ബുൾബുൾ കുടുംബത്തിൽപ്പെട്ടത്തും പശ്ചിമഘട്ടത്തിൽ സ്ഥിരതാമസക്കാരനുമായ ഒരു പക്ഷിയാണ് മഞ്ഞച്ചിന്നൻ. ആൺ പെൺപക്ഷികൾ രൂപത്തിൽ ഒരേ പോലെ ആണ്. ഇവരുടെ തല, പിൻ കഴുത്ത്, പുറംഭാഗം, വാൽ എന്നിവയെല്ലാം മഞ്ഞ കലർന്ന പച്ച നിറം ആണ്. അടിഭാഗം നല്ല തിളങ്ങുന്ന മഞ്ഞ നിറം ആണ്. കൊക്ക് കറുത്ത നിറവും കണ്ണുകൾക്ക് ഇരുണ്ട ചുവപ്പു നിറവും ആണ്. കൂടാതെ തെളിഞ്ഞു കാണുന്ന മഞ്ഞപുരികവും കണ്ണിനു ചുറ്റും ഉള്ള മഞ്ഞ വളയവും മഞ്ഞച്ചിന്നന്റെ പ്രത്യേകത ആണ്. മഞ്ഞച്ചിന്നൻ ഇന്ത്യയിൽ പശ്ചിമഘട്ടത്തിലും പിന്നെ ശ്രീലങ്കയിലും കാണപ്പെടുന്നു. പശ്ചിമഘട്ട നിത്യഹരിത വനപ്രദേശങ്ങളിലും ചോലക്കാടുകളിലും, വന പ്രദേശങ്ങളോട് ചേർന്നുള്ള തോട്ടങ്ങളിലും മഞ്ഞച്ചിന്നനെ കാണുവാൻ സാധിക്കും. മലഞ്ചെരുകളിൽ ഉള്ള ചോലക്കാടുകളാണ് ഇവയ്ക്കു ഏറെ ഇഷ്ടം. ഇവർ സദാ സമയവും ഉത്സാഹത്തോട് കൂടി ശബ്ദിച്ചുകൊണ്ടും മധുരമായി പാടിക്കൊണ്ടും ഇരിക്കുന്നതിനാൽ പെട്ടെന്ന് കണ്ടെത്തുവാൻ സാധിക്കും. ചെറുഫലങ്ങൾ, കൃമികീടങ്ങൾ, കാട്ടുപൂക്കളിലെ തേൻ എന്നിവയാണ് ഇവരുടെ മുഖ്യ ആഹാരം. വൻ മരങ്ങളിലും പൊന്തക്കാടുകളിലും കൂട്ടങ്ങളായിട്ടും മറ്റു പക്ഷികളുടെ കൂടെ ചേർന്നും ആണ് ഇവർ ആഹാരം തേടി നടക്കാറ്. ഫെബ്രുവരിയിൽ തുടങ്ങി മേയ് വരെ ആണ് മഞ്ഞച്ചിന്നന്റെ പ്രജനന കാലഘട്ടം.
ശബ്ദം കേൾക്കാം
ചിത്രം, വിവരങ്ങൾ : സന്തോഷ് ജി കൃഷ്ണ