ഇന്ത്യയിലെ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ആദ്യറിപ്പോർട്ട് ഇക്കഴിഞ്ഞ മാസം (ജൂൺ 2020) പ്രസിദ്ധീകരിച്ചിരിക്കുകയാണ്. കേന്ദ്രഗവണ്മെന്റിനു കീഴിലുള്ള ഭൗമപഠനമന്ത്രാലയം ആണ് ഈ റിപ്പോർട്ട് – Assessment of climate change over the Indian region, A report of the Ministry of Earth Sciences, GoI- തയ്യാറാക്കിയിരിക്കുന്നത്.
മൂന്നു കാര്യങ്ങളാണ് കാലാവസ്ഥാവ്യതിയാനത്തിനു കാരണമായി ഈ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. അന്തരീക്ഷത്തിലെ കാർബൺ വാതകങ്ങളുടെ ക്രമാതീതമായ വർദ്ധന, എയറോസോളുകളുടെ ആധിക്യം, സ്ഥലോപരിതല-സ്ഥലവിനിയോഗത്തിലുള്ള വൻ തോതിലുള്ള മാറ്റങ്ങൾ എന്നിവയാണവ. കാലാവസ്ഥാവ്യതിയാനം മൂലമുള്ള ആഗോളപരിവർത്തനങ്ങൾ വെച്ച് നോക്കുമ്പോൾ ഇന്ത്യ കടന്നുപോന്നുകൊണ്ടിരിക്കുന്നതും ഭാവിയിൽ അഭിമുഖീകരിക്കുന്നതുമായ ഭീഷണി താരതമ്യേന കൂടുതലാണെന്ന് കാണാം. ഉദാഹരണത്തിന് കഴിഞ്ഞ ആറ് ദശാബ്ദത്തിലെ ലോകസമുദ്രങ്ങളിലെ താപ ഉയർച്ച 0.7 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിന്റേത് 1 ഡിഗ്രി സെൽഷ്യസ് ആണ്.
കാലാവസ്ഥാവ്യതിയാനത്തിന് ഒരു സാമൂഹ്യസാംസ്കാരികപശ്ചാത്തലവും രാഷ്ട്രീയമാനവുമുണ്ട്. ഇതൊക്കെയാണെങ്കിലും പൊതുചർച്ചകളിലോ മാദ്ധ്യമവേദികളിലോ അധികമിടം നേടാത്ത ഒരു വിഷയമാണിത്. നാടകീയമായ, വൈകാരികത നിറഞ്ഞ വലിയ സംഭവങ്ങൾ – വെള്ളപ്പൊക്കം പോലെ, ഭൂമികുലുക്കം പോലെ, ഇപ്പോഴത്തെ ഈ പകർച്ചവ്യാധി പോലെ – നടക്കുമ്പോൾ മാത്രമാണ് മാദ്ധ്യമങ്ങളിലും മറ്റ് വേദികളിലും പ്രകൃതിസംബന്ധമായ, കാലാവസ്ഥാസംബന്ധമായ ചർച്ചകൾ നടക്കാറുള്ളത്. അതുതന്നെ ആ സംഭവങ്ങളിൽ നിന്ന് താത്കാലികമായി കരകയറാനുള്ള മാർഗ്ഗങ്ങൾ, സർക്കാർസഹായങ്ങൾ, ഭരണപാളിച്ചകൾ എന്നിവയിലൊതുങ്ങും. ഇത്തരം പ്രതിഭാസങ്ങളുടെ ഉരുത്തിരിയൽ, കാരണങ്ങൾ, പരിണാമം എന്നിവയിലേക്കൊക്കെയുള്ള എത്തിനോക്കൽ കുറവായിരിക്കും. ഉമിത്തീ പോലെ നീറിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് ആഗോളതാപനം. വ്യക്തിപരവും സാമൂഹികവുമായ ജീവിതശൈലീമാറ്റങ്ങളാണ് പരിഹാരം.
ഒറ്റപ്പെടൽ യുഗം
മനുഷ്യകേന്ദ്രികൃതമായ ഒരു ചിന്തയിൽനിന്ന് തുടങ്ങട്ടെ. അറിയുന്നിടത്തോളം പ്രപഞ്ചത്തിലെ ജീവനുള്ള, അതും പ്രപഞ്ചത്തെപ്പറ്റി വ്യാകുലപ്പെടുന്ന ജീവനുള്ള ഒരേയൊരു ഗ്രഹമാണ് നമ്മുടേത്. അങ്ങനെയായത് യാദൃശ്ഛികമോ ആസൂത്രിതമോ എങ്ങനെത്തന്നെ ആയാലും ഭൂമി എന്ന ഗ്രഹത്തെ അമൂല്യമാക്കുന്ന ഒരു ഒറ്റപ്പെടലാണത്. രണ്ടാമത്തെ ഒറ്റപ്പെടൽ ഭൂമിയുടെ ആ അമൂല്യത ഇല്ലാതാക്കുന്ന, മനുഷ്യൻ വരുത്തിവെയ്ക്കാൻ പോകുന്ന, ഒന്നാണ്. മനുഷ്യനൊഴിച്ചുള്ള സ്പീഷീസുകളുടെ നാശം സംഭവിച്ചാൽ ചുരുളഴിയാൻ പോകുന്നുവെന്ന് ശാസ്ത്രജ്ഞർ ഭയക്കുന്ന ഒരു ഒറ്റപ്പെടലിന്റെ കാലം. എന്നാൽ ഈ കോവിഡ് കാലത്ത് മുൻകൂട്ടി കാണാൻ കഴിയാതെ എത്തിപ്പെട്ട മറ്റൊരു ഏകാന്തതയിലൂടെ നാം കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. മനുഷ്യർ ഓരോരുത്തരും ഒറ്റയ്ക്കൊറ്റയ്ക്കായിപ്പോകുന്ന ഒരേകാന്താവസ്ഥ.
പ്രകൃതിയിൽ പ്രതിഭാസങ്ങളേ ഉള്ളൂ, അത് ദുരന്തമാകുന്നത് മനുഷ്യനെ ഏതെങ്കിലും വിധത്തിൽ ബാധിക്കുമ്പോഴാണ്. മീനുകൾ കൂട്ടത്തോടെ ചത്തടിയുന്നതോ പക്ഷികൾ ഒന്നാകെ ചത്തുവീഴുന്നതോ പ്രകൃതിദുരന്തമായി നാമെണ്ണാറില്ല. പ്രകൃതിയിലെ പ്രതിഭാസങ്ങളാകട്ടെ ഒരിയ്ക്കലും ലളിതവും രേഖീയവുമായ ഒറ്റയൊറ്റ സംഭവങ്ങളല്ല, സ്ഥലകാലങ്ങളിലൂടെയൊരു പരിണാമമുണ്ടതിന്. അതിവർഷമായാലും സൌരവാതങ്ങളായാലും അഗ്നിപർവ്വതസ്ഫോടനമായാലും ചുഴലിക്കാറ്റായാലും , പകർച്ചവ്യാധിയായാലും പ്രകടമാകുന്നത് സങ്കീർണ്ണമായ, പരസ്പരാശ്രിതമായ, ചലനാത്മകമായ, ഒരുപാട് പ്രക്രിയകളുടെ ഒരു മൂർദ്ധന്യത്തിലാണ്. പ്രകൃതി എന്നത് മനുഷ്യബാഹ്യമായ ഒരു വസ്തു അല്ല. മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണ്. പ്രകൃതിയുടെ ഉത്പന്നവും ഉപഭോക്താവുമാണ്. അതിൽ ഉപഭോക്താവെന്ന റോൾ മറ്റ് റോളുകളെ അതിലംഘിക്കുമ്പോഴാണ് പ്രകൃതിപ്രതിഭാസങ്ങൾ പ്രകൃതിദുരന്തങ്ങളാകുന്നത്.
എന്താണ് കാലാവസ്ഥാവ്യതിയാനം, അതെങ്ങനെയുണ്ടാകുന്നു, എന്തൊക്കെയാണ് പ്രത്യാഘാതങ്ങൾ ?
