Read Time:44 Minute

എൻവിഡിയയുടെ കുതിച്ചു കയറ്റം

സ്വകാര്യ കോർപറേറ്റുകളുടെ ചരിത്രത്തിൽ സാമാനതകൾ ഏറെയില്ലാത്ത ഒരു സംഭവം ഈയിടെ നടന്നു. എൻവിഡിയ (Nvidia) എന്ന അത്രയൊന്നും അറിയപ്പെടാത്ത ഒരു കമ്പനി ഇക്കഴിഞ്ഞ ജൂൺ 18 ന് ലോകത്തെ ഏറ്റവും വിപണി മൂല്യമുള്ള സ്ഥാപനമായി. മൈക്രോസോഫ്റ്റിനെയും ആപ്പിളിനെയും പുറകിലേക്ക് തള്ളിയാണ് മൈക്രോചിപ്പ് നിർമിതാക്കളായ എൻവിഡിയ വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ സ്ഥാനത്തേക്ക് കുതിച്ചു കയറിയത്.

ഒരു കമ്പനിയുടെ ഓഹരി വിപണിയിൽ വിൽക്കാനാവുന്ന ഓഹരികളുടെ മൊത്തം മൂല്യമാണ് വിപണി മൂല്യം അഥവാ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ (Market Capitalization). നിക്ഷേപകരുടെ കണ്ണിൽ എത്ര മാത്രം വിലപിടിച്ചതാണ് ഒരു കമ്പനി എന്നതിന്റെ സൂചികയായി ഇതിനെ കണക്കാക്കാം. കമ്പനിയുടെ ലാഭക്ഷമത, സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യം തുടങ്ങിയ വസ്തുനിഷ്ഠ ഘടകങ്ങളിൽ ഊന്നിയാണ് പ്രവർത്തിക്കുന്നതെങ്കിലും ഓഹരി വിപണിയുടെ അടിസ്ഥാന സ്വഭാവം ഊഹക്കച്ചവടത്തിന്റേതാണ്. അതുകൊണ്ട് ഇന്ന് ഏറ്റവും വിപണി മൂല്യമുള്ള കമ്പനി ആയിരിക്കണമെന്നില്ല നാളത്തേത്. പക്ഷെ, ഏറ്റവും വലിയ/വിലയേറിയ കുറച്ച് കമ്പനികളുടെ ലിസ്റ്റ് ദീർഘനാളത്തേയ്ക്ക് മാറാതെ ഇരിക്കുന്നതായാണ് പൊതുവേ കാണാറ്. ഇതെഴുതുമ്പോൾ ആപ്പിളും മൈക്രോസോഫ്റ്റും വീണ്ടും എൻവിഡിയയെ കടത്തിവെട്ടിയിട്ടുണ്ട്. എങ്കിലും ലോകത്തെ ഏറ്റവും വിലയേറിയ കമ്പനികളുടെ നിരയിലേക്കുള്ള അതിന്റെ കടന്നു വരവ് അതിശയകരമാണ്.

താഴെ കൊടുത്ത ചാർട്ട് നോക്കുക.

വെറും രണ്ടു വർഷം കൊണ്ടാണ് അമേരിക്കയിലെ ‘ബിഗ് 5 ടെക്’ എന്നറിയപ്പെടുന്ന മൈക്രോസോഫ്റ്റ് , ആപ്പിൾ, ആമസോൺ, ഗൂഗിളിന്‍റെ മാതൃസ്ഥാപനമായ ആൽഫബെറ്റ്, ഫേസ്ബുക്കിന്‍റെയും ഇൻസ്റ്റഗ്രാമിന്‍റെയും വാട്സാപ്പിന്‍റെയും ഉടമസ്ഥരായ മെറ്റ എന്നീ അഞ്ചു കമ്പനികളെ പുറന്തള്ളി ഏറ്റവും വിപണി മൂല്യമുള്ള ടെക്നോളജി കമ്പനിയായി എൻവിഡിയ മാറുന്നത്. അടുത്ത കാലത്തായി നിർമിത ബുദ്ധിയിൽ (എഐ), പ്രത്യേകിച്ച് അതിന്റെ ഒരു ഉപശാഖയായ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റെലിജൻസിലിൽ ഉണ്ടായിട്ടുള്ള വലിയ മുന്നേറ്റമാണ് ഇതിന് പിന്നിൽ. അത്തരം സാങ്കേതികവിദ്യകൾക്കാവശ്യമായ ഗണന ശേഷി (computing power) പ്രദാനം ചെയ്യുന്ന പ്രത്യേക ചിപ്പുകളുടെ നിർമിതാക്കളിൽ പ്രധാനിയാണ് എൻവിഡിയ.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലോകത്തെ ഏറ്റവും വിപണി മൂല്യമുള്ള പത്തു കമ്പനികളിൽ ഭൂരിപക്ഷവും ടെക്നോളജി കമ്പനികളാണ്. സൗദി അരാംകോയെയും ബെർക്ക്‌ഷയർ ഹാത്ത്‌വേയേയും പോലുള്ള ചുരുക്കം ചില കമ്പനികൾ മാത്രമേ മറ്റു മേഖലകളിൽ നിന്നും ഈ കൂട്ടത്തിലെത്തിയിട്ടുള്ളൂ. സാങ്കേതികവിദ്യ (technology) അതിന്റെ ശരിയായ അർത്ഥത്തിൽ മനുഷ്യർ തങ്ങളുടെ ആർജിതജ്ഞാനത്തെ ചുറ്റുപാടുകളെ മാറ്റുന്നതിനും പുതുക്കിപ്പണിയുന്നതിനും ഉപയോഗിക്കുന്ന എല്ലാ പ്രായോഗിക ശാസ്ത്രങ്ങളേയും പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും വിവര സാങ്കേതികവിദ്യ, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിൽ ഏർപ്പെടുന്ന കമ്പനികളെയാണ് ടെക്നോളജി കമ്പനികളെന്ന് ഇന്ന് വിളിച്ചു വരുന്നത്. വർത്തമാനകാലത്ത് ഈ സാങ്കേതികവിദ്യകൾ മാനുഷിക വ്യവഹാരങ്ങളിൽ ചെലുത്തുന്ന നിർണായകമായ സ്വാധീനമാണ് അതിന് കാരണം.

ആസന്നഭാവിയിൽ നിർമിത ബുദ്ധിയും അനുബന്ധ സാങ്കേതികവിദ്യകളും മനുഷ്യന്റെ നിത്യജീവിതത്തിലും സമ്പദ്‌വ്യവസ്ഥയിലും ഏറ്റവും നിർണായകമായ സ്വാധീനം ചെലുത്തുന്ന സാങ്കേതികവിദ്യകളായിരിക്കും എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ലോകത്തെ പ്രധാന ടെക്നോളജി കമ്പനികളും നിരവധി പുതു സംരംഭങ്ങളും ഈ സാങ്കേതികവിദ്യകളിൽ മേൽകൈ നേടാനുള്ള തീവ്രമത്സരത്തിലാണ്. ഭാവിയുടെ ഈ സാങ്കേതികവിദ്യയെ വരുതിയിലാക്കാനുള്ള മത്സരത്തിൽ ഭരണകൂടങ്ങളും സജീവമാണ്. അതുകൊണ്ട് ഈ മേഖല ഓഹരിവിപണിയടക്കമുള്ള ഊഹാധിഷ്ഠിത ഫിനാൻസ് മൂലധനത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നതിൽ അത്ഭുതത്തിന് അവകാശമില്ല.

