Read Time:18 Minute

ഡോ.സീന.റ്റി.എക്സ്

ഏപ്രിൽ 24 – ലോക വെറ്ററിനറി ദിനം. കോവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങളിൽ വെറ്ററിനറി ഡോക്ടർമാരുടെ പങ്ക് (The Veterinarian Response to the Covid-19 Crisis) എന്നതാണ് ഈ വർഷത്തെ വെറ്റിനറി ദിനത്തിന്റെ തീം

മനുഷ്യരാശി നേരിട്ടതിൽ വച്ച് ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ്- 19 എന്ന പകർച്ചവ്യാധി. മൃഗങ്ങളിൽ നിന്ന് ഉടലെടുത്ത ഈ ജന്തുജന്യ രോഗത്തിന് കാരണമായത് സാർസ് -കോവ് – വൈറസ് 2 എന്ന രോഗാണുവാണ് . ലഭ്യമായ എല്ലാ ആരോഗ്യരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയും, മറ്റ് മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയും വെറ്ററിനറി മേഖലയിലെ വിദഗ്ധരോടുമൊപ്പം ഇന്ത്യയും ഈ വൈറസിനെതിരെ ഏറ്റവും ശക്തമായി പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണ്.

ഇന്ന് ലോകമെമ്പാടും അന്താരാഷ്ട്ര വെറ്ററിനറി ദിനം ആചരിക്കുമ്പോൾ കോവിഡ്- 19 പകർച്ചവ്യാധി നിയന്ത്രണത്തിലും പ്രതിരോധത്തിനും വെറ്ററിനറി ഡിസ്പെൻസറികളിൽ മുതൽ ഗവേഷണ ലബോറട്ടറികളിൽ വരെ സേവനം അനുഷ്ഠിക്കുന്ന വെറ്ററിനറി ഡോക്ടർമാരുടെ പങ്ക് എടുത്തു പറയേണ്ടതുണ്ട്.

283 28 പരം വെറ്ററിനറി ഡോക്ടർമാരാണ് ഇന്ന് കോവിഡ് പോരാളികളായി ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വെറ്ററിനറി ഡോക്ടർമാരുടെ പ്രധാന പ്രവർത്തനങ്ങൾ

  1. മനുഷ്യരിൽ താപ പരിശോധനാ സംഘത്തിൻ്റെ തലവൻ
  2. കണ്ടെയ്ൻമെൻ്റ് മേഖലകളിൽ സെക്ടറൽ മജിസ്ട്രേറ്റ്
  3. ഐസോലേഷൻ സെൻ്റർ നോഡൽ ഓഫീസർ
  4. വെറ്ററിനറി കോളേജുകളിലും സർവകലാശാലകളിലുമുള്ള ആർ.റ്റി.പി.സി.ആർ വിദഗ്ധരുടെ സംഘത്തലവൻ
  5. മൃഗാരോഗ്യരംഗത്തെ വെറ്ററിനറി ഡോക്ടർ

കോവിഡിൻ്റെ ആരംഭഘട്ടത്തിൽ സാമ്പിളുകൾ പരിശോധിക്കാൻ ഇന്ത്യയിലാദ്യമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ അനുമതി ലഭിച്ചത് ഐ.വി.ആർ.ഐ, ഇസാട്ട്ഗർ, എൻ.ഐ.എച്ച്.എസ്.എ.ഡി. ഭോപാൽ തുടങ്ങിയ വെറ്ററിനറി സ്ഥാപനങ്ങൾക്കാണ് എന്നുള്ളതിൽ ഇന്ത്യൻ വെറ്ററിനറി സമൂഹത്തിന് എന്നും അഭിമാനിക്കാം.

ആരോഗ്യ പ്രവർത്തകരെപ്പോലെ തന്നെ വെറ്ററിനറി ഡോക്ടർമാരും കോവിഡ് രോഗ ഭീഷണി നേരിടുന്നവരാണ്, എങ്കിലും അസമയങ്ങളിൽ പോലും മൃഗാരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളിലും കോവിഡ്- 19 രോഗ നിരീക്ഷണ പ്രവർത്തനങ്ങളിലും ഏർപ്പെട്ടുകൊണ്ട് രോഗനിയന്ത്രണ പ്രവർത്തനങ്ങളിൽ അവർ പങ്കാളികളായി.

