Read Time:4 Minute


പി.എം.സിദ്ധാർഥൻ

മനുഷ്യർക്ക് പ്രവർത്തിക്കാൻ സാധ്യമല്ലാത്ത താപ-മർദ നിലകളിൽ പ്രവർത്തിക്കുവാനോ മനുഷ്യർക്ക് കടന്നു ചെല്ലാൻ വിഷമമുള്ളതോ ആപൽക്കരമായതോ ആയ സ്ഥലങ്ങളിൽ ചെന്ന് പ്രവർത്തിക്കുവാനോ ആണല്ലോ നമ്മൾ റോബോട്ട് ഉപയോഗിക്കുന്നത്. സാധാരണയായി ഈ റോബോട്ടുകൾക്ക് യന്ത്രക്കെകളും മറ്റും ഉണ്ടായിരിക്കും. മനുഷ്യ ശരീരത്തിനുള്ളിൽ കടന്നുചെന്ന് എന്തെങ്കിലും ചെയ്യണമെങ്കിൽ ഇത്തരം റോബോട്ടുകൾക്ക് സാധ്യമല്ല. അതിന് വളരെ ചെറിയ റോബോട്ടുകൾ ആവശ്യമാണ്. അങ്ങനെയുള്ള ഒരു റോബോട്ട് ആണ് ഹോങ്കോങ്ങിലെ ചൈനീസ് സർവകലാശാലയിലെ ലീ ഴാങ്  (Li Zhang ) ഉണ്ടാക്കിയിരിക്കുന്നത്. പക്ഷെ അതിന് നമ്മൾ സങ്കല്പിക്കുന്ന രൂപമൊന്നുമല്ല.

വീഡിയോ കാണാം

ചെളി പോലെയാണ് ഈ റോബോട്ടിന്റെ രൂപവും ഘടനയും. ഇലാസ്തിക സ്വഭാവമുള്ള റോബോട്ടുകളും ദ്രവഘടന (fluid -based) ഉള്ള റോബോട്ടുകളും ഉണ്ട്. പക്ഷെ ഇതാദ്യമായാണ് ഈ രണ്ടു ഗുണവും ഉള്ള റോബോട്ട് ഉണ്ടാക്കുന്നത്.

സിലിക്കൺ സംയുക്തത്തിൽ പൊതിഞ്ഞ വളരെ ചെറിയ നിയോഡൈമിയം (neodymium) കാന്തിക കണികകൾ ബോറാക്സ്, പോളിവിനൈൽ ആൽക്കഹോൾ എന്നിവയോട് ചേർത്താണ് ചെളിരൂപത്തിലുള്ള ഈ വസ്തു – റോബോട്ട് – നിർമിച്ചിരിക്കുന്നത്. വലിച്ച് നീട്ടാനും മടക്കാനും പറ്റുന്ന, ഏത് ചെറിയ സ്ഥലത്ത് കൂടിയും കടന്നുപോകാൻ കഴിയുന്ന ഈ വസ്തുവെ ഒരു കാന്തികമണ്ഡലമുപയോഗിച്ച് നിയന്ത്രിക്കാം.

ചിത്രം കടപ്പാട് New Scientist

ലീ ഴാങ്ങും സഹപ്രവർത്തകരും ഇതുപയോഗിച്ച് ഒരു ചെറിയ കമ്പിക്കഷണം വലിച്ചെടുക്കുന്നതിലും ഒരു കൃത്രിമ ആമാശയത്തിനുള്ളിൽ വെച്ച് ബാറ്ററിയെ പൊതിഞ്ഞു പിടിക്കുന്നതിലും ഏതാനും മില്ലിമീറ്റർ മാത്രം വലുപ്പമുള്ള ദ്വാരത്തിൽ കൂടി നുഴഞ്ഞു കടത്തുന്നതിലും വിജയിച്ചു. മുറിച്ച് കഷണങ്ങളാക്കിയാൽ വീണ്ടും തമ്മിൽ ചേർന്ന് പൂർവസ്ഥിതി കൈവരിക്കാനും ഇതിനു കഴിയും. ഇതിനെ വലിച്ചുനീട്ടിയതിനു ശേഷം ഒരു നീരാളിയുടെ കൈ പോലെ മടക്കാം എന്ന് ഴാങ് പറയുന്നു.

ലീ ഴാങ്  (Li Zhang )

കുട്ടികൾ അറിയാതെ വിഴുങ്ങിപോകുന്ന ചില സാധനങ്ങളെ തിരഞ്ഞുപിടിച്ച് പുറത്തെടുക്കാൻ ഈ റോബോട്ടിന്ന് കഴിയും. പക്ഷെ, മനുഷ്യശരീരത്തിൽ പരീക്ഷിക്കുന്നതിനുമുൻപ് ഈ റോബോട്ടിനെ ശരീരത്തിനകത്ത് കൃത്യമായി ട്രാക്ക് ചെയ്യാനുള്ള രീതി ഉണ്ടായിരിക്കണമെന്നും വിഷമയമുള്ള നിയോഡഡമിയം കണികകൾ ഈ ചെളിറോബോട്ടിനകത്ത് നിന്ന് ലീക്കായി പുറത്തു പോകാതിരിക്കാനുള്ള സംവിധാനം ഉണ്ടാവണമെന്നും ലീഡ്സ് സർവകലാശാലയിലെ പെട്രോ വാൽഡാൽസ്ട്രി (Pietro Valdastri ) ചൂണ്ടിക്കാണിക്കുന്നു. ഇപ്പോൾ ഈ കാന്തിക ചെളി റോബോട്ട് ചെറിയപ്രാണികൾ സഞ്ചരിക്കുന്ന വേഗതയിൽ മാത്രമേ സഞ്ചരിക്കുന്നുള്ളൂ. ഇതിന്റെ വേഗത കൂട്ടാനുള്ള ഗവേഷണത്തിലാണ് ലീ ഴാങ്.

ചിത്രം കടപ്പാട് New Scientist

അധികവായനയ്ക്ക്

  1. https://www.newscientist.com/article/2314395-robot-made-of-magnetic-slime-could-grab-objects-inside-your-body/
Happy
Happy
33 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
33 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മാനസികാരോഗ്യം എല്ലാവർക്കും: ലോക മാനസികാരോഗ്യ റിപ്പോർട്ട് 2022
Next post 21 ഗ്രാം ആത്മാവിന്റെ ഭാരമോ ?
Close