Read Time:7 Minute


ഡോ.സീന ടി.എക്സ്.

ഉയർന്ന പ്രത്യുൽപ്പാദന ക്ഷമത, വളർച്ചാ നിരക്ക് എന്നിവയിലൂടെ കർഷകർക്ക് സുസ്ഥിര വരുമാനം ഉറപ്പു വരുത്തുന്ന തൊഴിലാണ് ആടു വളർത്തൽ. അതിജീവനത്തിന്റെ പാതയിൽ മൃഗസംരക്ഷണ രംഗത്തെ ഭാവിയുടെ വാഗ്ദാനം കൂടിയാണ് ആടുകൾ. ആർദ്രത കൂടിയ ഉഷ്ണമേഖലാ പ്രദേശമായ കേരളത്തിലെ ആടുകർഷകർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ആടുകളിലെ വിരശല്യവും വിരകളുടെ ആർജിത വിരമരുന്നു പ്രതിരോധവും (ആൻ ഹെൽമിന്തിക് റെസിസ്റ്റൻസ്). വിരമരുന്നുകളുടെ അനിയന്ത്രിതമായ ഉപയോഗം മൂലം വിരകൾ മരുന്നിനെതിരെ ആർജ്ജിക്കുന്ന പ്രതിരോധശേഷിയാണ് വിരകളുടെ ആർജിത വിരമരുന്നു പ്രതിരോധം അഥവാ ആൻ ഹെൽമിന്തിക് റെസിസ്റ്റൻസ്. വിരകൾ ഏതെങ്കിലും ഒരു മരുന്നിനെതിരെ പ്രതിരോധശേഷി ആർജ്ജിച്ചു കഴിഞ്ഞാൽ പിന്നീട് മൃഗങ്ങൾക്ക് ആ മരുന്ന് നൽകിയാൽ വിരകൾ നശിക്കാത്ത സ്ഥിതിവിശേഷമാണ് സംജാതമാകുക.

സുസ്ഥിര അജപരിപാലനം ലക്ഷ്യമാക്കി, പ്രകൃതി സൗഹൃദവും നൂതനവും സമഗ്രവുമായ പരാദചികിത്സാരീതി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ണുത്തി വെറ്ററിനറി കോളേജിലെ പരാദ വിഭാഗത്തിന്റെ ഗവേഷണത്തിലൂടെ വിഭാവനം ചെയ്ത സൂചികയാണ് ആടുകളിലെ വിളർച്ച സൂചിക കാർഡ്. കേരള വെറ്ററിനറി സർവകലാശാലയിലെ ശാസ്ത്രജ്ഞരായ ഡോ: ശ്യാമള, ഡോ: ദേവത എന്നിവരാണ് ഈ ഗവേഷണ ഫലത്തിനു പിന്നിലുള്ളത്.

കേരളത്തിലെ 13 വിവിധ പാരിസ്ഥിതിക മേഖലകളിലെ ആടുകളിൽ നടത്തിയ പഠനങ്ങളിലൂടെയാണ് ഈ കാർഡിന്റെ രൂപകൽപ്പനയും മൂല്യനിർണ്ണയവും നടത്തിയിരിക്കുന്നത്. കേരളത്തിലെ കാലാവസ്ഥയിൽ ഓരോ പ്രദേശങ്ങളിലുമുള്ള വിവിധ വിരകൾ, അവയുടെ ജീവിതചക്രം, അവ ബാധിക്കുന്ന ഉരുക്കൾ എന്നിവയനുസരിച്ച് തയ്യാറാക്കിയിട്ടുള്ളവയാണ് ഈ കാർഡ്. ആട്ടിൻ കാഷ്ഠത്തിലുള്ള വിരമുട്ടയുടെ എണ്ണം, രക്തത്തിലെ പാക്ക്ഡ് സെൽ അളവ്, ആടുകളുടെ കണ്ണിലെ ശ്ലേഷ്മസ്തരത്തിന്റെ നിറം എന്നിവ തമ്മിലുള്ള ബന്ധം വിലയിരുത്തിയാണ് ഈ സൂചിക തയ്യാറാക്കിയിരിക്കുന്നത്.

ആഫ്രിക്കയിലാണ് ലോകത്തിലാദ്യമായി ഇത്തരത്തിലൊരു സൂചിക കാർഡ് ‘ഫാമാച്ച (FAMACHA)’ എന്ന പേരിൽ വികസിപ്പിച്ചത്. ഈ രീതി അവലംബിച്ചാണ് ഇന്ന് മറ്റു വിദേശ രാജ്യങ്ങളിലും അവിടുത്തെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ വിളർച്ചാ സൂചികകൾ രൂപകൽപ്പന ചെയ്യുന്നത്.
ആഫ്രിക്കയിലെ FAMACHA ചാർട്ട് (FAffa MAlan CHArt)