കോവിഡ്-19- നിയന്ത്രണ പ്രവർത്തനങ്ങളിൽ മുൻനിരപങ്കാളിത്തം

മൃഗാരോഗ്യ പരിശോധനാ മേഖലയിൽ, പല വെറ്ററിനറി ഗവേഷണ സ്ഥാപനങ്ങളും അവരുടെ സേവനങ്ങൾ താൽക്കാലികമായി നിർത്തി വയ്ക്കുകയും  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയുമുണ്ടായി. വെറ്ററിനറി ഗവേഷണത്തിന്റെ ദിശ മാറുകയും, കോവിഡ്- 19 രോഗ പരിശോധനയിലും നിയന്ത്രിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. വാക്സിൻ ഗവേഷണത്തിനും ചികിൽസയ്ക്കുമായി ട്രാൻസ്ജെനിക് എലികൾക്കും വെള്ളക്കീരികൾക്കുമുള്ള ആവശ്യമേറി വന്നു.
ലോകാരോഗ്യ സംഘടനയുടെ നിർവചനപ്രകാരം  പകർച്ചവ്യാധികളും ജന്തുജന്യ രോഗങ്ങളും തടയുന്നതിന് മൃഗങ്ങളിലെയും പൊതുജനങ്ങളിലെയും രോഗനിരീക്ഷണം
ഉൾപ്പെടെയുള്ള സേവനങ്ങളിൽ മുഴുകുന്നവരാണ് വെറ്ററിനറി സേവനമേഖലയിലുള്ളത്.

പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിന് വെറ്ററിനറി ഡോക്ടർമാർ ദേശീയ, പ്രാദേശിക വെറ്ററിനറി റെഗുലേറ്ററി, പരിശോധനാ സേവനങ്ങൾക്ക്
മേൽനോട്ടം വഹിക്കുന്നു. മാത്രവുമല്ല, മൃഗാശുപത്രികൾ, മൊബൈൽ ക്ലിനിക്കുകൾ, അംബുലേറ്ററി സേവനങ്ങൾ, മൃഗശാലകൾ തുടങ്ങിയവയിൽ ലഭിക്കുന്ന വെറ്ററിനറി സേവനങ്ങൾക്ക് വെറ്ററിനറി ഡോക്ടർമാർ മേൽനോട്ടം വഹിക്കുന്നു. കോവിഡ്-19 പോലുള്ള വൈറസുകൾക്കെതിരായ വാക്സിൻ ഗവേഷണം ഉൾപ്പെടെ മരുന്നുകളും വാക്സിനുകളും വികസിപ്പിച്ചെടുക്കുന്നതിൽ നിർണായകമായ ലബോറട്ടറി മൃഗങ്ങളുടെ പരിചരണത്തിന് വെറ്ററിനറി ഡോക്ടർമാരാണ് മേൽനോട്ടം വഹിക്കുന്നത്.

ഏകാരോഗ്യ സമീപനം

കോവിഡ്-19 മനുഷ്യന്റെ ആരോഗ്യത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെങ്കിലും, ഏകാരോഗ്യ ആശയത്തിൽ അന്തർലീനമായിരിക്കുന്ന മൃഗ – മനുഷ്യാരോഗ്യങ്ങൾ തമ്മിലുള്ള പരസ്പര ബന്ധത്തെ നാം തിരിച്ചറിയുകയും അംഗീകരിക്കുകയും വേണം. വെറ്ററിനറി ലബോറട്ടറികൾ മനുഷ്യരിലെ കോവിഡ്-19 ന്റെ , ആർടി-പിസിആർ
പരിശോധനയെ സഹായിക്കുകയും രോഗ ചികിൽസയ്ക്കായി വെന്റിലേറ്റർ പോലുള്ള ഉപകരണങ്ങൾ നൽകുന്നതിനും സന്നദ്ധരായി. മനുഷ്യരിൽ കോവിഡ്-19 ലക്ഷണങ്ങളുള്ള രോഗബാധിതരെ  കണ്ടെത്താൻ പരിശീലനം സിദ്ധിച്ച സ്നിഫർ നായ്ക്കളെ വിമാനത്താവളങ്ങളിൽ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്.

