെ വിജയവും, പരാജയവും നിർണയിക്കുക.

2. ഉത്സർജന വിടവ് റിപ്പോർട്ട് 2021.(Emission gap report 2021.)

UNEP യുടെ ഉത്സർജന വിടവ് റിപ്പോർട്ട് 2021 ഒക്ടോബർ26 ന് പ്രസിദ്ധീകരിക്കുകയുണ്ടായി. വർഷാവർഷം പ്രസിദ്ധീകരിക്കുന്ന ഈ റിപ്പോർട്ടിന്റെ പന്ത്രണ്ടാമത്തെ എഡീഷനാണിത്.

ഉത്സർജന വിടവ്(Emission gap) എന്നത് കൊണ്ടർത്ഥമാക്കുന്നത് ഇപ്പോഴത്തെ നിലയിലുള്ള ഉത്സർജനം വഴി 2030 ഓടെ അന്തരീക്ഷത്തിൽ എത്താനിടയുള്ള CO2 വിന്റെ അളവും,1.5°C എന്ന ലക്ഷ്യം കൈവരിച്ച്,അതു വഴി കാലാവസ്ഥാ ദുരന്തങ്ങൾ ഒഴിവാക്കാൻ വേണ്ടി നിയന്ത്രിച്ചു നിർത്തേണ്ടുന്ന CO2 വിന്റെ അളവും തമ്മിലുള്ള അന്തരമാണ്.

പാരീസ് ഉടമ്പടിയിൽ ഒപ്പിട്ട രാഷ്ട്രങ്ങൾ അന്തരീക്ഷതാപനിലയിലുള്ള വർധനവിനെ1.5°C ൽ പരിമിതപ്പെടുത്താനും 2°C നു മുകളിൽ ഒരു കാരണവശാലും ഉയരില്ല എന്നുറപ്പാക്കാനും 2030 നകം കൈക്കൊള്ളുന്ന നടപടികൾ സംബന്ധിച്ച സ്വന്തം നിലയിലുള്ള സംഭാവനകൾ പ്രഖ്യാപിക്കണമായിരുന്നു. ഇതിനെ രാഷ്ട്രങ്ങളുടെ ദേശീയമായി നിർണയിക്കപ്പെടുന്ന സംഭാവനകൾ(NDC) എന്നാണ് വിശേഷിപ്പിക്കുന്നത്. UNEP യുടെ ഉത്സർജന വിടവ് റിപ്പോർട്ട് 2021 പ്രകാരം ഇത്തരത്തിൽ ഇതുവരെയുള്ള രാഷ്ട്രങ്ങളുടെ സംഭാവനകൾ(NDC) കണക്കിലെടുത്താൽ 2100 ആവുമ്പോഴേയ്ക്കും താപവർധനവ് 2.7°C ആയി ഉയരും. എന്നാൽ ഗ്ലാസ്ഗോ ഉച്ചകോടിക്കു തൊട്ടു മുമ്പുള്ള ചില രാഷ്ട്രങ്ങളുടെ പുതുക്കിയ NDC കളും, മറ്റു ചില രാഷ്ട്രങ്ങളുടെ കാർബൺ തുലിതാവസ്ഥ കൈവരിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനങ്ങളും കണക്കിലെടുത്താൽ ഈ വർധനവ് 2.2°C എന്ന നിലയിലെത്താനിടയുണ്ട്. (അന്തരീക്ഷത്തിലേക്ക് ഉൽസർജിക്കുന്ന CO2 വിന്റെ അളവും വനങ്ങൾ,
സമുദ്രങ്ങൾ, മറ്റു പച്ചപ്പുകൾ, സാങ്കേതിക വിദ്യകൾ എന്നിവ വഴി അന്തരീക്ഷത്തിൽ നിന്നും ആഗിരണം ചെയ്യപ്പെടുന്ന CO2 വിന്റെ അളവും തുല്യമാവുന്ന അവസ്ഥയെയാണ് കാർബൺ തുലിത അവസ്ഥ(Net zero emission) എന്നു വിശേഷിപ്പിക്കുന്നത്.)

ഗ്ലാസ്ഗോവിൽ നിന്ന് എന്തെല്ലാം പ്രതീക്ഷിക്കാം?

കാലാവസ്ഥാമാറ്റം ഇനി മേലിൽ ഭാവിയുടെ പ്രശ്നമല്ല. അത് ഇപ്പോഴത്തെ തന്നെ പ്രശ്നമാണ് ‘. ‘നമുക്കിനി 1.5°C എന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ ഇപ്പോഴത്തെCO2 ഉത്സർജനം പകുതി കണ്ട് കുറയ്ക്കണം. അത് എട്ടു വർഷത്തിനകം സാധ്യമാവണം. നമ്മുടെ പദ്ധതികൾക്കിനി എട്ടു വർഷങ്ങൾ മാത്രം. സമയമാപിനികൾ ഉച്ചത്തിൽ ശബ്ദിക്കുന്നു.’
യു.എൻ.ഇ.പി.യുടെ എക്സിക്യൂട്ടീവ് ഡയറക്റ്റർ ഇംഗർ ആൻഡേഴ്സൺന്റെ വാക്കുകളാണിത്.

