Read Time:3 Minute
പക്ഷിപ്പനി ഭീതി പടര്‍ന്നതോടെ കോഴിയിറച്ചിയുടേയും, മുട്ടയുടേയും വിലയും വിപണിയും ഇടിഞ്ഞെന്നാണ് കോഴിവിപണിയില്‍ നിന്നുമെത്തുന്ന വാര്‍ത്ത. എന്നാൽ മതിയായി വേവിച്ച മുട്ടയോ ഇറച്ചിയോ കഴിക്കുന്നതില്‍ ഭീതിയൊന്നും വേണ്ട എന്നതാണ് വസ്തുത
70° സെല്‍ഷ്യസില്‍ ചൂടാക്കുമ്പോള്‍ 30 മിനിറ്റിനകം വൈറസുകള്‍ നശിക്കും. അതിനാൽ നന്നായി പാകം ചെയ്ത ഇറച്ചിയും മുട്ടയും കഴിക്കുന്നത് സുരക്ഷിതമാണ്. ഇറച്ചി പാകം ചെയ്യുമ്പോള്‍ അതിന്‍റെ എല്ലാ ഭാഗവും നന്നായി വെന്തുവെന്ന് ഉറപ്പാക്കുക. നന്നായി വെന്താല്‍ കോഴിയിറച്ചിയുടെ പിങ്ക് നിറം മാറും. പച്ചമുട്ടയും, പാതിവെന്ത ഇറച്ചിയും മുട്ടയും ആഹാരമാക്കുന്നത് ഒഴിവാക്കണം.
മുൻകരുതുകൾ
- പച്ചമാംസം കൈകാര്യം ചെയ്യുന്നതിന് മുൻപും ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുക.
- രോഗമേഖലയില്‍ നിന്നുള്ള ഇറച്ചിയും മുട്ടയും കൈകാര്യം ചെയ്യുമ്പോള്‍ അറിയാതെ വൈറസുകളുമായും സമ്പര്‍ക്കം ഉണ്ടാവാനിടയുണ്ട്. ഈയൊരു സാധ്യതയുള്ളതിനാല്‍ രോഗമേഖലകളില്‍ നിന്നുള്ള ഇറച്ചിയും മുട്ടയും ഒഴിവാക്കണം.
- മുട്ടത്തോടില്‍ കാഷ്ഠം പറ്റിയിട്ടുണ്ടെങ്കില്‍, മുട്ട ഉപയോഗിക്കുന്നതിന് മുമ്പ് സോപ്പ് ഉപയോഗിച്ച് വെള്ളത്തില്‍ കഴുകി വൃത്തിയാക്കുക. കൈകളും ഇപ്രകാരം തന്നെ ശുചിയാക്കണം.
- രോഗബാധയേറ്റ പക്ഷികളിൽ നിന്നുള്ള മുട്ടത്തോടും മുട്ടയുടെ വെള്ളയും, മഞ്ഞയും ഒന്നും തന്നെ പക്ഷിപ്പനി വൈറസസിൽ നിന്നും മുക്തമല്ല . ഫ്രിഡ്ജിലോ ഫ്രീസറിലോ സൂക്ഷിച്ചാലും വൈറസിന് പോറലുകളൊന്നുമേല്‍ക്കില്ല. നാല് ഡിഗ്രി താപനിലയില്‍ ഒരുമാസത്തിലധികവും, 32 ഡിഗ്രി താപനിലയില്‍ ഒരാഴ്ചയോളവും നിലനില്‍ക്കാന്‍ പക്ഷിപ്പനി വൈറസിന് ശേഷിയുണ്ട്. അതിനാൽ മുട്ടയും ഇറച്ചിയും നന്നായി വേവിച്ചു മാത്രം കഴിക്കുക.
രോഗമേഖലയിൽ പക്ഷിവിപണനത്തിന് സർക്കാർ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. രോഗമില്ലാത്ത പ്രദേശങ്ങളില്‍ നിന്നുള്ള ഇറച്ചിയും മുട്ടയും നന്നായി വേവിച്ച് കഴിക്കുന്നത് ആരോഗ്യസുരക്ഷിതമാണ്. അതുകൊണ്ട് കോഴിയെ കുറിച്ചോർത്ത് യാതൊരു തരത്തിലുള്ള ഭീതിയും വേണ്ട.
ലൂക്കയില്‍ പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനം – പക്ഷിപ്പനി – ഭീതിയല്ല, ജാഗ്രതയാണ് പ്രതിരോധം
Related
0
0