ആഗോള, അന്തർസർക്കാർ പരിസ്ഥിതി ഉടമ്പടികളിൽ ഏറ്റവും പഴക്കമുള്ളതാണ് തണ്ണീർത്തടങ്ങളെക്കുറിച്ചുള്ള കൺവെൻഷൻ അഥവാ റാംസാർ കൺവെൻഷൻ. ലോകമെമ്പാടും വളരെയധികം തണ്ണീര്‍ത്തടങ്ങള്‍ (wetlands) നികന്നു പോയിട്ടുണ്ട്. തണ്ണീര്‍ത്തടങ്ങള്‍ നികത്തി കൃഷി ചെയ്യുന്നതിലോ, മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലോ ആര്‍ക്കുമൊരു പ്രശ്നവും തോന്നിയിരുന്നില്ല! ഇങ്ങനെ അനിയന്ത്രിതമായി ഇവ നികത്തുന്നത് തണ്ണീര്‍ത്തടങ്ങളെ ആവാസവ്യവസ്ഥയാക്കിയ നീർപ്പക്ഷികളെ (waterfowls) ബാധിക്കുന്നുണ്ട് എന്ന കണ്ടെത്തലാണ് ഇവയുടെ സംരക്ഷണത്തിന് പ്രത്യേക നയങ്ങളും പദ്ധതികളും ഉണ്ടായിവരുന്നതിന് ഇടയാക്കിയത്.

കഥ റാംസാർ ഉടമ്പടി വരെ

തണ്ണീർത്തട ആവാസവ്യവസ്ഥയുടെ വർധിച്ചുവരുന്ന നാശവും നഷ്ടവും ദേശാടന നീർപ്പക്ഷികളിലുണ്ടാക്കുന്ന കുഴപ്പങ്ങൾ ആശങ്കകളായി പല രാജ്യങ്ങളും സർക്കാരിതര സംഘടനകളും 1960-കളിൽ പങ്കുവെച്ചു. തുടർന്നാണ്, യുനെസ്കോ (UNESCO) യുടെ ആഭിമുഖ്യത്തില്‍ 1971ല്‍ ഇറാനിലെ റാംസാര്‍ എന്ന സ്ഥലത്തുവെച്ച് അന്തര്‍ദ്ദേശിയ പ്രാധാന്യമുള്ള തണ്ണീര്‍ത്തടങ്ങളെക്കുറിച്ച്, പ്രത്യേകിച്ച്, നീർപ്പക്ഷികളുടെ ആവാസസ്ഥാനങ്ങളായവയെക്കുറിച്ച്, ഒരു ഉച്ചകോടി നടത്തുന്നത്. തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിന് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഒരു ഉടമ്പടിയുണ്ടാക്കാന്‍ തീരുമാനമായി. 1971 ഫെബ്രുവരി 2 നാണ് ഇത് നടന്നത് (തണ്ണീര്‍ത്തടങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന ലോക തണ്ണീര്‍ത്തടദിനം ഫെബുവ്രരി 2നു് ആണെന്നുള്ളത് ശ്രദ്ധിക്കുക). തണ്ണീർത്തടങ്ങളുടെയും അവയുടെ ജൈവവിഭവങ്ങളുടെയും സംരക്ഷണത്തിനും, ജ്ഞാനപൂർവമായ ഉപയോഗത്തിനുള്ള പ്രവർത്തനങ്ങൾക്കും, അന്താരാഷ്ട്ര സഹകരണത്തിനും, ഉടമ്പടി രാഷ്ട്രങ്ങളെ പ്രേരിപ്പിക്കുന്നു. 1981 ഒക്ടോബറിൽ ഇന്ത്യ റാംസാർ കൺവെൻഷനിൽ അംഗമായി. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 90 ശതമാനം യു.എൻ. അംഗരാജ്യങ്ങളും (172 എണ്ണം) “കോൺട്രാക്റ്റിംഗ് പാർട്ടികൾ” ആയിട്ടുണ്ട്.
ലോകത്തിലെ പ്രധാന തണ്ണീർത്തടങ്ങളുടെ (റാംസാർ സൈറ്റുകളുടെ) സംരക്ഷണത്തിനും സുസ്ഥിര ഉപയോഗത്തിനുമുള്ള ഒരു അന്താരാഷ്ട്ര ഉടമ്പടിയാണ് റാംസാർ കൺവെൻഷൻ. ആദ്യ തണ്ണീർത്തട കൺവെൻഷൻ നടന്ന ഇറാനിലെ റാംസർ നഗരത്തിന്റെ പേരിലാണ് ഈ ഉടമ്പടി അറിയപ്പെടുന്നത്. ‘തണ്ണീർത്തട ഉടമ്പടി’ (Convention on Wetlands) എന്നും ഇത് അറിയപ്പെടുന്നു. നീർപ്പക്ഷികളുടെ ആവാസവ്യവസ്ഥ (waterfowl habitat)എന്ന രീതിയിൽ പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളെയാണ് ഇവിടെ പരിഗണിച്ചിട്ടുള്ളത്. ഇതിനകം ലോകമൊട്ടാകെ 2538 തണ്ണീര്‍ത്തടങ്ങളെ രാംസാര്‍ പട്ടികയിൽ (Ramsar sites) ഉൾപ്പെടുത്തി പ്രത്യേക സംരക്ഷണ നടപടികൾ എടുത്തുവരുന്നു.

