Read Time:23 Minute

മുള്ളൻപന്നി ഒരു പന്നിയല്ല !

പേരിലേ പന്നിയുള്ളു. പന്നികളുമായി ഒരു ബന്ധവും മുള്ളൻപന്നിയ്ക്ക് ഇല്ല. നമ്മുടെ അണ്ണാനും എലിയും പെരിച്ചാഴിയും ബീവറും ഒക്കെ ഉൾപ്പെടുന്ന റോഡെന്റിയ (Rodentia ) ഒർഡറിൽപ്പെടുന്ന കരണ്ടുതീനികളുടെ വിഭാഗത്തിൽ പെട്ട ജീവിയാണിവർ.

വിജയകുമാർ ബ്ലാത്തൂർ എഴുതുന്നു…

ദേഹത്തെ മുള്ളൊന്നും ഇല്ലാതെ അതിനു പകരം സാധാരണ രോമം തന്നെ ആണുള്ളതെങ്കിൽ മുള്ളൻപന്നിയെ അടുത്ത് കിട്ടിയാൽ ചിലപ്പോൾ കൈയിലെടുത്ത് ഒരുമ്മ കോടുക്കാൻ തോന്നും. അത്രക്ക് കാഴ്ച ഭംഗിയും ക്യൂടും ആണ് ആ ജീവിയുടെ മുഖവും രൂപവും.. ആർദ്രമായ കണ്ണൂകളും മണത്തുകൊണ്ടിരിക്കുന്ന മൂക്കും അരിപ്പല്ലുകളും ഉണ്ട മുഖവും ഉരുളൻ ശരീരവും എല്ലാം കൂടി വല്ലാത്തൊരു ഓമനത്തം തോന്നും.

വീഡിയോ കാണാം

പേരിലേ പന്നിയുള്ളൂ..

പേരിലേ പന്നിയുള്ളു. പന്നികളുമായി ഒരു ബന്ധവും മുള്ളൻപന്നിയ്ക്ക് ഇല്ല. നമ്മുടെ അണ്ണാനും എലിയും പെരിച്ചാഴിയും ബീവറും ഒക്കെ ഉൾപ്പെടുന്ന റോഡെന്റിയ ( Rodentia ) ഒർഡറിൽപ്പെടുന്ന കരണ്ടുതീനികളുടെ വിഭാഗത്തിൽ പെട്ട ജീവിയാണിവർ. ജീവിതകാലം മുഴുവൻ വളർന്നുകൊണ്ടിരിക്കുന്ന ഉളിപ്പല്ലുകൾ വായിൽ മുകളിലും താഴെയും ഉള്ളതാണിവരുടെ പ്രത്യേകത.. പല്ലാണ് ഇവരുടെ രക്ഷയും വഴിയും. കറുമുറ കരണ്ടു തിന്നാണ് ജീവിതം. നീണ്ടു നീണ്ടു വളരുന്ന പല്ലുകൾ രാകി നീളം കുറക്കാനും മൂർച്ച കൂട്ടാനും തിന്നാനല്ലെങ്കിലും എന്തെങ്കിലും കരണ്ടുകൊണ്ടിരിക്കണം എന്നതാണ് ശീലം.

