Read Time:22 Minute

വാനനിരീക്ഷണം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വാനനിരീക്ഷണം നടത്തുന്നവര്‍ക്കും എന്തുകൊണ്ടും നല്ല മാസമാണ് ജനുവരി. ഏതൊരാള്‍ക്കും പ്രയാസംകൂടാതെ കണ്ടെത്താന്‍ കഴിയുന്ന നക്ഷത്രസമൂഹങ്ങളില്‍ പ്രധാനിയായ വേട്ടക്കാരനെ (Orion) ജനുവരി സന്ധ്യകാശത്ത് ദര്‍ശിക്കാനാകും. കാസിയോപ്പിയ, ഭാദ്രപഥം, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രഗണങ്ങളും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെയുള്ള പ്രഭയേറിയ നക്ഷത്രങ്ങളും ജനുവരിയുടെ താരങ്ങളാണ്.

പ്രധാന നക്ഷത്രങ്ങളും നക്ഷത്രഗണങ്ങളും

രാശികൾ

സന്ധ്യാകാശത്ത് ജനുവരിയിൽ നിരീക്ഷണം നടത്തുന്നവര്‍ക്ക് ക്രാന്തിപഥത്തിന് (ecliptic) ഇരുവശത്തുമായി പടിഞ്ഞാറുനിന്നും യഥാക്രമം കുംഭം, മീനം, മേടം, ഇടവം, മുഥുനം, കർക്കിടകം എന്നീ രാശികളെ നിരീക്ഷിക്കാൻ സാധിക്കും. നേർ കിഴക്കുപടിഞ്ഞാറായല്ല, മറിച്ച് അല്പം തെക്കുപടിഞ്ഞാറുനിന്നും അല്പം വടക്കുകിഴക്കായാണ് ക്രാന്തിപഥം കാണപ്പെടുക. ഇവിടെ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ രാശികളെ തിരിച്ചറിയാവുന്നതാണ്.

ക്രാന്തി പഥം

ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം (ecliptic). 18° വീതിയിൽ ക്രാന്തി പഥത്തിനിരുവശത്തുമായി ഭൂമിക്കു ചുറ്റുമുള്ള സാങ്കല്പിക വൃത്തമാണ് രാശിചക്രം (Zodiac). രാശിചക്രത്തിലെ നക്ഷങ്ങളെ 12 നക്ഷത്രഗണങ്ങളാക്കി വിഭജിച്ചിട്ടുണ്ട്. ഇവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള സൗരരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും രാത്രിയില്‍ ഒരേ സമയത്ത് നിരീക്ഷിക്കാനാകും.

കുംഭം (Aquarius).

കുടമേന്തിയ ആളിന്റെ ആകൃതി സങ്കല്പിച്ചിട്ടുള്ള നക്ഷത്രഗണമാണ് കുംഭം (Aquarius). സാമാന്യം വലിപ്പമുള്ളതാണെങ്കിലും ശ്രദ്ധേയമായ നക്ഷത്രങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതാണ് കുംഭം രാശി. സന്ധ്യയ്ക്ക് നോക്കുമ്പോൾ തെക്കുപടിഞ്ഞാറെ ചക്രവാളത്തിൽനിന്നും ആരംഭിച്ച് ഏകദേശം 25°-30° വരെ മുകളിലായി കുംഭംരാശിയെ കാണാം.

മീനം (Pisces)

പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ചക്രവാളത്തിൽ നിന്നും 40° മുകളിലായി ആരംഭിച്ച് ഏകദേശം ശീ‍ർഷബിന്ദു വരെ മീനം രാശി (Pisces) വ്യാപിച്ചു കിടക്കുന്നതായി ഈ മാസം കാണാം. പ്രഭയേറിയ നക്ഷത്രങ്ങളൊന്നും ഈ രാശിയിലില്ല. ഈ രാശിയിലെ നക്ഷത്രഗണത്തിന് മീനുകളുടെ ആകൃതി സങ്കല്പിച്ചിരിക്കുന്നു.

