Read Time:14 Minute

2022 ജി.എൻ.രാമചന്ദ്രൻ ജന്മശതാബ്ദി

ശാസ്ത്രരംഗത്ത് ഇന്ത്യ സംഭാവന ചെയ്ത മഹാശാസ്ത്രജ്ഞരിൽ ഒരാൾ. നോബൽ സമ്മാനത്തിന് പല തവണ ശുപാർശ ചെയ്യപ്പെട്ടയാൾ. സർ സി.വി.രാമന്റെ പ്രിയ ശിഷ്യൻ. രാമനെപ്പോലെ, ഇന്ത്യയിൽത്തന്നെ നടത്തിയ ഗവേഷണത്തിലൂടെ കൊളാജന്റെ “ട്രിപ്പിൾ ഹെലിക്സ് ഘടന കണ്ടെത്തിയയാൾ. ആ അതുല്യ ശാസ്ത്രപ്രതിഭ ജി.എൻ.രാമചന്ദ്രന്റെ നൂറാം ജന്മവാർഷികദിനമാണ് 2022 ഒക്ടോബർ 8

ടി.വി.നാരായണൻ എഴുതുന്നു…

അടുത്ത സുഹൃത്തുക്കൾ ജി.എൻ.ആർ എന്നുവിളിക്കുന്ന ഗോപാലസമുദ്രം നാരായണ അയ്യർ രാമചന്ദ്രൻ 1922 ഒക്ടോബർ 8 ന് എറണാകുളത്താണ് ജനിച്ചത്. മഹാരാജാസ് കോളേജിലെ ഗണിതവിഭാഗം പ്രൊഫസറും പ്രിൻസിപ്പാളുമായിരുന്നു പിതാവ്. സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1942 ൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ ഫിസിക്സ് ബിരുദം നേടി. മകനെ ഐ.എ.എസ്സുകാരനാക്കാനാണ് അച്ഛൻ ആഗ്രഹിച്ചത്. എന്നാൽ ശാസ്ത്രജ്ഞനാകാനായിരുന്നു രാമചന്ദ്രന് താല്പര്യം. 

1942 ൽ, രാമചന്ദ്രൻ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നു. എന്നാൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റ് തലവനായ സർ സി.വി.രാമൻ അദ്ദേഹത്തെ ഉടൻ തന്നെ ഫിസിക്സ് കോഴ്സിലേക്ക്കൊണ്ടുവന്നു. ഒരാഴ്ചക്കകം ഡോ.രാമൻ, റാലെയുടെ ഒരു പ്രശ്നം സോൾവ് ചെയ്യാൻ രാമചന്ദ്രനോട് ആവശ്യപ്പെട്ടു. ഒറ്റദിവസം കൊണ്ടുതന്നെ പ്രശ്നപരിഹാരത്തിനുള്ള ഗണിത സംതുലനങ്ങളും പ്രൂഫും തയ്യാറാക്കിയ ശിഷ്യനിൽ രാമൻ സന്തുഷ്ടനായി. ജീവിതകാലം മുഴുവൻ സർ സി.വി. രാമന്റെ ഇഷ്ടശിഷ്യനായിരുന്നു ജി.എൻ.ആർ.

സി.വി.രാമന്റെ മാർഗനിർദേശപ്രകാരം രാമചന്ദ്രൻ ഭൗതികശാസ്ത്രത്തിൽ വജ്രങ്ങളുടെ ഒപ്റ്റിക്സ്, എക്സ്റേ ടോപ്പോഗ്രാഫി എന്നീ മേഖലകളിൽ ബിരുദാനന്തര ബിരുദം നേടുകയും ഡി.എസ്.സി (പി.എച്ച്.ഡി.ക്കു മുകളിലുള്ള യോഗ്യത) കരസ്ഥമാക്കുകയും ചെയ്തു.

1947 ൽ, രാമചന്ദ്രൻ ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്കു പോയി. കേംബ്രിഡ്ജിലെ കാവൻഡിഷ് ലബോറട്ടറിയിൽ സർ ലോറൻസ് ബ്രാഗിന്റെ നേതൃത്വത്തിൽ W.A. Wooster, A. Lang എന്നിവരോടൊപ്പം ക്രിസ്റ്റലോഗ്രാഫിക് പ്രോജക്റ്റിൽ പ്രവർത്തിക്കുകയും എക്സ്റേ ഡിഫ്രാക്ഷൻ ഉപയോഗിച്ച് പരലുകളുടെ ഇലാസ്റ്റിക് സ്ഥിരാങ്കങ്ങൾ നിർണയിക്കുന്നതിനുള്ള ഒരു ഗണിതശാസ്ത്ര സിദ്ധാന്തം വികസിപ്പിക്കുകയും ചെയ്തു. 