ലാറ്റിൻ ഭാഷയിൽ പന്നി എന്ന അർഥം വരുന്ന porcus എന്ന വാക്കും മുള്ള് എന്ന അർത്ഥം വരുന്ന spina എന്ന വാക്കും ചേർന്നാണ് , പോർകുപിൻ Porcupine എന്ന പേരിലേക്ക് പാവങ്ങൾ എത്തിയത്. ലോകത്തെങ്ങുമായി രണ്ടു കുടുംബങ്ങളിലായി നിരവധി ഇനം മുള്ളൻപന്നികൾ ഉണ്ട്. ആഫ്രിക്ക, ഏഷ്യ ദക്ഷിണ യൂറോപ്പ് എന്നിവിടങ്ങൾ ഉൾപ്പെട്ട ഓൾഡ് വേൾഡ് മുള്ളൻപന്നികൾ Erethizontidae കുടുംബാംഗങ്ങളും വടക്കേ അമേരിക്ക, തെക്കേ അമേരിക്കയുടെ വടക്കുഭാഗം എന്നിവിടങ്ങളിൽ മാത്രമുള്ള ന്യൂ വേൾഡ് മുള്ളൻപന്നികൾ Hystricidae എന്ന കുടുംബാംഗങ്ങളും ആണ്. ഇവർ തമ്മിൽ വലിയ സാമ്യം ഒന്നും ഇല്ല എന്നതു കൂടാതെ അമേരിക്കൻ മുള്ളൻന്നികൾ മരങ്ങളിൽ കഴിയുന്നവരും ആണ്.

മിഡിൽ ഈസ്റ്റിലും ഏഷ്യയിലും കാണുന്ന ഇനമായ Indian crested porcupine (Hystrix indica) ആണ് നമ്മുടെ മുള്ളൻപന്നി.

ദക്ഷിണ അമേരിക്കയിലെ Capybara വടക്കേ അമേരിക്കയിലേയും യൂറേഷ്യയിലേയും ബീവറുകളും കഴിഞ്ഞാൽ കരണ്ടു തീനി വർഗ്ഗക്കാരിൽ വലിപ്പത്തിൽ മൂന്നാമതുള്ളവരാണ് മുള്ളൻപന്നികൾ. 11 മുതൽ 18 കിലോ ഭാരവും 70 – 90 സെന്റീമീറ്റർ നീളവും ( 8-10 സെൻ്റീമീറ്റർ നീളമുള്ള വാല് ഇതിനു പുറമെ ) ഉള്ളവരാണ് നമ്മുടെ നാട്ടിലെ ഈ പഹയർ. എന്തുണ്ടായിട്ടെന്താ പേരിലൊരു പന്നിയുള്ളതിനാൽ പോയില്ലെ ഗമ. പന്നി മാംസക്കൊതിയന്മാർക്ക് പണ്ടു മുതലേ വലിയ ഇഷ്ടം തന്നെയാണ് ഇവരെ.. പോരാത്തതിന് വലിയ ഔഷധ ശക്തിയുണ്ട് എന്ന വ്യാജ അവകാശവാദ തള്ള് കൂടെയുണ്ട് താനും.. പക്ഷെ ഇവർ പെരുച്ചാഴികളുടെ ഒക്കെ കൂട്ടത്തിൽ പെട്ടവരാണ് എന്ന് പണ്ടേ അറിയുമായിരുന്നെങ്കിൽ ചിലപ്പോൾ മുള്ളൻപന്നിയിറച്ചിയോട് ഒരു അനിഷ്ടം പലർക്കും വന്നേനെ.

ഒന്നൊന്നര രോമം

നീയൊക്കെ എനിക്ക് രോമത്തിന് സമം എന്ന് പുച്ഛികുമ്പോൾ ആരുടെ രോമത്തിന് സമം എന്ന് പ്രത്യേകം പറയാൻ മടിക്കണ്ട. മുള്ളൻപന്നിയുടെ രോമം ഒരൊന്നൊന്നര രോമം ആണ്. ഭൂമിയിൽ ആർക്കും ഇല്ല ഇതുപോലൊരു രോമം.

ഈ മുള്ളുകൾക്ക് 51 സെന്റിമീറ്റർ വരെ നീളമുണ്ടാകും. എങ്കിലും ഭൂരിഭാഗം മുള്ളുകളും 15- 30 സെന്റീ മീറ്റർ നീളമുള്ളവയാകും. പിറക് വശത്തെ ഉറപ്പുള്ള നീളം കുറഞ്ഞ മുള്ളുകൾ കൂട്ടമായാണുണ്ടാവുക.