ദീർഘകാലമായി നിലവിലിരിക്കുന്ന ഒരു ക്രമത്തിൽ നിന്ന് കാലാവസ്ഥ വ്യതിചലിക്കുമ്പോഴാണ് കാലാവസ്ഥാവ്യതിയാനം സംഭവിക്കുന്നത്. ഉദാഹരണത്തിന് മൺസൂൺ കാറ്റുകളുടെ ഗതി, ശക്തി, മഴയുടെ സ്വഭാവം, തീവ്രത, സമയദൈർഘ്യം തുടങ്ങിയവയെല്ലാം ഒരു നിശ്ചിത സമയക്രമം പാലിച്ചുപോരുന്നുണ്ട്. ഈയിടെയായി ഇതിൽ മാറ്റങ്ങൾ ദൃശ്യമാകുന്നുണ്ട്. ഉദാഹരണത്തിന് പണ്ട് വേനലിൽ മാത്രം പൂത്തിരുന്ന കൊന്ന ഇപ്പോൾ വർഷം മുഴുവനും പൂക്കുന്നു. മരുപ്രദേശങ്ങളിൽമാത്രം കണ്ടുവന്നിരുന്ന മരുപക്ഷിയും ചരൽക്കുരുവിയും പോലുള്ള ദേശാടനക്കിളികളെ നമ്മുടെ നാട്ടിൽ അധികമായി കണ്ടുതുടങ്ങിയിരിക്കുന്നു. ഒരു പത്ത് മുപ്പത് കൊല്ലം മുൻപൊക്കെ വൃശ്ചികം, ധനു, മകരം മാസങ്ങളിൽ പുലർച്ചയ്ക്ക് കട്ടപിടിച്ചിരുന്ന വെളിച്ചെണ്ണ ഇപ്പോൾ കട്ടപിടിക്കാതായിരിക്കുന്നു. പ്രകൃതിയുടെ ഇത്തരം ചില ചെറിയ സൂചനകൾ, മുന്നറിയിപ്പുകൾ അവഗണിച്ച നമ്മൾ ഇപ്പോൾ വൻ ദുരന്തങ്ങൾ നേരിടുന്നു. നൂറ്റാണ്ടിലൊരിക്കൽ വരുന്ന വെള്ളപ്പൊക്കം അടുത്ത വർഷങ്ങളിൽ ആവർത്തിക്കുന്നു. ഓഖിയും ഗജയും ക്യാറും പോലുള്ള ചുഴലിക്കാറ്റുകൾ അടിയ്ക്കടി ആവർത്തിച്ചുകൊണ്ടിരിക്കുന്നു.
കാലാവസ്ഥാവ്യതിയാനം അതിന്റെ വിശ്വരൂപം കാണിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. അതിർത്തികളെ അപ്രസക്തമാക്കിക്കൊണ്ട് കോവിഡ് എന്ന പകർച്ചവ്യാധി ഭൂഖണ്ഡങ്ങളെയെല്ലാം കീഴടക്കിക്കൊണ്ടിരിക്കുന്നു. ഭൂമി പന്ത്രണ്ടായിരം കിലോമീറ്ററിലധികം വ്യാസമുള്ള ഒരു ഗോളമാണ്. അറുന്നൂറോളം കിലോമീറ്റർ കനത്തിൽ ഭൂഗോളത്തെ പൊതിഞ്ഞിരിക്കുന്ന പാളിയാണ് അന്തരീക്ഷം. അതിൽ ഭൂമിയോട് തൊട്ടുകിടക്കുന്ന 15-16 കിലോമീറ്റർ ദൂരത്തിൽ മാത്രമേ ഗണ്യമായ വാതകസാന്നിദ്ധ്യമുള്ളൂ. ഈയൊരു മേഖലയിൽ പലതരം വാതകങ്ങൾ, എയ്റോസോളുകൾ എന്ന് വിളിക്കപ്പെടുന്ന പദാർത്ഥകണികകൾ, നീരാവി എല്ലാമടങ്ങിയിരിക്കുന്നു. നമുക്കറിയാം, സൂര്യനിൽ നിന്നുള്ള ചൂടാണ് ഭൂമിയെ വാസയോഗ്യമാക്കുന്നത് എന്ന്. സൂര്യനിൽനിന്ന് വരുന്ന താപവികിരണങ്ങൾ ഭൂമിയിലെത്തുന്നത് ഈ അന്തരീക്ഷം കടന്നാണ്. ഇതിലൊരംശം ഭൂമി പ്രതിഫലിപ്പിക്കും. കുറേ താപോർജം തിരിച്ച് ശൂന്യാകാശത്തിലേക്ക് പോകും. എന്നാൽ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന വികിരണങ്ങൾ കൂടിക്കൂടി വരികയാണ്. തദ്വാരാ അന്തരീക്ഷത്തിന്റെ ചൂട് കൂടിക്കൂടി വരുന്നുണ്ട്. ഇതിനെന്താണ് കാരണം? അന്തരീക്ഷപാളിയിൽ അധികമളവിൽ എത്തുന്ന കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് എന്നീ വാതകങ്ങൾ മൂലമാണ് ഇത് സംഭവിക്കുന്നത്. ഈ വാതകങ്ങൾ അധികമാകുന്നതിനെന്താണ് കാരണം? ജീവികളുടെ ശ്വസനം പോലുള്ള സ്വാഭാവിക പ്രക്രിയകൾ വഴി കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലെത്തുന്നുണ്ട്. എന്നാൽ മനുഷ്യന്റെ പലതരം പ്രവർത്തനങ്ങൾ വഴിയാണ് കാർബൺ വാതകങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്നത്.
വളർച്ചയുടെ ഓരോഘട്ടത്തിലും മനുഷ്യൻ കാർബൺ പാദമുദ്ര പതിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. വ്യവസായയുഗത്തിലേക്ക് കടന്നതോടെ രാസവ്യവസായങ്ങളും ഗതാഗതപ്രവർത്തനങ്ങളും കൊണ്ട് കാർബൺ ഉത്സർജനം വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു. മനുഷ്യവളർച്ചയുടെ ഘട്ടങ്ങളിൽ ഊർജരൂപങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. പേശീബലത്തിൽനിന്ന് ചെറുയന്ത്രങ്ങളിലേക്ക്, ആവിശക്തിയിലേക്ക്, കൽക്കരി പോലുള്ള ഫോസിലിന്ധനത്തിലേക്ക്, വൈദ്യുതിയിലേക്ക് പരിണമിച്ച് ഇപ്പോൾ ആണവോർജത്തിലെത്തിനിൽക്കുന്നു. സൌരോർജം, പവനോർജം, തിരമാലകളിൽ നിന്നുള്ള ഊർജം, ജൈവോർജം എന്നിങ്ങനെയുള്ള ഊർജസ്രോതസ്സുകളുമുണ്ട്. ഇപ്പോൾ ഉപയോഗിക്കുന്ന ഊർജത്തിൽ 80 ശതമാനവും ഫോസിലിന്ധനങ്ങളിൽ നിന്നാണ്. ഫോസിൽ എന്നാൽ ദശലക്ഷക്കണക്കിന് വർഷങ്ങൾ മുൻപൊരു ആഗോളതാപനകാലത്ത് അന്നത്തെ കാടും മരങ്ങളും മറ്റ് ജൈവവസ്തുക്കളും മണ്ണിനകത്ത് ശേഖരിക്കപ്പെട്ട് രൂപാന്തരം പ്രാപിച്ചതാണെന്ന് നമുക്കറിയാം. കാലങ്ങളായുള്ള അനുയോജ്യമായ താപവും മർദ്ദവുമേറ്റ് ഈ ഫോസിൽ ഇന്ധനമായി പരിണമിച്ചു. ഈ ഇന്ധനത്തെ സംസ്കരിച്ച് കൽക്കരി, പെട്രോൾ, പ്രകൃതിവാതകം എന്നീ രൂപങ്ങളിൽ നാമുപയോഗിക്കുമ്പോൾ പ്രകൃതി മണ്ണിലടച്ച കാർബൺ എന്ന ഭൂതത്തെ മനുഷ്യൻ തുറന്നു വിടുകയാണ്. ഈ കാർബൺ അന്തരീക്ഷത്തിലെ ഓക്സിജനുമായി ചേർന്ന് കാർബൺ ഡൈ ഓക്സൈഡ് ഉണ്ടാകുന്നു. വ്യവസായ-പൂർവ്വ യുഗത്തിൽ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് അളവ് 280 ppm ആയിരുന്നെങ്കിൽ 2018ൽ അത് 407ppmൽ എത്തിനിൽക്കുന്നു. ഫലത്തിൽ ഒരു ചതുരശ്രമീറ്ററിൽ 2.1 വാട്ട് ബൾബ് കത്തിച്ചുവെച്ച പ്രഭാവമാണിതുണ്ടാക്കുക.
