‘ചക്മക് ‘ന് ആ പേര് എങ്ങനെയാണ് വന്നത്?

ചക്മക്’ എന്നത് മലയാളത്തിൽ യുറീക്ക പോലെ, ഏകലവ്യ എന്ന ശാസ്ത്ര സംഘടനയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന, ഹിന്ദിയിൽ ഏറെ പ്രചാരമുള്ള ഒരു ബാലശാസ്ത്ര മാസികയാണ്. ചക്മക് എന്ന ഹിന്ദി വാക്കിന്റെ അർത്ഥം –  ഉരസുമ്പോൾ തീപ്പൊരി പുറപ്പെടുവിയ്ക്കുന്ന  ഒരു തരം കല്ല് എന്നാണ്. ഇവിടെ’ ചക്മക്’ എന്ന ഹിന്ദി ബാലശാസ്ത്രമാസികയ്ക്ക് ആ പേര് എങ്ങനെയാണ് വന്നത് എന്നതിനെക്കുറിച്ചാണ് അരവിന്ദ് ഗുപ്ത വിവരിക്കുന്നത്.

എഴുത്ത് : അരവിന്ദ് ഗുപ്ത

പരിഭാഷ : ജയ് സോമനാഥൻ

ചക്മക് എന്ന പേര് വന്നതിന്റെ പിന്നിൽ രസകരമായൊരു കഥയുണ്ട്. ഞാനന്ന് ടാറ്റ ട്രക്ക് ഫാക്ടറിയിലായിരുന്നു ജോലി ചെയ്തിരുന്നത്. 1978ൽ ഒരു വർഷത്തെ അവധിയെടുത്ത് ‘കിശോർ ഭാരതി’ എന്ന് പേരുള്ള സംലടനയിൽ ചേർന്ന് പ്രവർത്തനമാരംഭിച്ചു. അവിടെ ഹോഷങ്കാബാദ് സയൻസ് പ്രൊജക്റ്റിലായിരുന്നു പ്രവർത്തനം. അവിടെ ഞങ്ങൾ സയൻസുമായി ബന്ധപ്പെട്ട ബദൽ പുസ്തകങ്ങൾ തയ്യാറാക്കാൻ തുടങ്ങി. രസകരമായിരുന്നു ആ ദിനങ്ങൾ. ഹോഷങ്കാബാദ് ശാസ്ത്ര പദ്ധതിയുമായി ബന്ധപ്പെട്ടതോടെ ‘ഹോഷങ്കാബാദ് സയൻസ് ‘എന്ന അവരുടെ പത്രിക എനിയ്ക്ക് സ്ഥിരമായി കിട്ടാറുണ്ടായിരുന്നു.1983ൽ ഈ പത്രികയിൽ വന്ന ഒരു വിജ്ഞാപനം എന്റെ ശ്രദ്ധയിൽ പെട്ടു. ഏകലവ്യ കുട്ടികൾക്കായൊരു ശാസ്ത്ര മാസിക ആരംഭിയ്ക്കാൻ ഉദ്ദേശിക്കുന്നു.

അതിനു പറ്റിയൊരു പേര് വേണം, അതിനായുള്ള അന്വേഷണത്തിലാണ്. തെരഞ്ഞെടുക്കുന്ന പേരിന് 100 രൂപ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഞാനും തല പുകഞ്ഞാലോചിച്ചു. ആ കാലത്ത് ഛത്തിസ്ഗഡിൽ ഒരു തൊഴിലാളി സംഘടനയുമായി ബന്ധപ്പെട്ടും ഞാൻ പ്രവർത്തിച്ചിരുന്നു. റഷ്യയിലെ മഹാനായ വിപ്ലവനേതാവ് വ്ലാദിമീർ ഇലിച്ച് ലെനിന്റെ കുട്ടിക്കാലത്തെക്കുറിച്ചു പ്രതിപാദിക്കുന്നൊരു നല്ല പുസ്തകം അക്കാലത്ത് വായിച്ചിരുന്നു.