ഒരു സ്ഥലത്തിന് നേർമുകളിലായി (ഭൂഗുരുത്വബലത്തിന് വിപരീതമായ ദിശ) ഖഗോളത്തിൽ വരുന്ന സാങ്കൽപ്പിക ബിന്ദുവാണ് ശീർഷബിന്ദു അഥവാ ഉച്ചബിന്ദു (zenith). ശീർഷബിന്ദുവിന് വിപരീത ദിശയിലുള്ള ബിന്ദുവിനെ നീചബിന്ദു (Nadir) എന്നു വിളിക്കുന്നു.

മേടം (Aries)

ശീർഷബിന്ദുവിൽ നിന്നും 10°-20° വടക്കുപടിഞ്ഞാറു മാറി മേടം രാശിയെ (Aries) നിരീക്ഷിക്കാം. നീണ്ടുമെലിഞ്ഞ ഒരു ത്രികോണം പോലെയുള്ള ഈ നക്ഷത്രഗണത്തിന് ആടിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്നു. മേടം രാശിയിലെ പ്രധാന നക്ഷത്രം ഹമാൽ (Hamal) ആണ്. തിളക്കം കുറഞ്ഞ മറ്റുരണ്ടു നക്ഷത്രങ്ങളെയും തിരിച്ചറിയാൻ സാധിക്കും. ഈ മൂന്ന് നക്ഷത്രങ്ങളും ചേര്‍ന്ന് അശ്വതി എന്ന ചാന്ദ്രഗണം രൂപപ്പെടുന്നു.

ഇടവം (Taurus)

വേഗത്തിൽ തിരിച്ചറിയാൻ കഴിയുന്ന സൗരരാശിയാണ് ഇടവം (Taurus). ജനുവരിയിൽ സന്ധ്യയ്ക്ക് ശീർഷബിന്ദുവിൽ നിന്നും ഏകദേശം 20° മുതൽ 40° വരെ വടക്കുകിഴക്കുമാറി ഇടവം രാശി കാണപ്പെടും. ഇടവം രാശിയിലെ ഏറ്റവും തിളക്കമുള്ള ചുവന്ന നക്ഷത്രമാണ് ബ്രഹ്മർഷി (Aldebaran). ഇതിൽ Λ എന്ന ആകൃതിയില്‍ കാണുന്നത് രോഹിണി എന്ന ചാന്ദ്രഗണമാണ്. രോഹിണിയും അതിനു താഴെ (കിഴക്കു ദിശയിൽ അല്പം വടക്കുമാറി)കാണുന്ന തിളക്കമുള്ള രണ്ട് നക്ഷത്രങ്ങളും ചേര്‍ന്നതാണ് ഇടവം രാശി.

മിഥുനം (Gemini)

കിഴക്ക്-വടക്കുകിഴക്കെ ചക്രവാളത്തിൽനിന്നും ഏകദേശം 20° മുതൽ 40° മുകളിലായി മിധുനം രാശിയെ കാണാം. വാനനിരീക്ഷകർക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന ശബരൻ (Orion) നക്ഷത്രഗണത്തിന്റെ വടക്കുകിഴക്കായണ് മിഥുനത്തിന്റെ സ്ഥാനം. കാസ്റ്റർ, പോളക്സ് എന്നിവയാണ് പ്രധാന നക്ഷത്രങ്ങൾ. ഇരട്ടകളുടെയോ യുവ മിഥുനങ്ങളുടെയോ ആകൃതി സങ്കല്പിച്ചിരിക്കുന്നു.

കര്‍ക്കിടകം (Cancer)

കിഴക്കേ്-വടക്കുകിഴക്കെ ചക്രവാളത്തോടു ചേര്‍ന്ന് 10° വരെ മുകളിലായാണ് ഈ മാസം കര്‍ക്കിടകം (Cancer) രാശിയുടെ സ്ഥാനം. പൂര്‍ണ്ണമായും ഉദിച്ചുയരാൻ എട്ടുമണിയാകും. തെളിഞ്ഞ നക്ഷത്രങ്ങളൊന്നും തന്നെ ഈ രാശിയിൽ ഇല്ല. മിഥുനത്തിനു നേരെ താഴെയായാണ് സ്ഥാനം. ഞണ്ടിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്ന നക്ഷത്രരാശിയാണ് കർക്കിടകം.


