Read Time:21 Minute

നതാഷ ജെറി

വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ കാലാവസ്ഥാമാറ്റം വീണ്ടും കേരളത്തിൽ ചർച്ചയാവുകയാണല്ലോ. ഓരോ പ്രകൃതി ദുരന്തവും ഉണ്ടാകുമ്പോൾ അത് കാലാവസ്ഥാമാറ്റം കൊണ്ടാണോ എന്ന ചർച്ചയും സജീവമാകാറുണ്ട്.

പ്രളയം, ചുഴലിക്കാറ്റ്, വരൾച്ച, ചൂടുകാറ്റ്, കാട്ടുതീ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രതിഭാസങ്ങളെ അതിതീവ്ര കാലാവസ്ഥ സംഭവങ്ങൾ (extreme climate/weather events) എന്നാണ് വിളിക്കുന്നത്. ഇത്തരം ഏതെങ്കിലുമൊരു  സംഭവം ഉണ്ടാകുന്നതിൽ കാലാവസ്ഥാമാറ്റം വഹിച്ച പങ്കെത്ര എന്ന് കണക്കാക്കുന്നത് ദുഷ്കരമാണ്. സങ്കീർണമായ പഠനരീതികൾ ഉപയോഗിച്ചാണ് ഇത്തരം ഗവേഷണങ്ങൾ നടക്കുന്നത്.

ഏതെങ്കിലും ഒരു പ്രത്യേക  അതിതീവ്ര സംഭവത്തിന് കാരണമായത് കാലാവസ്ഥാമാറ്റമാണോ എന്ന ചോദ്യം തന്നെ നിർധാരണം സാധ്യമല്ലാത്ത ചോദ്യം, ആണെന്ന് കരുതുന്ന ശാസ്ത്രജ്ഞരുമുണ്ട്. എന്നാൽ നമുക്ക് ഏകദേശം ഉറപ്പിച്ചു പറയാനാവുന്ന കാര്യം കാലാവസ്ഥാമാറ്റം ഇത്തരം  സംഭവങ്ങളുടെ എണ്ണത്തിൽ/ശക്തിയിൽ വർദ്ധനവ് ഉണ്ടാക്കുന്നുണ്ട് എന്നതാണ്. അതായത് മാറുന്ന കാലാവസ്ഥയിൽ കൂടുതൽ ചുഴലിക്കാറ്റുകൾക്കോ പ്രളയങ്ങൾക്കോ തീവ്രമായ വരൾച്ചയ്‌ക്കോ ഒക്കെ കൂടുതൽ സാധ്യതയുണ്ടെന്നർത്ഥം. ഈ പറഞ്ഞ കാര്യം കുറച്ചു ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടോ? ചുരുക്കി പറഞ്ഞാൽ ഇത്രേയുള്ളൂ, ഓരോ പ്രകൃതി ദുരന്തവും എന്തുകൊണ്ടാണ് ഉണ്ടായതെന്ന് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. പക്ഷേ കാലാവസ്ഥാമാറ്റം പ്രകൃതി ദുരന്തങ്ങളുടെ ശക്തിയിലും എണ്ണത്തിലും വർദ്ധനവുണ്ടാക്കുന്നു എന്നതുറപ്പാണ്. ആഗോളതാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് കൂടുതൽ കൂടുതൽ പ്രകൃതിദുരന്തങ്ങളെ നേരിടാൻ തയ്യാറായിരിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള വഴി.

കാലാവസ്ഥാമാറ്റത്തെ നേരിടാൻ പ്രധാനമായും രണ്ടു വഴികളാണ് ഉള്ളത്: 

  1. ലഘൂകരണം (Mitigation)
  2. അനുകൂലനം (Adaptation)

