Read Time:11 Minute

dr shilpa vs

ഡോ. ശില്പ വി എസ്

സൈക്യാട്രിസ്റ്റ് , Government Mental Health Centre, Kozhikkod[/author]

ഇന്ന് സെപ്റ്റംബർ 10 –  ആത്മഹത്യാ പ്രതിരോധ ദിനം

“പരീക്ഷയ്ക്കു മാർക്കു കുറഞ്ഞതുകൊണ്ട് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു”.
“മേലധികാരികളുടെ മാനസിക പീഡനത്തിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു.”

എന്നു തുടങ്ങി നിരവധി വാർത്തകളാണ് ദിവസവും നമ്മൾ വായിക്കുന്നതും കേൾക്കുന്നതും. .ആത്മഹത്യാ ശ്രമങ്ങളും, തുടർന്നുള്ള പോലീസ് കേസും, പ്രേരണാകുറ്റവും വേറെ. എരിതീയിൽ എണ്ണയൊഴിക്കുന്നതു പോലെ ഇതിന്റെയെല്ലാം ധർമ്മവും പാപവുമൊക്കെ കണക്കു കൂട്ടുന്ന ബന്ധുക്കളും മതങ്ങളും. അങ്ങനെ ആത്മഹത്യ എന്നത് ഒരു സ്ഥിരം ചർച്ചാവിഷയമായിരിക്കുന്നു.

ഈ വാർത്തകൾ കേൾക്കുമ്പോൾ പല തരത്തിലുള്ള പ്രതികരണങ്ങളും കേൾക്കാറുണ്ട്. ” ഇതിനൊക്കെ ചാവാൻ നടക്കുന്നവനാണെങ്കിൽ അങ്ങ് ചാവുന്നത് തന്നെയാ നല്ലത്. “
“ഇങ്ങനൊക്കെയാണെങ്കിൽ ഞാനൊക്കെ ഒരു ആയിരം വട്ടം ചാവേണ്ട സമയം കഴിഞ്ഞു “
എന്നു തുടങ്ങി ആത്മഹത്യ ചെയ്യുന്നവരെ തരം താഴ്ത്തുന്ന തരത്തിലുള്ള പ്രതികരണങ്ങൾ ഒരുപാടു കേട്ടിട്ടുണ്ട്. ആത്മഹത്യ ചെയ്യുന്നവർ മനക്കട്ടിയിലാത്തവരാണെന്നും നമ്മളൊക്കെ എന്തും തരണം ചെയ്യാനുള്ള കഴിവുള്ളവരാണെന്നുമുള്ള ഒരു അഹങ്കാരമാണ് ഇത്. എന്നാൽ അതാണോ സത്യം?നമ്മുടെ അപാര കഴിവു കൊണ്ടാണോ നമ്മൾ ആത്മഹത്യ ചെയ്യാതെ പിടിച്ചു നിൽക്കുന്നത്? അടച്ചാക്ഷേപിക്കുന്നതിനു മുൻപ് ഒരാൾ ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതിനു പിന്നിലെ കാരണങ്ങൾ പരിശോധിക്കാം.


1.വിഷാദ രോഗം.(Major depressive disorder)

