Read Time:21 Minute

ഡോ.ലീന പോൾ

പ്രണയാർദ്രമായി പെയ്തിറങ്ങിയ മഴ, പ്രണയം വെടിഞ്ഞ് രൗദ്രഭാവം പൂണ്ട് 2018ലെ പ്രളയമായി. അന്നുവരെ പ്രളയം, കാലാവസ്ഥാ വ്യതിയാനം എന്നീ വാക്കുകളൊക്കെ മലയാളിക്കന്യം. ഇന്നിപ്പോൾ കാലം തെറ്റിയുള്ള മഴ മേഘങ്ങളും മഴക്കാലവും മലയാളിക്ക് ശീലമായിത്തുടങ്ങി. ഫോസിൽ ഇന്ധനങ്ങളുടെ വർദ്ധിച്ച ഉപയോഗം മൂലം ഉണ്ടാകുന്ന ഹരിത വാതക ഉൽപ്പാദനമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ മൂലകാരണം. ആഗോളതാപനത്തിന്റെ അനന്തരഫലം ഏറ്റവും കൂടുതൽ ദൃശ്യമാകുന്നത് പോളാർ മേഖലയിലാണ്. പോളാർ മേഖലയിലെ മഞ്ഞുരുകൽ കാരണം സമുദ്രനിരപ്പ് ഓരോ വർഷവും ഉയർന്നു കൊണ്ടിരിക്കുന്നു. തീരപ്രദേശങ്ങളിലെ കൃഷിയും ജീവിതവും താറുമാറാകാൻ വേറെന്ത് വേണം?

ഹിമയുഗത്തോട് കൂടി പലതരം ജീവജാലങ്ങൾ നാമാവശേഷമായതും ഇങ്ങനെ തന്നെയാവണം.  ആഗോള താപനം കൊണ്ടുയരുന്ന ചൂട് അടുത്തയിടെ ഉരുക്കിയത് 300 സ്ക്വയർ കിലോമീറ്റർ വലുപ്പമുള്ള മഞ്ഞുപാളിയെയാണെന്ന് ചിന്തിക്കണം. ഈ മഞ്ഞുരുകലിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നത് സീലുകൾക്കും, ഹിമക്കരടികൾക്കുമാണ്. ഹിമക്കരടികളൂടെ പ്രധാനാഹാരമായ സീലുകളില്ലാതെയാവുമ്പോൾ, ജീവിതചക്രം അപ്പാടെ താളം തെറ്റുന്നതും വംശനാശം സംഭവിക്കാനൊരുങ്ങുന്നതും ഹിമക്കരടികൾക്ക് കൂടിയാണ്.

കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടും കരയിലും കടലിലും ചൂട് വർദ്ധിപ്പിക്കുന്നുണ്ട്, ഗ്ലേസിയറുകൾ ഉരുക്കുന്നുണ്ട്, കാട്ടുതീ പടർത്തുന്നുണ്ട്, എന്നത്തേക്കാളും ശക്തിയിൽ പുതിയ പേരുകളിൽ കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും ആഞ്ഞടിപ്പിക്കുന്നുമുണ്ട്. വനമേഖലയിലെ കാലാവസ്ഥാ വ്യതിയാനം കാരണം വന്യമൃഗങ്ങൾ കാടിറങ്ങുന്നത് സാധാരണയായി. പൊള്ളുന്ന ചൂടിൽ ആവാസവ്യവസ്ഥകൾ എല്ലാം തന്നെ മാറി മറിഞ്ഞു.  ഇതിന്റെയൊക്കെ പ്രതിഫലനം കേരളത്തിലും നടക്കുന്നുണ്ട്. ടൂറിസമടക്കം കേരളത്തിലെന്തും മഴയെ അടിസ്ഥാനമാക്കിയാണല്ലോ നടക്കുന്നത്. അങ്ങനെയുള്ള ഒരിടത്താണ് അപ്രതീക്ഷിത കാലത്ത് മാരകമായ പ്രഹരശേഷിയോടെ, ഉയർന്ന സാന്ദ്രതയോടെ മഴ ആഞ്ഞടിക്കുന്നത്. ഒരു മാസം കൊണ്ട് പെയ്യേണ്ടതാണ് പ്രളയകാലത്ത് മണിക്കൂറുകൾക്കുള്ളിൽ പെയ്തൊഴിഞ്ഞു പോയത്.