എന്തുകൊണ്ട് എൻവിഡിയ ?

പക്ഷെ, നിർമിത ബുദ്ധിയുടെ ഈ കുതിപ്പിൽ അൽഗോരിതങ്ങളും മോഡലുകളും വികസിപ്പിക്കുന്ന ‘സോഫ്റ്റ്‌വേർ’ കമ്പനികൾക്കൊപ്പം, ഒരു പക്ഷെ അവയേക്കാളേറെ, പ്രാധാന്യം എൻവിഡിയ പോലൊരു ചിപ്പ് നിർമാണ കമ്പനിക്ക് കൈവരുന്നത് എങ്ങിനെയെന്നത് സാധാരണക്കാർക്ക് പെട്ടന്ന് മനസ്സിലായെന്ന് വരില്ല. ധിഷണാശാലികളായ പ്രോഗ്രാമർമാരുടെ ബുദ്ധിയും കംപ്യൂട്ടർ സയൻസിലും, ഗണിതശാസ്ത്രത്തിലും മറ്റ് ശാസ്ത്രശാഖകളിലും ഉള്ള ഗഹനമായ അറിവും മാത്രം പോരാ ഈ വ്യവസായത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന്. വലിയ മൂലധന നിക്ഷേപം ആവശ്യമായ അതിബൃഹത്തായ അടിസ്ഥാനസൗകര്യങ്ങൾ കൂടി വേണം.

ആർ‍ട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള വലിയ ഭാഷാ മോഡലുകളും (Large Language Models) മറ്റ് ജനറേറ്റീവ് എഐ സാങ്കേതികവിദ്യകളും അടിസ്ഥാനപരമായി ആശ്രയിക്കുന്നത് കൂറ്റൻ വിവരശേഖരങ്ങളുടെ നിരന്തരമായ വിശകലനത്തെയാണ്. നമ്മുക്ക് സങ്കൽപിക്കാവുന്നതിലും എത്രയോ കൂടുതലാണ് ഇതിനാവശ്യമായ ഗണന ശക്തിയും (computing power), വൈദ്യുത ഊർജ്ജവും. ഈ ഗണന ക്രിയകൾക്ക് സാധാരണ കംപ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന സിപിയു (Central Processing Unit) ചിപ്പുകളേക്കാൾ അനുയോജ്യമായ ചിപ്പുകൾ കൈവശമുണ്ട് എന്നതാണ് എൻവിഡിയയെ പോലുള്ള കമ്പനികൾക്ക് ഈ മേഖലയിലുള്ള പ്രസക്തി.

അടുത്ത കാലം വരെ പേഴ്‌സണൽ കമ്പ്യൂട്ടറുകളിലും ഗെയിം കൺസോളുകളിലും ഉപയോഗിക്കുന്ന ജിപിയു (Graphics Processing Unit) ചിപ്പുകളുടെയും ചിപ്‌സെറ്റുകളുടെയും നിർമ്മിതാക്കളായാണ് എൻവിഡിയ അറിയപ്പെട്ടിരുന്നത്. ഗ്രാഫിക്സിന് പ്രാധാന്യമുള്ള സോഫ്റ്റ്‌വേറുകളുടെ ഒരു പ്രത്യേകത അവയ്ക്ക് ഒരേ പോലുള്ള ഗണന ക്രിയകൾ അനേകം തവണ ആവർത്തിച്ച് ചെയ്യേണ്ടതുണ്ട് എന്നതാണ്. സാധാരണ സിപിയുകൾ ഇത് കാര്യക്ഷമമായി ചെയ്യാൻ പര്യാപ്തമല്ല. ഈ ജോലികളെ സിപിയു ചെയ്യുന്ന മറ്റുകാര്യങ്ങളെ തടസ്സപ്പെടുത്താതെ അതിവേഗം സമാന്തരമായി ചെയ്യുന്ന രീതിയെ accelerated computing എന്നാണ് പറയുന്നത്. ജിപിയു കൾ ചെയ്യുന്നത് അതാണ്.

ഇതിലെ സാധ്യതകൾ മുൻകൂട്ടി കണ്ടാണ് 1993 ഏപ്രിലിൽ ചിപ്പ് നിർമാണത്തിൽ ഏറെ അനുഭവ സമ്പത്തുള്ള തായ്‌വാൻ-അമേരിക്കൻ ഇലക്ട്രിക്കൽ എഞ്ചിനീയറായ ജെൻസൻ ഹുവാങ്ങും സംഘവും എൻവിഡിയ സ്ഥാപിക്കുന്നത്. 2006 ൽ ജിപിയുകളിലെ പാരലൽ കമ്പ്യൂട്ട് എഞ്ചിൻ ഉപയോഗിച്ച് ഒരു പാരലൽ കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമും പ്രോഗ്രാമിംഗ് മോഡലും കൂടി അവതരിപ്പിച്ചതോടെ അത് ഈ മേഖലയിലെ മാർക്കറ്റ് ലീഡറായി. എങ്കിലും കമ്പനിയുടെ യഥാർത്ഥ ഭാഗ്യതാരകം തെളിഞ്ഞത് ന്യൂറൽ നെറ്റ്‌വർക്കുകൾ പോലുള്ള മെഷീൻ ലേർണിംഗ് സാങ്കേതികവിദ്യകളിൽ സമീപകാലത്തുണ്ടായ കുതിപ്പ് ആവശ്യപ്പെടുന്ന അതിഭീമമായ ഗണന ശേഷി നൽകാനാവുക ജിപിയുകൾക്കാണ് എന്ന് ആ രംഗത്തെ ഗവേഷകർ തിരിച്ചറിഞ്ഞപ്പോഴായിരുന്നു. ഏറെ വിലപിടിപ്പുള്ള ഇത്തരം കമ്പ്യൂട്ടിങ് പ്ലാറ്റ്‌ഫോമുകൾക്കായുള്ള ആവശ്യക്കാർ ഏറിയതോടെ എൻവിഡിയയുടെ ലാഭവും കുതിച്ചുയർന്നു.

