നിഴലില്ലാനേരം എന്ന പ്രതിഭാസത്തപ്പറ്റി ലൂക്കയിലും പത്രങ്ങളിലും വായിച്ചു കാണുമല്ലോ. ഏപ്രില്‍ 11 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ ആണ് തിരുവനന്തപുരം മുതല്‍ കാസറഗോഡ് വരെയുള്ള ജില്ലകളില്‍ ഈ പ്രതിഭാസം ഉണ്ടാകുന്നതെന്നും അറിഞ്ഞിരിക്കും.
വീഡിയോ കാണാം
എന്താണ് നിഴലില്ലാ നേരം? എവിടെയെല്ലാമാണ് ആ പ്രതിഭാസം കാണാനാവുക? ഏത് ദിവസം, ഏത് നേരമാണ് അത് സംഭവിക്കുക? എന്തുകൊണ്ടാണ് സ്ഥലത്തിനനുസരിച്ച് നിഴലില്ലാ നേരം മാറുന്നത്? നിഴലില്ലാനേരത്തെ മുന്‍കൂട്ടി കണക്കാക്കാനാവുമോ? ഇതുപോലുള്ള സംശയങ്ങള്‍ ഈ വാര്‍ത്ത വായിക്കുമ്പോള്‍ മനസ്സില്‍ വന്നു കാണും.
ഒരു വസ്തുവില്‍ പ്രകാശം ചരിഞ്ഞ് പതിക്കുമ്പോള്‍ അതിന്റെ നിഴല്‍ മറു ഭാഗത്ത് ദൃശ്യമാകും. ചരിവ് കൂടുന്നതിനനുസരിച്ച് നിഴലിന്റെ നീളം കൂടും. പ്രകാശം കുത്തനെ പതിക്കയാണെങ്കിലോ. നിഴല്‍ പാദത്തിലായിരിക്കും. അതായത് നിലത്ത് നില്ക്കുന്ന വസ്തുവിന്റെ നിഴല്‍ പുറമേക്ക് കാണില്ല.
സൂര്യപ്രകാശം രാവിലെ കിഴക്ക് ഭാഗത്ത് നിന്നായതിനാല്‍ നീണ്ടനിഴല്‍ പടിഞ്ഞാറ് ദിശയില്‍ രാവിലെ കാണും. സൂര്യന്‍ ഉയരുന്നതിനനുസരിച്ച് നീളം കുറഞ്ഞ് വരും. ഉച്ചയാവുമ്പോള്‍ നിഴലിന്റെ നീളം ഏറ്റവും കുറയും. പക്ഷേ അപ്പോഴും മിക്കവാറും തെക്കോ വടക്കോ ദിശയില്‍ ചെറിയ ഒരു നിഴല്‍ അവശേഷിക്കും. വീണ്ടും സൂര്യന്‍ പടിഞ്ഞാറോട്ട് നീങ്ങുന്നതിനനുസരിച്ച് നിഴലനിന്റെ നീളവും കൂടും.
അതെന്തുകൊണ്ടാണ് സാധാരണ ദിനങ്ങളില്‍ നട്ടുച്ചക്കും- സൂര്യന്‍ ഏറ്റവും ഉയരത്തില്‍ വരുന്ന സമയം- നിഴല്‍ അവശേഷിക്കുന്നത്?
സൂര്യന്‍ അപ്പോഴും നേരെ ഉച്ചിയില്‍ അല്ല എന്നതിനാലാണത്. ചിലമാസങ്ങളില്‍ തലക്ക് മുകളില്‍നിന്ന് അല്പം വടക്ക് മാറിയാവും സൂര്യനുണ്ടാവുക. മറ്റ് ചിലപ്പോള്‍ അല്പം തെക്കുമാറിയും. വര്‍ഷത്തില്‍ എല്ലാ ദിവസവും ആ മാറ്റം ഒരു പോലെയല്ല. അതിനാല്‍ നട്ടുച്ച നേരത്തെ നിഴലിന്റെ ദിശയും നീളവും അതിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഈ മാറ്റത്തിനിടയില്‍ രണ്ടു ദിവസം നിഴലില്ലാ നേരം വരും. അതുകഴിഞ്ഞുള്ള ദിവസം നട്ടുച്ച നേരത്തെ നിഴലിന്റെ ദിശ അതുവരെയുള്ളതിന്റെ എതിര്‍വശത്തേക്ക്- അതായത് തെക്കോട്ടോ വടക്കോട്ടോ- ആയി മാറും.