കോവിഡ്- 19 നെതിരെയുള്ള യുദ്ധത്തിൽ നിരവധി വെറ്ററിനറി ഡോക്ടർമാർക്ക് ജീവൻ നഷ്ട്ടപ്പെട്ടു. 300ൽപ്പരം ഡോക്ടർമാർക്ക് രോഗം പിടിപെട്ടു. എന്നിരുന്നാലും അവരിപ്പോഴും പൊതുജനാരോഗ്യ സംരക്ഷണത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

കോവിഡ് കാലഘട്ടത്തിൽ  മൃഗാരോഗ്യ സംരക്ഷണത്തിൽ വെറ്ററിനറി ഡോക്ടർമാരുടെ പങ്ക്

ലോക്ക്ഡൗൺ കാലത്ത് വെറ്റിനറി സേവനമേഖല ഒരു അവശ്യസേവന വിഭാഗമായി പരിഗണിക്കപ്പെടുകയും വെറ്ററിനറ്റി ഡോക്ടർമാർ മൃഗങ്ങളുടെ രോഗപരിശോധന, രോഗ നിർണയം, ചികിത്സ, കൃത്രിമ ബീജാധാനം, പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയവ ഫലപ്രദമായി നിർവഹിക്കുകയും ചെയ്തു. വെറ്ററിനറി ഡോക്ടർമാർ രോഗബാധിതർക്കും പരിക്കേറ്റ മൃഗങ്ങൾക്കും ലഭ്യമായ എല്ലാ വൈദ്യ പരിചരണവും ശസ്ത്രക്രിയ മുതലായ അടിയന്തിര സേവനങ്ങളും നൽകുകയുണ്ടായി. കോവിഡ് ബാധിതരുടെ മൃഗങ്ങളെ അവരുടെ വീട്ടുപടിക്കൽ ചെന്ന് ചികിൽസിക്കുന്നതും സിസേറിയൻ ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾ ചെയ്യുന്നതും സാമൂഹ്യ മാധ്യമങ്ങളിലൂടെ നാം കാണുകയുമുണ്ടായി. കണ്ടെയ്ൻമെൻറ് സൂക്ഷ്മ കണ്ടെയ്മെന്റ് മേഖലകളിൽ പോലും കർഷകരുടെ വീട്ടുപടിക്കൽ മൃഗ ചികിത്സാസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ വെറ്ററിനറി ഡോക്ടർമാർ വിജയിച്ചു. ഈ കാലഘട്ടത്തിൽ മൃഗസംരക്ഷണമേഖലയിൽ ആദ്യമായി ടെലിമെഡിസിൻ സമ്പ്രദായവും തുടങ്ങുകയുണ്ടായി.

പക്ഷിപ്പനി നിയന്ത്രണവും പ്രതിരോധവും

രാജ്യമൊട്ടാകെ കൊറോണ വൈറസിന് എതിരായി യുദ്ധം ചെയ്യുന്ന കാലഘട്ടത്തിലാണ് കേരളം , മധ്യപ്രദേശ് , ഹിമാചൽ പ്രദേശ് , രാജസ്ഥാൻ , ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പക്ഷിപ്പനി പടർന്നുപിടിച്ചത്. ലോകമെമ്പാടും അതിഭീകരമായ നാശ നഷ്ട്ടങ്ങൾ വരുത്തി വയ്ക്കാൻ കഴിവുള്ള ഈ പകർച്ചവ്യാധിയുടെ ഫലപ്രദമായ നിയന്ത്രണത്തിന് വെറ്ററിനറി ഡോക്ടർമാർ വളരെ പ്രധാനപ്പെട്ട പങ്കു വഹിക്കുകയുണ്ടായി.

വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കുമുള്ള തീറ്റപ്പുല്ല് , കാലിത്തീറ്റ മരുന്നുകൾ , മറ്റ് മൃഗാരോഗ്യ സംരക്ഷണ സൗകര്യങ്ങൾ എന്നിവയും ഏർപ്പെടുത്തുകയുണ്ടായി. ലോക്ക് ഡൗൺ കാലഘട്ടത്തിൽ മാംസം, മുട്ട, പാൽ മറ്റ് മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപണനത്തിന് തടസ്സം നേരിട്ട സാഹചര്യത്തിൽ
അവ വിറ്റഴിക്കാനുള്ള സൗകര്യമൊരുക്കുന്നതിന് വെറ്ററിനറി ഡോക്ടർമാർ മുന്നിട്ടിറങ്ങുകയുണ്ടായി.

