Read Time:4 Minute
2021 ലെ നഴ്‌സസ് ദിനത്തിന്റെ തീം  ‘Nurses – A voice to lead – A vision for future health care എന്നതാണ്.  ഇത്തവണത്തെ നഴ്‌സസ് ദിനത്തോടനുബന്ധിച്ച് ചര്‍ച്ചചെയ്യുന്ന പ്രധാന വിഷയം കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ മുന്നണിപ്പോരാളികളായ നഴ്‌സുമാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുക എന്നതു തന്നെയാണ്.
ലോകത്തെയാകെ വിറപ്പിച്ച കൊറോണ വൈറസിനെ ചെറുത്ത് തോൽപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഇത്തവണയും നഴ്സസ് ദിനം കടന്നെത്തുന്നത്. ജീവൻ അപകടത്തിലാക്കികൊണ്ടാണ് ആരോഗ്യ പ്രവർത്തകർ കോവിഡ് ബാധക്കെതിരെ പൊരുതികൊണ്ടിരിക്കുന്നത്. അവരിൽ ഏറ്റവുമധികം അപകടസാധ്യതയുള്ള ചുമതല നിർവഹിക്കേണ്ടിവരുന്നത് നഴ്സുമാരാണ്. രോഗികളുമായി കൂടുതൽ സമയം അടുത്തിടപെടേണ്ടി വരുന്നത് അവരാണ്. പലപ്പോഴും സുരക്ഷ സംവിധാനങ്ങൾ വേണ്ടത്രയില്ലാത്ത സാഹചര്യങ്ങളിൽ അവർക്ക് ജോലി ചെയ്യേണ്ടിവരുന്നു. അപകടസാധ്യതയെല്ലാം അവഗണിച്ചാണ് നഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും തങ്ങളുടെ മരണ സാധ്യതവരെയുള്ള ചുമതല നിർവഹിച്ച് വരുന്നത്. ഇന്‍റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസിന്റെ  കണക്കു പ്രകാരം 2021 ജനവരി 31 വരെ ലോകമെമ്പാടും കോവിഡ് രോഗബാധ മൂലം മരണമടഞ്ഞ നഴ്‌സുമാരുടെ എണ്ണം രണ്ടായിരത്തി എഴുന്നൂറിനുമുകളിലാണ്. വാക്‌സിന്‍ വന്നതിനുശേഷം സ്ഥിതി ഏറെ മെച്ചപ്പെട്ടുവരുന്നു എന്നുള്ളത് ആശ്വാസം പകരുന്നു.
ഫ്ലോറൻസ് നൈറ്റിംഗേൽ
നഴ്സുമാരെ ആദരിക്കുന്നതിന്‍റെ ഭാഗമായി എല്ലാവർഷവും മെയ് 12നാണ് ലോക നഴ്സസ് ദിനം ആചരിക്കുന്നത്. നഴ്സുമാര്‍ക്കായി ഒരു ദിനം വേണമെന്ന ആശയം 1953 ൽ യുഎസ് ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥനായ ഡൊറോത്തി സണ്ടർലാൻഡ് പ്രസിഡന്റ് ഡ്വൈറ്റ് ഡി. ഐസൻ‌ഹോവറിന് മുന്നിൽ വച്ചെങ്കിലും അദ്ദേഹം അംഗീകരിച്ചിരുന്നില്ല. 1965 ലാണ് ഇന്‍റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് ആദ്യമായി ഈ ദിനം കൊണ്ടാടിയത്. മോഡേൺ നഴ്സിംഗിന്‍റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിന്‍റെ ജന്മദിനമായ മെയ് 12 നഴ്സുമാരുടെ ദിനമായി ആചരിക്കാനുള്ള തീരുമാനം ഉണ്ടാകുന്നത് 1974ലാണ്.
പലപ്പോഴും മാന്യമായ ശമ്പളമോ മനുഷ്യർക്ക് ജോലി ചെയ്യാൻ കഴിയുന്ന തൊഴിലിടമോ നിഷേധിക്കപ്പെടുന്നവർ. അമിതമായ തൊഴിൽ ഭാരം അടിച്ചേൽപ്പിക്കപ്പെട്ടവർ. ഇവർക്ക് വേണ്ടത് സ്തുതി ഗീതങ്ങളല്ല, മാന്യവും സുരക്ഷിതവുമായ തൊഴിൽ സാഹചര്യങ്ങളും പ്രവർത്തി സമയവുമാണ്. 8 മണിക്കൂർ തൊഴിൽ സമയം എന്നത് ഒരു മനുഷ്യാവകാശ പ്രശ്നം കൂടിയാണ്. അന്താരാഷ്ട്രതലത്തില്‍ നഴ്‌സുമാരുടെ ക്ഷാമവും ചര്‍ച്ചാവിഷയമായി വരേണ്ടതുണ്ട്. ലോകത്താകെ രണ്ടേമുക്കാൽ കോടി നഴ്സുമാർ ഉള്ളതായി ഇന്‍റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസിന്റെ കണക്കുകൾ പറയുന്നു. 5.9 ദശലക്ഷം നഴ്സുമാരുടെ കുറവാണ് ലോകത്താകെ വരും വർഷത്തിൽ വിരമിക്കുന്നതിന്റെ ഉണ്ടാകാൻ പോകുന്നത്. ഇത് 2030 മുപ്പതാകുമ്പോഴേക്കും 1.3 കോടിയായി വർധിക്കുമെന്നാണ് ഐ.സി.എന്നിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.  നിപ്പാ കാലത്ത് ജീവൻ ബലികഴികേണ്ടിവന്ന സിസ്റ്റർ ലീനി നമ്മുടെ മനസ്സിൽ എപ്പോഴുമുണ്ടാവും. ജീവൻ അപകടത്തിലാക്കി ലോകമെമ്പാടും കോവിഡ് രോഗത്തിനെതിരെ മറ്റ് ആരോഗ്യ പ്രവർത്തകരോടൊപ്പം പോരാടിവരുന്ന നഴ്സുമാരോട് നമുക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാം.

#VoiceToLead #IND2021

ഇന്‍റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസിന്റെ വെബ്സൈറ്റ് –  https://2021.icnvoicetolead.com/

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഒസിരിസ്-റെക്സ് തിരികെ ഭൂമിയിലേക്കുള്ള യാത്ര തുടങ്ങി!
Next post DRDOയുടെ 2-DG കോവിഡിനെതിരെയുള്ള ഒറ്റമൂലിയോ ?
Close