കടപ്പാട്  vegasita- pixabay.com CC0

മാറിയ മഴയ്ക്കനുസരിച്ച് കൃഷിയും മൃഗസംരക്ഷണവും പരിഷ്കരിക്കണം

ക്രോസ് ബ്രീഡിങ്ങിലൂടെ നാടൻ പശുക്കളെയെല്ലാം തന്നെ അത്യുൽപ്പാദന ശേഷിയുള്ളവയാക്കി മാറ്റി. അങ്ങനെ വീട്ടാവശ്യത്തിന് മാത്രം തുച്ഛമായ പാൽ ഉൽപ്പാദിപ്പിച്ചിരുന്ന അവസ്ഥയിൽ നിന്ന് എപ്പോഴും എത് അളവിലും പാൽ ലഭ്യമാകുന്ന അവസ്ഥയിലേക്ക് മാറ്റാനായി. കേരളത്തെ പാൽ കുടിപ്പിച്ചതിനൊപ്പം തന്നെ കൃഷിക്കാരുടെ കീശ നിറയ്ക്കാനും ക്രോസ് ബ്രീഡിങ്ങ് പോളിസി സഹായിച്ചു. കനത്ത പകൽ ചൂടും കാലി തീറ്റ വിലവർദ്ധനവും പാലിൻ്റെ വിലക്കുറവും കൂടി ക്ഷീരകേരളത്തെ തകർത്തെറിയാൻ ശ്രമിക്കുമ്പോഴും കേരളം മുന്നോട്ട് തന്നെയാണ്. ഇടുക്കി, കുട്ടനാട്, വയനാട് പാക്കേജുകളും ജനകീയാസൂത്രണ പദ്ധതികളും പ്രളയ ദുരിതാശ്വാസ പദ്ധതികളും റീ ബിൽഡ് കേരള പദ്ധതികളും കൂടി ഉൽപ്പാദന മേഖലയെ താങ്ങി നിർത്താൻ ആത്മാർത്ഥമായി കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമായ ചൂട് എല്ലാ ജീവജാലങ്ങളേയും പൊള്ളിക്കുന്നുണ്ട്. വളർത്ത് മൃഗങ്ങളുടെ ഉൽപ്പാദനം, പ്രത്യുൽപ്പാദനം, ആരോഗ്യം എന്നിവയെ ഒക്കെ ഈ ചൂട് താറുമാറാക്കുന്നുണ്ട്. പരോക്ഷമായി ഇത് ബാധിക്കുന്നത് മൃഗ സംരക്ഷണ മേഖലയിൽ മുതൽ മുടക്കിയിട്ടുള്ള കർഷകരെയാണ്. ആഗോള താപനം ആവശ്യപ്പെടുന്നത് ഈ അത്യുൽപ്പാദനശേഷിയുള്ള ജനുസ്സുകളുടെ ചൂടിനെ ചെറുക്കാനുള്ള കഴിവും ഉയർത്തണമെന്നാണ്.  പശുക്കൾ മാത്രമല്ല, കോഴി, താറാവ്,ആട് എന്നിവയും ക്രോസ് ബ്രീഡിങ്ങിലൂടെ അത്യുൽപ്പാദന ശേഷിയുള്ളവയും എന്നാൽ പ്രതിരോധശേഷി കുറഞ്ഞവയും ആയി മാറി. 2017 മുതൽ ഫ്ലോറിഡ സർവ്വകലാശാല ഫുഡ് ആൻറ് അഗ്രിക്കൾച്ചർ സയൻസ് വിഭാഗം ചൂടിനെ ചെറുക്കാൻ കഴിവുള്ള പശുക്കളെ കുറിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുന്നു. ചൂടിനെ ചെറുക്കാൻ കഴിവുള്ള അത്യുൽപ്പാദന ശേഷിയുള്ള പശുക്കളെ ഉരുത്തിരിച്ചെടുക്കാനുള്ള തത്രപ്പാടിലാണവർ.

