Read Time:25 Minute

ലീജ്യണെല്ലോസിസ് : ശാസ്ത്രവും ചരിത്രവും – രോഗത്തെകുറിച്ചറിയാം

ശ്വാസകോശത്തെ ബാധിക്കുന്ന ലീജ്യണെല്ലോസിസ് രോഗത്തെകുറിച്ച് വായിക്കാം..

ഡോ.നന്ദു ടി.ജി. എഴുതുന്നു…

2022 ഓഗസ്റ്റ് 29 ന് അർജന്റീനയിലെ ടുകുമാൻ (tucuman) പ്രവിശ്യയിലെ സാൻ മിഗ്വൽ ഡി ടുകുമാൻ നഗരത്തിൽ ഇരു ശ്വാസകോശങ്ങളെയും ബാധിക്കുന്ന ഒരു തരം ന്യുമോണിയ ആറ്  രോഗികളിൽ റിപ്പോർട്ട്  ചെയ്യപ്പെട്ടു. 2022 ഓഗസ്റ്റ് 18 നും 22 നും ഇടയിലാണ്  ഈ ആറ്  രോഗികളിൽ രോഗലക്ഷണങ്ങൾ പ്രകടമായത് . ഈ ആറ്  രോഗികളിൽ അഞ്ച്‌ പേരും ഒരു സ്വകാര്യ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരായിരുന്നു. ഇവരിൽ ആറ് പേരും ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടു. എല്ലാ രോഗികളിലും ന്യുമോണിയ കൂടാതെ, പനി, പേശീവേദന , വയറുവേദന, ശ്വാസം മുട്ടൽ എന്നീ  രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. സെപ്റ്റംബർ  മൂന്നാം തിയ്യതി രോഗികളുടെ എണ്ണം പതിനൊന്നായി വർദ്ധിച്ചു. ഈ പതിനൊന്നു രോഗികളിൽ നാല്  രോഗികൾ മരണമടഞ്ഞു, ഇതിൽ  മൂന്നുപേരും ആരോഗ്യ പ്രവർത്തകരായിരുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട 11 രോഗികളിൽ എട്ട് പേരും ഒരേ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരാണ്. രോഗികളുടെ ശരാശരി പ്രായം 45 വയസ്സാണ്. റിപ്പോർട്ട് ചെയ്യപ്പെട്ട നാല് മരണങ്ങൾ ഉൾപ്പെടെ, പത്ത് കേസുകളിൽ ഗുരുതരമായ രോഗത്തിനുള്ള അപകടസാദ്ധ്യത ഉണ്ടായിരുന്നു.

ചിത്രം 1: ബ്രോങ്കോൽവിയോളാർ ലാവേജ്

രോഗകാരണമറിയാനുള്ള ലബോറട്ടറി പരിശോധനകളിൽ ന്യുമോണിയക്കുള്ള കാരണം ലീജ്യണെല്ല ന്യൂമോഫില എന്ന ബാക്ടീരിയ ആണെന്ന്  തെളിഞ്ഞു.  ബ്രോങ്കോൽവിയോളാർ ലാവേജ്  (ശ്വാസകോശത്തിലെ ചെറിയ വായു അറകൾ കഴുകിയ ദ്രാവകം-BAL; ചിത്രം 1 ) ൽ നിന്ന്  വേർതിരിച്ചെടുത്ത മൊത്തം ഡിഎൻഎ-യുടെ ശ്രേണീകരണം (metagenomics ) വഴിയാണ് ഈ രോഗാണുവിനെ കണ്ടെത്തിയത്. ഇനി നമുക്ക് ഈ രോഗാണുവിനെ കുറിച്ച്  കൂടുതൽ അറിയാം.