1949 ൽ കേംബ്രിഡ്ജിൽ വെച്ച് രാമചന്ദ്രൻ ലിനസ് പോളിങ്ങിനെ കണ്ടുമുട്ടി. പോളിപെപ്റ്റൈഡ് ശൃംഖലകളുടെ മോഡലിംഗ് പഠനങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേട്ടത്, തന്നെ ശക്തമായി സ്വാധീനിച്ചതായി രാമചന്ദ്രൻ പറയാറുണ്ട്. പോളിങ്ങിനെക്കുറിച്ച് ഒരു കവിത എഴുതുന്നതിലേക്ക് വളർന്നു ഈ ആരാധന. 

1949 ൽ ബാംഗ്ലൂരിൽ തിരിച്ചെത്തിയ രാമചന്ദ്രൻ 1952 വരെ ഐ.ഐ.എസ്.സി.യിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തു. അക്കാലത്ത് മദ്രാസ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറും വിദ്യാഭ്യാസ വിചക്ഷണനുമായ സർ എ.എൽ. മുതലിയാർ മദ്രാസ് സർവകലാ ശാലയിലെ ഫിസിക്സ് വകുപ്പിന്റെ അധ്യക്ഷനാകാൻ സർ സി.വി. രാമനെ ക്ഷണിച്ചു. രാമൻ ക്ഷണം നിരസിക്കുകയും പകരം രാമചന്ദ്രനെ ശുപാർശ ചെയ്യുകയും ചെയ്തു. അങ്ങനെ, 1952 ൽ, തന്റെ 29-ാം വയസ്സിൽ രാമചന്ദ്രൻ മദ്രാസ് സർവകലാശാലയിൽ ഭൗതികശാസ്ത്ര പ്രൊഫസറായി. സർ എ.എൽ. മുതലിയാർ നൽകിയ ഉദാരമായ സഹായവും ഭരണപരമായ പിന്തുണയും മദ്രാസിൽ ഒരു ആധുനിക എക്സ്റേ ക്രിസ്റ്റലോഗ്രാഫിക് ലബോറട്ടറി സ്ഥാപിക്കാൻ രാമചന്ദ്രനെ പ്രാപ്ത നാക്കി.

1952 അവസാനം മദ്രാസ് സന്ദർശിച്ച പ്രൊഫസർ ജെ.ഡി. ബെർണലിന്റെ സ്വാധീനത്തിലാണ് അദ്ദേഹം കൊളാജന്റെ ഘടനയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നു വേണം കരുതാൻ. 

കൊളാജൻ 

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനമായ പ്രോട്ടീനാണ് കൊളാജൻ. അസ്ഥികൾ, പേശികൾ, ചർമം എന്നിവയിൽ കൊളാജനുണ്ട്. ശരീരത്തെ ഒന്നിച്ചു നിർത്തുന്ന പദാർഥമാണിത്. ശരീരത്തിന് ശക്തിയും ഘടനയും നൽകുന്നതിന് ഒരു സപ്പോർട്ടായി കൊളാജൻ പ്രവർത്തിക്കുന്നു. അതുവരെ കൊളാജന്റെ ഘടനസംബന്ധിച്ച് തൃപ്തികരമായ വിശദീകരണം ലഭിച്ചിരുന്നില്ല. കംഗാരുവിന്റെ വാലിൽ നിന്നുള്ള കൊളാജൻ സാമ്പിളുകൾ ഉപയോഗിച്ച് അദ്ദേഹം അതിന്റെ എക്സ്റേ ഡിഫ്രാക്ഷൻ പാറ്റേണുകൾ നിർമിച്ചു.

