Read Time:6 Minute

പത്ര പ്രസ്താവന

ചന്ദ്രയാൻ 3 :

ശാസ്ത്രസമൂഹത്തിന്റെ അഭിമാനാർഹമായ വിജയം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്


ചന്ദ്രയാൻ 3ന്റെ വിജയത്തോടുകൂടി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേഷണം നടത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ ചരിത്രത്തിൽ സ്ഥാനം പിടിക്കുകയാണ്. സ്വാതന്ത്ര്യലബ്ധിമുതലിങ്ങോട്ട് ജവഹർലാൽ നെഹ‍്റുവിന്റെ നേതൃത്വത്തിൽ ഭരണരംഗത്ത് നയപരമായും വിക്രം സാരാഭായിയെപ്പോലുള്ള ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ ഗവേഷണരംഗത്ത് ശാസ്ത്രീയമായും പാകിയ അടിത്തറയാണ് ഈ വലിയ നേട്ടത്തിലേക്ക് നമ്മളെ എത്തിച്ചിരിക്കുന്നത്.

വിക്രം സാരാഭായി, ജവഹർലാൽ നെഹ്റു

ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ നിലവിൽ വന്ന കാലം മുതൽ നടത്തിയ തുടർച്ചയായ പ്രവർത്തനങ്ങൾ ചാന്ദ്രയാൻ 3ന്റെ വിജയത്തോടെ പുതിയൊരു ഘട്ടത്തിലേക്കു കടക്കുകയാണ്. ബഹിരാകാശ രംഗത്തെ ഗവേഷണങ്ങൾക്കു മാറിമാറി വന്ന വിവിധ സർക്കാരുകൾ നയപരമായ പ്രാധാന്യം നൽകിയിരുന്നു. ബഹിരാകാശ ഗവേഷണരംഗത്തും പ്രതിരോധമേഖലയിലുമാണ് ഇന്ത്യൻ ശാസ്ത്രമേഖല ഈ കാലയളവിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത് എന്നു കാണാം.

സമീപകാലത്താകട്ടെ രാഷ്ട്രീയവും ഭരണപരവുമായ കാരണങ്ങളാൽ ഇന്ത്യയിൽ ശാസ്ത്രസാങ്കേതികമേഖലയിൽ അനുവദിക്കുന്ന സർക്കാർധനസഹായത്തിൽ വലിയ വെട്ടിക്കുറവുകൾ വരുത്തിയിട്ടുണ്ടെങ്കിൽപോലും ബഹിരാകാശഗവേഷണമേഖലയെ കൈവിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ചന്ദ്രയാൻ 2ന്റെ പരാജയത്തിൽനിന്നും ISRO ഉൾക്കൊണ്ട പാഠങ്ങളും അതനുസരിച്ച് ചാന്ദ്രയാൻ 3നെ വിജയത്തിലെത്തിച്ച അതിന്റെ രൂപകല്പനയിൽ വരുത്തിയ മാറ്റങ്ങളും ശാസ്ത്രത്തിന്റെ നിരന്തരം പുതുക്കപ്പെടുന്ന രീതിശാസ്ത്രത്തിനു ഉത്തമോദാഹരണമാണ്.

മറ്റൊന്ന് ചന്ദ്രയാൻ 3 ദൗത്യത്തിന് അന്താരാഷ്ട്ര ശാസ്ത്രസമൂഹം നൽകിയ പിന്തുണയാണ്. യൂറോപ്യൻ സ്പേസ് ഏജൻസിയും നാസയും തങ്ങളുടെ സ്പേസ് കമ്മ്യൂണിക്കേഷൻ ബേസ് സ്റ്റേഷനുകൾ ചാന്ദ്രയാന്റെ വിവര വിനിമയത്തിനു നീക്കിവച്ചത് ശാസ്ത്രരംഗത്ത് അതിരുകൾ ഭേദിച്ചുള്ള ജനാധ്യപത്യത്തിനും പരസ്പര സഹകരണത്തിനും മറ്റൊരു ഉദാഹരണമാണ്. ആ അർഥത്തിൽ ഇത് ലോകമാകെയുള്ള ശാസ്ത്രസമൂഹത്തിന്റെ വിജയം കൂടിയാണ്. അതേസമയം ഈ പദ്ധതിക്കാവശ്യമായ മുഴുവൻ യന്ത്രോപകരണങ്ങളും ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്തതാണെന്നത് ഇന്ത്യൻ ശാസ്ത്രരംഗത്തിനു അത്യന്തം അഭിമാനകരം തന്നെ. ചാന്ദ്രയാൻ 3ന്റെ ഈ വിജയ നിമിഷത്തിൽ എല്ലാ ഇന്ത്യക്കാരോടൊപ്പം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സന്തോഷം പങ്കിടുന്നു, ഒപ്പം പദ്ധതിയുടെ വിജയത്തിനായി പ്രവർത്തിച്ച ISRO യിലെ മുഴുവൻ ശാസ്ത്രജ്ഞരെയും വിശേഷിച്ചും ഇന്ത്യൻ ശാസ്ത്രസമൂഹത്തെ പൊതുവായും അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബി രമേശ് – പ്രസിഡന്റ്
ജോജി കൂട്ടുമ്മേൽ – ജനറൽ സെക്രട്ടറി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്



Happy
Happy
71 %
Sad
Sad
7 %
Excited
Excited
14 %
Sleepy
Sleepy
0 %
Angry
Angry
7 %
Surprise
Surprise
0 %

Leave a Reply

Previous post ചന്ദ്രയാൻ 3- നിർണ്ണായകമായ 15 മിനിറ്റും 8 ഘട്ടങ്ങളും
Next post Climate Change Adaptation – ഉപന്യാസരചനാ മത്സരം
Close