ഇപ്പോൾ നമ്മൾ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്ന എഐ വിപ്ലവത്തിൽ ജിപിയുകൾക്കുള്ള പങ്ക് മനസിലാക്കാൻ ഫോർബ്സ് മാസിക ഉദ്ധരിച്ച ഈ കണക്കുകൾ മതിയാകും: ഓപ്പൺഎഐയുടെ GPT-3 ഭാഷാ മോഡലിന്റെ പരിശീലനത്തിന് ആവശ്യമായ ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുകളുടെ(ജിപിയുs) വില തന്നെ ഏകദേശം 5 ദശലക്ഷം ഡോളറാണ്. ദിനം പ്രതി കോടിക്കണക്കിന് ഉപയോക്താക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ചാറ്റ്ജിപിടി 30,000 ജിപിയുകൾ ഉപയോഗിക്കുന്നു.

ജിപിയുകൾക്കായുള്ള എഐ സാങ്കേതികവിദ്യകളുടെ ഒടുങ്ങാത്ത ആർത്തി എൻവിഡിയയുടെ ബാലൻസ് ഷീറ്റിൽ പ്രതിഫലിച്ചത് എങ്ങിനെയാണെന്ന് നോക്കുക: ഈ സാമ്പത്തിക വർഷത്തിന്റെ കഴിഞ്ഞ പാദത്തിൽ മുൻ വർഷത്തിലെ അതേ കാലയളവിൽ നിന്നും 262 ശതമാനം ഉയർന്നു കമ്പനിയുടെ വില്പന. ഇത് അവർക്ക് നേടിക്കൊടുത്ത ലാഭം (net income) 14.88 ബില്യൺ ഡോളർ ആയിരുന്നു. ഈ വരുമാനത്തിന്റെ നാലിൽ മൂന്ന് ഭാഗവും ജനറേറ്റീവ് എഐ പരിശീലിപ്പിക്കുന്നതിനുള്ള ജിപിയുകൾ അടക്കമുള്ള ഡാറ്റാ സെൻ്റർ കമ്പ്യൂട്ട് വിഭാഗത്തിൽ നിന്നാണ്. കമ്പനിയുടെ പരമ്പരാഗത ബിസിനസായ ഗെയിമിംഗിലൂടെ ലഭിച്ചതാകട്ടെ ആകെ വരുമാനത്തിന്റെ പത്തിൽ ഒന്നു മാത്രവും.

ഒലിഗോപോളികൾ വരുന്ന വഴി

ശരിയായ സമയത്ത് ശരിയായി നിലയുറപ്പിക്കാനൊത്ത ഒരു കമ്പനിയുടെ വിജയഗാഥയായി എൻവിഡിയയുടെ കഥയെ കാണാം. ആ കാഴ്‌ചപ്പാടിലൂടെ നോക്കുമ്പോൾ കൗതുകകരമായ, നിക്ഷേപകർക്ക് ആവേശം നല്കുന്ന ഒരു കാര്യം മാത്രമാണത്. പക്ഷെ നിർമ്മിത ബുദ്ധി ഉപയോഗിച്ച് അതിവേഗം വളർന്നു വരുന്ന പുതിയ സാങ്കേതികവിദ്യകളുടെ വ്യവസായത്തിന്റെ അടിസ്ഥാനപരമായ ചില സവിശേഷതകളെ വെളിവാക്കുക കൂടി ചെയ്യുന്നുണ്ട് അത്. ഗൗരവകരമായ ആശങ്കകൾ ഉയർത്തുന്നതാണ് ഈ പ്രവണതകളിൽ പലതും.

പിന്നീട് ഒലിഗോപോളികൾക്ക് വഴി മാറി കൊടുത്തെങ്കിലും സ്വാതന്ത്ര്യത്തിന്റെയും വികേന്ദ്രീകരണത്തിന്റെയും വാഗ്ദാനങ്ങളുമായാണ് ഇന്റർനെറ്റ് സാങ്കേതികവിദ്യകൾക്ക് നമ്മുക്കിടയിലേക്കെത്തിയത്. എന്നാൽ പുതിയ എഐ സാങ്കേതികവിദ്യകളിൽ തുടക്കം തൊട്ടേ കേന്ദ്രീകരണത്തിന്റെയും കുത്തകവത്കരണത്തിന്റെയും പ്രവണതകളാണ് പ്രകടമാക്കുന്നത്. വൻ മുതൽമുടക്ക് ആവശ്യമാണെന്നത് ഈ സാങ്കേതികവിദ്യകൾ വലിയ ടെക്നോളജി കമ്പനികളുടെയും ആഗോള ഫിനാൻസ് മൂലധനത്തിന്റെയും പരിപൂർണമായ ആധിപത്യത്തിൽ വരാനുള്ള സാധ്യതകളേറ്റുന്നു.

എൻവിഡിയയുടേത് പോലുള്ള ഉയർന്ന ഗണനശേഷി പ്രദാനം ചെയ്യുന്ന ജിപിയുകളും കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമുകളും വാങ്ങാനുള്ള ചിലവ് മുതൽമുടക്കിന്റെ ഒരു ഭാഗം മാത്രമാണ്. അവ പ്രവർത്തിപ്പിക്കാനാവശ്യമായ വൈദ്യോതോർജ്ജവും വളരെ കൂടുതലാണ്. ഉദാഹരണത്തിന് ഒരു പഠനം പറയുന്നത് AI മോഡൽ ഉപയോഗിച്ച് ഒരു ഇമേജ് സൃഷ്‌ടിക്കുന്നതിന് ഒരു സ്മാർട്ട്‌ഫോൺ പൂർണ്ണമായി ചാർജ് ചെയ്യുന്നതിന് ആവശ്യമായത്ര വൈദ്യുതി വേണമെന്നാണ്.

വേറൊരു കണക്ക്: ഗൂഗിളിന്റെ എഐ ഉപയോഗിച്ചുള്ള പുതിയ സെർച്ച് എൻജിൻ ഒരു സെർച്ചിന് പരമ്പരാഗത ഗൂഗിൾ സെർച്ചിൻ്റെ പത്തിരട്ടി വൈദ്യുതി ഉപയോഗിക്കുന്നുണ്ടത്രേ. ഫോണിൽ ഒരു മണിക്കൂർ സംസാരിക്കുമ്പോൾ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവിന് ഏകദേശം തുല്യമാണത്. ഇൻ്റർനാഷണൽ എനർജി ഏജൻസി പറയുന്നത് ഡാറ്റാ സെൻ്ററുകൾ, AI, ക്രിപ്‌റ്റോകറൻസി എന്നിവയിൽ നിന്നുള്ള വൈദ്യുതി ഉപഭോഗം 2026-ഓടെ 2022 ൽ ഉണ്ടായിരുന്നതിന്റെ ഇരട്ടി ആകുമെന്നാണ്. പുതിയ സാങ്കേതികവിദ്യകളുടെ ഭീമമായ ഊർജാവശ്യങ്ങൾ പരിഹരിക്കുന്നതിന് വളരെ കേന്ദ്രീകൃതവും വലിയ മുടക്ക് മുതലുള്ളതുമായ സംവിധാനങ്ങൾ ആവശ്യമായി വരുന്നു. അവയുണ്ടാക്കുന്ന വലിയ പാരിസ്ഥിതികാഘാതങ്ങൾ വേറെയും.