ആവർത്തിക്കുന്ന പ്രളയവും കൂടുന്നചൂടും സാധാരണക്കാരിൽ സാധാരണക്കാരായ ക്ഷീരകർഷകരുടെ സാരമായി ബാധിക്കുന്നുണ്ട്. മഴയിൽ അധിഷ്ടിതമായ നമ്മുടെ കൃഷിയും മൃഗസംരക്ഷണവും, മാറിയ മഴയ്ക്കനുസരിച്ച് പരിഷ്ക്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ക്ഷീര കേരളവും കാലാവസ്ഥാ വ്യതിയാനവും

ആഗോളതാപനം ഉയർത്തുന്ന അന്തരീക്ഷോഷ്മാവ് വളർത്തുമൃഗങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. സൂര്യാഘാതമേറ്റ് കറവപ്പശുക്കളും നായകളുമൊക്കെ മരണപ്പെടുന്നതിന്റെ തോത് കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായിട്ട് കൂടുതലാണ്. ചൂടത്ത് പറമ്പിലെ പുല്ല് മുഴുവൻ വാടിക്കരിയും.  എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ പലപ്പോഴും പൈനാപ്പിൾ ഇല തണ്ട് മാത്രമാകും കറവപ്പശുക്കളുടെ ഭക്ഷണം. രണ്ട് മൂന്ന് പശുക്കളുള്ള ക്ഷീരകർഷകരെല്ലാം തന്നെ രാവിലത്തെ കറവയും തീറ്റ കൊടുക്കലുമൊക്കെ കഴിഞ്ഞ് പാടത്തേക്കോ പറമ്പിലേക്കോ അഴിച്ചു കെട്ടുന്നതാണ് നമ്മുടെ നാട്ടിലെ സാധാരണ രീതി. ഈ രീതി മാറേണ്ടിയിരിക്കുന്നു. രാവിലെ 6 മുതൽ 9 വരെയും വൈകിട്ട് 5 മുതൽ 6 വരെയും മാത്രം പറമ്പിൽ അഴിച്ച് കെട്ടുന്ന രീതി സ്വീകരിച്ചാൽ ഉരുക്കളുടെ നിർജ്ജലീകരണം തടയാം. പുല്ല് കുറയുമ്പോൾ പുല്ലിൽ നിന്ന് കിട്ടിക്കൊണ്ടിരുന്ന വിറ്റാമിനുകളും നിലക്കുകയാണല്ലോ. വിറ്റാമിനുകളും അമിനോ അമ്ലങ്ങളുമൊക്കെയുള്ള ഒരു ധാതുലവണ മിശ്രിതം സ്ഥിരമായി ഖരാഹാരത്തോടൊപ്പം നൽകണം.

ചൂട് കൂടുതലുള്ള സമയത്ത് മുന്തിയ ഇനം കറവപ്പശുക്കളും പന്നികളും ആടുകളൂം നായ്ക്കളുമൊക്കെ ഭക്ഷണം ഉപേക്ഷിക്കുന്നത് സാധാരണയാണ്. ശരീരോഷ്മാവ് കുറക്കാൻ വേണ്ടി ഓട്ടോമാറ്റിക്കായി ശരീര ഉപാപചയം കുറക്കുന്നതിനാണ് ഈ ക്രമീകരണം. ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ ഗ്ലൂക്കോസ്, ഫാറ്റി ആസിഡുകളൊക്കെ ശരീരത്തിൽ കുറയും. തൽഫലമായി പാല് കുറയുകയും ചെയ്യും. തീറ്റയൊക്കെ കുറയുമ്പോൾ ഉമിനീരും കുറയുമല്ലോ. ദഹനപ്രക്രിയ കുറയുമ്പോൾ അസിഡോസിസ്, സബ് അക്യൂട്ട് റൂമിനൽ അസിഡോ സിസ് പോലുള്ള അസുഖങ്ങൾ കറവപ്പശുക്കൾക്ക് വർദ്ധിക്കുന്നതു സ്വാഭാവികം.  കുഞ്ഞുങ്ങൾക്ക് പ്രതിരോധശേഷി ലഭിക്കുന്നത് കന്നിപ്പാലിൽ നിന്നാണല്ലോ. ചൂട് കൂടുമ്പോൾ കന്നിപ്പാലിലെ ഇമ്യൂണോഗ്ലോബുലിൻ കുറയുകയും പ്രതിരോധശേഷി നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ മരിക്കുകയും ചെയ്യാറുണ്ട്. പെട്ടെന്ന് ചൂട് കൂടുമ്പോൾ കൂടുതലായി കണ്ടുവരുന്നത് അകിട് വീക്കവും ബാഹ്യ പരാദങ്ങൾ പരത്തുന്ന അസുഖങ്ങളുമാണ്.

