ജി. ഗോപിനാഥന്‍
ദേശീയ ശാസ്ത്രദിനത്തിന്റെ ഭാഗമായി #കേരളം ശാസ്ത്രം ആഘോഷിക്കുന്നു ക്യാമ്പയിന്റെ ഭാഗമായി ജി.ഗോപിനാഥൻ എഴുതിയ കുറിപ്പ്.
മൈക്രോസ്കോപ്പ് രൂപംകൊള്ളുന്നതിന് (1830)ഏറെ മുമ്പുതന്നെ(1675) ഒറ്റ ലെൻസ് ഉപയോഗിച്ച് സൂക്ഷ്മജീവികളെ നിരീക്ഷിക്കുകയും അവയുടെ വ്യക്തവും സുന്ദരവുമായ ചിത്രങ്ങൾ വരച്ചുവയ്ക്കുകയും ചെയ്ത ഒരാളുണ്ട്: വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത ഒരു വസ്ത്രവ്യാപാരിയായ ഡച്ചുകാരൻ അന്തോണീ വാൻ ലീവെൻഹൊക്ക് (Antonie van Leeuwenhoek). വലിയജിജ്ഞാസുവായിരുന്ന അദ്ദേഹം സ്വയം ചില്ലുരുക്കി ഉണ്ടാക്കിയെടുത്ത ലെൻസുകളുപയോഗിച്ച് നിരീക്ഷണം നടത്തി. നൂറുകണക്കിന് ലെൻസുകൾ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ടായിരുന്നു. വളരെ സൂക്ഷ്മതയോടെ നിർമ്മിച്ച ലെൻസുകൾ വസ്തുക്കളെ ഏറെ വലിപ്പത്തിൽ വ്യക്തമായി കാണുവാൻ സഹായിച്ചു. ഒരു കണ്ണ് അടച്ചുപിടിച്ച് ഒറ്റ ലെൻസ് കൊണ്ടാണ് അദ്ദേഹം നിരീക്ഷണം നടത്തിയത്. ഒരു തുള്ളി ചെളിവെള്ളത്തിൽ ഡസൻ കണക്കിന് പൈപ്പുകഷണം പോലുള്ള ജീവനുള്ള വസ്തുക്കൾ ചലിച്ചുകൊണ്ടിരിക്കുന്നതുകണ്ടു. ലോകത്താദ്യമായി അവയെ കാണുന്ന ആളായി മാറി അദ്ദേഹം. അദ്ദേഹം അവയെ അനിമാക്യൂൾ എന്നു വിളിച്ചു. അതാണ് ഇന്നത്തെ മൈക്രോബുകൾ.
ഇത്തരം നിരീക്ഷണങ്ങൾ അദ്ദേഹത്തിന് ഒരു ഹരമായിമാറി. എവിടെയും സൂക്ഷ്മാണുക്കളെ തിരഞ്ഞു. സ്വന്തം കാലിലെ അഴുക്ക് കഴുകിക്കളയാതെ വിരലിനിടയിൽ വളരുന്ന സൂക്ഷ്മാണുക്കളെ നിരീക്ഷിച്ചു. പേനിനെ വളർത്തി. ഈച്ചയുടെ മുട്ടകൾ സ്വന്തം ഭാര്യയുടെ നെഞ്ചിൽ ഒട്ടിച്ചുവച്ച് ചൂടുകൊണ്ട് മുട്ടവിരിഞ്ഞുവരാൻ കാത്തിരുന്നു. ഓരോന്നിനെയും നിരീക്ഷിച്ച് കോറിവച്ച ചിത്രങ്ങൾ ഒരത്ഭുതലോകത്തെ വെളിവാക്കി. ചില പ്രാണികളുടെ കണ്ണ് ഒറ്റയല്ലെന്നും ഒന്നിലധികം കൂടിച്ചേർന്നതാണെന്നും കണ്ടെത്തി. ഒരു എട്ടുകാലിയെ നിരീക്ഷിച്ച് അതിന്റെ ശരീരവും കാലുകളും രോമങ്ങൾ നിറഞ്ഞതാണെന്നും ആ രോമങ്ങൾ മുള്ളൻപന്നിയുടെ മുള്ളുപോലെ വലിപ്പമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കണ്ടെത്തലുകൾ അങ്ങകലെയുള്ള ഇംഗ്ലണ്ടിലെ റോയൽ സൊസൈറ്റിക്ക് അയച്ചുകൊടുത്തു. സൂക്ഷ്മമായി രേഖപ്പെടുത്തിയ ചിത്രങ്ങളോടുകൂടിയ നിരവധി കത്തുകൾ കണ്ട സൊസൈറ്റി അദ്ദേഹത്തിന് അംഗത്വം കൊടുത്തു. അതോടെ ആഗോള പ്രശസ്തി കൈവന്നു. അദ്ദഹം കണ്ടെത്തിയ സൂക്ഷ്മാണുക്കളിൽ നിന്ന് രോഗാണുശാസ്ത്രം ഉടലെടുത്തു. നിരവധി രോഗങ്ങൾക്കും ചികിത്സ കണ്ടെത്താനായി. ജൈവലോകത്തെത്തുറിച്ച് പുതിയ അറിവായി മാറി അത്.
Antonie van Leeuwenhoek’s letter to the Society #onthisday in 1683, first known description of bacteria https://t.co/LtNGx6T83I pic.twitter.com/ZqMdZrVoDa
— The Royal Society (@royalsociety) September 17, 2017
അവലംബം: EUREKA ! – The most amazing scientific discoveries of all time. By Dr. Mike Goldsmith Published by: Thomas & Hudson