
കൊച്ചിയിൽ പെയ്ത ആദ്യ വേനൽ മഴയിൽ ആസിഡ് സാന്നിദ്ധ്യമെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ശാസ്ത്ര ഗവേഷകനും ശാസ്ത്ര നിരീക്ഷകനും ശാസ്ത്ര ലേഖകനുമായ രാജഗോപാൽ കമ്മത്ത് നടത്തിയ ലിറ്റ്മസ് പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയതെന്നുമുണ്ട്. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിൽ ലിറ്റ്മസ് പരീശോധനാ ചിത്രങ്ങളും കൊടുത്തിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസം മുമ്പ് കേരളത്തിലെ നാല് ജില്ലകളിൽ ആസിഡ് മഴയ്ക്ക് സാദ്ധ്യതയെന്നാണ് മനോരമ റിപ്പോർട്ട് ചെയ്തത്. മനോരമയുടെ യൂ റ്റ്യൂബ് ചാനലിൽ ഈ വിഷയത്തിൽ രാജഗോപാൽ കമത്തുമായുള്ള ദീർഘ സംഭാഷണവുമുണ്ട്. ബ്രഹ്മപുരത്തെ തീപിടുത്തത്തിന്റെ കൂടി വെളിച്ചത്തിൽ കൊച്ചിയിലെ വായു മലിനീകരണത്തെക്കുറിച്ചാണ് സംഭാഷണം. പ്രധാനമായി മൂന്ന് കാര്യങ്ങളാണ് ശ്രീ കമത്ത് പറയുന്നത്.

- അമ്ലതയുളവാക്കാൻ ശേഷിയുള്ള വാതകങ്ങളുടെ സാന്നിദ്ധ്യം വായുവിലുണ്ട്. തൽഫലമായി വേനൽ മഴയിൽ ആസിഡി ണ്ടാവും. അമ്ലമഴയ്ക്ക് സാദ്ധ്യതയുണ്ട്. സൾഫ്യൂരിക് ആസിഡും നൈട്രിക് ആസിഡുമാവും ഉണ്ടാവുക. കൊച്ചിയിൽ മാത്രമല്ല നാല് ജില്ലകളിൽ എന്നാണ് റിപ്പോർട്ട്.
- വായുവിൽ വിവിധ രാസതന്മാത്രകളുടെ സാന്നിദ്ധ്യം. ബ്രഹ്മപുരം തീ പിടുത്തം മൂലം ഇത് അധികരിച്ചിരിക്കുന്നു. കൂട്ടത്തിൽ ഇപ്പോഴത്തെ ‘താര വില്ലനായ’ ഡയോക്സിനെക്കുറിച്ചും പരാമർശിക്കുന്നുണ്ട്.
- വായുവിലെ പാർട്ടിക്കുലേറ്റ് മാറ്റർ അഥവാ ഖര പദാർത്ഥങ്ങളുടെ ചെറുകണങ്ങളുടെ സാന്നിദ്ധ്യം.
ഇതിൽ ആദ്യത്തെ കാര്യം അതായത് മഴ വെള്ളത്തിലെ അമ്ലസാന്നിദ്ധ്യത്തെക്കുറിച്ച് മാത്രം നമുക്കിവിടെ ചർച്ച ചെയ്യാം. മറ്റ് രണ്ട് കാര്യങ്ങൾ തല്കാലം വിടാം. രാജഗോപാൽ കമ്മത്ത് നടത്തിയ ലിറ്റ്മസ് പരീക്ഷണമനുസരിച്ച് കൊച്ചിയിൽ ഇപ്പോൾ പെയ്ത ആദ്യ വേനൽ മഴയിലെ വെള്ളത്തിന്റെ പി എച്ച് 4 – 4.5 റേഞ്ചിലാണ്. താരതമ്യം ചെയ്തിരിക്കുന്നത് ചെറുനാരങ്ങാ നീരുമായാണ്. അതിന്റെ പി എച്ച് 2 – 2.5 റേഞ്ചിലാണ്. ലിറ്റ്മസിന്റെ നിറം മാറിയ ചിത്രങ്ങളുമുണ്ട്. പോസ്റ്റിൽ ഏതായാലും അമ്ല മഴയെന്ന് പറയുന്നില്ല. മഴ വെള്ളത്തിൽ ആസിഡിന്റെ സാന്നിദ്ധ്യമെന്നേ പറയുന്നുള്ളൂ.