ചിത്രം 2: ഗ്രാം സ്റ്റെയിൻഡ് ലീജ്യോണല്ലെ

ലീജ്യോണല്ല

ലീജ്യോണല്ലെ  ഒരു ഗ്രാം നെഗറ്റീവ്  (ഗ്രാം സ്റ്റെയിനിംഗിൽ പിങ്ക് നിറത്തിൽ കാണപ്പെടുന്ന) ബാക്റ്റീരിയയാണ് (ചിത്രം 2).  ഇതിന്റെ അതിജീവനത്തിന് ഓക്സിജൻ (Aerobic bacteria) ആവശ്യമാണ്. ഇത് സാധാരണയായി നനഞ്ഞ മണ്ണിലും, ശുദ്ധ-ജലാശയങ്ങളിലുമാണ്  കാണപ്പെടുന്നത്. ശുദ്ധ ജലത്തിൽ ജീവിക്കുന്ന അമീബയുടെ കോശത്തിനുള്ളിൽ ഈ ബാക്ടീരിയ കാണപ്പെടുന്നു. ഇത്  കൂടാതെ കൂളിംഗ് ടവറുകൾ അല്ലെങ്കിൽ എയർ കണ്ടീഷൻ (HVAC) സിസ്റ്റം തുടങ്ങിയ മനുഷ്യ നിർമ്മിത ആവാസ വ്യവസ്ഥയിലും ഇവ കാണപ്പെടുന്നു.

ലീജ്യോണെല്ല ബാക്ടീരിയ -ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രം

ലീജ്യോണെല്ലെ ബാക്ടീരിയ ഉണ്ടാക്കുന്ന അസുഖങ്ങൾ ലീജ്യോണെല്ലോസിസ് എന്നാണറിയപ്പെടുന്നത്. പ്രധാനമായും ലീജ്യണേയേഴ്സ് രോഗം (pneumonia), പോണ്ടിയാക് പനി എന്നീ അസുഖങ്ങളാണ് ഇവ ഉണ്ടാക്കുന്നത്. ഇതിൽ ലീജ്യണേയേഴ്സ് രോഗം ഗുരുതര രോഗവും, പോണ്ടിയാക് പനി  താരതമ്യേന ലഘുവായ അസുഖവുമാണ്.

ഷവർ, ഹോട്ട് ടബ്ബുകൾ, ശുദ്ധജല സംഭരണികൾ, പൈപ്പുകൾ എന്നിവയിൽ നിന്നുമുള്ള ലീജ്യോണെല്ലെ അടങ്ങിയ എയറോസോൾ  (അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ഖര -ദ്രാവക പദാർത്ഥകണികകൾ) ശ്വസിക്കുന്നതിന്റെ ഫലമായാണ് മനുഷ്യനിൽ സാധാരണയായി അണുബാധ സംഭവിക്കുന്നത്.

മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് അസുഖ പകർച്ച വളരെ അപൂർവമാണ്. പൊതുവേ, മനുഷ്യന്റെ അണുബാധ ആകസ്മികവും, അടുത്ത ആതിഥേയനിലേക്കുള്ള ബാക്റ്റീരിയയുടെ പകർച്ച അസാദ്ധ്യമായ ഘട്ടവുമാണ്. 50 വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷന്മാരിലും,  പുകവലിക്കാർ, പ്രമേഹം, കാൻസർ, രോഗപ്രതിരോധശേഷിയില്ലായ്മ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ള ആളുകളിലും ലീജ്യണേയേഴ്സ് രോഗം വരാൻ സാധ്യത കൂടുതലാണ്.

ലീജ്യോണെല്ലോസിസ്: ചരിത്രം

1976-ൽ അമേരിക്കൻ ഐക്യ നാടുകളിലെ ഫിലാഡൽഫിയയിലെ അമേരിക്കൻ ലീജിയൻ സംഘടനയുടെ (മുൻ സൈനികരുടെ സംഘടന ) സമ്മേളനത്തിൽ പങ്കെടുത്തവർക്കുണ്ടായ അസാധാരണ ന്യൂമോണിയയെ കുറിച്ച് ഉണ്ടായ അന്വേഷണമാണ് ലജ്യോയോണല്ല ബാക്റ്റീരിയയുടെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്.