ഈ വർഷം സപ്തംബർ 30 നകം ലോകത്തെ ആകെ ഹരിതഗൃഹ വാതക ഉത്സർജനത്തിന് ഉത്തരവാദികളായ130 രാജ്യങ്ങൾ മാത്രമാണ് പുതുക്കിയ വാഗ്ദാനങ്ങൾ(NDC) പ്രഖ്യാപിച്ചത്. 49 രാജ്യങ്ങളും യൂറോപ്യൻ യൂനിയനും കാർബൺ തുലിതാവസ്ഥ കൈവരിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തിയിട്ടുമുണ്ട്.

അന്തരീക്ഷത്തിലെ സഞ്ചിത ഹരിതഗൃഹ വാതകങ്ങളും അന്തരീക്ഷതാപ വർധനവും തമ്മിലുള്ള നേർ ബന്ധം ശാസ്ത്ര പഠനങ്ങൾ സ്ഥിരീകരിക്കുന്നതായാണ് ഐ.പി.സി.സി റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ സഞ്ചിതഹരിതഗൃഹ വാതകങ്ങളുടെ പങ്കിന് ആനുപാതികമായ ഉത്തരവാദിത്വം കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന നടപടികൾക്കും വേണ്ടതുണ്ട്. ഈ ഒരു തത്വത്തിന്റെ അടിസ്ഥാനത്തിലായിരുന്നു 1997 ൽ ജപ്പാനിലെ ക്യോട്ടോവിൽ നടന്ന COP-3 ൽ ലോക രാഷ്ട്രങ്ങളെ മൂന്നായി തിരിച്ച് അവർക്ക് വ്യത്യസ്ഥമായ ഉത്തരവാദിത്വങ്ങൾ നിശ്ചയിച്ചത്. ഇതിൽ ഒന്നാമത്തെത് വികസിത രാജ്യങ്ങളായിരുന്നു. ഇവയെ അനക് ഷർ 1 രാജ്യങ്ങൾ എന്ന നിലയിൽ പട്ടിക പ്പെടുത്തുകയും അവർ തങ്ങളുടെ ഹരിതഗൃഹ വാതക ഉത്സർജനത്തെ സമയബന്ധിതമായി കുറച്ചു കൊണ്ടുവന്ന് അത് 1990 ലെ നിലയിലെത്തിക്കാനുള്ള നടപടികൾ കൈക്കൊളളണമെന്നായിരുന്നു അന്നത്തെ തീരുമാനം.ഇതിനു പുറമെ വികസ്വര രാജ്യങ്ങളെ അവരുടെ ഹരിതഗൃഹ വാതക ഉത്സർജനം കുറയ്ക്കാനും ആവശ്യമായ കാർബൺ ആഗിരണ ഉപാധികൾ(carbon sinks) വികസിപ്പിക്കാനുമുള്ള സാമ്പത്തിക സഹായങ്ങൾ നൽകുകയും വേണം. ഈ ഉത്തരവാദിത്വം പൂർത്തീകരിക്കാനുള്ള സമയ പരിധി 2008 മുതൽ 2012 വരെയുള്ള കാലയളവായി നിശ്ചയിക്കുകയും ചെയ്തു. ഇത്  ലക്ഷ്യ പ്രാപ്തിയിലെത്താതിരുന്നതിനാൽ കാലാവധി 2012 ൽ പുനർ നിശ്ചയിച്ച് 2020 വരെ നീട്ടി. ഇതിന്റെ ഭാഗമായി 2020 ഓടു കൂടി വികസ്വര രാജ്യങ്ങൾക്ക് സഹായമായി വർഷംതോറും 100 ബില്യൻ ഡോളർ വികസിത രാജ്യങ്ങൾ ലഭ്യമാക്കണമെന്ന ഒരു ധാരണ 2015 ലെ പാരീസ് ഉടമ്പടിയിൽ ഉണ്ടായിരുന്നു. എന്നാൽ ഇത് നടപ്പിലാക്കുന്ന കാര്യത്തിൽ പുരോഗതിയുണ്ടായിട്ടില്ല എന്നാണ് കാണുന്നത്. മാത്രമല്ല ഈ വാഗ്ദാനം പൂർത്തീകരിക്കാൻ 2023 വരെ സമയം വേണമെന്ന് OECD രാഷ്ട്രങ്ങൾ ആവശ്യപ്പെട്ടതായും അറിയുന്നു.