ഓടി രക്ഷപ്പെടാനും തിരിച്ച് ആക്രമിക്കാനും ഒന്നും കഴിവില്ലാത്തതിനാൽ പരിണാമപരമായി അതിജീവനത്തിനായി ആർജ്ജിച്ചതാണ് ഈ മുൾപ്പന്ത് ശരീരം. രോമം തന്നെയാണ് മുള്ളായി മാറിയിരിക്കുന്നത്. കെരാറ്റിൻ കൊണ്ട് നിർമ്മിച്ചതും ഉള്ളുപൊള്ളയായതുമായ നേർത്ത നീളംകൂടിയ മുള്ളുകളും തടിച്ച് നീളം കുറഞ്ഞ മുള്ളൂകളും മുകളിലും അടിയിലും ഒക്കെയായി ക്രമീകരിച്ചിട്ടുണ്ടാകും. ഒന്നിടവിട് കറുപ്പും വെളുപ്പും അടയാളങ്ങളോടു കൂടിയ കറുപ്പോ കടും ബ്രൗൺ നിറമോ ഉള്ളതാണ് മുള്ളുകൾ. അരികുകളിലെ നീളൻ മുള്ളുകൾ അൽപ്പമൊക്കെ വളക്കാൻ കഴിയുന്നവയാണ്. ഏറ്റവും കൂടുതൽ നീളമുള്ള രോമമുള്ളുകൾ കഴുത്തിലും ചുമലിലും ആണുണ്ടാകുക. ഒരു വട്ടപ്പാവാട ചുറ്റിയ പോലെ തോന്നും കാഴ്ചയിൽ. ഈ മുള്ളുകൾക്ക് 51 സെന്റിമീറ്റർ വരെ നീളമുണ്ടാകും. എങ്കിലും ഭൂരിഭാഗം മുള്ളുകളും 15- 30 സെന്റീ മീറ്റർ നീളമുള്ളവയാകും. പിറക് വശത്തെ ഉറപ്പുള്ള നീളം കുറഞ്ഞ മുള്ളുകൾ കൂട്ടമായാണുണ്ടാവുക. ഇവയാണ് ശത്രുക്കളുടെ ദേഹത്ത് കുത്തിക്കയറി ഇവരെ രക്ഷിക്കുന്നവ. ഓരോ രോമവും അതിന്റെ അടിയിലെ പേശിയുമായി നേരിട്ട് ബന്ധിച്ചിട്ടുള്ളതിനാൽ ഇഷ്ടം പോലെ ഇത് ഉയർത്താനും താഴ്ത്താനും ചെറുതായി ചലിപ്പിക്കാനും ഇവർക്ക് കഴിയും. (നമുക്ക് രോമാഞ്ചം ഉണ്ടാകുമ്പോൾ രോമം എഴുന്നു നിൽക്കുന്നതുപോലെ അല്ല എന്ന് സാരം). ഭയപ്പെടുമ്പോഴും, ശത്രുവിനെ പേടിപ്പിക്കാനും ശരീര വലിപ്പം കൂടുതൽ തോന്നിപ്പിക്കാനും ഒക്കെ മുള്ളുകൾ എഴുന്ന് പിടിക്കുന്നത്കൊണ്ട് പറ്റും. കൂടാതെ ഉള്ളുപൊള്ളയായ മുള്ളുകളെ കുലുക്കി അനക്കി ശബ്ദമുണ്ടാക്കിയും പേടിപ്പിക്കാനറിയാം. എന്നിട്ടും ശത്രു ഒഴിയാതെ നിൽക്കുകയും ആക്രമിക്കുകയും ചെയ്യുകയാണെങ്കിൽ അവസാനം ‘മുഖം നോക്കാതെ’ നടപടി എടുക്കും. തലതിരിച്ച് മുള്ളൂകൾ ഉയർത്തിപ്പിടിച്ച് പിറകോട്ട് വേഗത്തിൽ നീങ്ങും.

