Read Time:55 Minute
ലൂക്ക ജീവപരിണാമം കോഴ്സിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലേഖന പരമ്പര. കോഴ്സ് 2023 ഏപ്രിൽ 1 ന് ആരംഭിക്കും. കടപ്പാട് : സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പരിണാമ വിജ്ഞാനകോശം
രിണാമത്തിന് പല വിജ്ഞാനശാഖകളിൽ നിന്നും തെളിവുകൾ ലഭിക്കാറുണ്ട്. പരിണാമത്തിന്റെ വെളിച്ചത്തിലല്ലാതെ ജീവശാസ്ത്രപഠനങ്ങൾ പൂർണമാവില്ല എന്ന് പല ശാസ്ത്രജ്ഞരും പ്രസ്താവിച്ചിട്ടുണ്ട്. പ്രധാനമായും താഴെ പറയുന്ന ശാസ്ത്രശാഖകളിൽ നിന്നാണ് പരിണാമത്തിന് തെളിവുകൾ നല്കാറുള്ളത്.

താരതമ്യ ആകൃതി വിജ്ഞാനവും (Comparative Morphology) അനാട്ടമിയും

പൊതുപൂർവികരിൽ നിന്ന് ജീവികൾ പരിണമിച്ചുണ്ടായതിന്റെ തെളിവുകൾ അവയുടെ ബാഹ്യ-ആന്തരിക ഘടനയിൽ കാണാം. ഒരു ഗ്രൂപ്പിൽപ്പെടുന്ന ജീവികളുടെ അന്യോന്യബന്ധം സ്ഥാപിക്കാനും ഇത്തരത്തിൽപ്പെട്ട തെളിവുകൾ സഹായകമാണ്. വിവിധ ജീവികളിൽ, ഉദ്ഭവത്തിലും വികാസത്തിലും സമീപസ്ഥമായ മറ്റ് അവയവങ്ങളുമായുള്ള ബന്ധത്തിലും സമാനതകൾ പുലർത്തുന്ന അവയവങ്ങളെ ഏകജാത അവയവങ്ങൾ (homologous organs) എന്നാണ് പറയുന്നത്. ഈ അവയവങ്ങൾ പല അനുകൂലനങ്ങൾക്ക് വിധേയമായി വ്യത്യസ്ത ധർമങ്ങൾ നിർവഹിക്കുന്നവയായിത്തീരാറുണ്ട്. എന്നിരുന്നാലും ഈ ഏകജാത അവയവങ്ങൾ ജീവജാലങ്ങളുടെ പൊതുപൈതൃകത്തിനും പരിണാമത്തിനും വ്യക്തമായ തെളിവുകൾ നല്കുന്നു.

ജന്തുലോകത്തിലെ ഏറ്റവും വലിയ വിഭാഗമാണ് ഷഡ്പദങ്ങളുടേത്. ആർത്രോപോഡ (Arthopoda) ഫൈലത്തിൽ ഇൻസെക്റ്റ (insecta) എന്ന ക്ലാസ്സിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. പൂമ്പാറ്റകൾ, തുമ്പികൾ, തേനീച്ചകൾ, വണ്ടുകൾ, ഉറുമ്പുകൾ തുടങ്ങി വൈവിധ്യമാർന്ന ഈ വിഭാഗത്തിൽ എല്ലാറ്റിനും ഒരേ ശരീര ഘടനയാണെന്നു കാണാം.

ഇവയിലെല്ലാം ശരീരം, തല, ഉരസ്സ്, ഉദരം എന്നിങ്ങനെ വിഭജിതമാണ്. മൂന്ന് ജോടി കാലുകൾ ഉരസ്സിലെ അടിഭാഗത്തുണ്ട്. വദനഭാഗങ്ങൾ ഭക്ഷണരീതിക്കനുസരിച്ച് അനുകൂലനം വന്നതാണങ്കിലും എല്ലാറ്റിലും അടിസ്ഥാന ഭാഗങ്ങൾ ഒന്നുതന്നെയാണ്. ശ്വസനാവയവങ്ങൾ, രക്തചംക്രമണവ്യൂഹം ഇവ പരിശോധിച്ചാലും ഒരേ പോലെയാണ്. പൊതു പൂർവികനിൽ നിന്നുദ്ഭവിച്ച് പല വിഭാഗങ്ങളിലായി പരിണമിച്ചതുകൊണ്ടാണ് ഈ സാമ്യം. ഇതേപോലെ ആർത്രോപോഡ എന്ന ഫൈലത്തിൽപ്പെടുന്ന ഇതര അംഗങ്ങളുമായി ഷഡ്പദങ്ങൾ കുറേ സ്വഭാവങ്ങൾ പങ്കിടുന്നുണ്ട്. ഉയർന്ന ജീവിവിഭാഗത്തിൽപ്പെട്ട നട്ടെല്ലുള്ള ജീവി വർഗങ്ങളെ എടുത്താൽ ആകൃതി വിജ്ഞാനപരമായും ആന്തരിക ഘടനാ പരമായുമുള്ള പരിണാമ ബന്ധം എളുപ്പം വ്യക്തമാവും. മത്സ്യങ്ങൾ, ഉഭയജീവികൾ, ഉരഗങ്ങൾ, പക്ഷികൾ, സസ്തനികൾ എന്നിവയാണ് ഈ വിഭാഗത്തിൽപ്പെടുന്ന പ്രധാന ഗ്രൂപ്പുകൾ. കശേരുക്കൾകൊണ്ട് നിർമിതമാണ് നട്ടെല്ല്. അടിസ്ഥാനഭാഗങ്ങൾ എല്ലാറ്റിലും ഒരുപോലെയാണെങ്കിലും ഓരോ ഗ്രൂപ്പിലും ചില സവിശേഷമാറ്റങ്ങൾ സംഭവിച്ചതായി കാണാം. ഉദാഹരണമായി എല്ലാ സസ്തനികളിലും കശേരുക്കളുടെ ഘടനയിൽ സാമ്യം കാണാം. രസകരമായ മറ്റൊരു കാര്യം എല്ലാ സസ്തനികളിലും കഴുത്തു ഭാഗത്ത് ഏഴ് കശേരുക്കൾ മാത്രം കാണപ്പെടുന്നതാണ്. ജിറാഫിനും എലിക്കും പശുവിനുമെല്ലാം ഒരേ എണ്ണം തന്നെ. കഴുത്തിന്റെ നീളവുമായല്ല, പരിണാമത്തിൽ പൂർവികനിൽ നിന്ന് കിട്ടിയ എണ്ണവുമായാണ് ഈ ബന്ധം.

നാഡീവ്യൂഹത്തിന്റെ കേന്ദ്രമായ തലച്ചോറിന്റെ ഘടനയെടുത്താലും വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള ബന്ധം വ്യക്തമാകും. മത്സ്യങ്ങളുടെ തലച്ചോറിന്റെ അടിസ്ഥാന ഘടനതന്നെയാണ് ഉയർന്ന ഗ്രൂപ്പുകളിലും ഉള്ളത്. പരിണാമത്തിലൂടെ ചില ഭാഗങ്ങൾ കൂടുതൽ വളർച്ച പ്രാപിക്കുകയും സങ്കീർണമാവുകയും ചെയ്തു. മനുഷ്യന്റെ തലച്ചോറും മറ്റ് സസ്തനികളുടെ തലച്ചോറും തമ്മിൽ ഘടനയിൽ അതിയായ സാദൃശ്യമുണ്ട്. സെറിബ്രൽ കോർടെക്സ് പോലുള്ള ചില ഭാഗങ്ങൾ കൂടുതൽ വികസിച്ചതാണ് ആകൃതിപരമായ പ്രധാനമാറ്റം.

ഉഭയജീവികൾ മുതൽ സസ്തനികൾ വരെയുള്ള വിഭാഗങ്ങളിൽ കൈകാലുകളുടെ ഘടന ഒരേ മാതൃകയിലാണ്. മുൻകാലുകളെടുത്താൽ ഹമാസ് എന്ന ഒറ്റ അസ്ഥി, റേഡിയസ്, അൾന എന്നീ അസ്ഥികൾ, കാർപ്പൽ അസ്ഥികൾ, അഞ്ച് മെറ്റാകാർപ്പൽ അസ്ഥികൾ, വിരലസ്ഥികൾ എന്നിവയാണുള്ളത്. പിൻകാലുകളിലും സമാനമായ അസ്ഥിവിന്യാസം തന്നെയാണുള്ളത്. തവളകളിലുള്ള അതേ ഘടനതന്നെ ഉയർന്ന ഗ്രൂപ്പുകളിലും നിലനിൽക്കുന്നു. പക്ഷികളിൽ ചിറകിലെ അസ്ഥികളിലും കാലിലെ അസ്ഥികളിലും കാണുന്ന മാറ്റങ്ങൾ പറക്കലും രണ്ടുകാൽ സഞ്ചാരവുമായി ബന്ധപ്പെട്ടതാണ്. വവ്വാലുകളിൽ വിരലസ്ഥികൾ വല്ലാതെ വലുതായിട്ടുണ്ട്. ജലസസ്തനികളിൽ തിമിംഗലങ്ങളുടെ വിരലസ്ഥികൾ കൂടിയിട്ടുണ്ടെങ്കിലും മറ്റസ്ഥികളുടെ ഘടനയിൽ മാറ്റമില്ല. പൊതു പൂർവികനുമായുള്ള ബന്ധത്തിന്റെ സൂചനകളാണ് ഇതെല്ലാം.