കൊറോണ രോഗബാധ സംശയിക്കുന്ന കർഷകരെ സാമ്പിൾ പരിശോധനയ്ക്കായി പ്രോത്സാഹിപ്പിക്കുകയും, ക്വാറൻ്റയ്ൻ അനുഷ്ഠിക്കുന്നവരെ അത് കർശനമായി പാലിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇപ്പോൾ കൊറോണ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിനായി കർഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.

പകർച്ചവ്യാധി വ്യാപനത്തിൻ്റെ അനന്തരഫലമായി ഉടലെടുത്ത ഒരു പ്രധാനപ്പെട്ട പ്രശ്നമായിരുന്നു വർദ്ധിച്ചു കൊണ്ടിരുന്ന തെരുവുനായ്ക്കളുടെ എണ്ണം. മനുഷ്യരിലെ കൊറോണ രോഗം മൃഗങ്ങളിലേക്കും പകരാൻ സാധ്യതയുണ്ട് എന്നതിനാൽ മൃഗങ്ങളിലൂടെ രോഗം തങ്ങളിലേക്ക് പകരുമെന്ന ഭീതി നിമിത്തമാണ് മൃഗങ്ങളുടെ ഉടമസ്ഥർ അവരെ ഉപേക്ഷിക്കാൻ തയ്യാറായത്. ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളുടെ വിശപ്പ്, വേദന, ദാഹം , ഭയം, മാനസിക സമ്മർദ്ദങ്ങൾ എന്നിവ കുറയ്ക്കുന്നതിനായി വെറ്ററിനറി ഡോക്ടർമാർ ഗവൺമെൻറ് ഇതര സംഘടനകളോടും മൃഗക്ഷേമ സംഘടനകളോടും ചേർന്ന് സഹകരിച്ച് പ്രവർത്തിക്കുകയുണ്ടായി.

പൊതുജനാരോഗ്യ സംരക്ഷണത്തിന് വെറ്ററിനറി ഡോക്ടർമാരുടെ പങ്ക്

വിദ്യാഭ്യാസം, വിജ്ഞാന വ്യാപനം

വെറ്ററിനറി വിദ്യാഭ്യാസ രംഗത്ത് ഓൺലൈൻ പഠന മുറികളുടെ സഹായത്തോടെ ക്ലാസ്സുകളെടുത്ത് വിദ്യാർത്ഥികളെ പഠിപ്പിക്കുകയും അവരുടെ വിലപ്പെട്ട സമയം ഫലപ്രദമായി ഉപയോഗിക്കുന്നതിനും വെറ്ററിനറി അധ്യാപകർ ചെയ്ത സേവനങ്ങൾ നിസ്തുലമാണ്. കൂടാതെ, വെറ്ററിനറിവിജ്ഞാന വ്യാപന രംഗത്ത്,
കർഷകർക്കും, പ്രവാസികൾ ഉൾപ്പെടെയുള്ള പുതിയ തൊഴിൽ സംരംഭകർക്കുമായി വെബിനാറുകൾ സംഘടിപ്പിച്ചു കൊണ്ട് മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങളും, കോവിഡ്- 19 ആയി ബന്ധപ്പെട്ട നിർദ്ദേശങ്ങളും നൽകുന്നതിന് വെറ്ററിനറി ഡോക്ടർമാർ മുൻകൈയെടുത്തു പ്രവർത്തിച്ചു. ക്ഷീരകർഷകർക്ക് ഉൽപ്പന്ന വിപണനത്തിന് സഹായിക്കുന്നതിന് കേരള വെറ്ററിനറി ആൻറ് ആനിമൽ സയൻസസ് സർവകലാശാലയുടെ കീഴിൽ ‘ക്ഷീര ദൂതൻ’ എന്ന ആപ്ലിക്കേഷൻ വികസിപ്പിച്ചെടുക്കുകയുണ്ടായി.