ഭൂമിയില്‍ എല്ലായിടത്തും നിഴലില്ലാനേരം വരുമോ?
ഇല്ല. ഉത്തരായനരേഖക്കും ദക്ഷിണായനരേഖക്കും ഇടയിലുള്ള പ്രദേശങ്ങളിലേ നിഴലില്ലാനേരമുള്ള ദിവസങ്ങള്‍ ഉണ്ടാവൂ. ഈ രണ്ടു രേഖയിലുമാകട്ടെ ഓരോ ദിവസം മാത്രമാണത് സംഭവിക്കുക. ഉത്തരായനരേഖയില്‍ ജൂണ്‍ 21-നോ 22-നോ. ദക്ഷിണായനരേഖയില്‍ ഡിസംബര്‍ 21-നോ 22-നോ.
മറ്റ് സ്ഥലങ്ങളില്‍ രണ്ടു നിഴലില്ലാ ദിനങ്ങളും തുല്യ ഇടവേള വിട്ടാകുമോ?
അല്ല. ഭൂമധ്യ രേഖയില്‍ ഉള്ളവര്‍ക്ക് സമരാത്രദിനങ്ങളിലാണ് നിഴലില്ലാ നേരം. ഭൂമധ്യ രേഖയുടെ വടക്കുള്ളവര്‍ക്ക് മാര്‍ച്ച് 21-നും സെപ്റ്റംബര്‍ 22-നും ഇടയിലെ രണ്ടു ദിവസങ്ങളില്‍. തെക്കുള്ളവര്‍ക്ക് സെപ്റ്റംബര്‍ 22-നും മാര്‍ച്ച് 21-നും ഇടയില്‍.
ഒരേ അക്ഷാംശരേഖയിലുള്ള പ്രദേശങ്ങളിലെല്ലാം ഒരേദിവസത്തിലായിരിക്കുമോ നിഴലില്ലാ നേരം? അതെ. പക്ഷേ സമയത്തില്‍ വ്യത്യാസം വരും. നമ്മള്‍ സാധാരണ ഗതിയിൽ സമയം പറയുന്നത് രാജ്യത്തിന്റെ സ്റ്റാന്‍ഡേർഡ് സമയമാണ്. പ്രാദേശിക ഉച്ചയും അതിനാല്‍ നിഴലില്ലാനേരവും കിഴക്കോട്ട് പോകുമ്പോള്‍ നേരത്തെയാവും. പടിഞ്ഞോറോട്ട് പോകുമ്പോള്‍ വൈകും. ഒരു ഡിഗ്രിക്ക് നാല് മിനിട്ട് എന്ന തോതില്‍.
ഈ പ്രതിഭാസത്തിനു പിന്നിലെ സയന്‍സ് മനസ്സിലാക്കിയാല്‍ നിഴലില്ലാനേരം നമ്മുടെ കൈപ്പിടിയിലാവും.
ഭൂമി ഏകദേശം ഒരു ദിവസം (23 മണിക്കൂര്‍ 56 മി) കൊണ്ട് സ്വയം ഭ്രമണം ചെയ്യുന്നതോടൊപ്പം ഒരു വര്‍ഷം (365.25 ദിവസം) കൊണ്ട് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നുവെന്ന് നമുക്കറിയാം. പ്രദക്ഷിണം ചെയ്യുന്ന തലത്തോട് 23.45 ഡിഗ്രി ചരിഞ്ഞാണ് സ്വയം ഭ്രമണത്തിന്റെ അച്ചുതണ്ട്. അതിനാല്‍ ഒരു പ്രദേശത്ത് സൂര്യപ്രകാശം പതിക്കുന്ന കോണില്‍ ഒരു ദിവസത്തിനിടയിലും ഒരു വര്‍ഷത്തനിടയിലും മാറ്റം വരും. സമരാത്രദിനങ്ങളില്‍ ഭൂമധ്യ രേഖയിലാണ് സൂര്യ പ്രകാശം കുത്തനെ പതിക്കുക. മാര്‍ച്ച് 21-ന് ശേഷം വടക്കന്‍ അര്‍ധഗോളത്തിലാണ് സൂര്യപ്രകാശം കുത്തനെ പതിക്കുന്ന പ്രദേശം. ജൂണ്‍ 21 ആവുമ്പോള്‍ ഉത്തരായനരേഖയില്‍. സെപ്തംബര്‍ 22-ന് ശേഷം ദക്ഷിണാര്‍ധഗോളത്തില്‍. ഡിസംബര്‍ 21-ന് ദക്ഷിണായന രേഖയിലും .