മറ്റു പ്രധാന നക്ഷത്രഗണങ്ങള്‍

Orion the hunter.jpg

ശബരൻ എന്ന വേട്ടക്കാരന്‍ (Orion the hunter)

സൗരരാശികള്‍ കഴിഞ്ഞാല്‍ ജനുവരിയിൽ സന്ധ്യാകാശത്ത് നിരീക്ഷിക്കാന്‍ കഴിയുന്ന പ്രധാനപ്പെട്ട നക്ഷത്ര സമൂഹമാണ് വേട്ടക്കാരന്‍ (Orion). ഈ മാസം സന്ധ്യയ്ക്ക് ഇതിനെ കിഴക്കെ ആകാശത്തിന്റെ മദ്ധ്യഭാഗത്തായി കാണാം. ഖഗോള മദ്ധ്യ രേഖയില്‍ സ്ഥിതി ചെയ്യുന്ന ഈ ഗണത്തിന്റെ രൂപം ബാബിലോണിയൻ – ഗ്രീക്ക് സങ്കല്പമനുസരിച്ച് ഒരു വേട്ടക്കാരന്റേതാണ് (Orion the Hunter). വടക്കോട്ടാണ് അയാളുടെ തല (നമ്മുടെ മകീര്യം അഥവാ മൃഗശീർഷം എന്ന ചാന്ദ്രഗണം). കിഴക്കെ തോളിലെ ചുവന്ന താരം തിരുവാതിരയും (Betelgeuse) പടിഞ്ഞാറേ തോളിലേത് ബെല്ലാട്രിക്സ് (Bellatrix) നക്ഷത്രവുമാണ്. തെക്കായുള്ള രണ്ട് കാൽപാദങ്ങളിൽ പടിഞ്ഞാറെ വശത്തുള്ളത് റീഗൽ (Rigel) നക്ഷത്രമാണ്. സൂര്യന്റെ അമ്പതിനായിരം ഇരട്ടിയോളം പ്രകാശം പൊഴിക്കുന്ന ഈ നക്ഷത്രം 830 പ്രകാശവർഷം അകലെയാണ്. വലത് കാല്പാദത്തിലുള്ളത് സെയ്ഫ് (Saiph) നക്ഷത്രം. വേട്ടക്കാരന്റെ മധ്യഭാഗത്തായി ഒരേ ശോഭയുള്ള മൂന്നു നക്ഷത്രങ്ങൾ ഒറ്റവരിയായി നിൽക്കുന്നത് വേട്ടക്കാരന്റെ അരയിലെ ബെൽറ്റായി സങ്കല്പിച്ചിരിക്കുന്നു. ബെൽറ്റിലെ മധ്യതാരത്തിൽ നിന്ന് തെക്കോട്ട് ഏതാനും മങ്ങിയ നക്ഷത്രങ്ങൾ വരിയായി നിൽക്കുന്നത് ബെൽറ്റിൽ നിന്നു തൂക്കിയിട്ട വാളായി സങ്കല്പിച്ചിരിക്കുന്നു. പുതുനക്ഷത്രങ്ങള്‍ പിറവിയെടുക്കുന്ന ഒരു നെബുല വാളിന്റെ ഭാഗത്തുണ്ട്.

 

ഓറിയോണ്‍ – ഒരു വഴികാട്ടി

വേട്ടക്കാരന്റെ വാളും ബെൽറ്റിലെ മധ്യ നക്ഷത്രവും തലയും ചേർത്ത് വരച്ചാൽ ശരിയായ തെക്കു വടക്കു ദിശ കിട്ടും.മറ്റു നക്ഷത്രഗണങ്ങളെ കണ്ടെത്താനുള്ള ഒരു വഴികാട്ടിയായും വേട്ടക്കാരനെ ഉപയോഗപ്പെടുത്താം. വേട്ടക്കാരന്റെ ബൽറ്റിലെ നക്ഷത്രങ്ങളുടെ നിരയിൽ കൂടി ഒരു രേഖ സങ്കല്പിച്ചു് വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീട്ടിയാൽ അത് രോഹിണിയിലെ ചുവന്ന നക്ഷത്രത്തിലെത്തും. ഇതേ രേഖ തെക്കുകിഴക്ക് ദിശയിൽ നീട്ടിയാൽ സിറിയസ് എന്ന നക്ഷത്രത്തിലെത്തും.