രോഗം ആരുടെയും തെറ്റല്ല. വിഷാദരോഗം കാരണം ആത്മഹത്യാ പ്രവണത ഉണ്ടാവാം. അപകർഷതാബോധം, ഭാവിയെക്കുറിച്ചുള്ള  പ്രതീക്ഷ നശിച്ച അവസ്ഥ, അകാരണമായ കുറ്റബോധം, സ്വയം മതിപ്പില്ലായ്മ തുടങ്ങിയവ രോഗലക്ഷണങ്ങളാണ്. ജീവിക്കാനായി ഒരു കാരണം  പോലും ഇല്ലെന്ന അവസ്ഥ വന്നാൽ മരണമാണ് ഭേദം എന്നു തോന്നിയേക്കാം. ജീവിതത്തിൽ പണത്തിന്റെയോ മറ്റു സുഖ സൗകര്യങ്ങളുടെയോ കുറവില്ലെങ്കിൽ പിന്നെ എങ്ങനെയാണ് വിഷാദരോഗം വരുന്നതെന്ന് പലരും ചോദിച്ചു കേട്ടിട്ടുണ്ട്. ” ഇവർക്കൊക്കെ എന്തിന്റെ കുറവുണ്ടായിട്ടാണ് ഇങ്ങനെ ചെയ്യുന്നത് ” എന്നാണ് സ്ഥിരം ചോദ്യം .എന്നാൽ ഒരു കാര്യം മനസ്സിലാക്കുക. ” അകാരണമായ വിഷാദം ” വരുമ്പോഴാണ് അത് രോഗമാകുന്നത്. അതായത് വിഷമിക്കാൻ കാരണങ്ങൾ വേണ്ട എന്നർത്ഥം. ഈ രോഗമുള്ള ഒരാൾക്ക്  സ്വന്തം പരിശ്രമം കൊണ്ടു മാത്രം മനസ്സിനെ പഴയ രീതിയിൽ കൊണ്ടു വരാൻ കഴിയില്ല .അതിന് ചികിത്സ കൂടിയേ തീരൂ. പ്രത്യേക സാഹചര്യങ്ങൾ കൊണ്ടോ , ജീവിത രീതി കൊണ്ടോ, ഉണ്ടാകുന്ന ഒന്നല്ല വിഷാദരോഗം. ജനിതകപരമായ പ്രത്യേകതകൾ കാരണം ചിലർക്ക് ജൻമനാ ഇതു വരാനുള്ള സാധ്യത ഉണ്ടാവുന്നു. ഒരു പ്രത്യേക സമയം അത് പ്രകടമാവുന്നു എന്ന് മാത്രം. അതു കൊണ്ടാണ്
ചിലർക്ക്  രോഗം വരികയും, മറ്റുള്ളവർക്ക് വരാതിരിക്കുകയും  ചെയ്യുന്നത്.
” ഇത്രയും  പ്രശ്നമുണ്ടായിരുന്നെങ്കിൽ  ഒന്നു പറയാമായിരുന്നു, നമുക്കെന്തെങ്കിലും  ചെയ്യാമായിരുന്നില്ലേ ” എന്ന പരാതി പലപ്പോഴും  ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കേൾക്കാറുണ്ട്.  എന്നാൽ പലപ്പോഴും ഭാവിയെക്കുറിച്ച് പ്രതീക്ഷ നശിച്ച അവസ്ഥയാണ്  രോഗം മൂലം രോഗിക്കുണ്ടാകാറ്. ഈ അവസ്ഥയിൽ സഹായം തേടാൻ പോലുമുള്ള  മാനസികാവസ്ഥ ഉണ്ടാകണമെന്നില്ല.


2 മറ്റു തീവ്ര മനോരോഗങ്ങൾ
സ്കിസോഫ്രനിയ(schizophrenia) പോലുള്ള ചില മാസസിക രോഗമുള്ളവരിൽ പല കാരണങ്ങൾ കൊണ്ട് ആത്മഹത്യാ പ്രവണത ഉണ്ടാവാം. തനിച്ചിരിക്കുമ്പോൾ ചെവിയിൽ ശബ്ദങ്ങളും സംഭാഷണങ്ങളും കേള്‍ക്കുക, മറ്റുള്ളവരെ അകാരണമായി സംശയിക്കുക തുടങ്ങിയവയാണ് ലക്ഷണങ്ങളിൽ ചിലത്. ഈ വിചിത്രാനുഭവങ്ങൾ ചിലപ്പോൾ രോഗിയെ വല്ലാതെ ഭയപ്പെടുത്താറുണ്ട്. ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്ന തരത്തിലുള്ള ചില സംഭാഷണങ്ങളും ,കൊല്ലുമെന്ന ഭീഷണിയുമെല്ലാം രോഗത്തിന്റെ ഭാഗമായി ചെവിയിൽ കേൾക്കുന്നവരുണ്ട്. ഇത്തരത്തിലുള്ള അനുഭവങ്ങൾ എത്രത്തോളം ഉത്കണ്ഠ ഉണ്ടാക്കുമെന്നത് ആലോചിക്കാവുന്നതേയുള്ളൂ. ഇതൊന്നും യാഥാർത്ഥ്യമല്ലെങ്കിലും,  രോഗിക്ക് ഇവ യഥാർത്ഥത്തിൽ സംഭവിക്കുന്നുവെന്നാണ് അനുഭവപ്പെടുന്നത്. ഇത്തരം തീവ്രമായ അനുഭവങ്ങളുണ്ടാകുമ്പോൾ മരിക്കുന്നതായിരുന്നു ഭേദം എന്ന് ചിലർ ചിന്തിച്ചു പോവും.