അതുപോലെ മീഥേൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയ വാതകങ്ങളും അധികമായി അന്തരീക്ഷത്തിലെത്തുന്നുണ്ട്. ഭൂമിയുടെ താപനില കൂടിയ തോതിൽ നിൽക്കാൻ കാരണമാകുന്നതുകൊണ്ട് ഇവയെ ഹരിതഗൃഹവാതകങ്ങൾ (GHG) എന്നു വിളിക്കുന്നു. പ്രധാനപ്പെട്ട ഹരിതഗൃഹവാതകങ്ങളുടെ ഇന്ത്യയിലെ കണക്ക് പട്ടികയിൽ കാണിച്ചിരിക്കുന്നു.
ഹരിതഗൃഹവാതകം | വ്യവസായപൂർവ്വകാലം | 2018 |
കാർബൺ ഡൈ ഓക്സൈഡ് | 280 ppm | 410 ppm |
മീഥേൻ | 700 ppb | 1857 ppb |
നൈട്രസ് ഓക്സൈഡ് | 270 ppb | 321 ppb |
(Page 74-89, Assessment of climate change over the Indian region, A report of the Ministry of Earth Sciences, GoI)
ഹരിതഗൃഹവാതകങ്ങളുടെ സ്രോതസ്സ്, ശക്തി, അവ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന സമയം എന്നിവ താഴെയുള്ള പട്ടികയിൽ കാണിച്ചിരിക്കുന്നു.
വാതകം | മീഥേൻ | നൈട്രസ് ഓക്സൈഡ് |
ശക്തി (കാർബൺ ഡൈ ഓക്സൈഡിന്റെ മടങ്ങ്) | 28 | 265 |
തങ്ങിനിൽക്കുന്ന സമയം | 10 കൊല്ലം | 120 കൊല്ലം |
സ്രോതസ്സ് | കൃഷി, വളർത്തുമൃഗങ്ങൾ | കൃഷി |
(page 74-89, Assessment of climate change over the Indian region, A report of the Ministry of Earth Sciences, GoI)
കഴിഞ്ഞ 141 വർഷത്തെ രേഖപ്പെടുത്തപ്പെട്ട താപനിലയിൽ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് 2020 ഫെബ്രുവരിയിലാണ്. ആ മാസം തിരൂരിൽ ഒരു കർഷകൻ സൂര്യതാപം കാരണം മരിക്കുകയുണ്ടായി. പിന്നീട് ലോക്ഡൌൺ കാരണമായിരിക്കാം സൂര്യാഘാതം മൂലമുള്ള മരണങ്ങൾ ഇക്കൊല്ലം അധികം കേൾക്കുകയുണ്ടായില്ല. എന്നാൽ 2016 മുതൽ കേരളത്തിലെ പാലക്കാട് തുടങ്ങിയ ജില്ലകളിൽ ഉഷ്ണതരംഗമുന്നറിയിപ്പ് പതിവായിട്ടുണ്ട്.
സമുദ്രങ്ങൾ അന്തരീക്ഷതാപത്തിന്റെ 90 ശതമാനം വലിച്ചെടുക്കുന്നു. അന്തരീക്ഷതാപം കൂടുമ്പോൾ സമുദ്രജലത്തിന്റെ ചൂട് കൂടുന്നു. സമുദ്രജൈവവ്യവസ്ഥയെ അപ്പാടെ ബാധിക്കപ്പെടുന്നു. ജലപ്രവാഹങ്ങളുടെ സ്വഭാവം, മേൽജലവും കീഴ്ജലവുമായുള്ള കലരൽ, അങ്ങനനെയുണ്ടാകുന്ന ന്യൂട്രിയന്റ്സിന്റെ ലഭ്യത എല്ലാം മാറിമറയുന്നു. ഏറ്റവും പ്രാഥമികഭക്ഷണവസ്തുവായ ഫൈറ്റോപ്ലാങ്ക്ടൺ നശിക്കുന്നു. പവിഴപ്പുറ്റുകൾക്ക് ജീവനും നിറവും നൽകുന്ന ആൽഗേകൾ മരിക്കുന്നു. പവിഴപ്പുറ്റുകൾ ബ്ലീച്ച് ചെയ്യപ്പെടുന്നു. 1998-2013 കാലഘട്ടത്തിലെ നിരീക്ഷണത്തിൽ പടിഞ്ഞാറൻ ഇന്ത്യന്മഹാസമുദ്രത്തിൽ ഫൈറ്റോപ്ലാങ്ക്ടൺ 30% കുറഞ്ഞതായി കാണുന്നു. വ്യവസായപൂർവ്വകാലഘട്ടം മുതലേയുള്ള മുനുഷ്യനിർമ്മിത കാർബൺ ഡൈ ഓക്സൈഡിന്റെ 30% സമുദ്രങ്ങൾ വലിച്ചെടുക്കുന്നുണ്ട്. അതായത് സമുദ്രജലത്തിന്റെ അമ്ലത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പടിഞ്ഞാറൻ ഇന്ത്യന്മഹാസമുദ്രത്തിന്റെ pH മൂല്യം വ്യവസായപൂർവ്വകാലഘട്ടത്തിലേതിൽ നിന്ന് 0.1 യൂണിറ്റ് കുറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ ശരാശരി pH മൂല്യം 8.1 ആണ്.
കടൽ കൂടുതൽ താപം സ്വീകരിക്കുന്നതുകൊണ്ട് കടൽ- കര കാറ്റുകളുടെ സ്വഭാവം മാറുന്നു. അന്തരീക്ഷത്തിലെത്തുന്ന നീരാവിയുടെ അളവ് കൂടുന്നു. മൺസൂൺ വാതങ്ങളുടെ പാറ്റേൺ മാറുന്നു. ഇത് മൂലം മഴയുടെ ശക്തിയും തീവ്രതയും കൂടുന്നു. കേരളത്തിലീയിടെയായി ലഭിക്കുന്ന മഴകൾ കുറഞ്ഞ സമയം തീവ്രമായി പെയ്യുന്ന മഴകളാണ്. അതായത് പണ്ട് ഒന്നോ രണ്ടോ ദിവസത്തിൽ പെയ്യുന്ന മഴ ഒന്നോ രണ്ടോ മണിക്കൂറിൽ പെയ്തുതീർക്കുന്ന അവസ്ഥ. തിരിമുറിയാതെ ദിവസങ്ങളോളം പെയ്യുന്ന തിരുവാതിര ഞാറ്റുവേല മഴ, ചിണുങ്ങിപ്പെയ്യുന്ന ചിങ്ങ മഴ എല്ലാം കുറഞ്ഞു വരുന്നതു കാണാം. പുതിയ റിപ്പോർട്ടനുസരിച്ച് താപനം മൂലം നീരാവി ഉൾക്കൊള്ളാനുള്ള അന്തരീക്ഷത്തിന്റെ ശേഷി 7% കണ്ട് വർദ്ധിക്കും. മൺസൂണിൽ 5-10 % വർദ്ധനയും ഉണ്ടാകും.
ഇങ്ങനെ തീവ്രമായിപ്പെയ്യുന്ന മഴ മണ്ണിൽ കിനിഞ്ഞിറങ്ങുന്നതിനുള്ള സമയമോ സാവകാശമോ ലഭിക്കുന്നില്ല. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത നമുക്കറിയാം, പശ്ചിമഘട്ടത്തിൽനിന്നും പടിഞ്ഞാറേക്ക് ചരിഞ്ഞ് കിടക്കുന്ന ഒരു പ്രദേശമാണിത്. മലയിൽ പെയ്യുന്ന ഒരു മഴത്തുള്ളി മണിക്കൂറുകൾക്കുള്ളിൽ അറബിക്കടലിലെത്തും സ്ഥലോപയോഗത്തിലും സ്ഥലോപരിതലത്തിലും മനുഷ്യൻ വരുത്തിയിരിക്കുന്ന മാറ്റങ്ങളും മഴ ഭൂമിയ്ക്കടിയിലേക്കെത്തിക്കുന്നതിൽ കുറവ് വരുത്തുന്നു. ഒരു കാലത്ത് കാടായിരുന്ന, തണ്ണീർത്തടങ്ങളായിരുന്ന, വയലുകളായിരുന്ന, പുൽപ്പരപ്പുകളായിരുന്ന പ്രതലങ്ങൾ എല്ലാം ടൈലും കോൺക്രീറ്റും ടാറും ആയി രൂപാന്തരപ്പെട്ടു. ഭൂമിയുടെ ഹരിതാവരണം കുറഞ്ഞു.
