Read Time:13 Minute

ഇവാന ബാർട്ടലട്ടി (Ivana Bartoletti) രചിച്ചു 2020ൽ പുറത്തിറങ്ങിയ ‘An Artificial Revolution: On Power, Politics and AI’ എന്ന ചെറുപുസ്തകമാണ് ഈ ലേഖനത്തിന്റെ വിഷയം. നിർമ്മിതബുദ്ധിയുടെ രാഷ്ട്രീയത്തെക്കുറിച്ചു – നിർമ്മിതബുദ്ധിയെ രാഷ്ട്രീയമായി കാണേണ്ടതിനെക്കുറിച്ചു – 2015 മുതൽ നിരവധിയായ പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ആ ശ്രേണിയിൽ പെടുന്ന ഒരു ചെറുപുസ്തകമാണ് ബാർട്ടലട്ടിയുടേത്.

ഇവാനയുടെ രചനയിൽ ചില വാദങ്ങൾ വേറിട്ട് നിൽക്കുന്നതായി അനുഭവപ്പെട്ടു. അത്തരത്തിൽ ഒരെണ്ണം വ്യക്തിയുടെ സ്വകാര്യതയുടെ ബന്ധപ്പെട്ടതാണ്. പാശ്ചാത്യലോകത്ത് വ്യക്തിയുടെ സ്വകാര്യത വളരെ പ്രധാനപ്പെട്ടതായിട്ടാണ് കരുതപ്പെടുന്നത്. അതുകൊണ്ട് തന്നെ അത്രപരിചയമില്ലാത്തവർ തമ്മിലുള്ള സംഭാഷണത്തിൽ ചില വിഷയങ്ങൾ ഒഴിച്ചുനിർത്തപ്പെടും, അതിൽ കുടുംബത്തെക്കുറിച്ചുള്ള ചോദ്യങ്ങളൊക്കെ പെടാം. കേരളം പോലെയുള്ള സമൂഹങ്ങളിൽ നിന്നും പാശ്ചാത്യരാജ്യങ്ങളിലേക്ക് എത്തിപ്പെടുന്നവർക്ക് പലപ്പോഴും അവിടെത്തെ സാമൂഹികസാഹചര്യങ്ങളിൽ ഏറ്റവും വിചിത്രമായിട്ട് തോന്നുന്നതും ഈ സ്വകാര്യതാസങ്കല്പം തന്നെയാവും.

ഇവാന ബാർട്ടലട്ടി (Ivana Bartoletti) | ഫോട്ടോ കടപ്പാട് : medium.com

ഈ ഒരു വിശാല സാംസ്‌കാരിക പശ്ചാത്തലത്തിൽ വ്യക്തിയുടെ സ്വകാര്യത ഡാറ്റ-അധിഷ്ഠിത സാങ്കേതികവിദ്യയായ നിർമ്മിതബുദ്ധിയെക്കുറിച്ചുള്ള പാശ്ചാത്യലോകത്തെ ചർച്ചകളിൽ പ്രധാനസ്ഥാനത്ത് നിൽക്കുന്നു. നിർമ്മിതബുദ്ധിയിലെ വ്യക്തിയുടെ സ്വകാര്യതയെ ഡാറ്റയുടെ മേൽ ഉള്ള ഉടമസ്ഥത എന്ന പരിമിതമായ രീതിയിലാണ് പലപ്പോഴും കാണുന്നത്. യൂറോപ്പിലെ കൊട്ടിഘോഷിക്കപ്പെട്ട ജി ഡി പി ആർ നിയമവും ഈ ചട്ടക്കൂടിനുള്ളിലാണ് പ്രവർത്തിക്കുന്നത്. വ്യക്തിയുടെ ഏതു ഡാറ്റ ശേഖരിക്കപ്പെടുന്നു, എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതൊക്കെ വ്യക്തിക്ക് സുതാര്യമായിരിക്കണം എന്നതാണ് ജി ഡി പി ആറിന്റെ പ്രധാന വ്യവസ്ഥ. വ്യക്തിക്ക് തന്റെ ഡാറ്റ ഉപയോഗ അനുമതി പിൻവലിക്കണമെങ്കിൽ അങ്ങനെ ചെയ്യാനും സാധിക്കണം എന്നും ജി ഡി പി ആർ നിഷ്‌കർഷിക്കുന്നു.