ചിലപ്പോൾ പരിണാമപരമായി അടുത്തബന്ധമില്ലാത്ത ഗ്രൂപ്പുകളിൽ സമാനമായ ശരീരഭാഗങ്ങൾ പരിണമിച്ചുണ്ടാവാറുണ്ട്. ശാസ്ത്രജ്ഞർ ഇവയെ അനലോഗ് ഘടനകൾ (analogous structures) എന്നു പറയുന്നു. ഷഡ്പദങ്ങളുടെ ചിറകും പക്ഷികളുടെ ചിറകും ഉദാഹരണമായെടുക്കാം. രണ്ടും സമാനധർമങ്ങൾ നിർവഹിക്കുന്നുണ്ടെങ്കിലും ഘടനാപരമായി വ്യത്യസ്തമാവാൻ കാരണം പരിണാമപരമായി ഈ വിഭാഗങ്ങൾ തമ്മിൽ ബന്ധമില്ലാത്തതാണ്. മത്സ്യങ്ങളുടെ ചിറകുകളും തിമിംഗലങ്ങളുടെ ചിറകുകളും തമ്മിലുള്ള പ്രധാനവ്യത്യാസം മത്സ്യച്ചിറകുകൾക്ക് അസ്ഥികളില്ല എന്നതാണ്. കൈകൾ ദ്വിതീയമായി ചിറകുകളായതാണ് തിമിംഗല ചിറകുകളിൽ അസ്ഥികളുണ്ടാവാൻ കാരണം. കൈകാലുകൾ പരിണമിക്കുന്നതിന് മുമ്പുണ്ടായവയാണ് മത്സ്യ ചിറകുകൾ എന്നും ഇതിനെ വിശദീകരിക്കാം. പല ജന്തുക്കളിലും കാണുന്ന അവശിഷ്ട അവയവങ്ങൾ (vestigial organs) പരിണാമത്തിനുള്ള അനാട്ടമി തെളിവുകളായി എടുക്കാം. പൂർവികരിൽ പ്രത്യേകധർമം നിർവഹിക്കുന്ന അവയവങ്ങൾ പിൻഗാമികളിൽ ശോഷിച്ച നിലയിൽ നിലനില്ക്കുന്നതാണ് അവശിഷ്ട അവയവങ്ങൾ. വെയിഡർ ഷെയിം (Weidersheim) എന്ന ശാസ്ത്രജ്ഞന്റെ അഭിപ്രായത്തിൽ മനുഷ്യരിൽ ഇത്തരം 180 ശരീരഭാഗങ്ങളുണ്ട്. വൻകുടലും ചെറുകുടലും ചേരുന്ന ഭാഗത്തുള്ള വെർമിഫോം അപ്പൻഡിക്സ് (vermiform appendix) ഉദാഹരണമായെടുക്കാം. ഇന്ന് ഇതിന് പചന ധർമമൊന്നുമില്ല. മനുഷ്യപൂർവികരിൽ സെല്ലുലോസിന്റെ പചനത്തിനും മറ്റും ഇത് സഹായിച്ചിരിക്കണം. ഇന്നുള്ള ചില സസ്തനികളിൽത്തന്നെ ഇത് നന്നായി വികസിച്ച അവസ്ഥയിലുണ്ട്. ഇതേപോലെതന്നെ നട്ടെല്ലിനടിയിലുള്ള കോക്സിക്സ് (coccyx) എന്ന ഭാഗം മനുഷ്യ പൂർവികരിൽ വാലുണ്ടായിരുന്നു എന്നതിന്റെ തെളിവാണ്. വാൽഭാഗത്ത് ഏതാനും കശേരുക്കൾ ശോഷിച്ച് കൂടിച്ചേർന്നുണ്ടായതാണ് കോക്സിക്സ്. കണ്ണിന്റെ അകത്തെ ഭാഗത്തുള്ള ചെറിയ മാംസളഭാഗം നിക്റ്റിറ്റേറ്റിങ് സ്തരത്തിന്റെ അവശിഷ്ട രൂപമാണ്. പക്ഷികളിലും മറ്റും ഇതൊരു മൂന്നാം കൺപോളപോലെ പ്രവർത്തിക്കുന്നു. ചെവികൾ ചലിപ്പിക്കാനുള്ള പേശികൾ മനുഷ്യരിൽ അവശിഷ്ടരൂപത്തിലുണ്ട്.

വേറെ ജന്തുവിഭാഗങ്ങളിലും അവശിഷ്ട അവയവങ്ങളുണ്ട്. പാമ്പുകളുടെ പൂർവികർ കാലുകളുള്ള ഉരഗങ്ങളായിരുന്നു. പെരുമ്പാമ്പുകളിൽ അവശിഷ്ടരൂപത്തിൽ ശ്രോണിഗർഡിലുകളും പിൻകാലുകളുടെ അസ്ഥികളുമുണ്ട്. ഇവയുടെ അറ്റത്തുള്ള നഖം പോലുള്ള ഭാഗം ചെതുമ്പലുകൾക്കിടയിലൂടെ പുറത്തേക്ക് തള്ളി നിൽക്കുന്നു.

നട്ടെല്ലുള്ള ജന്തുവിഭാഗങ്ങളിൽ തലച്ചോറിൽ പീനിയൽ ബോഡി (pineal body) എന്ന ഭാഗമുണ്ട്. തലച്ചോറിന്റെ മുൻഭാഗത്തുനിന്ന് ഇത് മേലോട്ട് വിരൽ പോലെ വളരുന്നു. വിശേഷിച്ച് ധർമമൊന്നും ഇതിനുള്ളതായി കണ്ടെത്തിയിട്ടില്ല. സീനോഡോൺ എന്ന ഉരഗത്തിൽ ഇത് തൊലിയുമായി ചേരുന്ന ഭാഗത്ത് മൂന്നാമതൊരു കണ്ണ് രൂപപ്പെടുന്നുണ്ട്. ഇതേ അവസ്ഥതന്നെ ചിലതരം ലാംകളിലും (Lamprey) കാണാം. നട്ടെല്ലുള്ള ജീവികളുടെ പൂർവികരിൽ ഒരു മൂന്നാം കണ്ണ് ഉണ്ടായിരിക്കാം എന്ന് ഈ അവശിഷ്ട അവയവം സൂചന നൽകുന്നു.

ഭ്രൂണശാസ്ത്രം (Embryology)

അണ്ഡവും ബീജവും ചേർന്നുണ്ടാകുന്ന ഒറ്റക്കോശമാണ് സിക്താണ്ഡം (zygote). സിക്താണ്ഡം വിഭജിച്ചാണ് ഭ്രൂണമുണ്ടാകുന്നത്. ഭ്രൂണവളർച്ചയും വികാസവും പഠിക്കുന്ന ശാസ്ത്രശാഖയാണ് ഭ്രൂണശാസ്ത്രം. ഭ്രൂണവളർച്ചാപാഠങ്ങൾ പരിണാമസിദ്ധാന്തത്തിന് ധാരാളം തെളിവുകൾ നൽകുന്നു. ഉയർന്ന ജീവികളിലെല്ലാം ഭ്രൂണവളർച്ചയുടെ ആദ്യഘട്ടങ്ങൾ ബ്ലാസ്റ്റുല, ഗാല എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ബ്ലാസ്റ്റുല ഘട്ടത്തിൽ ഒറ്റ കോശപാളി ആണ് ഉള്ളത്. ഗാല ഘട്ടത്തിൽ എക്റ്റോഡോ, എൻഡോഡോ, മീസോം എന്നീ മൂന്നു കോശപാളികൾ ഉണ്ടാകുന്നു. ഈ കോശപാളികളിൽ നിന്ന് മറ്റ് അവയവവ്യൂഹങ്ങൾ ഉണ്ടാകുന്നു. ഉദാഹരണമായി നാഡീവ്യൂഹം ഉണ്ടാകുന്നത് പുറത്തെ കോശപാളിയായ എറോഡേമിൽ നിന്നാണ്. പേശികളും രക്തചംക്രമണവ്യൂഹവുമൊക്കെ മീസോഡേമിൽ നിന്നുണ്ടാവും. ഇങ്ങനെ പൊതുവിൽ ഭ്രൂണ വളർച്ച ജന്തുക്കളുടെ അന്യോന്യബന്ധത്തെ സൂചിപ്പിക്കുന്നു. പക്ഷികൾ, സസ്തനികൾ, ഉരഗങ്ങൾ എന്നിവയുടെ ഭ്രൂണങ്ങൾ ആദ്യഘട്ടത്തിൽ തിരിച്ചറിയാൻ പ്രയാസമാണ്. പരിണാമപരമായ ഏറ്റവും അടുത്ത ജീവികൾ തമ്മിൽ ഭ്രൂണത്തിന്റെ സാദൃശ്യം ഏറ്റവും കൂടുതലായിരിക്കും.

