Read Time:22 Minute

അമേരിക്കയിലെ ഒരു തെക്കൻ സംസ്ഥാനമാണ് അലബാമ. അലബാമ സംസ്ഥാനത്തുനിന്ന് അടുത്തകാലത്തു വന്ന വാർത്തയാണ് അവിടെ ഇൻഫെർട്ടിലിറ്റി (വന്ധ്യതാ ചികിത്സക്കായുള്ള) ക്ലിനിക്കുകൾ അടച്ചുപൂട്ടുന്നു എന്നത്.

കഴിഞ്ഞ അൻപതു വർഷത്തിനകം വന്ധ്യതാ ചികിത്സയിൽ വലിയ കുതിച്ചുചാട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ലൂയി ബ്രൗൺ ജനിച്ചത് 1978ൽ ആണ്. കുട്ടികൾ ഇല്ലാതെ വിഷമിച്ചിരുന്ന അനേകലക്ഷം ദമ്പതിമാർക്ക് ഏറ്റവും വലിയ അനുഗ്രഹമാണ് ആധുനിക വന്ധ്യതാചികിത്സാ രീതികൾ. അവയിൽ ഒരുപക്ഷേ സർവസാധാരണമായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ് ഇൻ വിട്രോ ഫെർട്ടിലൈസേഷൻ അഥവാ ഐ.വി.എഫ്. അണ്ഡവും ബീജവും തമ്മിൽ ലബോറട്ടറിയിൽ സംയോജിപ്പിച്ച് അങ്ങിനെ ഉണ്ടാകുന്ന ഭൂണങ്ങളെ അവ അതിജീവന ക്ഷമമാണെന്ന് ഉറപ്പുവരുത്തിയതിനുശേഷം സ്ത്രീയുടെ ഗ്രഭപാത്രത്തിൽ തിരിച്ച് ‘നടുന്ന’ (ഇമ്പ്ലാന്റ്) പ്രക്രിയയാണ് ഇത്. ഇതിനുവേണ്ടി സ്ത്രീയുടെ അണ്ഡകോശങ്ങളും ബീജദാതാവിന്റെ – കൂടുതൽ കേസുകളിലും ഇത് അവരുടെ പങ്കാളി തന്നെ ആയിരിക്കും- ബീജവും ലബോറട്ടറിയിൽ സംഭരിക്കേണ്ടതുണ്ട്. അതിനുശേഷം അവ തമ്മിൽ സംയോജിപ്പിച്ച് ഒരു നിശ്ചിത സംഖ്യ ഭ്രൂണങ്ങളെ വളർത്തിയെടുത്താലേ അവയിൽ ഒന്നോ രണ്ടോ എങ്കിലും ഗർഭപാത്രത്തിൽ ഇമ്പ്ലാന്റ് ചെയ്യാൻപറ്റുന്നവയായിരിക്കുകയുള്ള. കുറെ ദിവസങ്ങൾ- ആഴ്ചകളോളം- ഈ ഭ്രൂണങ്ങളെ ലബോറട്ടറിയിൽ വളർത്തിയതിനുശേഷം ഏറ്റവും യുക്തമെന്നു തോന്നുന്ന ഒന്നോ രണ്ടോ മാത്രം ഇമ്പ്ലാന്റ് ചെയ്യുകയും ബാക്കി ഉള്ളവ ഉപേക്ഷിക്കുകയുമാണ് പതിവ്.