കടൽജലത്തിന്റെ ചൂട് കൂടുമ്പോൾ കാറ്റുകളുടെ സ്വഭാവം മാറുന്നു. പുതിയ പുതിയ ചുഴലിക്കാറ്റുകൾ ഉരുവാകുന്നു. മറ്റ് സമുദ്രങ്ങളെ അപേക്ഷിച്ച് ഇന്ത്യന്മഹാസമുദ്രത്തിന്റെ താപവർദ്ധനാനിരക്ക് കൂടുതലായതും ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ ബാധിച്ചിട്ടുണ്ട്. 2017ൽ ഓഖി, 2018ൽ ഗജ, 2019ൽ ക്യാർ എന്നീ കാറ്റുകൾ സജീവമായി. ഇതിൽ ഗജ ബംഗാൾ ഉൾക്കടലിൽ ഉരുവം കൊണ്ട് പശ്ചിമഘട്ടം താണ്ടി കേരള തീരത്തെത്തുകയായിരുന്നു. രേഖപ്പെടുത്തപ്പെട്ട കാലാവസ്ഥാചരിത്രത്തിൽ ആദ്യമായിട്ടാണ് കൊറോമാണ്ടൽ തീരത്തുനിന്നുള്ള ഒരു വാതം പശ്ചിമഘട്ടം മുറിച്ചുകടക്കുന്നത്. ചാലക്കുടിയിൽ പ്രായമായവരുടെ ഓർമ്മ വെച്ച കാലത്തിലാദ്യമായി 2018 ഒക്ടോബർ 2 ന് ചുഴലിക്കാറ്റടിക്കുകയുണ്ടായി. കൊല്ലത്തും 2018 ആഗസ്റ്റിൽ അസാധാരണമായ കാറ്റുണ്ടായിരുന്നു.
1998-2018 ലെ നിരീക്ഷണങ്ങൾ പ്രകാരം അറേബ്യൻ സമുദ്രത്തിൽ അതിതീവ്രചക്രവാതങ്ങൾ കൂടി വരുന്നു. കാലാവസ്ഥാമോഡൽ പഠനങ്ങൾ പ്രവചിക്കുന്നത് ഭൂമദ്ധ്യരേഖാചക്രവാതങ്ങളും ( tropical cyclones) തത്ഫലമായുള്ള മഴയും ഭാവിയിൽ വർദ്ധിക്കുമെന്നാണ്.
വെള്ളത്തിന്റെ ചൂട് കൂടുന്നതുപോലെ ഭൂമിയുടെ ചൂടും കൂടുന്നുണ്ട്. അതിന്റെ ഫലമായി മണ്ണിന്റെ ജലാംശം ബാഷ്പീകരിച്ചുപോകുന്നു. വരൾച്ച മൂലം ശുദ്ധ ജലലഭ്യത കുറയുന്നു. വയലുകൾ വിണ്ടുവരളുന്നു. വിളനാശം സംഭവിക്കുന്നു. ഭക്ഷ്യക്ഷാമമുണ്ടാകുന്നു. സൂപ്പർബഗ്ഗുകളും സൂപ്പർവീഡുകളുമുണ്ടാകുന്നു. ഈയിടെ ആഫ്രിക്കയിൽനിന്നും പുറപ്പെട്ട് വയനാട് വരെയെത്തിയ വെട്ടുകിളികൾ പെരുകുന്നതിന് പിന്നിലും കാലാവസ്ഥാവ്യതിയാനമാണ്. അന്തരീക്ഷത്തിൽ കാർബൺ കൂടുമ്പോൾ ചെടികളുടെ രാസഘടന മാറുന്നു. ധാന്യങ്ങളുടേയും പച്ചക്കറികളുടേയും സ്വാദിലും പോഷകഘടനയിലും മാറ്റം വരുന്നു. സമുദ്രനിരപ്പുയർന്ന് കൃഷിഭൂമി നഷ്ടപ്പെടുന്നതും ഭക്ഷ്യക്ഷാമത്തിന് കാരണമാകുന്നു. അതിദ്രുതം സംഭവിച്ചുകൊണ്ടിരിക്കുന്ന മരുവൽക്കരണം കാരണം കോടിക്കണക്കിന് ജനങ്ങൾക്ക് പലായനം ചെയ്യേണ്ടി വരുന്നുണ്ട്.
ചുട്ടുവരണ്ടുകിടക്കുന്ന ഭൂഭാഗങ്ങളിൽ മരങ്ങളുണങ്ങുന്നു. ഒരു ചെറിയ കനൽത്തരി കൊണ്ടു തന്നെ വൻ തീപിടുത്തങ്ങളുണ്ടാകുന്നു. അടുത്തിടെയായി കാട്ടുതീ സംഭവങ്ങൾ വർദ്ധിച്ചുവരുന്നതായി കാണാം. 2018ൽ വെള്ളപ്പൊക്കം കഴിഞ്ഞയുടൻ അട്ടപ്പാടി വനമേഖലകളിൽ തീപിടിത്തമുണ്ടായി. 2019ൽ ആമസോൺ കാടുകൾ, 2020ൽ ജൈവവൈവിധ്യ കലവറയായ ആസ്ട്രേലിയൻ വനങ്ങൾ എന്നിവയും കത്തി നശിക്കുകയുണ്ടായി. സോയാകൃഷിക്കും കന്നുകാലികൾക്കുള്ള പുൽകൃഷിക്കുമായി ആമസോൺ വനങ്ങൾ മനപ്പൂർവ്വം കത്തിക്കുകയായിരുന്നു എന്നാണ് പുറത്തുവന്ന വിവരം.
ഇക്കൊല്ലം മാർച്ച് മുതലുള്ള മൂന്നാലു മാസങ്ങളിൽ ഇടിമിന്നൽ കാരണം ഇന്ത്യയിൽ 215 മരണം റിപ്പോർട്ട് ചെയ്യപ്പെട്ട് കഴിഞ്ഞു. സാധാരണയായി മൺസൂൺ കാറ്റിന്റെ കൂടെയുണ്ടാകാറുള്ള ഈ പ്രതിഭാസം ഇത്തവണ നേരത്തെ തന്നെ എത്തിയതിന് കാരണമായി കാലാവസ്ഥാശാസ്ത്രജ്ഞർ പറയുന്നത് ആഗോളതാപനമാണ്.
ആഗോളതാപനത്തിന്റെ മറ്റൊരു പ്രധാന പ്രത്യാഘാതം ധ്രുവങ്ങളിലെ മഞ്ഞുരുക്കമാണ്. ആർക്ടിക്, അന്റാർക്ടിക് മേഖലകളിലെ മഞ്ഞുപാളികളുരുകി ആ വെള്ളം കടലിലെത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി സമുദ്രനിരപ്പുയരുന്നു. സമ്പത്തിന്റേയും പ്രൌഢിയുടേയും അടയാളങ്ങളായ ന്യൂയോർക്ക്, ഷാങ്ഹായ്, മുംബൈ തുടങ്ങീ പല ലോകനഗരങ്ങളുടേയും നല്ലൊരുഭാഗം 2050ഓടെ കടലെടുത്തുപോകുമെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. മൺറോതുരുത്തുപോലുള്ള സ്ഥലങ്ങൾ ഇപ്പോൾത്തന്നെ വാസയോഗ്യമല്ലാതായിക്കൊണ്ടിരിക്കുന്നു. യു. എസ്. കാലാവസ്ഥാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഒരു പഠനം കാണിക്കുന്നത് സമുദ്രനിരപ്പുയരുന്നത് കേരളത്തിലെ നാലുജില്ലകളെ ഗണ്യമായി ബാധിക്കുമെന്നാണ്. എറണാകുളം ജില്ലയിൽ എടവനക്കാട് മുതൽ ചെല്ലാനം വരെ, ആലപ്പുഴജില്ലയിൽ അന്ധകാരനഴി മുതൽ വലിയഴിക്കൽ വരെ, കോട്ടയം ജില്ലയിൽ പറപ്പൂർ മുതൽ ആറാട്ടുപുഴ വരെയുള്ള താഴ്ന്ന സ്ഥലങ്ങളിൽ, വരുന്ന ഏതാനും വർഷങ്ങൾക്കുള്ളിൽ കാര്യമായ തീരനഷ്ടമുണ്ടാകും.ചെല്ലാനത്ത് ഇപ്പോൾ കടലാക്രമണം വൻ തോതിൽ സംഭവിച്ചൂകൊണ്ടിരിക്കുന്നുണ്ട്.
