ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിപ്പമുള്ള ധൂമകേതുവിനെ (comet) ഹബിൾ ടെലസ്കോപ്പ് കണ്ടെത്തിയിരിക്കുന്നു. മഞ്ഞിൽ പൊതിഞ്ഞ അതിന്റെ കേന്ദ്രത്തിന് ഏതാണ്ട് 120-150 കിലോമീറ്റർ വ്യാസവും 500 ട്രില്യൻ ടൺ മാസ്സും ഉണ്ടത്രേ – അതായത് 500 നെ തുടർന്ന് 12 പൂജ്യം!
നമ്മുടെ ഡേറ്റ വെച്ച്, ഇതിനു മുമ്പ് വന്നിട്ടുള്ള ധൂമകേതുക്കളിൽ വച്ച് ഏറ്റവും വലുത് 1996 ലെത്തിയ ഹെയ്ൽ ബോപ്പ് ആയിരുന്നു. അതിന്റെ കാമ്പിൻ്റെ വലിപ്പം 40-80 കിലോമീറ്റർ മാത്രമായിരുന്നു. ഈ പുതിയ ധൂമകേതുവിനെ 2021 ൽ തിരിച്ചറിഞ്ഞ യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണിലെ പെഡ്രോ ബെർണ്ണാഡിനെല്ലി, യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയായിലെ ഗാരി ബേൺസ്റ്റീൻ എന്നിവരുടെ പേരുകൾ ചേർത്ത് ബെർണ്ണാഡിനെല്ലി ബേൺസ്റ്റീൻ (Bernardinelli-Bernstein) എന്നാണിതിനെ നാമകരണം ചെയ്തിരിക്കുന്നത്. ഇതിന്റെ അസ്തിത്വം വെളിവാക്കുന്ന ചിത്രങ്ങൾ 2014 ൽ കിട്ടിത്തുടങ്ങിയിരുന്നു. അതിനാൽ ഇതിന്റെ ഔദ്യോഗിക നാമം C/2014 UN271 എന്നായി. 2014ൽ ബെർണ്ണാഡിനെല്ലിയും ബേൺസ്റ്റീനും ആകാശ ചിത്രങ്ങളുടെ പരിശോധനയിലൂടെ ഒരു കുഞ്ഞു ബിന്ദു നീങ്ങിക്കൊണ്ടിരിക്കുന്നതായി കണ്ടു. തുടർന്നുള്ള വർഷങ്ങളിൽ അവർ അതിനെ നിരീക്ഷിക്കുകയും പഠനം നടത്തുകയും ചെയ്തു. അപ്പോഴൊക്കെ വലിയ ദൂരത്തിലാകയാൽ ശരിയായ വലിപ്പം നിർണ്ണയിക്കുന്നതിന് കഴിഞ്ഞിരുന്നില്ല.
ദക്ഷിണ അമേരിക്കയിലെ അൽമ (Atacama Large Millimeter/submillimeter Array -ALMA) ഒബ്സർവേറ്ററിയിൽ 2021 ആഗസ്റ്റിൽ ലഭിച്ച ഡാറ്റ ഉപയോഗിച്ച് ഇമ്മാനുവെൽ ലെല്ലോ എന്ന അസ്ട്രോണമർ ആണ് ഇതിനെക്കുറിച്ചുള്ള പുതിയ പഠനങ്ങൾ നടത്തിയത്. അന്നത് 19.6 അസ്ട്രോണമിക്കൽ യൂണിറ്റ് അകലത്തായിരുന്നു, അതായത് ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരത്തിന്റെ 19.6 ഇരട്ടി. അത്ര അകലത്തിലുള്ള ഒരു വസ്തുവിന്റെ അളവുകളെടുക്കുക എന്നത് ഒരു വെല്ലുവിളിയായിരുന്നു എന്നാണാ ഗവേഷകർ പറഞ്ഞത്. സൂര്യനോട് അടുക്കുന്തോറും ഈ കോമെറ്റ് ചുരുങ്ങുകയും അതിലെ പൊടിപടലങ്ങളും വാതകങ്ങളും വികസിച്ച് വാലായി ചിതറിപ്പോവുകയും ചെയ്യും. കോമെറ്റിന്റെ പ്രധാന ഭാഗം ബാഷ്പീകരിച്ച് ചുരുങ്ങുകയും ചെയ്യും.
എന്നാൽ ഈ ധൂമകേതു സൗരയൂഥത്തിന്റെ അകത്തളത്തിലേക്ക് പ്രവേശിക്കില്ല. അതിനാൽ തന്നെ ഇതിനെ ഭൂമിയിൽ നിന്ന് നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ സാധിക്കില്ല. എന്നിരുന്നാലും വലിയ ടെലസ്കോപ്പുകളുപയോഗിച്ച് പഠിക്കാൻ കഴിയും.
വീഡിയോ കാണാം
അധികവായനയ്ക്ക്
ധൂമകേതുക്കൾ – ലൂക്ക ലേഖനങ്ങൾ