സമരാത്രദിനങ്ങളായ മാര്‍ച്ച് 21-ഉം സെപ്തംബര്‍ 22-ഉം ഭൂമിയിലെവിടെയും സൂര്യനുദിക്കുക നേരെ കിഴക്കാണ്. അസ്തമിക്കുന്നത് നേരെ പടിഞ്ഞാറും. എന്നാല്‍ ഈ ദിവസങ്ങളില്‍ സൂര്യന്‍ ഉച്ചിയിലെത്തുമ്പോള്‍ നേരെ തലക്ക് മുകളിലാവുന്നത് ഭൂമധ്യരേഖയില്‍ മാത്രമാണ്. മറ്റുള്ളവര്‍ക്ക് അവർ ഏത് അക്ഷാംശരേഖയിലാണോ അത്രകണ്ട് ഡിഗ്രി വിപരീതദിശയില്‍ ചരിഞ്ഞാണ് സൂര്യനെ കാണുക. അതായത് 20 ഡിഗ്രി വടക്കുള്ളവര്‍ സൂര്യനെ കാണുക 20 ഡിഗ്രി തെക്ക് ഭാഗത്തായി. 10 ഡിഗ്രി തെക്കുള്ളവര്‍ 10 ഡിഗ്രി വടക്കായും.
ഇനി ജൂണ്‍ 22-ന്റെ കാര്യം നോക്കാം. അന്ന് എല്ലായിടത്തും സൂര്യനുദിക്കുക നേര്‍കിഴക്ക് നിന്ന് 23.45 ഡിഗ്രി വടക്ക് മാറിയാകും. അസ്തമിക്കുന്നതും നേര്‍ പടിഞ്ഞാറുനിന്ന് 23.45 ഡിഗ്രി വടക്ക് മാറി. എന്നാല്‍ നട്ടുച്ച സമയത്തെ സൂര്യന്റെ കാഴ്ച അക്ഷാംശരേഖക്ക് അനുസൃതമായി വ്യത്യാസപ്പെടും. ഭൂമധ്യ രേഖയിലുള്ളവര്‍ സൂര്യനെ തലക്ക് മുകളില്‍ നിന്ന് 23.45 ഡിഗ്രി വടക്ക് മാറിയാണ് സൂര്യനെ കാണുക. ഉത്തരായരേഖയിലുള്ളവര്‍ തലക്ക് മുകളിലും. ദക്ഷിണായന രേഖയിലുള്ളവര് ആകട്ടെ 46.9 ഡിഗ്രി വടക്കും. 12 ഡിഗ്രി വടക്കുള്ളവരോ?അവിടെ സൂര്യന്‍ 11.45 ഡിഗ്രി വടക്കുമാറിയാവും ഉച്ചക്ക് സൂര്യനുണ്ടാവുക.
ഉത്തരായനരേഖക്ക് വടക്കുള്ളവര്‍ എപ്പോഴും സൂര്യനെ തലക്ക് മുകളില്‍ തെക്ക് മാറിയാണ് കാണുക. ഉദാഹരണമായി 31.11ഡിഗ്രി വടക്കുള്ള സിംലയില്‍ സൂര്യന്‍ ഉച്ചിയിലെത്തുന്നത് മാര്‍ച്ച് 21 ന് 31.11 ഡിഗ്രി തെക്കും ജൂണ്‍ 22 ന് 7.66 ഡിഗ്രിയും ഡിസംബര്‍ 21 ന് 54.56 ഡിഗ്രിയും തെക്കുമാറിയാണ്.
