Read Time:14 Minute
എൻ. സാനു
എന്‍. സാനു

ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവോണം, എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന വ്യാഴവും ശനിയും… ഇവയൊക്കെയാണ് 2020 സെപ്തംബര്‍ മാസത്തെ സന്ധ്യാകാശ വിശേഷങ്ങള്‍. മഞ്ഞുകാലത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള സമരാത്രദിനം (അപരവിഷുവം – Autumnal Equinox) സെപ്തംബര്‍ 22നാണ്.


2020 സെപ്തംബർ 15നു രാത്രി 7.30-നു മദ്ധ്യകേരളത്തിൽ കാണാൻ കഴിയുന്ന ആകാശദൃശ്യം. (സ്റ്റെല്ലേറിയം  ഉപയോഗിച്ച് സൃഷ്ടിച്ചത്)

സൗരരാശികൾ

സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം എന്നീ രാശികളെ സെപ്തംബർ മാസം നിരീക്ഷിക്കാം. കന്നിരാശി സന്ധ്യയോടെ പകുതി അസ്തമിച്ചിട്ടുണ്ടാകും. ഇവിടെ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ ഇവയെ തിരിച്ചറിയാവുന്നതാണ്.

ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം (ecliptic). ക്രാന്തി പഥത്തിനിരുവശത്തുമായി 18° വീതിയിൽ ഭൂമിക്കു ചുറ്റുമുള്ള വൃത്തമാണ് രാശിചക്രം. രാശിചക്രത്തെ 12 ഭാഗങ്ങളാക്കി വിഭജിച്ച്, ആ ഭാഗങ്ങള്‍ക്ക് അവിടെയുള്ള നക്ഷത്രഗണങ്ങളുടെ പേരു നൽകിയിരിക്കുന്നു. ഇവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള സൗരരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും രാത്രിയില്‍ ഒരേ സമയത്ത് നിരീക്ഷിക്കാനാകും.

കന്നി

സെപ്തംബർ മാസത്തിൽ സന്ധ്യയ്ക്കു പടിഞ്ഞാറേ ചക്രവാളത്തിൽ കന്നിരാശി (Virgo) പകുതിയോളം അസ്തമിച്ചിട്ടുണ്ടാകും. ഈ രാശിയിലെ പ്രഭയേറിയ നക്ഷത്രമാണ് ചിത്ര അഥവാ ചിത്തിര (Spica) ചക്രവാളത്തോടു ചേർന്ന് സന്ധ്യയ്ക്കു കാണാവുന്നതാണ്. മഞ്ഞുപോലെ വെളുത്ത് തിളക്കമുള്ള നക്ഷത്രമാണിത്.

തുലാം

പടിഞ്ഞാറ്-തെക്കുപടിഞ്ഞാറെ ചക്രവാളത്തിൽ നിന്നും 25°-40° മുകളിലായി തുലാം (Libra) രാശി കാണാം. തിളക്കം കുറഞ്ഞ നക്ഷത്രങ്ങളാണ് ഈ രാശിയിലുള്ളത്. അതിനാല്‍ മഴക്കാറുള്ളപ്പോഴും നിലാവുള്ളപ്പോഴും തിരിച്ചറിയാന്‍ പ്രയാസമാണ്.