ഭ്രൂണങ്ങളുടെ പൊതുസാമ്യത്തിന് പുറമേ വ്യത്യസ്ത അവയവവ്യൂഹങ്ങൾ വികസിക്കുന്ന രീതിയിലും പരിണാമപരമായ സ്വാധീനം കാണാം. നട്ടെല്ലുള്ള വിഭാഗങ്ങളിൽ ഹൃദയം, വൃക്കകൾ, അയോർട്ടിക് ആർച്ചുകൾ എന്നിവയെടുത്താൽ ഇത് വ്യക്തമാകും. ഭ്രൂണത്തിൽ അന്നനാളത്തിന്റെ മുകൾഭാഗത്തുള്ള നെഫ്റോസ്റ്റോ (nephrostome)മിൽ നിന്നാണ് വൃക്കകളുണ്ടാവുന്നത്. ഇതിന്റെ മുൻഭാഗത്തു നിന്നാണ് പാറോസ് (pronephros) എന്ന തരം വൃക്കകൾ ആദ്യം ഉണ്ടാകുന്നത്. മിക്സിൻ എന്ന ആദിമ കശേരുകിയിൽ മാത്രം പ്രായപൂർത്തിയായ ജീവിയിലും ഈ വൃക്ക നിലനില്ക്കുന്നു. മറ്റു കശേരുകികളിൽ പ്രോനെഫ്റോസ് അപ്രത്യക്ഷമായി. അതിന് പിന്നിൽ മധ്യഭാഗത്തുനിന്ന് മീസോനെഫ്റോസ് (mesonephros) എന്ന തരം വൃക്കകൾ വികസിക്കുന്നു. മത്സ്യങ്ങളിലും ഉഭയജീവികളിലും ഈ വൃക്കകൾ നശിക്കാതെ പ്രവർത്തനക്ഷമമായി തുടരും. ഉരഗങ്ങൾ, പക്ഷികൾ, സസ്തനികൾ എന്നിവയിൽ ഭ്രൂണവളർച്ചയിൽ മീസോഫ്റോസ് അപ്രത്യക്ഷമായി, അതിന്റെ പിന്നിൽ മെറ്റാനെഫ്റോസ് (metanephros) ഉണ്ടാവുന്നു. ഇതാണ് പ്രവർത്തനക്ഷമമായി പ്രൗഢാവസ്ഥയിലും തുടരുന്നത്. കശേരുകികളുടെ പൂർവികരുടെ ഒറ്റവൃക്കയുടെ വ്യത്യസ്തഭാഗങ്ങൾ വികസിച്ചാണ് വിവിധ ഗ്രൂപ്പുകളുടെ വൃക്കകൾ ഉണ്ടായത് എന്ന് ഈ ഭ്രൂണവികാസം സൂചിപ്പിക്കുന്നു.

ഹൃദയത്തിന്റെ വികാസം പരിശോധിച്ചാലും ഇതേ പോലെ വ്യത്യസ്ത അവസ്ഥകളിലൂടെ ഉയർന്ന ജീവികളുടെ ഹൃദയഘടനയിലെത്തുന്നതു കാണാം. ആദ്യം ഒരു ട്യൂബ് ആകൃതിയിലാണ് ഹൃദയം രൂപപ്പെടുന്നത്. പിന്നീട് ” ആകൃതിയിലായി ഓറിക്കിൾ, വെൻറിക്കിൾ എന്നീ രണ്ടു അറകളും ഉണ്ടാകും. മത്സ്യങ്ങളിൽ ഹൃദയം ഈ അവസ്ഥയിൽത്തന്നെ തുടരുന്നു. ഉയർന്ന ജീവികളിൽ ഓറിക്കിൾ രണ്ടായി വിഭജിക്കപ്പെട്ട് മൂന്ന് അറകളായിട്ടുണ്ട്. ഈ ഘടന ഉഭയജീവികളിൽ മാറ്റം വരാതെ നില്ക്കുന്നു. തുടർന്നുള്ള വികാസത്തിൽ വെൻറിക്കിൾ അപൂർണമായി രണ്ടായി വിഭജിച്ച് അവസ്ഥയാണ് ഉണ്ടായത്. ഉരഗങ്ങളിൽ ഹൃദയം ഈ അവസ്ഥയിലാണുള്ളത്. പക്ഷികളിലും സസ്തനികളിലും വെന്റിക്കിളിന്റെ വിഭജനം പൂർണമായി നാല് അറകളുള്ള ഹൃദയം രൂപപ്പെടുന്നു. നാലറകളുള്ള ജന്തുക്കളിലും ഹൃദയം വികസിക്കുമ്പോൾ രണ്ടുമൂന്ന് അറകളുള്ള ഘട്ടങ്ങളിലൂടെ കടന്നുപോകുന്നത് പരിണാമപരമായ ബന്ധത്തിന് തെളിവാണ്.

ഇതേപോലെതന്നെയാണ് അയോർട്ടിക് ആർച്ചുകളുടെയും കഥ. ഹൃദയത്തിൽ നിന്ന് രക്തം വരുന്ന വെൻട്രൽ അയോർട്ട (ventral aorta)യുടെ ശാഖകളാണിവ. വിവിധ കശേരുകി ഗ്രൂപ്പുകളിൽ ഇവയുടെ എണ്ണത്തിലും സ്ഥാനത്തിലും ക്രമമായി മാറ്റങ്ങൾ വന്നു. ഭ്രൂണവളർച്ചയിൽ ആറു ജോടി അയോർട്ടിക് ആർച്ചുകളാണ് ആദ്യമുണ്ടാകുക. സ്രാവുകളിൽ ഒന്നാമത്തെ ജോടി അപ്രത്യക്ഷമായി അഞ്ച് ജോടി ബാക്കിയാവും. അസ്ഥി മത്സ്യങ്ങളിൽ ഒന്നും രണ്ടും ജോടികൾ അപ്രത്യക്ഷമാകും. ഉഭയജീവികളിലും ഉരഗങ്ങളിലും ഒന്നും രണ്ടും അഞ്ചും ജോടികൾ അപ്രത്യക്ഷമായി മൂന്ന് ജോടികൾ ബാക്കിയാവുന്നു. പക്ഷികളിൽ ഇവയ്ക്കു പുറമേ നാലാമത്തെ ആർച്ചിന്റെ ഇടത്തേ ശാഖ കൂടി അപ്രത്യക്ഷമാകും. സസ്തനികളിൽ നാലാമത്തെ ആർച്ചിന്റെ വലത്തേ ശാഖയാണ് നഷ്ടപ്പെടുന്നത്. എന്നാൽ സസ്തനികളിലും പക്ഷികളിലും ഉരഗങ്ങളിലുമെല്ലാം ഭ്രൂണാവസ്ഥയിൽ ആറു ജോടികളും ഉണ്ടാവുന്നത് പരിണാമപരമായ ബന്ധം കാണിക്കുന്നു. ആറു ജോടികൾ എന്നത് ഗില്ലുകൾ ഉപയോഗിച്ച് ശ്വസിച്ചിരുന്ന ആദ്യപൂർവികരിൽ ഉണ്ടായിരുന്ന അവസ്ഥയാണ്.

ഗ്രൂപ്പുകൾക്കകത്ത് നടന്ന പരിണാമത്തിനും ഭ്രൂണവളർച്ചയിൽ നിന്ന് സൂചനകൾ ലഭിക്കും. ഉദാഹരണമായി പല്ലില്ലാത്ത തിമിംഗലങ്ങളുടെ ഭ്രൂണങ്ങളിൽ പല്ലിന്റെ മുകുളങ്ങൾ (buds) പ്രത്യക്ഷപ്പെടുകയും പിന്നീട് നഷ്ടപ്പെടുകയും ചെയ്യുന്നത് പല്ലുള്ള പൂർവികരിൽ നിന്ന് പരിണമിച്ചതിന് തെളിവായെടുക്കാം. ഇതേ പോലെ തിമിംഗലങ്ങളുടെ ഭ്രൂണങ്ങളിൽ രോമകവചം ഉള്ളതും പരിണാമബന്ധത്തെ ഓർമപ്പെടുത്തുന്നു. പല ജീവികളെയും വർഗീകരിക്കാൻ തന്നെ ലാർവകളെയും ഭ്രൂണാവസ്ഥകളെയും ആശ്രയിക്കേണ്ടിവരുന്നുണ്ട്. കോർഡേറ്റാ ഫൈലത്തിൽപ്പെടുന്ന ട്യൂണിക്കേറ്റ (tunicata) വിഭാഗത്തിലെ ജന്തുക്കളിൽ ഈ ഫൈലത്തിന്റെ സ്വഭാവങ്ങൾ പലതും ഇല്ല. ഇവ ഒരു സ്ഥലത്ത് പറ്റിപ്പിടിച്ചു നില്ക്കുന്ന ജീവികളാണ്. എന്നാൽ സഞ്ചാരശേഷിയുള്ള ലാർവൽ ഘട്ടത്തിൽ അടിസ്ഥാന കോർഡേറ്റ സ്വഭാവങ്ങൾ പ്രകടമാണ്. പരാദജീവികളെ പലതിനെയും വർഗീകരിക്കുന്നത് ലാർവകളുടെ സ്വഭാവം അടിസ്ഥാനമാക്കിയാണ് (ഉദാ. സാക്കുലൈന).

ഞണ്ടിന്റെ ഉദരഭാഗത്തു കാണപ്പെടുന്ന സാക്കുലൈന (Sacculina) പരാദം

ഭ്രൂണങ്ങൾക്ക് പൂർവികരുമായുള്ള ബന്ധം വിശദമാക്കാൻ ഏണസ്റ്റ് ഹെയ്ക്കൽ എന്ന ജർമൻ ശാസ്ത്രജ്ഞൻ ബയോജെനറ്റിക് നിയമം അല്ലെങ്കിൽ പുനരാവർത്തന സിദ്ധാന്തം (recapitutation theory) ആവിഷ്കരിച്ചു. ഈ സിദ്ധാന്തപ്രകാരം വ്യക്തിപരിണാമം (ontogeny) വംശപരിണാമത്തിന്റെ (phylogeny) പുനരാവർത്തനമാണ്. ഓരോ ജീവിയുടെയും പരിവർത്തനഘട്ടത്തിൽ അതുൾപ്പെടുന്ന ഗ്രൂപ്പിന്റെ പരിണാമചരിത്രം ആവർത്തിക്കപ്പെടുന്നു എന്നദ്ദേഹം വ്യക്തമാക്കി. ഉദാഹരണമായി തവളകളുടെ വാൽമാക്രി ഘട്ടം മത്സ്യപൂർവികനെ അനുസ്മരിപ്പിക്കുന്നതാണ്. മനുഷ്യ ഭ്രൂണത്തിൽ കാണുന്ന വാൽപോലുള്ള ഭാഗം വാലുള്ള പൂർവികന്റെ തെളിവാണ് എന്ന് ഹെയ്ക്കൽ വിശദീകരിച്ചു. ഇതേ പോലെ ഒറ്റക്കോശമായി തുടങ്ങുന്ന ഭ്രൂണവളർച്ച ഏക കോശപൂർവികരെയും ബ്ലാസ്റ്റുല കോശപാളികളുള്ള പൂർവികരെയും അനുസ്മരിപ്പിക്കുന്നതായും വിശദീകരിക്കപ്പെട്ടു. എന്നാൽ ഇന്ന് ശാസ്ത്രജ്ഞർ ഈ സിദ്ധാന്തത്തെ പൂർണമായി അനുകൂലിക്കുന്നില്ല. ഭ്രൂണവളർച്ചയിൽ കോടിക്കണക്കിന് വർഷങ്ങൾ കൊണ്ട് നടന്ന പരിണാമചരിത്രം ആവർത്തിക്കുക അസാധ്യമാണ്. പക്ഷേപൂർവികരുടെ ഭ്രൂണവളർച്ചയുമായി ഇതിന് സാമ്യം കാണും. “വ്യക്തിപരിണാമം പൂർവികരുടെ വ്യക്തിപരിണാമത്തിന്റെ ആവർത്തനമാണ്’ എന്ന് ഈ സിദ്ധാന്തത്തെ ചിലർ പുനർനിർവചിച്ചിട്ടുണ്ട്.