ഭൌമതാപനത്തിന്റെ ഫലമായി ഹിമാലയത്തിലെ മഞ്ഞുമുരുകിക്കൊണ്ടിരിക്കുക യാണ്.1901- 2014 കാലഘട്ടത്തിൽ ഹിന്ദുകുഷ് ഹിമാലയനിരകളിലിലെ ചൂട് പതിറ്റാണ്ടിൽ 0.1 ഡിഗ്രി സെൽഷ്യസ് വെച്ച് വർദ്ധിച്ചു. 4000 മീറ്ററിനു മേലെ ഉയരമുള്ള ടിബറ്റൻ പീഠഭൂമി പോലുള്ള പ്രദേശങ്ങളിലെ താപവർദ്ധന പതിറ്റാണ്ടിൽ 0.5 ഡിഗ്രി സെൽഷ്യസ് വെച്ചാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും ഹിന്ദുകുഷ് ഹിമാലയനിരകളിലിലെ താപനില 2.6 – 4.6 ഡിഗ്രി സെൽഷ്യസ് വർദ്ധിക്കും.
വർഷം മുഴുവനുമൊഴുകുന്ന ഗംഗ, സിന്ധു, ബ്രഹ്മപുത്ര തുടങ്ങി ഹിമാലയത്തിനെ ആശ്രയിക്കുന്ന നദികൾ വേനലിൽ വറ്റി വരണ്ട അവസ്ഥയിലെത്തുമെന്ന് കാലാവസ്ഥാശാസ്ത്രജ്ഞർ പറയുന്നു. ഗംഗയുടെ അഴിമുഖമായ സുന്ദർബൻസ് വിശറിപോലെ കിടക്കുന്ന, അതിവിശാലമായ, ഫലഭൂയിഷ്ടമായ പ്രദേശമാണ്. കടൽനിരപ്പുയർന്നു വരുന്നതുകൊണ്ട് ഈ പ്രദേശത്തിന്റെ ഏറെ ഭാഗങ്ങൾ ഉപ്പുവെള്ളം കയറി കൃഷിയോഗ്യമല്ലാതായിക്കൊണ്ടിരിക്കുകയാണ്. ബംഗ്ലാദേശിന്റെ തീരപ്രദേശങ്ങൾ കൃഷിക്കും താമസത്തിനും യോഗ്യമല്ലാതായി കുറേ മനുഷ്യർ ഇന്ത്യയിലേക്ക് കുടിയേറുന്നുണ്ട്. ഇത്തരം എണ്ണമറ്റ കാലാവസ്ഥാ അഭയാർഥികൾ ലോകമെമ്പാടും പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. 2050ഓടെ ലോകത്തിൽ 150 – 200 ദശലക്ഷം കാലാവസ്ഥാ അഭയാർത്ഥികളുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
കാലാവസ്ഥാവ്യതിയാനത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട, ഇന്ന് ഏറ്റവും പ്രസക്തമായ ഒരു പ്രത്യാഘാതമാണ് പകർച്ചവ്യാധിവ്യാപനം. നാലുതരത്തിലാണ് രോഗാണുവ്യാപനവും കാലാവസ്ഥാവ്യതിയാനവും ബന്ധപ്പെട്ട് കിടക്കുന്നത്.
ഒന്നാമത് ആഗോളതാപനം മൂലം ഈർപ്പം നിറഞ്ഞ അന്തരീക്ഷവും ചൂടും ചേർന്ന അവസ്ഥയിൽ ജനിതകവ്യതിയാനം സംഭവിച്ച് പുതിയ രോഗാണുക്കൾ ഉടലെടുത്തുകൊണ്ടിരിക്കുന്നു. മനുഷ്യശരീരത്തിന് പരിചയമില്ലാത്ത ഇത്തരം അണുക്കൾക്കെതിരെ സ്വാഭാവിക പ്രതിരോധവും കുറവായിരിക്കും. ഈയൊരവസ്ഥ പുതുരോഗങ്ങൾക്ക് കാരണമാകുന്നു. രണ്ടാമത്തെ കാരണം ദശലക്ഷക്കണക്കിന് വർഷമായി ധ്രുവങ്ങളിൽ ഉറഞ്ഞിരിക്കുന്ന പെർമഫ്രോസ്റ്റ് ഉരുകുമ്പോൾ അവിടെ സുഷുപ്തിയിലാണ്ടു കിടക്കുന്ന രോഗാണുക്കൾ സജീവമായി പുറത്തുവരുന്നു എന്നതാണ്.. ഇങ്ങനെ വന്ന അന്ത്രാക്സ് രോഗാണു ബാധിച്ച് 2016ൽ റഷ്യയിലെ ആർക്ടിക് സർക്കിളിൽ ഒരു ബാലൻ മരിക്കുകയുണ്ടായി. മൂന്നാമത്തെ കാരണം ഇക്കോവ്യൂഹ നാശമാണ്. മനുഷ്യന്റെ പ്രവർത്തനങ്ങൾ വഴി സ്വാഭാവിക ആവാസവ്യവസ്ഥകൾ നശിക്കുന്നതിനാൽ ജന്തുക്കളുടെ വാസസ്ഥലം നഷ്ടമാകുന്നു. പല രോഗാണുക്കളും ജീവിതചക്രം പൂർത്തിയാക്കുന്നത് ജന്തുക്കളിലാണ്. വാസസ്ഥലം നഷ്ടപ്പെടുന്ന ജന്തുക്കൾ മനുഷ്യപരിസരങ്ങളിലേക്ക് കടന്നുവരുമ്പോൾ രോഗാണുക്കൾ മനുഷ്യരുടെ ഉള്ളിലെത്തുന്നു. 2018ൽ വവ്വാലിൽനിന്നാണ് നിപ്പ എന്ന വൈറസ്സ് പകരുന്നത് എന്നറിഞ്ഞ മനുഷ്യർ വവ്വാലുകളെ കൊന്നൊടുക്കി. കുറച്ചുകാലം മുൻപ് വരെ നാട്ടിൻ പുറങ്ങളിൽ പറമ്പുകളിൽ പുഴക്കരയിൽ ഒക്കെ വൻ മരങ്ങളുണ്ടായിരുന്നു. അവിടെ സന്ധ്യക്ക് ധാരാളം വവ്വാലുകൾ പറന്നുവന്ന് തൂങ്ങുന്നത് നാമെല്ലാം ശ്രദ്ധിച്ചിട്ടുണ്ടാകും. എന്നാൽ പരിസ്ഥിതിനാശം മൂലം മരങ്ങളില്ലാതായപ്പോൾ വവ്വാലുകൾക്ക് വാസസ്ഥലം നഷ്ടപ്പെട്ടു. മനുഷ്യർക്കിടയിൽ രോഗാണുവ്യാപനമുണ്ടാകാൻ ഇതുമൊരു കാരണമാണ്. ഇപ്പോൾ വ്യാപനത്തിലുള്ള കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയിലെ ഒരു ഇറച്ചിച്ചന്തയാണ് എന്നത് യാദൃശ്ചികമല്ല. മറ്റൊരു ശ്രദ്ധേയമായ കാര്യം ഗതാഗതമേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടായപ്പോൾ വ്യോമയാത്രകൾ കൂടി എന്നുള്ളതാണ്.കോവിഡ്പൂർവ്വ കാലത്ത് വർഷത്തിൽ ശരാശരി 398 കോടി വ്യോമയാത്രികർ ഉണ്ടായിരുന്നതായി കണക്കുകൾ പറയുന്നു. അസംസ്കൃതവസ്തുക്കളും തൊഴിൽശക്തിയും ഉത്പന്നവിപണിയും ആഗോളവൽക്കരിക്കപ്പെട്ടപ്പോൾ രോഗാണുക്കളും തദ്വാരാ പകരുന്ന വ്യാധികളും ആഗോളവൽക്കരിക്കപ്പെട്ടു.
