
അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ.
ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം

കഴിഞ്ഞ ഏതാണ്ട് ഒന്നര ദശാബ്ദത്തോളമായി ക്രമേണയായി നമ്മുടെ ജീവിതത്തിന്റെ പല മേഖലകളെയും സ്വാധീനിച്ച ഡിജിറ്റൽ പ്ലാറ്റുഫോമുകളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും അവയെ അടിസ്ഥാനപ്പെടുത്തിയുള്ള ഭാവിയെക്കുറിച്ചുള്ള ആലോചനകളും അടങ്ങുന്ന ഒരു ചെറു പുസ്തകമാണ് ടിം ക്രിസ്റ്റിയൻസ് രചിചിച്ചിട്ടുള്ള ‘ഡിജിറ്റൽ തൊഴിലിലേർപ്പെടുന്ന ജീവിതങ്ങൾ’ (Digital Working Lives: Worker Autonomy and the Gig Economy) എന്ന 2023ൽ പുറത്തിറങ്ങിയ പുസ്തകം.
ഡിജിറ്റൽ പ്ലാറ്റുഫോമുകൾ നമ്മളിലേക്ക് അവതരിപ്പിക്കപ്പെട്ടത് സ്വാതന്ത്ര്യത്തിലേക്കുള്ള വാതിൽ എന്ന നിലയിലായിരുന്നു. ഫേസ്ബുക്ക് ഉപയോഗിച്ച് നമുക്ക് ലോകത്തെമ്പാടുമുള്ള മനുഷ്യരുമായി സൗഹൃദത്തിൽ ഏർപ്പെടാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു എന്ന വാഗ്ദാനം താരതമ്യേന പരോക്ഷമായിരുന്നു. അതിൽ നിന്നും വ്യത്യസ്തമായി, ‘നിങ്ങൾക്കിഷ്ടമുള്ള രീതിയിൽ ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം’ പ്രത്യക്ഷമായി തന്നെ വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു ഊബർ മുതലായ ഗതാഗത പ്ലാറ്റുഫോമുകളുടെയും ഭക്ഷണവിതര പ്ലാറ്റുഫോമുകളുടെയും അനേകം മേഖലകളിലായി പൊട്ടിമുളച്ച ഫ്രീലാൻസ് പ്ലാറ്റുഫോമുകളുടെയും കടന്നുവരവ്. ഒരു ദശാബ്ദത്തിനിപ്പുറം നിന്ന് തിരിഞ്ഞു നോക്കുമ്പോൾ ഈ സാങ്കേതികവിദ്യകൾ നമ്മുടെ സാമൂഹികജീവിതത്തെയും തൊഴിൽജീവിതത്തെയും അനുനിമിഷം നിയന്ത്രിക്കുന്ന രീതിയിൽ പ്രവർത്തിക്കുകയും, ഈ പ്ലാറ്റുഫോമുകളെ തൊഴിലിനായി ആശ്രയിക്കുന്നവരുടെ വരുമാനത്തിൽ കാര്യമായ ഇടിവ് വരുത്തുകയും ചെയ്തു. കൃത്യമായി പറഞ്ഞാൽ, അവ നടന്നുകയറിയ മേഖലകളിലെല്ലാം അമേരിക്കൻ ബിഗ് ടെക് കമ്പനികൾ അവരുടെ ആധിപത്യം ഉറപ്പിക്കുകയാണുണ്ടായത്.


ഈ കടന്നുകയറ്റത്തെ മാർക്സിസ്റ്റ് രീതിശാസ്ത്രത്തിന്റെയടക്കം സഹായത്തോടെ സൈദ്ധാന്തികമായി വിലയിരുത്തുകയാണ് ഈ പുസ്തകം ആദ്യഭാഗത്ത് ചെയ്യുന്നത്. അതിലെ ഒന്ന് രണ്ടുദാഹരണങ്ങൾ ശ്രദ്ധേയമാണ്.