എന്നാൽ ഈ രീതി തുടർന്നുകൊണ്ടുപോകാൻ സാധിക്കാത്ത നിലയിലേക്ക് അലബാമ സംസ്ഥാനത്തിലെ വന്ധ്യതാചികിത്സാകേന്ദ്രങ്ങൾ എത്തിയിരിക്കുന്നു. അവിടെ അവരുടെ നിയമനിർമ്മാണ സഭ ഈയിടെ പാസ്സാക്കിയ പുതിയ നിയമം അനുസരിച്ച് ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള ഭ്രൂണങ്ങളെയും ശിശുക്കളായി കണക്കാക്കേണ്ടതാണ്. അങ്ങിനെ വരുമ്പോൾ ഈ കേന്ദ്രങ്ങളിൽ നിന്ന് ഉപേക്ഷിക്കപ്പെടുന്ന ഭ്രൂണങ്ങളെ പ്രതി ഗവണ്മെന്റിനു കേസ് എടുക്കുകയും ഡോക്റ്റർമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും നരഹത്യ തുടങ്ങിയ ചാർജുകൾ ചാർത്തി അറെസ്റ്റ് ചെയ്യാനും വിചാരണ ചെയ്യാനും സാധിക്കും. നിയമനിർമ്മാണസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് ജഡ്ജിമാർക്കും ശിക്ഷിക്കാതിരിക്കാൻ ആവില്ല. ഈയൊരു സാധ്യത മുന്നിൽ കണ്ടുകൊണ്ട് ഈ ചികിത്സാരീതിയേ ഉപേക്ഷിക്കുകയാണു നല്ലത് എന്ന് ആരോഗ്യപ്രവർത്തകരും ചികിത്സാകേന്ദ്രങ്ങളും തീരുമാനിച്ചിരിക്കുകയാണ്. അവരെ കുറ്റം പറയാൻ സാധിക്കില്ല.

അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളുടെ സാംസ്കാരിക പാരമ്പര്യം മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാണ്. ചരിത്രപരമായി അടിമവ്യവസ്ഥ ഏറ്റവും ശക്തമായി നിലനിന്നിരുന്ന പ്രദേശമാണ് അത്. പരുത്തി പ്ലാന്റേഷനുകളിലും മറ്റും ജോലിയെടുക്കാൻ ഏകദേശം അഞ്ഞൂറുവർഷം മുൻപു മുതൽ ആഫ്രിക്കയിൽനിന്നും ബലമായി പിടിച്ചുകൊണ്ടുവന്നിരുന്ന ആഫ്രിക്കൻ അമേരിക്കൻ വംശജരായിരുന്നു ഈ അടിമകൾ. അടിമവിമോചനത്തിനായി പത്തൊൻപതാം നൂറ്റാണ്ടിൽ പ്രെസിഡെന്റ് ഏബ്രഹാം ലിങ്കൺ നിയമം കൊണ്ടുവന്നപ്പോൾ തെക്കൻ സംസ്ഥാനങ്ങൾ യൂണിയനിൽ നിന്ന് വേറിട്ടുപോകുകയും ‘കോൺഫെഡരേറ്റ് നാടുകൾ’ എന്ന പേരിൽ വ്യത്യസ്ത രാജ്യമായി നിലനിൽക്കുവാൻ ശ്രമിക്കുകയും ചെയ്തു. അമേരിക്കൻ ആഭ്യന്തരയുദ്ധം എന്നറിയപ്പെടുന്ന നീണ്ട യുദ്ധത്തിനൊടുവിലാണ് പ്രസ്തുത സംസ്ഥാനങ്ങൾ കീഴടങ്ങുകയും അടിമവിമോചനം അംഗീകരിച്ച് യൂണിയനിൽ തിരികെ പ്രവേശിക്കുകയും ചെയ്തത്. നിയമപരമായി അടിമവ്യവസ്ഥ നിരോധിച്ചെങ്കിലും ആഫ്രിക്കൻ വംശജർക്കെതിരെ പൗരാവകാശ നിഷേധങ്ങൾ ഒരു നൂറ്റാണ്ടോളം തുടർന്നുകൊണ്ടിരുന്നു. അവർക്ക് പൊതുസ്ഥലങ്ങളിലും പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കുന്നതിലും മറ്റും വിലക്കൂണ്ടായിരുന്നു. ഇതിനെതിരായ ഐതിഹാസികമായ ചെറുത്തുനില്പാണ് ‘സിവിൽ റൈറ്റ്സ് മൂവ്മെന്റ്’ എന്നറിയപ്പെടുന്നത്. ഡോ. മാർട്ടിൻ ലൂഥർ കിംഗിന്റെ നേതൃത്വവും ഇതിൽ പ്രധാന പങ്കു വഹിച്ചിരുന്നു.