ജിയോളജിയും ഫോസിൽ വിജ്ഞാനവും

ഭൂഗർഭ ശാസ്ത്രത്തിലെ വിവരങ്ങളും ഫോസിൽ രേഖകളും പരിണാമത്തിന്റെ ദിശകളെപ്പറ്റിയും ആദ്യകാല ജീവികളെപ്പറ്റിയും നേരിട്ടുള്ള തെളിവുകൾ നല്കുന്നു.

പഴയകാലത്ത് ഉണ്ടായിരുന്ന ജീവികളുടെ അവശിഷ്ടങ്ങളോ അവ ബാക്കിവച്ച് മൂശകൾ, അടയാളങ്ങൾ എന്നിവയോ ആണ് ഫോസിലുകൾ. പലതരത്തിൽപ്പെട്ട ഫോസിലുകളുണ്ട്.

ഫോസിൽ പഠനങ്ങൾ പരിണാമത്തിന് മൂന്നുതരത്തിലുള്ള തെളിവുകൾ നല്കുന്നു.

  1. ജീവികളുടെ ആദ്യഗ്രൂപ്പുകൾ ലളിത ഘടനയുള്ളവയായിരുന്നു. ഇവ കാലം കഴി യുമ്പോൾ കൂടുതൽ സങ്കീർണമായി പരി ണമിച്ചത് ഫോസിലുകൾ നിരീക്ഷിച്ചാൽ വ്യക്തമാകും.
  2. വിവിധ ജന്തുസസ്യവിഭാഗങ്ങൾ പരി ണമിച്ചത് നിരവധി ഇടനില ഫോസിലുകൾ ലഭിച്ചിട്ടുണ്ട്.
  3. വിശേഷവത്കരിച്ച ശരീരഘടനയുള്ള ജന്തുക്കൾ പൊതുഘടനയുള്ള പൂർവികരിൽ നിന്ന് പരിണമിച്ചത് ഫോസിലുകളിൽ നിന്ന് കൃത്യമായി മനസ്സിലാകും (ഉദാ. കുതിരക ളുടെ പരിണാമം, തിമിംഗലങ്ങളുടെ പരിണാമം)

ജിയോളജീയ കാലഘട്ടങ്ങളും ജീവികൾ സങ്കീർണമാവുന്നതും

ഭൗമോപരിതലത്തിലെ വ്യത്യസ്ത പാളികൾ വ്യത്യസ്ത ജിയോളജീയ കാലങ്ങളിൽ രൂപം കൊണ്ടവയാണ്. അതിനാൽ അവയിലുള്ള വ്യത്യസ്ത ഫോസിലുകൾ പൂർവകാല ജീവനെക്കുറിച്ചും പരിണാമ പ്രക്രിയയെക്കുറിച്ചും വ്യക്തമായി നല്കുന്നു. സമീപകാല പാളികളിൽ രൂപം കൊണ്ടിട്ടുള്ള ഫോസിലുകളാണ് പുരാതന പാളികളിലെ ഫോസിലുകളെക്കാൾ ഇന്ന് ഭൂമുഖത്തുള്ള ജീവികളുമായി കൂടുതൽ സാമ്യം പ്രദർശിപ്പിക്കുന്നത്. ജീവന്റെ ചരിത്രം പരിശോധിക്കുന്നതിന് പാലിയോ സോയിക്, മീസോസോയിക്, സീനോസോ യിക് കല്പങ്ങളിലെ ഫോസിലുകൾ പഠിച്ചാൽ മതി. പാലിയോസോയിക്കിന് മുമ്പ് ലഭിച്ച ഫോസിലുകളെ പ്രീ കാംബ്രിയൻ ഫോസിലുകൾ എന്നാണ് പൊതുവേ പറയാറ്. ഇതിൽ ഏകകോശ ജീവികൾ, ആൽഗകൾ, സ്പഞ്ചുകൾ, പലതരം വിരകൾ എന്നിവയാണ് ഉൾപ്പെടുന്നത്.

55 കോടി വർഷങ്ങൾക്കു മുൻപാണ് പാലിയോസോയിക് കല്പം തുടങ്ങുന്നത്. ഇതിനെ കാംബ്രിയൻ, ഓർഡോവിഷൻ, സിലൂറിയൻ, ഡെവോണിയൻ, കാർബോണി ഫെറസ്, പെർമിയൻ എന്നീ മഹായുഗങ്ങളായി വിഭജിച്ചിട്ടുണ്ട്. മൊളസ്കുകൾ, ലോബൈറ്റുകൾ തുടങ്ങിയവ ആദ്യകാലത്തുണ്ടായിരുന്നെങ്കിലും മത്സ്യങ്ങൾ പോലുള്ളവ പ്രത്യക്ഷപ്പെടുന്നത് കുറേക്കഴിഞ്ഞാണ്. താടിയെല്ലുള്ള മത്സ്യങ്ങൾ സിലൂറിയൻ കാലത്തും ആദ്യത്തെ ഉഭയജീവികൾ ഡെവോണിയൻ കാലത്തും ഫോസിലുകളിൽ കണ്ടുതുടങ്ങുന്നു. കാർബോണിഫെറസിൽ ആദ്യ ഉരഗങ്ങളും പെർമിയനിൽ സസ്തനികളെപ്പോലുള്ള ഉരഗങ്ങളും പ്രത്യക്ഷപ്പെടുന്നു.

മീസോസോയിക് കാലത്തിലാണ് ഡൈനോസോർ പോലുള്ള ഉരഗങ്ങൾ പ്രമുഖ ഗ്രൂപ്പാവുന്നത്. ആദ്യപക്ഷി ഫോസിൽ ജുറാസിക് കാലത്തിലും ആദ്യത്തെ പ്ലാസന്റൽ സസ്തനികൾ ക്രിറ്റേഷ്യസിലും കണ്ടുതുടങ്ങിയിരുന്നു.

മീസോസോയിക്കിന് അവസാനം ഉരഗങ്ങൾക്ക് വൻ തോതിൽ നാശം വന്നു. സീനോസോയിക് കാലത്താണ് പക്ഷികളും സസ്തനികളും പ്രമുഖഗ്രൂപ്പുകളാകുന്നത്. സീനോസോയിക്കിന്റെ അവസാനകാലത്ത് മനുഷ്യപൂർവികരും അവസാനം ആധുനികമനുഷ്യരും ഫോസിലുകളിൽ പ്രത്യക്ഷപ്പെട്ടു. ജീവന്റെ ചരിത്രത്തിലെ അവസാനത്തെ ഭാഗത്താണ് സസ്തനികൾ പോലുള്ള ഉയർന്ന ജീവികൾ ഉണ്ടായത്.

സസ്യങ്ങളുടെ പരിണാമം എടുത്താലും സമാനമായ സങ്കീർണവത്കരണം ദൃശ്യമാണ്. ആദ്യമുണ്ടായത് ഏകകോശസസ്യങ്ങളും ലഘു ഘടനയുള്ള ആൽഗകളുമാണ് മോസ്സുകൾ ഫോസിലുകളിൽ കണ്ടുതുടങ്ങുന്നത് സിലൂറിയൻ കാലം മുതലാണ് . കാർബോണിഫെറസ് കാലത്തുണ്ടായിരുന്ന വിത്തുണ്ടാകുന്ന ഫേണുകളും, ക്ലബ് മോസ്സുകളും ജിംനോമുകളും മറ്റുമാണ് കൽക്കരി നിക്ഷേപങ്ങളായി മാറിയത്. ഡൈനോസോറുകളുടെ കാലത്ത് ജിംനോമുകളും ഫേണുകളുമായിരുന്നു പ്രമുഖ സസ്യങ്ങൾ. ക്രിറ്റേഷ്യസിന്റെ അവസാനം പുഷ്പിക്കുന്ന സസ്യങ്ങളുണ്ടായി. ആൻജിയോമുകൾ വൈവിധ്യവത്കരിക്കപ്പെട്ടത് സീനോസോയിക് കല്പത്തിലാണ്.