ചുരുക്കത്തിൽ വലിയ കമ്പനികൾക്കോ അല്ലെങ്കിൽ ഫിനാൻസ് മൂലധനത്തിന്റെ കലവറയില്ലാത്ത പിന്തുണയുള്ള സംരംഭങ്ങൾക്കോ മാത്രം ഇടപെടാനൊക്കുന്ന ഒരു മേഖലയായി ഇത് മാറുമെന്ന് ചുരുക്കം. സമൂഹത്തിന്റെ വിശാല താല്പര്യങ്ങളേക്കാൾ ഇവരുടെ താല്പര്യങ്ങൾക്കായിരിക്കും എഐ പോലുള്ള നിർണായകമായ ഒരു സാങ്കേതികവിദ്യ ഉപയോഗിച്ച് വളർന്നു വരുന്ന പുതിയു വിപണികളിൽ മുൻതൂക്കം ലഭിക്കുക.

ഇപ്പോൾ തന്നെ, ചിലവേറിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഈ രംഗത്തെ വിദഗ്ദ്ധരെ സർവ്വകലാശാലകളിൽ നിന്നും സ്വകാര്യ വ്യവസായങ്ങളിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്നത് സ്വതന്ത്രമായ ഗവേഷണത്തിന് വിലങ്ങു തടിയാകുന്നുവെന്ന പരാതി ശക്തമാകുന്നുണ്ട്. സർവ്വകലാശാലകളിലെ ഗവേഷകർക്ക് നിർമിത ബുദ്ധിയിൽ ഗവേഷണം സ്വകാര്യ കോർപറേഷനകൾക്ക് കിട നിൽക്കുന്ന ഗവേഷണങ്ങൾ നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങൾ – കമ്പ്യൂട്ടിംഗ് പവറും ഡാറ്റാ സെറ്റുകളും – ദേശീയതലത്തിൽ ലഭ്യമാക്കാനുള്ള ധനസഹായം അനുവദിക്കണമെന്ന് മുൻ നിര എഐ കമ്പ്യൂട്ടർ ശാസ്ത്രജ്ഞരിൽ ഒരാളായ ഫെയ്-ഫെയ്ലി ആവശ്യപ്പെട്ടതിനെ പറ്റി ഒരു വാർത്ത കുറച്ച് മാസങ്ങൾക്ക് മുമ്പ് വാഷിംഗ്ടൺ പോസ്റ്റിൽ വന്നിരുന്നു. ആ വാർത്തയിൽ കൊടുത്തിട്ടുള്ള ഒരു കണക്ക് അക്കാദമിക് ഗവേഷകർ നേരിടുന്ന പ്രതിസന്ധിയുടെ നേർചിത്രമാണ്. ഫേസ്ബുക്കിന്റെ ഉടമകളായ മെറ്റ നിർമിത ബുദ്ധി വികസനത്തിനായി 350,000 ജിപിയുകൾ മേടിക്കാൻ ഒരുങ്ങുമ്പോൾ സ്റ്റാൻഫോർഡിൻ്റെ നാച്ചുറൽ ലാംഗ്വേജ് പ്രോസസിംഗ് ഗ്രൂപ്പിന് അതിൻ്റെ എല്ലാ ആവശ്യങ്ങൾക്കുമായി 68 ജിപിയുകൾ മാത്രമാണുള്ളത്.

എൻവിഡിയ പോലുള്ള ചിപ്പ് നിർമിതാക്കളോടുള്ള ആശ്രിതത്വത്തിൽ ഈ രംഗത്തെ പ്രമുഖ കമ്പനികളൊന്നും തന്നെ സന്തുഷ്ടരല്ല. എൻവിഡിയയുടെ ലാഭം അവരുടെ നഷ്ടമാണല്ലോ. മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ തുടങ്ങിയ കമ്പനികൾ സ്വയം ചിപ്പ് നിർമാണത്തിൽ ഏർപ്പെടാനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്നാണ് ന്യൂയോർക് ടൈംസ് പറയുന്നത്. ഓപ്പൺഎഐയുടെ സിഇഒ ആയ സാം ആൾട്മാൻ ഈ ശ്രമങ്ങൾക്ക് 7 ട്രില്യൺ ഡോളറിന്റെ നിക്ഷേപം തേടുന്നുവെന്ന് അടുത്ത കാലത്ത് വാൾ സ്ട്രീറ്റ് ജേർണലും റിപ്പോർട് ചെയ്തിരുന്നു.

തങ്ങൾ കൈവരിക്കാനാഗ്രഹിക്കുന്ന ഈ സാങ്കേതികവിദ്യകളുടെ മേലുള്ള പൂർണ അധീശത്വത്തിന് ചിപ്പ് നിർമിതാക്കളോടുള്ള ആശ്രിതത്വം ഗുണകരമാകില്ലെന്ന് ഈ കമ്പനികൾ കണക്ക് കൂട്ടുന്നതിൽ അത്ഭുതത്തിന് അവകാശമില്ല. അതേ സമയം ചിപ്പ് നിർമിതാക്കൾ വെറും ചിപ്പ് നിർമാണത്തിനപ്പുറം പോയി എഐക്ക് വേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമുകളുമായി രംഗത്തെത്തി തങ്ങളെ ഒഴിച്ചു കൂടാൻ പറ്റാത്തവരാക്കി മാറ്റുകയും ചെയ്യുന്നു.

എന്തായാലും ഒന്നു തീർച്ചയാണ്. ചുരുക്കം ചില കമ്പനികളുടെ അധീനതയിലേക്കും നിയന്ത്രണത്തിലേക്കുമാണ് വിപണി മുതലാളിത്തത്തിനകത്ത് നിർമിത ബുദ്ധി വളർന്നു വരുന്നത്. ഇതിന് പിന്നിലുള്ള പ്രധാന ഘടകങ്ങളിലൊന്ന് ഗണന ശേഷിക്ക്, മൈക്രോചിപ്പുകൾക്ക് വേണ്ടിയുള്ള മത്സരമാണ്.

