
വനിതാദിനം – ചരിത്രത്തിലൂടെ
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്ത്രീ സംഘടനകളുടേയും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടേയും മുൻകൈയിലാണ് വനിതാദിന ആചരണം ആരംഭിച്ചത്. 1857-ൽ ന്യൂയോർക്കിലെ വസ്ത്രനിർമാണ സ്ത്രീതൊഴിലാളികൾ നടത്തിയ സമരത്തിന്റെ അമ്പതാം വാർഷികാചരണത്തിന്റെ ഭാഗമായി 1908-ൽ ന്യൂയോർക്കിലെ തന്നെ വസ്ത്രനിർമാണ തൊഴിലാളികളായ സ്ത്രീകൾ മെച്ചപ്പെട്ട വേതനത്തിനും കുറഞ്ഞ തൊഴിൽ സമയത്തിനും, വോട്ടവകാശത്തിനും വേണ്ടി നടത്തിയ വമ്പിച്ച ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രകടനവും തുടർസമരങ്ങളുമാണ് ഇത്തരമൊരു ദിനാചരണം വ്യാപകമാകുന്നതിലേക്ക് നയിച്ചത്. 1907-ൽ തന്നെ ക്ളാരാസെത്കിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം സ്ത്രീ സോഷ്യലിസ്റ്റുകൾ ലിംഗതുല്യത എന്ന ലക്ഷ്യമുയർത്തി ജർമനിയിൽ കൂടിച്ചേർന്നിരുന്നു.

1909-ൽ അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരിയിലെ അവസാനത്തെ ഞായറാഴ്ച ആദ്യമായി വനിതാദിനം ആഘോഷിച്ചു. അവിടെ പ്രധാനമായും ചർച്ച ചെയ്തത് സ്ത്രീകളുടെ വോട്ടവകാശമുൾപ്പടെ അവകാശങ്ങളിലെ തുല്യതയായിരുന്നു. 1910-ൽ ഡെൻമാർക്കിലെ കോപ്പൻഹാഗനിൽ രണ്ടാം സോഷ്യലിസ്റ്റ് ഇന്റർനാഷണലിന്റെ മുന്നോടിയായി സംഘടിപ്പിച്ച സോഷ്യലിസ്റ്റ് വനിതാസമ്മേളനത്തിൽ ജർമനിയിൽ നിന്നുള്ള പ്രതിനിധികൾ യൂറോപ്പിൽ എല്ലാവർഷവും വനിതാദിനം ആചരിക്കണമെന്ന് ആവശ്യപ്പെട്ടു. അതിനായി പ്രത്യേകമായ ഒരു തീയതി അവർ നിർദേശിച്ചിരുന്നില്ല. തുടർന്ന് യൂറോപ്പിൽ 1911-ൽ പാരിസ് കമ്മ്യൂണിന്റെ വാർഷിക ദിനമായ മാർച്ച് 18-ന് ആദ്യമായി വനിതാദിനം വ്യാപകമായി ആചരിക്കപ്പെട്ടു. വോട്ടവകാശവും അവകാശതുല്യതയുമായിരുന്നു പ്രധാന മുദ്രാവാക്യങ്ങൾ. പിൽക്കാലത്ത് 1967-ൽ അമേരിക്കയിലെ ചിക്കാഗോയിൽ കമ്മ്യൂണിസ്റ്റുകളായ സ്ത്രീ സംഘടനാപ്രവർത്തകരാണ് വനിതാദിനാചരണത്തെ പുനരുജ്ജീവിപ്പിച്ചത്. സമത്വത്തിനും തുല്യതയ്ക്കുമായുള്ള പ്രവർത്തനങ്ങൾക്ക് ആശയങ്ങളുടെ കരുത്ത് നൽകി അതിനെ മുന്നോട്ട് നയിക്കുന്നതിൽ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളും ചിന്തകരും പ്രധാന പങ്കുവഹിച്ചു.

ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ 1975 മുതലാണ് വനിതാദിനം ആഘോഷിക്കാൻ തുടങ്ങിയത്. എങ്കിലും 1911 മുതൽ ഔദ്യോഗികമായി വനിതാദിനം ആചരിച്ചതായി ഐക്യരാഷ്ട്ര സംഘടന കണക്കാക്കുന്നു. ഇതനുസരിച്ച് 2011-ൽ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ വനിതാദിനാചരണങ്ങളുടെ നൂറാം വാർഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ സ്ത്രീകളും പുരുഷൻമാരും ഒന്നിയ്ക്കുക എന്നതായിരുന്നു ആ വർഷത്തെ മുദ്രാവാക്യം. 1975-ൽ സ്ത്രീശാക്തീകരണം മാനവികതയ്ക്ക് എന്ന മുദ്രാവാക്യത്തിൽ തുടങ്ങിയ UN ദിനാചരണം സ്ത്രീകളുടെ സാമൂഹ്യമായ ഉൾക്കൊള്ളൽ യാഥാർത്ഥ്യമാക്കാനുള്ള ഒട്ടേറെ ഇടപെടൽ നടത്തിയിട്ടുണ്ട്. 2014 ൽ ‘He for She’ എന്ന മുദ്രാവാക്യത്തിലൂടെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക്, അവരുടെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാനുള്ള ഉത്തരവാദിത്തം പുരുഷന്മാരും ഏറ്റെടുക്കണമെന്നും UN ആഹ്വാനം ചെയ്തു. സ്ത്രീകൾക്കെതിരെയുള്ള എല്ലാ വിവേചനങ്ങളും അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട 1979-ലെ CEDAW (Convention on Elimination of all types of Discrimination against Women) ലോകമൊട്ടുക്കുമുള്ള സ്ത്രീപക്ഷ ഇടപെടലുകൾക്ക് ആക്കംകൂട്ടിയിരുന്നു. 1975 മുതൽ 1995 വരെ UN സംഘടിപ്പിച്ച നാല് ലോക വനിതാസമ്മേളനങ്ങളും, അതിൽ തന്നെ 1995-ൽ ബീജിംഗിൽ നടന്ന സമ്മേളനം പ്രത്യേകിച്ചും ഇത്തരം ഇടപെടലുകളുടെ വേഗത കൂട്ടി. ആദ്യമായി ഒരു പ്രവർത്തനപരിപാടി (Platform for Action) രൂപപ്പെട്ടതും ബീജിംഗിലാണ്. ഈ പരിപാടി തുടർന്നുള്ള വർഷങ്ങളിൽ കൃത്യമായി വിലയിരുത്തുകയും തുടർപ്രവർത്തനം ഉറപ്പ് വരുത്തുകയും ചെയ്തു. 2000-ത്തിൽ ഇവ കൂടി ഉൾപ്പെടുത്തി സഹസ്രാബ്ദ വികസനലക്ഷ്യങ്ങൾ (millennium development goals-MDG) മുന്നോട്ട് വെക്കുകയും ചെയ്തു.