കാലാവസ്ഥാ വ്യതിയാനവും പ്രത്യുൽപ്പാദനവും

ഈ കൊടും ചൂട് വളർച്ചാ ഹോർമോണുകളുടേയും താളക്രമത്തെ ബാധിക്കുന്നുണ്ട്. വളർച്ചാ നിരക്ക് കുറയുകയും, കൈവരിക്കാൻ താമസിക്കുകയും ചെയ്യുക മാത്രമല്ല, പശുക്കൾ മദി ലക്ഷണങ്ങൾ കാണിക്കാതിരിക്കുന്നതും ചൂട് കാരണം തന്നെ. ഋതുവാകൽ താമസിക്കുക, അണ്ഡോൽപ്പാദനം,     ഭ്രൂണ വളർച്ച ഇവ തടസ്സപ്പെടുക, ഗർഭധാരണ നിരക്ക് കുത്തനെ താഴുക എന്നിവയും അന്തരീഷോഷ്മാവ് വർദ്ധിക്കുമ്പോൾ സാധാരണമാണ്.

കാലാവസ്ഥാ വ്യതിയാനവും ഉൽപ്പാദനവും

കേരളത്തിൽ മാത്രമല്ല ലോകമെമ്പാടും ആഗോള താപനം മൂലം വളർത്തു മൃഗങ്ങളുടെ ഉൽപ്പാദനത്തിൽ ഗണ്യമായ കുറവ് കാണിക്കുന്നുണ്ട്. 15 ലിറ്റർ പാൽ കുത്തനെ 5 ലേക്ക് താഴുന്നതൊക്കെ ചൂട് കൂടുമ്പോൾ സാധാരണം തന്നെ. പാലുൽപ്പാദനം മാത്രമല്ല, ഇറച്ചിയുടേയും മുട്ടയുടേയും ഉൽപ്പാദനവും ഇങ്ങനെയൊക്കെ തന്നെ.  ശരീരോഷ്മാവ് കുറയ്ക്കുന്നതിനായി എല്ലാ മൃഗങ്ങളും തന്നെ ശരീര ഉപാപചയം കുറയ്ക്കും. തൽ ഫലമായി പകൽ ചൂടുള്ള സമയത്ത് ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്നത് സാധാരണമാണ്. ഭക്ഷണത്തിൻ്റെ കുറവ് നേരേ ബാധിക്കുന്നത് വളർച്ചാ നിരക്കിനേയും പ്രത്യുൽപ്പാദന ശേഷിയേയും ഉൽപ്പാദനത്തേയും തന്നെ. കറവ കുറവുള്ള പശുക്കളേക്കാൾ കറവ കൂടുതലുള്ളവയെയാണ് ചൂട് കൂടുതലും തളർത്തുന്നത്.  വിദേശ ഇനം നായ്ക്കൾക്കും പൂച്ചകൾക്കും, ആട്, എരുമ എന്നിവയ്ക്കും കൊടിയ ചൂട് താങ്ങാവുന്നതല്ല.