A power substation near a the LC1 CloudHQ data center in Ashburn, Virginia, US, on Wednesday, March 27, 2024 | Photographer: Nathan Howard/Bloomberg via Getty Images

വിവര സാങ്കേതികവിദ്യയുടെ ഭൗതികാടിത്തറ

മനുഷ്യന്റെ ധിഷണയുടെയും ഗണിതശാസ്ത്ര സങ്കല്പങ്ങളുടെയും അമൂർത്തമായ ഉല്പന്നങ്ങളായാണ് നിർമിത ബുദ്ധി അടക്കമുള്ള കമ്പ്യൂട്ടർ പ്രോഗ്രാമുകളെ നാം മനസ്സിലാക്കുന്നത്. അവയ്ക്ക് സോഫ്റ്റ്‌വേർ എന്ന പേരുണ്ടാകുന്നത് തന്നെ അവ പ്രവർത്തിപ്പിക്കാനാവശ്യമായ ഭൗതികമായ ഹാർഡ്‌വേറുകളിൽ നിന്നും വേറിട്ടുള്ള അസ്തിത്വം കാരണമാണല്ലോ. അതേ പോലെ ഇന്ന് ഓൺലൈൻ സേവനങ്ങളെ വിശേഷിപ്പിക്കാനായി വ്യാപകമായി ഉപയോഗിക്കുന്ന ക്‌ളൗഡ്‌ കമ്പ്യൂട്ടിങ് എന്ന പദം നോക്കുക. അമൂർത്തമായ എന്തോ ഒന്ന് എന്ന് ധ്വനിപ്പിക്കുന്നുണ്ട് ആ പ്രയോഗം. പക്ഷെ, തെറ്റിദ്ധരിപ്പിക്കുന്ന ഒരു പ്രതീതി മാത്രമാണിത്. വിവര സാങ്കേതികവിദ്യയുടെ വ്യവസായ ചരിത്രം പരിശോധിച്ചാൽ അതിൻറെ ഭൗതികാടിത്തറയുടെ വികാസപരിണാമങ്ങൾ എന്നും അതിൽ നിർണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് കാണാം.

ചാലകങ്ങൾ (conductors), അർദ്ധചാലകങ്ങൾ (semiconductors), കോടിക്കണക്കിന് ട്രാൻസിസ്റ്ററുകളെ ഏതാനും നാനോമീറ്ററുകൾ മാത്രം വലുപ്പമുള്ള സിലിക്കോൺ വേഫറുകൾക്കുള്ളിൽ ഒതുക്കുന്ന മൈക്രോചിപ്പുകൾ അഥവാ ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ, കരയിലും കടലിലും വ്യാപിച്ചു കിടക്കുന്ന ശൃംഖലകൾ, സാറ്റലൈറ്റുകൾ, ലോകത്തെമ്പാടുമുള്ള ഡാറ്റ സെന്ററുകൾ… ഇങ്ങനെ പ്രകൃതിയുടെ പരിമിതികളെ ഭൗതികമായി തന്നെ വെല്ലുവിളിച്ചാണ് വിവര സാങ്കേതികവിദ്യ വളർന്നു വന്നത്.

ട്യൂറിംഗ് മെഷീനും അലൻ ട്യൂറിങ്ങും

അലൻ ട്യൂറിംഗ് 1936 ൽ കണ്ടുപിടിച്ച ആധുനിക കംപ്യൂട്ടറുകളുടെ ആദിരൂപം – ട്യൂറിംഗ് മെഷീൻ എന്ന അമൂർത്ത യന്ത്രം – ഏത് കമ്പ്യൂട്ടർ അൽഗോരിതവും പ്രവർത്തിപ്പിക്കാൻ സൈദ്ധാന്തികമായി പര്യാപ്തമായിരുന്നു. പക്ഷെ ആ ആശയം ഒരു പ്രായോഗിക യാഥാർഥ്യമാക്കാനുള്ള ഇലക്ട്രോണിക്സ് ഉണ്ടാകാൻ പിന്നെയും വർഷങ്ങൾ എടുത്തു. അവിടന്നിങ്ങോട്ടുള്ള കംപ്യൂട്ടറുകളുടെ ചരിത്രം ‘മൂറിന്റെ നിയമം’ (Moore’s law) അനുസരിച്ച് വികസിച്ച് വന്ന മൈക്രോചിപ്പുകളുടെ ചരിത്രം കൂടിയായിരുന്നു. ഒരു മൈക്രോചിപ്പിലെ ട്രാൻസിസ്റ്ററുകളുടെ എണ്ണം ഓരോ രണ്ട് വർഷത്തിലും ഇരട്ടിയാകുമെന്ന ഗോർഡൻ മൂറിൻ്റെ 1965 ലെ നിരീക്ഷണമാണ് പിൻകാലത്ത് ‘മൂറിന്റെ നിയമം’ എന്ന പേരിൽ പ്രശസ്തമായത്. ആധുനിക മൈക്രോചിപ്പുകൾക്ക് വഴിയൊരുക്കിയ ഫെയർചൈൽഡ് സെമികണ്ടക്ടറിന്റയും പിന്നീട് ഇൻ്റലിൻ്റെയും സഹസ്ഥാപകനായിരുന്നു മൂർ.

ചിപ്പുകൾ മാത്രമല്ല ആധുനിക വിവര സാങ്കേതികവിദ്യകളുടെ ഭൗതികാടിത്തറ. കംപ്യൂട്ടർ ശൃംഖലകളും ഇന്റർനെറ്റും വ്യാപകമാകുകയും അവയിൽ സംഭരിക്കപ്പെടുന്ന ഡാറ്റ ക്രമാതീതമായി വർധിക്കുകയും ചെയ്തതോടെ കമ്പ്യൂട്ടർ നെറ്റ്‌വർക്കിങ്, ഡാറ്റ സ്റ്റോറേജ് തുടങ്ങിയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന നൂതന സാങ്കേതികവിദ്യകൾക്കും ഏറെ പ്രാധാന്യം കൈവന്നിട്ടുണ്ട്. ‘ഡോട്ട് കോം ബൂം’ എന്നറിയപ്പെടുന്ന വേൾഡ് വൈഡ് വെബിന്റെ അതിശയകരമായ വളർച്ചയുടെ ആദ്യകാലങ്ങളിൽ നെറ്റ്‌വർക്കിങ് മേഖലകയിലെ പ്രധാന കമ്പനികളിലൊന്നായ സിസ്‌കോ (Cisco) ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായി മാറിയത് ഇവിടെ ഓർക്കാം.

ചിപ്പുകളും ആഗോളവൽക്കരണവും 

എന്നാൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി ചിപ്പുകൾക്ക് മറ്റ് ഭൗതിക ഘടകങ്ങളെക്കാൾ പ്രാധാന്യം കൈവരുന്നതായി കാണാം. പുതിയ ഡിജിറ്റൽ ലോകത്തിന്റെ അടിസ്ഥാന ശിലകളാണ് ചിപ്പുകൾ എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന മൈക്രോചിപ്പുകൾ. വീട്ടുപകരണങ്ങളും കംപ്യൂട്ടറുകളും മൊബൈൽ ഫോണുകളും തൊട്ട് വാർത്താവിനിമയ സംവിധാനങ്ങളും യുദ്ധോപകരണങ്ങളും സാറ്റലൈറ്റുകളും വരെയുള്ള സാങ്കേതികവിദ്യകളുടെയെല്ലാം തന്നെ സുപ്രധാന ഘടകങ്ങളാണ് അവ. അതേ സമയം ആഗോളവൽക്കരണം അതിന്റെ എല്ലാ അർത്ഥത്തിലും പ്രകടമാകുന്ന അതി സങ്കീർണമായ ഉദ്പാദന വിതരണ ശൃംഖലയാണ് ഈ കൊച്ച് ഉപകരണങ്ങൾ നിർമ്മിക്കുന്ന സെമികണ്ടക്ടർ വ്യവസായത്തിന്റേത്. മിക്ക പുതിയ ചിപ്പുകളും രൂപകല്പന യുഎസ്എയിൽ നിന്നാണെങ്കിൽ അവയുടെ നിർമാണവും പാക്കെജിങ്ങും നടക്കുന്നത് തായ്‌വാൻ പോലുള്ള പൂർവ്വ ഏഷ്യൻ രാജ്യങ്ങളിനിന്നാണ്. അതിനാവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുന്നതാകട്ടെ യൂറോപ്പിലേത് അടക്കമുള്ള മറ്റു രാജ്യങ്ങളിൽ നിന്നും.