‘ദി ഏർളി ലെനിൻ’ – ലിയോ ട്രോട്സ്കിയാണ് ആ പുസ്തകം എഴുതിയിരുന്നത്. ആ പുസ്തകത്തിലെ ഒരു ഭാഗം എന്നെ വല്ലാതെ സ്വാധീനിച്ചു. തൊഴിലാളികളുടേയും, കർഷകരുടേയും മുന്നണിപ്പോരാളിയായി പ്രവർത്തിച്ച ലെനിൻ ജനിച്ചത് വിദ്യാഭ്യാസ പശ്ചാത്തലമുള്ള ഒരു മദ്ധ്യവർഗ്ഗ കുടുംബത്തിലായിരുന്നു. ലെനിന്റെ പിതാവ് ഇല്യ വിദ്യാഭ്യാസ വകുപ്പിൽ ഒരു ഉയർന്ന ഓഫീസറും, അമ്മ മരിയ സ്കൂൾ ടീച്ചറുമായിരുന്നു.

മൂത്ത ചേട്ടനായ അലക്സാണ്ടർ സർവ്വകലാശാലയിലെ  ഭൗതികശാസ്ത അദ്ധ്യാപകനായിരുന്നു. സഹോദരി അന്നയാവട്ടെ ചിത്രകാരിയാണ്. ചെസ്സ് കളിയും , പുസ്തകവായനയും ലെനിൻ്റെ  ഇഷ്ടപ്പെട്ട വിനോദങ്ങളായിരുന്നു. ജോലിയുടെ ഭാഗമായി വിദ്യാലയങ്ങൾ സന്ദർശിച്ച് വീട്ടിലെത്തിയിരുന്ന അച്ഛനിൽ നിന്നും, സാർ ചക്രവർത്തിയുടെ ഭരണത്തിനു കീഴിൽ നരകയാതന അനുഭവിയ്ക്കുന്ന ഗ്രാമീണരുടെ ജീവിതാവസ്ഥകൾ ലെനിൻ കേൾക്കാറുണ്ടായിരുന്നു. സ്വാഭാവികമായും ലെനിന്റെ മനസ്സിനെ അതെല്ലാം ആഴത്തിൽ സ്വാധീനിക്കുകയും ചെയ്തു.

സ്വതന്ത്രവും, ബൗദ്ധികവുമായ ചുറ്റുപാടായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ എല്ലാവരും ചേർന്ന് തയ്യാറാക്കിയിരുന്ന ‘ഗൃഹപത്രം’ തന്നെ അതിന്റെ ദൃഷ്ടാന്തമാണ്. നാല് പേജുകളിലായിട്ടാണ് പത്രം തയ്യാറാക്കാറുണ്ടായിരുന്നത്. ലെനിന്റെ അച്ഛൻ തന്റെ യാത്രാവിവരണങ്ങൾ ആകർഷകമായ കഥകളാക്കി അതിൽ എഴുതും. ചേട്ടനാണ് ശാസ്ത്രവിഷയങ്ങൾ എഴുതാറുണ്ടായിരുന്നത്. തന്റെ സ്കൂളിലെ കുട്ടികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ലെനിന്റെ അമ്മ എഴുതും. ലെനിൻ എഴുതാറുള്ളത് പുസ്തകസമീക്ഷയാണ്. വീട്ടിൽ നിന്നിറങ്ങുന്ന പ്രതിവാരപത്രത്തിലെ എല്ലാ പേജുകളിലും  മനോഹരമായ ചിത്രങ്ങൾ വരച്ചിരുന്നത് അനിയത്തി അന്ന ആയിരുന്നു. എല്ലാ ഞായറാഴ്ച്ചകളിലും പ്രഭാത ഭക്ഷണത്തിനു മുമ്പ്  മേശയ്ക്ക് ചുറ്റുമിരുന്ന് ‘ഗൃഹപത്രം’ വായിയ്ക്കുക പതിവായിരുന്നു. അതിന് ശേഷമേ  ബ്രേക്ക്ഫാസ്റ്റ് കഴിയ്ക്കു. ഇതെല്ലാം ലെനിനിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടാവണം.