തലഭാഗം മുൾകവചമില്ലാത്തതിനാൽ സുരക്ഷിതമല്ല എന്നതിനാൽ തല രക്ഷിക്കാൻ കൂടിയാണ് ഈ തിരിഞ്ഞ് നിൽപ്പ്. പക്ഷെ ഇവർക്ക് ശരീരം കുലുക്കി ശത്രുക്കൾക്ക് നേരെ ഈ മുള്ളുകൾ തൊടുത്ത് വിടാൻ കഴിയും എന്ന ഒരു അന്ധവിശ്വാസം പലർക്കും ഉണ്ട്. ഈ പ്രത്യേക കഴിവുണ്ടെന്ന വിശ്വാസത്താൽ ‘എയ്യൻ പന്നി’ എന്നുവരെ പേരും ഉണ്ട്. പക്ഷെ അത്തരം കഴിവൊന്നും ഇവർക്കില്ല. ആക്രമണത്തിനിടയിലെ കുലുക്കലിൽ പൊഴിയാറായ പഴയ മുള്ളുകളിൽ ചിലത് താഴെ വീഴും എന്നുമാത്രം . അവ യാദൃശ്ചികമായ ആക്രമിയുടെ ദേഹത്ത് കൊണ്ടെന്നും വരാം. ഓട്ടത്തിനിടയിൽ കുറേയെണ്ണം പൊഴിഞ്ഞ് വീഴുന്നത് ടയറിൻ അള്ള് വെക്കുന്നത് പോലെ തുരത്തുന്ന മൃഗങ്ങളുടെ കാലിൽ കൊണ്ട് ഓട്ടം നിർത്തിപ്പിച്ച് സഹായിക്കുകയും ചെയ്യും.

നല്ല മൂർച്ചയുള്ള കൂർത്ത ഉറപ്പാർന്ന മുനയുള്ള ഈ മുൾ രോമം കുത്തിക്കയറുന്നത് മനസിലാക്കാം. പക്ഷെ അതു കയറിക്കഴിയുന്നതോടെ കഥ മാറും. പുലികളും കടുവകളും ഇതിനു മുന്നിൽ സുല്ലുപറയും. തീറ്റകിട്ടിയ ആക്രാന്തത്തിൽ ഇതിനെ കയറിപ്പിടിക്കാൻ ശ്രമിച്ചാൽ പണി പാളും. മുള്ളൂകളുടെ അഗ്ര ഭാഗം പ്രത്യേക സ്വഭാവം ഉള്ളതാണ്. ഉള്ളീലേക്ക് കയറിയതുപോലെ വേഗത്തിൽ കുടഞ്ഞ് കളഞ്ഞ് ഒഴിവാക്കാം എന്നു കരുതേണ്ട. വലിച്ചാൽ ഊരിക്കിട്ടത്തവിധം ലോക്ക് ചെയ്യപ്പെടും എന്നു മാത്രമല്ല ദേഹത്തെ മസിലുകൾ വേദനകൊണ്ട് സങ്കോചിക്കും തോറും കുറേശെയായി ഇത് ആഴത്തിലേക്ക് ആഴ്ന്നു പോയ്ക്കൊണ്ടിരിക്കും.

മുള്ളുകളുടെ ഒന്നര ഇഞ്ച് മുനഭാഗം സൂക്ഷ്‌മായി നിരീക്ഷിച്ചാൽ ആയിരക്കണക്കിന് മൈക്രോസ്കോപ്പിക്ക് ശൽക്കങ്ങൾ കാണാം.