വൃശ്ചികം

തെക്കുപടിഞ്ഞാറേ ചക്രവാളത്തിൽ നിന്നും 30°-40° മുകളിലായി സെപ്തംബർ മാസത്തില്‍ വൃശ്ചികം രാശി (Scorpion) കാണാം. തേളിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്ന ഇതിലെ തിളക്കമേറിയ നക്ഷത്രം തൃക്കേട്ട (Antares) ആണ്. ഇതൊരു ചുവപ്പ് ഭീമന്‍ (Red giant) നക്ഷത്രമാണ്. ഈ ചുവപ്പ് ഭീമന്‍ നക്ഷത്രവും ഇരുവശവുമുള്ള പ്രഭകുറഞ്ഞ രണ്ടു നക്ഷത്രങ്ങളും ഉള്‍പ്പെട്ടതാണ് തൃക്കേട്ട എന്ന ചാന്ദ്രഗണം. വൃശ്ചികത്തിന്റെ തലഭാഗത്ത് കാണുന്ന അഞ്ച് നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് അനിഴം. തൃക്കേട്ടയ്ക്ക് താഴെ വാല്‍ ഭാഗം വരെ കാണുന്നത് മൂലം. സെപ്തംബറിൽ തെക്കേ ചക്രവാളത്തിനു മുകളിലായി വൃശ്ചികം രാശിയെ യാതൊരു പ്രയാസവും കൂടാതെ തിരിച്ചറിയാം. വൃശ്ചികത്തിന്റെ വാൽ ഭാഗത്തുനിന്നും വടക്ക് കിഴക്കുദിശയിലായി ആകാശഗംഗയെയും (Milky way) നിരീക്ഷിക്കാവുന്നതാണ്.

ധനു

സെപ്തംബർ മാസത്തില്‍ സന്ധ്യയ്ക്ക തെക്കെ ചക്രവാളത്തില്‍ നിന്നും 50° മുകളിലായി ധനു രാശി (Sagittarius) കാണപ്പെടുന്നു. വില്ലിന്റെ (ധനുസ്സ്) ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണിത്. ആകാശ ഗംഗയുടെ കേന്ദ്രം ധനുരാശിയുടെ ഭാഗത്തായാണ് കാണുന്നത്. തിളക്കമേറിയ നക്ഷത്രങ്ങളാണുള്ളത് എന്നതിനാല്‍ ധനു രാശിടെ വ്യക്തമായി തിരിച്ചറിയാന്‍ കഴിയും. ഇതിന്റെ പടിഞ്ഞാറേ പകുതി ചാന്ദ്രഗണമായ പൂരാടവും ബാക്കി ഉത്രാടവും ആണ്.

മകരം

ധനുരാശിക്കും കിഴക്കായി തെക്കുകിഴക്കേ ചക്രവാളത്തിൽ നിന്നും  40°- 50° മുകളിലായാണ് മകരം രാശിയെ (Capricorn) സെപ്തംബർ മാസത്തിൽ സന്ധ്യയ്ക്കു കാണാൻ കഴിയുക. മകരമത്സ്യത്തിന്റെ ആകൃതി സങ്കല്പിച്ചിട്ടുള്ള നക്ഷത്ര രാശിയാണിത്. രേഖാ ചിത്രങ്ങളിൽ ആടിന്റെ തലയും മത്സ്യത്തിന്റെ ഉടലുമായി ചിത്രീകരിക്കുന്നു. ഈ രാശിയിൽ പ്രഭകൂടിയ നക്ഷത്രങ്ങൾ ഇല്ല.

കുംഭം

കുടത്തിന്റെ ആകൃതി സങ്കല്പിച്ചിട്ടുള്ള നക്ഷത്രരാശിയാണ്‌ കുംഭം (Aquarius). സാമാന്യം വലിപ്പമുള്ളതാണെങ്കിലും പ്രത്യേകതകളുള്ള നക്ഷത്രങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതാണ് ഈ വ്യൂഹം. സെപ്തംബർ മാസത്തിൽ കിഴക്കന്‍ ചക്രവാളത്തില്‍ അല്പം തെക്ക് മാറി 20° മുതല്‍ 50° വരെ ആകാശത്ത് കുംഭം രാശിയെ കാണാം.