ലെനിന്റെ ചേട്ടൻ അലക്സാണ്ടറെ സാർ ചക്രവർത്തിക്കെതിരെ  തീവ്രവാദിപ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന് ആരോപിച്ച് 1894 ൽ വധശിക്ഷയ്ക്ക് വിധേയനാക്കി. അതിനെതുടർന്ന് ലെനിനെ 14 മാസം ജയിൽവാസത്തിന് വിധേയനാക്കിയതിനു ശേഷം നാടുകടത്തി. 1900 ൽ തന്റെ രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ട ലെനിൻ മ്യൂണിക്കിലും, ജർമ്മനിയിലുമൊക്കെയാണ് വസിച്ചത്.

അതെ സമയം മറ്റു നിരവധി റഷ്യൻ വിപ്ലവകാരികളും പടിഞ്ഞാറൻ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലായി കഴിയാൻ നിർബ്ബന്ധിതരായിരുന്നു. മ്യൂണിക്കിൽ വെച്ച് ലെനിൻ തന്റെ പത്നി ക്രൂപ്സ്കായയുടെയും മറ്റു സുഹൃത്തുക്കളുടെയും സഹായത്തോടെ ഒരു പുതിയ പത്രം പുറത്തിറക്കാൻ  തുടങ്ങി. വിവിധ രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന റഷ്യൻവിപ്ലവകാരികളെ ഒരുമിച്ച് ചേർക്കലായിരുന്നു പത്രത്തിന്റെ ഉദ്ദേശ്യം. ഈ പത്രത്തിന്റെ പേര് ‘ഇസ്‌ക്ര’ എന്നായിരുന്നു. ഒരു റഷ്യൻ വാക്കായ ‘ഇസ്ക്ര ‘യുടെ അർത്ഥം തീപ്പൊരി എന്നായിരുന്നു. തീപ്പൊരി ചിതറുന്നത് കല്ലിൽ നിന്നാണെന്നത് നമുക്കറിയാമല്ലൊ. അതിനാൽ  ‘ ഏകലവ്യ’ യുടെ പ്രസിദ്ധീകരണത്തിന് ‘ഉരസുമ്പോൾ തീപ്പൊരി ചിതറാൻ കാരണമാകുന്ന കല്ല് ‘ എന്ന അർത്ഥമുള്ള ‘ ചക്മക് ‘ എന്ന പേര് ഞാൻ നിർദ്ദേശിച്ചു. ഏകലവ്യ ടീമിന് ഈ പേര് ഇഷ്ടമായി, അവർ എനിയ്ക്ക് 100 രൂപ സമ്മാനമായി തന്നു. കല്ലുകളുരസുമ്പോൾ ഉണ്ടാവുന്ന തീപ്പൊരി നിമിഷനേരമേ  നിലനിൽക്കു. എന്നാൽ ഈ തീപ്പൊരി നിരവധി പേർ ചേർന്ന് നീണ്ട കാലമായി ജീവിപ്പിച്ച് നിർത്തുന്നുണ്ട്. ‘നിങ്ങൾക്ക് വീണ്ടും തീപ്പൊരി ഉണ്ടാക്കണമെങ്കിൽ ‘ ചക്മക് ‘ അടുത്തുണ്ടെങ്കിൽ സാധിയ്ക്കും. എത്ര കട്ടപിടിച്ച ഇരുട്ടായിരുന്നാലും ലക്ഷ്യത്തിലെത്താനുള്ള നിങ്ങളുടെ യാത്രയിൽ ‘ചക്മക് ‘തീർച്ചയായും സഹായകരമാകും.


(കടപ്പാട് – ചക്മക്)

Leave a Reply