The Bellevue-Stratford Hotel

1976 ജൂലൈ 21-നാണ്, പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിലുള്ള ബെല്ലെവ്യൂ-സ്ട്രാറ്റ്ഫോർഡ് (The Bellevue-Stratford Hotel) ഹോട്ടലിൽ അമേരിക്കൻ ലീജ്യൻ സംഘടനയുടെ വാർഷിക ത്രിദിന കൺവെൻഷൻ ആരംഭിച്ചത്. 2,000-ലധികം ലിജ്യോയോണർമാർ, കൂടുതലും പുരുഷന്മാർ, ഈ കൺവെൻഷനിൽ പങ്കെടുത്തു. 1776-ൽ ഫിലാഡൽഫിയയിൽ യുഎസ് സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതിന്റെ 200-ാം വാർഷികത്തിന്റെ അമേരിക്കയുടെ ആഘോഷത്തോട് അനുബന്ധിച്ചാണ് തീയതിയും നഗരവും തിരഞ്ഞെടുത്തത്. സമ്മേളനം അവസാനിച്ച്  മൂന്ന്  ദിവസത്തിന് ശേഷം 61 വയസ്സായ ഒരു മുൻ സൈനികൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പിന്നീട് ഓഗസ്റ്റ്  1 ആയപ്പോഴേക്കും സമ്മേളനത്തിൽ പങ്കെടുത്ത ആറ്  മുൻസൈനികർ (ലീജ്യണയർ) കൂടി മരിച്ചു. അവർ 39 മുതൽ 82 വയസ്സ് വരെ പ്രായമുള്ളവരായിരുന്നു.  എല്ലാവരും ക്ഷീണം, നെഞ്ചുവേദന, ശ്വാസ തടസം, പനി എന്നീ രോഗ ലക്ഷണങ്ങൾ പ്രകടപ്പിച്ചിരുന്നു. സമ്മേളനവുമായി ബന്ധപ്പെട്ടവരിൽ  182 പേർക്ക് അസുഖം ബാധിക്കുകയും, അവരിൽ 29 (16%) പേർ മരിക്കുകയും ചെയ്തു.

ഇതിനെ തുടർന്ന്  സെന്റർ ഫോർ ഡിസീസ്  കൺട്രോൾ ആൻഡ്  പ്രിവൻഷനും (CDC), പെൻസിൽവാനിയ ആരോഗ്യ വകുപ്പും രോഗ കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. സി.ഡി.സി മൈക്രോബയോളജിസ്റ്റ് ജോസഫ് മക്ഡേഡ് (Joseph E. McDade) അന്വേഷണത്തിന്  നേതൃത്വം നൽകി.