കാലാവസ്ഥാമാറ്റത്തിന്റെ കാരണത്തെ കുറയ്ക്കുക, ഇല്ലാതാക്കുക എന്നതാണ് ലഘുകരണം (mitigation) കൊണ്ടുദ്ദേശിക്കുന്നത്. ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന മനുഷ്യജന്യ കാലാവസ്ഥാമാറ്റത്തിന്റെ (anthropogenic climate change) കാരണം യഥാർത്ഥത്തിൽ വളരെ ലളിതമാണ്: മനുഷ്യന്റെ പലവിധ പ്രവൃത്തികൾ വഴിയായി വലിയതോതിൽ കാർബൺ ഡയോക്സൈഡ് പോലെയുള്ള ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് എത്തുന്നു, തന്മൂലം കാലാവസ്ഥാമാറ്റത്തിന് കാരണമായ ആഗോളതാപനം ഉണ്ടാകുന്നു. Mitigation എന്നാൽ വിവിധമാർഗങ്ങൾ വഴി ഈ ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറയ്ക്കുന്ന പ്രക്രിയ ആണ്. അതായത് വ്യവസായ വിപ്ലവത്തിന് മുൻപുണ്ടായിരുന്ന അളവിലേക്ക് കാർബൺ ഡയോക്സൈഡിനെയും മറ്റ് ഹരിതഗൃഹ വാതകങ്ങളെയും എത്തിക്കുക. അന്തരീക്ഷത്തിലേക്ക് എത്തുന്ന കാർബൺ ഡയോക്സൈഡിന്റെ അളവ് കുറയ്ക്കുന്നത് വഴിയും അന്തരീക്ഷത്തിൽ നിന്ന് വലിച്ചെടുക്കപ്പെടുന്ന കാർബൺ ഡയോക്സൈഡിന്റെ അളവ് കൂട്ടുന്നത് വഴിയും ഇത് സാധ്യമാക്കാം. കാർബൺ ഉൽസർജനം (carbon emission) ഏറ്റവും കൂടുതൽ നടക്കുന്ന മേഖലകളിൽ അത് കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതും വനങ്ങൾ വഴിയും കടലിലെ സൂക്ഷ്മ ജീവികൾ വഴിയും അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡയോക്സൈഡിനെ വലിച്ചെടുക്കുന്നത് ത്വരിതപ്പെടുത്തുന്നതും ഒക്കെയാണ്  ഇതിനുള്ള വഴികൾ.

കടപ്പാട്: media.ngc.co.tt

കാലാവസ്ഥാ മാറ്റത്തിന്റെ കാരണം ലളിതമാണെന്ന് പറഞ്ഞല്ലോ എന്നാൽ ഈ ലഘൂകരണം എന്ന പരിഹാരമാർഗം ഒട്ടും തന്നെ ലളിതമല്ല. കാരണം സമകാലിക ലോകത്ത് നാം ചെയ്യുന്ന ഒട്ടുമിക്ക കാര്യങ്ങളും നേരിട്ടോ അല്ലാതെയോ അന്തരീക്ഷത്തിലേക്ക് കാർബൺ ഡയോക്സൈഡ് എത്തിക്കുന്നുണ്ട് എന്നത് തന്നെ. ഊർജോത്പാദനത്തിൽ, കൃഷിയിൽ, ഗതാഗതത്തിൽ എന്നുവേണ്ട നമ്മുടെ ജീവിതത്തിന്റെ സമസ്തമേഖലകളിലും കാർബൺ ഉൽസർജനം (carbon emission) ഉൾച്ചേർന്നിട്ടുണ്ട്. ഇത് ഒറ്റയടിക്ക് വെട്ടിച്ചുരുക്കുക എന്നാൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരിക എന്നാണർത്ഥം. അത് പുതിയ നികുതികൾ വഴിയാകാം, ഊർജ്ജോപയോഗത്തിലും ഭക്ഷ്യ ഉപഭോഗത്തിലും വരെയുള്ള നിയന്ത്രണങ്ങൾ വഴിയാകാം, സ്വകാര്യസ്വത്തിൽ സ്റ്റേറ്റ് ഇടപെടുന്ന സാഹചര്യങ്ങൾ വരെ ഉണ്ടായേക്കാം. തൽഫലമായി വികസനമുരടിപ്പും വിലക്കയറ്റവും സാമ്പത്തിക ബാധ്യതകളും രാജ്യങ്ങൾക്കും സമൂഹങ്ങൾക്കും ഉണ്ടായേക്കാം. പൊതുവെ രാജ്യങ്ങൾ ഈ പാതയിലേക്കിറങ്ങാൻ മടിച്ചു നിൽക്കുന്നതിന്റെ പ്രധാന കാരണവും ഇതാണ്. ഇതോടൊപ്പം മുതലാളിത്തത്തിന്റെ ലാഭക്കൊതിയും കൂടെയാകുമ്പോൾ പ്രശ്നപരിഹാരം കൂടുതൽ സങ്കീർണമാകുന്നു. ഇതിനെല്ലാം ഉപരിയായി നമ്മൾ ഇന്ന് കാർബൺ എമിഷൻ പൂജ്യത്തിലേക്ക് എത്തിച്ചാൽ പോലും അതിന്റെ ഗുണഫലത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ നമുക്ക് അനുഭവിക്കാനാവൂ. മറിച്ച് ഭാവിതലമുറകൾ ആയിരിക്കും നമ്മൾ ഇന്നെടുക്കുന്ന തീരുമാനങ്ങളുടെ ഗുണഭോക്താക്കൾ. അതായത് നമ്മൾ കാർബൺ എമിഷൻ വളരെ കാര്യക്ഷമമായി വെട്ടിച്ചുരുക്കിയാൽ തന്നെയും കാലാവസ്ഥാമാറ്റത്തിന്റെ ഭീകരത നമ്മുടെ തലമുറ അനുഭവിക്കുക തന്നെ ചെയ്യും. അല്ലാതെ വേറെ വഴിയൊന്നുമില്ല.