ഇനി ഒരു പ്രദേശത്തെ നിഴലില്ലാനേരം എങ്ങിനെ കണ്ടുപിടിക്കാമെന്ന് നോക്കാം.
11.8745 ഡിഗ്രി വടക്കുള്ള കണ്ണൂരെപ്പോഴാണ് നിഴലില്ലാദിനം ഉണ്ടാവുക? അത് മേല്‍ വിവരിച്ച പ്രകാരം സൂര്യന്‍ നേര്‍കിഴക്ക് നിന്ന് 11.8745 ഡിഗ്രി വടക്ക് മാറി ഉദിക്കുന്ന ദിവസമായിരിക്കുമല്ലോ. അങ്ങനെയെങ്കില്‍ സൂര്യന്റെ അയനചലനത്തിനിടെ എപ്പോഴാണ് ആ സ്ഥാനത്തെത്തുന്നതെന്ന് കണക്കാക്കിയാല്‍ ആ ദിവസം കിട്ടും.
നക്ഷത്രമണ്ഡലത്തിലൂടെ സൂര്യന്‍ ഒരു വര്‍ഷം കൊണ്ട് സഞ്ചരിക്കുന്നതായി തോന്നുന്ന പാതയാണല്ലോ ക്രാന്തിവൃത്തം. അതിന്റെ ഗ്രാഫിക്കല്‍ ചിത്രം ഇപ്രകാരമാണ്.
നടുക്കുള്ള നീല രേഖയാണ് ഖഗോള മധ്യരേഖ. അതായത് ഭൂമധ്യരേഖക്ക് സമാന്തരമായി ആകാശത്ത് സങ്കല്പിക്കാവുന്ന രേഖ. ചുവന്ന തരംഗാകൃതിയിലുള്ളത് നക്ഷത്രമണ്ഡലത്തിലൂടെ സൂര്യന്‍ സഞ്ചരിക്കുന്നതായി തോന്നുന്ന പാത- ക്രാന്തി വൃത്തവും. സമരാത്രദിനങ്ങളിലാണ് രണ്ടും തമ്മില്‍ സന്ധിക്കുന്നത്. ഏറ്റവും അകലെയാകുന്നത് Summer solstice- June 22 -ലും Winter Solstice- Dec 21-നും. ഇടയിലുള്ള ദിവസം അകലം സംഭവിക്കുന്നത് ദിവസത്തിന് നേരെ ആനുപാതികമല്ല. എന്നാല്‍ ത്രികോണമിതി ഉപയോഗപ്പെടുത്തി അത് നിര്‍ണ്ണയിക്കാം. അതിനായി ഈ സമവാക്യം നിര്‍ദ്ധാരണം ചെയ്താല്‍ മതി.
D = 23.45 sin (360N / 365) .
D എന്നാല്‍ ഡെക്ലിനേഷന്‍ അഥവാ സൂര്യന്‍ എത്രകോണളവ് കിഴക്ക് നിന്ന് മാറി ഉദിക്കുന്നു എന്ന്, N എന്നത് സമരാത്രദിനം കഴിഞ്ഞ് എത്രാമത്തെ ദിവസം.
അപ്പോള്‍ ഏത് ദിവസമാണ് D യുടെ പ്രത്യേക വില കിട്ടുന്നതെന്നറിയാന്‍
N = {Sin-I (D / 23.45) x365.25 /360}
കണ്ണൂരിന്റെ അക്ഷാംശം D= 11.8745
N = {sin-I (11.8745 / 23.45) x 365.25 /360}
= sin-I (0.5138) x 365.25/360
=30.9 x 365.25 /360
=31.35
ഇത്തവണ മാര്‍ച്ച് 20നായിരുന്നല്ലോ സമരാത്ര ദിനം. അതിനാല്‍ അത് കഴിഞ്ഞുള്ള 31-32 ദിവസം. ഏപ്രില്‍ 20.-21. എന്നാല്‍ കൂടുതല്‍ കൃത്യത വരാന്‍ മറ്റൊന്ന് കൂടി പരിഗണിക്കണം.