കൗ കംഫർട്ട് അഥവാ പശുക്കളുടെ സൗഖ്യം

ചൂട് കൂടുന്നത് മുന്നിൽക്കണ്ട് കാർഷികമൃഗങ്ങൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കണം. കറവപ്പശുക്കളെ ശ്രദ്ധയോട് കൂടി പരിചരിച്ച് സൗഖ്യം ഉറപ്പാക്കണം.  ചൂട് കൂടിയതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ തൊഴുത്തിൽ വായൂ സഞ്ചാരം ഉറപ്പാക്കണം. ഈ കാലത്ത് തൊഴുത്തിൽ ഒരു ഫാൻ ആഡംബരമേയല്ല, അവശ്യ വസ്തുവാണ്. പാർശ്വഭിത്തികൾ ഒഴിവാക്കുന്നത് വായൂസഞ്ചാരം ഉറപ്പാക്കും. ഉണങ്ങി വൃത്തിയുള്ള കാറ്റ് കയറി ഇറങ്ങുന്ന തൊഴുത്ത് പശു സൗഖ്യവും ഉൽപ്പാദനവും ഉറപ്പാക്കുന്നു. മഴക്കാലത്ത് മഴ നനയാതെയും വേനലിൽ വെയിലേൽക്കാതെയുമിരിക്കാൻ തൊഴുത്തിൻ്റെയും വീടിൻ്റെയും പിന്നാമ്പുറങ്ങളിൽ നീല പഡുതകൾ കെട്ടുന്നത് സർവ്വസാധാരണമാണല്ലോ. ചൂടേറി വരുമ്പോൾ അവ അഴിച്ചുമാറ്റി വായുസഞ്ചാരം ഉറപ്പാക്കണം.

വളർത്തു മൃഗങ്ങളുടെ കൂടിന്റെ / തൊഴുത്തിന്റെ മേൽക്കൂരയ്ക്ക് മുകളിൽ ഓല വിരിച്ചും വെള്ളപൂശിയും തുള്ളി നന കൊടുത്തും ചൂട് കുറയ്ക്കാം. കൃഷിയിൽ താൽപ്പര്യമുള്ളവർക്ക് കൂടി ന് മുകളിൽ പാഷൻ ഫ്രൂട്ട്, കോവൽ ഒക്കെ നെറ്റിട്ട് വളർത്താവുന്നതാണ്. ചൂടത്ത് കറവ കൂടിയ പശുക്കൾ 100 ലിറ്ററിന്‌ മുകളിൽ വെള്ളം കുടിയ്ക്കും. നിർജ്ജലീകരണം തടയാൻ ഇത് ആവശ്യമാണ്. കൂടാതെ കാലി തീറ്റയോടൊപ്പം ഗുണമേന്മയുള്ള ധാതുലവണ മിശ്രിതം, ഉപ്പ്, സോഡാപ്പൊടി, പ്രോബയോട്ടിക്കുകൾ, നല്ല ഇനം പുല്ല് ഒക്കെ നൽകാം. പുല്ലിൻ്റെ ലഭ്യത കുറയുമ്പോൾ സൈലേജ്, ടോട്ടൽ മിക്സഡ് റേഷൻ എന്നിവ നൽകുന്നത് പ്രചാരത്തിലായിത്തുടങ്ങിയിട്ടുണ്ട്. ദഹിക്കാൻ എളുപ്പമുള്ള സമീകൃത തീറ്റ നൽകണമെന്ന് സാരം.

ചാണകച്ചാലും മൂത്രച്ചാലുമുള്ള ആധുനിക തൊഴുത്തുകളിൽ പശുക്കളെ കുളിപ്പിക്കണമെന്നില്ല, പകരം നന്നായി ബ്രഷ് ചെയ്യുന്നതാണ് ആധുനിക രീതി. (രക്ത ഓട്ടം വർദ്ധിക്കുന്നത് വഴി പാൽ വർദ്ധനവിനും കാരണമാകും ബ്രഷിങ്ങ്.) ഇങ്ങനെ ഒക്കെ ശ്രദ്ധിക്കുന്ന തൊഴുത്തുകളിൽ ചൂടിലും ഉൽപ്പാദനക്ഷമത കുറഞ്ഞ് പോകാതെ പിടിച്ച് നിൽക്കാനാകും.