3. വ്യക്തിത്വ വൈകല്യങ്ങൾ (personality disorders)
ചിലരുടെ വ്യക്തിത്വത്തിലെ പ്രത്യേകതകൾ കൊണ്ട്  ആത്മഹത്യാ പ്രവണത കണ്ടേക്കാം. ഒരേ സന്ദർഭത്തിൽ പലരും പല രീതിയിൽ പ്രതികരിക്കുന്നത് ഈ വ്യത്യാസങ്ങൾ കൊണ്ടാണ്. ബോഡർലൈൻ പേഴ്സനാലിറ്റി ഡിസോർഡർ(borderline personality disorder)പോലുള്ള വ്യക്തിത്വ വൈകല്യമുള്ളവർക്ക് സ്വയം വേദനിപ്പിക്കാനുള്ള പ്രവണത കൂടുതലായിരിക്കും. കൈത്തണ്ടയിൽ മുറിവേൽപ്പിക്കുക, ചെറിയ മുറിവുകളിലൂടെ രക്തം പൊടിപ്പിക്കുക തുടങ്ങിയവയിലൂടെ അവർ സമ്മർദ്ദങ്ങളെ നേരിടാൻ ശ്രമിക്കാറുണ്ട്.ഇത്തരം ആളുകളിൽ  മരിക്കുക എന്നതിലുപരി സ്വയം വേദനിപ്പിക്കുക എന്നതാവാം ഉദ്ദേശ്യം. അത്രയധികം ചിന്തിക്കാതെ എടുത്തു ചാടിയെടുക്കുന്ന തീരുമാനങ്ങളായാൽ പോലും ചിലപ്പോൾ ഈ രീതികൾ മാരകമായി തീരാറുണ്ട്.

ആത്മഹത്യയിലേക്കു നയിക്കുന്ന പല കാരണങ്ങളിൽ പ്രധാനമായവയാണ് എടുത്തു പറഞ്ഞത്. ഇതിനു പുറമേ ചില അനുഭവങ്ങളിൽ കൂടി കടന്നു പോവുമ്പോൾ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്നവരുണ്ട്. കൃത്യമായ സമയത്ത് ആരെങ്കിലും ആവശ്യമായ പിന്തുണ നൽകാനുണ്ടായാൽ ഇവരെ രക്ഷിക്കാൻ കഴിഞ്ഞേക്കാം.
ലഹരിവസ്തുക്കളുടെ ഉപയോഗവും, ആത്മഹത്യാ നിരക്കുകൾ വർദ്ധിപ്പിക്കുന്നുണ്ട്. ലഹരിവസ്തുക്കൾ  ഉപയോഗിച്ച് സ്വയം നിയന്ത്രണം നഷ്ടമാവുന്ന സന്ദർഭങ്ങളിലും (acute intoxication), ലഹരി വസ്തുക്കൾ  ലഭിക്കാതെ വരുമ്പോഴുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ വരുന്ന സന്ദർഭങ്ങളിലും (withdrawal symptoms )ചിലർ ആത്മഹത്യ ചെയ്യാം. ലഹരിയുടെ ഉപയോഗം മൂലം മാനസിക രോഗങ്ങൾ ഉണ്ടാകുന്നവരുമുണ്ട്.
ആരെങ്കിലും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നുവെന്നു പറഞ്ഞാൽ പരിഹസിക്കുകയും, ആത്മഹത്യയ്ക്കു ശ്രമിക്കുന്നവരെ പുച്ഛത്തോടെ അകറ്റി നിർത്തുകയും ചെയ്യുന്ന ഒരു പ്രവണത കാണാറുണ്ടല്ലോ. ഈ പശ്ചാത്തലത്തിലാണ് ഇതിന്റെ കാരണങ്ങൾ അന്വേഷിക്കേണ്ടതും അവരെ സഹായിക്കേണ്ടതും.