കാലാവസ്ഥാവ്യതിയാനം മൂലം സംഭവിക്കുന്ന മറ്റൊരു പ്രകൃതിദുരന്തം സ്പീഷീസുകളുടെ നാശമാണ്. താപവർദ്ധനവു കാരണം നിരവധി സസ്യജന്തുജാലങ്ങൾ എന്നെന്നേയ്ക്കുമായി ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാകുന്നുണ്ട്. ഉയർന്ന താപനിലയിൽ ജീവിതം ദുസ്സഹമാകുന്ന ജീവികൾ പലതും താരതമ്യേന ചൂടുകുറഞ്ഞ ധ്രുവങ്ങളിലേക്ക് പലായാനം ചെയ്യുന്നു. അതിന് സാധിക്കാത്തവ നാശമടയുന്നു. ചലിക്കാൻ കഴിയാത്ത വൃക്ഷങ്ങളും മറ്റ് സസ്യജാലങ്ങളും വളരെ വേഗം നശിച്ചുകൊണ്ടിരിക്കുന്നുണ്ട്. ചൂടുകുറഞ്ഞ ഉയർന്ന സ്ഥലങ്ങളിലേക്ക് വിത്തുവ്യാപനം സാദ്ധ്യമാകുന്നവ അതിജീവിക്കുന്നുണ്ട്. 2 ഡിഗ്രി താപവ്യതിയാനം സംഭവിക്കുന്നതോടെ 40 ശതമാനം സ്പീഷീസുകൾ നാശത്തിന്റെ പാതയിലാവും.
വിഭവങ്ങൾ കുറയുമ്പോൾ, കുടിവെള്ളം ഇല്ലാതാവുമ്പോൾ, അഭയാർഥികൾ പലായനം ചെയ്യുമ്പോൾ രാജ്യങ്ങൾ തമ്മിൽ, സംസ്ഥാനങ്ങൾ തമ്മിൽ എന്തിന് പഞ്ചായത്തുകൾ തമ്മിൽ പോലും സ്വരച്ചേർച്ചയില്ലായ്മയും തർക്കങ്ങളും എന്തിന് യുദ്ധങ്ങൾ വരെയുണ്ടാകാം. പുറമേക്ക് അതിർത്തി തർക്കമെന്ന് തോന്നിക്കുന്ന പലതിന്റെയും അടിയിൽ വിഭവാധികാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരിക്കും. സിന്ധുവും ബ്രഹ്മപുത്രയും പോലെയുള്ള അന്താരാഷ്ട്ര നദികളിലെ ജലം പങ്കിടുന്ന പ്രവർത്തനം വരും കാലങ്ങളിൽ ഇന്ത്യയുടെ ഭൌമരാഷ്ട്രീയത്തിൽ നിർണ്ണായകപങ്ക് വഹിക്കും
മേധാശക്തി – തിണ്ണമിടുക്ക് എന്നും പറയാം- ഉപയോഗിച്ച് മനുഷ്യനുണ്ടാക്കുന്ന ശീതീകരിണികളും വായു ശുദ്ധീകരിണികളും ഓക്സിജൻ പാർലറുകളും പോലെയുള്ള സാങ്കേതികവിദ്യകൾ വഴി മനുഷ്യർ കുറച്ചുകാലം കൂടിയൊക്കെ പിടിച്ചുനിന്നേക്കാം. എയർ കണ്ടീഷനർ ഉപയോഗം ഇപ്പോൾ സാധാരണമായിരിക്കയാണ്. വായുമലിനീകരണം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ചൈനയിലെ ഒരു ഇന്റർനാഷണൽ സ്കൂളിൽ ആറ് ടെന്നീസ്കോർട്ടുകൾക്ക് മീതെ അഞ്ച് ദശലക്ഷം ഡോളർ ചെലവ് വരുന്ന ശുദ്ധവായുകൂടാരങ്ങളുണ്ടാക്കിയിരിക്കയാണ്. കോവിഡിനു മുൻപുള്ള വായുമലിനീകരണക്കാലത്ത് ഡൽഹിയിൽ ഓക്സിജൻ പാർലറുകൾ തുടങ്ങിയതും നാം കണ്ടു. രണ്ടുതരം വിടവുകളാണ് ഇത്തരം ആധുനികസാങ്കേതിക സൗകര്യങ്ങൾ സൃഷ്ടിക്കുന്നത്. ഇത്തരം ഉപകരണങ്ങൾ പുറത്തുള്ള അന്തരീക്ഷത്തെ ഒന്നുകൂടി ചൂടാക്കുന്നു. തത്ഫലമായി ഇത്തരം സൗകര്യങ്ങൾ സ്വന്തമാക്കാൻ പാങ്ങില്ലാത്തവർ അധികരിച്ച ചൂടിൽ ജീവിക്കേണ്ടി വരുന്നു. അങ്ങനെ മനുഷ്യൻ അതിജീവനത്തിനായി പോരാടിക്കൊണ്ടിരിക്കും. പക്ഷെ താപനില ഇന്നത്തേതിലും നാലോ അഞ്ചോ ഡിഗ്രിയൊക്കെ അധികരിക്കുകയാണെങ്കിൽ മനുഷ്യവംശവും ഈ ഗ്രഹത്തിൽനിന്നും മറഞ്ഞുപോകും. അക്കാലം നാം വിചാരിക്കുന്നത്ര വിദൂരമല്ല. ഈ നൂറ്റാണ്ടിന്റെ അവസാനമാവുമ്പോഴേക്കും ആഗോളതാപം ഇന്നത്തേതിലും 4.4 ഡിഗ്രി സെൽഷ്യസ് വർദ്ധിക്കും എന്നാണ് കണക്കുകൂട്ടൽ. മനഃപ്പൂർവ്വമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ ആറാമത്തെ സർവ്വജീവിനാശം അതിവിദൂരമല്ല.
ആരാണുത്തരവാദികൾ? എന്താണ് പരിഹാരം?
ഭൂമി മരിക്കുകയല്ല അതിനെ കൊല്ലുകയാണ് എന്നത് പഠനങ്ങളിൽനിന്നും വ്യക്തമാണ്. താപവർദ്ധനയും അതിന്റെ തോതും, അന്തരീക്ഷഘടനാമാറ്റങ്ങളും അതിലെ ഘടകങ്ങളുടെ പരിമാണപരിണാമങ്ങളും പ്രപഞ്ചത്തിന്റെ സ്വാഭാവികപ്രതിഭാസങ്ങൾ കൊണ്ട് മാത്രം വിശദീകരിക്കാനാവുന്നതല്ലെന്നും മനുഷ്യപ്രവർത്തനങ്ങൾ മൂലമുള്ള കാർബൺ എമിഷനും, എയറോസോൾ ഉത്സർജ്ജനവും സ്ഥലോപരിതല സ്ഥലോപയോഗ പാറ്റേണിൽ വന്ന വൻപിച്ച മാറ്റങ്ങളും കൂടി ഈ അവസ്ഥയ്ക്ക് കാരണമാവുന്നുണ്ടെന്നും എല്ലാ പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്.
ആരാണ് ഈ അവസ്ഥയ്ക്കുത്തരവാദികൾ, ആന്ത്രപോസീൻ എന്ന ഒറ്റ കുടക്കീഴെ രാഷ്ട്ര, വർഗ്ഗ, ലിംഗ, വർണ്ണ ഭേദമെന്യെ എല്ലാ മനുഷ്യരും ഇതിന് കാരണക്കാരാവുന്നുണ്ടോ, ക്യാപ്പിറ്റലോസീൻ എന്ന മൂലധനനിർമ്മിതയുഗമാണോ ഇത് എന്നൊക്കെയുള്ള അന്വേഷണവും, അനിശ്ചിതത്വങ്ങളും ആശങ്കകളും സംബന്ധിച്ച വിചാരങ്ങൾ ഇന്ന് ലോകമെമ്പാടും അലയടിക്കുന്നുണ്ട്.