ഇടനില ഫോസിലുകളും ഗ്രൂപ്പുകളുടെ പരിണാമവും

375 ദശ ലക്ഷം വർഷം പ്രായമുള്ള കാനഡയിൽ നിന്ന് ലഭിച്ച ടികാലിക് (Tiktaalik) എന്ന ഫോസിൽ

ഇന്നുള്ള ജീവി ഗ്രൂപ്പുകളുടെ അന്യോന്യബന്ധം കാണിക്കുന്ന നിരവധി ഇടനിലഫോസിലുകൾ (missing links) ലഭിച്ചിട്ടുണ്ട്. ഉദാഹരണത്തിന് പക്ഷികൾക്കും ഉരഗങ്ങൾക്കും ഇടയ്ക്കുള്ള സ്വഭാവങ്ങൾ കാണിക്കുന്ന ഫോസിലാണ് പ്രശസ്തമായ ആർക്കിയോറിക്സ്. ജുറാസിക് കാലത്ത് ജീവിച്ചിരുന്ന ഇതിന് പക്ഷികളെപ്പോലെ തൂവലുകളും ചിറകുകളും ഉണ്ടായിരുന്നു. അതേസമയം പല്ലുകൾ, നീണ്ട വാൽ, ചിറകുകൾക്ക് പുറത്തേക്ക് നീളുന്ന വിരലുകളിലെ നഖങ്ങൾ തുടങ്ങിയ ഉരഗസ്വഭാവങ്ങളും അതു കാണിച്ചു. മരങ്ങളിൽ കൈകാലുകളിലെ നഖങ്ങളുപയോഗിച്ച് കയറുവാനും താഴോട്ടു പറക്കുവാനും ഇതിന് കഴിവുണ്ടായിരുന്നു എന്നാണ് ഊഹിക്കുന്നത്.

ടികാലിക് (Tiktaalik) ഒരു ചിത്രീകരണം

ഇതേപോലെ മത്സ്യങ്ങൾക്കും ആദ്യത്തെ കരജീവികൾക്കും ഇടയ്ക്കുള്ള സ്വഭാവങ്ങൾ കാണിക്കുന്ന ഫോസിലുകൾ ലഭിച്ചിട്ടുണ്ട്. യൂത്തനോപ്റ്ററോൺ (Eusthenopteron) എന്ന ഫോസിൽ ചിറകിൽ മുൻകാലുകളുടെ അസ്ഥിഘടനയുടെ ആദ്യരൂപം കാണാം. 2004-ൽ കാനഡയിൽ നിന്ന് ലഭിച്ച ടികാലിക് (Tiktaalik) എന്ന ഫോസിൽ കുറേക്കൂടി ശ്രദ്ധാർഹമാണ്. 375 ദശ ലക്ഷം വർഷമാണ് ഇതിന്റെ പ്രായം. ചിറകുകളും ചെതുമ്പലുകളുമുള്ള മത്സ്യമായിരുന്നു ഇത്. തലയോട് ഉഭയ ജീവികളുടെ തലയോടിനെ അനുസ്മരിപ്പിച്ചു. കഴുത്തു ഭാഗം വ്യക്തമായിക്കാണാം. കൈകാലുകളും അസ്ഥി ഘടനയുള്ള ചിറകുകളുമാണ് ഇതിനുണ്ടായിരുന്നത്. മണികണ്ഠംപോലും വ്യക്തമായിരുന്നു. ഇതിന് അത്യാവശ്യം കരയിൽ കയറിപ്പോകാനും കഴിവുണ്ടായിരുന്നു എന്നാണ് ഊഹിക്കപ്പെടുന്നത്.

പരിണാമത്തിൽ വല്ലാതെ വിശേഷവത്കരണം സംഭവിച്ച വിഭാഗങ്ങളുണ്ട് ഉദാഹരണം തിമിംഗലങ്ങൾ. സസ്തനികളാണെങ്കിലും ശരീരം മത്സ്യാകൃതിയിലാണ്. വായു ശ്വസിക്കുന്ന ഇവയ്ക്ക് കൃത്യമായ ശരീരതാപനിലയുണ്ട്. ഹൃദയത്തിന് സസ്തനികളിലെപ്പോലെ നാലറകളുണ്ട്. കരയിലെ കുളമ്പുള്ള പൂർവികരിൽ നിന്നാണ് ഇവയുണ്ടായതെന്നതിന് അനിഷേധ്യമായ ഫോസിൽ തെളിവുകൾ അടുത്തകാലത്ത് ലഭിച്ചു. പാക്കിസീറ്റസ്, ആംബുലോസീറ്റസ്, ഡോറുഡോൺ എന്നീ ഇടനില ഫോസിലുകൾ തിമിംഗലങ്ങളുടെ പരിണാമദിശയെ മനസ്സിലാക്കാൻ സഹായകമാണ്.

ഫോസിൽ പഠനങ്ങളിൽ നിന്ന് പരിണാമദിശ പൂർണമായി മനസ്സിലാക്കിയ ചില ജന്തുക്കളാണ് കുതിര, ആന, ഒട്ടകം എന്നിവ. ഇവയുടെ പൂർവികർ സാധാരണ സസ്തനികളായിരുന്നു. ഉദാഹരണമായി ഇയോസീൻ കാലത്തു ജീവിച്ചിരുന്ന ഹൈറാകോത്തീരിയം (Hyracotherium) ആണ് കുതിരകളുടെ അറിയപ്പെടുന്ന ആദ്യ പൂർവികൻ. ചെടികളുടെ ഇലകൾ കടിച്ചുതിന്നിരുന്ന, കഷ്ടിച്ച് മൂന്നടി ഉയരമുള്ള ഇതിൽ നിന്ന് വ്യത്യസ്ത ജനുസുകളിലൂടെ പരിണമിച്ചാണ് ഇന്നത്തെ കുതിരയായ ഇക്വസ് ഉണ്ടായത്. ആദിമ കാലത്തെ ആനകൾ തുമ്പിക്കെ ഇല്ലാത്ത, വെറും പന്നിയുടെ വലുപ്പമുള്ള സസ്തനികളായിരുന്നു. പരിണാമദിശയിൽ അനേകം ഇനങ്ങൾക്ക് വംശനാശം സംഭവിച്ചിട്ടുണ്ട്. ഇന്ന് ഇന്ത്യൻ ആനയും ആഫ്രിക്കൻ ആനയും മാത്രമേ ബാക്കിയുള്ളു. മാമത്ത് എന്ന ഇനത്തിന് വംശനാശം വന്നിട്ട് ഏതാനും ആയിരം വർഷങ്ങളേ ആയിട്ടുള്ളു.

ശരീരക്രിയാവിജ്ഞാനവും ജൈവരസതന്ത്രവും

ശരീരപ്രവർത്തനങ്ങളിൽ കാണുന്ന സാമ്യം ജീവികളുടെ പരിണാമപരമായ ബന്ധത്തിന് അനുസരിച്ചായിരിക്കും. സസ്യകോശങ്ങളും ജന്തുകോശങ്ങളും നിർമിതമായിരുന്നത് പ്രോട്ടോപ്ലാസം കൊണ്ടാണ്. പ്രോട്ടോപ്ലാസത്തിന്റെ രാസഘടനയും ഭൗതികസ്വഭാവങ്ങളും സാർവത്രികമായി ഏതാണ്ട് ഒരുപോലെയാണ്. ന്യൂക്ലിയസില്ലാത്ത പ്രോകാരിയോട്ടുകളും ന്യൂക്ലിയസുള്ള യൂകാരിയോട്ടുകളും തമ്മിൽ ഉള്ള വ്യത്യാസങ്ങൾ ജീവന്റെ ആദ്യപരിണാമഘട്ടത്തിൽ സംഭവിച്ചതായിരിക്കണം. ഏറ്റവും ഉയർന്ന ജീവികളും താഴ്ന്ന ജീവികളും തമ്മിൽ കോശഘടനയിൽ കാണുന്ന സാദൃശ്യം പരിണാമസിദ്ധാന്തത്തിന് ശക്തമായ തെളിവാണ്.

ഹോർമോണുകൾ, എൻസൈമുകൾ എന്നിവയാണ് ശരീരപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ഇവയുടെ കാര്യത്തിലും ജീവലോകത്തിൽ വലിയ സാദൃശ്യം കാണാം. ട്രിപ്സിൻ (trypsin) എന്ന എൻസൈം പ്രോട്ടോസോവകൾ മുതൽ സസ്തനികൾ വരെയുള്ള എല്ലാ ഗ്രൂപ്പുകളിലുമുണ്ട്. അമൈലേസ് എന്ന എൻസൈം സ്പോഞ്ചുകൾ മുതൽ ഉയർന്ന ജന്തുക്കളിലെല്ലാം ഉണ്ട്.

നട്ടെല്ലില്ലാത്ത ജീവിവർഗങ്ങളിൽ ഒരേതരം ഹോർമോണുകളാണ് പൊതുവേ കാണപ്പെടുന്നത്. നട്ടെല്ലുള്ളവയിലെ ഹോർമോണുകളും പ്രവർത്തനരീതിയും തമ്മിൽ അദ്ഭുതകരമായ സാദൃശ്യം കാണാം. തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ, ഉഭയജീവികൾ മുതൽ സസ്തനികൾ വരെയുള്ള എല്ലാ ഗ്രൂപ്പുകളിലുമുണ്ട്. തൈറോയ്ഡ് ഗ്രന്ഥികൾ ശസ്ത്രക്രിയ ചെയ്ത മാറ്റിയാൽ തവളയുടെ വാൽമാക്രികളിൽ രൂപാന്തരണം (metamorphosis) സംഭവിക്കുകയില്ല. ഇത്തരം വാൽമാക്രികൾക്ക് സസ്തനികളുടെ തൈറോയ്ഡ് ഗ്രന്ഥികൾ ഭക്ഷണമായി നൽകിയാൽ ശരീരമാറ്റങ്ങൾ വന്ന് അവ തവളകളായിത്തീരുന്നു. ഇതേപോലെ ഉഭയജീവികളുടെ തൊലിയിലുള്ള മെലാനോഫോറുകൾ (melanophores) എന്ന വർണകങ്ങൾ കോശങ്ങളിൽ വ്യാപിക്കാനും അതു വഴി നിറം മാറ്റമുണ്ടാകാനും സഹായിക്കുന്ന ഹോർമോണാണ് എം.എസ്.എച്ച്. (Melanophore Stimulating Hormone). സസ്തനികളിൽ ഈ ഹോർമോണിന് വിശേഷിച്ച് ധർമമൊന്നുമില്ല. അതേസമയം സസ്തനികളുടെ പിറ്റ്യുട്ടറി ഗ്രന്ഥിയിൽ നിന്ന് ഈ ഹോർമോൺ വേർതിരിച്ചെടുത്ത് ഉഭയജീവികളിൽ കുത്തിവച്ചാൽ എം.എസ്.എച്ചിന്റെ അതേ ഫലം ഉണ്ടാകുന്നതായി നിരീക്ഷിച്ചിട്ടുണ്ട്.