സമൂഹമാധ്യമങ്ങൾ എങ്ങനെ പണമുണ്ടാക്കുന്നു എന്ന ചോദ്യത്തെക്കുറിച്ചുള്ള രണ്ട് മാർക്സിയൻ നിലപാടുകളെ പുസ്തകത്തിൽ അവതരിപ്പിക്കുന്നുണ്ട്. ഒന്നാമത്, നാം നിത്യേന സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന പോസ്റ്റുകളെ സമൂഹമാധ്യമാക്കമ്പനികൾ ചരക്കുവൽക്കരിക്കുന്നു എന്ന നിലപാട്. രണ്ടാമത്, സമൂഹമാധ്യമങ്ങൾ നമ്മുടെ സാമൂഹികജീവിതത്തിൽ കടന്നുകയറി ആ കുടിയേറ്റത്തിന്റെ വാടക പരസ്യദാതാക്കളിലൂടെ ഈടാക്കുന്നു എന്നത്. ഇതിൽ ആദ്യത്തേതിനെ അപേക്ഷിച്ചു രണ്ടാമത്തേതിനോടുള്ള രചയിതാവിന്റെ യോജിപ്പും അതിനുള്ള കാരണവും വ്യക്തമാക്കുന്ന ആഖ്യാനം വളരെ ആകർഷകമാണ്. പൊതുവിൽ ഡിജിറ്റൽ പ്ലാറ്റുഫോമുകൾ ഉണ്ടാക്കുന്ന ലാഭത്തിൽ നിർമ്മാണപ്രക്രിയയുടെ മിച്ചമൂല്യവും കുടിയേറ്റത്തിന്റെ വാടകയും തമ്മിലുള്ള ഏറ്റക്കുറച്ചിലുകൾ മനസ്സിലാക്കാൻ ഈ വാദം നമ്മെ പ്രേരിപ്പിക്കുക തന്നെ ചെയ്യും. പ്ലാറ്റുഫോമുകളിൽ നടപ്പിലാക്കപ്പെടുന്ന അന്യവൽക്കരണത്തിന്റെ അവതരണമാണ് ഈ പുസ്തകത്തിലെ മറ്റൊരു ഹൈലൈറ്റ്. അതിലെ അധ്യായം തുടങ്ങുന്നത് തന്നെ ഒരു ഊബർ ഡ്രൈവറിന്റെ ഉദ്ധരണിയുമായിട്ടാണ്: ‘ഞാൻ എന്റെ പുഞ്ചിരി വിറ്റ് ഫൈവ് സ്റ്റാർ റേറ്റിംഗ് വാങ്ങുന്നു’. ഊബറും എയർ ബി എൻ ബി യും അടക്കമുള്ള പ്ലാറ്റുഫോമുകളിൽ കൃത്രിമമായി പുഞ്ചിരികൾ ഉൽപ്പാദിപ്പിക്കേണ്ടിവരുന്നത് അന്യവൽക്കരണത്തിന്റെ ഭാഗമാകുന്നതെങ്ങനെ എന്ന് നിരവധിയായ സമകാലിക ഉദാഹരണങ്ങളിലൂടെ ഇവിടെ വരച്ചുകാട്ടപ്പെടുന്നു.
പുസ്തകത്തിന്റെ ആദ്യപകുതി വിമർശനാത്മക നിരീക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നെങ്കിൽ രണ്ടാം പകുതിയിൽ ബദലുകളിലേക്കുള്ള നോട്ടങ്ങളാണ് കൂടുതലും. അതിനെക്കുറിച്ചുള്ള ഒന്ന് രണ്ട് വിഷയങ്ങളിലേക്കാണ് ഇനി ശ്രദ്ധ തിരിക്കുന്നത്.
രചയിതാവ് സഹകരണ പ്ലാറ്റുഫോമുകളെ മുതലാളിത്ത പ്ലാറ്റുഫോമുകൾക്കുള്ള ഒരു നല്ല ബദലായി കാണുന്നുണ്ട്. പക്ഷെ, അതിനോടൊപ്പം അതിൽ പതിയിരിക്കുന്ന പ്രശ്നങ്ങളും കാണുന്നു. ‘ഇപ്പോൾ മുതലാളിത്ത പ്ലാറ്റുഫോമുകൾ ഉപയോഗിക്കുന്ന അതേ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സഹകരണ പ്ലാറ്റുഫോമുകൾ നടപ്പിലാക്കാനാകുമോ’ എന്ന ഒരു ചോദ്യത്തിലൂടെയാണ് ഈ ചിന്തകൾ മുന്നോട്ടുകൊണ്ടുപോകുന്നത്. മുതലാളിത്തസാങ്കേതികവിദ്യകളെ തൊഴിലാളികൾക്ക് നിഷ്പ്രയാസം ഏറ്റെടുത്തുപയോഗിക്കാൻ സാധിക്കും എന്ന തരത്തിലുള്ള (മാർക്സിസത്തിനകത്തു തന്നെയുള്ള) ചിന്താധാരകൾ അൽഗോരിതം അധിഷ്ഠിത പ്ലാറ്റുഫോമുകളിൽ സാധ്യമായേക്കില്ല എന്നത് ഇവിടെ അത്ര വ്യക്തതയോടുകൂടിയല്ലെങ്കിലും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. അൽഗോരിതങ്ങളുടെ ഉള്ളറകളിൽ തന്നെ മുതലാളിത്തം കുടിയിരുത്തപ്പെട്ടിട്ടുണ്ട് എന്നതാണ് ഇവിടെ ഉന്നയിക്കപ്പെടുന്ന വാദം. ഇന്നത്തെ സമകാലിക ഗതാഗത പ്ലാറ്റുഫോമുകളുടെ പ്രവർത്തനം നിരീക്ഷിച്ചാൽ ഒരു പരിധിവരെ അത് നമുക്ക് തന്നെ കാണാൻ സാധിക്കും – അത്തരം നിരീക്ഷണങ്ങൾ നടത്താൻ വായനക്കാരെ പ്രേരിപ്പിക്കുന്ന ഒരു ആഖ്യാനരീതികൂടി ഇവിടെ ഉപയോഗിക്കുന്നുണ്ട്.