മറ്റുള്ള നക്ഷത്രഗണങ്ങൾ

അവ്വപുരുഷന്‍

പടിഞ്ഞാറ്-വടക്കുപടിഞ്ഞാറു ദിശയിൽ ചക്രവാളത്തിൽ നിന്നും 20°– 40°യ്ക്കും മുകളിലായി (ചിത്രയ്ക്കും വടക്ക് മാറി) അവ്വപുരുഷന്‍ (Bootes) എന്ന നക്ഷത്രഗണം കാണാം (ചിത്രം നോക്കുക). ഇതിലെ തിളക്കമുള്ള നക്ഷത്രമാണ് ചോതി (Arcturus). ഇളം ചുവപ്പ് നിറമാണിതിന്. ചിത്രയ്ക്കു വടക്കുഭാഗത്തായി തിളങ്ങിനില്ക്കുന്ന ചോതിയെ തിരിച്ചറിയാൻ പ്രയാസമില്ല.

ഗരുഡന്‍

ശീർഷബിന്ദുവിൽ നിന്നും അല്പം തെക്കുകിഴക്കായി (15°) കാണുന്ന തിളക്കമേറിയ നക്ഷത്രമാണ് ശ്രവണന്‍ (Altair). ഗരുഡൻ (Aquila) എന്ന നക്ഷത്രസമൂഹത്തിന്റെ ഭാഗമാണിത്. ശ്രവണനും അതിന്റെ ഇരുഭാഗത്തായി കാണുന്ന മറ്റു രണ്ടു നക്ഷത്രങ്ങളും കൂടി ചേർന്നതാണ് തിരുവോണം എന്ന ചാന്ദ്രനക്ഷത്രഗണം. മൂന്നു നക്ഷത്രങ്ങള്‍ ഒരു വരിയിലെന്ന പോലെ കാണാം – അതാണ് തിരുവോണം. ‘തിരുവോണം മുഴക്കോലുപോലെ മൂന്നെണ്ണം’ എന്നൊരു ചൊല്ലുണ്ട്.

ഭാദ്രപഥം

സെപ്തംബറിൽ, കിഴക്കന്‍ ചക്രവാളത്തിനു മുകളിൽ (അല്പം വടക്കായി) രാത്രി ഏഴരയോടെ പൂര്‍ണമായും ഉദിച്ചുയരുന്ന നക്ഷത്ര ഗണമാണ് ഭാദ്രപഥം (Pegasus). ഇതിലെ നാല് പ്രധാന നക്ഷത്രങ്ങള്‍ ചേര്‍ന്ന് ആകാശത്ത് വലിയ ഒരു ചതുരം തീര്‍ക്കുന്നു. ഇവയില്‍ മുകളിലുള്ള രണ്ട് നക്ഷത്രങ്ങള്‍ ചേര്‍ന്ന് പൂരുരുട്ടാതി, താഴെയുള്ള രണ്ടെണ്ണം ചേര്‍ന്ന് ഉത്രട്ടാതി എന്നീ ചാന്ദ്രഗണങ്ങള്‍ ഉണ്ടാകുന്നു.

മറ്റുപ്രധാന നക്ഷത്രങ്ങളും നക്ഷത്ര ഗണങ്ങളും

വടക്കൻ ആകാശത്തു കാണാവുന്ന പ്രഭയേറിയ രണ്ടു നക്ഷത്രങ്ങളാണ് വേഗ (Vega), ദെനബ് (Deneb) എന്നിവ. ശീര്‍ഷ ബിന്ദുവിൽ നിന്നും ഏകദേശം 30° വടക്കായി കാണുന്ന പ്രഭയേറിയ നക്ഷത്രമാണ് വേഗ. ലൈറ (Lyra) എന്ന നക്ഷത്രഗണത്തിലെ അംഗമാണിത്. ശീർഷബിന്ദുവിൽ നിന്നും 40° വടക്ക്-വടക്കുകിഴക്കു ദിശയിൽ കാണുന്ന തിളക്കമുള്ള നക്ഷത്രമാണ് ദെനബ്. ജായര (Cygnus) എന്ന നക്ഷത്രഗണത്തിലെ അംഗമാണ് ദെനബ്.