ഈ പുസ്തകത്തിൽ ബാർട്ടലട്ടി വ്യക്തിയുടെ സ്വകാര്യത എന്ന സങ്കൽപ്പത്തെക്കുറിച്ചുകൂടി വിശാലമായി കാണാൻ ആഹ്വാനം ചെയ്യുന്നു. അതിൽ അവർ പറയുന്ന ശ്രദ്ധേയമായ വാദം ഒന്ന് പരിശോധിക്കാം. ഒരു വ്യക്തിയെ അവരുടെ സ്വന്തം ഇഷ്ടത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു സാങ്കേതികവിദ്യ വ്യക്തിയുടെ സ്വകാര്യതയെ ഹനിക്കുന്നു എന്നതാണ് ഇവിടെ മുന്നോട്ട് വെയ്ക്കുന്ന ആശയം. ഉദാഹരണത്തിന്, ഒരു വ്യക്തി ഒരു പുസ്തകം വാങ്ങാൻ ഒരു ഓൺലൈൻ സ്റ്റോറിൽ കയറുന്നു എന്ന് കരുതുക – അവരെ മറ്റൊരു പുസ്തകം വാങ്ങാനായി ആകർഷകമായ അവതരണം ഉപയോഗിച്ച് പ്രേരിപ്പിക്കുന്നത് സ്വകാര്യതയുടെ ലംഘനമായി കാണാം. കാരണം, അവർ ഉദ്ദേശിച്ച കാര്യമല്ല, അൽഗോരിതം ഉദ്ദേശിച്ച കാര്യമാണ് ഇവിടെ നടപ്പിലാവുന്നത്. നാമിന്ന് സമൂഹമാധ്യമങ്ങളിൽ ധാരാളം വ്യക്തികളുമായി കണക്ട് ചെയ്യുന്നുണ്ടല്ലോ; അവരുടെ നിരവധിയായ പോസ്റ്റുകൾ കാണാൻ ബാക്കിയുള്ളപ്പോൾ അൽഗോരിതം അതല്ലാതെയുള്ള ആകർഷകമായ പോസ്റ്റുകൾ നമ്മെ പിടിച്ചിരുത്തുക എന്ന ഉദ്ദേശ്യം മുൻനിർത്തി നമ്മുടെ ഫീഡിൽ ഉൾപ്പെടുത്തുന്നുണ്ടെന്ന് നമുക്കറിയാം. ഈ രീതിയെയും നമ്മുടെ താത്പര്യത്തിന്റെ – വിശാലമായ അർത്ഥത്തിൽ സ്വകാര്യതയുടെ – ലംഘനം ആയി ബാർട്ടലട്ടിയുടെ ആശയത്തിലൂടെ കാണാം. ബാർട്ടലട്ടി വ്യക്തിയുടെ താൽപര്യം രൂപപ്പെടുന്നതിന്റെ സാമൂഹിക-സാംസ്‌കാരിക-ചരിത്ര വശങ്ങൾ കണക്കിലെടുക്കുന്നില്ല എന്നതിനാൽ ഇത് പാശ്ചാത്യവ്യക്തിവാദത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ടുള്ള ഒരു വാദം തന്നെയാണ്. എന്തിരുന്നാലും വ്യക്തിയെ തങ്ങളുടെ മൂലധനതാൽപര്യത്തിന് അനുസരിച്ചു പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്ന ആധുനിക നിർമ്മിതബുദ്ധി ലോകത്തെ സ്ഥാപനങ്ങളോടുള്ള കലഹം ഇവിടെ തെളിച്ചത്തോടെ ദൃശ്യമാകുന്നു.

ഇവിടെ ബാർട്ടലട്ടി ഓരോ വ്യക്തിയെയും ടാർഗെറ്റ് ചെയ്യുന്ന നിർമ്മിതബുദ്ധിരീതികളെ മാത്രമാണ് അഭിസംബോധന ചെയ്യുന്നത്. പക്ഷെ, ഈ ചിന്താധാരയെ ഒന്നുകൂടി വിശാലമായി കാണുകയാണെങ്കിൽ പരസ്യങ്ങൾ തന്നെ സ്വകാര്യതയുടെ ലംഘനമാണെന്ന് വരും. കാരണം പൊതുസ്ഥലങ്ങളിലുള്ള പരസ്യങ്ങൾ മൂലധനതാൽപര്യത്തിനനുസരിച്ചുള്ള ഉപഭോഗരീതികളിലേക്ക് നമ്മെ നയിക്കാനുള്ളതാണല്ലോ.

ബാർട്ടലട്ടി തന്റെ പുസ്തകത്തിന്റെ അവസാന അദ്ധ്യായത്തിന്റെ ശീർഷകമായി നൽകിയിരിക്കുന്നത് ശ്രദ്ധേയമാണ്: ‘രാഷ്ട്രീയമായ ഉൽപന്നങ്ങൾക്ക് രാഷ്ട്രീയമായ ഉത്തരങ്ങൾ വേണം’ (political artefacts need political answers). നിർമ്മിതബുദ്ധി ഒരു രാഷ്ട്രീയ ഉൽപന്നമാണെന്ന വാദം ഉടനീളം അടങ്ങുന്ന പുസ്തകമാണിത് എന്നത് ഇവിടെ അടിവരയിട്ട് പറയുന്നു.

വീഡിയോ കാണാം

സസൂക്ഷ്മം

സാങ്കേതികവിദ്യയുടെ രാഷ്ട്രീയ വായനകൾ- ഡോ. ദീപക് കെ. യുടെ ലേഖന പരമ്പര

സാങ്കേതികവിദ്യയും സമൂഹവും

ലേഖനങ്ങൾ വായിക്കാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?
Close