അങ്ങിനെ യാഥാസ്ഥിതികമൂല്യങ്ങളെ മുറുകെ പിടിക്കുന്ന പല സംസ്ഥാനങ്ങളും അമേരിക്കയുടെ ഭാഗമാണ്. ആ ചിന്താഗതിയുടെ മറ്റൊരു ബഹിർസ്പുരണമാണ് ‘പ്രോ ലൈഫ്’ അഥവാ ‘ജീവനുവേണ്ടി’ എന്നറിയപ്പെടുന്ന പ്രസ്ഥാനം. ഗർഭസ്ഥശിശു ഒരു പ്രത്യേക വ്യക്തിത്വം ആണെന്നും അതുകൊണ്ട് ഗർഭച്ഛിദ്രം നിയമം മൂലം നിരോധിക്കണം എന്നുമാണ് ഈ പ്രസ്ഥാനത്തിന്റെ പ്രയോക്താക്കളുടെ ആവശ്യം. ഇവരിൽ ഒരു വലിയ പങ്ക് ആളുകളുടെയും പ്രചോദനം മതചിന്തയിൽ നിന്ന് ഉളവാകുന്നതാണ്. എന്നാൽ ഇതിനെതിരായി ഗർഭം തുടരണമോ എന്നത് ഗർഭിണിയായ സ്ത്രീയുടെ മാത്രം തീരുമാനം ആയിരിക്കണം എന്നും ഇതിൽ മറ്റുള്ളവരോ സ്റ്റേറ്റോ ഇടപെടരുത് എന്നും വാദിക്കുന്നവർ ‘പ്രോ- ചോയിസ്’ ( സ്ത്രീയുടെ അവകാശത്തിനുവേണ്ടി) എന്ന പേരിൽ അറിയപ്പെടുന്നു. ഫെമിനിസ്റ്റ് ഗ്രൂപ്പുകളും പുരോഗമന ആശയങ്ങൾ പിന്തുടരുന്നവരുമാണ് ഇവരിൽ പലരും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഈ രണ്ടുകൂട്ടരും തമ്മിൽ കോടതികളിൽ ഏറ്റുമുട്ടുക സർവസാധാരണമാണ്. അമേരിക്കയിലെ നിയമവ്യവസ്ഥയിൽ ഓരോ സംസ്ഥാനത്തിനും പ്രത്യേകം ഭരണഘടനയും സുപ്രീം കോടതിയും ഉണ്ട്. പക്ഷേ പൊതുവായ കാര്യങ്ങളിലും നിയമത്തെ വ്യാഖ്യാനിക്കുന്നതിലും രാജ്യത്തിന്റെ സുപ്രീം കോടതിയാണ് അവസാനവാക്ക്. കുറെ വർഷങ്ങൾക്ക് മുൻപ് അമേരിക്കൻ സുപ്രീം കോടതിയുടെ പ്രസിദ്ധമായ ഒരു വിധി അനുസരിച്ച് ഗർഭച്ഛിദ്രം നടത്താനുള്ള അവകാശം സ്ത്രീക്ക് നിഷേധിക്കുവാൻ സംസ്ഥാനങ്ങളിലെ നിയമനിർമ്മാണത്തിനു കഴിയില്ല. ചരിത്രപ്രാധാന്യമുള്ള ഈ വിധിയെ ‘റോ വി വേഡ്’ എന്ന കേസുമായി ബന്ധപ്പെടുത്തിയാണ് ഓർമ്മിക്കാറ്.