ഗ്രഹങ്ങൾ

നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന അഞ്ചുഗ്രഹങ്ങളാണു ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവ. ഈ അഞ്ചുഗ്രഹങ്ങളെയും ഒന്നിച്ചു നിരീക്ഷിക്കാൻ സാധിക്കുന്നത് അപൂര്‍വ്വമായ അവസരങ്ങളിൽമാത്രമാണ്. 2020 സെപ്തംബറിലെ സന്ധ്യാകാശത്ത് പ്രയാസം കൂടാതെ തിരിച്ചറിയാൻ കഴിയുന്ന രണ്ടു ഗ്രഹങ്ങളാണ് വ്യാഴവും ശനിയും. തെക്കേ ചക്രവാളത്തിനു മുകളിൽ ധനു രാശിയിലായാണ് ഇവ കാണപ്പെടുന്നത്.  രാത്രി 8.30-നു ശേഷം ചൊവ്വ കിഴക്കേ ചക്രവാളത്തിൽ ഉദിച്ചുയരും. പുല‍ർച്ചെ 3.30-ഓടെ കിഴക്കേ ചക്രവാളത്തിൽ ശുക്രനും ദൃശ്യമാകും.

വ്യാഴം

വ്യാഴംഅസ്തമനത്തിനു് ശേഷം ശീർഷബിന്ദുവിൽ നിന്നും അല്പം തെക്കുമാറി ദൃശ്യമാകുന്ന ഏറ്റവും തിളക്കമേറിയ, നക്ഷത്രസമാനമായ വസ്തുവാണ് വ്യാഴം (Jupiter). ധനുരാശിയിലായാണ് ഇപ്പോൾ വ്യാഴത്തിന്റെ സ്ഥാനം. ധനു രാശിയിലെ ഉത്രാടത്തിനു കിഴക്കുമാറി നിലകൊള്ളുന്ന വ്യാഴത്തെ എളുപ്പത്തിൽ തിരിച്ചറിയാം. 12 വർഷം കൊണ്ടാണ് വ്യാഴം ക്രാന്തിപഥത്തലൂടെ ഒരു പരിക്രമണം പൂർത്തിയാക്കുന്നത്. അതിനാൽ ഓരോ വർഷവും ഓരോ രാശിയിയിലായാണ് വ്യാഴത്തെ കാണാൻ കഴിയുക. അടുത്തവർഷം ഇതേ സമയം വ്യാഴം മകരം രാശിയിലായിരിക്കും.

ശനി

സന്ധ്യയ്ക്ക് ശീര്‍ഷബിന്ദുവിൽ നിന്നും ഏകദേശം 35° തെക്ക്-തെക്കുകിഴക്കേ ആകാശത്ത്, വ്യാഴത്തിനടുത്തായി (കിഴക്കുഭാഗത്തായി) ധനു രാശിയിൽ ശനിയെ (Saturn) കാണാം. വ്യാഴത്തേക്കാൾ അല്പം തിളക്കം കുറഞ്ഞു കാണപ്പെടുന്ന ശനിയുടെ പരിക്രമണകാലം 29.46 വര്‍ഷമാണ്. ഈ വര്‍ഷം ഡിസംബറോടെ ശനി മകരം രാശിയിലേക്ക് പ്രവേശിക്കും. അപ്പോൾ ശനിയും വ്യാഴവും അടുത്തടുത്തായി ദൃശ്യമാകും.

ചൊവ്വ

രാത്രി 8.30-ഓടെ ചൊവ്വ (Mars) കിഴക്കേ ചക്രവാളത്തിൽ ഉദിച്ചിയരും. മീനം രാശിയിലാണ് സ്ഥാനം. പുലർച്ചെ 5 മണിയോടെ നോക്കിയാൽ ശീർഷബിന്ദുവിൽ നിന്നും ഏകദേശം 40° പടിഞ്ഞാറായി ചൊവ്വയെ കാണാം. ആ ഭാഗത്തു തിളക്കമുള്ള മറ്റുജ്യോതിര്‍ ഗോളങ്ങളൊന്നും ഇല്ലാത്തതിനാൽ, ഇളം ചുവപ്പ് നിറത്തിൽ പ്രശോഭിക്കുന്ന ചൊവ്വയെ പ്രയാസമേതുമില്ലാതെ കണ്ടെത്താൻ സാധിക്കും.

