മഴവില്ലിന്റെ വർത്തമാനം

ഡോ.വിനു പ്രസാദ്. വി.ജി.

അസോ. പ്രൊഫസര്‍, സൈക്യാട്രി, ഗവ. മെഡിക്കല്‍ കോളേജ്, പാലക്കാട്

ന്ത്യൻ സിനിമയിലെ ഒരു കാലത്തെ ഏറ്റവും വലിയ വാഗ്ദാനമായിരുന്നു, സംവിധായകനും നടനുമായിരുന്ന ഋതുപർണ്ണ ഘോഷ്. അദ്ദേഹം അകാലത്തിൽ അന്തരിച്ചു. അദ്ദേഹത്തിന്റെ സിനിമയേക്കാൾ ഒരുപക്ഷേ പ്രകമ്പനമുണ്ടാക്കിയത് അദ്ദേഹം തന്റെ ലൈംഗിക വ്യക്തിത്വത്തെക്കുറിച്ച് സ്വീകരിച്ച നിലപാടുകളാണ്. ജീവിതത്തിന്റെ അവസാന ദശകങ്ങളിൽ അദ്ദേഹം സ്ത്രീകളുടെതായ, അല്ലെങ്കിൽ അങ്ങനെ അംഗീകരിക്കപ്പെട്ട വേഷവും ശാരീരികഭാഷയുമാണ് സ്വീകരിച്ചിരുന്നത്. ലൈംഗികതയെപ്പറ്റി അദ്ദേഹം പറഞ്ഞത്, അത് കറുപ്പോ വെളുപ്പോ അല്ല, മഴവില്ലുപോലെയാണ് എന്നാണ്.

ഋതുപർണ്ണ ഘോഷ്.

ലിംഗവും (Gender) ലൈംഗികാഭിമുഖ്യവും (Sexual orientation) വ്യത്യസ്തമായ സംഗതികളാണ് എന്നത് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ പിന്നിൽ ഭിന്നലൈംഗിക വ്യക്തിത്വങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകരുടെ അക്ഷീണ പ്രയത്നമാണുള്ളത്

ലൈംഗികതയുടെ ജീവശാസ്ത്രം

ജീവശാസ്ത്ര ശ്രേണിയുടെ ഏറ്റവും താഴെക്കിടയിലുള്ള ജീവികളിൽ അലൈംഗിക പ്രത്യുല്പാദനമാണ് ഉള്ളത്. ഇത് മുകളിലേക്ക് പോകെപ്പോകെ ലൈംഗിക പ്രത്യുല്പാദനമാകുന്നു. ഇതിനിടയിൽ ചില ജീവികൾക്ക് ഒരേസമയം ലൈംഗികവും അലൈംഗികവുമായ പ്രത്യുല്പാദനവും സാധ്യമാകും.