മുള്ളുകളുടെ ഒന്നര ഇഞ്ച് മുനഭാഗം സൂക്ഷ്‌മായി നിരീക്ഷിച്ചാൽ ആയിരക്കണക്കിന് മൈക്റോസ്കോപ്പിക്ക് ശൽക്കങ്ങൾ കാണാം. പിറകിലേക്ക് മുനയുള്ള വജ്രരൂപികളായ ആരുകൾ ഒന്നിനു മീതെ ഒന്നായുള്ള അടരുകളായി ഷിംഗ്ഗിൾസ് ഷീറ്റ് പോലെ ചേർന്ന്കിടക്കുന്നത് കാണാം. സാധാരണ ഉണങ്ങി നിൽക്കുന്ന സമയങ്ങളിൽ അവ പരസ്പരം ഒട്ടി കിടക്കും. ഉള്ളിലേക്ക് കയറുന്ന നേരം ഇവ ചേർന്ന് നിന്ന് മുനയായി പ്രവർത്തിക്കുമെങ്കിലും മാംസത്തിനുള്ളിൽ എത്തിയാൽ, അവിടത്തെ ചൂടും നനവും ഏൽക്കുന്നതോടെ ഇവ പൊങ്ങി ഉയരും . അതോടെ ഇത് മുള്ളിന് പിറകിലേക്ക് നീങ്ങാൻ പറ്റാത്ത കൊളുത്തുകളായി അവ മാറും. എങ്കിലും മുന്നോട്ടുള്ള സഞ്ചാരം തടസപ്പെടുത്തുകയും ഇല്ല. മസിലുകൾ വേദനകൊണ്ട് സങ്കോചിക്കുന്നതിനനുസരിച്ച് ഇവ കൂടുതൽ ആഴത്തിലേക്ക് സ്വയം സഞ്ചരിച്ച് ലോക്കായികൊണ്ടിരിക്കും. വലിച്ച് ഊരാൻ ശ്രമിച്ചാൽ കൊളുത്തി മുറിവും വേദനയും ഉണ്ടാക്കും.

അതിനാൽ തന്നെ പുള്ളിപ്പുലികൾ പോലും പലപ്പോഴും കൈയിലും മുഖത്തും വായിലും കൊണ്ട മുള്ളുകൾ നീക്കം ചെയ്യാൻ പല സർക്കസും നടത്തും. കുറച്ച് ദിവസം കൊണ്ട് ഭക്ഷണം കഴിക്കാനാവാതെ പട്ടിണി കിടന്ന് ചത്തുപോകാറും ഉണ്ട്. കണ്ണിൽ കൊണ്ടാൽ പതുക്കെ കാഴ്ച നഷ്ടമാകുകയും ചെയ്യും. ഭീഷ്‌മരുടെ ശരപഞ്ചരം പോലെ മുഖത്ത് നിറയെ മുള്ളുകളുമായി വളർത്തു നായകൾ പൊന്തകളിൽ ഇവരുമായി യുദ്ധം കഴിഞ്ഞ് കീ കീ കീ എന്നു കരഞ്ഞ് ഓടിവരാറുണ്ട്. ഇവരുടെ മുള്ളുകൾ യജമാനൻ എങ്ങിനെയെങ്കിലും നീക്കം ചെയ്തുകൊടുക്കുമെങ്കിലും പുലികളേയും കാട്ട് മൃഗങ്ങളേയും മുള്ളെടുത്ത് സഹായിക്കാൻ ആരും ഇല്ലാത്തതിനാൽ ഈ മുള്ളുകൾ അവരുടെ അന്തകരാകും.