കാര്‍ത്തിക

വേട്ടക്കാരന്റെ ബെല്‍റ്റ്, രോഹിണി എന്നിവ യോജിപ്പിച്ച് സങ്കല്‍പ്പിക്കുന്ന രേഖ വടക്ക് പടിഞ്ഞാറ് ദിശയില്‍ നീട്ടിയാല്‍ മുന്തിരിക്കുലപോലെയുള്ള നക്ഷത്രങ്ങളുടെ ഒരുകൂട്ടം കാണാം. ഏഴോ എട്ടോ നക്ഷത്രങ്ങളെ ഇതില്‍ കാണാന്‍ കഴിഞ്ഞേക്കും. ഈ നക്ഷത്രക്കൂട്ടമാണ് കാര്‍ത്തിക (Pleiades). ജനുവരിമാസം ശീർഷബിന്ദുവിൽ നിന്നും ഏകദേശം 20° വടക്കുകിഴക്കായാണ് കാർത്തികയുടെ സ്ഥാനം.

ബൃഹത്ശ്വാനന്‍ (Canis Major)

സൂര്യന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രഭയോടെ കാണപ്പെടുന്ന നക്ഷത്രമായ സിറിയസ് ഉള്‍പ്പെടുന്ന നക്ഷത്രസമൂഹമാണ് ബൃഹത്ശ്വാനന്‍ (Canis Major). വേട്ടക്കാരന് തെക്ക് കിഴക്കായി കാണുന്ന തിളക്കമേറിയ നക്ഷത്രമാണ് സിറിയസ്. ഇത് ജനുവരിമാസം കിഴക്ക്-തെക്കുകിഴക്കെ ചക്രവാളത്തിൽ നിന്നും ഏകദേശം 20°-30° മുകളിലായിരിക്കും. രോഹിണിയിലെ ചുവന്ന നക്ഷത്രം, വേട്ടക്കാരന്റെ ബെല്‍റ്റ് ഇവ ചേര്‍ത്ത് ഒരു രേഖ സങ്കല്പിച്ച് തെക്ക് കിഴക്ക് ഭാഗത്തേക്ക് നീട്ടിയാല്‍ സിറിയസിനെ കണ്ടെത്താം. രാത്രി ആകാശത്ത് കാണാൻ കഴിയുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ് സിറിയസ്. മകരജ്യോതിയായി വിളിക്കപ്പെടുന്ന നക്ഷത്രവും സിരിയസാണ്.

മകരജ്യോതി എന്ന സിറിയസ് നക്ഷത്രം കാണാന്‍ എന്തു ചെയ്യണം ? ലേഖനം വായിക്കാം

ധനുമാസം അവസാനം (ജനുവരി 14-15) സൂര്യന്‍ അസ്തമിക്കുന്ന സമയത്ത് കിഴക്ക് സിറിയസ് ഉദിച്ചുയരും. മകരവിളക്ക് ദിവസം സന്ധ്യയ്ക്ക കിഴക്ക് ഉദിച്ചുയരുന്നതായി കാണുന്ന നക്ഷത്രം സിറിയസ്സാണ്.

ഭാദ്രപഥം (Pegasus).