ഭക്ഷ്യ സുരക്ഷ : കോവിഡ് 19 ൻ്റെ വരവോടുകൂടി ലോകമെമ്പാടുമുള്ള മൃഗ സംരക്ഷണ – കാർഷിക മേഖലകൾ

അടിസ്ഥാനമാക്കിയുള്ള ഉൽപാദനം തടസ്സപ്പെടുകയുണ്ടായി. ഭക്ഷ്യയോഗ്യമായ മൃഗങ്ങളുടെ ഉൽപാദനം, ഭക്ഷ്യസുരക്ഷ, ജൈവ സുരക്ഷ എന്നീ മേഖലകളിലെല്ലാം തങ്ങളുടെ സേവനങ്ങൾ പൂർണ്ണമായും പ്രയോജനപ്പെടുത്തിക്കൊണ്ട് ഭക്ഷ്യ സുരക്ഷയ്ക്കായി അവർ കൈകോർത്തു. ആരോഗ്യമുള്ള മൃഗോൽപ്പന്നങ്ങൾ മാത്രം ഭക്ഷ്യശൃംഖലയിൽ പ്രവേശിപ്പിച്ചു കൊണ്ട് അവർ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നു.

ലോക്ഡൗൺ വേളകളിൽ

  • ഓമനമൃഗങ്ങൾ അവരുടെ ഉടമസ്ഥരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്തുന്നതിന് സഹായിച്ചു.
  • പൊതുജനങ്ങൾക്ക് മൃഗോൽപ്പന്നങ്ങൾ കൃത്യമായി ലഭിക്കുന്നതിനായി വെറ്ററിനറി ഡോക്ടർമാർ 24 മണിക്കൂറും അധ്വാനിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിച്ചത്.

കോവിഡ് 19 പരിശോധനയും രോഗനിർണയവും

  • രാജ്യത്തിന്റെ പല ഭാഗത്തും വെറ്ററിനറി ഡോക്ടർമാർ മനുഷ്യരിൽ നിന്നും ശേഖരിച്ച കൊറോണ രോഗബാധ സംശയിക്കുന്ന സാമ്പിളുകൾ പരിശോധിക്കാൻ ആരംഭിച്ചു.

കോവിഡ് 19 വാക്സിൻ വികസനം

  • അമേരിക്കൻ കമ്പനിയായ ഫൈസർ – ബയോൺടെക് കോവിഡ് -19 നെതിരായ വാക്സിൻ നിർമ്മിച്ചത് ഒരു വെറ്റിനറി ഡോക്ടർ കൂടിയായ ആൽബർട് ബോർളയുടെ (Albert Bourla) നേതൃത്വത്തിൽ കീഴിലാണ് എന്നുള്ളതിൽ വെറ്ററിനറി സമൂഹത്തിന് എക്കാലവും അഭിമാനിക്കാവുന്നതാണ്.
  • ഒട്ടുമിക്ക രാജ്യങ്ങളിലുംകൊവിഡ് 19 പ്രതിരോധ കുത്തിവെപ്പുകളുടെ ഉൽപാദനം, കൈകാര്യം, സംഭരണം, ഗതാഗതം തുടങ്ങിയ പ്രവർത്തങ്ങളിലെല്ലാം വെറ്ററിനറി ഡോക്ടർമാർ പങ്കെടുത്തു കൊണ്ടിരിക്കുന്നു. വാക്സിന്റെ കോൾഡ് ചെയിൻ നിർത്തുന്നതിനും വാക്സിനേഷൻ്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിലും അവർ പ്രധാന പങ്കുവഹിച്ചു.
  • മൃഗസംരക്ഷണ മേഖലയിലെ ജീവൻ രക്ഷാ ഉപകരണങ്ങളും മറ്റു സംവിധാനങ്ങളും കോവിഡ് ചികിൽസ നടക്കുന്ന ആശുപത്രികൾക്കു നൽകുകയുണ്ടായി.
  • കോവിഡ് 19 ന്റെ വരവോടുകൂടി സുരക്ഷാ കവചങ്ങൾ, വെൻറിലേറ്ററുകൾ, ഓക്സിജൻ സിലിണ്ടറുകൾ, ആർ ടി പി സി ആർ മെഷീനുകൾ , അൾട്രാസൗണ്ട് മെഷീനുകൾ , പി.പി.ഇ കിറ്റുകൾ എന്നിവയും പൊതുജനാരോഗ്യ സംരക്ഷണത്തിനായി അവർ സംഭാവന ചെയ്തു.