ജോസഫ് മക്ഡേഡ്

തുടക്കത്തിൽ അവർ രോഗികളിൽനിന്ന് വൈറസ്,  ബാക്ടീരിയ, ഫംഗസ്, ഇൻട്രാസെല്ലുലാർ ബാക്ടീരിയ  എന്നിവയെ വേർതിരിക്കുന്നതിൽ പരാജയപെട്ടു. എന്നാൽ മരിച്ച ചില രോഗികളുടെ ശ്വാസകോശത്തിൽ നേർത്ത കോശ ഭിത്തിയുള്ള ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഗവേഷകർ ഈ ബാക്റ്റീരിയയെ ഗിനി പന്നികളിൽ കുത്തിവയ്ച്ചു. ഇതേ തുടർന്ന്  ഗിനി പന്നികൾ  രോഗാതുരരായി. ഇവയുടെ ആന്തരിക അവയവങ്ങളിൽ രോഗികളിൽ കാണപ്പെട്ട ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തി. പിന്നീട്  ബാക്റ്റീരിയയെ മുട്ടയുടെ മഞ്ഞക്കരുവിൽ വളർത്താനും,  അവയെ അതിൽ നിന്ന്  വേർതിരിക്കാനും സാധിച്ചു, ഇവ ഗ്രാം നെഗറ്റീവ്  ബാക്ടീരിയ ആയിരുന്നു. 1977 ജനുവരി 18-ന് ഒരു പത്രസമ്മേളനത്തിൽ CDC ഈ കണ്ടുപിടിത്തം പ്രഖ്യാപിച്ചു. സൈനീകരിൽ ന്യൂമോണിയ വരുത്തുന്ന രോഗാണു എന്ന അർത്ഥത്തിൽ ഈ ബാക്റ്റീരിയക്ക്  ലീജ്യണല്ലെ ന്യൂമോഫില എന്ന് പേരിട്ടു. സമ്മേളനം നടന്ന ഹോട്ടലിന്റെ എയർ കണ്ടീഷനിംഗ് സിസ്റ്റത്തിന്റെ കൂളിംഗ് ടവറിൽ ലീജ്യണല്ലയുടെ സാന്നിധ്യം ഉണ്ടായിരുന്നതായും, എയറോസോളുകൾ വഴി ബാക്റ്റീരിയ കെട്ടിടത്തിലാകമാനം വ്യാപിച്ചതായും അന്വേഷക സംഘം കണ്ടെത്തി.

ഇതിനെ  തുടർന്ന് സി.ഡി.സി,  മുൻകാലത്തിൽ പൊട്ടിപ്പുറപ്പെട്ട സമാനമായ അസുഖങ്ങളെകുറിച്ച്  പഠിച്ചു. 1959-ൽ തന്നെ ലീജ്യണല്ലെ ന്യൂമോഫില മൂലം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പുറപ്പെട്ടിരുന്നതായി സി.ഡി.സി മനസിലാക്കി. 1968-ൽ അമേരിക്കയിലെ മിഷിഗൺ സംസ്ഥാനത്തിലെ പോണ്ടിയാക് നഗരത്തിലെ ആരോഗ്യ വകുപ്പിലെ ജീവനക്കാർക്കിടയിൽ നേരിയ പനിയോട് കൂടിയ ഫ്ലൂ പൊട്ടിപുറപ്പെട്ടിരുന്നു. 1976-ൽ ഫിലാഡൽഫിയയിൽ ലീജ്യണയർ രോഗം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം, മിഷിഗൺ ആരോഗ്യ വകുപ്പ് വീണ്ടും രക്ത സാമ്പിളുകൾ പരിശോധിക്കുകയും ജീവനക്കാരുടെ അസുഖത്തിന് കാരണം പുതുതായി തിരിച്ചറിഞ്ഞ ലീജ്യണല്ലെ ന്യൂമോഫില ആയിരുന്നു എന്ന് കണ്ടെത്തുകയും ചെയ്തു. ഈ അസുഖം പോണ്ടിയാക്ക്  ഫീവർ എന്നറിയപ്പെട്ടു.

1999 മാർച്ചിൽ, നെതെർലാൻഡ്സിലെ ബോവെൻകാർസ്പെലിൽ വെസ്റ്റ്ഫ്രീസ് പുഷ്പ പ്രദർശനത്തിനിടെ ഒരു വലിയ രോഗവ്യാപനം ഉണ്ടായി; 318 പേർക്ക് രോഗം ബാധിക്കുകയും 32 പേർ മരിക്കുകയും ചെയ്തു. 1976-ലെ ഫിലഡെൽഫിയ രോഗ വ്യാപനത്തിന് ശേഷമുള്ള രണ്ടാമത്തെ മാരകമായ രോഗവ്യാപനമായിരുന്നു ഇത്. ഈ  ബാക്റ്റീരിയയുടെ ഉറവിടം പ്രദർശനത്തിലെ വേൾപൂൾ സ്പാകളും, സ്പ്രിംഗളറുകളുമായിരുന്നു. ഏറ്റവും വലിയ ലീജ്യോണല്ല അസുഖ വ്യാപനം  ഉണ്ടായത്  2001 ജൂലൈയിൽ സ്പെയിനിലെ മൂർസിയയിലാണ്. 800-ലധികം സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു; ഇതിൽ 449 കേസുകൾ സ്ഥിരീകരിച്ചു; മരണ നിരക്ക് 1% ആയിരുന്നു.

