ഡോ.ധന്യലക്ഷ്മി എൻ.
അസോ.പ്രൊഫസർ, ഡിപ്പാർട്ട്മെന്റ് ഓഫ് മെഡിക്കൽ ജെനിറ്റിക്സ്
കസ്തൂർബ മെഡിക്കൽ കോളേജ്, മണിപ്പാൽ
മനുഷ്യ ശരീരത്തിലെ സഹജമായ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അപൂർവ രോഗങ്ങളാണ് ഓട്ടോ ഇൻഫ്ലമേറ്ററി രോഗങ്ങൾ. ഈ രോഗങ്ങളെ പറ്റിയുള്ള ധാരണ ഉണ്ടായിട്ടു ഏകദേശം ഇരുപതു വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ.
മനുഷ്യ ശരീരത്തിലെ സഹജമായ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അപൂർവ രോഗങ്ങളാണ് ഓട്ടോ ഇൻഫ്ലമേറ്ററി രോഗങ്ങൾ. ഈ രോഗങ്ങളെ പറ്റിയുള്ള ധാരണ ഉണ്ടായിട്ടു ഏകദേശം ഇരുപതു വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. തുടർച്ചയായി ഉണ്ടാകുന്ന പനി, സന്ധികളിൽ വേദന, വായ്പ്പുണ്ണ് , പല അവയവങ്ങളും ഉണ്ടാകുന്ന വീക്കം എന്നിവയാണ് ഈ രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങൾ. ‘ഓട്ടോ ഇൻഫ്ലമേറ്ററി’ എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെടുന്നത് 1999- ൽ ആണ്.
നമ്മുടെ ശരീരത്തിലെ ചില പ്രത്യേക തരം ജനിതക വ്യതിയാനങ്ങളുടെ ഭാഗമായാണ് ഈ രോഗങ്ങളിൽ പലതും ഉണ്ടാകുന്നത്. ഏകദേശം നാൽപ്പതോളം വിവിധ രോഗങ്ങൾ ‘ഓട്ടോ ഇൻഫ്ലമേറ്ററി’ രോഗങ്ങളായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു.
വളരെ അപൂർവ ഇനം രോഗങ്ങളായതു കൊണ്ട് ഇതേക്കുറിച്ചുള്ള അറിവ് ജനങ്ങൾക്കും ഒട്ടു മിക്ക ഡോക്ടർമാർക്കും വളരെ കുറവാണ്. ഈ രോഗങ്ങൾ തിരിച്ചറിഞ്ഞു ശരിയായ ചികിത്സ നൽകിയാൽ, ഒരു പരിധി വരെ രോഗം നിയന്ത്രിക്കാനാകും. ഒരു കുടുംബത്തിൽ തന്നെ പലർക്കും ഒരേ രോഗം പല രോഗ ലക്ഷണങ്ങളായി ഉണ്ടാകാം. അത് കൊണ്ട് തന്നെ ഈ രോഗങ്ങളെ കുറിച്ചുള്ള അവബോധം പൊതു സമൂഹത്തിലും ഡോക്ടർമാരുടെ ഇടയിലും പ്രചരിക്കേണ്ടതുണ്ട്.
2015-ൽ ആണ് ഈ രോഗങ്ങളെ കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര ഓട്ടോ ഇൻഫ്ലമേറ്ററി ബോധവത്കരണ മാസമായി ഓഗസ്റ്റ് മാസം തിരഞ്ഞെടുക്കപ്പെടുന്നത്. ഓട്ടോഇൻഫ്ലമേറ്ററി അല്ലിയൻസ് എന്ന അന്താരാഷ്ട്ര സംഘടനായാണ് ഈ പ്രവർത്തനത്തിന് മുൻകൈ എടുക്കുന്നത്. ഉത്തര ധ്രുവത്തിലെ രാജ്യങ്ങളിൽ ഏറ്റവും തണുപ്പ് കുറഞ്ഞ സമയമാണ് ഓഗസ്റ്റ് മാസം. പല രാജ്യങ്ങളിലും ഓഗസ്റ്റ് മാസം വേനല്ക്കാലമാണ്. തുടർച്ചയായ പനി ആണ് ഈ അസുഖങ്ങളുടെ മുഖമുദ്ര. അത് കൊണ്ടാണ് താപനില ഏറ്റവും കൂടുതലുള്ള ഓഗസ്റ്റ് മാസം ഈ അസുഖങ്ങളുടെ അവബോധത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.
“പ്രകാശം പരത്തൂ” (Shine a light) എന്നതാണ് ഈ വർഷത്തെ തീം. ഓറഞ്ച് നിറത്തിലുള്ള വെളിച്ചം ലോകത്തിന്റെ പലയിടങ്ങളിലായി ഇതിന്റെ ഭാഗമായി തെളിയിക്കുന്നു. ഓഗസ്റ്റ് ഒന്നാം തിയതി നയാഗ്ര വെള്ളച്ചാട്ടവും ഓറഞ്ച് നിറമണിഞ്ഞു. ഈ അസുഖങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന രോഗികളും , അവരുടെ കുടുംബാംഗങ്ങളും, ആരോഗ്യ പ്രവർത്തകരും ലോകത്തിന്റെ പല ഭാഗങ്ങളിലും അണി നിരന്നു. അവബോധം വർധിപ്പിച്ചാൽ മാത്രമേ ഇത്തരം രോഗങ്ങൾ നേരത്തെ കണ്ടെത്താനാകൂ. മാത്രമല്ല പല നൂതന ചികിത്സ രീതികളും ഓരോ രാജ്യങ്ങളിലെ രോഗികൾക്ക് ലഭ്യമാക്കണമെങ്കിൽ കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ സാധ്യമാകൂ.