ലൈംഗികപ്രത്യുല്പാദനം നടത്തുന്ന എല്ലാജീവിവർഗ്ഗങ്ങളുടെയും നിലനിൽപ്പിന് അടിസ്ഥാനം സ്ത്രീ -പുരുഷലൈംഗികതയാണ്‌. പുരുഷനോ സ്ത്രീയോ ആകുന്ന ലിംഗ നിർണ്ണയ പ്രക്രിയ ജനിതകത്തിൽ നിന്നേ ആരംഭിക്കുന്നു. അച്ഛനിൽ നിന്ന് Y ക്രോമസോം ലഭിക്കുന്നവർ പുരുഷന്മാരും X ക്രോമസോം ലഭിക്കുന്നവർ സ്ത്രീകളും ആകുന്നു. ഇത് ലിംഗ ജീവിതത്തിന്റെ ആരംഭം മാത്രമാണ്. ക്രോമസോമിന്റെ ആജ്ഞ അനുസരിച്ച് പ്രത്യുല്പാദന വ്യവസ്ഥയുടെ നിർമ്മാണം ആരംഭിക്കുന്നു. നിർമ്മാണ സാമഗ്രികളായ പ്രോട്ടീനുകൾ ഫാക്ടറിയിൽ എന്നപോലെ ഉല്പാദിപ്പിക്കപ്പെടുന്നു. തുടക്കത്തിൽ രണ്ടു ലിംഗത്തിനും ഒരേപോലെയുള്ള ഒരു പ്രാചീന പൊതു ലൈംഗിക അവയവ വ്യവസ്ഥയാണ് ഉണ്ടാവുക. ഇതിൽ നിന്ന് പുരുഷന്മാരുടെ വുൾഫിയൻ നാളിയും സ്ത്രീകളുടെ മുള്ളേറിയൻ നാളിയും ഉണ്ടായി വരുന്നു. പിന്നീട് ജീനുകളുടെ തന്നെ ആജ്ഞ പ്രകാരം ഉണ്ടാകുന്ന ലൈംഗിക ഹോർമോണുകൾ പുരുഷന്മാരിൽ വുൾഫിയൻ നാളി വളരാനും മുള്ളേരിയൻ നാളി നശിച്ചു പോകാനും ഇടയാക്കുന്നു, സ്ത്രീകളിൽ നേരെ തിരിച്ചും. ഈ പ്രക്രിയ പ്രധാനമായും ഹോർമോണുകളാൽ നടപ്പാക്കപ്പെടുന്ന അന്തസ്രാവി (endocrine system) വ്യവസ്ഥയുടെ കീഴിലാണ്. ലൈംഗിക അവയവങ്ങളെ

സൂക്ഷ്മമായി പഠിച്ചാൽ ഒളിഞ്ഞിരിക്കുന്ന ഈ പൊതു ലൈംഗിക അവയവത്തിന്റെ അവശിഷ്ടങ്ങൾ കാണാം. ചുരുങ്ങിപ്പോയ ലിംഗമാണ് സ്ത്രീകളിൽ ശിശ്നം (clitoris) ആയി കാണുന്നത്. അത്രപോലെ ചുരുങ്ങിയ ഗർഭപാത്രം പൗരുഷ ഗ്രന്ഥിക്ക് (prostrate) ഉള്ളിൽ പ്രോസ്റ്റാറ്റിക് യൂട്രിക്ൾ എന്നൊരു ചെറിയ അവയവഭാഗമായി കാണാം. 

സാമൂഹ്യശാസ്ത്രം ഇടപെടുന്നു

ജനനശേഷം കാര്യങ്ങൾ പൂർണ്ണമായും ജീവശാസ്ത്രത്തിന്റെ കയ്യിൽ നിൽക്കില്ല. സാമൂഹ്യശാസ്ത്രം കയറി ഇടപെടും. തലച്ചോറ് ആണ് ജീവശാസ്ത്രത്തിന്റെയും സാമൂഹ്യശാസ്ത്രത്തിന്റെയും മധ്യസ്ഥ. വെറും മധ്യസ്ഥയല്ല, സ്വന്തമായി തീരുമാനങ്ങളുള്ള ജീനുകളെ അത്ര കണ്ട് അനുസരിക്കാത്ത, ലേശം തന്നിഷ്ടക്കാരിയായ മധ്യസ്ഥ. അവളുടെയാണ് പിന്നീടുള്ള കളി. ലൈംഗികത മാത്രമല്ല, ജീവിതത്തിന്റെ നിയന്ത്രിത ഭാഗമാകെത്തന്നെ.

ലൈംഗികാഭിമുഖ്യം പ്രത്യുല്പാദനത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ലാതാകുന്നത് ഇവിടെയാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ സാമൂഹ്യപ്രശ്നങ്ങളും ഈ വസ്തുതയിൽ തുടങ്ങുകയും ഇതിനു ചുറ്റും കറങ്ങുകയും ചെയ്യുന്നു.

