Read Time:7 Minute


വിജയകുമാർ ബ്ലാത്തൂർ

ഒരു ജീവി ‘മരിക്കുക’ എന്നതിനെ പറ്റി നമുക്ക് ചില സങ്കൽപ്പങ്ങളുണ്ട്. പലതും മനുഷ്യരായ നമ്മുടെ മരണവുമായി ബന്ധിപ്പിച്ച് ചിന്തിച്ചുണ്ടാക്കിയ ധാരണകളാണ്. തല്ലിക്കൊന്നാലും ചാവില്ല, മുറിച്ചാൽ മുറികൂടുന്ന ‘കീരിക്കാട’നാണ് എന്നൊക്കെ ചിലരെപ്പറ്റി  തമാശപറയുമെങ്കിലും ഒത്ത സാഹചര്യം കിട്ടിയാൽ മരണം പണിയൊപ്പിക്കും എന്നതിൽ സംശയമില്ല.. ശ്വാസം കിട്ടാത്ത ‌- വെള്ളം കിട്ടാത്ത ‌- മരണ തീച്ചൂടിൽ പെട്ട – തീറ്റകിട്ടാത്ത അവസ്ഥയിൽ ആരും കുറച്ച്  സമയമോ കാലമോ കഴിഞ്ഞാൽ ചത്തുപോകും. പക്ഷെ ഈ അവസ്ഥയിലൊന്നും കൂസാതെ മരണത്തെ തോൽപ്പിക്കുന്ന ഒരു കുഞ്ഞുജീവി നമുക്കൊപ്പം ജീവിക്കുന്നുണ്ട്. ടാർഡിഗ്രാഡ (Tardigrade) എന്ന പേരുള്ള വളരെ കുഞ്ഞൻ ജലജീവിയായ ‘ജലക്കരടി’ (water bears).  ഒരു മില്ലീമീറ്ററിനടുത്ത് മാത്രം വലിപ്പമുള്ളതിനാൽ ഒരു പവർകുറഞ്ഞ മൈക്രോസ്കോപ്പിലൂടെ നോക്കിയാലേ കാണാൻ പറ്റൂ എന്നു മാത്രം.  എട്ടുകാലുകളുമായി ഖണ്ഢങ്ങളുള്ള ശരീരം  തുഴഞ്ഞ് നീന്തിക്കളിക്കുന്ന ഇവർ ചിലപ്പോൾ പൂപ്പലുകളിലും മറ്റും ജീവിക്കുന്നതിനാൽ പൂപ്പൽ പന്നിയെന്നും (moss piglets) ബഹിരാകാശത്തും യാതൊന്നും കൂസാതെ  ജീവിക്കുമെന്നതിനാൽ ‘ആകാശപ്പന്നി’ (space bears) എന്നും ഒക്കെ പേരുണ്ട്. ജോൺ ആഗസ്റ്റ് എഫ്രൈം ഗോസ് എന്ന ജെർമൻ ബയോളജിസ്റ്റാണ് 1773ൽ ആദ്യമായി ഇതിനെ കണ്ടെത്തിയത്.

ജോൺ ആഗസ്റ്റ് എഫ്രൈം ഗോസ്

ഹിമാലയത്തിലെ കൊടുമുടികൾക്ക് മുകളിലും ഉഷ്ണനീരുറവകളിലും,   കടലിന്റെ അടിത്തട്ടിലും അന്റാർട്ടിക്കയിലും ആമസോണിലെ മഴക്കാടുകളിലും എന്നു വേണ്ട സർവ്വസ്ഥലങ്ങളിലും ഇവരുണ്ടാകാം. ഇനി ബഹിരാകാശത്ത് നിന്ന് വല്ല ഉൽക്കയും വന്നിടിച്ച് ഭൂമിയിലെ സർവ്വജീവികളും ചത്തടിഞ്ഞാലും  സൂപ്പർ നോവയോ വൻ ഗാമാറേഡിയേഷനോ കൊണ്ട് സർവ്വം ഭസ്മമായാലും കൊടും ശൈത്യത്തിലമർന്നാലും ഇവർ ബാക്കികാണും. പ്രായോഗികമായി എത്താൻ സാധിക്കാത്ത അബ്സല്യൂട്ട് സീറോ തണുപ്പായ മൈനസ് 273 ഡിഗ്രി സെന്റീഗ്രേഡിനടുത്ത് പോലും ഇവ അതിജീവിക്കും. മൈനസ് 20 ഡിഗ്രി സെന്റീഗ്രേഡിൽ മുപ്പത് വർഷം വരെ ചാവാതെ നിൽക്കും.  മൈനസ് ഇരുന്നൂറു ഡിഗ്രിയിൽ ദിവസങ്ങളോളം തടികാക്കും.