കാലാവസ്ഥാ വ്യതിയാനവും കോഴിവളർത്തലും

ചൂടിനെ ചെറുക്കാൻ ശേഷിയുള്ള നാടൻ കോഴികളെയൊക്കെ വിട്ട് നാം വളരെ മുന്നിൽ എത്തിയിരിക്കുന്നു. അത്യുൽപ്പാദനശേഷിയുള്ള പുതിയ ജനുസ്സുകൾക്ക് പ്രതിരോധശേഷി കുറവായിരിക്കും. ഒരു വർഷം 300 മുട്ടകൾ കിട്ടുന്നത് ഇന്ന് സാധ്യമായത് അത്യുൽപാദന ശേഷിയുള്ള ജനുസ്സുകൾ കാരണമാണല്ലോ. രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ ബയോ സെക്യൂരിറ്റി കൃത്യമായും പാലിക്കണം. പ്രതിരോധ കുത്തിവയ്പുകളും,വിര മരുന്നും ധാതുലവണ മിശ്രിതവും കൃത്യതയോടെ നൽകണം രോഗം ബാധിച്ചാൽ ഒരു കോഴിയിൽ നിന്നും മറ്റുള്ളവയിലേക്ക് പകരുന്നത് വളരെ പെട്ടന്നായിരിക്കും. ഉമിനീര്, വിസർജ്യ വസ്തുക്കൾ, രോഗാണുക്കൾ,മലിനമായ തീറ്റപ്പാത്രങ്ങൾ, വെള്ളപ്പാത്രങ്ങൾ, ലിറ്റർ / വിരിപ്പ് വഴിയും രോഗം ഫാം മുഴുവൻ വ്യാപിക്കും.

  • കോഴിഫാമുകളിൽ ചൂട് കുറക്കുന്നതോടൊപ്പം തന്നെ തീറ്റ / വെള്ള ലഭ്യത, വൃത്തിയോടൊപ്പം തന്നെ പ്രതിരോധമാർഗ്ഗങ്ങളും ശ്രദ്ധിക്കണം. ചൂട് കാലത്ത് മരണനിരക്ക് 5% വരെ ഉയരാനുള്ള സാധ്യത ഉണ്ട്.
  • ചൂട് കുറയ്ക്കായി കൂടിന് മുകളിൽ ഓല /വൈക്കോൽ വിരിക്കൽ, വെള്ള പൂശൽ ഒക്കെ പരീക്ഷിക്കാവുന്നതാണ്. വലിയ ഫാമുകളിൽ ടർബൈൻ വെച്ചാൽ ഓട്ടോമാറ്റിക്ക് ആയി ചൂട് വായൂ പുറത്തേക്ക് പൊയ്ക്കൊള്ളും.
  • ചൂട് കാരണം തീറ്റയുടെ അളവ് കുറയുന്നത് കാരണം വിറ്റാമിനുകളും, ധാതുലവണങ്ങൾ, അമിനോ അമ്ലങ്ങൾ എന്നിവയും തീറ്റയിൽ അധികമായി ചേർക്കണം. സമീകൃതാഹാരം രാവിലെയും വൈകിട്ടും പകുത്ത് നൽകണം. തീറ്റയേക്കാൾ രണ്ട് മൂന്ന് ഇരട്ടി വരെ ശുദ്ധമായ തണുത്ത വെള്ളം ലഭ്യമാക്കണം.
  • വിജയകരമായ ചികിത്സാ രീതികൾ ഇല്ലാത്ത രോഗങ്ങളായ മാരക്ക്സ്, കോഴി വസന്ത, കോഴി വസൂരി, IBD എന്നിവയിൽ നിന്നും കോഴികളെ സംരക്ഷിക്കാനായി പ്രതിരോധ കുത്തിവയ്പുകൾ കൃത്യസമയത്ത് നൽകണം.

കാലാവസ്ഥാ വ്യതിയാനവും ജന്തുജന്യ രോഗങ്ങളും

ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും സമ്മാനിക്കുന്ന ചൂട് കറവപ്പശുക്കൾക്ക് താങ്ങാനാവാത്തത് പോലെ പന്നികൾക്കും ആടുകൾക്കും നായകൾക്കും പൂച്ചകൾക്കും കിളികൾക്കുമൊക്കെ താങ്ങാനാവാത്തതാണ്.

അത്യുൽപ്പാദന ശേഷിയുള്ള രോഗ പ്രതിരോധശേഷി കുറഞ്ഞ ജനുസ്സുകളെ ചുരുങ്ങിയ സ്ഥലത്ത് വളർത്തുമ്പോൾ പലവിധ രോഗങ്ങൾ സ്വാഭാവികം തന്നെ. അതിനൊപ്പം കാലാവസ്ഥാ വ്യതിയാനവും ആവാസവ്യവസ്ഥയുടെ അസന്തുലിതാവസ്ഥയും മൂലം ശക്തിപ്രാപിച്ച വൈറസുകൾ ഉണ്ടാക്കുന്ന കൊറോണ,നിപ്പാ പോലെയുള്ള ജന്തുജന്യ രോഗങ്ങൾ എല്ലാം തന്നെ മനുഷ്യരാശിയെ ഭൂമുഖത്ത് നിന്ന് തുടച്ച് മാറ്റാൻ ശക്തിയുള്ളവ തന്നെ.