പ്രോ ലൈഫ് പക്ഷക്കാരുടെ പ്രകടനത്തിൽ നിന്ന്

എന്നാൽ അടുത്തകാലത്ത് അമേരിക്കൻ സുപ്രീം കോടതിയുടെ സ്വഭാവം മാറി. അമേരിക്കയിൽ സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്നത് പ്രെസിഡെന്റാണ്, നിയമനത്തിനു ഉച്ചനിയമനിർമ്മാണ സഭയായ സെനറ്റിന്റെ അംഗീകാരം വേണമെന്നേ ഉള്ളൂ. ഒരിക്കൽ നിയമിച്ചുകഴിഞ്ഞാൽ അമേരിക്കൻ നിയമം അനുസരിച്ച് സുപ്രീം കോടതി ജഡ്ജിക്ക് വിരമിക്കൽ പ്രായം ഇല്ല. സ്വയം വിരമിക്കുകയോ മരിച്ചുപോക്കുകയോ ചെയ്യുമ്പോഴാണ് സുപ്രീം കോടതി ജഡ്ജിമാരുടെ അധികാരകാലം അവസാനിക്കുന്നത്. അങ്ങിനെ ഒഴിവുവരുമ്പോൾ അപ്പോൾ പ്രെസിഡന്റായിരിക്കുന്ന ആൾക്ക് പുതിയ ഒരു ജഡ്ജിയെ നിയമിക്കാൻ അവസരം കിട്ടുന്നു. ഇതിനു കൃത്യമായ സമയപരിധി ഒന്നുമില്ലാത്തതിനാൽ ചില പ്രെസിഡെന്റുമാർക്ക് കൂടുതൽ ജഡ്ജിമാരെ നിയമിക്കാൻ അവസരം ലഭിക്കും. പ്രെസിഡെന്റിന്റെ രാഷ്ട്രീയ കാഴ്ചപ്പാട് ജഡ്ജി നിയമനത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു എന്നു പറയേണ്ടതില്ലല്ലോ. യാഥാസ്ഥിതികരായ പ്രെസിഡെന്റുമാർ അവരെപ്പോലെ ചിന്തിക്കുന്ന നിയമജ്ഞരെ ജഡ്ജിമാരായി നിയമിക്കാനുള്ള സാദ്ധ്യത കൂടുതലാണ്.

പ്രോ ചോയിസ് പക്ഷക്കാരുടെ പ്രതിഷേധപ്രകടനം

ഇപ്പോഴത്തെ അമേരിക്കൻ സുപ്രീം കോടതി ജഡ്ജിമാരായ ഒൻപതുപേരിൽ ആറുപേരും കൂടിയും കുറഞ്ഞും യാഥാസ്ഥിതികചിന്ത ഉൾക്കൊള്ളുന്നവരാണ്.  2016 മുതൽ 2020 വരെ പ്രസിഡെന്റായിരുന്ന ഡോണാൾഡ് ട്രമ്പിന്റെ കാലത്ത് അദ്ദേഹം പ്രത്യേകതാല്പര്യം എടുത്ത് യാഥാസ്ഥിതികരെ സുപ്രീം കോടതിയിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് ഈ സ്ഥിതി ഉണ്ടായത്. മൂന്നു ജഡ്ജിമാരെ നിയമിക്കാനുള്ള അവസരം ഈ നാലുവർഷത്തിനകം പ്രെസിഡെന്റ് ട്രമ്പിനു ലഭിച്ചു; അതദ്ദേഹം ശരിക്ക് ഉപയോഗിക്കുകയും ചെയ്തു. ഗർഭച്ഛിദ്രത്തിനു എതിരായി പ്രവർത്തിക്കുന്ന ലോബിയും വെറുതെയിരുന്നില്ല; ഈ അവസരം മുതലെടുത്ത് അവർ റോ വി വേഡ് എന്ന പ്രശസ്തമായ മുൻ ജഡ്ജ്മെന്റിനെതിരെ കേസു കൊടുത്തു. പ്രതീക്ഷിച്ചതുപോലെ സുപ്രീം കോടതി ഗർഭച്ഛിദ്രം സ്ത്രീയുടെ മൗലികാവകാശമാണെന്ന സുപ്രീം കോടതിയുടെ തന്നെ മുൻ തീരുമാനം റദ്ദാക്കുകയും, ഓരോ സംസ്ഥാനത്തിനും ഈ കാര്യത്തിൽ സ്വയം നിയമനിർമ്മാണം നടത്താം എന്ന് റൂളിംഗ് കൊണ്ടുവരികയും ചെയ്തു. (രസകരമായ ഒരു കാര്യം, റോ വി വേഡ് എന്ന പ്രശസ്ത ജഡ്ജ്മെൻ്റ് നടത്തിയ സുപ്രീം കോടതിയും യാഥാസ്ഥിതികർക്ക് ഭൂരിപക്ഷമുള്ള ഒരു കോടതിയായിരുന്നു.