ഭൂമി സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത് അല്പം ദീര്‍ഘവൃത്തത്തിലാണ്. ദീര്‍ഘവൃത്തത്തിന്റെ രണ്ടു കേന്ദ്രങ്ങളിലൊന്നിലാണ് സൂര്യന്റെ സ്ഥാനം. കെപ്ലറുടെ രണ്ടാം നിയമപ്രകാരം ഭൂമിയുടെ പരിക്രമണ വേഗത എല്ലായ്പോഴും ഒന്നല്ല. ഭൂമി സൂര്യനോടടുത്തുവരുന്ന ഘട്ടത്തില്‍ -ജനുവരിയില്‍- വേഗത കൂടുതലാവും. അകലെ വരുമ്പോള്‍-ജൂലൈയില്‍- വേഗത കുറയും.
അതു കൂടി പരിഗണിക്കുമ്പോള്‍ നേരത്തെ കാണിച്ച ഗ്രാഫില്‍ വീണ്ടും മാറ്റം വരും. അതനുസരിച്ച് ചെറിയ വ്യത്യാസം നിഴലില്ലാ നേരത്തിലും വരും.
- Zero Shadow Day അറിയുന്നതിനായുള്ള ആപ്പ് –ഓരോ പ്രദേശത്തെയും നിഴലില്ലാനേരം കണ്ടെത്താന്‍ മൊബൈല്‍ അപ്ലിക്കേഷനും ലഭ്യമാണ്.
- വെബ്സൈറ്റ് സന്ദർശിക്കാം
വിഷുവും നിഴലില്ലാദിനവും തമ്മില്‍ ബന്ധമുണ്ടോ?
ഇല്ല. വിഷു എന്ന പദം വിഷുവം അഥവാ രാത്രിയും പകലും തുല്യമാകുന്ന ദിവസം എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നത്. 1800 വര്‍ഷം മുമ്പ് മേടം രാശിയിലേക്ക് സൂര്യന്‍ പ്രവേശിക്കുന്ന ദിനമായിരുന്നു വിഷു. ഇന്ത്യയില്‍ മിക്കസ്ഥലങ്ങളിലും വര്‍ഷാരംഭമായി വസന്തവിഷുവത്തെയാണ് ആചരിച്ചിരുന്നത്. അത് നിര്‍ണ്ണയിച്ചതാകട്ടെ നക്ഷത്ര മണ്ഡലത്തിലെ സൗരരാശികള്‍ നോക്കിയും. ഭൂമിയുടെ പുരസ്സരണം മൂലം 72 വര്‍ഷം കൂടുമ്പോള്‍ നക്ഷത്ര രാശികളുമായി ബന്ധപ്പെട്ട് കണക്കാക്കിയാല്‍ ഒരു ദിവസം എന്ന നിലയില്‍ സമരാത്രദിനം പിന്നോട്ട് വരുന്നുണ്ട്. ഇതിനെപ്പറ്റി അറിവില്ലായിരുന്നതിനാല്‍ അത് പരിഗണിക്കാതെയാണ് ജ്യോതിഷികള്‍ രാശികണക്കാക്കിയിരുന്നത്. CE 825 ല്‍ തയ്യാറാക്കപ്പെട്ട കലണ്ടറിലും അതിനാല്‍ വിഷു മേടം 1 ആയി പരിഗണിച്ചു. ഇന്നും അത് പിന്തുടരുന്നു എന്ന് മാത്രം.
നിഴലില്ലാനേരത്തിന്റെ സവിശേഷത വ്യക്തമാക്കുന്ന നിങ്ങളെടുത്ത ഫോട്ടോകള്‍ #lucazeroshadowchallenge എന്ന #ടാഗോട് കൂടി പോസ്റ്റ് ചെയ്യു.. ഫോട്ടോകൾ [email protected] ലേക്ക് നിങ്ങളുടെ ഫോൺ നമ്പർ സഹിതം അയക്കുക. മികച്ച ചിത്രങ്ങള്‍ക്ക് സമ്മാനമുണ്ട്.
അച്ചുതണ്ടിന്റെ ചരിവ് അളക്കാം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച അസ്ട്രോണമി നിരീക്ഷണങ്ങൾക്കുള്ള കൈപ്പുസ്തകം