അനുകൂലനം (adaptation) ആണ് കാലാവസ്ഥാമാറ്റത്തെ നേരിടാനുള്ള രണ്ടാമത്തെ മാർഗം. കാലാവസ്ഥാമാറ്റത്തിന്റെ പ്രതികൂലഫലങ്ങളെ കഴിയുന്നത്ര കുറയ്ക്കുന്ന രീതിയിൽ നമ്മുടെ ജീവിതസാഹചര്യങ്ങളെ മാറ്റുന്നതിനെയാണ്  ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഇത് വളരെ വ്യാപ്തിയും പരപ്പുമുള്ള ഒരു പ്രക്രിയയാണ്. Adaptation ഏതൊക്കെ രീതികളിൽ സാധ്യമാക്കാം എന്നതിനെക്കുറിച്ചുള്ള ചർച്ചകളുടെ ഒന്നാം ഘട്ടം തീർച്ചയായും നമ്മൾ നേരിടാൻ പോകുന്നത് എന്തൊക്കെയാണെന്ന് കൃത്യമായി നിർണയിക്കലാണ്. ഭാവി കാത്തുവെച്ചിരിക്കുന്നതെന്തെന്ന് അറിഞ്ഞാലല്ലേ എങ്ങനെ അതിനെ പ്രതിരോധിക്കാം എന്ന് തീരുമാനിക്കാനാവൂ. കാലാവസ്ഥാമാറ്റം എങ്ങനെയൊക്കെയാണ് നമ്മളെ ബാധിക്കാൻ പോകുന്നതെന്ന് നോക്കാം.

നമ്മുടെ ജീവനും സ്വത്തിനുമുള്ള സുരക്ഷിതത്വം, ജീവിതോപാധികൾ, ശുദ്ധജല ലഭ്യത, ഭക്ഷ്യോൽപാദനം, ആരോഗ്യം തുടങ്ങി ഒരു രാജ്യത്തെ ആഭ്യന്തര സാമാധാനം വരെ കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു.