റാംസാർ കൺവെൻഷൻ, ബേർഡ് ലൈഫ് ഇന്റർനാഷണൽ, ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN), വെറ്റ്‌ലാൻഡ്സ് ഇന്റർനാഷണൽ, വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (WWF) എന്നീ ആഗോള സംഘടനകളുമായി കൺവെൻഷൻ തുടക്കം മുതൽ ബന്ധപ്പെട്ടിരിക്കുന്നു. ഇന്റർനാഷണൽ വാട്ടർ മാനേജ്‌മെന്റ് (IWMI) ഇൻസ്റ്റിറ്റൂട്ടും ഇപ്പോൾ പങ്കാളിയാണ്. കൺവെൻഷന്റെ അഞ്ചാമത്തെ അന്തർദേശീയ പങ്കാളി എന്ന നിലയിൽ, വൈൽഡ്‌ഫൗൾ & വെറ്റ്‌ലാൻഡ്സ് ട്രസ്റ്റിന്റെ (Wildfowl & Wetlands Trust, WWT) പദവിയും അംഗീകരിക്കപ്പെട്ടു.

റാംസാർ ഉടമ്പടിയുടെ ഔദ്യോഗിക നാമം, “അന്തർദേശീയ പ്രാധാന്യമുള്ള തണ്ണീർത്തടങ്ങൾ, പ്രത്യേകിച്ച് നീർപ്പക്ഷികളുടെ ആവാസമായവയെക്കുറിച്ചുള്ള കൺവെൻഷൻ” (Convention on Wetlands of International Importance especially as Waterfowl Habitat) എന്നാണ്. പാരിസ്ഥിതികമായി തണ്ണീർത്തടങ്ങളെ ആശ്രയിക്കുന്ന എല്ലാ പക്ഷികളെയും നീർപ്പക്ഷികളായി നിശ്ചയിച്ചിരിക്കുന്നു. പക്ഷേ, കാലക്രമത്തിൽ നീർപ്പക്ഷികൾ കൂടാതെ തണ്ണീർത്തട സംരക്ഷണത്തിന്റെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്നതിനായി കൺവെൻഷൻ അതിന്റെ വ്യാപ്തി വിപുലീകരിച്ചു. ജൈവവൈവിധ്യ സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും അത്യന്താപേക്ഷിതമായ പരിസ്ഥിതി വ്യവസ്ഥകളായി തണ്ണീർത്തടങ്ങൾ ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇക്കാരണത്താൽ, ഉടമ്പടിയുടെ ‘തണ്ണീർത്തട കൺവെൻഷൻ’ (convention on wetlands) എന്ന ഹ്രസ്വ ശീർഷകത്തിന്റെ ഉപയോഗം ഇപ്പോൾ കൂടുതൽ പ്രോൽസാഹിപ്പിക്കപ്പെടുന്നു.
നദികള്‍, തടാകങ്ങൾ, അണക്കെട്ടുകള്‍, കായലുകള്‍, അഴിമുഖങ്ങൾ, നദീമുഖങ്ങൾ, കണ്ടലുകൾ, ഉപ്പളങ്ങൾ, ചതുപ്പുകൾ, കുളങ്ങൾ, ഓരുജല തടാകങ്ങള്‍, പൊക്കാളി, കയ്പ്പാട്, കുട്ടനാട്, കോള്‍ പ്രദേശങ്ങൾ, ഏലാകൾ തുടങ്ങിയ വ്യത്യസ്ത തരത്തിലുള്ള തണ്ണീര്‍ത്തടങ്ങളുണ്ട്. കായലുകളിലെപ്പോലെ ഉപ്പുരസമുള്ളതും പുഴകളിലെപ്പോലെ ശുദ്ധജലമുള്ളതുമായ തണ്ണീര്‍ത്തടങ്ങളുമുണ്ട്. റാംസാര്‍ കൺവെൻഷൻ അംഗീകരിച്ച നിർവചനപ്രകാരം, “സ്ഥിരമോ, താത്കാലികമോ, ഒഴുകുന്നതോ, കെട്ടിക്കിടക്കുന്നതോ, പ്രകൃതിജന്യമോ, മനുഷ്യനിര്‍മ്മിതമോ ആയതും ശുദ്ധജലമോ, ഉപ്പുജലമോ ഉള്ളതും വേലിയിറക്കസമയത്ത് 6 മീറ്ററിലധികം ആഴമില്ലാത്തതുമായ” എല്ലാത്തരം ജലമേഖലകളും തണ്ണിര്‍ത്തടങ്ങൾ എന്ന വിശാലപരിസ്ഥിതി വ്യൂഹത്തിൽ ഉള്‍പ്പെടും (Ramsar Convention Secretariat, 2016). ആർട്ടിക്കിൾ 2 പ്രകാരം നിർവ്വചനം വിശാലമാക്കുന്നു, അതനുസരിച്ച്, “തണ്ണീർത്തടങ്ങളോട് ചേർന്നുള്ള നദീതീരവും തീരദേശ മേഖലകളും ഇതിൽ ഉൾപ്പെടുന്നു, വേലിയിറക്ക സമയത്ത് 6.0 മീറ്ററിൽ കൂടുതൽ ഉയരമുള്ള സമുദ്രജല ദ്വീപുകൾ, പ്രത്യേകിച്ച്, ജലപക്ഷികളുടെ ആവാസകേന്ദ്രമെന്ന നിലയിൽ പ്രാധാന്യമുള്ളവയും’ ഇവയിൽ ഉൾപ്പെടും.

സ്കോട്ട്ലൻഡിൽ നീർത്തടത്തിലെ അധിനിവേശ ജീവികളെ നീക്കം ചെയ്യുന്നതിനുമായി ചതുപ്പ് പുനഃസ്ഥാപിക്കുന്നു.