ഗോപിനാഥ് കർത്താ

അദ്ദേഹത്തിന്റെ ഗവേഷണ സഹായിയായ ഗോപിനാഥ് കർത്തായുടെ സഹായത്തോടെ (അറിയപ്പെടാതെ പോയ മറ്റൊരു മലയാളി ശാസ്ത്രജ്ഞനാണ് ഗോപിനാഥ് കർത്താ) ഫിസിക്കോകെമിക്കൽ ഡാറ്റ ഉപയോഗിച്ച് അവർ കൊളാജൻ ഘടനയുടെ പന്തും കോലും മാതൃക (Ball and Stick model) നിർമിച്ചു. കൊളാജന്റെ ഘട നയെക്കുറിച്ച് 1954 ൽ നേച്ചറിൽ പ്രബന്ധം പ്രസിദ്ധീകരിച്ചു. തുടർന്ന്, ഫൈബർ ഡിഫ്രാക്ഷൻ പാറ്റേണുകളെക്കുറിച്ചുള്ള കൂടുതൽ വിശദമായ പഠനങ്ങളുടെ വെ ളിച്ചത്തിൽ രാമചന്ദ്രനും കർത്തായും മോഡൽ പരിഷ്കരിച്ചു. അതാണ് ഇപ്പോൾ അറിയപ്പെടുന്ന ചുരുളൻ ചുരുൾ (Coiled coil) മാതൃക. ഈ പരിഷ്കരിച്ച മാതൃക 1955 ൽ നേച്ചർ മാസികയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. 

എന്നാൽ കൊളാജൻ ഘടനയ്ക്ക് അർഹമായ ക്രെഡിറ്റ് അദ്ദേഹത്തിന് ലഭിച്ചില്ല എന്നതാണ് പിൽക്കാല ചരിത്രം. പല തവണ നൊബേൽ സമ്മാനത്തിനായി നിർദേശിക്കപ്പെട്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല. 1950-കളുടെ അവസാനത്തിലും 1960-കളിലും രാമചന്ദ്രൻ ക്രിസ്റ്റലോഗ്രാഫിയുടെ വിവിധ വശങ്ങളിൽ പ്രവർത്തിച്ചു.

രാമചന്ദ്രൻ പ്ലോട്ട് 

പോളി പെപ്റ്റൈഡ് ശൃംഖലകളുടെ അപഗ്രഥനത്തിന് അടിത്തറ പണിതത് ഡോക്ടർ രാമചന്ദ്രനും ഗോപിനാഥൻ കർത്താ അടക്കമുള്ള സഹപ്രവർത്തകരുമാണ്.

രാമചന്ദ്രൻ പ്ലോട്ട്

പോളിപെപ്റ്റൈഡുകളുടെ സാധ്യമായ എല്ലാ ഘടനകളെയും വിശദീകരിക്കാൻ സഹായിക്കുന്ന ഒന്നായിരുന്നു രാമചന്ദ്രൻ പ്ലോട്ട്. ദ്വിമാന രേഖാചിത്രരീതിയിലൂടെ ത്രിമാനഘടന വ്യക്തമാക്കുന്ന ഈ മാപ്പ് ഉപയോഗിച്ചാണ് ഇന്നും ശാസ്ത്രജ്ഞർ സങ്കീർണ തൻമാത്രകളുടെ ഘടനസംബന്ധിച്ച പുതിയ കണ്ടെത്തലുകൾ പോലും സ്ഥിരീകരിക്കുന്നത്.

ബയോപോളിമറുകളെക്കുറിച്ച് അദ്ദേഹം നിരവധി അന്താരാഷ്ട്ര കോൺഫറൻസുകൾ സംഘടിപ്പിച്ചു. “മദ്രാസ് കോൺഫറൻസുകൾ’ എന്ന് വിളിക്കപ്പെട്ട ഈ വൈജ്ഞാനിക സദസ്സിൽ നൊബേൽ സമ്മാന ജേതാക്കൾ ഉൾപ്പെടെ അക്കാലത്തെ ഘടനാ ജീവശാസ്ത്രത്തിലെ (structural biology) നിരവധി പ്രഗത്ഭർ ഇന്ത്യയിലെത്തി. 

ഫോട്ടോ കടപ്പാട് : nature

CT യുടെ തുടക്കക്കാരൻ 

1970 ൽ ചിക്കാഗോ സർവകലാശാലയിലെ ബയോഫിസിക്സ് വിഭാഗത്തിൽ വിസിറ്റിംഗ് പ്രൊഫസറായി ഒരു വർഷം ചെലവഴിച്ചു. ഈ സന്ദർശന വേളയിൽ, ദ്വിമാന ഡാറ്റയിൽ നിന്ന് ത്രിമാന ഇമേജുകൾ പുനർനിർമിക്കുന്നതിന് ഒരു പുതിയ രീതി അദ്ദേഹം ആവിഷ്കരിച്ചു. ഇതാണ് കംപ്യൂട്ടറൈസ്ഡ് ടോമോഗ്രാഫിക്ക് (CT) സാങ്കേതികവിദ്യക്ക് അടിത്തറയിട്ടത്. 

