കേരളത്തിലെ ഏറ്റവും പഴയ കൊതുക്
ലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള മരക്കറയുടെ ഫോസ്സിലുകൾ കേരളത്തിലെ ചിലയിടങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു മരക്കറയിൽ നിന്നും ഒരു ആൺ കൊതുകിനെ കിട്ടിയതായി പഠനങ്ങൾ വന്നിട്ടുണ്ട്.
ആധുനിക കാലത്തെ കൊതുകുമായി രൂപത്തിൽ ചില്ലറ വ്യത്യാസങ്ങളൊക്കെയുണ്ടെങ്കിലും ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാ കൊതുകുകളുമായും ഈ കൊതുകിന് ബന്ധമുണ്ടെന്നാണ് തന്മാത്രാ പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ആദ്യമായി ഉണ്ടായ കൊതുക് ഇതല്ല എന്നുതന്നെയാണ് ശാസ്ത്രപക്ഷം. ഏകദേശം 187 ദശലക്ഷം വർഷങ്ങൾക്ക് മുൻപായിരിക്കാം ആദ്യകൊതുകിന്റെ ജനനം എന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്. ഇനി നമുക്ക് കേരളത്തിലേക്ക് വരാം.
കളിമൺ ഖനിയിലെ കൊതുക്
കേരളത്തിൽ നിന്ന് ഇതുവരെ ആംബർ കുഴിച്ചെടുത്തതായി ചരിത്രമില്ല. അതുകൊണ്ടുതന്നെ ആംബറിനുള്ളിൽ കുടുങ്ങിയ കൊതുകിനെ കേരളത്തിൽ നിന്ന് പ്രതീക്ഷിക്കുന്നതിൽ അർത്ഥവുമില്ല. എന്നാൽ വളരെ അപൂർവമായി ലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള (Tertiary period) മരക്കറയുടെ ഫോസ്സിലുകൾ കേരളത്തിലെ ചിലയിടങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ മാടായിപ്പാറയ്ക്കടുത്തുള്ള ഉപേക്ഷിക്കപ്പെട്ട കളിമൺ ഖനിയിൽ നിന്നും അത്തരം ‘കറക്കട്ടകൾ’ കണ്ടെടുത്തിട്ടുണ്ട്. ലക്നൌവിലെ ബീർബൽ സാനി ഇൻസ്റ്റിറ്യൂട്ട് ഓഫ് പാലിയോബോട്ടണിയിലെയും ലക്നൌ യൂണിവേർസിറ്റി സുവോളജി ഡിപ്പാർട്ട്മെന്റിലെയും ഒരു സംഘം ഗവേഷകർ രണ്ടായിരാമാണ്ടിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഇത്തരത്തിലുള്ള ഒരു കറക്കറയിൽ നിന്നും ഒരു ആൺ കൊതുകിനെ കിട്ടിയതായി പറയുന്നുണ്ട്. നിർഭാഗ്യവശാൽ ഒന്നിലേറെ പരിമിതികളുള്ള ഒരു പഠനമാണത്.
- ടെർഷ്യറി എന്ന് പറയുന്നത് 66 ദശലക്ഷം വർഷം മുൻപ് മുതൽ 2.6 ദശലക്ഷം വർഷം മുൻപ് വരെ നീണ്ടുനിന്ന അതിദീർഘമായ ഒരു കാലഘട്ടമാണ്. മാടായിപ്പാറയിൽ നിന്ന് ലഭിച്ച കറക്കട്ടയുടെ കൃത്യമായ പ്രായം ഗവേഷകർ സൂചിപ്പിക്കുന്നില്ല
- കൂടെക്കൊടുത്ത കൊതുകിന്റെ ഫോട്ടോയ്ക്ക് വ്യക്തത തീരെയില്ല.
- കൊതുകിന്റെ വർഗ്ഗീകരണം നടത്തിയിട്ടില്ല.
- തന്മാത്രാ പഠനങ്ങൾ നടത്തിയിട്ടില്ല. അവർക്ക് കിട്ടിയത് കൊതുക് തന്നെയാണെങ്കിൽ കേരളത്തിൽ നിന്നും ലഭിച്ച ഒരേയൊരു ഫോസ്സിൽ കൊതുകും ഏറ്റവും പഴയ കൊതുകുമായിരിക്കുമത്.
അധിക വായനയ്ക്ക്
- Borkent A and Grimaldi DA (2004). The Earliest Fossil Mosquito (Diptera: Culicidae), in Mid-Cretaceous Burmese Amber. Ann. Entomol. Soc. Am. 97(5): 882-888.
- Borkent A (1993). A world catalog of fossil and extant Corethrellidae and Chaoboridae (Diptera), with a listing of references to keys, bionomic information, and descriptions of each known life stage. Entomol. Scand. 24: 1-24.
- Shukla M, Kumar P, Prakash A, Srivastava GP, Kumar M (2000). Resin-embedded Insects and other Organic Remains from Warkalli formation, Kerala Coast, India. Journal of Geological Society of India. 56: 315-319.