[box type=”warning” align=”” class=”” width=””]ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ നാൽപതു സെക്കൻഡിലും ഒരാൾ ജീവിതം അവസാനിപ്പിക്കുന്നു.[/box] ആത്മഹത്യ തടയുന്നതിനും ജനങ്ങളിൽ അവബോധം വളർത്തുന്നതിനും  സെപ്റ്റംബർ പത്ത് ലോകആത്മഹത്യാ പ്രതിരോധ ദിനമായി ആചരിക്കാറുണ്ട്. ഇതിൽ നിന്നെല്ലാം ഒന്നു മനസ്സിലാക്കുക. ആത്മഹത്യ എന്നത് ഗുരുതരമായ ഒരു സാമൂഹികപ്രശ്നവും, രോഗവുമായി തന്നെ കണക്കാക്കണം. അല്ലാതെ   മനസ്സിന്റെ ബലക്കുറവു കൊണ്ടും സാഹചര്യങ്ങൾ കൊണ്ടും മാത്രം സംഭവിക്കുന്നതല്ല. “എനിക്കു നേരിടാമെങ്കിൽ മറ്റുള്ളവർക്കും പ്രശ്നങ്ങളെ നേരിട്ടു കൂടേ? അല്ലാത്തവർ ജീവിക്കാൻ യോഗ്യരല്ല “ എന്ന യുക്തിയില്ലാത്ത യുക്തിയുപയോഗിച്ച്  ഗൗരവമായ പ്രശ്നങ്ങൾ നിസ്സാരവത്ക്കരിക്കരുത്.
ആത്മഹത്യയ്ക്കു ശ്രമിക്കുന്നവരിൽ ഭൂരിഭാഗവും അതിനു മുൻപ്  ഏതെങ്കിലും രീതിയിൽ സൂചന നൽകാറുണ്ട്. എന്നാൽ എല്ലാവരും നൽകാറില്ല താനും. “ഏയ് , അവനങ്ങനെയൊന്നും ചെയ്യില്ല “ എന്നു പറഞ്ഞ് ചിരിച്ചു തള്ളുന്ന ബന്ധുക്കളെ കണ്ടിട്ടുണ്ട് .അറിയാതെയാണെങ്കിലും രോഗിയെ അപകടപ്പെടുത്തുകയാണ് അവർ ചെയ്യുന്നത്. അങ്ങനെയൊരു സൂചന ലഭിച്ചാൽ നിസ്സാരവത്ക്കരിക്കാതെ അവർക്ക് വൈദ്യസഹായം ലഭ്യമാക്കുകയാണ് വേണ്ടത്. അല്ലാതെ സ്വന്തം സമാധാനത്തിനായി ഒന്നുമില്ലെന്ന് വിശ്വസിക്കുകയല്ല. രോഗം നിർണ്ണയിച്ച് കൃത്യമായ ചികിത്സ നൽകാൻ കഴിഞ്ഞാൽ മാനസികരോഗങ്ങൾ നിയന്ത്രണ വിധേയമാക്കാം. എന്നാൽ അവസരം പാഴാക്കിയാൽ  നഷ്ടമാവുന്നത് രക്ഷിക്കാമായിരുന്ന ഒരു ജീവനായിരിക്കും. മരുന്നുകളും ,സൈക്കോതെറാപ്പി എന്ന ചികിത്സാരീതിയുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അതു നിർണ്ണയിക്കാൻ വിദഗ്ദാഭിപ്രായം കൂടിയേ തീരൂ. .
ഇതു  വായിക്കുമ്പോഴും ചിലരുടെ മനസ്സിലെങ്കിലും ” ഇതൊന്നും നമ്മുക്ക് സംഭവിക്കുന്നതല്ല ” എന്ന ഒരു ചിന്ത വരാം. പക്ഷേ ഒന്നോർക്കുക. രോഗത്തിനറിയില്ല ” അവർക്കു ” മാത്രമേ വരാൻ പാടുള്ളുവെന്നും, “ നമുക്ക് ” ബാധകമല്ലെന്നും .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post നിയോണും നിയോണ്‍ സംയുക്തങ്ങളും
Next post 1962 ല്‍ നാം തുടങ്ങിയ ഭാഷാസമരം
Close