വാസ്തവത്തിൽ നിർമിത ബുദ്ധിയോടൊത്തുള്ള എൻവിഡിയയുടെ വളർച്ച കൂടുതൽ കമ്പ്യൂട്ടിങ് ശക്തിക്ക് വേണ്ടിയുള്ള അന്വേഷണങ്ങളുടെയും തീവ്ര മത്സരങ്ങളുടെയും ഒരു ഭാഗം മാത്രമാണ്. നൂതന സാങ്കേതികവിദ്യകളിലുള്ള മേൽക്കോയ്മയാണ് ലോകരാഷ്ട്രങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവും ആയ അധീശത്വത്തെ നിർണയിക്കുന്ന ഏറ്റവും പ്രധാന ഘടകങ്ങളിലൊന്ന്. അതുകൊണ്ട് ചിപ്പുകളടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുക എന്നത് രാഷ്ട്രങ്ങളുടെയും പ്രധാന പരിഗണനകളിലൊന്നായി മാറുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയിലും വ്യാണിജ്യത്തിലും അതിനപ്പുറം പോയി രാഷ്ട്രങ്ങൾ തമ്മിലുള്ള ശാക്തിക ബലാബലങ്ങളിലും വരെ അനുരണനങ്ങളുണ്ടാക്കുന്ന ഒന്നായി മാറിയിട്ടുണ്ട് ഈ മത്സരം. മുകളിൽ സൂചിപ്പിച്ച ആഗോള ഉദ്പാദന വിതരണ ശൃംഖല ഈ മത്സരങ്ങളെ തീവ്രവും സങ്കീർണവും ആക്കുന്നു.

മൈക്രോചിപ്പുകൾ ഇന്ന് ആഗോളവൽക്കരണത്തിലും രാഷ്ട്രീയത്തിലും സ്വാധീനം ഒരു കാലത്ത് പെട്രോളിയം വഹിച്ച പങ്കിന് തുല്ല്യമാണ് എന്നാണ് “Chip War: The Fight for the World’s Most Critical Technology” എന്ന പുസ്തകം എഴുതിയ പ്രശസ്ത സാമ്പത്തിക ചരിത്രകാരനായ ക്രിസ് മില്ലർ വാദിക്കുന്നത്. ചിപ്പുകൾ കണ്ടു പിടിച്ച കാലം തൊട്ട് ഇങ്ങോട്ട് ചിപ്പ് വ്യവസായം കടന്നു വന്ന വഴികളെ മില്ലർ ഈ പുസ്തകത്തിൽ വിശദമായി പരിശോധിക്കുന്നുണ്ട്.

ആദ്യകാലത്ത് യുദ്ധാവശ്യങ്ങളിലും ശീതയുദ്ധം തീവ്രമാക്കിയ ബഹിരാകാശ ഗവേഷണങ്ങളിലും ഒ ക്കെയാണ് ചിപ്പുകൾ വിപണി കണ്ടെത്തിയതെങ്കിലും അധികം താമസിയാതെ തന്നെ മറ്റ് വാണിജ്യ ആവശ്യങ്ങൾക്കും അവ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങി. 1963 ൽ ആണ് യുഎസ് ചിപ്പ് കമ്പനികൾ ഏഷ്യൻ രാജ്യങ്ങളിലെ കുറഞ്ഞ വേതന നിരക്ക് ഉപയോഗപ്പെടുത്താനായി അവിടങ്ങളിൽ ഫാക്ടറികൾ ആരംഭിക്കുന്നത്. 1985-ൽ, ചൈനീസ് വംശജനായ സംരംഭകനായ മോറിസ് ചാങ് തായ്‌വാനിൽ അവിടത്തെ ഗവണ്മെന്റിന്റെ പൂർണപിന്തുണയോട് കൂടി തായ്‌വാൻ മറ്റു കമ്പനികൾക്ക് വേണ്ടി ചിപ്പുകൾ നിർമ്മിക്കുന്ന സെമികണ്ടക്ടർ മാനുഫാക്ചറിംഗ് കമ്പനി (TSMC) സ്ഥാപിച്ചു.

ചിപ്പ് വ്യവസായത്തിന്റെ fabless/foundry മോഡലിലേക്കുള്ള പരിവർത്തനം ഏറ്റവും വികസിച്ച നിലയിൽലെത്തുന്നത് അതോടെയാണ്. ചിപ്പ് നിർമാണം അതിസങ്കീർണവും ചിലവേറിയതും ആയ ഏർപ്പാടാണ്. അതുകൊണ്ട് രൂപകല്പനയും വിൽപ്പനയും സ്വയം ചെയ്യുകയും നിർമാണം (fabrication or fab) അർദ്ധചാലക ഫൗണ്ടറി എന്ന് വിളിക്കപ്പെടുന്ന ഒരു പ്രത്യേക നിർമ്മാതാവിനെ ഏൽപ്പിക്കുകയും ചെയ്യുന്ന രീതിയാണത്. ഇന്ന് എൻവിഡിയ, എഎംഡി, എആർഎം ആപ്പിൾ, ബ്രോഡ്കോം, മീഡിയാടെക്ക് തുടങ്ങിയ അറിയപ്പെടുന്ന ചിപ്പ് നിർമിതാക്കളെല്ലാം ഫാബ്‌ലെസ് കമ്പനികളാണ്. അവയുടെല്ലാം ചിപ്പുകൾ നിർമ്മിക്കുന്നത് ടിഎസ്എംസിയിലും.