ലീജ്യോണല്ലെ: മൈക്രോബയോളജി

ലീജ്യോണല്ലെ ജനുസ്സിൽ 65  സ്പീഷീസുകളും,  മൂന്ന്  സബ്  സ്പീഷീസുകളും ഉണ്ട്.  എല്ലാ ലീജ്യോണല്ലെ ബാക്റ്റീരിയകളും ജലവുമായി ബന്ധപ്പെട്ട അന്തരീക്ഷത്തിൽ നിന്നാണ്  വേർതിരിക്കപ്പെട്ടത്, ഇതിൽ 30 സ്പീഷീസുകൾക്ക്  മനുഷ്യനിൽ രോഗം ഉണ്ടാക്കാൻ കഴിവുണ്ട് . ഇതിൽ ലീജ്യോണല്ലെ ന്യൂമോഫിലയാണ്  യൂറോപ്പിലെയും, അമേരിക്കൻ ഐക്യ നാടുകളിലേയും 80%-90% കേസുകൾക്ക്  ഉത്തരവാദി,  ഇതിൽ  തന്നെ  ലീജ്യോണല്ല ന്യൂമോഫില സെറോഗ്രൂപ്പ്-1 സ്ട്രെയിനാണ്  90% രോഗവ്യാപനത്തിനും  ഉത്തരവാദി.

Vermamoeba vermiformis– അമീബയും (ഓറഞ്ച്) Legionella pneumophila ബാക്ടീരിയയും (പച്ച)

ലീജ്യോണല്ലെ ജീവിത ചക്രം: അമീബയും, മാക്രോഫേജും 

ശുദ്ധജലത്തിൽ ലീജ്യോണല്ലെ സാധാരണയായി കാണപ്പെടുന്നത് ബയോഫിലിമുകളിലോ (സൂക്ഷജീവികളുടെ കൺസോർഷ്യം അഥവാ സഹചരത), അമീബിയക്കുള്ളിലോ ആണ്. അമീബയ്ക്കുള്ളിലെ ഈ ബാക്റ്റീരിയയുടെ അതിജീവനം മനുഷ്യശരീരത്തിലെ പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ അവയെ സഹായിക്കുന്നു. ഈ രണ്ട്  ആതിഥേയരിലും ലീജ്യോണല്ലെയുടെ ജീവിത ചക്രം ഏതാണ്ട് സമാനമാണ് (ചിത്രം 5).

ചിത്രം 5: ലീജ്യോണല്ലെ ജീവിത ചക്രം

അമീബയുടെയും,ലീജ്യോണല്ലെയുടേയും സഹപരിണാമം ബാക്റ്റീരിയക്ക് മനുഷ്യ ശ്വാസകോശത്തിലെ മാക്രോഫേജുകളിൽ (രോഗാണുക്കളെ  അകത്താക്കി ദഹിപ്പിക്കുന്ന ഒരു തരം വെളുത്തരക്താണു) പ്രവേശിക്കാനുള്ള കഴിവ്  നൽകി. മാക്രോഫേജിന്റെയും, അമീബയുടെയും ഇരപിടുത്തതിന് (phagocytosis) ഒരുപാട് സമാനതകളുണ്ട് .

