സി.ടി.അജിത് കുമാര്‍, (അനര്‍ട്ട്) എഴുതുന്നു
അതിരപ്പിള്ളി വൈദ്യുതനിലയ രൂപരേഖ ഉണ്ടാക്കി ജനസമക്ഷം വച്ചത് 1997-1998 കാലയളവിലാണ്. കേരളത്തിലെയും ഇന്ത്യയിലെയും വൈദ്യുത രംഗം അന്ന് വളരെ വ്യത്യസ്തമാണ്. വൈദ്യുതിക്ഷാമം ഉണ്ട്. രൂപ കൊടുത്താലും വൈദ്യുതി കിട്ടാൻ വിഷമമാണ്. പകരം സോളാർ ആയാലോ ? അന്ന് സോളാർ വൈദ്യുതിവില ഒരു യൂണിറ്റിന് 28 രൂപ ആണ്. താങ്ങാനാവാത്ത വിലയാണത്.ഇതൊക്കെയാണെങ്കിലും വ്യവസായത്തിന് എന്തായാലും വൈദ്യുതി വേണം.
എന്നാൽ ഇന്ന് സ്ഥിതി മാറി. ഇന്ത്യയിൽ വൈദ്യുതി ഇഷ്ടം പോലെയായി. പകൽ ഒരു യൂണിറ്റി ന് 2.80 രൂപയ്ക്ക് KSEB പോലും പുറത്തുനിന്ന് താപനിലയ വൈദ്യുതി വാങ്ങുന്നു. ഇതിനായി 25 വർഷ കരാർ പോലും ഉണ്ട് . വൈദ്യുതി കുറഞ്ഞ വിലയ്ക്ക് വ്യവസായത്തിന് കൊടുക്കാം. ഇന്ത്യയിലെ പൊതുസ്ഥിതിയാണിത്. വൈദ്യുതി ഇന്ന് ഇഷ്ടം പോലെ ലഭ്യമാണ്. ശ്രീലങ്കയിലേക്ക് കടലിനടിയിൽക്കൂടി കേബിൾ ഇട്ടു വൈദ്യുതി വിൽക്കാം എന്നുപോലും ആലോചിക്കുന്നു.
സോളാർ രംഗം എടുത്താലോ. ഇന്ന് സോളാർ വൈദ്യുതി വില കുറഞ്ഞു. ഒരു യൂണിറ്റിന് 2.80 വരെ താഴ്ന്നു. പൊതുവെയുള്ള സോളാർ വൈദ്യുതി വില 2.80 മുതൽ 3.40 വരെയാണ്. താപ വൈദ്യുതിയെക്കാളും സോളാര്‍ ലാഭമായി. അതുകൊണ്ടു വൻ സോളാർ നിലയങ്ങൾ ലാഭകരം ആണ്. മാത്രമല്ല പരിസ്ഥിതി സൗഹൃദം ആണ്. ഇതിന് 30 വർഷം ആയുസ്സ് ഉണ്ട്. Panel റീസൈക്കിൾ ചെയ്യാവുന്നവയാണ്. അതിലുള്ളത് സിലിക്കൺ ആണ്. അത് മണൽ ആണ്. ഇന്ത്യയിൽ സ്ഥാപിക്കുന്ന 99% പാനലും സിലിക്കൺ ആണ് .
കേരളത്തിന്റെ സാമ്പത്തിക രംഗം എടുത്താലോ -സർവീസ് സെക്ടറാണ് കഴിഞ്ഞ കാലങ്ങളിൽ പുരോഗതി പ്രാപിച്ചിട്ടുള്ളത്. 14%-16% വളർച്ച. അതിൽ ടൂറിസം കൂടി ഉൾപെടും. ഊർജം കൂടുതൽ മുടക്കേണ്ടത് ഈ രംഗത്താണ്. അതിരപ്പിള്ളി ടൂറിസം അതിനൊരു സപ്പോർട്ട് ആണ്. വൈദ്യുതിക്കു വേണ്ടി അത് നശിപ്പിക്കരുത്. ഇന്ന് രൂപ കൊടുത്താൽ വൈദ്യുതി പുറത്തു നിന്ന് കിട്ടാനുണ്ട്. രൂപ കൊടുത്താൽ വേറൊരു അതിരപ്പിള്ളിയുടെ പ്രകൃതി കിട്ടില്ല.