നമുക്ക് സംഗതി ഒന്ന് പരിശോധിക്കാം. ജലത്തിന്റെയും ജലലായനികളുടെയും അമ്ലത അഥവാ ക്ഷാരത അളക്കാനുള്ള സ്കെയിലാണ് പി എച്ച്. സാധാരണ പൂജ്യം മുതൽ പതിനാല് വരെയാണ് പരിഗണിക്കാറുള്ളത്. ഏഴാണ് മദ്ധ്യ പോയിന്റ്. അത് പൂർണമായി ന്യൂട്രൽ ആയ ജലത്തെയോ ലായനി യേയോ സൂചിപ്പിക്കുന്നു. ഏഴിൽ നിന്ന് താഴേക്ക് അമ്ല ലായനികളാണ്. താഴേക്ക് പോകുന്തോറും അമ്ലത വർദ്ധിക്കുന്നു. ഏഴിന് മുകളിലേക്ക് പോകുമ്പോൾ ക്ഷാരത വർദ്ധിക്കുന്നു. സ്കെയിൽ ലോഗരിതം അനുസരിച്ചുള്ള താണ്. പി എച്ച് സ്കെയിലിലെ വ്യത്യസം അമ്ലതയുടെ അല്ലെങ്കിൽ ക്ഷാരതയുടെ കാഠിന്യത്തിൽ അല്ലെങ്കിൽ ഗാഢതയിൽ എക്സ്പൊണൻഷ്യൽ ആയാണ് പ്രതിഫലിക്കുക. അതായത് ഒരമ്ല ലായനിയുടെ ഗാഢതയിൽ പത്ത് മടങ്ങ് വ്യത്യാസം വരുമ്പോഴാണ് പി എച്ചിൽ ഒരു യൂണിറ്റ് വ്യത്യാസം വരുന്നത്.
മഴ വെള്ളത്തിന്റെ പി എച്ചിനെക്കുറിച്ച് ചില സ്റ്റാൻഡേർഡുകൾ ഒക്കെയുണ്ട്. വായുവിലുളള കാർബൺ ഡയോക്സൈഡ് സ്വാഭാവികമായി മഴ വെള്ളത്തിൽ അലിയുകയും മഴ വെള്ളത്തിന്റെ pH 7-ൽ നിന്ന് താഴേക്ക് 5.6 വരെ എത്തുന്നത് സാധരണമാണ്. ഇത് അമ്ലതക്ക് കാരണമാവുന്ന മറ്റ് വാതകങ്ങളൊന്നും വായുവിൽ ഇല്ലാത്തപ്പോഴുള്ള സ്ഥിതിയാണ്. ഇനി പ്രകൃതിയിൽ സൾഫറിന്റെ സ്വാഭാവികമായ സൈക്കിൾ ഉണ്ട്. എയ്റോസോൾ രൂപത്തിൽ സൾഫേറ്റിന്റെ സാന്നിദ്ധ്യവും വായുവിലുണ്ടാകും. മനുഷ്യന്റെ ഇടപെടൽ ഒന്നുമില്ലാത്ത മലിനീകരണമൊന്നും ബാധിച്ചിട്ടില്ലാത്ത ഇടങ്ങളിൽ പോലും തന്മൂലം സൾഫറിന്റെ ഓക്സൈഡുകൾ മഴ വെള്ളത്തിൽ അലിയുകയും pH 5 വരെയൊക്കെ എത്തുകയും ചെയ്യാം. മനുഷ്യരുടെ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന വാതകങ്ങൾ കാരണം പി എച്ച് പിന്നെയും താഴാം. വ്യവസായങ്ങളിൽ നിന്നും വാഹനങ്ങളിൽ നിന്നുമുണ്ടാകുന്ന സൾഫറിന്റെയും നൈട്രജന്റെയും ഓക്സൈഡുകൾ അന്തരീക്ഷത്തിൽ ഉയരുമ്പോഴാണ് അമ്ല മഴയുണ്ടാകുന്നത്. മഴ വെള്ളത്തിന്റെ പി എച്ച് നാലിനടുത്ത് 4 – 4.4 റേഞ്ചിലൊക്കെയാണ് അമ്ലമഴയെന്ന് പറയുന്നത്. രാജഗോപാൽ കമത്തിന്റെ ലിറ്റ്മസ് ടെസ്റ്റ് പ്രകാരം പി എച്ച് 4 – 4.5 റേഞ്ചിലാണ്. പക്ഷേ ചില പ്രശ്നങ്ങളുണ്ടല്ലോ. ആദ്യത്തേത് ലിറ്റ് മസ് പരീക്ഷണത്തിന്റെ കൃത്യതയാണ്. ഒന്നാമതായി അത് കാഴ്ചയിൽ നിറങ്ങൾ വേർതിരിച്ചറിയാനുള്ള നിരീക്ഷകന്റെ ശേഷിയെ ആശ്രയിക്കുന്നു. പ്രൈമറി നിറങ്ങൾ മാത്രമല്ല