എല്ലാ കശേരുകികളിലും കാണപ്പെടുന്ന ഹീമോഗ്ലോബിന്റെ രാസഘടന പരിശോധിച്ചാൽ പരിണാമപരമായി അടുത്ത ഗ്രൂപ്പുകൾ തമ്മിൽ വളരെ സാമ്യമുണ്ടെന്ന് കാണാം. രക്തത്തിലെ A,B, ഗ്രൂപ്പുകൾ മനുഷ്യരിലെന്നപോലെ മനുഷ്യക്കുരങ്ങുകളിലും ഉണ്ട്. സന്ധികളിൽ യൂറിക്കല്ലം കെട്ടിനിന്നുണ്ടാകുന്ന ഗൗട്ട് എന്ന രോഗം മനുഷ്യരിലും മനുഷ്യക്കുരങ്ങുകളിലും കാണപ്പെടുന്നു.

വിസർജന വസ്തുക്കളുടെ കാര്യത്തിലും പരിണാമത്തിന്റെ സ്വാധീനം പ്രകടമാണ്. ജലത്തിലെ കശേരുകികളിൽ അമോണിയ രൂപത്തിലാണ് നൈട്രജൻ വിസർജനം നടക്കുന്നത്. പക്ഷികളിലും ഉരഗങ്ങളിലും യൂറിക്കമാണ് വിസർജന വസ്തു. സസ്തനികളിൽ യൂറിയ രൂപത്തിലാണ് നൈട്രജൻ പുറത്തുകളയുന്നത്. തവളകളിൽ വാൽമാക്രി അവസ്ഥയിൽ അമോണിയയും രൂപാന്തരത്തിനുശേഷം യൂറിയയുമാണ് വിസർജനവ സ്തുക്കൾ. കോഴിപോലുള്ള പക്ഷികളുടെ ഭ്രൂണവളർച്ചയിൽ ആദ്യ ഘട്ടത്തിൽ അമോണിയയും പിന്നീട് യൂറിയയും അവസാനം യൂറിക്കമ്ലവും വിസർജിക്കപ്പെടുന്നു. അമോണിയ വിസർജനം ജലജീവിയായ പൂർവികന്റെ അവസ്ഥയുടെ സൂചനയാണ്.

പരിണാമബന്ധം പരിശോധിക്കാൻ സീറോളജീയ പരീക്ഷണങ്ങൾ ഉപയോഗിക്കാറുണ്ട്. ഏതെങ്കിലും അന്യ പ്രോട്ടീൻ അടങ്ങിയ മിശ്രിതം എലി, മുയൽ പോലുള്ള ഏതെങ്കിലും ജീവിയിൽ കുത്തിവച്ചാൽ ശരീരം പ്രോട്ടീനിനെതിരായ ആന്റിബോഡികൾ ഉത്പാദിപ്പിക്കാം. ഈ ആന്റിബോഡിയടങ്ങിയ രക്തസീറം ശേഖരിച്ച് അതേ പ്രോട്ടീനുമായി ചേർത്താൽ പ്രതിപ്രവർത്തനം നടന്ന് സീറം കലങ്ങിയതുപോലെയാകും. അന്യവസ്തുക്കളെ നശിപ്പിക്കുന്നതിനാണ് ശരീരം ആന്റിബോഡികളുത്പാദിപ്പിക്കുന്നത്.

ഏതെങ്കിലും ജീവിയുടെ രക്തം പരീക്ഷണമൃഗങ്ങളിൽ കുത്തിവച്ച് അതിലെ പ്രോട്ടീനുകൾക്കെതിരെ ആന്റിബോഡികൾ ഉത്പാദിപ്പിക്കാം. ആന്റിബോഡികൾ അടങ്ങിയ രക്തസീറം ഏറ്റവും ശക്തമായി പ്രവർത്തിക്കുക ആന്റിജനുകൾ എടുത്ത ജീവിയുടെ രക്തവുമായിട്ടായിരിക്കും. പരിണാമപരമായി അതിനോട് അടുപ്പമുള്ള ജീവികളുടെ രക്തവുമായിട്ടായിരിക്കും ചെറിയ തോതിൽ പ്രവർത്തനം നടക്കുക. ഉദാഹരണമായി നായ.യുടെ ആന്റിജനുകൾക്കെതിരായ ആന്റിബോഡികൾ ചെന്നായയുടെ രക്തവുമായി ചെറിയ തോതിൽ പ്രവർത്തിക്കും. അതേസമയം പൂച്ചയുടെ രക്തവുമായി ഇതിന്റെ പ്രവർത്തനം വളരെ കുറവായിരിക്കും.

തിമിംഗലങ്ങൾക്ക് കുളമ്പുള്ള മൃഗങ്ങളുമായുള്ള പരിണാമബന്ധം സീറം ഉപയോഗിച്ചുള്ള പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. മനുഷ്യന്റെ ഏറ്റവും അടുത്ത ബന്ധു ചിമ്പാൻസിയാണെന്ന് സീറം പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരിലെ Rh രക്തഗ്രൂപ്പുതന്നെ കണ്ടെത്തിയത് സീറം പരീക്ഷണങ്ങളിലാണ്.

ജനിതകവിജ്ഞാനവും പരിണാമവും

പരിണാമപഠനങ്ങൾക്ക് പുതിയ രൂപം നൽകിയത് പാരമ്പര്യശാസ്ത്രത്തിന്റെ വികാസമാണ്. ഡാർവിന്റെ കാലത്ത് സ്വഭാവങ്ങൾ തലമുറകളിലൂടെ സംക്രമിക്കുന്നതിനെപ്പറ്റി ശാസ്ത്രീയമായ അറിവുണ്ടായിരുന്നില്ല. ജീനുകളുടെ ഘടനയും പ്രവർത്തനരീതിയും സംക്രമണവും സംബന്ധിച്ച വിവരങ്ങൾ പരിണാമപ്രക്രിയയുടെ വിശദീകരണം കൂടുതൽ എളുപ്പമാക്കി. പുതിയ ജീൻ ക്രമങ്ങൾ ഉണ്ടാവുകയാണ് സ്പീഷീകരണത്തിൽ സംഭവിക്കുക. മുമ്പുള്ള ജീവികളുടെ ജീൻഘടനയിൽ മാറ്റം വന്നാണ് ഇതുണ്ടാവുക. സ്വാഭാവികമായും പരിണാമപരമായി അടുത്ത ബന്ധമുള്ള ജീവികൾ തമ്മിൽ ജീൻസാമ്യം ഏറ്റവും കൂടുതലായിരിക്കും.

മനുഷ്യജീനോം പഠനങ്ങൾ നിരവധി വസ്തുതകൾ വെളിച്ചത്തുകൊണ്ടുവന്നു. മനുഷ്യജീനോമിന് ചിമ്പാൻസി ജീനോമുമായി 98.4 ശതമാനം സാമ്യമുണ്ട്. രണ്ട് ഗ്രൂപ്പും ഒരു പൊതുപൂർവികനിൽനിന്ന് പരിണമിച്ചുണ്ടായതാണെന്ന് ഇത് സൂചന നൽകുന്നു. ഇതേപോലെ പരിണാമപരമായി അകന്നുപോകും തോറും പൊതുവായ ജീനുകളും കുറഞ്ഞുവരും. മനുഷ്യജീനുകൾ മറ്റ് സസ്തനികളുമായി കാണിക്കുന്ന സാമ്യത്തിലും കുറവായിരിക്കും ഉരഗങ്ങളും പക്ഷികളുമായി കാണിക്കുക. എന്നാൽ എല്ലാ ജീവിവർഗങ്ങൾക്കും പൊതുവായി 500-ഓളം ജീനുകൾ ഉണ്ടെന്നും മനസ്സിലായിട്ടുണ്ട്.

ജീവലോകത്തിൽ ബാക്റ്റീരിയങ്ങൾ മുതൽ ഒരേ ജനിതക കോഡുകളാണുള്ളത്. ജീവന്റെ ആദ്യഘട്ടത്തിൽ രൂപപ്പെട്ട ജനിതക കോഡുകൾ ഏറ്റവും ഉയർന്ന ജന്തുക്കളിലും സസ്യങ്ങളിലും മാറ്റമില്ലാതെ തുടരുന്നത് പരിണാമത്തിന്റെ ഏറ്റവും ശക്തമായ തെളിവായെടുക്കാം. ഡിഎൻഎ എന്ന ജനിതക വസ്തു ആർഎൻഎ യായി പകർത്തപ്പെട്ട് അതുപയോഗിച്ച് ജനിതക കോഡിനനുസരിച്ച് അമിനോ അമ്ലങ്ങൾ ചേർത്ത് പ്രോട്ടീനുകൾ നിർമിക്കുന്ന അടിസ്ഥാന ജീൻ പ്രവർത്തനം എല്ലാ ജീവികളിലും ഒരേ പോലെയാണ്.