വൈദ്യുതി കൂടുതൽ ആവശ്യമായ സന്ധ്യാസമയം പുറത്തുനിന്നും വാങ്ങുന്ന വൈദ്യുതിക്ക് കൂടുതൽ വില നൽകേണ്ടി വരുന്നു. അത് കഴിയുന്നത്ര കുറച്ചു, ലാഭം ഉണ്ടാക്കാൻ ആണ് KSEB. 20% മാത്രം വൈദ്യുതിയേ ഇവിടെ ഉണ്ടാക്കുന്നുള്ളു എന്നാണ് KSEB പറയുന്നത്. അതിരപ്പള്ളികൂടി ആയാൽ ഇവിടെ ഉണ്ടാക്കുന്നത് ഒന്നോ രണ്ടോ ശതമാനം കൂടുമായിരിക്കാം. എന്നാലും 79% ശതമാനവും ഇറക്കുമതി ചെയ്യണം.
സോളാര്‍ വൈദ്യുതി ലഭ്യത കൂടിക്കൊണ്ടിരിക്കുന്നു. സ്വകാര്യ കമ്പനി തമിഴ്‌നാട്ടിൽ 650 Megawatt സൗര നിലയം സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ എമ്പാടും 2.97രൂപയ്ക്ക് പുതിയ പ്ലാന്റ് ഉണ്ടാക്കി സോളാർ വൈദ്യുതി പകൽ തരാൻ കമ്പനികൾ തയാറാണ്.
ആത്യന്തികമായി പറഞ്ഞാൽ അതിരപ്പിള്ളി വന്നാൽ KSEBക്ക് ഉണ്ടാകുന്ന ലാഭം കുറച്ചു കോടികൾ ആണ്. അതിനു പകരം ഒരു യൂണിറ്റിന് പത്തോ ഇരുപതോ പൈസ അധികം കൊടുക്കാൻ നാം തയാറായാൽ അതിരപ്പിള്ളി എന്നും നിലനിൽക്കും. KSEB സിവിൽ വിഭാഗത്തിന് ജോലി കുറവാണു എന്നാണ് പൊതുവെയുള്ള അഭിപ്രായം. അവർക്ക് ലാവണം ഉണ്ടാക്കാൻ ആണ് അതിരപ്പിള്ളി വേണമെന്ന് പറയുന്നത് . അത് കൊണ്ട് അതിരപ്പിള്ളി പദ്ധതി തുടങ്ങിയാൽ ഒരിക്കലും തീർക്കാൻ താൽപ്പര്യം ഉണ്ടാകില്ല. കോടതിയിൽ കേസ് എന്നുമുണ്ടാകും.
അതിരപ്പിള്ളി കഴിഞ്ഞാൽ സൈലന്റ് വാലി വരും.പാത്രക്കടവ് വരും. പ്രൊഫ. ആര്‍.വി.ജി.മേനോന്‍ ഇപ്പോഴും പറയുന്ന Pumped Storage Power Plant-നു ഞാൻ പിന്തുണക്കുന്നു . സാങ്കേതികമായി അത് നടത്താൻ സാധിക്കുന്നവയാണ് എന്ന് KSEBയും പറയുന്നു. പക്ഷെ ചെലവ് കൂടും. അതിരപ്പള്ളിയെ സംരക്ഷിക്കുവാൻ നാം അത് സഹിക്കണം .
ഞങ്ങളുടെ വെള്ളമാണ് വെള്ളച്ചാട്ടം ഉണ്ടാക്കുന്നത് എന്നുള്ള KSEB-യുടെ അവകാശം ബാലിശമാണ് . എല്ലാവരുടെയും സ്വത്തായ വെള്ളം ഉപയോഗിച്ചുള്ള ജലവൈദ്യുതിക്കു വെള്ളക്കരം ജനത്തിന് തിരിച്ചു നൽകേണ്ടതുണ്ട് എന്ന ആവശ്യവും വരുന്നുണ്ട്. വൈദ്യുത ഉത്പാദനം തീർത്തും സ്വകാര്യവത്കരിച്ചാൽ ഈ ആവശ്യം ശക്തമാകും. ആത്യന്തികമായി പറഞ്ഞാൽ 2050 വരെ ഷെൽഫിൽ വയ്‌ക്കേണ്ട പദ്ധതിയാണിത്.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് ലൂക്ക പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, അഭിമുഖങ്ങള്‍
- അതിരപ്പിള്ളി ബദല്‍ മാര്‍ഗ്ഗങ്ങള്‍ – ആര്‍.വി.ജി. മേനോന്‍ സംസാരിക്കുന്നു
- അതിരപ്പിള്ളി പദ്ധതി അനിവാര്യമാകുന്നത് എന്തുകൊണ്ട് ?
- അതിരപ്പിള്ളി പദ്ധതി എന്തുകൊണ്ട് ഉപേക്ഷിക്കണം ?
- അതിരപ്പിള്ളിക്ക് ബദലുണ്ട്