കാലാവസ്ഥാമാറ്റം നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളെയും ബാധിക്കുന്ന ഒന്നാണെന്ന് എല്ലാവർക്കും ഇതിനോടകം തന്നെ അറിവുണ്ടാകും. നമ്മുടെ ജീവനും സ്വത്തിനുമുള്ള സുരക്ഷിതത്വം, ജീവിതോപാധികൾ, ശുദ്ധജല ലഭ്യത, ഭക്ഷ്യോൽപാദനം, ആരോഗ്യം തുടങ്ങി ഒരു രാജ്യത്തെ ആഭ്യന്തര സാമാധാനം വരെ കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു. നേരത്തെ പറഞ്ഞത് പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ, പ്രത്യേകിച്ചും പ്രളയം, എങ്ങനെയാണ് നമ്മളെ ബാധിക്കുന്നത് എന്ന് നമുക്ക് നേരിട്ടനുഭവിച്ച് തന്നെ അറിയാവുന്നതാണല്ലോ. ഇത്തരം പ്രകൃതി ദുരന്തങ്ങൾ ഒരു പ്രദേശത്തെ ആവാസവ്യവസ്ഥയെ, അവിടുത്തെ ജനങ്ങളുടെ വാസസ്ഥലങ്ങളെ, മറ്റ് അടിസ്ഥാന സൗകര്യങ്ങളെ, ഭക്ഷ്യ-ശുദ്ധജല ലഭ്യതയെ, ശാരീരിക-മാനസിക ആരോഗ്യത്തെ ഒക്കെ പ്രതികൂലമായി ബാധിക്കും. അതുപോലെ, കടൽനിരപ്പ് ഉയരുന്നത് തീരദേശത്തെ ജനങ്ങളുടെ വാസസ്ഥലം ഇല്ലാതെയാക്കുകയും അവരെ മറ്റ് പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാൻ നിർബന്ധിതരാക്കുകയും ചെയ്യും. വരൾച്ചയും ഇതേ അവസ്ഥ തന്നെയുണ്ടാക്കും. മഹാരാഷ്ട്രയിലെ വിദർഭയിൽ ഉണ്ടായ വരൾച്ച കാരണം നാടോടികളാകേണ്ടി വന്ന കർഷകരെ പറ്റി നിങ്ങൾ പത്രത്തിൽ വായിച്ചിട്ടുണ്ടാകുമല്ലോ. ഇങ്ങനെ സ്ഥലം മാറ്റപ്പെടുന്ന ജനങ്ങൾക്ക് അവരുടെ പരമ്പരാഗത ജീവിതോപാധികൾ നഷ്ടപ്പെടുകയും പുതിയ തൊഴിലുകളിലേക്ക് മാറാൻ നിർബന്ധിതരാവുകയും ചെയ്യും. മറ്റൊന്ന് ആഗോളതാപനം കൃഷിയിൽ ഉണ്ടാക്കുന്ന സാരമായ മാറ്റങ്ങളാണ് (ഗോതമ്പിന്റെയും ചോളത്തിന്റെയും ഉൽപാദനത്തിൽ ഇടിവ് വന്നതായി ഇതിനോടകം തന്നെ പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്). ഇത് വിലക്കയറ്റത്തിലേക്കും ദാരിദ്ര്യത്തിലേക്കും നയിക്കും, പ്രത്യേകിച്ചും നഗരമേഖലകളിൽ. സ്വാഭാവികമായും ഇത്തരം പ്രതികൂല സാഹചര്യങ്ങൾ കൂടുതൽ ബാധിക്കുക സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്കാരികമായും മറ്റുരീതികളിലും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ആയിരിക്കും. തുടരെ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും അവ നേരിടുന്നതിൽ ഭരണകൂടങ്ങൾക്ക് സംഭവിക്കുന്ന പിഴവുകളും ജനങ്ങളിൽ അസംതൃപ്തി ഉണ്ടാക്കുകയും ഇത് കലാപങ്ങൾക്കും ആഭ്യന്തര യുദ്ധങ്ങൾക്കും കാരണമാവുകയും ചെയ്യും. ഉദാഹരണത്തിന് സിറിയയെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ച സാഹചര്യങ്ങളിൽ കാലാവസ്ഥാ ദുരന്തങ്ങളുടെ പങ്കെന്തെന്നതിനെപ്പറ്റി അടുത്ത കാലത്ത് പല പഠനങ്ങളും ഉണ്ടായിട്ടുണ്ട്. അതുപോലെ തന്നെ, പ്രകൃതി വിഭവങ്ങൾക്കായി സമൂഹങ്ങൾ തമ്മിലുള്ള മത്സരം ഭാവിയിൽ കൂടുതൽ കടുത്തതാകും.