ഒരു ജീവിയുടെ ആകെ വ്യക്തിത്വത്തിന്റെ (Personality) ഒരു ഭാഗം മാത്രമാണ് ലൈംഗികാഭിമുഖ്യം. അതാണെങ്കിൽ ജീവിതത്തിലുടനീളം സ്ഥിരമല്ല താനും. ചില മത്സ്യങ്ങളിലും മറ്റും സാഹചര്യങ്ങൾക്കനുസരിച്ച് അവരുടെ പ്രത്യുല്പാദനവ്യവസ്ഥയും ലൈംഗികാവയവങ്ങളും വരെ മാറുന്നതായി കണ്ടിട്ടുണ്ട്. എന്നാൽ സസ്തനികളിൽ പ്രത്യുല്പാദന വ്യവസ്ഥ ജനനശേഷം മാറാറില്ല. അപൂർവ്വം ചില രോഗാവസ്ഥകളിൽ ഒഴികെ.

മനുഷ്യൻ ഉൾപ്പടെയുള്ള സസ്തനികൾ ലൈംഗിക അവയവങ്ങളിൽ മാത്രമല്ല, ശരീരമാകെ ആൺ-പെൺ വ്യത്യാസം കാണിക്കുന്നു. ഇതിനെ സെക്ഷ്വൽ ഡൈമോർഫിസം (Sexual dimorphism) എന്നു പറയുന്നു. ഇപ്രകാരം ഒരു സസ്തനി ജനിക്കുമ്പോൾ തന്നെ അതിന്റെ വ്യക്തിത്വം ആൺ / പെൺ ആയി തീരുമാനിക്കപ്പെടുന്നു. സാമൂഹ്യ ജീവികളിൽ ലിംഗപരമായ ചില സാമൂഹ്യ ഉത്തരവാദിത്തങ്ങളും (Social role)  അതോടെ ഉറപ്പിക്കപ്പെടുന്നു. മുകളിൽ പറഞ്ഞതുപോലെ ലൈംഗിക ആഭിമുഖ്യം കൈവരുന്നത് അതും കഴിഞ്ഞിട്ടാണ്.

മനുഷ്യന്റെ കാര്യത്തിൽ ലൈംഗികവ്യക്തിത്വത്തിന് കൂടുതൽ ഉയർന്ന ഒരു തലമുണ്ട്. സാംസ്കാരികതലം എന്നു വേണമെങ്കിൽ പറയാം. കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതും അവരെ ജീവിതത്തിനായി പ്രാപ്തരാക്കുന്നതും മറ്റു ജീവികളിൽ നിന്നും വിഭിന്നമായി കൂടുതൽ സങ്കീർണ്ണവും ബോധപൂർവ്വവുമായ ഒരു പ്രക്രിയയാണ് നമുക്ക്. വസ്ത്രധാരണം, ശരീരഭാഷ അങ്ങനെ സർവ്വതലങ്ങളിലും ലിംഗ വ്യക്തിത്വം കടന്നുവരും. അക്കൂട്ടത്തിൽ ലൈംഗിക ചോദനകളുടെ ദശകൾ കടന്ന് കൗമാരം കഴിയുമ്പോഴേക്കും ലൈംഗിക ആഭിമുഖ്യം ഉറയ്ക്കുന്നു. കൗമാരകാലത്തിന്റെ ആദ്യ ഭാഗത്ത് ഇരുലിംഗങ്ങളോടും ലൈംഗിക താത്പര്യം തോന്നുന്ന ഒരു ഘട്ടം സ്വാഭാവികമായി തന്നെ ഉണ്ട്. ഇത് പക്ഷേ ഭൂരിഭാഗം പേരിലും കൗമാരം കഴിയുമ്പോഴേക്കും പൂർണ്ണമായും മാഞ്ഞുപോകുന്നു.