ചിപ്പ് നിർമ്മാണത്തിലെ ഈ ആഗോളവൽക്കരണ പ്രക്രിയ ഒറ്റപ്പെട്ട ഒരു പ്രതിഭാസമല്ല. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ വിപണി മുതലാളിത്തത്തിലുണ്ടായ വലിയ മാറ്റങ്ങൾ ഉത്പാദനവും വിതരണവും ഉപഭോഗവും വ്യാപകമായി ആഗോളവൽക്കരിച്ച് തുടങ്ങിയതിന്റെ ഭാഗമായിരുന്നു അത്. രാജ്യാതിർത്തികൾ തടയിടാത്ത വാണിജ്യം; ആഗോളതലത്തിൽ എളുപ്പത്തിൽ ലഭ്യമായി തുടങ്ങിയ ഫിനാൻസ് മൂലധനം; അതിനെല്ലാമുപരിയായി വിവരസാങ്കേതികവിദ്യ, വാർത്താവിനിമയം, ഗതാഗതം തുടങ്ങിയ മേഖലകളിലുണ്ടായ വിപ്ലവകരമായ മുന്നേറ്റങ്ങൾ: ഈ മാറ്റങ്ങൾ വേതനനിരക്ക് കുറഞ്ഞ ഇടങ്ങളിലേക്ക്, രാജ്യങ്ങളിലേക്ക്, ഉത്പാദനവും അതിന്‍റെ കൂടെ തൊഴിലും ആവശ്യാനുസരണം പറിച്ചു നടുക എളുപ്പമാക്കി. പലപ്പോഴും ഈ മാറ്റങ്ങൾ അതതു രാജ്യങ്ങളിലെ തൊഴിൽനിയമങ്ങളെയും സ്വാധീനിച്ചു. ഒരു നാടിനെ നിക്ഷേപകസൗഹാര്‍ദ്ദമാക്കുക എന്നതിനർഥം തൊഴിൽനിയമങ്ങൾ എല്ലാം ഉപേക്ഷിക്കുക എന്നായി വ്യാഖ്യാനിക്കപ്പെട്ടു. ആഗോളവൽക്കരണത്തിന്റെ ഈ പൊതു പ്രവണതകൾ ഏറ്റവും തെളിഞ്ഞു കാണുന്നത് ചിപ്പ് വ്യവസായത്തിലാണ്.

യുഎസ് ചൈന ‘ടെക്ക് വാർ’ 

ചിപ്പ് നിർമാണത്തിലെ ആഗോളവൽക്കരണം യുഎസും ചൈനയും തമ്മിലുള്ള അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന കിടമത്സരത്തിന്റെ കേന്ദ്ര വിഷയങ്ങളിലൊന്നായി അതിനെ മാറ്റിയിട്ടുണ്ട്.

കുറച്ചു വർഷങ്ങൾക്ക് മുൻപ് വരെ വികസിത മുതലാളിത്ത രാജ്യങ്ങളുടെ കണ്ണിൽ കുറഞ്ഞ കൂലിക്ക് കഠിനാദ്ധ്വാനം ലഭ്യമായ ഒരു പണിശാലയായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏകകക്ഷി ഭരണമുള്ള ചൈന. ഇന്ന് അതല്ല സ്ഥിതി. വ്യാവസായികോത്പാദനത്തിൽ ഉണ്ടാക്കിയ അത്ഭുതാവഹമായ പുരോഗതിയും കയറ്റുമതിയെ ആശ്രയിക്കുമ്പോഴും സ്വന്തം രാജ്യത്തിനകത്തു തന്നെയുള്ള വലിയ വിപണിയിലൂടെ സാധ്യമാകുന്ന ആഭ്യന്തര ഉപഭോഗത്തിന്റെ സാധ്യതകളും ആധുനിക സാങ്കേതികവിദ്യകളിൽ സ്വയം പര്യാപ്തത നേടിയെടുക്കാനുള്ള ശ്രമങ്ങളും ചൈനയെ ഒരു ഒരു വലിയ സാമ്പത്തിക ശക്തിയായി മാറ്റിയിരിക്കുന്നു.

2015 ൽ ചൈനീസ് ഗവണ്മെന്റ് അംഗീകരിച്ച് ‘മേഡ് ഇൻ ചൈന 2025’ എന്ന പദ്ധതി ആ രാജ്യത്തെ ലോകത്തെ ഏറ്റവും ശക്തമായ ഉദ്പാദന കേന്ദ്രമാക്കി മാറ്റാനുള്ളതായിരുന്നു. 5G , നിർമ്മിത ബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങിയ ആധുനിക വിദ്യകളിൽ വൻശക്തിയായി മാറാൻ ലക്ഷ്യമിടുന്ന ചൈന, ചിപ്പുകളുടെ നിർമ്മാണത്തിലെ സ്വയം പര്യാപ്തത ഒരു പ്രധാന ലക്ഷ്യമായാണ് കാണുന്നത്.

തങ്ങളുടെ നേതൃത്വത്തിലുള്ള ഏകധ്രുവ ലോക ക്രമത്തിനോടുള്ള വലിയ വെല്ലുവിളിയായാണ് യുഎസ് ചൈനയുടെ ഈ നീക്കങ്ങളെ വിലയിരുത്തുന്നത്. ചൈനയിൽ നിന്നുള്ള ഇറക്കുമതികളുടെ പുറത്ത് ചുമത്തുന്ന തീരുവകളുടെ രൂപത്തിൽ ആരംഭിച്ച ചൈനയുമായുള്ള വ്യാപാര യുദ്ധം (trade war) ഏറെ താമസിയാതെ സാങ്കേതികവിദ്യകളുടെ നിയന്ത്രണത്തിനായുള്ള യുദ്ധത്തിന്റെ (tech war) രൂപമാർജിച്ചു. ചൈന ഒരു സാമ്പത്തിക ശക്തിയെന്നത് പോലെ സൈനിക ശക്തിയായി തീരുമെന്ന ഭയം, വളർന്നു വരുന്ന ചൈന തായ്‌വാൻ സംഘർഷം, കോവിഡ് ലോക്ക്ഡൌൺ ഉണ്ടാക്കിയ വിതരണ ശൃംഖലയിലെ തടസ്സങ്ങൾ തുടങ്ങിയ കാര്യങ്ങളും വാഷിംഗ്ടണിൻ്റെ ആശങ്കകൾക്ക് ശക്തി കൂട്ടി.

ചൈനയുടെ വളർച്ചയെ നേരിടുന്നതിൽ ചിപ്പുകളുൾപ്പെടെയുള്ള മൈക്രോ ഇലക്ട്രോണിക്സിനെ അതീവ തന്ത്രപ്രാധാന്യമുള്ള ഒരു സാങ്കേതികവിദ്യ ആയാണ് യുഎസ് ഭരണകൂടം കാണുന്നത്. യുഎസ് സർക്കാരിന്റെ തലപ്പത്തുള്ളവർ ആവർത്തിച്ച് പറഞ്ഞു കൊണ്ടിരിക്കുന്ന ഒന്നാണ് ഈ വ്യവസായത്തിൽ ആധിപത്യം നിലനിർത്തേണ്ടതിന്റെ ആവശ്യം. സെമികണ്ടക്ടർ വ്യവസായത്തിൽ യുഎസ് നേതൃത്വം പുനഃസ്ഥാപിക്കുന്നതിനും വിദേശത്ത് ഉൽപ്പാദിപ്പിക്കുന്ന ചിപ്പുകളോടുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനും ചൈനയെ പ്രതിരോധിക്കുന്നതിനും വേണ്ടി 2022 ഓഗസ്റ്റ് 9-ന് പ്രസിഡൻ്റ് ജോ ബൈഡൻ ഒപ്പു വെച്ച ചിപ്സ് ആൻഡ് സയൻസ് ആക്റ്റ് ഇതിനൊരുദാഹരണമാണ്. അമേരിക്കൻ സെമികണ്ടക്ടർ ഗവേഷണം, വികസനം, നിർമ്മാണം, തൊഴിൽ ശക്തി വികസനം എന്നിവയ്ക്കായി ഈ ആക്റ്റ് വകയിരുത്തിയിട്ടുള്ളത് $52.7 ബില്യൺ ഡോളർ ആണ്.