എയ്‌റോസോളുകളിലൂടെ ശ്വാസകോശത്തിലേക്കെത്തുന്ന ബാക്റ്റീരിയ ആൽവിയോളാർ ഫാഗോസൈറ്റോസിസ്  വഴി മാക്രോഫേജുകളിൽ  പ്രവേശിക്കുകയും,  മാക്രോഫേജുകളുടെ ദഹന പ്രക്രിയയിൽ നിന്ന്  രക്ഷപ്പെടുന്ന ബാക്ടീരിയ, അവിടെ തന്നെ വിഭജിക്കുകയും  ചെയ്യുന്നു. ഈ പ്രക്രിയ വഴി ബാക്റ്റീരിയ മറ്റ് ശരീരപ്രതിരോധ കോശങ്ങളിൽനിന്ന് (immune cells ) രക്ഷപെടുന്നു. മാക്രോഫേജിനുള്ളിൽ  ഒരു അറ (Legionella containing vacuole-LCV) രൂപീകരിച്ചാണ്  ബാക്റ്റീരിയ, മാക്രോഫേജിന്റെ ദഹന എൻസൈമായ ലൈസോസൈമിൽ നിന്ന് രക്ഷപ്പെടുന്നത് (inhibition of phagolysosome formation). ഏകദേശം ഇതിന് സമാനമായ ഘട്ടങ്ങളിലൂടെയാണ്  ലീജ്യോണല്ലെയുടെ അമീബയ്ക്കുള്ളിലെ ജീവിതചക്രം കടന്നുപോകുന്നത്. ഇങ്ങനെ അമീബ ലീജ്യോയോണല്ലെയുടെ പരിശീലന നിലമാകുകയും,  ഈ പരിശീലനം ബാക്റ്റീരിയയെ മനുഷ്യ ശ്വാസകോശത്തിനുള്ളിൽ  വളരാൻ സഹായിക്കുകയും ചെയ്യുന്നു.

രോഗലക്ഷണങ്ങൾ 

ലീജ്യോണെല്ലെ ബാക്റ്റീരിയയുമായി സമ്പർക്കം പുലർത്തിയതിന് ശേഷം രണ്ട് മുതൽ 10 വരെ ദിവസം കഴിഞ്ഞാണ് ലീജ്യോണെയേഴ്സ് രോഗം സാധാരണയായി പ്രത്യക്ഷപ്പെടാറുള്ളത് .ഇനിപ്പറയുന്ന ലക്ഷണങ്ങളോടു കൂടിയാണ് രോഗം പലപ്പോഴും ആരംഭിക്കുന്നത്:

  • തലവേദന
  • പേശി വേദന
  • പനി

രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസത്തിൽ, ഇനിപ്പറയുന്നവ ഉൾപ്പെടെ മറ്റ് ലക്ഷണങ്ങളും  ഉണ്ടാവാം :

  • ചുമ, ശ്വാസം മുട്ടൽ, നെഞ്ച് വേദന
  • ഓക്കാനം, ഛർദ്ദി, വയറിളക്കം
  • ആശയക്കുഴപ്പം അല്ലെങ്കിൽ മറ്റ് മാനസിക മാറ്റങ്ങൾ

ലീജ്യോണെയേഴ്സ് രോഗം പ്രാഥമികമായി ശ്വാസകോശത്തെയാണ് ബാധിക്കുന്നതെങ്കിലും, ഹൃദയം ഉൾപ്പെടെയുള്ള ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും അണുബാധയുണ്ടാക്കാം. Legionnaires രോഗത്തിന്റെ ഒരു നേരിയ രൂപമായ പോണ്ടിയാക് പനി , വിറയൽ, തലവേദന, പേശി വേദന എന്നിവ ഉണ്ടാക്കാം. പോണ്ടിയാക് പനി രോഗികളുടെ ശ്വാസകോശത്തെ ബാധിക്കാറില്ല , സാധാരണയായി രണ്ടോ അഞ്ചോ ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.

