പ്രൊഫ. പി.കെ.രവീന്ദ്രന്‍
ഇന്ന് ഭൗമദിനം. മനുഷ്യനും മറ്റുജീവജാലങ്ങള്‍ക്കും അഭയമരുളുന്ന ഭൂമിയുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കാനുള്ള അവസരം. ഈ ഭൂമിക്ക് ഈ നിലയില്‍ എത്രനാള്‍ തുടരാന്‍ കഴിയും. അമിതമായ ഊര്‍ജ്ജ ഉപഭോഗം ആഗോള താപനത്തിനുകാരണമൈകുന്നു. വര്‍ധിച്ച അന്തരീക്ഷ താപനിലയെ നേരിടാന്‍ വേണ്ട ശീതീകരണത്തിന് കൂടുതല്‍ ഊര്‍ജ്ജം വേണ്ടിവരുന്നു. ഇതൊരു വിഷമവൃത്തമായിരിക്കുന്നു. വര്‍ധിച്ചുവരുന്ന പ്രകൃതിക്ഷോഭങ്ങള്‍ ഭൂമിഘടനയെത്തന്നെ മാറ്റിമറിക്കുന്നു.
നിരവധിഘടകങ്ങള്‍ ഇതിനുകാരണമായുണ്ട്. ജനസംഖ്യാസമ്മര്‍ദ്ദമാണ് അതില്‍ പ്രധാനം. ഇന്ന് 2020 ഏപ്രിലില്‍ ലോജനസംഖ്യ 776കോടിയാണ്. 1961 ല്‍ ഇത് 305 കോടി മാത്രമായിരുന്നു. ഇന്നത്തെ നിരക്കില്‍ 2050 ആകുമ്പോഴേക്കും 980 കോടിയാകുമെന്നാണ് കണക്കാക്കുന്നത്.
ഇത്രയും ജനങ്ങള്‍ക്ക് അവരുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്ക് നിറവേറ്റാന്‍ വേണ്ടത് നല്‍കാന്‍ ഈ ഭൂമിക്കാവുമോ ? ജൈവഉത്പാദന ശേഷിയുള്ള ഒരു പ്രദേശത്തിന് തുടര്‍ച്ചയായി വിഭവങ്ങള്‍ പ്രദാനം ചെയ്യാനും മാലിന്യങ്ങള്‍ നീക്കം ചെയ്യാനുമുള്ള ശേഷിയുടെ അളവാണ് ജൈവശേഷി (Bio capacity). 2016 ല്‍ ഭൂമിയുടെ മൊത്തം ജൈവശേഷി 12.2 ബില്യണ്‍ ഗ്ലോബല്‍ ബില്യണ്‍ ഹെക്ടറായിരുന്നു. 0.5 ശതമാനം വീതമാണ് വര്‍ധിച്ചത്.
എന്നാല്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുടെ ആധാരമായിട്ടുള്ള പാരിസ്ഥിതിക പാദമുദ്ര (Ecological footprint)യില്‍ ഇക്കാലത്തുണ്ടായ വര്‍ധനവ് 2.1 ശതമാനമായിരുന്നു. 1961 ല്‍ 7 ബില്യണ്‍ ഗ്ലോബല്‍ ഹെക്ടറായിരുന്നത് 2014 ആയപ്പോള്‍ 22.6 ബില്യണ്‍ ഹെക്ടറായി വര്‍ധിച്ചു. പ്രതിശീര്‍ഷ ജൈവശേഷി 3.14 ഗ്ലോബല്‍ ഹെക്ടറില്‍ നിന്ന് 3 ഹെക്ടറായി കുറഞ്ഞു. ജനസംഖ്യാവര്‍ധനവാണ് ഇതിന് കാരണം. പാരിസ്ഥിതിക പാദമുദ്രയും വര്‍ധനവാണ് കാണിച്ചത്. 2.3 ഹെക്ടറില്‍ നിന്ന് 2.7 ഹെക്ടറായി വര്‍ധിച്ചു. ജൈവ ശേഷി പാരിസ്ഥിതിക പാദമുദ്രക്ക് തുല്യമോ കൂടുതലോ ആണെങ്കില്‍ മനുഷ്യന് ആവശ്യമുള്ളത് നല്‍കാന്‍ ഭൂമിക്ക് കഴിയും. 1961 ല്‍ അതായിരുന്നു അവസ്ഥ നോക്കാം. ആഗോള ജൈവശേഷി 9.6 ഹെക്ടര്‍ ആയിരുന്നപ്പോള്‍ പാരിസ്ഥിതിക പാദമുദ്ര (ആവശ്യം) 7 ബില്യണ്‍ ഹെക്ടര്‍ മാത്രമായിരുന്നു.
എന്നാല്‍ 2014 ആയപ്പോള്‍ പാരിസ്ഥിതിക പാദമുദ്ര 22.6 ബില്യണ്‍ ഹെക്ടറായി. ജൈവശേഷിയാകട്ടെ 12.2 ഹെക്ടറും. ആവശ്യങ്ങള്‍ നിറവേറ്റണമെങ്കില്‍ 22.6/12.2 =1.85 ഭൂമി കൂടി വേണമെന്ന സ്ഥിതിയായി. ഇത് ആഗോള സ്ഥിതിയാണ്. എണ്ണ സമ്പന്ന രാജ്യങ്ങള്‍, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ ഇത് പലമടങ്ങാണ്. അമേരിക്കയുടെ പ്രതിശീര്‍ഷ പാരിസ്ഥിതിക പാദമുദ്ര (8.22)യാണ് ലോകശരാശരിയെങ്കില്‍ നമുക്ക് ജീവിക്കാന്‍ 5 ഭൂമിവേണമെന്നതാണ് അവസ്ഥ. (8.22/1.63=5.014)
ഈ സാഹചര്യത്തിലാണ് മനുഷ്യന്‍ ഇന്നത്തെ ജീവിതരീതിയും വികസനകാഴ്ച്ചപ്പാടുകളും പുനപരിശോധനക്ക് വിധേയമാക്കേണ്ടത്. 1500 ശാസ്ത്രജ്‌ഞരാല്‍ ഒപ്പിട്ട ലോക ശാസ്ത്രജ്ഞന്മാരുടെ മനുഷ്യരാശിക്കുള്ള മുന്നറിയിപ്പില്‍ ആവശ്യപ്പെടുന്നത് നമ്മുടെ വ്യക്തിഗത പെരുമാറ്റരീതികള്‍, ഉത്പാദന പ്രവര്‍ത്തനങ്ങള്‍, ഫോസില്‍ ഇന്ധനങ്ങളുടെയും മറ്റു വിഭവങ്ങളുടെയും ഉപഭോഗം, എന്നീ പുനപരിശേധനക്കും മാറ്റങ്ങള്‍ക്കും വിധേയമാക്കണമെന്നാണ്.
ദുരന്തങ്ങള്‍ക്കുമുന്നില്‍ പകച്ചുനില്‍ക്കുന്ന ഈ അവസ്ഥയിലെങ്കിലും ഇത്തരമൊരു പുനരാലോചനക്ക് മനുഷ്യസമൂഹം തയ്യാറാവുമെന്ന് പ്രതീക്ഷിക്കാം
.
One thought on “ഈ ഭൂമിയിങ്ങനെ എത്രനാള്‍?”