റാംസാര്‍ പാർട്ടികളുടെ ഉച്ചകോടി (COP)

മൂന്ന് വർഷം കൂടുമ്പോൾ റാംസാര്‍ ഉടമ്പടിയിൽ ഒപ്പുവെച്ച ‘പാർട്ടികളുടെ’ പ്രതിനിധികൾ കൺവെൻഷന്റെ നയരൂപീകരണ സമിതിയായ ‘പാർട്ടികളുടെ കോൺഫറൻസ്’ (Conference of Parties, COP) യോഗം ചേരുന്നു. ഉടമ്പടി അംഗീകരിച്ച എല്ലാ സർക്കാരുകളും അടങ്ങുന്ന കൺവെൻഷന്റെ ഭരണസമിതിയാണു COP. ഈ ആത്യന്തിക അതോറിറ്റി കൺവെൻഷനു കീഴിലുള്ള പുരോഗതി അവലോകനം ചെയ്യുകയും പുതിയ മുൻഗണനകൾ തിരിച്ചറിയുകയും അംഗങ്ങൾക്കായി വർക്ക് പ്ലാനുകൾ സജ്ജമാക്കുകയും ചെയ്യുന്നു. കൺവെൻഷനിൽ ഭേദഗതികൾ വരുത്താനും വിദഗ്ധ ഉപദേശക സമിതികൾ സൃഷ്ടിക്കാനും അംഗരാജ്യങ്ങളുടെ പുരോഗതി റിപ്പോർട്ടുകൾ അവലോകനം ചെയ്യാനും മറ്റ് അന്താരാഷ്ട്ര സംഘടനകളുമായും പരിസ്ഥിതി കൺവെൻഷനുകളുമായി സഹകരിക്കാനും COP-ന് കഴിയും. തണ്ണീർത്തട കൺവെൻഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും പാർട്ടികൾക്ക് അവയുടെ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ കഴിയുന്ന രീതി മെച്ചപ്പെടുത്തുന്നതിനുമുള്ള തീരുമാനങ്ങൾ (സൈറ്റ് പദവികൾ, പ്രമേയങ്ങൾ, ശുപാർശകൾ) COP മുഖേന സ്വീകരിക്കുന്നു.

ഏറ്റവും അടുത്ത് നടന്ന COP 15, 2025 ജൂലൈ 23 മുതൽ 31 വരെ സിംബാബ്‌വെയിലെ വിക്ടോറിയ വെള്ളച്ചാട്ടം (Victoria Falls, Zimbabwe) എന്ന സ്ഥലത്ത് വെച്ചായിരുന്നു. “നമ്മുടെ പൊതു ഭാവിക്കായി തണ്ണീർത്തടങ്ങൾ സംരക്ഷിക്കുക” (Protecting wetlands for our common future) എന്ന പ്രമേയത്തിനനുസരിച്ച് ‘അവശേഷിക്കുന്നവ സംരക്ഷിക്കുക, നഷ്ടപ്പെട്ടവ പുനഃസ്ഥാപിക്കുക, നമ്മൾ ആഗ്രഹിക്കുന്ന ഭാവിക്കുവേണ്ടി ബുദ്ധിപൂർവ്വം നിക്ഷേപിക്കുക’ എന്നീ കടമകളിലധിഷ്ഠിതമായിരുന്നു ചർച്ചകൾ. ഈ ആഗോള തണ്ണീർത്തട ഉച്ചകോടിയിൽ 172 രാജ്യങ്ങളിൽ നിന്നുള്ള 3,000ൽ അധികം പ്രതിനിധികൾ പങ്കെടുത്തു. ആഗോള തണ്ണീർത്തട ഫണ്ട്, ആഗോള കാലാവസ്ഥാ നയവുമായുള്ള സംയോജനം, 2025-34 കർമ്മ പദ്ധതി, എന്നിവയായിരുന്നു പ്രധാന അജണ്ടകൾ.

വെള്ളപ്പൊക്ക നിയന്ത്രണം, ജലശുദ്ധീകരണം, കാർബൺ സംഭരണം, ഭക്ഷ്യസുരക്ഷ, ജൈവവൈവിധ്യം എന്നിവയിൽ തണ്ണീർത്തടങ്ങളുടെ നിർണായക പങ്ക് COP15 അടിവരയിട്ടു സ്ഥിരീകരിച്ചു. വിപുലമായ ചർച്ചകൾക്ക് ശേഷം, 2025-2034 ലേക്കുള്ള കർമ്മ പദ്ധതി (5th Strategic Plan 2025-2034) സമ്മേളനം അംഗീകരിച്ചു (Convention on Wetlands, 2025a). ഇത് തണ്ണീർത്തട സംരക്ഷണത്തിനായി വ്യക്തമായ ലക്ഷ്യങ്ങളുമുള്ള ഒരു പതിറ്റാണ്ട് നീണ്ട വഴികാട്ടി (roadmap) തയ്യാറാക്കുന്നു. ആകെ 4 പൊതു ലക്ഷ്യങ്ങളും (goals) 18 ലക്ഷ്യങ്ങളും (targets) ഉൾക്കൊള്ളുന്നതാണ് ഈ തന്ത്രപരമായ ആസൂത്രണ രേഖ. അവയുടെ പുരോഗതി നിരീക്ഷിക്കുന്നതിനുള്ള സൂചകങ്ങൾ വികസിപ്പിക്കാൻ ശാസ്ത്ര സാങ്കേതിക അവലോകന പാനലിനെ ചുമതലപ്പെടുത്തി.