സൗരരാശികള്‍ കഴിഞ്ഞാല്‍ ജനുവരിയിൽ സന്ധ്യാകാശത്തുകാണാൻ കഴിയുന്ന പ്രധാനപ്പെട്ട നക്ഷത്രഗണമാണ് ഭാദ്രപഥം (Pegasus). പറക്കുംകുതിര എന്നും ഇത് അറിയപ്പെടുന്നു. സന്ധ്യയ്ക്ക് പടിഞ്ഞാറെ ആകാശത്തിനു മദ്ധ്യത്തിലായാണ് (അല്പം വടക്കുമാറി) ഇതിന്റെ സ്ഥാനം. ഇതിലെ നാല് പ്രധാന നക്ഷത്രങ്ങള്‍ ചേര്‍ന്ന് ആകാശത്ത് വലിയ ഒരു ചതുരം തീര്‍ക്കുന്നു. ഇതില്‍ പടിഞ്ഞാറുള്ള രണ്ട് നക്ഷത്രങ്ങള്‍ പൂരുരുട്ടാതിയും, കിഴക്കുള്ള രണ്ടെണ്ണം ഉത്രട്ടാതിയുമാണ്. ഉത്രട്ടാതിയിലെ അല്‍ഫെരാട്സ് (Alpheratz) എന്ന നക്ഷത്രം യഥാര്‍ത്ഥത്തില്‍ ആന്‍ഡ്രോമിഡ നക്ഷത്ര സമൂഹത്തിന്റെ ഭാഗമാണ്. ഭാദ്രപഥത്തിനും താഴെയായാണ് ആന്‍ഡ്രോമിഡയുടെ സ്ഥാനം. M31 എന്ന ഗാലക്സിയെ (ആന്‍ഡ്രോമിഡ ഗാലക്സി) ടെലിസ്കോപ്പിന്റെ സഹായത്തോടെ ഈ ഭാഗത്ത് നിരീക്ഷിക്കാന്‍ സാധിക്കും.

ഭാദ്രപഥം
ഭാദ്രപഥവും ആന്‍ഡ്രോമിഡയും

കാശ്യപി

വടക്കേ ആകാശത്ത് M എന്ന അക്ഷരത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്ന നക്ഷത്രസമൂഹമാണ് കാശ്യപി (Cassiopeia). സന്ധ്യയോടെ ഇത് വടക്കെ ചക്രവാളത്തിനിന്നും 30 °-40 ° മുകളിലായി കാണപ്പെടുന്നു. കാശ്യപിക്കു വടക്കായി കൈകവസ് (Cepheus) നക്ഷത്രഗത്തെയും കാണാവുന്നതാണ്.

വടക്കൻ ചക്രവാളത്തിൽ കാണാൻ കഴിയുന്ന നക്ഷത്രഗണങ്ങൾ

മറ്റുള്ളവ

  • വടക്കു കിഴക്ക് ദിശയിൽ ചക്രവാളത്തിനും ശീർഷബിന്ദുവിനും മധ്യത്തിലായി ഏകദേശം ഷഡ്ഭുജാകൃതിയില്‍ കാണുന്ന നക്ഷത്ര സമൂഹമാണ് ഓറിഗ (Auriga). ഇതിലെ പ്രഭയേറിയ നക്ഷത്രമാണ് കാപ്പെല്ല (Capella).
  • തെക്കെചക്രവാളത്തിൽ നിന്നും ഏകദേശം 20° മുകളിലായി കാണുന്ന പ്രഭയേറിയ നക്ഷത്രമാണ് അകെർനർ (Achernar). യമുന (Eridanus) എന്ന നക്ഷത്രഗണത്തിന്റെ ഭാഗമാണിത്. തിളക്കത്തിൽ ഒമ്പതാം സ്ഥാനമുള്ള നക്ഷത്രമാണിത്.
  • തെക്ക്-തെക്കുകിഴക്കെ ചക്രവാളത്തിനു മുകളിൽ ഏഗദേശം 15° മുകളിലായി കാണുന്ന  പ്രഭയുള്ള നക്ഷത്രം അഗസ്ത്യൻ (Canopus) ആണ്. ഓരായം (Carina) എന്ന നക്ഷത്രഗണത്തിലെ അംഗമാണ് അഗസ്ത്യൻ. രാത്രി ആകാശത്തു കാണാൻ കഴിയുന്നവയിൽ പ്രഭയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ള നക്ഷത്രമാണ് അഗസ്ത്യൻ.