അമേരിക്കയിലെ തീവ്ര യാഥാസ്ഥിതിക കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഈ അവസരം ശരിക്ക് മുതലെടുത്തു. ഗർഭച്ഛിദ്രം നിരോധിക്കുന്ന നിയമങ്ങൾ മിക്കയിടങ്ങളിലും പാസ്സായി. അബോർഷൻ ക്ലിനിക്കുകൾ അടച്ചുപൂട്ടി. ചിലയിടങ്ങളിൽ ആരോഗ്യപ്രവർത്തകർക്കു നേരെ അക്രമവും വെടിവെപ്പും നടന്നു. ബലാൽസംഗത്തിനിരയായി ഗർഭം ധരിച്ചവർ, മാനസികനില തെറ്റിയവർ, പ്രായപൂർത്തി ആകാത്ത കുട്ടികൾ എന്നിങ്ങനെയുള്ളവർക്കുപോലും ഇളവുകൾ നിഷേധിക്കപ്പെട്ടു. ഗർഭച്ഛിദ്രം നടത്താൻ തയാറാകുന്ന ആരോഗ്യ പ്രവർത്തകർക്കെതിരെ ക്രിമിനൽ നടപടികൾക്കുപോലും പല സംസ്ഥാനങ്ങളും മുതിർന്നു. യഥാർത്ഥത്തിൽ സ്ത്രീയുടെ അവകാശങ്ങൾക്കുനേരെയുള്ള ഒരു കടന്നുകയറ്റമായിരുന്നു അത്.

ഇപ്പോഴും ഗർഭച്ഛിദ്രം നിയമവിധേയമായ സംസ്ഥാനങ്ങൾ അമേരിക്കയിൽ ഉണ്ട്. അവ അബോർഷൻ സേവനങ്ങൾ നടത്തിക്കൊടുക്കുന്നുമുണ്ട്. എങ്കിലും മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്ന സ്ത്രീകൾക്ക് പലപ്പോഴും വളരെദൂരം യാത്രചെയ്യേണ്ട അവസ്ഥ വരുന്നു. ഇത് ഏറ്റവും ബാധിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, ആഫ്രിക്കൻ അമേരിക്കൻ ജനത എന്നിവരെയൊക്കെയാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഈ സാഹചര്യം തുടരുന്നതിനിടയിലാണ് അലബാമ സംസ്ഥാനം ഏതാനും ആഴ്ചകൾ മാത്രം പ്രായമായ ഭ്രൂണങ്ങൾക്കും കുഞ്ഞുങ്ങളുടെ എല്ലാ അവകാശവും ഉണ്ടെന്ന നിയമം പാസ്സാക്കിയത്. ഇതുമൂലം വന്ധ്യതാ ചികിത്സയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ നിയമത്തിന്റെ ഉപജ്ഞാതാക്കളും മുൻകൂട്ടി ചിന്തിച്ചു എന്നു തോന്നുന്നില്ല. ടെക്നോളജിയിൽ അഭിരമിക്കുമ്പോഴും അതിനു ആധാരമായ ശാസ്ത്രത്തെക്കുറിച്ച് വലിയ ബോധം ഈ നിയമനിർമ്മാണ വിദഗ്ദ്ധർക്ക് ഉണ്ടായിരുന്നില്ല എന്നു വേണം അനുമാനിക്കാൻ. ഈ നിയമം കൊണ്ട് ഇൻ വിട്രോ ഫെർട്ടിലൈസേഷൻ നടത്താനുള്ള അവസരങ്ങളും ഈ സംസ്ഥാനത്തെ ജനങ്ങൾക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. നിയമനിർമ്മാണം നടത്തിയവർ മുൻകൂട്ടി കാണാതിരുന്ന ഒരു കാര്യമാണ് ഇത്.