കൂടുതൽ വിഭവ സമാഹരണം, രാഷ്ട്രീയ പ്രതിബദ്ധത, എന്നിവക്ക് പുറമെ തണ്ണീർത്തടങ്ങളെ കാലാവസ്ഥാ പൊരുത്തപ്പെടലിലും (adaptation) ദുരന്തസാധ്യത നയങ്ങളിലും സംയോജിപ്പിക്കാൻ ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു പ്രഖ്യാപനവും (വിക്ടോറിയ ഫാൾസ് ഡിക്ലറേഷൻ) COP 15 ന് ശേഷം ഉണ്ടായി. നിരീക്ഷണവും റിപ്പോർട്ടിംഗും, സ്ഥാപന ശക്തിപ്പെടുത്തൽ, ബജറ്റ്, സെക്രട്ടേറിയറ്റ് റിക്രൂട്ട്മെന്റ്, തണ്ണീർത്തടങ്ങളുടെ സാംസ്കാരിക മാനങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന 25 പ്രമേയങ്ങളും 3 ഏകീകൃത പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ഏറ്റവും ശ്രദ്ധേയമായ ഒന്ന് തണ്ണീർത്തട പുനരുദ്ധാരണത്തെക്കുറിച്ചുള്ള പ്രമേയം അംഗീകരിച്ചു എന്നതാണ്.

സംരക്ഷണത്തിനും സുസ്ഥിര മാനേജ്മെന്റിനും പുറമേ, അപചയം നേരിട്ട ശുദ്ധജല ആവാസവ്യവസ്ഥയുടെ പുനരുദ്ധാരണത്തിനായുള്ള ദേശീയ നിയമനിർമ്മാണവും നയങ്ങളും വികസിപ്പിക്കുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ പ്രതിജ്ഞാബദ്ധരായ രാജ്യങ്ങൾ ‘ഫ്രഷ് വാട്ടർ ചലഞ്ച്’ പരിഗണിക്കാൻ നിർദ്ദേശവുമുണ്ടായി. ജൈവവൈവിധ്യത്തിനും ആവാസവ്യവസ്ഥാ സേവനങ്ങൾക്കും പ്രധാനമായ ശുദ്ധജല ആവാസവ്യവസ്ഥയുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് അപചയം നേരിടുന്ന 300,000 കിലോമീറ്റർ നീളത്തിലുള്ള നദികളും 350 ദശലക്ഷം ഹെക്ടർ തണ്ണീർത്തടങ്ങളും 2030 ഓടെ പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ഏതാനും രാജ്യങ്ങളുടെ പങ്കാളിത്തത്തിലുള്ള സന്നദ്ധ സംവിധാനമാണ് ‘ഫ്രഷ് വാട്ടർ ചലഞ്ച്’ (FWC). ഇതുവരെ 50 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഫ്രഷ് വാട്ടർ ചലഞ്ചിൽ ചേർന്നിട്ടുണ്ട് (ഇന്ത്യ ഇതുവരെ ഭാഗമായിട്ടില്ല). ഫ്രഷ് വാട്ടർ ചലഞ്ച് കുൻമിംഗ്-മോൺട്രിയൽ ആഗോള ജൈവവൈവിധ്യ ചട്ടക്കൂടിന്റെ ടാർഗെറ്റുകൾ 2,3 എന്നിവയിൽ ഊന്നിയുള്ളതാണ്; ഇത് 2030 ഓടെ അപചയം നേരിട്ട 30 ശതമാനം ഉൾനാടൻ ശുദ്ധജല ആവാസവ്യവസ്ഥകൾ പുനഃസ്ഥാപിക്കാനും 30 ശതമാനം ശുദ്ധജല ആവാസവ്യവസ്ഥകൾ സംരക്ഷിക്കാനും ലക്ഷ്യമിടുന്നു. ഈ സംരംഭം ആഗോള ശുദ്ധജല ആവാസവ്യവസ്ഥയുടെ സുസ്ഥിരതയ്ക്ക് നിർണായക നാഴികക്കല്ലായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.
അംഗീകരിക്കപ്പെട്ട 2025-2034 കർമ്മ പദ്ധതിക്ക് (5th Strategic Plan 2025-2034) നാല് പ്രധാന ലക്ഷ്യങ്ങളുണ്ട് (goals). ലക്ഷ്യങ്ങൾ റംസാർ കൺവെൻഷന്റെ മൂന്ന് തൂണുകളെ (pillars) പരോക്ഷമായി പ്രതിഫലിപ്പിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു (റാംസർ കൺവെൻഷന്റെ മൂന്ന് തൂണുകൾ: എല്ലാ തണ്ണീർത്തടങ്ങളുടെയും വിവേകപൂർണ്ണമായ ഉപയോഗം, അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളുടെ (റാംസർ സൈറ്റുകൾ) പദവിയും മാനേജ്മെന്റും, അന്താരാഷ്ട്ര സഹകരണം). അഞ്ചാം കർമ്മ പദ്ധതിയുടെ നാല് ഗോളുകൾ ഇവയാണ്ഃ

വിഭാവനം ചെയ്യുന്ന അഞ്ചാം കർമ്മ പദ്ധതിയുടെ ലക്ഷ്യങ്ങളും ടാർഗറ്റുകളും സമയബന്ധിതമാണ്; 10 വർഷം കൊണ്ട്, അതായത്, 2034 ഓടെ അവ കൈവരിക്കാനാകണം.