ചൈനയിലേക്കുള്ള സാങ്കേതികവിദ്യകളുടെ കയറ്റുമതി പരിമിതപ്പെടുത്തുകയാണ് യുഎസ്-ചൈന സാങ്കേതിക യുദ്ധത്തിൽ യുഎസ് ഗവൺമെൻ്റ് അനുവർത്തിച്ച് വരുന്ന പ്രധാന തന്ത്രങ്ങളിലൊന്ന്. എൻവിഡിയയുടേതു പോലുള്ള അതി ശക്തമായ എഐ ചിപ്പുകൾ ചൈനയിലേക്കെത്തുന്നത് തടയുക അതിലൊന്നാണ്. യുഎസിൻ്റെ സാമ്പത്തിക-ആഗോളരാഷ്ട്രീയ താൽപ്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന സാങ്കേതിക രംഗങ്ങളിലേക്കുള്ള ചൈനയുടെ കടന്നു വരവ് നിയന്ത്രിക്കുന്നതിനാണ് ഇത്തരം നിയന്ത്രണങ്ങൾ ഉപയോഗിക്കുന്നത്. ബ്യൂറോ ഓഫ് ഇൻഡസ്ട്രി ആൻഡ് സെക്യൂരിറ്റി (BIS) പ്രസിദ്ധീകരിക്കുന്ന വ്യാപാര നിയന്ത്രണ പട്ടികയായ എൻ്റിറ്റി ലിസ്റ്റിൽ ഈ രംഗത്തെ പ്രധാന കമ്പനികളെ ഉൾപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നടപടികളാണ് 2018 ൽ തുടങ്ങിയ ഇത്തരം നിയന്ത്രണങ്ങളിലൂടെ നടപ്പിലാക്കിയത്.

2022 ഒക്‌ടോബർ 7-ന് മെച്ചപ്പെട്ട സെമികണ്ടക്ടർ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനുള്ള ചൈനയുടെ കഴിവിന് തടയിടാനുള്ള പുതിയ നിയന്ത്രണങ്ങൾ കൊണ്ട് വന്നത് ഈ ഉപരോധങ്ങളെ അടുത്ത തലത്തിലേക്ക് ഉയർത്തി. ചൈനയുടെ സൈനിക നവീകരണ ശ്രമങ്ങളെ തടയുകയായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഒരു വർഷത്തിന് ശേഷം ഈ നിയമങ്ങൾ കൂടുതൽ കർശനമാക്കപ്പെട്ടു. ഇതെഴുതുമ്പോൾ ചൈനയുടെ സൈനിക ശക്തി വർദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കാവുന്ന നിർണായക ചൈനീസ് സാങ്കേതിക വ്യവസായങ്ങളിലെ പുതിയ അമേരിക്കൻ നിക്ഷേപം തടയുന്നതിനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കുകയാണ് ബൈഡൻ ഭരണകൂടം.

ചുരുക്കത്തിൽ തന്ത്ര പ്രധാനമായ മേഖലകളിൽ സ്വയം പര്യാപ്തത ഉറപ്പു വരുത്താനും പരസ്പരാശ്രിതത്വം കുറയ്ക്കാനും അതൊനൊപ്പം ഏറ്റവും വലിയ വൻശക്തിയാകാനും ആകാനാണ് രണ്ടു ഭരണകൂടങ്ങളും ശ്രമിച്ചു വരുന്നത്. Decoupling എന്ന് രാഷ്ട്രതന്ത്രജ്ഞർ വിളിക്കുന്ന ഈ പ്രക്രിയ എങ്ങോട്ടാണ് ലോകത്തെ നയിക്കുക എന്ന് ഉറപ്പിച്ച് പറയാനൊക്കില്ല. സമ്പദ്‌വ്യവസ്ഥയുടെ ആഗോളവൽക്കരണത്തിൽ നിന്നുള്ള പൂർണമായ തിരിച്ചുപോക്ക് അസാധ്യമായിരിക്കും എന്ന് തീർച്ചയാണ്. പക്ഷെ ഇന്ന് നിലനിൽക്കുന്ന ലോകക്രമത്തിലെ ശാക്തിക ബലാബലങ്ങളിൽ നിർണായകവും ദൂരവ്യാപകവുമായ മാറ്റങ്ങളായിരിക്കും ഉണ്ടാക്കുക.

ചിപ്പുകൾ ആസന്ന ഭാവിയിൽ മനുഷ്യ സമൂഹത്തെ രൂപപെടുത്താൻ പോകുന്ന ഉത്പാദനോപാദികളിലും സാങ്കേതികവിദ്യകളിലും അതിനാവശ്യമായ വിഭവങ്ങളിലും ഉള്ള അധീശത്വം ഉറപ്പിക്കാനുള്ള ശ്രമങ്ങൾ ഈ കിടമത്‌സരത്തിന്റെ കേന്ദ്രപ്രമേയങ്ങളിൽ ഒന്നാണ്. ഈ സാങ്കേതികവിദ്യകളെ ചലിപ്പിക്കുകയും ത്വരിപ്പിക്കുകയും ചെയ്യുന്നത് കമ്പ്യൂട്ടിങ് ഉപകരണങ്ങളുടെ ഗണന ശേഷിയായതുകൊണ്ട് പുതിയ ലോക ക്രമത്തെ ചലിപ്പിക്കുന്ന യന്ത്രങ്ങളുടെ മെറ്റഫോർ ആയി ചിപ്പുകൾ മാറുന്നു.

ലേഖകന്റെ മറ്റു ലേഖനങ്ങൾ

സാങ്കേതികവിദ്യയും സമൂഹവും

ലേഖനങ്ങൾ വായിക്കാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “ചിപ്പുകൾ ചലിപ്പിക്കുന്ന ലോകക്രമം 

  1. Wonderfully summarized…
    Giving a very quick insight into AI and its influence on world order. It gives a good understanding about how Chip technology and its production is influencing the AI world.
    Interesting part is its influence on Global Politics.
    Very good information about the Energy requirement for the maintenance and usage of AI.
    It gives a very good understanding about what is happening in the world surrounding AI. Especially when a common man is becoming an AI user with / without his awareness.
    Curious to see how the competition among the countries and companies are turning out and how they are shaping up in the years to come.

Leave a Reply

Previous post ഗ്രീൻ ഹൈഡ്രജൻ പെട്രോളിന് ബദലാകുമോ? 
Next post അമേരിക്കയിലെ അപ്രത്യക്ഷമാകുന്ന ദ്വീപ്
Close