പ്രകൃതിയുടെ ഭാഗമായിരുന്നുകൊണ്ട് മനുഷ്യൻ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികളാണ് ഈ മാറ്റങ്ങളുടെ പ്രധാനകാരണം എന്നതിനാൽ 11000 വർഷങ്ങൾക്കിപ്പുറമുള്ള യുഗത്തിന് ഇപ്പോഴുള്ള ഹോളോസീൻ എന്ന പേര് മാറ്റി ആന്ത്രൊപോസീൻ യുഗമെന്ന് പേരിടണമെന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞർ വാദിക്കുമ്പോൾ മനുഷ്യരെ ഒന്നടങ്കം കാരണക്കാരാക്കാനാവില്ലെന്നും മുതലാളിത്തരാഷ്ട്രങ്ങൾ മാത്രമാണ് ഈയൊരവസ്ഥയ്ക്ക് കാരണമെന്നതിനാൽ ക്യാപിറ്റലോസീൻ എന്നാണ് ഈ കാലത്തെ വിളിക്കേണ്ടത് എന്നും വികസ്വര രാജ്യങ്ങൾ വാദിക്കുന്നു. വികസിത മുതലാളിത്ത രാജ്യങ്ങളിലെ അമിതമായ വിഭവചൂഷണം, തീവ്രമായ വ്യവസായവൽക്കരണം, ധൂർത്തു നിറഞ്ഞ ജീവിതശൈലി എന്നീ കാരണങ്ങൾ കൊണ്ടുണ്ടാകുന്ന ഉയർന്ന കാർബൺ എമിഷനും മലിനീകരണവുമാണ് ഭൂഗോളത്തെ ഈ നിലയിലെത്തിച്ചിരിക്കുന്നത്. സ്പേസ് തലത്തിലും നാനോതലത്തിലും പിടിമുറുക്കിയിരിക്കുന്ന മുതലാളിത്തത്തിന്റെ ആഴവും പരപ്പും ഉറപ്പുമുള്ള വേരുകളെപ്പറ്റി നമുക്കറിയാം.
വികസനത്തിന്റെ പല പല പടികളിൽ നിൽക്കുന്ന രാജ്യങ്ങൾ എല്ലാം ഒരുപോലെ കാർബൺ ഉത്സർജനം കുറയ്ക്കണം എന്ന വാദം പ്രായോഗികമല്ല, ന്യായവുമല്ല. വികസനത്തിന്റെ ഒരു പ്രധാന സൂചികയായ ഊർജ ഉപഭോഗത്തിന്റെ കണക്കുകൾ രാജ്യങ്ങൾ തമ്മിലുള്ള വലിയ തോതിലുള്ള വ്യത്യാസങ്ങൾ വെളിപ്പെടുത്തിത്തരും. ചൈനയുടെ ഊർജ്ജഉപഭോഗം ഇന്ത്യയുടേതിനേക്കാളും അഞ്ചിരട്ടിയാണ്. അമേരിക്കയുടേത് പതിനഞ്ചിരട്ടിയും. ആളോഹരി പ്രതിവർഷം വെറും 2 ഗിഗാ ടൺ ( ഗിഗാ = ശതകോടി) മാത്രം ഉപയോഗിക്കുന്ന എത്യോപ്യ, 5 ഗിഗാടൺ ഉപയോഗിക്കുന്ന നൈജീരിയ, 300 ഗിഗാടൺ ഉപയോഗിക്കുന്ന അമേരിക്ക തുടങ്ങീ എല്ലാവരുമൊരേ അളവിൽ കാർബൺ ഉത്സർജനം കുറയ്ക്കണമെന്ന നിർദ്ദേശത്തോട് യോജിക്കാനാവാത്ത രാജ്യങ്ങളുണ്ട്.
കാർബൺ എമിഷൻ കുറയ്ക്കാനും ആഗോളതാപനം നിയന്ത്രിയ്ക്കാനുമുള്ള പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി അന്തർദേശീയതലത്തിൽ നിരവധി ഉച്ചകോടികൾ നടക്കുകയുണ്ടായി. 1979ൽ ജനീവ ഉച്ചകോടി, 1992ൽ റിയോ ഡി ജനീരോ, 1997ൽ ക്യോട്ടോ, 2015ൽ പാരീസ് എന്നീ ഉച്ചകോടികൾ നടന്നു. വ്യവസായയുഗത്തിനു മുൻപുണ്ടായിരുന്നതിൽ നിന്ന് താപനിലയുടെ ഉയർച്ച 2 ഡിഗ്രി സെന്റിഗ്രേഡിൽ പരിമിതപ്പെടുത്തണമെന്ന് പാരീസ് ഉച്ചകോടിയിൽ ലോകരാജ്യങ്ങൾ ഒരു ധാരണയിലെത്തുകയുണ്ടായി. എന്നാൽ കാര്യമായൊന്നും സംഭവിച്ചില്ല. അമേരിക്ക പോലുള്ള രാജ്യങ്ങൾ ഇതിൽ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചു. 2018ൽ 400 ppm ന് താഴെ നിറുത്തണമെന്നുദ്ദേശിച്ചിരുന്ന അന്തരീക്ഷകാർബൺ ഇപ്പോൾ 417 ppm കടന്നിരിക്കുന്നു.
ഇതിനെന്താണ് പരിഹാരം?
വ്യക്തിതലത്തിലും, രാജ്യതലത്തിലും,ആഗോളതലത്തിലും കൈക്കൊള്ളേണ്ടതായ നടപടികളുണ്ട്. ഓരോരുത്തരും ആവശ്യത്തിനു മാത്രം പ്രകൃതിയിൽനിന്നെടുക്കുക എന്നതുമുതൽ ദേശരാഷ്ട്രങ്ങൾക്കതീതമായ ഒരു ആഗോളജനാധിപത്യവ്യവസ്ഥയ്ക്ക് രൂപം കൊടുക്കുക എന്നതുവരെയുള്ള നിരവധി മാർഗ്ഗങ്ങൾ മുന്നിലുണ്ട്. പ്രകൃതി റീസെറ്റ് ചെയ്യുമ്പോൾ സ്ഥാപിക്കപ്പെടുന്ന ന്യൂനോർമലുകൾക്കനുസരിച്ച് ജീവിക്കാൻ പഠിക്കേണ്ടതായി വരും. ശാസ്ത്രജ്ഞർ നിർദ്ദേശിക്കുന്ന ചില കാര്യങ്ങൾ ഇതൊക്കെയാണ്.
- മനുഷ്യർ തങ്ങളുടെ ആഢംബരപൂർണ്ണമായ ജീവിതരീതികൾ മാറ്റി മിതത്വത്തിലേക്ക് മാറണം.
- ജനസംഖ്യാവർദ്ധനവിന്റെ നിരക്ക് കുറയ്ക്കണം. അതിന്റെ ഭാഗമായി പ്രത്യുൽപ്പാദനവിഷയങ്ങളിൽ സ്ത്രീകൾക്കും നിർണ്ണയാവകാശമുണ്ടാകണം. ലിംഗസമത്വമുണ്ടാകണം.
- ഫോസിലിന്ധനങ്ങളുടെ ഉപയോഗം കുറച്ച് സൗരോർജവും പവനോർജവും പോലുള്ള ഊർജരൂപങ്ങളിലേക്ക് മാറണം.
- പ്രാദേശികമായി ലഭ്യമാകുന്ന വിഭവങ്ങൾ ഉപയോഗിക്കുന്നത് ശീലമാക്കണം.
- മാംസ ഭക്ഷണോത്പാദനം ഇരട്ടി ഊർജോപഭോഗത്തിനിടയാക്കുന്നുണ്ട്. മാംസോപഭോഗം കുറയ്ക്കുന്നത് കാർബൺ പാദമുദ്ര കുറയ്ക്കുന്നതിനും ജന്തുജന്യരോഗങ്ങളുടെ പകരൽ ഒഴിവാക്കുന്നതിനും സഹായിക്കും.