ലോക തണ്ണീർത്തടങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി

പാർട്ടികളുടെ പതിനഞ്ചാം കോൺഫറൻസിന് (COP 15) മുന്നോടിയായി പ്രസിദ്ധീകരിച്ച ‘ആഗോള തണ്ണീർത്തട അവലോകനം’ (Global Wetland Outlook 2025) എന്ന റിപ്പോർട്ട് തണ്ണീർതടങ്ങളുടെ ആഗോള സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നു (Convention on Wetlands, 2025b). ലോകത്ത് ഉൾനാടൻ ശുദ്ധജലം, തീരദേശം, സമുദ്രം എന്നിവയുമായി ബന്ധപ്പെട്ട തണ്ണീർത്തടങ്ങൾ 1800 ദശലക്ഷം ഹെക്ടറിലധികം വ്യാപിച്ചുകിടക്കുന്നുവെന്ന് സമീപകാല കണക്കുകൾ സൂചിപ്പിക്കുന്നു. ആഗോള വിലയിരുത്തൽ പ്രകാരം 1970ന് ശേഷം 35 ശതമാനം തണ്ണീർത്തടങ്ങൾ ഇല്ലാതായി, വനങ്ങളേക്കാൾ മൂന്നിരട്ടി വേഗത്തിൽ. 2050 ആകുമ്പോഴേക്കും ഇപ്പോഴുള്ളതിന്റെ 20 ശതമാനം കൂടി അപ്രത്യക്ഷമാകുമെന്ന് തണ്ണീർത്തട അവലോകനം 2025 മുന്നറിയിപ്പ് നൽകുന്നു; മാത്രമല്ല, എല്ലാ തണ്ണീർത്തട ജീവിവർഗങ്ങളുടെയും നാലിലൊന്ന് വംശനാശ ഭീഷണിയിലാണെന്നും റിപ്പോർട്ടിലുണ്ട്.

തണ്ണീർത്തടങ്ങൾ ഓരോ വർഷവും ഏകദേശം 7.98 ലക്ഷം കോടി മുതൽ 39.01 ലക്ഷം കോടി ഡോളർവരെ വിലമതിക്കുന്ന പ്രയോജനങ്ങൾ നൽകുന്നു. ശേഷിക്കുന്ന എല്ലാ തണ്ണീർത്തടങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യാൻ സാധിച്ചാൽ, 2050 വരെയുള്ള കാലയളവിൽ, അവ 205.25 ലക്ഷം കോടി ഡോളറിൽ കൂടുതൽ ‘നിലവിലെ അറ്റമൂല്യം’ (Net Present Value, NPV) നൽകും.

2022 ലെ 15-ാമത് ജൈവവൈവിധ്യ ഉച്ചകോടിയിൽ (CBD-COP15) അംഗീകരിച്ച ‘കുൻമിംഗ്-മോൺട്രിയൽ ഗ്ലോബൽ ബയോഡൈവേഴ്‌സിറ്റി ഫ്രെയിംവർക്ക്’(KM-GBF) ന്റെ ലക്ഷ്യങ്ങളിലും തണ്ണീർത്തട പുനഃസ്ഥാപനത്തിനും സംരക്ഷണത്തിനും ഊന്നൽ നല്കിയിട്ടുണ്ട്. നഷ്ടപ്പെട്ട തണ്ണീർത്തടങ്ങളുടെ 30 ശതമാനം പുനഃസ്ഥാപിക്കുന്നതിനും 1970 മുതൽ കൃഷിയിലേക്കും മറ്റ് ഭൂവിനിയോഗങ്ങളിലേക്കും പരിവർത്തനം ചെയ്യപ്പെട്ട തണ്ണീർത്തടങ്ങളുടെ വിസ്തൃതിയെ അടിസ്ഥാനമാക്കി KM-GBF ന്റെ രണ്ടാം ലക്ഷ്യം നേടുന്നതിനും 123 ദശലക്ഷം ഹെക്ടർ തണ്ണീർത്തടങ്ങൾ പുനഃസ്ഥാപിക്കേണ്ടതുണ്ട്. KM-GBF ന്റെ മൂന്നാം ലക്ഷ്യം കൈവരിക്കുന്നതിന്, സംരക്ഷിത പ്രദേശങ്ങൾക്കുള്ളിൽ ഏകദേശം 428 ദശലക്ഷം ഹെക്ടർ തണ്ണീർത്തടങ്ങൾ അല്ലെങ്കിൽ മറ്റ് ഫലപ്രദമായ പ്രദേശാധിഷ്ഠിത സംരക്ഷണ നടപടികൾ (OECMs) ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. ആരോഗ്യകരവും പ്രവർത്തനക്ഷമവുമായ തണ്ണീർത്തടങ്ങളുടെ സംരക്ഷണം പുനഃസ്ഥാപനത്തേക്കാൾ ചിലവ് കുറഞ്ഞതാണ്. നിലവിലുള്ള തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിന് കുറഞ്ഞ നിക്ഷേപം മതിയാകും. തണ്ണീർത്തടങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള ശരാശരി ചെലവ് പ്രതിവർഷം ഹെക്ടറിന് $1,000 മുതൽ ഹെക്ടറിന് $70,000 വരെയാകാം.

ലോകത്തിലെ തണ്ണീർത്തടങ്ങളുടെ ഫലപ്രദമായ സംരക്ഷണവും പുനഃസ്ഥാപനവും കൈവരിക്കുന്നതിന്, കുറഞ്ഞത് 550 ദശലക്ഷം ഹെക്ടർ (കുറഞ്ഞത് 123 ദശലക്ഷം ഹെക്ടർ പുനഃസ്ഥാപിക്കുന്നതിനും കുറഞ്ഞത് 428 ദശലക്ഷം ഹെക്ടർ സംരക്ഷിക്കുന്നതിനും) ഗണ്യമായ വിഭവ സമാഹരണം ആവശ്യമാണ്. ജൈവവൈവിധ്യ സംരക്ഷണ ഫണ്ടിംഗ് ആഗോള ജിഡിപിയുടെ 0.25% മാത്രമാണെന്ന് നിലവിലെ കണക്കുകൾ കാണിക്കുന്നു, ഇത് തണ്ണീർത്തടങ്ങൾ ഉൾപ്പെടെ പ്രകൃതിയിലെ ഗണ്യമായ കുറഞ്ഞ നിക്ഷേപത്തെ എടുത്തുകാണിക്കുന്നു.

