ഉറുമ്പിനെ ഒന്ന് എണ്ണിയാലോ…
അസാദ്ധ്യമാണെങ്കിലും ചില സയന്റിസ്റ്റുകള്‍ക്ക് അങ്ങിനെയൊരാഗ്രഹം ജനിച്ചു. എണ്ണാന്‍ പോയില്ല, എന്നാലവര്‍ ഉറുമ്പിനേക്കുറിച്ച് ലോകത്ത് ലഭ്യമായിരുന്ന 489 പഠനങ്ങളെ വിലയിരുത്തി. അവര്‍ ചെന്നെത്തിയത് ഇമ്മിണി വലിയൊരു സംഖ്യയിലാണ്. ആര്‍ക്കും ചിന്തിക്കാന്‍ പോലുമാകാത്ത ഒന്ന്- ഏകദേശം 20 ക്വാഡ്രില്യണ്‍. അഥവാ 20,000 ട്രില്യണ്‍, എന്നുവച്ചാല്‍ 20 കഴിഞ്ഞ് പതിനഞ്ച് പൂജ്യങ്ങള്‍ : 20,000,000,000,000,000. !!!
അവയുടെ ആകെ ഭാരമാകട്ടെ, 12 മെഗാടണ്‍ വരണ്ട കാര്‍ബണിന്റെ അത്രയും വരും. (ജീവികളുടെ ജൈവപിണ്ഡം അളക്കുന്നതിനുള്ള ഒരു മാനദണ്ഡമാണത്.) മണ്ണില്‍ നിന്ന് എല്ലാ ഉറുമ്പുകളേയും പെറുക്കിയെടുത്ത് ഒരു തുലാസിന്റെ ഒരു തട്ടില്‍ വച്ചാല്‍ ലോകത്തുള്ള എല്ലാ പക്ഷികളുടേയും സസ്തനികളുടേയും ആകെ ഭാരത്തേക്കാള്‍ കൂടുതലാകുമത്രേ അത്! ഓരോ മനുഷ്യനും 25 ലക്ഷം ഉറുമ്പുകളുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്ങിലെ ഒരുപറ്റം ശാസ്ത്രജ്ഞരാണ് ഈ നിഗമനത്തിലെത്തിയത്. ഇപ്പോള്‍ ജര്‍മ്മനിയിലെ യൂണിവേഴ്സിറ്റി ഓഫ് വൂഴ്സ്ബര്‍ഗില്‍ ഗവേഷണം ചെയ്യുന്ന പാട്രിക് സ്കള്‍തീസ് ആയിരുന്നു പ്രധാന ഗവേഷകന്‍. ‘പ്രൊസീഡിംഗ്സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ‘ 2022 സെപ്റ്റംബർ 19 ന് അത് പ്രസിദ്ധീകരിച്ചു.
ഒരു ഉചിതമായ കണക്കുകൂട്ടലില്‍ എത്തിച്ചേരുന്നതിന് വ്യത്യസ്ഥമായ അനേകം രാജ്യങ്ങളിലെ ആയിരക്കണക്കിന് വിദഗ്ദ്ധര്‍ ഒരു നൂറ്റാണ്ടുകാലമായി ശേഖരിച്ച ഡാറ്റകള്‍ സംയോജിപ്പിച്ചുകൊണ്ടാണ് ഇത് സാദ്ധ്യമായത്. ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും സര്‍വ്വേ നടത്തുന്നതിനായി വിദഗ്ദ്ധര്‍ അലഞ്ഞു; ആഫ്രിക്കയിലെയും ഏഷ്യയിലെയും ചില സ്ഥലങ്ങളൊഴിച്ച്. അത് ശരിക്കും ഒരു ആഗോളപ്രവര്‍ത്തനമായിരുന്നു.
മനുഷ്യരെപ്പോലെ തന്നെ ഉറുമ്പുകളും ലോകത്തെല്ലായിടത്തും എത്തിപ്പറ്റിയിട്ടുണ്ട് – എല്ലാ ഭൂഖണ്ഡങ്ങലിലും, എല്ലാത്തരം ആവാസവ്യവസ്ഥകളിലും. മണ്ണില്‍ വസിക്കുന്ന ഇവ ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതലെങ്കിലും അതിശൈത്യമുള്ള സ്ഥലങ്ങളൊഴികെ എല്ലായിടത്തുമുണ്ട്. പ്രശസ്ത ‘ഉറുമ്പോളജിസ്റ്റും’ (മിര്‍മെക്കോളജിസ്റ്റ് – ഉറുമ്പു ഗവേഷകന്‍) എഴുത്തുകാരനുമായ ഇ.ഓ.വിത്സണ്‍ ഇങ്ങനെ എഴുതി “ഞാനെവിടെപ്പോയാലും, അവിടത്തെ മനുഷ്യരുടെ സംസ്ക്കാരം എത്രതന്നെ വ്യത്യസ്ഥമാണെന്നിരിക്കലും, അവിടത്തെ പരിസ്ഥിതി എത്രതന്നെ വ്യത്യസ്ഥമായാലും, അവിടെയെല്ലാം ഉറുമ്പുണ്ട് – ഒരു പക്ഷേ അന്റാര്‍ട്ടിക്കയിലും ആര്‍ട്ടിക്കിന്റെ ഉച്ചിയിലും ഒഴികെ. എന്നാല്‍ അവിടെയൊന്നും ഞാന്‍ പോകാറില്ലല്ലൊ. കാരണം അവിടെ ഉറുമ്പില്ലല്ലൊ”.