ഹീമോഗ്ലോബിൻ, സൈറ്റോകോമുകൾ തുടങ്ങിയ തന്മാത്രകളുടെ ഘടനയിൽ വിവിധ ഗ്രൂപ്പുകളിൽ വന്ന മാറ്റങ്ങൾ ജീൻമാറ്റങ്ങളുമായി ബന്ധപ്പെടുത്തി പഠനങ്ങൾ നടന്നിട്ടുണ്ട്. പരിണാമത്തിന്റെ ദിശയും ഗ്രൂപ്പുകൾ വേർതിരിഞ്ഞ കാലവും ഈ പഠനങ്ങളിൽനിന്ന് ലഭിക്കുന്നു. മനുഷ്യന്റെ ഹീമോഗ്ലോബിനും മനുഷ്യക്കുരങ്ങുകളുടെ ഹീമോഗ്ലോബിനും തമ്മിലുള്ള സാമ്യവും നമ്മെ അദ്ഭുതപ്പെടുത്താം. ഹീമോഗ്ലോബിന്റെ ജീനിന് വരുന്ന നിരവധി മ്യൂട്ടേഷനുകളുടെ ജനിതക അടിസ്ഥാനവും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

മനുഷ്യവർഗത്തിന്റെ വ്യാപനം സംബന്ധിച്ച പഠനങ്ങൾ ഇന്ന് നടക്കുന്നത് മൈറ്റോകോൺഡിയൽ ഡിഎൻ എ, Y ക്രോമസോം ഡിഎൻഎ ഇവയുടെ മ്യൂട്ടേഷനുകളെ അടിസ്ഥാനമാക്കിയാണ്.

ഇതേപോലെ വളർത്തുമൃഗങ്ങൾ, കാർഷികസസ്യങ്ങൾ ഇവയിൽ നിർധാരണം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. മനുഷ്യന്റെ ഇടപെടൽകൊണ്ടുണ്ടായ ജനിതകമാറ്റങ്ങൾ ചുരുങ്ങിയ കാലയളവിൽ സസ്യങ്ങളെയും മൃഗങ്ങളെയും മാറ്റിയത് ഇത്തരം പഠനങ്ങളിൽനിന്ന് വ്യക്തമാവും. പ്രകൃതിയിൽ ഒറ്റ ജീനുകളിൽ സംഭവിക്കുന്ന മാറ്റങ്ങൾ പോലും പ്രത്യുത്പാദനപരമായ ഒറ്റപ്പെടലുകൾക്കും അതു വഴി സ്പീഷീകരണത്തിനും വഴിവയ്ക്കുമെന്ന് പുതിയ പഠനങ്ങൾ സൂചന നൽകുന്നു. ജീനുകൾ പലതും പരിണാമത്തിനിടയ്ക്ക് പ്രവർത്തനക്ഷമമല്ലാതാവുന്നതും പ്രകൃതി നിർധാരണത്തെ സ്വാധീനിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

വൻകരാവിസ്ഥാപനം വിവിധ ഘട്ടങ്ങൾ – 1. ഗോണ്ട്വാന എന്ന ബൃഹദ് വൻകര 420 ദശ ലക്ഷം വർഷങ്ങൾക്കു മുമ്പ് 2. എല്ലാ വൻകരകളും ചേർന്ന് പാൻജിയ രൂപം കൊള്ളുന്നു. ലക്ഷം വർഷങ്ങൾക്കു മുമ്പ് വിഭജിച്ചിട്ടുണ്ടായ ഭാഗങ്ങളുടെ സ്ഥാനം. 3. 10 ദശലക്ഷം വർഷ ങ്ങൾക്കുമുമ്പ് വൻകരക ളുടെ സ്ഥാനം (mya = ദശ ലക്ഷം വർഷങ്ങൾക്കു മുമ്പ്

ജീവഭൂമിശാസ്ത്രം

ജന്തുക്കളുടെയും സസ്യങ്ങളുടെയും ഭൂമിശാസ്ത്രപരമായ വിതരണം സംബന്ധിച്ച വിവരങ്ങളാണ് ജീവഭൂമിശാസ്ത്രത്തിന്റെ പഠനമേഖല. ഇന്നുള്ള സ്പീഷീസുകളുടെ വിതരണം സ്പീഷീസുകൾ ഉദ്ഭവിച്ച സ്ഥലങ്ങളെയും ഭൂമിശാസ്ത്രപരമായ തടസ്സങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. പക്ഷികൾ പോലെ പറക്കുന്ന ജന്തുക്കൾക്ക് ഈ പൊതുതത്ത്വങ്ങൾ ബാധകമല്ല. ഇക്കാരണം കൊണ്ട് സമാനമായ കാലാവസ്ഥയുള്ള രണ്ടു സ്ഥലങ്ങളെടുത്താൽ, അവിടെ വ്യത്യസ്ഥമായ ജീവിവർഗങ്ങളാണുണ്ടാവുക. വൻകരകളിൽ നിന്ന് ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപുകളിൽ ചുരുക്കം ചില ജീവിവർഗങ്ങൾ വലിയ വൈവിധ്യം കാണിക്കുന്നത് കാണാം. ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും കാലാവസ്ഥയിലുമുള്ള സാമ്യം ജന്തുക്കളുടെ വിതരണത്തിൽക്കാണുന്നില്ല.

ഡാർവിന്റെ സിദ്ധാന്തരൂപീകരണത്തിന് സഹായിച്ച് നിരീക്ഷണങ്ങൾ നടന്നത് ഗാലപാഗോസ് ദ്വീപസമൂഹങ്ങളിലാണ്. എച്ച്എംഎസ് ബീഗിൾ എന്ന കപ്പലിൽ നടത്തിയ യാത്രയിൽ ഈ ദ്വീപുകളിലെ ജന്തുക്കളെപ്പറ്റി അദ്ദേഹം പഠിച്ചു. അമേരിക്കൻ വൻകരയിൽനിന്ന് 600 മൈൽ പടിഞ്ഞാറായി ശാന്തസമുദ്രത്തിലാണ് ഗാലപ്പാഗോസ് ദ്വീപുകൾ. ഓരോ ദ്വീപിലും കരയാമകളുടെ വ്യത്യസ്ത സ്പീഷീസുകളെ ഡാർവിൻ നിരീക്ഷിച്ചു. ഇതേപോലെ ഡാർവിന്റെ കുരുവികളുടെ(Darwin’s finches) 13 സ്പീഷീസുകൾ ഈ ദ്വീപസമൂഹങ്ങളിലുണ്ടായിരുന്നു. വൻകരയിൽനിന്ന് എത്തിപ്പെട്ട സ്പീഷീസുകളിൽനിന്ന് പരിണമിച്ചുണ്ടായവയാണ് ഈ വ്യത്യസ്ത സ്പീഷീസുകളെന്ന് അദ്ദേഹം അനുമാനിച്ചു. സാധാരണ എല്ലായിടത്തും കാണപ്പെടുന്ന ജന്തുവർഗങ്ങളൊന്നും ഈ ദ്വീപുകളിൽ അന്നുണ്ടായിരുന്നില്ല.

ആസ്ട്രേലിയയിൽ മാത്രം ആദിമ ജന്തു വർഗങ്ങൾ അവശേഷിക്കാൻ കാരണം ഭൂമി ശാസ്ത്രപരമായ ഒറ്റപ്പെടലാണ്. കങ്കാരു വിഭാഗത്തിൽപ്പെട്ട സഞ്ചിമൃഗങ്ങൾ, മുട്ടയിടുന്ന സസ്തനികൾ എന്നിവ ഒരുകാലത്ത് മറ്റ് വൻകരകളിലും ഉണ്ടായിരുന്നു. മാത്രമല്ല ആസ്റ്റ്രേലിയയ്ക്കു ഏഷ്യയുമായി കരമാർഗം ബന്ധമുണ്ടായിരുന്നു. പിന്നീട് ഉയർന്ന സസ്തനികൾ പരിണമിച്ചുണ്ടായെങ്കിലും കരമാർഗമുള്ള ബന്ധം ഇല്ലാതായതിനാൽ അവയ്ക്കു ആസ്ട്രേലിയയിൽ എത്തിപ്പെടാൻ കഴിഞ്ഞില്ല. മറ്റ് സ്ഥലങ്ങളിൽ പ്ലാസന്റൽ സസ്തനികളുമായുള്ള മത്സരത്തിൽ ആദിമ സസ്തനി വിഭാഗങ്ങൾക്ക് വംശനാശം സംഭവിച്ചുവെങ്കിലും ആലിയയിൽ അവ ഇന്നും നിലനിൽക്കുന്നു.

പല ജന്തു വിഭാഗങ്ങളിലും ഇന്നുള്ള വൈവിധ്യത്തിന് കാരണം ഒറ്റപ്പെടലും അനു കുലസ്വഭാവങ്ങൾ നിർധാരണം ചെയ്യപ്പെട്ടതുമാണ്. ഉദാഹരണമായി ഒട്ടകങ്ങളുടെ കാര്യമെടുക്കാം. ഒറ്റ പൂഞ്ഞ(hump)യുള്ള അറേബ്യൻ ഒട്ടകം മരുഭൂമിയിലെ ജീവിതത്തിന് അനുകൂലനം സിദ്ധിച്ചവയാണ്. ഇരട്ട പൂഞ്ഞയുള്ള (double hump) ബാക്ട്രിയൻ ഒട്ടകമാകട്ടെ തണുത്ത പ്രദേശങ്ങളിൽ കണ്ടുവരുന്നു. തണുപ്പിനെ പ്രതിരോധിക്കാനുള്ള ശരീരം അനുകൂലനങ്ങളാണ് ഇതിനുള്ളത്. തെക്കേ അമേരിക്കയിലെ ലാമകളും അപാക(Alpaca)കളും പർവത ശിഖരങ്ങളിലെ ജീവിതത്തിന് അനുകൂലനം വന്ന ഒട്ടകവിഭാഗത്തിൽപ്പെട്ട ജന്തുക്കളാണ്. ലാമകളുടെയും ഒട്ടകങ്ങളുടെയും പൂർവികർ അമേരിക്കയിൽ ഉദ്ഭവിച്ച് അന്നുള്ള കരയിടുക്കുകൾ വഴി ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കും വ്യാപിച്ചു എന്നാണ് ഊഹിക്കപ്പെടുന്നത്. ദീർഘകാലമായ ഒറ്റപ്പെടലും കാലാവസ്ഥാഘടകങ്ങളോടുള്ള അനുകൂലനവുമാണ് ഇന്നത്തെ വൈവിധ്യവത്കരണത്തിന് കാരണം. ഇതുപോലെ ഇന്ത്യൻ ആനകളും ആഫ്രിക്കൻ ആനകളും ഒരേ പൂർവികരിൽ നിന്ന് പരിണമിച്ചുണ്ടായവയാണ്.