ഇന്ത്യയും തണ്ണീർത്തട ഉടമ്പടിയും

ഇന്ത്യ തണ്ണീർത്തട സംരക്ഷണകാര്യത്തിൽ വളരെ മുന്നിലാണ്. ഭാരതത്തിൽ ഇതേവരെ 1.36 ദശലക്ഷം ഹെക്ടർ വിസ്തൃതിയുള്ള 91 തണ്ണീർത്തടങ്ങൾ റാംസർ സൈറ്റുകൾ ആയി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ മൂന്നാമത്തെ വലിയ സംരക്ഷിത തണ്ണീർത്തടങ്ങളുടെ ശൃംഖലയുമാണിത്. ഇതോടൊപ്പം, ആദ്യമായി ഇന്ത്യയിലെ രണ്ടു നഗരങ്ങളായ ഇൻഡോറും ഉദയപൂരും റാംസർ കൺവെൻഷന് കീഴിൽ തണ്ണീർത്തട നഗരങ്ങളുടെ (wetland cities) ആഗോള പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ്. ഇൻഡോർ നഗരം സിർപൂർ തടാകവുമായുള്ള ബന്ധത്തിന്റെ പേരിൽ പ്രസിദ്ധമാണ്. അതേസമയം ഉദയ്പൂർ പരസ്പരം ബന്ധിപ്പിച്ച തണ്ണീർത്തടങ്ങളായ പിച്ചോള, ഫത്തേഹ് സാഗർ, രംഗ് സാഗർ, സ്വരൂപ് സാഗർ, ദൂദ് തലായ് എന്നിവയ്ക്ക് പേരുകേട്ടതാണ്.

‘മിഷൻ സഹ്ഭാഗിത’, ‘സേവ് വെറ്റ്‌ലാൻഡ്‌സ്’ എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരുടെ നേതൃത്വത്തിലുള്ള കാമ്പെയ്‌നുകൾക്ക് കഴിഞ്ഞ 3 വർഷത്തിനുള്ളിൽ 1.7 ലക്ഷത്തിലധികം തണ്ണീർത്തടങ്ങളുടെ മാപ്പിംഗ് സാധ്യമാക്കുന്നതിനും ഏകദേശം 1.2 ലക്ഷത്തിലധികം തണ്ണീർത്തടങ്ങളുടെ വ്യക്തമായ അതിർത്തി നിർണയിക്കുന്നതിനും കഴിഞ്ഞു.

കേരളത്തിൽ മൂന്ന് രാംസാർ സൈറ്റുകളുണ്ട്; വേമ്പനാട്ട്-കോള്‍, അഷ്ടമുടി, ശാസ്താംകോട്ട എന്നിവയാണവ. ഇവ കൂടാതെ പരിസ്ഥിതി പ്രാധാന്യമുള്ള മറ്റു ചിലവയെ പ്രത്യേകമായും സംരക്ഷിക്കുന്നു. കോഴിക്കോട് നഗരത്തിലെ കോട്ടുളി, കോഴിക്കോട്ട്-മലപ്പുറം അതിര്‍ത്തിയിലെ കടലുണ്ടി അഴിമുഖം എന്നിവ വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ദേശീയ തണ്ണീര്‍ത്തട സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതുതായി കേരളത്തിലെ നാലു തണ്ണീർത്തടങ്ങൾ റാംസാർ പദവിക്കു വേണ്ടിയുള്ള പരിഗണനയിലാണ്. തിരുവനന്തപുരം ജില്ലയിലെ വെള്ളായണി, ആക്കുളം-വേളി, കോഴിക്കോട് ജില്ലയിലെ കോട്ടുളി, കണ്ണൂർ ജില്ലയുലെ കാട്ടാമ്പള്ളി-വളപട്ടണം-കുപ്പം എന്നിവയാണവ.

റംസാർ ഉടമ്പടിയുടെ ചുവടുപിടിച്ചു തണ്ണീർത്തട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാറുകളും ആവശ്യമായ നിയമങ്ങളും അവ നടപ്പിലാക്കാനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അവയേതൊക്കെയെന്നും കൂടി നോക്കാം.

2008 ലെ കേരള നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമം

കേരളത്തിലെ നെൽവയലുകളെയും തണ്ണീർത്തടങ്ങളെയും അനിയന്ത്രിതമായ നികത്തലുകളിൽ നിന്നും രൂപാന്തരപ്പെടുത്തലുകളിൽ നിന്നും സംരക്ഷിക്കാനായി കേരള സർക്കാർ നടപ്പാക്കിയ നിയമമാണ് ‘കേരള നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമം – 2008 (The Kerala Conservation of Paddy Land and Wetland Act, 2008)’. ഈ നിയമം 12-08-2008 മുതല്‍ പ്രാബല്യത്തില്‍ വന്നു. കേരളത്തിലെ നെൽകൃഷി മേഖലയെ പ്രോത്സാഹിപ്പിക്കുക, അവയുടെ പാരിസ്ഥിതിക സംതുലനാവസ്ഥ നിലനിർത്തുക എന്നീ ഉദ്ദേശങ്ങളോടെയാണ് ഈ നിയമം നടപ്പാക്കിയിരിക്കുന്നത്.