രോഗനിർണയവും ചികിത്സയും 

മുകളിൽ പറഞ്ഞ  രോഗലക്ഷണങ്ങൾക്ക്  പുറമേ രോഗികൾക്ക്,  താരതമ്യേന കുറഞ്ഞ ഹൃദയമിടിപ്പ്, ഹൈപ്പോഫോസ്ഫേറ്റീമിയ, അല്ലെങ്കിൽ വർദ്ധിച്ച സെറം ഫെറിറ്റിൻ അളവ്  എന്നിവ ഉണ്ടാകാം. ക്ലിനിക്കൽ ലക്ഷണങ്ങൾക്ക് പുറമേ, രോഗനിർണയത്തിന് ലബോറട്ടറി സ്ഥിരീകരണം അത്യാവശ്യമാണ്; കഫം അല്ലെങ്കിൽ ശ്വാസകോശ സ്രവങ്ങൾ,  ടിഷ്യു, മൂത്രം,  രക്തം,  എന്നിവ ഉപയോഗിച്ച് ലീജ്യോണല്ലെ അണുബാധ കണ്ടുപിടിക്കുന്നതിനായി പ്രത്യേക ടെസ്റ്റുകൾ ലഭ്യമാണ്. ഇവ സീറോളജിക്കൽ ടെസ്റ്റുകൾ, ആന്റിബോഡി അടിസ്ഥാനമാക്കിയുള്ള പരിശോധനകൾ, ബാക്റ്റീരിയൽ കൾച്ചർ, യൂറിനറി ആന്റിജൻ ടെസ്റ്റുകൾ, ന്യൂക്ലിക് ആസിഡ് ആംപ്ലിഫിക്കേഷൻ പരിശോധനകൾ (PCR) എന്നിവയാണ് . ഇതിൽ യൂറിനറി ആന്റിജൻ ടെസ്റ്റുകൾ പ്രാഥമികമായ പരിശോധനയും, ബാക്റ്റീരിയൽ കൾച്ചർ ഏറ്റവും ആധികാരികമായ പരിശോധനയുമാണ് (gold standard).

ലീജ്യോണെല്ലെ ഒരു കോശത്തിനുള്ളിൽ പ്രവേശിക്കുന്ന (intracellular) രോഗകാരികളാണ്, അതിനാൽ അതിനെതിരായ ആന്റിബയോട്ടിക്കുകൾ കോശത്തിനുള്ളിൽ പ്രവേശിക്കുകയും അവിടെ പ്രവർത്തിക്കുകയും (bioactivity) വേണം. മിക്ക മാക്രോലൈഡുകളും, ടെട്രാസൈക്ലിനുകൾ, കെറ്റോലൈഡുകൾ, ക്വിനോലോണുകൾ എന്നിവ രോഗത്തിനെതിരെ ഫലപ്രദമാണ്. എന്നാൽ β-ലാക്റ്റമുകളും അമിനോഗ്ലൈക്കോസൈഡുകളും ഫലപ്രദമല്ല.

ലീജ്യോണെല്ലോസിസ് ഇന്ത്യയിൽ 

ഇന്ത്യയിൽ, ലീജ്യോണെല്ലയുടെ വ്യാപനത്തെക്കുറിച്ച്  വളരെ പരിമിതമായ വിവരം മാത്രമേ ലഭ്യമായിട്ടുള്ളു. 1992-ൽ നടന്ന ഒരു പഠനത്തിൽ ന്യൂമോണിയ ബാധിച്ച 45 രോഗികളിൽ നടത്തിയ ഒരു പഠനത്തിൽ,  9% രോഗികളിൽ ലീജ്യയോണല്ലെ ന്യൂമോഫില-യുടെ സാന്നിധ്യം കണ്ടെത്തുകയുണ്ടായി. 2014-ൽ ചൗധരി യും സംഘവും നടത്തിയ പഠനത്തിൽ,  സാർകോയിഡോസിസ് ബാധിച്ച്  മരിച്ച ഒരു രോഗിയിൽ ലീജ്യോണല്ലെ ന്യൂമോഫില-യുടെ സാന്നിധ്യം കണ്ടെത്തി. PCR ഉപയോഗിച്ചാണ് പഠന സംഘം ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തിയത് .ഫെബ്രുവരി2015 -ജനുവരി2020 കാലയളവിൽ 597 ന്യൂമോണിയ രോഗികളിൽ  PCR ഉപയോഗിച്ച്  നടത്തിയ ഒരു പഠനത്തിൽ, 14 (2.3%) രോഗികളിൽ ലീജ്യോണെല്ലെയുടെ സാന്നിധ്യം കണ്ടെത്തി. ഇതിൽ എട്ട് (57%) പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു, നാല് (28.6%) ആശുപത്രി മരണങ്ങൾ സംഭവിച്ചു.

