വിലാസിനി (Common Jezebel -Delias eucharis)
വെള്ളയോ മഞ്ഞയോ നിറമുള്ള ശലഭങ്ങളുടെ കുടുംബമായ പീറിഡേ (Pieridae) ൽ പെട്ട വിലാസിനി ശലഭമാണ് ആ കൂട്ടത്തിലെ ഏറ്റവും മനോഹര ശലഭം. വനപ്രദേശങ്ങളിലും നാട്ടിൻപുറങ്ങളിലും വിലസിനടക്കുന്ന ഈ സുന്ദര ശലഭത്തിന് ഇതിലും ചേർച്ചയുള്ള വേറൊരു പേരില്ല. ചുവന്ന പൊട്ടുകളുള്ള ബോർഡറോടുകൂടിയ സാരി അണിഞ്ഞ തുപോലെ ആണ് ഇവരെ കണ്ടാൽ തോന്നുക . വളരെ സാവധാനം ആണ് പറക്കുക. ഇരപിടിയന്മാരുടെ സാന്നിദ്ധ്യത്തിൽ ചത്തതുപോലെ കിടന്ന് രക്ഷപ്പെടാനുള്ള സൂത്രം ഇവർക്ക് അറിയാം. . വിഷ സാന്നിദ്ധ്യമുള്ളതിനാൽ സാധാരണ ഇരപിടിയന്മാർ ഇതിനെ ഒഴിവാക്കാറാണ് പതിവ്. അതാണ് ധൈര്യത്തിലുള്ള വിലസി നടക്കൽ. ഇതിനെ ഇരപിടിയന്മാർ ഒഴിവാക്കും എന്നതിനാൽ വിഷ സാന്നിദ്ധ്യമില്ലാത്ത മറ്റൊരു ചിത്ര ശലഭമായ ചോല വിലാസിനി ( ഇത് നാട്ടിൻപുറങ്ങളിൽ അപൂർവ്വമാണ് ) Paintedsawtooth വിലാസിനി ശലഭത്തെ രൂപം അനുകരിച്ച് രക്ഷപ്പെടും.
പരാദ സസ്യമായ ഇത്തിൾക്കണ്ണികൾ ആണ് വിലാസിനി മുട്ടയിടുക. മഞ്ഞ കലർന്ന പച്ച നിറമോ ഇരുണ്ട നിറമോ ഉള്ള ലാർവകൾക്ക് വെളുത്ത ചെറുപൊട്ടുകൾ ഉള്ള കറുത്ത തലയാണുള്ളത്.