പക്ഷിമൃഗാദികളുടെ ഉടമസ്ഥർക്ക് ബോധവൽക്കരണം നൽകൽ

  • വളർത്തുമൃഗങ്ങളിലൂടെ കൊറോണ വൈറസ് മനുഷ്യരിലേക്ക് പകരുവാനുള്ള സാധ്യത വളരെ കുറവാണ്. എങ്കിലും പൂച്ച, നായ തുടങ്ങിയ മൃഗങ്ങളിൽ നിന്ന് കോ വിഡ്- 19 നു കാരണമായ കൊറോണ വൈറസുകൾ കണ്ടുപിടിക്കുകയുണ്ടായി. ആയതിനാൽ, കോവിഡ് വ്യാപനം സംബന്ധിച്ചുള്ള തെറ്റിദ്ധാരണകൾ പരിഹരിക്കുന്നതിനും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിലും വെറ്ററിനറി ഡോക്ടർമാർ പ്രധാന പങ്കുവഹിച്ചു. മൃഗങ്ങളിൽ നിന്ന് അകലം പാലിക്കുകയും അവയെ കൈകാര്യം ചെയ്യുന്നതിനു മുൻപും അതിനു ശേഷവും കൈ കഴുകുകയും മാസ്ക് ധരിക്കണമെന്നും ഉടമസ്ഥർക്ക് നിർദ്ദേശം നൽകി.
  • ആരോഗ്യരക്ഷാ പ്രവർത്തകരുടെ അഭാവത്തിൽ ചില വിദേശരാജ്യങ്ങളിൽ ആവശ്യത്തിനുള്ള പരിശീലനം ലഭിച്ച വെറ്ററിനറി ഡോക്ടർമാർ രോഗികളെ ശുശ്രൂഷിക്കുന്നതിന് തയ്യാറായിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിലെ രോഗികളെ നിരീക്ഷിക്കുക, മരുന്നുകൾ നൽകുക, അത്യാവശ്യഘട്ടങ്ങളിൽ പ്രാഥമിക ശുശ്രൂഷ നൽകുക തുടങ്ങിയവയാണ് അവരുടെ ചുമതല.

കോവിസ് കാലഘട്ടത്തിൽ മൃഗസംരക്ഷണ മേഖലയിലുണ്ടായിട്ടുള്ള വളർച്ച എടുത്തു പറയേണ്ടതാണ്. പാൽ, മാംസം, മുട്ട എന്നിവയുടെ ഉൽപ്പാദനം വർദ്ധിക്കുകയുണ്ടായി.
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും സാമ്പത്തികപുരോഗതി കൈവരിക്കുന്നതിനും  മൃഗസംരക്ഷണ മേഖലയ്ക്ക് ഒരു പ്രധാന പങ്കു വഹിക്കുവാൻ സാധിച്ചിട്ടുണ്ട്. കോവിഡ്- 19 കാലഘട്ടത്തിൽ മൃഗങ്ങളുടേയും പൊതുജനങ്ങളുടെയും ആരോഗ്യസംരക്ഷണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും വെറ്ററിനറി ഡോക്ടർമാരുടെ ബഹുമുഖമായ സ്ഥാനം ചരിത്രത്താളുകളിൽ എഴുതി ചേർക്കപ്പെട്ടു കഴിഞ്ഞു.


സീന ടി.എക്സ്. എഴുതിയ മറ്റു ലേഖനങ്ങൾ വായിക്കാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post നിരന്തരം രൂപം മാറുന്ന ശത്രു : വകഭേദം വന്ന കോവിഡ് വൈറസിന്റെ ആവിർഭാവം ഇന്ത്യയിൽ
Next post മുറിക്കകം തണുപ്പിക്കാൻ അൾട്രാവൈറ്റ് പെയിന്റ് 
Close