മുള്ളുകൾ രോമം പോലെ തന്നെ കുറച്ച് നാൾ കഴിയുമ്പോൾ പൊഴിഞ്ഞു പോകും. അവിടെ പുതിയ രോമം വളരും . വളർച്ച പൂർത്തിയായാൽ അതിന്റെ വേര് ഭാഗം അടയുകയും ആവശ്യമുള്ളപ്പോൾ വേഗത്തിൽ പൊഴിക്കാൻ കഴിയും വിധമുള്ള ഒരു സോക്കറ്റായി രോമക്കുഴി മാറുകയും ചെയ്യും. അതിനാൽ മുള്ളുപൊഴിയുമ്പോൾ രക്തം പൊടിയുകയും ചെയ്യില്ല.
മുള്ളിന്റെ നിൽപ്പ് നോക്കി മുള്ളൻപന്നിയുടെ മനസ് വായിക്കാം. നമുക്ക് രോമാഞ്ചം ഉണ്ടാകുമ്പോഴും അതിഭയങ്കരമായി പേടിച്ചാലും രോമം എഴുന്നു നിൽക്കും എന്നതുപോലെ ഇവർ പേടിച്ചാണോ ഉള്ളത്, അസ്വസ്ഥനാണോ , ആക്രമിക്കാൻ സന്നദ്ധമായ നിൽപ്പാണോ എന്നൊക്കെ മുള്ളിന്റെ വിതർപ്പ് നിൽപ്പ് നോക്കി മനസിലാക്കാം. കാർട്ടൂൺ സിനിമകളിൽ ഷോക്കടിച്ചാൽ തലമുടി മുള്ളുപോലെ നിൽക്കുന്നത് വരച്ച് വെച്ചതുപോലെ തോന്നും ഇവരെകണ്ടാൽ . ജീവനുള്ള ഒരു മുൾപ്പന്ത് ആയി മാറുന്നത് സ്വരക്ഷക്ക് ആയാണ്. വേഗത്തിൽ ഓടി രക്ഷപ്പെടാൻ കഴിയില്ല എന്നതുകൂടാതെ ദേഹം മുഴുവൻ മുള്ളുള്ള അഹങ്കാരത്താൽ ആരെയും അങ്ങോട്ട്പോയി ആക്രമിക്കാറും ഇല്ലാത്ത പേടിത്തൊണ്ടന്മാരാണ്. അരമണികൾ കിലുക്കി ഉണ്ണിയുടെ അമ്മയെ ‘പേടിപ്പിച്ചോടിക്കാൻ നോക്കി ഭൂതം’ എന്ന് പൂതപ്പാടിൽ പറയുന്നപോലെ വാലുകിലുക്കി, ദേഹത്തെ പൊള്ള മുള്ളൂകൾ പരസ്പരം അടിച്ച് കുലുക്കി , കിങ്കിരിപല്ലുകൾ ഞെരിച്ച് ഒക്കെ ഒച്ചയുണ്ടാക്കി ശത്രുവിനെ പേടിപ്പിച്ചോടിക്കാൻ ഇവരും നന്നായി ശ്രമിക്കും.

വീഡിയോ കാണൂ..

ഇവരിലെ ആണും പെണ്ണും വലിപ്പത്തിൽ വലിയ വ്യത്യാസം ഇല്ല. പ്രധാനമായും സസ്യഭാഗങ്ങൾ കരണ്ട് തിന്നുന്നവരാണെങ്കിലും ചില ഷഡ്പദങ്ങലെയും ചെറു ജീവികളേയും തിന്നും. മരത്തിന്റെ അകം തൊലി കരണ്ട് തിന്നലാണ് ഇഷ്ടം. മുളകളും വേരുകളും കിഴങ്ങുകളും വിത്തുകളും ഒക്കെ തിന്നും. രാത്രി സഞ്ചാരികളായ ഇവർ പകൽ പാറയിടുക്കുകളിലും മണ്ണിനടിയിലും ഉള്ള മാളങ്ങളിൽ കഴിയും . രാത്രി പുലരുവോളം തീറ്റാന്വേഷണം തന്നെ. നല്ല നിലാവുള്ള ദിവസം അത്ര ഇഷ്ടമല്ല.

രാത്രി ദൈർഘ്യം ഏഴു മണിക്കൂറിൽ കുറവുള്ള പ്രദേശങ്ങളിൽ ജീവിക്കാൻ ഇഷ്ടമല്ല.. നേരിയ അളവിൽ ലവണങ്ങൾ അടങ്ങിയ തീറ്റപോലും മണത്ത് അറിഞ്ഞ് കരണ്ട് തിന്നും. രോമങ്ങൾ ഉറപ്പുള്ള മുള്ളുകളായി വളരാൻ വേണ്ട കാൽസിയം ലഭിക്കാനായി മണ്ണിൽ വീണുകിടക്കുന്ന എല്ലുകളും പൊഴിച്ചിട്ട മാങ്കൊമ്പുകളും കരണ്ട് ചവച്ച് അരക്കുന്ന സ്വഭാവം ഉണ്ട്.