പുതുക്കിയ NDC സമർപ്പിക്കാനുള്ള അവസാന തിയ്യതിയായ ഒക്ടോബർ 12 നകം ഇന്ത്യയുടെ NDC സമർപ്പിച്ചിട്ടില്ലെന്നാണറിയുന്നത്. അത് ഗ്ലാസ്ഗോവിൽ ഉച്ചകോടിയിൽ സമർപ്പിക്കുമെന്നുമാണറിയുന്നത് . 2030നകം ഇന്ത്യയുടെ പുതുക്കാവുന്ന സ്രോതസ്സുകളിൽ നിന്നുള്ള ഊർജ ഉല്പാദനം 450 ഗിഗാവാട്സ് ആയി വർധിപ്പിച്ച് ആകെ ഊർജ ഉല്പാദനത്തിൽ പുതുക്കാവുന്ന സ്രോതസ്സുകളുടെ പങ്ക് 65 ശതമാനമാക്കുമെന്ന ഒരു വാഗ്ദാനമാണ് ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടാവുക. ഇതിനു പുറമെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാനുള്ള നടപടികൾ, ഇന്റർനാഷനൽ സോളാർ അലയൻസിലെ പങ്കാളിത്തം, അന്താരാഷ്ട്ര കാലാവസ്ഥാ ദുരന്ത നിവാരണ ഫോറത്തിന്റെ രൂപീകരണം, വന വിസ്തൃതി വർധിപ്പിക്കാനുള്ള നടപടികളൊക്കെയാവും ഉച്ചകോടിയിൽ മുന്നോട്ടു വെക്കുക എന്നാണ് ഇന്ത്യയുടെ പരിസ്ഥിതി മന്ത്രി ഉച്ചകോടിക്ക് യാത്രയാകുംമുമ്പുള്ള പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

ലോക ജനതയുടെ ആറിലൊന്ന് ജനസംഖ്യയുള്ള ഇന്ത്യ സഞ്ചിത ഹരിതഗൃഹ വാതകങ്ങളുടെ 4.37 ശതമാനത്തിനു മാത്രമാണ് ഉത്തരവാദിത്വമുള്ളത്. ആളോഹരി ഉത്സർജനത്തിന്റെ കാര്യത്തിൽ ലോക ശരാശരിയേക്കാൾ താഴെയാണ് ഇന്ത്യയുടെ നില. അത്തരം ഒരു സാഹചര്യത്തിൽ ഇന്ത്യ ദരിദ്ര വികസ്വര രാജ്യങ്ങൾക്കൊപ്പം നിലയുറപ്പിച്ച് ‘പൊതുവായ ലക്ഷ്യത്തിന് വ്യത്യസ്ഥമായ ഉത്തരവാദിത്വം’ എന്ന ക്യോട്ടോ പ്രോട്ടക്കോളിന്റെ തത്വം നടപ്പിലാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.
വികസിത രാജ്യങ്ങളുടെ ധനസഹായം 600 ബില്യൻ ഡോളറായി വർധിപ്പിക്കുകയും അത് നേരത്തെ നിശ്ചയിച്ച പ്രകാരം ലഭ്യമാക്കുകയും വേണമെന്ന ഒരാവശ്യം വികസ്വര രാജ്യങ്ങൾ ഉയർത്തുമെന്നാണറിയുന്നത്. ഈ കാര്യത്തിലും ഇന്ത്യ നേതൃത്വപരമായ ഒരു പങ്ക് വഹിക്കേണ്ടതുണ്ട്. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ ഗ്ലാസ്ഗോ ഉച്ചകോടി എത്രമാത്രം വിജയകരമായി പര്യവസാനിക്കുമെന്നത് കാത്തിരുന്നു കാണാം.


അധിക വായനയ്ക്ക്

  1. https://ukcop26.org/
  2. https://unfccc.int/conference/glasgow-climate-change-conference-october-november-2021
  3. UN Climate Change in English
  4. UN Climate Change
  5. Momentum for Change
  6. Adaptation Exchange
  7. UN Carbon Mechanisms
  8. Mitigation & Transparency Exchange


Happy
Happy
0 %
Sad
Sad
0 %
Excited
Excited
67 %
Sleepy
Sleepy
0 %
Angry
Angry
33 %
Surprise
Surprise
0 %

Leave a Reply

Previous post പരിസ്ഥിതി, സുസ്ഥിര വികസനം: സർക്കാർ എന്ത് ചെയ്യണം?
Next post കാലാവസ്ഥാമാറ്റം – ശാസ്ത്രം നൽകുന്ന മുന്നറിയിപ്പുകൾ
Close