കേരളത്തിലെ കുട്ടനാട്, കോള്‍, പൊക്കാളി, കയ്പാട്, ഏലാകള്‍ തുടങ്ങിയ തണ്ണീര്‍ത്തട വ്യവസ്ഥകള്‍ നെല്‍കൃഷി മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. സംസ്ഥാന നിയമത്തിൽ ‘നെൽപ്പാടം’ (paddy land) എന്നാൽ വർഷത്തിൽ ഒരിക്കലെങ്കിലും നെൽകൃഷി ചെയ്യുന്നതും, നെൽകൃഷിക്ക് അനുയോജ്യവും എന്നാൽ കൃഷി ചെയ്യാതെ തരിശായി കിടക്കുന്നതുമായ എല്ലാത്തരം ഭൂമിയെയും അർത്ഥമാക്കുന്നു; കൂടാതെ ബണ്ടുകൾ, ഡ്രെയിനേജ് ചാനലുകൾ, കുളങ്ങൾ, കനാലുകൾ തുടങ്ങിയ അനുബന്ധ നിർമ്മാണങ്ങളും ഉൾപ്പെടുന്നു.

2017 ലെ തണ്ണീർത്തട (സംരക്ഷണവും പരിപാലനവും) നിയമങ്ങൾ

റംസാർ ഉടമ്പടിയുടെ ലക്ഷ്യങ്ങൾ നേടുന്നതിന് 1986 ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം, ഇന്ത്യയിലെ തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമുള്ള നിയന്ത്രണ ചട്ടക്കൂടായി പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC) 2017 ലെ തണ്ണീർത്തട (സംരക്ഷണവും പരിപാലനവും) നിയമങ്ങൾ (Wetlands (Conservation and Management) Rules, 2017) വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഈ നിയമങ്ങൾ തണ്ണീർത്തടങ്ങളുടെ പാരിസ്ഥിതിക ആശങ്കകൾ പരിഗണിച്ചുകൊണ്ടുള്ള നിയമപരമായ പരിരക്ഷ ഉറപ്പുവരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ പറയുന്ന പ്രകാരം ഒരു ദേശീയ തണ്ണീർത്തട കമ്മിറ്റിയും (National Wetland Committee, NWC) സംസ്ഥാന തണ്ണീർത്തട അതോറിറ്റികളും (State Wetland Authorities) സ്ഥാപനപരമായ ചുമതലകൾ വഹിക്കണം.

ഇന്ത്യയുടെ അതിർത്തിക്കുള്ളിലെ തണ്ണീർത്തടങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു സർക്കാർ സമിതിയാണ് ദേശീയ തണ്ണീർത്തട കമ്മിറ്റി (NWC). ഇന്ത്യയിലെ തണ്ണീർത്തടങ്ങളുടെ സംയോജിത പരിപാലനത്തിൽ സംസ്ഥാന സ്ഥാപനങ്ങളെ നയിക്കുന്നതിനും റാംസാർ സൈറ്റുകളുടെ സംയോജിത പരിപാലനത്തിന്റെ പുരോഗതി മറ്റ് ചുമതലകൾക്കൊപ്പം അവലോകനം ചെയ്യുന്നതിനും ദേശീയ തണ്ണീർത്തട കമ്മിറ്റിക്ക് അധികാരവും ചുമതലയുമുണ്ട്.

തണ്ണീർത്തടം (wetland) എന്നതിന് റംസാർ കൺവെൻഷന്റെ നിർവചനം തന്നെയാണ് കേന്ദ്ര നിയമത്തിൽ ഉപയോഗിച്ചിരിക്കുന്നതെങ്കിലും ഒഴിവാക്കുന്നവയുടെ പട്ടികയിൽ ‘നെൽപ്പാടങ്ങൾ’ (paddy fields) പെട്ടത് കേരളത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അതായത്, കേന്ദ്ര നിയമം പ്രകാരം നെൽപ്പാടങ്ങൾ തണ്ണീർത്തടങ്ങൾ അല്ല. എന്നാൽ സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്ന പക്ഷം കേന്ദ്ര നിയമം ഒഴിവാക്കിയാലും സംസ്ഥാന നിയമം അനുസരിച്ച് ഏത് തണ്ണീർത്തടവും നോട്ടീഫൈ ചെയ്യാം എന്ന് പറയുന്നുണ്ട് (MoEFCC, 2020). ഇക്കാരണത്താൽ കേരളത്തിന്റെ 2008 ലെ കേരള നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമം പൊളിച്ചെഴുതേണ്ട കാര്യമില്ല.

കേരളത്തിലെ നെൽപ്പാടങ്ങളും വടക്കെ ഇന്ത്യയിലെ നെൽപ്പാടങ്ങളും തമ്മിൽ നല്ല വ്യത്യാസമുണ്ട്. കുട്ടനാട്, കോള്‍, പൊക്കാളി, കയ്പാട്, ഏല, തുടങ്ങിയ തണ്ണീര്‍ത്തട വ്യവസ്ഥകള്‍ കേരളത്തിലെ നെല്‍കൃഷി ചെയ്യുന്ന പ്രധാന മേഖലകളാണ്. ഇവയില്‍ കുട്ടനാട്, പൊക്കാളി, കോള്‍ മേഖലകള്‍ ‘വേമ്പനാട്ട്-കോള്‍’ എന്ന പ്രസിദ്ധമായ രാംസാര്‍ തണ്ണീര്‍ത്തട വ്യവസ്ഥയുടെ ഭാഗമാണ്. ഇവ ഒരുകാലത്ത് കായലുകളോ അഴിമുഖം തന്നെയോ ആയിരുന്നു. ഭക്ഷ്യധാന്യലഭ്യത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വെള്ളം വറ്റിച്ചു നെല്‍കൃഷി തുടങ്ങിയതോടെയാണ് ഇവ പാടശേഖരങ്ങളായി മാറുന്നത്. കുട്ടനാടിന്റെ ഒരു ഭാഗം നെൽപ്പാടങ്ങൾ ‘കായൽ നിലങ്ങൾ’ എന്നാണ് ഇപ്പോഴും അറിയപ്പെടുന്നത് എന്നത് ശ്രദ്ധിക്കുക.