ശുക്രൻ

Venus-real colorവളരെ വേഗം തിരിച്ചറിയാന്‍ കഴിയുന്ന ഖഗോള വസ്തുവാണ് ശുക്രന്‍ (Venus). മലയാളികള്‍ വെള്ളിനക്ഷത്രം എന്ന് വിളിച്ചത് ഈ ഗ്രഹത്തെയാണ്. കർക്കിടകം രാശിയിലാണ് ഈ മാസം ശുക്രന്റെ സ്ഥാനം. പുലര്‍ച്ചെയാണ് ഈ മാസം ഇതിനെ നിരീക്ഷിക്കാൻ കഴിയുക. പുലര്‍ച്ചെ മൂന്നരയോടെ നിരീക്ഷിക്കുകയാണെങ്കില്‍ കിഴക്കേ ചക്രവാളത്തിൽ നിന്നും അല്പം വടക്കായി, കര്‍ക്കിടകം രാശിയോടൊപ്പം ഉദിച്ചുയരുന്ന ശുക്രനെ കാണാനാകും. പുലര്‍ച്ചെ, കിഴക്കേ ചക്രവാളത്തിൽ ഏറ്റവും തിളക്കമാര്‍ന്നു കാണുന്ന നക്ഷത്രസമാനമായ വസ്തു ശുക്രനാണ്. പുലർച്ചെ 5.30-ഓടെ കിഴക്കേ ചക്രവാളത്തിനു മുകളിൽ ഏകദേശം 30° ഉദിച്ചുയരും.

ആകാശത്തിൽ തിളക്കമുള്ള വസ്തുവായി കാണപ്പെടൂന്നതിനാൽ ശുക്രൻ പലപ്പോഴും പറക്കുംതളികയായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. 1969ൽ അമേരിക്കൻ പ്രസിണ്ടന്റായിരുന്ന ജിമ്മി കാർട്ടർ ഒരു പറക്കുംതളികയെ കണ്ടതായി പറഞ്ഞിരുന്നു, പിന്നീട് നടത്തിയ വിശകലനങ്ങളിൽ അത് ഈ ഗ്രഹത്തിനെ തെറ്റിദ്ധരിച്ചതായിരിക്കുമെന്ന് കണ്ടെത്തിയിരുന്നു. മറ്റു പലരും ശുക്രനെ അന്യഗ്രഹത്തിൽ നിന്നുള്ളതെന്ന രീതിയിൽ തെറ്റിദ്ധരിച്ചിട്ടുണ്ട്.

ബുധൻ

തടസ്സങ്ങളില്ലാതെ പടിഞ്ഞാറെ ചക്രവാളം നീരീക്ഷിക്കാൻ സാധിക്കുന്ന സ്ഥലത്തുനിന്നു നിരീക്ഷിച്ചാൽ, വൈകിട്ട് 7 മണിയോടെ, കന്നിരാശിയോടൊപ്പം അസ്തമിക്കുന്ന ബുധനെ (Mercury) കാണാനാകും.

കുറിപ്പ്

  • ചിത്രങ്ങള്‍ തോതനുസരിച്ചുള്ളവയല്ല.
  • 2020 സെപ്തംബർ 15 സന്ധ്യയ്ക്ക് 7.30 നു മദ്ധ്യകേരളത്തിലെ ആകാശക്കാഴ്ച കണക്കാക്കിയാണ് (പ്രത്യേകം സൂചിപ്പിക്കാത്ത പക്ഷം) വിവരണം, ചിത്രങ്ങള്‍ എന്നിവ തയ്യാറാക്കിയിട്ടുള്ളത്.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post എപ്പിഡെമിയോളജി പുതിയ കാലത്ത് : കുതിപ്പും കിതപ്പും
Next post ‘ലാ നിന’ എത്തിയിരിക്കുന്നു!
Close