ഈ അവസരത്തിൽ നമ്മുടെ നാട്ടിലെ സ്ഥിതിയും അവലോകനം ചെയ്യുന്നത് നന്നായിരിക്കും. ഇന്ത്യയിൽ ഗർഭച്ഛിദ്രം നിയമവിധേയമാണ്. 1972ലെ എം ടി പി (മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി- വൈദ്യ ഇടപെടൽ മൂലമുള്ള ഗർഭധാരണം അവസാനിപ്പിക്കൽ) ആക്റ്റ് പ്രകാരം പരിശീലനം ലഭിച്ച ഒരു ഡോക്ടർക്ക് ഒരു സ്ത്രീയുടെ ആവശ്യപ്രകാരം ഗർഭം അവസാനിപ്പിക്കൽ നടത്താൻ സാധിക്കും. അതിനു ചില പരിധികൾ നിശ്ചയിച്ചിട്ടുണ്ടെന്നു മാത്രം. വളരെ പുരോഗമനപരമായതും സ്ത്രീസൗഹൃദപരവുമായ ഈ നിയമം പക്ഷെ നടപ്പിലാക്കുന്നത് പലപ്പോഴും തികച്ചും സ്ത്രീവിരുദ്ധമായ രീതിയിൽ ആണെന്ന് പഠനങ്ങളും അനുഭവവും സൂചിപ്പിക്കുന്നു. ഭർത്താവിന്റെയോ പങ്കാളിയുടെയോ സമ്മതം നിയമം അനുശാസിക്കുന്നില്ല; എങ്കിൽ പോലും പല വലിയ ആശുപത്രികളിലും ആരോഗ്യപ്രവർത്തകർ ഭർത്താവിന്റെ സമ്മതം വേണം എന്നു പറഞ്ഞ് ഈ സേവനം നിഷേധിക്കാറുണ്ട്. (ചിലയിടങ്ങളിലെങ്കിലും ഈ ആവശ്യത്തിനായി വാടകക്ക് താത്കാലിക ഭർത്താക്കന്മാരെ കിട്ടുന്ന അവസ്ഥയും ഉണ്ട്). പലയിടങ്ങളിലും ഒരു സേവനം എന്ന നിലയിൽ ഇത് ആവശ്യപ്പെട്ട് വരുന്ന സ്ത്രീകളെ പിന്തിരിപ്പിക്കാനും, പലപ്പോഴും അപമാനിക്കാനും ശ്രമിക്കാറുണ്ടെന്നത് പരസ്യമാണ്. ഇത് ഒരവകാശമായി വകവെച്ചുകൊടുക്കുന്നത് ഒരു പാട്രിയാർക്കൽ സമൂഹത്തിൽ എന്തോ വലിയ മോശം കാര്യമെന്നതുപോലെ കണക്കാക്കപ്പെടുന്നു. ഈ യത്നത്തിൽ ആരോഗ്യപ്രവർത്തകരായ സ്ത്രീകളും- ഡോക്ടർമാർ, നഴ്സുമാർ എന്നിവരുൾപ്പടെ- ഭാഗഭാക്കാണ് എന്നതാണ് വസ്തുത. ഇതിനൊക്കെ അപ്പുറം നമ്മുടെ പല മെഡിക്കൽ കോളജുകളിലും ഗൈനക്കോളജിയിൽ ഉപരിപഠനം നടത്തുന്ന ഡോക്ടർമാർക്കുപോലും ഈ കാര്യത്തിൽ പരിശീലനം കിട്ടുന്നില്ല എന്നത് ദു:ഖകരമായ ഒരവസ്ഥയാണ്. സ്വകാര്യമെഡിക്കൽ കോളജുകളുടെ ആവിർഭാവത്തോടുകൂടി മതമൂല്യങ്ങൾ മെഡിക്കൽ പരിശീലനത്തിലും കടന്നുവരുന്നതിന്റെ ഒരു ഉദാഹരണമാണ് ഇത്.

