പ്രശസ്തിയുടെ പിന്നാലെ പോകാത്ത സുബ്ബറാവു

പ്രൊഫ.കെ.ആർ.ജനാർദ്ദനൻ

1994 സെപ്റ്റംബർ മാസം സൂറത്ത് നഗരത്തിലെ സർക്കാർ ആശുപത്രികൾ,നേഴ്സിംഗ് ഹോമുകൾ, ജനറൽ ക്ലിനിക്കുകൾ, ഇവയെല്ലാം രോഗികളെ കൊണ്ട് നിറഞ്ഞു. ഒ.പി.കളിൽ വലിയ തിക്കും തിരക്കും .ന്യുമോണിയ എന്ന് സംശയിക്കാവുന്ന രോഗലക്ഷണങ്ങൾ. നഗരം വീർപ്പുമുട്ടി. ആദ്യം പകച്ചുപോയ ആരോഗ്യ പ്രവർത്തകൻ താമസിയാതെ രോഗം ന്യുമോണിക് പ്ലേഗ് ആണെന്ന് തിരിച്ചറിഞ്ഞു. രോഗത്തേക്കാൾ വേഗത്തിൽ പടർന്ന കിംവദന്തികൾ ജനജീവിതം താറുമാറാക്കി. രോഗം മറ്റു നഗരങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഭയമായി. ഇന്ത്യയിലേക്ക് ടൂറിസ്റ്റുകൾ വരാതെയായി. കയറ്റുമതി ഇടിഞ്ഞു. അപ്പോൾ സർക്കാർ സംവിധാനം ഉണർന്ന് പ്രവർത്തിക്കാൻ തുടങ്ങി. ഏതാണ്ട് മൂന്നാഴ്ചകൾ കഴിഞ്ഞപ്പോൾ രോഗവ്യാപനം നിയന്ത്രണവിധേയമായി.മരണം കേവലം 56. കഥയിലെ യഥാർഥ ഹീറോ ടെട്രാസൈക്ലിൻ എന്ന ആന്റിബയോട്ടിക്കും അതു കണ്ടുപിടിച്ച ഇന്ത്യൻ ഡോക്ടർ സുബ്ബറാവുവും (Yellapragada Subba Rao 1875-1948) ആയിരുന്നു. എന്നാൽ അതു കാണാൻ ഡോക്ടർ റാവു ജീവിച്ചിരിപ്പില്ലായിരുന്നു.

