Read Time:4 Minute


ഡോ.ചിഞ്ചു സി

ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിക്കുന്ന ലോക മാനസികാരോഗ്യ റിപ്പോർട്ട് (World Mental Health Report) 2022 ജൂൺ 16-ന് പുറത്തിറങ്ങി. മാനസികാരോഗ്യ സേവനങ്ങളെ എല്ലാവർക്കും ലഭ്യമാകും വിധം പരിഷ്കരിക്കുക (Transforming mental health for all) എന്നതാണ് റിപ്പോർട്ട് മുന്നോട്ടു വെയ്ക്കുന്ന മുദ്രാവാക്യം. ഇതിനു മുൻപ് ഇത്തരമൊരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് 1995-ലായിരുന്നു. 2001-ലെ ലോകാരോഗ്യ റിപ്പോർട്ടിലും മാനസികാരോഗ്യം ആയിരുന്നു വിഷയം.

സുസ്ഥിര വികസന ലക്ഷ്യങ്ങളും (Sustainable Development Goals) സമഗ്ര മാനസികാരോഗ്യ കർമ്മ പരിപാടിയുടെ (Comprehensive Mental Health Action Plan 2013–2030) ലക്ഷ്യങ്ങളും നേടാൻ നമ്മുടെ നിലപാടുകളെയും സമീപനങ്ങളെയും പ്രവൃത്തികളെയും പരിഷ്കരിച്ച് എല്ലാവരുടെയും മാനസികാരോഗ്യം വർദ്ധിപ്പിക്കാനും, സംരക്ഷിക്കാനും, ആവശ്യമുള്ളവർക്ക് സഹായം എത്തിക്കാനും ഉള്ള നിർദ്ദേശങ്ങൾ ഈ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആത്മഹത്യാ പ്രതിരോധത്തെ ഒരു അന്തർദേശീയ മുൻഗണനയായി എടുക്കാനും റിപ്പോർട്ട് ആഹ്വാനം ചെയ്യുന്നു.

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ വളരെയധികമാണെങ്കിലും ലോകമാകെ അവയിലുള്ള ഇടപെടൽ അപര്യാപ്‌തമാണെന്നത് റിപ്പോർട്ട് അംഗീകരിക്കുന്നു. മാനസികാരോഗ്യത്തിന് ആഗോള തലത്തിൽ ഭീഷണി ഉയർത്തുന്ന ഘടകങ്ങളായി സാമൂഹിക സാമ്പത്തിക അസമത്വം, പൊതുജനാരോഗ്യ പ്രശ്നങ്ങൾ, മാനുഷിക പ്രശ്നങ്ങൾ (യുദ്ധം, കുടിയിറക്കൽ തുടങ്ങിയവ), കാലാവസ്ഥാ പ്രതിസന്ധി തുടങ്ങിയവയെ പ്രത്യേകം പരാമർശിക്കുന്നു. ഇവ പരിഹരിക്കാൻ പല തലങ്ങളിലുള്ള ഇടപെടൽ ആവശ്യമാണ്.

മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന ചുറ്റുപാടുകളെ ഗുണകരമായ രീതിയിൽ മാറ്റിയെടുക്കുക എന്നതാണ് ഒരു പ്രധാന നിർദ്ദേശം. കുടുംബങ്ങൾ, ജോലി സ്ഥലങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്കെ ഇങ്ങനെ മാറേണ്ടതുണ്ട്. എല്ലാവർക്കും മാനസികാരോഗ്യം എന്ന ലക്ഷ്യം നേടിയെടുക്കാൻ പാകത്തിന് സാമൂഹ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മാനസികാരോഗ്യ സേവനങ്ങൾ(Community Mental Health) വികസിപ്പിച്ചെടുക്കുക എന്നത് മറ്റൊരു നിർദ്ദേശമാണ്. പ്രൊഫഷണൽ സേവനങ്ങൾക്ക് പുറമേ മാനസികാരോഗ്യ അവബോധം നേടിയ മനുഷ്യർ പരസ്പരം സഹായിക്കുന്ന മാതൃകയാണ് സാമൂഹ്യ മാനസികാരോഗ്യത്തിന്റേത്.

പ്രാഥമികാരോഗ്യ സേവനങ്ങളിലേക്ക് മാനസികാരോഗ്യത്തെ ഉൾപ്പെടുത്തുക എന്നതും ഒരു പ്രധാനപ്പെട്ട കടമ്പയാണ്. ഇന്ത്യയിലെ കാര്യം എടുത്താൽ പൊതുജനാരോഗ്യ രംഗത്ത് ഏറ്റവും മുന്നിൽ നിൽക്കുന്ന കേരളത്തിൽ പോലും ഇക്കാര്യത്തിൽ അധികമൊന്നും മുന്നോട്ടു പോകാൻ കഴിഞ്ഞിട്ടില്ല എന്നതാണ് നിലവിലെ അവസ്ഥ. മാറിവരുന്ന ലോക സാഹചര്യത്തിൽ, അടിയന്തര ഘട്ടങ്ങളിലെ മാനസികാരോഗ്യ പ്രവർത്തനങ്ങളും വളരെ പ്രധാനമാണ്. മാനസിക പ്രാഥമിക ശുശ്രൂഷ (Psychological First Aid) പോലെയുള്ള കാര്യങ്ങളിൽ പൊതുജനങ്ങളെ പ്രാപ്തരാക്കുന്ന തരം പരിപാടികൾ കേരളത്തിലും പരീക്ഷിക്കാവുന്നതാണ്.

സർക്കാരുകൾക്കും സന്നദ്ധ സംഘടനകൾക്കും മാനസികാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഒക്കെ തങ്ങളുടെ പ്രവർത്തന പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് ഈ നിർദ്ദേശങ്ങൾ സഹായകമായേക്കും. ദേശീയ, സംസ്ഥാന ആരോഗ്യ പരിപാടികളിൽ ഈ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിക്കപ്പെടുമെന്ന് പ്രത്യാശിക്കാം.


World Mental Health Report 2022 ഡൌൺലോഡ് ചെയ്യാം

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ക്യാൻസറിന് മരുന്ന് കണ്ടെത്തിയോ ?
Next post ചെളി പോലൊരു റോബോട്ട് 
Close