ഈ ലോകം ഭേദപ്പെട്ട ഒരിടമായത് ഉറുമ്പുകള്‍ ഉള്ളതുകൊണ്ടാണ്. തുരങ്കങ്ങളുണ്ടാക്കുക വഴി അവ മണ്ണില്‍ വായുസഞ്ചാരമുണ്ടാക്കുന്നു, ജൈവാവശിഷ്ടങ്ങളെ മണ്ണില്‍ കലര്‍ത്തുന്നു, വിത്തുകളെ മണ്ണിനടിയിലേക്ക് വലിച്ചുകൊണ്ടുപോയി മുളയ്ക്കുവാന്‍ സൗകര്യമൊരുക്കുന്നു. നിരവധി കീടങ്ങള്‍ക്കും ചെറുജീവികള്‍ക്കും പക്ഷികള്‍ക്കും സസ്തനികള്‍ക്കും അവ ആഹാരത്തിനുള്ള ഉറവിടമൊരുക്കുന്നു. ചിതലുകള്‍ കുടുംബനാഥര്‍ക്ക് ശല്യമാണെങ്കിലും അവയില്ലെങ്കില്‍ വനങ്ങളെല്ലാം ഉണങ്ങിവീണ മരങ്ങളുടെ വലിയ കൂമ്പാരമായേനെ.
ജര്‍മ്മനി, പോര്‍ട്ടോറിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ ചെറുജീവികളുടെ എണ്ണത്തില്‍ വലിയ ഇടിവു സംഭവിക്കുന്നത് എന്റമോളജിസ്റ്റുകള്‍ ആശങ്കയോടെയാണ് കാണുന്നത്. ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നത്, കീടനാശിനികളുടെ ഉപയോഗം, കാലാവസ്ഥാവ്യതിയാനം എന്നിവയെല്ലാം ഇതിന് കാരണമാകുന്നുണ്ട്. 2019 ലെ ഒരു പഠനം പറയുന്നത് ഇപ്പോഴത്തെ കീടങ്ങളുടെ 40ശതമാനത്തിലധികം നഷ്ടമായേക്കാം എന്നാണ് – ഈ “കീടവിനാശം” ഇപ്പോഴും തര്‍ക്കവിഷയമാണെങ്കിലും. ഏറ്റവുമധികം ഭീഷണി നേരിടുന്നത് പൂമ്പാറ്റകളും വണ്ടുകളുമാണ്. ഉറുമ്പുകളും കുറയുന്നുണ്ടോ എന്നതിന് വ്യക്തതയില്ല. ഈ കാലികമായ മാറ്റത്തില്‍ ഉറുമ്പുകളുടെ അവസ്ഥ പഠിച്ചിട്ടില്ല, അടുത്തുതന്നെ അതും ഉണ്ടായേക്കാം എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ഉറുമ്പുകളുടെ പെരുമാറ്റത്തേക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ പരിശോധിക്കാനായി ലാബറട്ടറികളിലെ ഉറുമ്പു ഫാമുകളെ ദശകങ്ങളായി നിരീക്ഷിച്ചുവരികയാണ് ശാസ്ത്രജ്ഞര്‍. മൃഗങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ ജനിതകമായ അടിസ്ഥാനം വിശദീകരിക്കനായി ഉറുമ്പിലേക്ക് തന്റെ ഉള്‍ക്കാഴ്ചകള്‍ ഉപയോഗിച്ചിരുന്ന ആളായിരുന്നു കഴിഞ്ഞവര്‍ഷം അന്തരിച്ച ഇ.ഒ. വില്‍സണ്‍ എന്ന ശാസ്ത്രജ്ഞന്‍. ജീവിതത്തില്‍ വ്യക്തമായ ജൈവവൈവിദ്ധ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം അടിവരയിട്ടു പറയുന്നു. ബയോളജിസ്റ്റായ തന്റെ സുഹൃത്ത് ബെര്‍ട്ട് ഹോള്‍ഡോബ്ലറുമായി ചേര്‍ന്ന് ഭൂമിയിലെ ഉറുമ്പുകളുടെ എണ്ണം ഊഹിച്ചെടുക്കാന്‍ 1990ല്‍ അദ്ദേഹം ഒരു ശ്രമം നടത്തിയിരുന്നു. അവരുടെ കണക്കുകൂട്ടല്‍ 10 ക്വാഡ്രില്യണ്‍ എന്നായിരുന്നു. കൂടുതല്‍ കൃത്യതയുള്ള ഇപ്പോഴത്തെ മതിപ്പുമായി വലിപ്പത്തില്‍ അത് ഒത്തുപോകുന്നുണ്ട്.
അധിക വായനയ്ക്ക്
Earth has 20 quadrillion ants, new population study says, September 19, 2022, Washington Post