ലൈംഗിക ആഭിമുഖ്യം തീരുമാനിക്കുന്നതിൽ മുഖ്യഘടകം ജീവശാസ്ത്രപരമായ ലിംഗത്തിന് തന്നെയാണ്. അതുകൊണ്ടാണ് ബഹുഭൂരിപക്ഷത്തിനും എതിർലിംഗത്തോട് ആഭിമുഖ്യം തോന്നുന്നത്. മൂന്നുശതമാനത്തിൽ താഴെ മാത്രമേ സ്വവർഗ്ഗാനുരാഗികൾ ഉള്ളൂ. അപൂർവ്വമായി ലൈംഗിക ചോദനയേ ഇല്ല (Asexual) എന്നു പറയുന്ന ഒരു വിഭാഗവും ഉണ്ട്.

ഒരാളിൽ ഏതുതരം ലൈംഗികാഭിമുഖ്യമാണ് പ്രകടമാവുന്നത് എന്നതിന് ലൈംഗിക- പ്രത്യുല്പാദന വ്യവസ്ഥയിലും സൂക്ഷ്മമായ ജീവശാസ്ത്രപരമായ  ഘടകങ്ങളും ഉണ്ട്. തലച്ചോറിൽ, നാഡീവ്യവസ്ഥയിൽ പ്രവർത്തിക്കുന്നവ. നേരത്തെ പറഞ്ഞ മധ്യസ്ഥയുടെ ചെവി തിന്നുന്നവ.  അതായത് ഈ ചോദന ജീനുകളിൽ ഒളിഞ്ഞിരിക്കാം (കൃത്യമായി എവിടെ എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും ). പിന്നീട് ബാല്യ- കൗമാരങ്ങളിലെ അനുഭവങ്ങൾ കാര്യങ്ങളെ സ്വാധീനിക്കാം. എന്തായാലും ഇത് വ്യക്തിപരമായ ഒരു തിരഞ്ഞെടുപ്പല്ല, മറിച്ച് അങ്ങനെ ആയിത്തീരുകയാണ്. ഇത് സമൂഹം സ്വാഭാവികം എന്നു വിളിക്കുന്ന വിഭാഗത്തിനും (hetero Sexual)  ഭിന്നം എന്നു വിളിക്കുന്ന വിഭാഗത്തിനും (homo/ bi sexual) ഒരുപോലെ ബാധകമാണ്.

സാധാരണമല്ലാത്ത എന്തിനെയും രോഗമായി കൂട്ടുന്നതുപോലെ ഭിന്ന ലൈംഗിക ആഭിമുഖ്യങ്ങളെയും ഒരു കാലഘട്ടം വരെ രോഗമായി കണ്ടിരുന്നു. എന്നാൽ നിലവിൽ ആധുനിക വൈദ്യശാസ്ത്രത്തിലെ ഒരു ധാരയും സാധാരണമല്ലാത്ത ലൈംഗിക ആഭിമുഖ്യത്തെ രോഗമായി കണക്കാക്കുന്നില്ല. 

ആൽഫ്രഡ് കിൻസി  (Alfred Kinsey)

1948 ൽ ആൽഫ്രഡ് കിൻസി (Kinsey) നടത്തിയ പഠനങ്ങൾ സ്വവർഗലൈംഗികത സ്വാഭാവിക ലൈംഗികതയുടെ ഒരു ഭിന്നതലം മാത്രമാണെന്ന് ശാസ്ത്ര ലോകത്തിന് മുമ്പാകെ തെളിയിച്ചു. ക്ലിലാന്റ് ഫോർഡും ഫ്രാങ്ക് ബീച്ചും (1951) സ്വവർഗ്ഗ ലൈംഗികത മറ്റു മൃഗങ്ങളിലും നിലനിൽക്കുന്നതായി കാണിച്ചുതന്നു. കിൻസിയുടെ തന്നെ പഠനങ്ങൾ  ഋതുപർണ്ണ ഘോഷ് പിന്നീട് സൗന്ദര്യാത്മകമായി പറഞ്ഞതുപോലെയാണ് കണ്ടെത്തിയത്. അദ്ദേഹം ലൈംഗിക ആഭിമുഖ്യത്തിന് എഴ് പോയന്റുകൾ ഉള്ള ഒരു സ്കെയിൽ വികസിപ്പിച്ചു.