ചിക്കാഗോയിൽനിന്ന് മടങ്ങിയെത്തിയ രാമചന്ദ്രൻ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ചേർന്നു. അവിടെ അദ്ദേഹം 1971 ൽ മോളിക്യുലാർ ബയോഫിസിക്സ് യൂണിറ്റ് (M.B.U) സ്ഥാപിച്ചു. 1977 ൽ യു.എസ്.എ.യിലെ മേരിലാൻഡിലുള്ള ബെഥസ്ഡയിലെ നാഷനൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹെൽത്ത് (N I H) സന്ദർശിച്ചു. അതേ വർഷം ലണ്ടനിലെ റോയൽ സൊസൈറ്റിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1978 ൽ എം.ബി.യു. വിൽ നിന്ന് വിരമിച്ച അദ്ദേഹം 1989 വരെ ഇൻസ്റ്റിറ്റ്യൂട്ടിൽ മാത്തമാറ്റിക്കൽ ഫിലോസഫി പ്രൊഫസറായി തുടർന്നു. 

ഡോറോത്തി ഹോഡ്ജ്കിൻ (വലത്), ടോം ബ്ലണ്ടെൽ (ഇടത്) എന്നിവർക്കൊപ്പം ജി.എൻ.രാമചന്ദ്രൻ, പത്നി രാജലക്ഷ്മി എന്നിവർ – റോയൽ സൊസൈറ്റി ഫെല്ലോ ആയ കാലത്തെ ഫോട്ടോ കടപ്പാട് : nature

ജീവിതകാലത്ത് പലപ്പോഴും പലവിധ ശാരീരിക പ്രശ്നങ്ങൾ നേരിട്ടിരുന്ന ഒരാളായിരുന്നു രാമചന്ദ്രൻ. ഭാര്യ രാജത്തിന്റെ സഹായമായിരുന്നു അതൊക്കെ അതിജീവിച്ച് ശാസ്ത്രരംഗത്ത് തുടരാൻ സാധിച്ചതിന് കാരണം. 1980 കളുടെ തുടക്കത്തിൽ പാർക്കിൻ സൺസ് രോഗത്തിന്റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരുന്നു. 1988 ൽ രാജം ഹൃദയാ ഘാതം വന്നു മരിച്ചുപോയി. രാമചന്ദ്രൻ പിന്നീട് ഒരിക്കലും ഈ ആഘാതത്തിൽ നിന്ന് പൂർണമായി കരകയറിയില്ല. 1989 ൽ അദ്ദേഹം ജോലിയിൽനിന്ന് വിരമിച്ചു. 

വേണ്ടത്ര അംഗീകരിക്കപ്പെടാതെ പോയ ശാസ്ത്രകാരനാണ് ജി.എൻ.ആർ. 1999 ൽ ക്രിസ്റ്റലോഗ്രാഫി മേഖലയിലെ മികച്ച സംഭാവനകൾക്ക് ഇന്റർനാഷണൽ യൂണിയൻ ഓഫ് ക്രിസ്റ്റലോഗ്രഫി അഞ്ചാമത്തെ എവാൾഡ് സമ്മാനം നൽകിയതാണ് ഏറ്റവും ഉയർന്ന ബഹുമതി. ഗണിതത്തിൽ ശ്രീനിവാസ രാമാനുജനെപ്പോലെയും ജ്യോതിശ്ശാസ്ത്രത്തിൽ സുബ്രഹ്മണ്യം ചന്ദ്രശേഖറിനെപ്പോലെയും ബൗദ്ധിക സംഭാവന നല്കിയ ആളായിരുന്നു ജി. എൻ.രാമചന്ദ്രൻ. എന്നാൽ ഈ പ്രതിഭയെ നമ്മുടെ രാജ്യം പോലും അർഹിക്കുന്ന ബഹുമതികൾ നൽകി ആദരിച്ചില്ല.  78-ാം വയസ്സിൽ, 2001 ഏപ്രിൽ 7 ന്, ചെന്നൈയിൽ ആ മഹാപ്രതിഭ അന്തരിച്ചു.


GNR@100 – LUCA TALK ൽ പങ്കെടുക്കാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post എന്താണ് പ്രകൃതി നിർദ്ധാരണം ?
Next post കാലാവസ്ഥാമാറ്റം – യുവ ഗവേഷക കോൺഗ്രസ്സ് 2023 – പ്രബന്ധങ്ങൾ ക്ഷണിക്കുന്നു
Close