ഉത്തരേന്ത്യയിലെ മണ്ണിന്‍റെ പ്രത്യേകത കൊണ്ട് ജലസേചന സൗകര്യമുണ്ടെങ്കില്‍ ഗോതമ്പ് പാടങ്ങളില്‍ ഖരീഫ് വിളയായി നെല്‍കൃഷി ചെയ്യാം. നെൽപ്പാടങ്ങളെക്കാളുപരി ഇവ ഗോതമ്പ് പാടങ്ങളാണ്, അതിനാൽ തന്നെ തണ്ണീര്‍ത്തടങ്ങളുമല്ല! മഴയെ മാത്രം ആശ്രയിച്ച് നെല്ലിന് പകരം തുവരയും, ഉഴുന്നും, ചെറുപയറും, ചോളവുമൊക്കെ കൃഷി ചെയ്യുന്നതിനും കുഴപ്പമില്ല. പരിസ്ഥിതി ധര്‍മ്മത്തിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിലെ നെല്‍പ്പാടങ്ങളെ ഉത്തരേന്ത്യന്‍ ഗോതമ്പു പാടങ്ങളുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. കേന്ദ്ര നിയമത്തിൽ നിന്ന് നെല്‍പ്പാടങ്ങളെ ഒഴിവാക്കിയതിന്റെ കാരണമിതാകും.

കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി (State Wetland Authority Kerala, SWAK)

കേന്ദ്ര സർക്കാരിന്റെ 2017 ലെ തണ്ണീർത്തട (സംരക്ഷണവും പരിപാലനവും) നിയമങ്ങൾ പ്രകാരം കേരളത്തിൽ രൂപീകരിച്ച സ്ഥാപനമാണ് ‘കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി’ (SWAK). സംസ്ഥാന പരിസ്ഥിതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഈ തണ്ണീർത്തട അതോറിറ്റി സംസ്ഥാനത്തെ തണ്ണീർത്തടങ്ങളുടെ നിർദ്ദിഷ്ട പ്രവർത്തനങ്ങൾക്ക് നോഡൽ അതോറിറ്റിയായി പ്രവർത്തിക്കുന്നു. ബന്ധപ്പെട്ട വിവിധ വകുപ്പുകൾ വഴി വിജ്ഞാപനം ചെയ്ത തണ്ണീർത്തടങ്ങളുടെ സംയോജിത മാനേജ്മെന്റ് പദ്ധതികൾ നടപ്പിലാക്കുന്നത്തിനുള്ള സംവിധാനങ്ങളും അതോറിറ്റി എർപ്പെടുത്തും. സംസ്ഥാനത്ത് വിജ്ഞാപനം ചെയ്യേണ്ട എല്ലാ തണ്ണീർത്തടങ്ങളെയും പട്ടികപ്പെടുത്താൻ കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിക്ക് അധികാരമുണ്ട്.
തണ്ണീർത്തടങ്ങളുടെ നശീകരണം ലോക രാജ്യങ്ങളുടെ സർക്കാരുകൾക്കും വ്യവസായങ്ങൾക്കും സമൂഹങ്ങൾക്കും വലിയ നഷ്ടമുണ്ടാക്കുകയും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും കാലാവസ്ഥാ മാറ്റം പരിഹരിക്കുന്നതിനും മനുഷ്യന്റെ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഇത് തടഞ്ഞ് അവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും, പൊതുജന പിന്തുണയും, ഗണ്യമായ വിഭവ സമാഹരണവും ആവശ്യമാണ്.


References

  1. Convention on Wetlands 2025a. Draft resolution on the Strategic Plan of the Convention on Wetlands 2025-2034 (COP15 Doc.23.3 Rev.3), 15th meeting of the COP to the Convention on Wetlands, Victoria Falls, Zimbabwe, 23-31 July 2025. >>>
  2. Convention on Wetlands 2025b. Global Wetland Outlook 2025: Valuing, conserving, restoring and financing wetlands. Gland, Switzerland: Secretariat of the Convention on Wetlands. DOI: 10.69556/GWO-2025-eng >>>
  3. MoEFCC [Ministry of Environment, Forest, and Climate Change] 2020. Guidelines for implementing Wetlands (Conservation and Management) Rules, 2017. MoEFCC, Government of India, 51p. >>>
  4. Ramsar Convention Secretariat 2016. An Introduction to the Ramsar Convention on Wetlands (7th Ed.). Ramsar Convention Secretariat, Gland, Switzerland, 107p. Available: >>>

കാലാവസ്ഥാമാറ്റം സംബന്ധമായ ലൂക്ക ലേഖനങ്ങൾ

climate change science and society10

Leave a Reply

Previous post സർവ്വകലാശാലകൾ നേരിടുന്ന വെല്ലുവിളികൾ – ദേശീയ സെമിനാർ
Close