യുവ ഗവേഷക കോൺഗ്രസ്സ് – പ്രബന്ധങ്ങൾ ക്ഷണിക്കുന്നു
കേരള ശാസ്ത്രസാഹിത്യ പരിഷത്തും കിലയും സംയുക്തമായി യുവ ഗവേഷക കോൺഗ്രസ്സ് നടത്തുന്നു. 2023 ജനുവരി 5,6 തീയതികളിൽ തൃശ്ശൂർ കില കാമ്പസിൽ നടക്കുന്ന കോൺഗ്രസ്സിൽ ‘കാലാവസ്ഥാ മാറ്റം മൂലം കേരളത്തിന്റെ ആവാസ വ്യവസ്ഥയിലും ഉപജീവനത്തിലും ഉള്ള ആഘാതങ്ങളും അവയിൽനിന്നുള്ള അതിജീവനവും’ ആണ് പ്രധാന വിഷയം.
കാലാവസ്ഥാ മാറ്റവും അതുമൂലം ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളും കൃത്യമായും ശാസ്ത്രീയമായും മനസ്സിലാക്കിക്കൊണ്ടു മാത്രമേ നാളത്തെ കേരളത്തിനുള്ള സുസ്ഥിര വികസന, അതിജീവന മാതൃകകൾ സൃഷ്ടിച്ചെടുക്കാനാവൂ. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ധാരാളം ചെറുപഠനങ്ങളും, ബിരുദ/ബിരുദാനന്തര/ഡോക്ടറൽ ഗവേഷണവും ഒക്കെ പലയിടത്തായി നടന്നു വരുന്നുണ്ട്. അത്തരം ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവരും തൽപ്പരരുമായ യുവ ഗവേഷകരെയും വിദ്യാർത്ഥികളെയും തങ്ങളുടെ ഗവേഷണ ഫലങ്ങൾ പങ്കുവെക്കാനും അതുവഴി കാലാവസ്ഥാ മാറ്റവും കേരളത്തിന്റെ അതിജീവനവും സംബന്ധിച്ച അന്വേഷണങ്ങൾക്ക് കൂടുതൽ ദിശാബോധം പകരാനുമായി ഒരുമിച്ചു കൊണ്ടു വരാനുള്ള ഉദ്യമമാണ് യുവ ഗവേഷക കോൺഗ്രസ്സ്.
കൃഷി, മൃഗസംരക്ഷണം, ഉപജീവനം, ജൈവവൈവിധ്യം, തണ്ണീർത്തടം, തീരദേശം, മത്സ്യബന്ധനം, ദുരന്ത ലഘൂകരണം, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളിലായി മുപ്പതിലധികം വിഷയങ്ങളിൽ പഠനപ്രബന്ധങ്ങൾ സമർപ്പിക്കാം. പ്രബന്ധങ്ങളും അവതരണവും മലയാളത്തിലോ ഇംഗ്ലീഷിലോ ആകാം.
2022 ഒക്ടോബർ 20-ഓടെ 300 വാക്കിൽ കവിയാത്ത സംഗ്രഹങ്ങൾ (Abstract), നവംബർ 30-ഓടെ 15 പേജിൽ കവിയാത്ത പൂർണ്ണ പ്രബന്ധങ്ങൾ (Full paper) എന്നിവ സമർപ്പിക്കണം. വിദഗ്ദ്ധ സമിതി പരിശോധിച്ച് തെരഞ്ഞെടുക്കുന്ന സംഗ്രഹങ്ങളാണ് പൂർണ്ണ പ്രബന്ധങ്ങൾക്കും അവതരണത്തിനുമായി ക്ഷണിക്കുക.
കൂടുതൽ വിവരങ്ങളും രജിസ്ട്രേഷൻ ലിങ്കും www.ysckerala.in എന്ന വെബ്സൈറ്റിൽ ഉണ്ട്. രജിസ്റ്റർ ചെയ്യാനും സംഗ്രഹം അപ്‌ലോഡ് ചെയ്യാനും tiny.cc/ysckerala എന്ന ലിങ്കും ഉപയോഗിക്കാം.