അനുകൂലനം (adaptation) എന്നാൽ മേല്പറഞ്ഞ പോലെയുള്ള സാഹചര്യങ്ങളുടെ ആഘാതം പരമാവധി കുറക്കുവാൻ അനുയോജ്യമായ മാറ്റങ്ങൾ പ്ലാൻ ചെയ്തു നടപ്പിലാക്കുക എന്നതാണ്. പ്രളയത്തെ പ്രതിരോധിക്കുന്ന രീതിയിലുള്ള വീടുകളുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ മിക്കവരും കണ്ടിട്ടുണ്ടാവുമല്ലോ. ഇത് adaptation ന് ഉദാഹരണമാണ്. അടിസ്ഥാനസൗകര്യ വികസനത്തിൽ പ്രകൃതിദുരന്ത സാധ്യതകൾ കണക്കിലെടുത്തു കൊണ്ടുള്ള നിർമാണരീതികൾ അവലംബിക്കൽ, കടലാക്രമണം തടയാനുള്ള നിർമാണങ്ങൾ, കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിക്കൽ ഒക്കെ മറ്റു ചില adaptation രീതികളാണ്. കൂടുതൽ ആഘാതമേൽക്കാനുള്ള സാധ്യതയെ (vulnerability) കുറയ്ക്കാനുതകുന്ന പദ്ധതികൾ ഭരണകൂടങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത് കാര്യക്ഷമമായ ഒരു adaptation രീതിയാണ്. ഉദാഹരണത്തിന് ജീവിതോപാധികളുടെ വൈവിധ്യവൽക്കരണം, ആരോഗ്യ ഇൻഷുറൻസ്, ദുർബല വിഭാഗങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കൽ, ശുദ്ധജല ലഭ്യത ഉറപ്പാക്കൽ ഒക്കെ  ഇതിനുള്ള മാർഗങ്ങളിൽ പെട്ടവയാണ്. ഇത്തരം ക്ഷേമനടപടികൾ കാലാവസ്ഥാ അഭയാർത്ഥികളുടെ എണ്ണം കുറയ്ക്കാൻ സഹായകമാണ്. ഗുരുതരമായ സാഹചര്യങ്ങളിൽ ജനസമൂഹങ്ങളെ ഒന്നാകെ മാറ്റിപ്പാർപ്പിക്കുന്നതും ഒരു adaptation മാർഗമാണ്. Mitigation ന്റെ ഒരു പ്രശ്നം  ഈ പദ്ധതികൾ വലിയ അളവിൽ നടപ്പിലാക്കിയാൽ മാത്രമേ അവയ്ക്ക് കാര്യക്ഷമത ഉണ്ടാവൂ എന്നതാണ്. ഉദാഹരണത്തിന് വ്യക്തികൾ കാർബൺ ഫുട്പ്രിന്റ് കുറയ്ക്കുന്നതിന് യഥാർത്ഥത്തിൽ കടലിൽ കായം കലക്കുന്നതിന്റെ ഫലമേ ഉള്ളൂ. രാജ്യങ്ങൾ ഒന്നാകെ കാർബൺ ഉൽസർജനം കുറയ്ക്കാൻ തീരുമാനിച്ചാലേ  കാര്യമായ എന്തെങ്കിലും ഫലമുണ്ടാകുകയുള്ളൂ. എന്നാൽ adaptation അങ്ങനെയല്ല. ഒരു രാജ്യത്തിന്, ഒരു സംസ്ഥാനത്തിന് എന്തിന് ഒരു പഞ്ചായത്ത് വാർഡിനു വരെ adaptation രീതികൾ കാര്യക്ഷമമായി പ്ലാൻ ചെയ്തു നടപ്പിലാക്കാനാവും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, അയൽക്കൂട്ടങ്ങൾ പോലെയുള്ള സാമൂഹിക സംഘടനകൾ എന്നിവയ്ക്കൊക്കെ ഇതിൽ വലിയ പങ്കുവഹിക്കാനാവും. ഇതിനെല്ലാം മേൽനോട്ടം വഹിക്കുവാനായി ഒരു കാലാവസ്ഥാമാറ്റ നയവും അത് കൈകാര്യം ചെയ്യുന്ന വകുപ്പുമെല്ലാം (ministry) നമുക്കുണ്ടാകേണ്ടതുണ്ട്. ഇത്തരം നയരൂപീകരണ ചർച്ചകൾ വളരെ അടിയന്തിരമായി നടക്കേണ്ട സാഹചര്യവുമാണിപ്പോൾ. നയരൂപീകരണത്തിന്റെ നട്ടെല്ലെന്നത് നമുക്ക് ഈ വിഷയത്തിലുള്ള അറിവാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രാദേശികമായി കാലാവസ്ഥാമാറ്റം ഏതൊക്കെ രീതിയിലാണ് അനുഭവപ്പെടുക എന്നത് പഠിക്കാൻ ഉതകുന്ന ഗവേഷണസ്ഥാപനങ്ങളും അവയ്ക്ക് ഡേറ്റ ലഭിക്കാൻ ആവശ്യമായ നെറ്റ്‌വർക്കുകളും ഉപകരണങ്ങളും ഉണ്ടാകേണ്ടതും അത്യന്തം അനിവാര്യമാണ്. ഈ മേഖലകളിൽ സംസ്ഥാന/പ്രാദേശിക ഭരണകൂടങ്ങൾക്ക് വലിയ സംഭാവനകൾ നൽകാനാകും. പറഞ്ഞു വന്നത് mitigation തീർത്തും വേണ്ട എന്നല്ല, മറിച്ച് adaptation ൽ എങ്ങനെ ചെറുസമൂഹങ്ങൾക്ക് വരെ കാര്യക്ഷമമായി ഭാഗഭാക്കാകാം എന്നാണ്. ഇത്തരം വികേന്ദ്രീകൃതമായ ബഹുമുഖ പ്രതിരോധത്തിലൂടെ മാത്രമേ നമുക്ക് ഈ വിപത്തിനെ നേരിടാനാവൂ എന്നതും പ്രധാനമാണ്.