ഉപസംഹാരം 

ലീജ്യോ ല്ലോസിസ് താഴ്ന്ന രോഗനിർണയവും, രോഗ റിപ്പോർട്ടിങ്ങുമുള്ള ഒരു രോഗമാണ്,  പ്രത്യേകിച്ച്  ഇന്ത്യയിൽ. കുറച്ചുകൂടി മെച്ചപ്പെട്ട രോഗനിർണ്ണയ രോഗ നിരീക്ഷണ സംവിധാനങ്ങൾ ഈ രോഗത്തിനെ കുറിച്ച് പഠിക്കുന്നതിന്  ആവശ്യമാണ്.  ലീജ്യണെല്ലെയുടെ ആവാസവ്യവസ്ഥയെ കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. ഈ പഠനങ്ങൾ അവയുടെ രോഗവ്യാപക ശേഷിയെ  (virulence) കുറിച്ചും, അപകടസാധ്യതയെ കുറിച്ചും കൂടുതൽ വിവരങ്ങൾ നൽകും.ആശുപത്രികളിലെയും, ഹോട്ടലുകളിലെയും, മറ്റ്  കെട്ടിടങ്ങളിലെയും HVAC സംവിധാനത്തിലുള്ള ലീജ്യോണല്ല നിരീക്ഷണം (surveillance) ഭാവിയിൽ ഉണ്ടായേക്കാവുന്ന ലീജ്യണല്ലോസിസ് രോഗവ്യാപനത്തെ തടയും. ജല സംവിധാനങ്ങളുടെ ശരിയായ പരിപാലനമാണ് ലീജ്യണെല്ലോസിസ് തടയാനുള്ള ഏറ്റവും മികച്ച മാർഗം. ലീജ്യണെല്ലെയിൽ ആൻറിബയോട്ടിക് പ്രതിരോധം വളരെ അപൂർവമാണെങ്കിലും, പരിസ്ഥിതിയിൽ നിന്നും,  രോഗികളിൽ നിന്നും, വേർതിരിച്ച ലീജ്യണല്ലെ ബാക്റ്റീരിയയിൽ,  ആൻറിബയോട്ടിക് പ്രതിരോധ ജീനുകളുടെ സാന്നിദ്ധ്യം വ്യവസ്ഥാനുസൃതമായി അന്വേഷിക്കണം. ആവശ്യമെങ്കിൽ രോഗത്തിനെതിരെ പുതിയ ചികിത്സാമാർഗങ്ങൾ തേടണം.



എന്താണ് എപ്പിഡെമിയോളജി ?

രോഗവ്യാപന ശാസ്ത്രത്തെക്കുറിച്ചുള്ള ലൂക്ക ലേഖനപരമ്പര വായിക്കാം

Happy
Happy
20 %
Sad
Sad
0 %
Excited
Excited
40 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
40 %

Leave a Reply

Previous post ആൻഡ്രോമിഡ ഗാലക്സി – അസ്ട്രോ ഫോട്ടോഗ്രഫി
Next post ഭൂമിയിലെത്ര ഉറുമ്പുകളുണ്ട് ?
Close