1995 ൽ ഇന്ത്യ പുറത്തിറക്കിയ തപാൽ സ്റ്റാമ്പ്

ആന്ധ്രയിലെ ഭീമാവാരത്ത് ജനിച്ച റാവുവിന്റെ ബാല്യകാലം ദുരിതപൂർണമായിരുന്നു. പിതാവ് നേരത്തെ തന്നെ മരിച്ചുപോയി. ചില സുമനസ്സുകളുടെ സഹായത്തോടെ മെട്രിക്കുലേഷൻ പൂർത്തിയാക്കി. പിന്നീട് മദ്രാസ് മെഡിക്കൽ കോളേജിൽ MBBS ന് ചേർന്നു. ഗാന്ധിജിയുടെ ആഹ്വാനം കേട്ട് കോട്ടും ഗ്ലൗസും ഖാദിയാക്കി. അതിനാൽ അച്ചടക്ക നടപടിക്ക് വിധേയനായി. MBBSന് പകരം LMS ബിരുദമാണ് ലഭിച്ചത്. ആയുർവേദകോളേജിലായിരുന്നു ജോലി കിട്ടിയത്. ഇന്ത്യ സന്ദർശിച്ച ഒരു അമേരിക്കൻ ഡോക്ടറുടെ സഹായത്തോടെ ഉപരിപഠനത്തിന് അങ്ങോട്ട് പോയി. ചില ധർമ്മസ്ഥാപനങ്ങൾ സാമ്പത്തിക സഹായം നല്കി. ഹാർവാഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ നിന്ന് ഡിപ്ലോമ. പിന്നീട് അവിടെ ജൂനിയർ ഫാക്കൽറ്റി. തുടർന്ന് ഗവേഷണം കോശങ്ങളിൽ ഒരു ഊർജസ്രോതസ്സ് എന്ന നിലയിൽ ATP യുടെ ധർമം കണ്ടുപിടിച്ചു. അർബുദ ചികിത്സക്കായുള്ള Methotrexate എന്ന് ഔഷധം വികസിപ്പീച്ചെടുത്തു.
ഇതിനിടയിൽ PhD ബിരുദം നേടി. ഹാവാഡിലെ മുതിർന്ന ശാസ്ത്രജ്ഞർക്ക് റാവുവിന്റെ പ്രതിഭ മനസ്സിലാക്കാൻ കഴിഞ്ഞില്ല. കാരണം അദ്ദേഹം തന്നിലേക്ക് ഒതുങ്ങി കൂടുന്ന സ്വഭാവമുള്ളവനായിരുന്നു. ഹാവാഡിൽ ജോലികിട്ടാത്തത് കൊണ്ട് ലെഡർലെ ഔഷധനിർമാണ കമ്പനിയിൽ ചേർന്നു. അവിടെ Folic acid,Vitamin B9 എന്നിവയുടെ സംശ്ലേഷണത്തിന് നേത്രുത്വം നല്കി. ഫൈലേറിയ രോഗത്തിനെതിരെ Hetrazan എന്ന മരുന്ന് WHO യുടെ നിർദ്ദേശപ്രകാരം നിർമിച്ചു. സുബ്ബറാവു -ബെന്ജമിൻ ഡുഗ്ഗാർ (Benjamin Duggar) സംഘം ലോകത്തെ പ്രഥമ ടെട്ട്രാസൈക്കിളിൻ ആന്റിബയോട്ടിക്ക് Aureomycin കണ്ടുപിടിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് അനേകം അമേരിക്കൻ ഭടന്മാരെ ബാക്ടീരിയൽ ഇൻഫെക്ഷൻ മൂലമുള്ള മരണത്തിൽ നിന്ന് രക്ഷിച്ചത് ഈ ഔഷധമത്രെ. ഡഗ്ഗാർ താനാണ് അതു കണ്ടുപിടിച്ഛതെന്ന് ഒരു യോഗത്തിൽ പ്രഖ്യാപിച്ചു. അപ്പോൾ സദസ്സിലിരുന്ന് ദീർഘനേരം കയ്യടിച്ഛ് അഭിനന്ദിച്ചത് റാവു ആയിരുന്നു.  എന്തുകൊണ്ടൊ സുബ്ബറാവുവിന്റെ സംഭാവനകൾ തമസ്ക്കരിക്കാൻ മനപൂർവ്വം ചില ഉന്നതർ ശ്രമിച്ചിരുന്നു.

“The victories in Science are rarely won single handed. No one man should get the credit”എന്നാണ് തന്റെ സംഭാവനകൾ അംഗീകരിക്കാത്തപ്പോഴും ഡോക്ടർ റാവു പറഞ്ഞത്. യു എസ് എ യിൽ വളരെ കാലം ജീവിച്ചിരുന്നിട്ടും അദ്ദേഹത്തിന് ഗ്രീൻകാർഡ് പോലും കിട്ടിയില്ല. ഈ നൂറ്റാണ്ടിലെ ഏറ്റവും ശ്രേഷ്ഠനായ വൈദ്യശാസ്ത്രപ്രതിഭ എന്നാണ് ന്യൂയോർക്ക് ഹെറാൾഡ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഡോക്ടർ പുഷ്പ ഭാർഗവയുടെ വാക്കുകൾ ‘I do not believe there is any other person in the documented history of Biology and medicine over the last 5000 years who made such a large number of basic discoveries that are applied so widely.What is Nobel Prize for him and what is Bharath Ratna for such a man of miracles in Medicine”. അമ്പത്തിമൂന്നാമത്തെ വയസ്സിൽ ഹ്രുദയാഘാതം മൂലം അദ്ദേഹം നിര്യാതനായി. ഡോക്ടർ റാവുവിന്റെ സഹപ്രവർത്തകനായിരുന്ന ജോർജ് ഹിറ്റ് ചിങിന് 1988ൽ മെഡിസിനുള്ള നൊബേൽ സമ്മാനം ലഭിച്ചപ്പോൾ അദ്ദേഹം നന്ദിയോടെ ഡോക്ടർ റാവുവിന്റെ സേവനങ്ങളെ സ്മരിച്ചു.

ഡോക്ടർ സുബ്ബറാവുവിന്റെ ജീവിതം കുട്ടികൾക്കായി പരിചയപ്പെടുത്തുന്ന അമർ ചിത്രകഥാപുസ്തകത്തിന്റെ മുഖചിത്രം

Leave a Reply