മഞ്ഞപ്പാപ്പാത്തി (Common grass yellow- Eurema hecabe)
ഇന്ത്യയിൽ എങ്ങും സാധാരണമായി കാണുന്ന കുഞ്ഞ് ശലഭമാണ് മഞ്ഞപ്പാപ്പാത്തി (Eurema hecabe). സദാസമയവും പുല്ലുകൾക്കിടയിൽ തത്തിപ്പാറി നടക്കുന്ന ഇതിന് ചിറകളവ് നാലഞ്ച് സെന്റീ മീറ്റർ മാത്രമേ ഉണ്ടാവൂ. തിളങ്ങുന്ന മഞ്ഞ ചിറകുകളുടെ മുകൾ ഭാഗത്ത് കറുത്ത ബോർഡർ ഉണ്ട്. മുൻചിറകിന് അടിവശത്തായി കറുപ്പ് പൊട്ടുകളും കാണാം. ഈ പൊട്ടുകളിലെ വ്യത്യാസങ്ങൾ നോക്കിയാണ് ഇവയുടെ സമാന രൂപമുള്ള ബന്ധുക്കളായ ചെറുമഞ്ഞപ്പാപ്പാത്തി (Small Grass Yellow -Eurema brigitta ) മുപ്പൊട്ടൻ മഞ്ഞപ്പാപ്പാത്തി (Three-spot Grass Yellow-Eurema blanda) ഒറ്റപൊട്ടൻ മഞ്ഞപ്പാപ്പാത്തി (One-spot Grass Yellow-Eurema andersonii) പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി (Spotless Grass Yellow-Eurema laeta) എന്നിവയിൽ നിന്ന് വേർ തിരിച്ചറിയുന്നത്.
തകര, കൊന്ന, മറ്റ് പയർ വർഗ ചെടികളിലും കടുംപച്ച നിറത്തിലുള്ള ഇവയുടെ ലാർവകളെ കാണാം.