വിളർച്ച സൂചിക കാർഡ് ഉപയോഗിക്കുന്ന വിധം

ആടിന്റെ കണ്ണിലെ ശ്ലേഷ്മസ്തരത്തിന്റെ നിറത്തെ ഈ കാർഡിൽ സൂചിപ്പിക്കുന്ന നിറങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടാണ് ആടിന് വിളർച്ച (അനീമിയ)യുണ്ടോ എന്ന് നിശ്ചയിക്കുന്നത്. നല്ല ആരോഗ്യമുള്ള ആടുകളുടെ കണ്ണിലെ ശ്ലേഷ്മ സ്തരങ്ങൾക്ക് ചുവപ്പുനിറം ആയിരിക്കും. എന്നാൽ ബാഹ്യവും ആന്തരീകവുമായ പരാദ ബാധ, അമിത രക്തസ്രാവം, പോഷകാഹാരക്കുറവ്, ഉപാപചയവുമായി ബന്ധപ്പെട്ട രോഗങ്ങൾ എന്നിവയുണ്ടാക്കുന്ന ശരീരത്തിലെ രക്ത കുറവ് മൂലം ആടുകൾക്ക് വിളർച്ച അഥവാ അനീമിയ ബാധിച്ചാൽ വിളർച്ചയുടെ തീവ്രത അനുസരിച്ച് കണ്ണിൻ്റെ നിറം പിങ്ക് കലർന്ന ചുവപ്പ്, പിങ്ക്, വെള്ള നിറം എന്നിവയായി മാറും. ഏറ്റവുമധികം വിളർച്ചയുള്ള ആടുകളുടെ കണ്ണിന് കടലാസ് വെള്ളയുടെ നിറമായിരിക്കും.

കേരളത്തിലെ ആടുകളിൽ ധാരാളമായി കാണുന്ന വിരബാധയാണ് ഹീമോങ്കസ് കണ്ടോർട്ടസ് എന്ന വിരകൾ. ആടുകളുടെ ആമാശയത്തിൽ കഴിയുന്ന ഇവയ്ക്ക് ദിവസേന 0.5 മി.ലി രക്തം വരെ വലിച്ചു കുടിക്കാൻ സാധിക്കും. ആടുകളിൽ വിരബാധയുടെ പ്രധാന
ലക്ഷണം ശരീരത്തിലുണ്ടാകുന്ന ഈ വിളർച്ചയാണ്. വിളർച്ച സൂചിക കാർഡ് പ്രകാരം, ആടുകളുടെ കണ്ണിലെ ശ്ലേഷ്മസ്തരത്തെ അഞ്ചു നിറങ്ങളാക്കി തിരിച്ചിരിക്കുന്നു. കാർഡിലെ ആദ്യത്തെ രണ്ടു നിറങ്ങൾക്ക് (ചുവപ്പും, പിങ്കു കലർന്ന ചുവപ്പും ) സമാനമാണ് ആടുകളിലെ ശ്ലേഷ്മസ്തരത്തിന്റെ നിറമെങ്കിൽ അവ ആരോഗ്യമുള്ളവയാണ്, അതിനാൽ വിരമരുന്ന് നൽകേണ്ടതില്ല.

മൂന്നാമത്തെ നിറത്തിന് സമാനമെങ്കിൽ ഇപ്പോൾ വിരമരുന്ന് നൽകേണ്ടതില്ല. എന്നാൽ ആടിനെ രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിശോധിച്ച് ആവശ്യമെങ്കിൽ വിരമരുന്ന് നൽകാം. കാർഡിലെ നാലാമത്തെയും അഞ്ചാമത്തെയും നിറത്തിന് സമാനമാണെങ്കിൽ വിരമരുന്ന് നൽകണം. കൂടാതെ, അടിയന്തിരമായി കാഷ്ഠം, രക്തം തുടങ്ങിയവ പരിശോധിച്ച് ആവശ്യമായ തുടർ പരിശോധനയ്ക്കും ചികിൽസയ്ക്കും അവയെ വിധേയമാക്കുകയും വേണം. എന്തെന്നാൽ, വിരബാധയല്ലാതെ മറ്റു കാരണങ്ങൾ കൊണ്ടും ആടുകൾക്ക് വിളർച്ചയുണ്ടാകാം.

പ്രയോജനങ്ങൾ

കർഷകർക്ക് അവരുടെ ആടുകൾക്ക് വിരമരുന്ന് നൽകണോ വേണ്ടയോ എന്ന് സ്വയം മനസ്സിലാക്കുവാൻ സാധിക്കുമെന്നുള്ളതാണ് ഈയൊരു സൂചിക കൊണ്ടുള്ള പ്രധാനപ്പെട്ട പ്രയോജനം. കൂടാതെ, വിരമരുന്നിന്റെ അനവസരത്തിലും അമിതവുമായ ഉപയോഗം തടയാൻ കഴിയുന്നതു മൂലം
വിരകളിൽ ആർജിത വിരമരുന്നു പ്രതിരോധശേഷി രൂപപ്പെടുന്നത് തടയാനും സാധിക്കും.

ഈ കാർഡ് ഉപയാഗിച്ചാൽ വിരമരുന്നുകളുടെ ഉപയോഗം ഇപ്പോഴുള്ളതിന്റെ 73% ആയി കുറയ്ക്കാൻ സാധിക്കും. അതുമൂലം കർഷകനും
രാജ്യത്തിനും സാമ്പത്തിക ലാഭമുണ്ടാകുന്നതോടൊപ്പം വിരമരുന്നുകളുടെ അമിതോപയോഗം കുറക്കാനുമാകും. കേരളത്തിലെ ആടുവളർത്തൽ മേഖലയിലെ പരാദ രോഗനിർണ്ണയത്തിനും നിയന്ത്രണത്തിലും വെറ്ററിനറി സർവകലാശാലയുടെ ഒരു പുത്തൻ കാൽവയ്പ് ആയിട്ടാണ് ഈ നേട്ടം കണക്കാക്കപ്പെടുന്നത്.


മറ്റു ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മനുഷ്യ ജീനോം യഥാർത്ഥത്തിൽ പൂർത്തിയാകുമ്പോൾ
Next post കോന്നി വനമേഖലയിൽ കാട്ടുപന്നികളുടെ കൂട്ടമരണത്തിന് കാരണം ക്ലാസിക്കൽ പന്നിപ്പനി -മനുഷ്യരിലേയ്ക്ക് പകരുമെന്ന ഭീതി വേണ്ട
Close