ഗ്രഹങ്ങൾ

ആകാശത്ത് നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന അഞ്ചുഗ്രഹങ്ങളാണു ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവ. ഈ അഞ്ചുഗ്രഹങ്ങളെയും ഒന്നിച്ചു നിരീക്ഷിക്കാൻ സാധിക്കുന്നത് അപൂര്‍വ്വമായ അവസരങ്ങളിൽമാത്രമാണ്.

വ്യാഴം

വ്യാഴം

അസ്തമനത്തോടെ ആകാശമധ്യത്തായി ദൃശ്യമാകുന്ന ഏറ്റവും തിളക്കമേറിയ, നക്ഷത്രസമാനമായിതോന്നുന്ന വസ്തുവാണ് വ്യാഴം (Jupiter). മേടം രാശിലാണ് ഇപ്പോൾ വ്യാഴത്തിന്റെ സ്ഥാനം. ഏതാണ്ട് തലക്കുമുകളിൽ ആകാശമധ്യത്തിലായി പ്രഭതൂകി നില്ക്കുന്ന വ്യാഴത്തെ എളുപ്പത്തിൽ തിരിച്ചറിയാനാകും.

12 വർഷം കൊണ്ടാണ് വ്യാഴം ക്രാന്തിപഥത്തലൂടെ ഒരു പരിക്രമണം പൂർത്തിയാക്കുന്നത്. അതിനാൽ ഓരോ വർഷവും ഓരോ രാശിയിയിലായാണ് വ്യാഴത്തെ കാണാൻ കഴിയുക. അടുത്ത വർഷം ഇടവം രാശിയിലായിരിക്കും വ്യാഴം ഉണ്ടാവുക.

ചൊവ്വ

പുല‍ർച്ചെ കിഴക്ക്-തെക്കുകിഴക്കെ ചക്രവാളത്തിനു തൊട്ടുമുകളിലായി ഇളം ചുവപ്പ് നിറത്തിൽ ചൊവ്വയെ (Mars) കാണാം. ധനു രാശിയിലാണ് സ്ഥാനം. പുല‍‍ർച്ചെ 5 മണിയോടെ ഉദിച്ചുയരുന്ന ചൊവ്വയെ 5.30-ഓടെ ചക്രവാളത്തിനുമുകളിൽ നിരീക്ഷിക്കാനാകും. കിഴക്ക്-തെക്കുകിഴക്കെ ചക്രവാളത്തിനു തൊട്ടുമുകളിലായി നക്ഷത്രസമാനമായി തോന്നുന്നതും ഇളം ചുവപ്പ് നിറത്തിൽ ഏറ്റവും ശോഭയോടെ കാണുന്നതുമായ വസ്തുവാണ് ചൊവ്വ. അതിനാൽ പ്രയാസം കൂടാതെ ചൊവ്വയെ തിരിച്ചറിയാനാകും.

ശനി

മാസാദ്യം സന്ധ്യയ്ക്ക് പടിഞ്ഞാറ്-തെക്കുപടിഞ്ഞാറെ ചക്രവാശത്തിൽ നിന്നും ഏകദേശം 20° മുകളിൽ കുംഭം രാശിയിൽ ശനിയെ (Saturn) കാണാം. മാസാവസാനത്തോടെ സന്ധ്യയ്ക്ക് ശനി ചക്രവാളത്തോട് അടുത്തുവരികയും നിരീക്ഷണം പ്രയാസകരമാവുകയും ചെയ്യും. പടിഞ്ഞാറ് ചക്രവാളത്തിൽ കാണപ്പെടുന്ന നക്ഷത്രസമാനായ വസ്തുക്കളിൽ തിളക്കത്തോടെ കാണപ്പെടുന്ന ശനിയെ തിരിച്ചറിയാൻ പ്രയാസമുണ്ടാകില്ല. ശനിയുടെ പരിക്രമണകാലം 29.46 വര്‍ഷമാണ്.