2021 ലെ കാലാവസ്ഥാ വ്യതിയാന പ്രകടന സൂചിക റാങ്കിംഗ് അനുസരിച്ചുള്ള രാജ്യങ്ങൾ കടപ്പാട്: Wikimedia Commons

കാലാവസ്ഥാമാറ്റം പല മേഖലകളിലും സങ്കീർണമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്ന് വ്യക്തമാണല്ലോ. ഉദാഹരണത്തിന്, ഭാവിയിൽ ജീവിക്കാൻ പോകുന്ന ഏതോ മനുഷ്യർക്ക് വേണ്ടി ഇന്ന് പലവിധ ത്യാഗങ്ങൾ നാം ചെയ്യേണ്ടതുണ്ടോ എന്ന സങ്കീർണമായ നൈതികപ്രശ്നം കാലാവസ്ഥാമാറ്റം ഉയർത്തുന്നുണ്ട്. മനുഷ്യവർഗത്തിന്റെ ചരിത്രത്തിൽ ആ രീതിയിൽ നാം പെരുമാറിയ മുൻ ഉദാഹരണങ്ങളില്ല. അതുപോലെ തന്നെ നാമിന്ന് ജീവിക്കുന്ന ലോകത്തിന്റെ രീതി അങ്ങേയറ്റം കുറേയാളുകൾ പരസ്പരം സഹകരിച്ച് ഒരു രാജ്യമായി ജീവിക്കുന്നു എന്നത് വരെയാണ്. എന്നാൽ കാലാവസ്ഥാമാറ്റം നേരിടണമെങ്കിൽ രാജ്യാതിർത്തികൾക്കപ്പുറത്ത് മനുഷ്യവംശം ഒറ്റക്കെട്ടായി പരസ്പരം സഹകരിച്ചു നിന്നെങ്കിൽ മാത്രമേ സാധിക്കുകയുള്ളൂ. എന്നുവെച്ചാൽ ഏതോ വിദൂര പസഫിക് ദ്വീപിൽ ജീവിക്കുന്ന ഒരാളുടെ സുരക്ഷയ്ക്ക് വേണ്ടി കൂടി ഞാൻ നാളെ നികുതി കൊടുക്കേണ്ടി വരും എന്നുകൂടിയാണർത്ഥം. ഇത്തരം ഒരു ധാർമികതയിലേക്ക് നമുക്ക് മാറാൻ കഴിയുമോ എന്നതൊരു ചോദ്യമാണ്. കോവിഡ് മഹാവ്യാധി പ്രശ്നം രാജ്യാതിർത്തികൾക്കപ്പുറത്ത് മനുഷ്യർക്ക് ഒന്നിച്ചു നിൽക്കാനാവുമോ എന്ന ചോദ്യത്തിന്റെ ഉരകല്ലായിരുന്നു. അതിലും കുറേക്കൂടി വലിയ അളവിലുള്ള സഹകരണവും സഹജീവിസ്നേഹവുമാണ് കാലാവസ്ഥാമാറ്റം ആവശ്യപ്പെടുന്നത്. കാലാവസ്ഥാമാറ്റത്തിന്റെ അടിസ്ഥാന സ്വഭാവം തന്നെ അതിൽ അന്തർലീനമായ അനീതിയാണെന്ന് വേണമെങ്കിൽ പറയാം. കാലാവസ്ഥാമാറ്റം ഏറ്റവും