ടാർഡിഗ്രാഡ (Milnesium tardigradum) – സ്കാനിംഗ് ഇലക്ട്രോൺ മെക്രോസ്ക്കോപ്പ് ദൃശ്യം കടപ്പാട് വിക്കിപീഡിയ

മനുഷ്യരുടെ ജീവൻ കളയാൻ വേണ്ടതിന്റെ നൂറുകണക്കിന് മടങ്ങ് കൂടുതൽ  അയൊണൈസ്ങ് റേഡിയേഷണുള്ള ഇടത്തും ഈ ചങ്ങാതി ബാക്കിയാകും. ചിന്തിക്കാനാകാത്ത മർദ്ദമായ 6000 അറ്റ്മോസ്ഫെറിക്ക് മർദ്ദവും ചില ഇനങ്ങൾക്ക് നിസാരമാണ്.  തീക്കരണ്ടിയിൽ ഇട്ട് വറുത്ത് ശരീരത്തിലെ 97 % ജലാംശവും വറ്റി ഉണങ്ങിയാലും അനുകൂല സാഹചര്യം കിട്ടിയാൽ  വീണ്ടും  ജീവൻ വെച്ച് തുഴഞ്ഞ് നടക്കും. ഇവരുടെ അതിജീവന മാഹാത്മ്യം വിളമ്പിയാൽ നമ്മൾ മനുഷ്യർ മൂക്കത്ത് വിരല് വെച്ച്  അന്താളിച്ച് നിൽക്കേണ്ടി വരും..

ഇതുവരെയായി നാനൂറോളം സ്പീഷീസ് ജലപ്പന്നികൾ ഉള്ളതായി കണ്ടെത്തീട്ടുണ്ടെങ്കിലും ഇവയെ ഏത് ജന്തു ഫൈലത്തിൽ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ തർക്കങ്ങൾ അവസാനിച്ചിട്ടില്ല. ചിലർ ഇവയെ ആർത്രൊപോഡ ജന്തുഫൈലത്തിലാണുൾപ്പെടുത്തേണ്ടത് എന്ന് വാദിക്കുന്നു. ചിലർ ഇവയെ അനലിഡയിൽ ഉൾപ്പെടുത്തണമെന്ന അഭിപ്രായം ഉള്ളവരാണ്. ജലക്കരടികളെ ഒരു സ്വതന്ത്രവർഗമായി നിലനിർത്തണമെന്നു വാദിക്കുന്ന ശാസ്ത്രകാരന്മാരും ഉണ്ട്

ബാരൽ പോലുള്ള ശരീരം അഞ്ച് ഖണ്ഡങ്ങളുള്ളതാണ്. തല ഭാഗത്താണ് വായ പോലുള്ള അവയവം ഉള്ളത്. ബാക്കി കഷണങ്ങളിലോരോന്നിലും ഒരോ ജോഡി കാലുകളുണ്ട്. അതിന്റെ അഗ്രത്തിൽ നഖങ്ങളും. തുഴയൽ ഈ കാലുകൾ ഉപയോഗിച്ചാണ്. സസ്യഭാഗങ്ങളും പൂപ്പലുകളും ബാക്റ്റീരിയകളും ചെറുജീവികളും ഒക്കെയാണ് ഭക്ഷണമെങ്കിലും ചിലവ മറ്റ് ടാർഡിഗ്രാഡ സ്പീഷിസുകളേയും പിടികൂടി തിന്നും. ചിലയിനങ്ങൾക്ക് മലദ്വാരമേ ഇല്ല. ഇടക്ക് ഉറപൊഴിക്കുമ്പോൾ കൂടെ ഉള്ള മാലിന്യങ്ങളും അതിനൊപ്പം പുറത്ത് കളയും. ചിലസ്പീഷിസുകൾ  ഇണചേരാതെതന്നെ  സ്വയം കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാൻ കഴിയുന്നവയാണ്. സാധാരണയായി ആണും പെണ്ണും ടാർഡിഗ്രാഡകൾ ഉണ്ടാകും. ഉറപൊഴിക്കുന്ന അവസരത്തിലാണ് ഇണചേരൽ നടക്കുക.

പെൺ ടാർഡിഗ്രാഡ പൊഴിച്ചിടുന്ന പുറമ്പാളിയിൽ മുട്ടകളുണ്ടാകും അതിനെ ബീജങ്ങൾ പൊതിയും. 14 ദിവസം കൊണ്ട് മുട്ടവിരിയും. കുഞ്ഞുങ്ങൾ മുതിർന്നവരായാണ് ജനിക്കുന്നത്.  മുതിർന്ന ടാർഡിഗ്രാഡയിലുള്ളത്രയും എണ്ണം തന്നെ  കോശങ്ങൾ ഉണ്ടാവും കുഞ്ഞന്മാരിലും. വളർച്ചാഘട്ടങ്ങളിൽ പുതുതായി കോശങ്ങള്‍ൾ ഉണ്ടാവുകയില്ല, ഉള്ളവയുടെ  വലിപ്പം കൂട്ടുക മാത്രമാണ് ചെയ്യുന്നതെന്ന് സാരം. ഇവയുടെ ചലനവും ജീവിതവും ചിത്രീകരിച്ചിരിക്കുന്ന വീഡിയൊകൾ ഇന്റർനെറ്റിൽ സന്ദർശിക്കുന്നത് കൗതുകകരമാണ്. നമ്മളുടെ അഹങ്കാരം കുറച്ച് കുറയും.


ടാർഡിഗ്രാഡ – വീഡിയോ കാണാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കാലാവസ്ഥാവ്യതിയാനവും പ്രകൃതിദുരന്തങ്ങളും
Next post ശുനക ബഹിരാകാശ യാത്രികർ
Close