ഇണകളായി ജീവിക്കുന്ന ഇവ സ്വന്തം മാളങ്ങളിൽ വർഷങ്ങളോളം ജീവിക്കും. ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് ശരിയായ ഇണചേരൽ കാലം . ശരാശരി 240 ദിവസം നീണ്ടു നിൽക്കുന്നതാണ് ഗർഭകാലം. ആൺ മുള്ളൻപന്നികൾ ഏക പത്നീ വ്രതക്കാരും ആണ്. പരസ്പര ബന്ധവും ഇഷ്ടവും അടുപ്പവും നിലനിർത്താനും ദാമ്പത്യ ബന്ധം ദൃഢമാവാനും എല്ലാ ദിവസവും രാത്രി ഇണചേരുന്ന സ്വഭാവം ഇവർക്ക് ഉണ്ട്.. അതും ആണിന്റെ ഇഷ്ടവും ശക്തിയും താത്പര്യവും മാത്രം പരിഗണിച്ച് അല്ല. പെണ്ണിന്റെ അനുവാദത്തോടെതന്നെയാണ് ഇത്തരം ഇണചേരൽ നടക്കുന്നത്. മനുഷ്യരിലേതുപോലെ കുഞ്ഞുങ്ങൾ ഉണ്ടാകാനല്ലാതെയും ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്ന അപൂർവ്വം ജീവികളിൽ ഒന്നാണ് മുള്ളൻപന്നിയും.

കുഞ്ഞുങ്ങളുടെ ദേഹത്തെ രോമങ്ങൾ പ്രസവ സമയത്ത് മൃദുവായിരിക്കും. അല്ലെങ്കിൽ പ്രസവം ഭീകരമാകുമല്ലോ. കുറച്ച് മണിക്കൂറുകൾകൊണ്ട് തന്നെ പിറക് വശത്തെ രോമങ്ങൾ കടുപ്പം വെച്ച് മുള്ളുകളായി മാറും.

കുഞ്ഞുങ്ങളുടെ ദേഹത്തെ രോമങ്ങൾ പ്രസവ സമയത്ത് മൃദുവായിരിക്കും. അല്ലെങ്കിൽ പ്രസവം ഭീകരമാകുമല്ലോ. കുറച്ച് മണിക്കൂറുകൾകൊണ്ട് തന്നെ പിറക് വശത്തെ രോമങ്ങൾ കടുപ്പം വെച്ച് മുള്ളുകളായി മാറും. കണ്ണു തുറന്നും നല്ല കേൾവി ശക്തിയോടെയും വായിൽ നിറയെ കരണ്ടു തിന്നാനുള്ള പല്ലോടെയും ഒരു ജൂനിയർ മുള്ളങ്കുഞ്ഞായാണ് പിറക്കുന്നത്. ജനിച്ച് കുറച്ച് കഴിയുമ്പോൾ തന്നെ പശുക്കുട്ടികൾ ഓടിക്കളിക്കുന്നതുപോലെ ഇവർ വാലാട്ടലും രോമം എടുത്ത്പിടിക്കലും പിറകിലേക്ക് ആക്രമ നടത്തവും ഒക്കെ ചെയ്ത് കൊഞ്ചിക്കളിക്കും. വേഗം തന്നെ മരത്തൊലി കരണ്ട് തിന്നലും ഭക്ഷണം തേടലും ആരംഭിക്കുമെങ്കിലും കുറേ ആഴ്ചകളോളം അമ്മിഞ്ഞ കുടിക്കും. രണ്ട് വർഷം കൊണ്ട് പ്രായപൂർത്തിയാകും- അതുവരെയും കുടുംബത്തിൽ തന്നെ കഴിയും ഇവയുടെ ആയുസ്സ് എത്രയാണെന്ന് കൃത്യമായി മനസിലായിട്ടില്ല. വളർത്ത് മുള്ളൻപന്നി 27 വർഷം ജീവിച്ചതായാണ് ഒരു രേഖയുള്ളത്. ഇവയുടെ മുള്ളിന്റെ അഗ്രത്തിലുള്ള ഒരുതരം എണ്ണമയമുള്ള കോട്ടിങ്ങിൽ ആൻ്റിബയോട്ടിക്ക് സ്വഭാവമുള്ള ചില രാസഘടകങ്ങൾ വേർതിരിക്കപ്പെട്ടിട്ടുണ്ട്