ശുക്രൻ

വളരെ വേഗം തിരിച്ചറിയാന്‍ കഴിയുന്ന ഖഗോള വസ്തുവാണ് ശുക്രന്‍ (Venus). മലയാളികള്‍ വെള്ളിനക്ഷത്രം എന്ന് വിളിച്ചത് ഈ ഗ്രഹത്തെയാണ്.

മാസത്തിന്റെ ആദ്യ വാരങ്ങളിൽ പുലർച്ചെ കിഴക്ക്-തെക്കുകിഴക്കെ ചക്രവാളത്തിനു മുകളിൽ വൃശ്ചികം രാശിയുടെ തുടക്കത്തിലായി (ചക്രവാളത്തിൽ നിന്നും ഏകദേശം 20° മുകളിലായി) ശുക്രനെ കാണാം. മാസാവസാനത്തോടെ ശുക്രന്റെ സ്ഥാനം ചക്രവാളത്തോട് കൂടുതൽ ചേർന്ന് വരികയും അത് ധനു രാശിയിൽ പ്രവേശിക്കുകയും ചെയ്യും. കിഴക്കെ ചക്രവാളത്തിനു മുകളിൽ ഏറ്റവും തിളക്കമാര്‍ന്നു കാണുന്ന നക്ഷത്രസമാനമായ വസ്തുവായതിനാൽ ശുക്രനെ തിരിച്ചറിയാൻ പ്രയാസമില്ല.

ആകാശത്തിൽ തിളക്കമുള്ള വസ്തുവായി കാണപ്പെടൂന്നതിനാൽ ശുക്രൻ പലപ്പോഴും പറക്കുംതളികയായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. 1969ൽ അമേരിക്കൻ പ്രസിണ്ടന്റായിരുന്ന ജിമ്മി കാർട്ടർ ഒരു പറക്കുംതളികയെ കണ്ടതായി പറഞ്ഞിരുന്നു, പിന്നീട് നടത്തിയ വിശകലനങ്ങളിൽ അത് ഈ ഗ്രഹത്തിനെ തെറ്റിദ്ധരിച്ചതായിരിക്കുമെന്ന് കണ്ടെത്തിയിരുന്നു. മറ്റു പലരും ശുക്രനെ അന്യഗ്രഹത്തിൽ നിന്നുള്ളതെന്ന രീതിയിൽ തെറ്റിദ്ധരിച്ചിട്ടുണ്ട്.

ബുധൻ

മാസത്തിലെ ആദ്യ രണ്ടാഴ്ചകളിൽ പുലർച്ചെ കിഴക്കെ ചക്രവാളത്തിനു മുകളിൽ, ശുക്രന് താഴെയായി ബുധനെ നിരീക്ഷിക്കാം.

അന്താരാഷ്ട്ര ബഹിരാകാശനിലയം

International Space Station after undocking of STS-132
അന്താരാഷ്ട്രബഹിരാകാശ നിലയം | കടപ്പാട് – NASA/Crew of STS-132 [Public domain], via Wikimedia Commons

അന്താരാഷ്ട ജ്യോതിശാസ്ത്ര യൂണിയൻ അംഗീകരിച്ച 88 നക്ഷത്രഗണങ്ങളുടെ പട്ടിക കാണാൻ ഇവിടെ ക്ലിക് ചെയ്യുക.


കുറിപ്പ്

  • ചിത്രങ്ങള്‍ തോതനുസരിച്ചുള്ളവയല്ല.
  • 2024 ജനുവരി 15നു മദ്ധ്യകേരളത്തിൽ സന്ധ്യയ്ക്ക് 7.30 നുള്ള സമയം കണക്കാക്കിയാണ് വിവരണം തയ്യാറാക്കിയിട്ടുള്ളത് (പ്രത്യേകം പരാമർശിച്ചിട്ടുള്ളവ ഒഴികെ).
Happy
Happy
69 %
Sad
Sad
13 %
Excited
Excited
6 %
Sleepy
Sleepy
6 %
Angry
Angry
0 %
Surprise
Surprise
6 %

Leave a Reply

Previous post സയൻസ് @2023
Next post കേരളത്തിലുള്ള Mugger crocodile മുതലയാണോ ചീങ്കണ്ണിയാണോ?
Close