തൊഴിലാളികളുടെ സന്തോഷത്തിലും സ്വയം നിയന്ത്രണാധികാരത്തിലും (autonomy) ഒരേസമയം അധിഷ്ഠിതമായ സാങ്കേതികവിദ്യകൾ നിർമ്മിക്കേണ്ടതുണ്ട് എന്നാണ് ടിം ഇവിടെ ശക്തിയോടെ ഉന്നയിക്കുന്നത്. ഇതിലേക്കായി മൂന്നു ചിന്താധാരകളുടെ സമന്വയം വേണമെന്ന് പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്. ഒന്നാമത്, ഡീ-ഗ്രോത്ത് എന്ന മുതലാളിത്തത്തിന്റെ സാമ്പത്തികവളർച്ചയോടുള്ള ആരാധനയെ വിമർശപരമായി സമീപിക്കുന്ന പ്രത്യയശാസ്ത്രം. രണ്ടാമത്, എല്ലാത്തിനും സാങ്കേതികവും വിപണിയധിഷ്ഠിതവും ആയ പരിഹാരങ്ങൾ കാണുന്നതിന് പകരം “സാധാരണ” (vernacular) രീതികൾ കാണാൻ പ്രേരിപ്പിക്കുന്ന ആശയധാര. മൂന്നാമത്, തൊഴിലാളിയുടെ സ്വാതന്ത്ര്യത്തെ കേവലസ്വാതന്ത്ര്യമായി കാണാതെ സൗഹാർദ്ദപരമായ സ്വാതന്ത്ര്യമായി കാണാൻ പ്രേരിപ്പിക്കുന്ന convival autonomy എന്ന ചിന്ത. ഇവയെ എങ്ങനെ സംയോജിപ്പിക്കണം എന്നോ ഇവ തമ്മിലുള്ള മുൻഗണനകൾ എങ്ങനെയായിരിക്കണം എന്നോ വ്യക്തമാക്കാൻ മുതിരുന്നില്ലെങ്കിലും ഈ വ്യത്യസ്തധാരകളോടുള്ള ശ്രദ്ധ ഉണ്ടാവേണ്ടതിന്റെ ആവശ്യം ശക്തമായി തന്നെ പുസ്തകത്തിന്റെ അവസാനഭാഗത്ത് വ്യക്തമാക്കുന്നുണ്ട്.
ഡിജിറ്റൽ പ്ലാറ്റുഫോമുകളുടെ ലോകത്ത് നവീകരണം ഏറ്റവും ആവശ്യമാണെന്ന് പൊതുവിൽ ആർക്കും അനുഭവപ്പെടുന്ന ഈ ആധുനികലോകക്രമത്തിൽ ബദലുകളിലേക്കുള്ള ചിന്തകൾ രൂപപ്പെടുത്തുന്നതിലേക്ക് ഒരു നല്ല സംഭാവന തന്നെയാണ് ഈ പുസ്തകം.
ലേഖകൻ എഴുതിയ മറ്റു പുസ്തക പരിചയങ്ങൾ




സസൂക്ഷ്മം
സാങ്കേതികവിദ്യയുടെ രാഷ്ട്രീയ വായനകൾ- ഡോ. ദീപക് കെ. യുടെ ലേഖന പരമ്പര

സാങ്കേതികവിദ്യയും സമൂഹവും
ലേഖനങ്ങൾ വായിക്കാം