ഗിനിപ്പന്നികളും പന്നികളല്ല

മുള്ളൻപന്നിയേപ്പോലെ തന്നെ പേരിലെ പന്നിയാൽ തെറ്റിദ്ധരിക്കപ്പെട വേറൊരാൾ കൂടിയുണ്ട്. ഗിനിപ്പന്നികൾ . .ഇവരും പന്നി വർഗ്ഗത്തിൽ പെടാത്ത ഒരു സാധു വളത്തു മൃഗം ആണ്. ആഫ്രിക്കൻ തീരങ്ങളിലെ ഗിനി പ്രദേശവുമായി ഇതിന് ഒരു ബന്ധവും ഇല്ല. ഇവ ദക്ഷിണ അമേരിക്കയിലെ ആൻഡിസ് പർവ്വത പ്രദേശത്ത് പണ്ട് ജീവിച്ചിരുന്ന ഏതോ ജീവിയെ മെരുക്കി വളർത്തിയുണ്ടാക്കിയ ജീവിയാണ്. പല ഔഷധങ്ങളുടെയും പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്നതിനാൽ ലോകത്ത് എല്ലാവർക്കും ഗിനിപ്പന്നികളെ അറിയുകയും ചെയ്യും. എങ്കിലും പലരും അതും ഒരു പന്നിവർഗ്ഗക്കാരായാണ് കരുതുന്നത്. മുള്ളൻപന്നിക്ക് പേരു ദോഷ കാര്യത്തിൽ സമാന ദുഖിതരായി വേറെയും ആളുണ്ട് എന്ന് സമാധാനിക്കാം.
കൃഷിക്കാരെ സംബന്ധിച്ചടുത്തോളം വലിയ ശല്യക്കാരും ഉപദ്രവകാരികളും ആണിവർ. വലിയതോതിലുള്ള കൃഷി നാശം ഇവരെകൊണ്ട് ഉണ്ട്. എങ്കിലും 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഇതും സംരക്ഷിത ജീവികളുടെ കൂട്ടത്തിൽ തന്നെയാണ് ഉൾപ്പെടുത്തീട്ടുള്ളത്. ഇവയെ കൊല്ലുന്നതും കൈയിൽ കരുതുന്നതും കുറ്റകരമാണ്.


0
പേർ ലേഖനം വായിച്ചു

വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം

വിജയകുമാർ ബ്ലാത്തൂരിന്റെ ലേഖനങ്ങൾ ഉൾപ്പെടുത്തി ലൂക്ക തയ്യാറാക്കിയ വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം എന്ന ഇന്ററാക്ടീവ് ലൂക്ക സ്വന്തമാക്കാം. ഓരോ ജീവിയിലും തൊട്ട് വായിക്കാം.

Happy
Happy
53 %
Sad
Sad
0 %
Excited
Excited
20 %
Sleepy
Sleepy
7 %
Angry
Angry
0 %
Surprise
Surprise
20 %

Leave a Reply

Previous post ഓഗസ്റ്റ് മാസം : ഓട്ടോഇൻഫ്ലമേറ്ററി രോഗങ്ങളെക്കുറിച്ചു അവബോധം സൃഷ്ടിക്കാം 
Next post താപനം : മാറ്റിവരയ്ക്കപ്പെടുമോ ഹിമജലപാതകൾ  ?
Close