സങ്കീർണ നിറങ്ങളും തിരിച്ചറിയണം. അതിന് വ്യത്യാസങ്ങൾ വരാമെന്ന് പറയേണ്ട കാര്യമില്ല. പിന്നെ ലിറ്റ് മസ് കടലാസിലുപയോഗിച്ചിരിക്കുന്ന ‘ഇൻഡിക്കേറ്ററുകളുടെ’ ഗുണനിലവാരം, ഗാഢത, കാലപ്പഴക്കം തുടങ്ങിയവയൊക്കെ ഫലത്തെ ബാധിക്കാം. ഇതൊക്കെ ആശ്രയിക്കാവുന്ന രീതിയിലാണെങ്കിലും ലിറ്റ്മസ് കൊണ്ട് പി എച്ച് കൃത്യമായി അറിയാൻ കഴിയില്ല. ഒരു റേഞ്ച് സൂചിപ്പിക്കുകയേയുള്ളൂ. ഇങ്ങനെയൊരു പരീക്ഷണത്തിൽ സാമ്പിളിംഗിന്റെ പ്രശ്നവുമുണ്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ പലയിടങ്ങളിലെ സാമ്പിളുകൾ ഉപയോഗിച്ച് നടത്തിയ കൃത്യതയാർന്ന പരീക്ഷണങ്ങളിൽ 6.6 നും 6.9 നും ഇടയിലാണ് പി എച്ച് മൂല്യം. അമ്ലത വളരെ കുറവ്. ബ്രഹ്മപുരം തീ പിടുത്തം കഴിഞ്ഞ ഉടനെ തന്നെയായിട്ടും ഇങ്ങനെ സംഭവിച്ചതിന്റെ കാരണങ്ങൾ വിശദമാക്കുന്നുമുണ്ട് ഗവേഷകർ. ആധുനികമായ രണ്ട് വ്യത്യസ്ത പി എച്ച് അളവ് ഉപകരണങ്ങൾ പരീക്ഷണ ഫലങ്ങൾ ഉറപ്പ് വരുത്തിയിട്ടുമുണ്ട്.
ഇനി നമുക്ക് രാജഗോപാൽ കമ്മത്ത് പറയുന്ന നാരങ്ങാ നീരിന്റെ കാര്യമെടുക്കാം. 2 – 2.5 പി എച്ച് ഉള്ള നാരങ്ങാനീര് വെള്ളം ചേർത്ത് പത്ത് മടങ്ങ് നേർപ്പിച്ചാൽ പി എച്ച് 3 – 3.5 റേഞ്ചിലെത്തും. നൂറ് മടങ്ങാണ് നേർപ്പിക്കുന്നതെങ്കിൽ പി എച്ച് 4 -4.5 റേഞ്ചിലെത്തും. ഇതിനിടയിലാണ് നേർപ്പിക്കലെങ്കിൽ 3.5 – 4 റേഞ്ചിലോ നാലിനോടടുത്തോ ആയിരിക്കും. നമ്മൾ കുടിക്കുന്ന സോഡാ വെള്ളത്തിന്റെ പി എച്ച് മൂന്നിനോടടുത്താണ്. നാരങ്ങാ നീരിൽ സോഡാ ചേർക്കുകയാണെങ്കിൽ അതിന്റെ അമ്ലത വെള്ളം ചേർത്ത നാരങ്ങാ നീരിനേക്കാൾ കൂടുതലാവും. പി എച്ച് അതിനേക്കാൾ കുറവും. ഇതൊക്കെ കുടിച്ച് ആരെങ്കിലും രോഗബാധിതരായതായി അറിയില്ല. സ്ഥിരമായി വെള്ളത്തിന് പകരം നാരങ്ങാ നീരും സോഡയുമൊക്കെ കുടിച്ചാൽ ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ടായേക്കാം. ആരോഗ്യ വിദഗ്ദ്ധരാണ് അത് വ്യക്തമാക്കേണ്ടത്. മനുഷ്യന്റെ ആമാശയത്തിലെ പി എച്ച് 1.5 മുതൽ 3.5 വരെ വരാം. ആമാശയത്തിലെ ദഹനരസത്തിൽ ഒരു ആസിഡ് ഉണ്ടാവും. ഹൈഡ്രോക്ലോറിക് ആസിഡ് എന്നാണ് അതിന് പറയുന്നത്. സൾഫ്യൂരിക് ആസിഡ് നൈട്രിക് ആസിഡ് എന്നൊക്കെ കേട്ട് വല്ലാതെ പേടിക്കേണ്ട കാര്യമില്ലെന്ന് സൂചിപ്പിച്ചതാണ്. കൊച്ചിയിലെ ആദ്യ വേനൽ മഴകൾ കൊള്ളുന്നവർ ഏതാണ്ട് ആസിഡിൽ കുളിച്ചെന്നൊന്നും പേടിക്കണ്ട.