മോശമായി ബാധിക്കാൻ പോകുന്നത് അതിന് ഏറ്റവും കുറച്ച് ഉത്തരവാദികളായവരെയാണ്. ഉദാഹരണത്തിന് ഒരു വികസിത രാജ്യത്തെ പൗരൻ ഒരു ആഴ്ച കൊണ്ട് പുറത്ത് വിടുന്നത്രയും കാർബൺ ഡയോക്സൈഡ്, സബ്സഹാറൻ ആഫ്രിക്കയിൽ ജീവിക്കുന്ന ഒരാൾ നിരവധി വർഷങ്ങൾ കൊണ്ടാണ് പുറത്ത് വിടുന്നത്. എന്നാൽ കാലാവസ്ഥാമാറ്റം കൂടുതൽ ബാധിക്കുക ഈ ആഫ്രിക്കനെ ആയിരിക്കും. Adaptation രീതികൾ നടപ്പിലാക്കാൻ ഏറ്റവും പ്രയാസമനുഭവിക്കാൻ പോകുന്നതും ഈ ദരിദ്ര രാജ്യങ്ങൾ തന്നെയാകും. ദരിദ്ര രാജ്യങ്ങളുടെ ദാരിദ്ര്യം അകറ്റാനുള്ള ശ്രമങ്ങൾ കൂടുതൽ കാർബൺ ഡയോക്സൈഡ് പുറംതള്ളുന്നതിലേക്ക് നയിക്കും. ദരിദ്ര രാജ്യങ്ങളുടെ അതിജീവന ശ്രമങ്ങൾക്ക് തടയിടുന്നത് ധാർമികമായി ശരിയാകുകയുമില്ലല്ലോ. ഏറ്റവും ദുർബലർ ആയ ദരിദ്ര രാജ്യങ്ങളുടെ, ദ്വീപ് രാഷ്ട്രങ്ങളുടെ ഒക്കെ സാമ്പത്തികവും അല്ലാത്തതുമായ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും? വ്യവസായ വിപ്ലവകാലം മുതലേ പുറത്തുവിട്ട കാർബൺ ഡയോക്സൈഡിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സമ്പന്ന രാജ്യങ്ങൾ തയ്യാറാവുമോ?

അടുത്ത ഏതാനും ദശകങ്ങൾക്കുള്ളിൽ റ്റൂവലൂ എന്ന ദ്വീപ് രാഷ്ട്രം പൂർണ്ണമായും കടലിൽ മുങ്ങും എന്നാണ് കണക്കാക്കപ്പെടുന്നത്. റ്റൂവലൂവിലെ ജനങ്ങൾ എങ്ങോട്ടാണ് പോകേണ്ടത്? അവരുടെ രാജ്യം ഇല്ലാതെയായതിന് ആരാണ് ഉത്തരവാദി?


അധിക വായനയ്ക്ക്

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വെള്ള്യാം കല്ലിനോടു വിട – തക്കുടു 15
Next post മോൾനുപിരാവിർ: പുതിയ ആൻറിവൈറൽ ഗുളിക കോവിഡിന് ഫലപ്രദമാവുന്നു
Close