ഇതോടൊപ്പം ചേർത്തു വായിക്കേണ്ട ഒന്നുണ്ട്. പല രാജ്യങ്ങളിലും ചെറുപ്പക്കാർക്കിടയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാഴ്ച്ചപ്പാടുകളിലെ വളർന്നുവരുന്ന വിടവ് ആണിത്. അമേരിക്ക, യൂറോപ്പ്, കൊറിയ, ജപ്പാൻ തുടങ്ങി പല സമൂഹങ്ങളിലും ചെറുപ്പക്കാരായ സ്ത്രീകൾ യുവാക്കളെ അപേക്ഷിച്ച് കൂടുതൽ പുരോഗമനവാദികളും സമത്വവാദികളും ആണ് എന്ന് സർവേകൾ സുചിപ്പിക്കുന്നുണ്ട്. ചെറുപ്പക്കാരായ ആണുങ്ങൾ ആകട്ടെ വളരെയധികം യാഥാസ്ഥിതികമൂല്യങ്ങൾ ഉൾക്കൊള്ളുന്നവരാണ്. ഇതിനു കാരണം ആണുങ്ങൾ പഴയ അഭിപ്രായങ്ങളിൽ ഉറച്ചുനിൽക്കുകയും, സ്ത്രീകൾ കൂടുതൽ കൂടുതൽ ഉല്പത്ഷ്ണുക്കൾ ആകുകയും ചെയ്യുന്നതുകൊണ്ടാണെന്ന് അനുമാനിക്കപ്പെട്ടിരിക്കുന്നു. ഇതിൽ അദ്ഭുതമില്ലല്ലോ. നഷ്ടപ്പെടുവാൻ പ്രിവിലെജുകൾ ഉള്ളവർ എപ്പോഴും യാഥസ്ഥിതികരായിരിക്കും; എന്നാൽ കാലങ്ങളായി അടിച്ചമർത്തൽ അനുഭവിക്കുന്നവർ കൂടുതൽ സമത്വമുള്ള ഒരു സമൂഹം ആഗ്രഹിക്കുന്നവരായിരിക്കും. ഇന്ത്യയിലും വിദ്യാഭ്യാസം ലഭിച്ച ചെറുപ്പക്കാർക്കിടയിൽ സ്ഥിതി വ്യതസ്തമായിരിക്കാൻ സാധ്യതയില്ല. ഈ വിടവ് സമൂഹത്തിൽ വലിയ സംഘർഷത്തിനു വഴിവെക്കുന്നുണ്ട്.

ആരോഗ്യനയങ്ങൾ ശാസ്ത്രവസ്തുതകളുടെ അടിസ്ഥാനത്തിൽ നിർമ്മിക്കപ്പെടേണ്ടവയാണ് എന്നാണു നാമെല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും വികസിതം എന്നു നമ്മൾ കരുതുന്ന സമൂഹങ്ങളിൽ പോലും മതവും യാഥാസ്ഥിതികത്വവും ആരോഗ്യ നയരൂപീകരണത്തിൽ കടന്നുകയറ്റം നടത്തുന്നതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണ് ഇത്. പലപ്പോഴും ഇത്തരം കടന്നുകയറ്റങ്ങളുടെ ഇരകൾ സ്ത്രീകളായിരിക്കും എന്നതും പ്രസ്താവ്യമാണ്. മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന എല്ലാവരെയും ചിന്തിപ്പിക്കേണ്ട ഒരു വിഷയമാണിത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
50 %
Surprise
Surprise
0 %

Leave a Reply

Previous post എന്തിനാലുണ്ടായി എല്ലാമെല്ലാം ? – മൂലകങ്ങളുടെ ഉത്ഭവം – LUCA TALK
Next post മാര്‍ച്ച് 20/21- യഥാര്‍ത്ഥ വിഷു
Close