ചുരുക്കത്തിൽ ഈ സാംക്രമിക രോഗങ്ങൾ വരുമ്പോൾ രോഗികളെ ചികിത്സിക്കൽ, രോഗ വ്യാപനം തടയൽ,വൈറസുകളുടെ ഉറവിടം കണ്ടെത്തൽ, മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കുള്ള വ്യാപന രീതി കണ്ടെത്തൽ തുടങ്ങിയ ഒരു വലിയ പാക്കേജാണ് ഒപ്പം കൊണ്ട് വരുന്നത്.

ഇത്തരം രോഗങ്ങളിൽ രോഗികളെ മാത്രം ചികിത്സിച്ചതുകൊണ്ടോ മനുഷ്യരുടെ ഇടയിൽ മാത്രം പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയതുകൊണ്ടോ രോഗനിയന്ത്രണം സാധ്യമാവാതെ വരുന്നു. ലോകമെമ്പാടും ഭീതിയുണർത്തിയ കോംഗോ പനിയും, എബോളയും, സാർസും, മെർസ് കൊറോണയും, നിപ്പയും, സിക്കയും, ഹെനിപ്പനി, കുരങ്ങ് പനി, ചെള്ള് പനിയുമെല്ലാം ഫലപ്രദമായ ചികിത്സയോ പ്രതിരോധ കുത്തിവയ്പോ കണ്ടു പിടിച്ചിട്ടില്ലാത്ത ജന്തുജന്യ പകർച്ചവ്യാധികളാണ്.  ഇവയെ പ്രതിരോധിക്കാൻ ആദ്യം ചെയ്യേണ്ടത് മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ ആവാസ വ്യവസ്ഥയിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റം അവസാനിപ്പിക്കലാണ്.

കാലാവസ്ഥാ വ്യതിയാനം സമ്മാനിക്കുന്ന ചൂട് മറികടക്കാൻ അത്യുൽപ്പാദനശേഷിയോടൊപ്പം പ്രതിരോധശേഷിയും കൂടി ഉള്ള വളർത്തുമൃഗങ്ങൾടെ ജനുസ്സുകളെ ഉരുത്തിരിച്ചെടുക്കേണ്ടത് കാർഷിക കേരളത്തിന് അത്യന്താപേക്ഷിതം.  അതിനൊപ്പം തന്നെ വിവിധ വകുപ്പുകളുടെ കൂട്ടായശ്രമം കൂടി ആവശ്യമാണ്. ആരോഗ്യം, മൃഗസംരക്ഷണം, കൃഷി, വനം, പരിസ്ഥിതി ഭക്ഷ്യം എന്നീ വകുപ്പുകൾ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച വൺ ഹെൽത്ത് സമീപനം ഒന്ന് കൊണ്ട് മാത്രമാണ് കേരളത്തിന് നിപ്പയെ നിയന്ത്രിക്കാനായത്.


അനുബന്ധ ലൂക്ക ലേഖനങ്ങൾ

  1. തീറ്റയിൽ അൽപ്പം ശ്രദ്ധിച്ചാൽ വേനലിലും ക്ഷീരസമൃദ്ധി
  2. മഴക്കാലവും മൃഗസംരക്ഷണവും
  3. ലോക ജന്തുജന്യരോഗദിനം ഓർമ്മിപ്പിക്കുന്നത്
  4. ജന്തുജന്യരോഗങ്ങളും ‘വൺ ഹെൽത്ത്’ സമീപനവും
  5. പരിസ്ഥിതി സംരക്ഷണം മനുഷ്യ- മൃഗാരോഗ്യത്തിനായി

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ആർക്കിമിഡീസ് – കുട്ടിഗവേഷകരുടെ ശാസ്ത്രപരീക്ഷണ മത്സരം – വിജയികൾ
Next post ചൊവ്വയുടെ ഏറ്റവും വലിയ പനോരമിക് ഫോട്ടോ ആസ്വദിക്കാം
Close