രാജഗോപാൽ കമ്മത്ത് മഴ വെള്ളത്തിന്റെ പി എച്ച് ഒക്കെ ലിറ്റ്മസ് രീതിയിൽ അളന്നപ്പോൾ പശ്ചാത്തല വിവരങ്ങൾ പരിഗണിക്കേണ്ടിയിരുന്നു. ശാസ്ത്രഗവേഷണമാവുമ്പോൾ അതാണല്ലോ രീതി. ഇനി ഇക്കൊല്ലത്തെ ആദ്യ വേനൽ മഴയുടെ പി എച്ച് താരതമ്യം ചെയ്യേണ്ടത് മുൻ വർഷങ്ങളിലെ സമാന വിവരങ്ങളുമായല്ലേ? എങ്കിലല്ലേ ഈ വർഷത്തെ തീ പിടുത്തത്തിന്റെ ആഘാതമെന്തെങ്കിലും ഇക്കാര്യത്തിലുണ്ടെങ്കിൽ അറിയാൻ കഴിയുകയുള്ളൂ. ആ വിവരങ്ങൾ ലഭ്യമല്ലെങ്കിൽ കേരളത്തിൽ തന്നെ മറ്റ് പട്ടണങ്ങളിലെ ആദ്യ വേനൽ മഴയുടെ പി എച്ചുമായി താരതമ്യം ചെയ്യാം. അതിന് വഴിയുണ്ടാക്കാവുന്നതല്ലേ? ആസിഡ് മഴയെക്കുറിച്ചുള്ള നിഗമനങ്ങളിലേക്കൊക്കെ മാദ്ധ്യമങ്ങൾ പോകുമ്പോൾ ഇക്കാര്യങ്ങളൊക്കെ പരിഗണിക്കേണ്ടതല്ലേ? പരീക്ഷണത്തിലുണ്ടാകാവുന്ന കൃത്യത ഇല്ലായ്മ മാറ്റിവച്ചാലും ഇതൊക്കെ പരിഗണിക്കേണ്ടതല്ലേ?
ആസിഡ് മഴയെന്നൊക്കെ വാർത്തകൾ പൊലിപ്പിക്കുന്നത് മനുഷ്യരിൽ ഭീതിയും ആശങ്കയും വിതക്കുക എന്ന ലക്ഷ്യത്തിൽ തന്നെയാണ്. ശാസ്ത്രപ്രചാരകരും മാദ്ധ്യമങ്ങളും ഇക്കാര്യത്തിൽ അവധാനത പുലർത്തേണ്ടതുണ്ട്.
റഫറൻസ്
- Factors controlling the acidity of natural rainwater, R. J. Charlson & H. Rodhe, Nature volume 295, pages683–685 (1982) Link





ആദ്യ കാര്യം മാത്രം പറയുമ്പോൾ ശാസ്ത്രീയത അവകാശപ്പെടാമോ എന്നതാണ് പ്രധാന ചോദ്യം.
കുസാറ്റ് ഗവേഷകർ എവിടെങ്ങളിൽ നിന്ന് സാമ്പിൾ ശേഖരിച്ചു എന്നത് വ്യക്തമാക്കിയിട്ടില്ല. മനസ്സിലാക്കുന്നത് , ക്യാമ്പസ് പരിധിയിൽ എന്നാണ്. ശാസ്ത്രീയമായി ശ്രീ. രാജഗോപാലിന്റെ വാദങ്ങളെ പ്രതിരോധിക്കാൻ ലിറ്റ്മസ് പേപ്പറിന്റെ ന്യൂനത മാത്രം അടിസ്ഥാനമാക്കി ലേഖനം എഴുതുന്നത് ശരിയാണോ?
അദ്ദേഹം ചെയ്തതു പോലെ പല സ്ഥലങ്ങളിൽ നിന്ന് മഴ വെള്ളം ശേഖരിക്കാൻ കുസാറ്റ് ഗവേഷകർ ശ്രമിച്ചിട്ടുണ്ടോ?