ഇതിൽ 0 വന്നാൽ പൂർണ്ണമായും സ്ത്രീ- പുരുഷ ലൈംഗികാഭിമുഖ്യവും 6 വന്നാൽ പൂർണ്ണമായും സ്വവർഗ്ഗ ലൈംഗികാഭിമുഖ്യവുമാണ്. 3 വന്നാൽ ബൈ സെക്ഷ്വൽ ആണെന്നും. എന്നാൽ ഇത് 70 വർഷം മുമ്പാണ് എന്നോർക്കണം. അതിനു ശേഷം അതിർവരമ്പുകൾ വീണ്ടും മാഞ്ഞിട്ടുണ്ട്. സ്വവർഗ്ഗത്തോട് താൽപര്യം എന്നാൽ എതിർലിംഗത്തോട് അസംഭവ്യമല്ല, അതേപോലെ ബൈ സെക്ഷ്വൽ ആണെങ്കിലും എതിർ ലിംഗത്തോട് കൂടുതൽ താല്പര്യം – അങ്ങനെയൊക്കെ ഉണ്ട്. ഒരാൾ സ്വന്തം ലൈംഗിക വ്യക്തിത്വം തന്റെ ജൈവ ലൈംഗികതയ്ക്ക് എതിരാണ് എന്നു പറയുകയും അതിനനുസരിച്ച് ആൾ താൻ സ്വയം അടയാളപ്പെടുത്തുന്ന ലിംഗത്തിന് എതിർലിംഗത്തിലുള്ള ആളോട് ആഭിമുഖ്യം കാണിക്കുകയും ചെയ്യുമ്പോൾ അതിനെ സ്വവർഗ്ഗ ലൈംഗികത എന്നു വിളിക്കാമോ എന്നതുതന്നെ ഒരു ചോദ്യമാണ്. നേരെ തിരിച്ച് ആലോചിച്ചാൽ പ്രശ്നം കൂടുതൽ സങ്കീർണ്ണമായി.

ഇതാക്കെ പറയുമ്പോഴും സ്വന്തം ലൈംഗികാഭിമുഖ്യം ബഹുഭൂരിപക്ഷത്തിന്റെയും പോലെയല്ല എന്ന തിരിച്ചറിവുണ്ടാകുന്ന ഘട്ടം വലിയ വികാര വിക്ഷോഭത്തിന്റേതാണ്. ആ ഘട്ടത്തിൽ  വിദഗ്ധ സഹായം വേണ്ടി വന്നേക്കും. അതേപോലെ തന്റെ ലൈംഗികാഭിമുഖ്യവുമായി താദാമ്യം പ്രാപിക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ട്. ഇവിടെയും സഹായം വേണ്ടിവരും. ഇത്തരം ഓരോ വ്യക്തിയുടെയും പുറത്തുവരൽ (coming out) ഇന്ന് വലിയ വാർത്തയല്ല. എന്നാൽ  സമൂഹത്തിൽ നിന്ന് മുൻവിധിയും അകൽച്ചയും നേരിടേണ്ടി വരുന്ന ഏതൊരു വിഭാഗത്തിലും എന്ന പോലെ ചൂഷണങ്ങൾ ഇവിടെ സാധാരണമാണ്. സമൂഹം മുൻവിധികളില്ലാതെ ചേർത്തു നിർത്തുന്നില്ലെങ്കിൽ അവ ഇനിയും വർധിക്കുകയേ ഉള്ളൂ.


Leave a Reply