- സ്വാഭാവിക ഇക്കോവ്യൂഹങ്ങളായ ഫൈറ്റോപ്ലാങ്ക്ടൺ, പവിഴപ്പുറ്റുകൾ, പുൽ മേടുകൾ, കാടുകൾ, തണ്ണീർത്തടങ്ങൾ, വയലുകൾ, ചതുപ്പുകൾ എല്ലാം സ്വാഭാവികമായി നിലനിറുത്തണം. നശിച്ചുപോയവ വീണ്ടെടുക്കണം.
- അങ്ങനെയൊന്നും സംഭവിക്കില്ല എന്ന നിരാകരണമനോനിലയിൽ നിന്ന് പുറത്തു കടക്കണം. നടപ്പുരീതികളിൽ മനപ്പൂർവ്വമായ മാറ്റങ്ങൾ കൊണ്ടുവരണം
- ജി. ഡി. പി. മാത്രമല്ല ഒരു രാജ്യത്തിന്റെ വികസനസൂചികയാവേണ്ടത് ; അവിടെയുള്ള ഇക്കോവ്യൂഹങ്ങളുടെ സുസ്ഥിരതയും, മനുഷ്യരുൾപ്പെടെയുള്ള ജീവജാലങ്ങളുടെ സന്തോഷവും (happiness index) കൂടിയാണ്.
ശുഭോദർക്കങ്ങളായ പല കാര്യങ്ങളും നടക്കുന്നുണ്ട്. അന്തരീക്ഷത്തിൽ ചില തരം ക്ലോറോഫ്ലൂറോ കാർബണുകളുടെ അളവിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഉത്തരധ്രുവത്തിനു മീതെ ഓസോൺ പാളിയിലെ ദ്വാരം അടഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ലോക് ഡൌൺ കാലത്ത് ജർമ്മനിയിൽ ആണവനിലയങ്ങൾ ഡീകമ്മീഷൻ ചെയ്യുകയുണ്ടായി. കഴിഞ്ഞ വർഷത്തിൽ ഇന്ത്യൻ വനങ്ങളിലെ സിംഹത്തിന്റെ എണ്ണത്തിൽ 29 ശതമാനം വർദ്ധനയുണ്ടായി. ഇടുക്കിയിലെ പാമ്പാടുംചോല പോലെ നിരവധി സ്ഥലങ്ങളിൽ മണ്ണു സംരക്ഷണ പരിപാടികൾ വിജയകരമായി നടക്കുന്നുണ്ട്. ലോക് ഡൌൺ കാലത്ത് പുഴകൾ തെളിഞ്ഞതും അന്തരീക്ഷം ശുദ്ധമായതും നമ്മൾ കണ്ടു. കോവിഡ് കാലത്ത് എല്ലാ രാജ്യങ്ങളും കർശനമായ ലോക് ഡൌൺ ചെയ്തപ്പോൾ കാർബൺ എമിഷൻ 25% ശതമാനം കണ്ട് കുറഞ്ഞിരുന്നു. 2019 ഏപ്രിലിലെ എമിഷനെക്കാൾ 17% കുറവായിരുന്നു 2020 ഏപ്രിലിൽ. 2019 വെച്ച് നോക്കുമ്പോൾ 2020 ജൂണിൽ ആഗോളശരാശരി എമിഷൻ 5% കുറവാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. പക്ഷെ ലോക്ഡൌൺ അയഞ്ഞപ്പോൾ, ഗതാഗതം പുനരാരംഭിച്ചപ്പോൾ അന്തരീക്ഷത്തിലെ കാർബൺ പഴയ അളവുകളിലേക്ക് അതിവേഗം തിരിച്ചുവരുന്നുണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. (The Guardian, 11 June 2020)
അരിഞ്ഞു കുടിയ്ക്കല്ല കറന്നുകുടിയ്ക്കണം എന്ന് തൊണ്ടച്ചൻ തെയ്യം പറയുന്നു. പ്രകൃതിയിൽ എല്ലാവരുടേയും ആവശ്യത്തിനുള്ളതുണ്ട്, ആർത്തിയ്ക്കുള്ളതില്ല എന്ന് ഗാന്ധി പറയുന്നു. അനാരോഗ്യകരമായ വ്യക്തിഗത ജീവിതരീതികൾ ഓരോരുത്തർക്കും രോഗങ്ങൾ വരുത്തുന്നതുപോലെ, സംയുക്തമായി നാം അനുവർത്തിച്ചുപോരുന്ന പൊങ്ങച്ചശൈലികൾ നമ്മെ പാരിസ്ഥിതികനാശത്തിലേക്ക്, കാലാവസ്ഥാവ്യതിയാനത്തിലേക്ക് അതുവഴി പ്രകൃതിദുരന്തങ്ങളിലേക്ക് നയിക്കുന്നുണ്ട്. നാം നമ്മുടെ രീതികൾ മാറ്റേണ്ടതുണ്ട്. ദുരയിൽനിന്ന് കരുണയിലേക്ക്, ധൂർത്തിൽനിന്ന് മിതത്വത്തിലേക്ക് നാം സഞ്ചരിക്കേണ്ടതുണ്ട്. സർവ്വോപരി പ്രകൃതിയിലെ ദൃശ്യവും അദൃശ്യവുമായ, മൂർത്തവും അമൂർത്തവുമായ എല്ലാം തന്നെ ഒരു വൻ നെറ്റ് വർക്കിന്റെ ഭാഗമാണ് എന്ന ചിന്ത നമുക്കുണ്ടാവേണ്ടതുണ്ട്.
കൊറോണ വൈറസ് എന്താണ് പറഞ്ഞത് എന്ന തലക്കെട്ടിൽ വന്ന ഒരു കുറിപ്പിൽ ഇങ്ങനെയൊരു വാചകമുണ്ട്. ‘ബ്രെയ്ക് നഷ്ടപ്പെട്ട നിങ്ങളുടെ യന്ത്രസംവിധാനത്തെ അടച്ചുമൂടാനാണ് ഞാൻ വന്നിരിക്കുന്നത്’ അതെ വികസനം എന്ന പേരിലുള്ള ഈ വല്ലാത്ത പരക്കം പാച്ചിലവസാനിപ്പിക്കാം. അല്ലെങ്കിൽ ശാസ്ത്രജ്ഞർ പറയുന്ന ആ ഒറ്റപ്പെടൽ യുഗത്തിലേക്ക് മനുഷ്യൻ അതിവേഗമെത്തിപ്പെടും. നമ്മൾ ഇനിയും പൂർണ്ണമായി മനസ്സിലാക്കിയിട്ടില്ലാത്ത വിധമുള്ള നെറ്റ് വർക്കിംഗ്, കൊടുക്കൽ വാങ്ങലുകൾ, ചംക്രമണങ്ങൾ ചരാചരങ്ങൾ തമ്മിലുണ്ട്. ഭൂമിയുടെ, നമ്മുടെ നിലനിൽപ്പിന് ശരിയായ രീതിയിലുള്ള കൂട്ടായ്മകൾ- മനുഷ്യർ മാത്രമല്ല, മറ്റ് സഹജീവികളും കൂടി ഉൾപ്പെടുന്ന കൂട്ടായ്മകൾ രൂപപ്പെടുത്തേണ്ടതുണ്ട്. ബഷീർ പറഞ്ഞതുപോലെ അവരും ഈ ഭൂമിയുടെ അവകാശികളാണ്. മറ്റൊരു സന്ദർഭത്തിനു വേണ്ടി വൈരമുത്തു എഴുതിയ ഈ വരികൾ ചൊല്ലി നാം മാഴ്കേണ്ടി വരുമോ?
അധികവായനയ്ക്ക്
- Assessment of climate change over the Indian region, A report of the Ministry of Earth Sciences, GoI, June 2020
- Six Degrees, Mark Lynas
- The Uninhabitable Earth, David Wallace-Wells
- Homo Deus, A Brief History of Tomorrow, Yuval Noah Harari
- Climate Change and the future of Democracy, R S Deese
- Capitalism in the Web of Life, Jason W Moore
കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട അമ്പതോളം ലൂക്ക ലേഖനങ്ങൾ വായിക്കാം
2 thoughts on “കാലാവസ്ഥാവ്യതിയാനവും പ്രകൃതിദുരന്തങ്ങളും”