ജന്തു സസ്യങ്ങളുടെ വിതരണം അടിസ്ഥാനമാക്കി കരഭാഗത്തെ ആറ് മേഖലകളായി തിരിച്ചിരിക്കുന്നു. മുൻകാലത്ത് ഭൂവിഭാഗങ്ങൾ തമ്മിലുണ്ടായിരുന്ന ബന്ധത്തിന് പല ജീവി വിഭാഗങ്ങളുടെയും സമാനത തെളിവായെടുക്കാം. അതേസമയം ഭൂമിശാസ്ത്രപരമായി തൊട്ടടുത്ത സ്ഥലങ്ങളിൽപ്പോലും വ്യത്യസ്ത ജീവിവർഗങ്ങൾ കാണപ്പെടുന്നത് പഴയകാലത്തെ ഭൂമിശാസ്ത്രബന്ധമില്ലായ്മയിലേക്കും സൂചന നൽകുന്നുണ്ട്. ആറ് വ്യത്യസ്തമേഖലകൾ താഴെ പറയുന്നവയാണ്.

  1. പാലിയാർട്ടിക് മേഖല (Palearctic Realm) ഹിമാലയ ത്തിന് വടക്കുള്ള ഏഷ്യ, യൂറോപ്പ്, സഹാറയ്ക്ക് വട ക്കുള്ള ആഫ്രിക്ക.
  2. നിയാർട്ടിക് മേഖല (Nearctic Realm) മെക്സിക്കോ വിന് വടക്കുള്ള അമേരിക്ക, ഗ്രീൻലൻഡ്
  3. നിയോട്രോപ്പിക്കൽ മേഖല (Neotropical Realm) മധ്യ അമേരിക്ക, തെക്കേ അമേരിക്ക, വെസ്റ്റിൻഡീസ്
  4. ഓറിയന്റൽ മേഖല (Oriental Realm) ഹിമാലയത്തിന് തെക്കുള്ള ഏഷ്യ, ശ്രീലങ്ക, ഇന്തോ-ചൈന
  5. എത്യോപ്യൻ മേഖല (Ethiopian Realm) സഹാറയ്ക്ക് തെക്കുള്ള ആഫ്രിക്ക, മഡഗാസ്കർ
  6. ആസ്റ്റ്രേലിയൻ മേഖല (Australian Realm) ആസ്ട്രേലിയ, ന്യൂസിലൻഡ്, ന്യൂഗിനി തുടങ്ങിയ ദ്വീപുകൾ. ബാലി, ലോംബോക്ക് ദ്വീപുകൾക്കിടയ്ക്കുള്ള വാലസ് രേഖ (Wallace’s line) ആണ് ഓറിയന്റൽ ആസ്റ്റ്രേലിയൻ മേഖലകളെ വേർതിരിക്കുന്നത്. തൊട്ടടുത്തുള്ള ദ്വീപുകളാണെങ്കിലും ജീവികളുടെ കാര്യത്തിൽ രണ്ടു ദ്വീപുകളും തമ്മിൽ വലിയ വ്യത്യാസമുണ്ട്.

പാലിയാർട്ടിക് മേഖലയും നിയാർട്ടിക് മേഖലയും തമ്മിൽ ആദ്യകാലത്ത് കരമാർഗം ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകൾ ജന്തുവിതരണത്തിലും സസ്യങ്ങളുടെ വിതരണത്തിലും കാണാം. എന്നാൽ പ്രയറിനായ്ക്കൾ, ഒപ്പോസം, സങ്ക്, റാക്കൂണുകൾ എന്നിവ നിയാർട്ടിക് മേഖലയിൽ മാത്രം കാണപ്പെടുന്നവയാണ്.

വൻകരാവിസ്ഥാപനം കാരണം ഒന്നിച്ചുകിടന്ന സ്ഥലങ്ങൾ അകന്നുപോയതിന്റെ ഫലമായി വിതരണത്തിൽ തുടർച്ച കാണിക്കാത്ത ജന്തുസസ്യവിഭാഗങ്ങളുമുണ്ട്. പലതിന്റെയും ഇന്നത്തെ വിതരണം മുമ്പ് നിലനിന്നിരുന്ന ഭൂമിശാസ്ത്രബന്ധത്തിന് തെളിവുകൾ നൽകുന്നു. ഉദാ. പെരിപ്ലാറ്റസ് എന്ന അനലിഡ് വിര, ശ്വാസകോശമുള്ള മത്സ്യങ്ങൾ.

വർഗീകരണപദ്ധതി (Taxonomy)

ജീവലോകത്തിൽ ഇതേവരെ 19 ലക്ഷം സ്പീഷീസുകളെ ശാസ്ത്രനാമം നൽകി വിവരിച്ചിട്ടുണ്ട്. പൊതു സ്വഭാവങ്ങളെ അടിസ്ഥാനമാക്കി ഇവയെ വിവിധ വർഗീകരണ ശ്രേണികളായി തിരിച്ചിട്ടുണ്ട്. സ്പീഷീസുകൾ മുതൽ എടുത്താൽ ജനുസുകൾ, ഫാമിലികൾ, ഓർഡർ, ക്ലാസ്, ഫൈലം, സാമ്രാജ്യം എന്നിങ്ങനെയാണ് വർഗീകരണ ശ്രേണികൾ. ജീവലോകത്തെ മൊത്തം അഞ്ച് സാമ്രാജ്യങ്ങളായി തിരിച്ചിട്ടുണ്ട്. ഒരേ സ്പീഷീസുകളിൽപ്പെട്ട അംഗങ്ങൾ തമ്മിലാണ് ഏറ്റവും കൂടുതൽ സാമ്യം. ഒരു ജനുസിൽ ഒന്നിലധികം സ്പീഷീസുകൾ ഉണ്ടാവും. ഇവ ഓരോ പൂർവികനിൽനിന്ന് പരിണമിച്ചവയാകയാൽ ധാരാളം പൊതുസ്വഭാവങ്ങൾ പങ്കിടും. ഉദാഹരണമായി ഫെലിസ് (Felis) എന്ന ജനുസിൽ കുറേ സ്പീഷീസ് പൂച്ചകൾ ഉൾപ്പെടുന്നു. ഉയർന്ന തലത്തിൽ പോകുന്തോറും പൊതു സ്വഭാവങ്ങൾ കുറഞ്ഞുവരും.

ഓരോ ഘട്ടത്തിലും ഉള്ള പൊതുസ്വഭാവങ്ങൾ പരിണാമദിശയെപ്പറ്റി വ്യക്തമായ സൂചന നൽകും. ഉദാ. മത്സ്യങ്ങൾക്കെല്ലാം ശ്വസനരീതി, ഹൃദയ അറകളുടെ എണ്ണം, അയോർട്ടിക് ആർച്ചുകളുടെ ഘടന, സംവേദന അവയവങ്ങൾ തുടങ്ങിയ സ്വഭാവങ്ങളിൽ സമാനത കാണാം. പൊതുപൂർവികനിൽ നിന്നുദ്ഭവിച്ച് വൈവിധ്യവത്കരണം സംഭവിച്ചതിന്റെ തെളിവാണിത്. ഇതേ പോലെ സസ്തനികൾ, പക്ഷികൾ തുടങ്ങിയ ഗ്രൂപ്പുകളിലും അടിസ്ഥാന സ്വഭാവങ്ങൾ എല്ലാ അംഗങ്ങളും പ്രകടിപ്പിക്കുന്നത് കാണാം.

ജന്തുലോകത്തിലെ ഏറ്റവും വലിയ ഗ്രൂപ്പാണ് ഷഡ്പദങ്ങൾ ഉൾപ്പെടുന്ന ഇൻസെക്സ് (Insecta) എന്ന ക്ലാസ്. ഈ ഗ്രൂപ്പിലെ അംഗങ്ങൾക്ക് ശരീരഘടനയിലുള്ള പൊതുസ്വഭാവങ്ങൾ നേരത്തെ സൂചിപ്പിച്ചു. ഷഡ്പദങ്ങൾ ഉൾപ്പെടുന്ന ആർത്രോപോഡ എന്ന ഫൈലത്തിലെ അംഗങ്ങളുടെ (ഞണ്ടുകൾ, പഴുതാരകൾ, തേളുകൾ, കൊഞ്ച് തുടങ്ങിയവ) പൊതുസ്വഭാവങ്ങൾ പൊതുപൂർവികനെപ്പറ്റി സൂചന നൽകുന്നു.

ഇതേപോലെ, ജന്തുലോകത്തിലും സസ്യലോകത്തിലുമുണ്ടായ പരിണാമത്തിന് വർഗീകരണപദ്ധതികൾ സൂചനകൾ നൽകുന്നുണ്ട്. നോ:ആർക്കിയോറിക്സ്, തിമിംഗലങ്ങൾ.


ലൂക്ക ജീവപരിണാമം കോഴ്സ്

Happy
Happy
67 %
Sad
Sad
0 %
Excited
Excited
22 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
11 %

Leave a Reply

Previous post ആസിഡ് മഴ: മാധ്യമങ്ങൾ ഭീതി പരത്തരുത്
Next post പരിണാമ കോമിക്സ് 2
Close