ഇവയിലൊക്കെ ജെൻഡർ തുല്യതയും സ്ത്രീശാക്തീകരണവും പ്രാധാന്യത്തോടെ തന്നെ ഇടം പിടിച്ചിരുന്നു എന്ന് മാത്രമല്ല മറ്റ് ലക്ഷ്യങ്ങൾ നേടാനുള്ള മുന്നുപാധി കൂടിയായി അത് അംഗീകരിക്കപ്പെട്ടിരുന്നു. 2015-ൽ അവസാനിച്ച MDG-യിൽ വികസ്വരരാജ്യങ്ങൾ മാത്രമാണ് ഉൾപ്പെട്ടിരുന്നത്. എന്നാൽ അതേ വർഷം ആരംഭിച്ച് ഇപ്പോഴും തുടരുന്ന, 2030-ൽ ലക്ഷ്യം നേടണമെന്ന് കരുതുന്ന സുസ്ഥിര വികസനലക്ഷ്യങ്ങൾ (SDG) എല്ലാ രാജ്യങ്ങൾക്കും ഒരുപോലെ ബാധകമാണ്. ഈ വർഷം മുന്നോട്ട് വെച്ച തീം ‘തുല്യതയ്ക്കായുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക’ (accelerate action for equality) എന്നതും ഈ പ്രവർത്തനങ്ങളുടെ തുടർച്ചയായി തന്നെ കാണാവുന്നതാണ്.
തുല്യത, സമത്വം: ഇന്ത്യയിലും കേരളത്തിലും
ബീജിംഗ് ലോക വനിതാസമ്മേളന പരിപാടിക്ക് (Beijing Platform for action) 30 വർഷം തികയുന്ന 2025-ലെ വനിതാദിനത്തിന് യു.എൻ മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം ‘എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും: അവകാശങ്ങൾ, സമത്വം, ശാക്തീകരണം’ എന്നതാണ്. എന്നാൽ ഇന്ത്യയിലെ അവസ്ഥ ഇക്കാര്യത്തിൽ ഏറെ പരിതാപകരമാണ്. ജെൻഡർ അസമത്വ സൂചികയിൽ 193 രാജ്യങ്ങളിൽ 108, ജെൻഡർ ഗ്യാപ് സൂചികയിൽ 146-ൽ 129, ലോക വിശപ്പ് സൂചികയിൽ 127-ൽ 105 എന്നിങ്ങനെയാണ് ഇന്ത്യയുടെ സ്ഥാനങ്ങള്‍. വേതനത്തിലെ ജെൻഡർ വിടവ് വളരെ വലുതാണ്. 2022-ൽ തൊഴിലിൽ നിന്നുമുള്ള വരുമാനത്തിന്റെ 82 ശതമാനവും പുരുഷന്മാർക്കായിരുന്നു ലഭിച്ചത്. സ്ത്രീകൾക്ക് കേവലം 18 ശതമാനം മാത്രമാണ് ലഭിച്ചത്.

1950-ൽ നിലവിൽ വന്ന ഇന്ത്യയിലെ ആസൂത്രണ കമ്മീഷന്റെ നേതൃത്വത്തിൽ നടത്തിയ പഞ്ചവൽസര പദ്ധതികളിലൂടെ തുല്യതക്കും സമത്വത്തിനുമായുള്ള ഇടപെടലുകൾ ക്രമാനുഗതമായി വികസിച്ച് വന്നിരുന്നു. 2017-ൽ ഇന്ത്യാ ഗവണ്മെന്റ് ആസൂത്രണ കമ്മീഷന് പകരം നീതി ആയോഗ് (NITI Aayog) എന്ന സംവിധാനം കൊണ്ട് വന്നു. ഇപ്പോൾ 17 സുസ്ഥിര വികസനലക്ഷ്യങ്ങളിൽ സംസ്ഥാനങ്ങളുടെ പുരോഗതി വിലയിരുത്തി നീതി ആയോഗ് നൽകുന്ന സ്കോറുകളാണ് വികസനത്തിന്റെ മാനദണ്ഡം.
കേരളം ഇക്കാര്യത്തിൽ ലിംഗസമത്വവുമായി ബന്ധപ്പെട്ട ലക്ഷ്യം 5-ൽ ഒഴികെ മിക്കവാറും എല്ലാം ലക്ഷ്യങ്ങളിലും ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ്. കേരളത്തിൽ ആസൂത്രണ കമ്മീഷൻ നിലവിലുണ്ട്, പഞ്ചവൽസര പദ്ധതികൾ തുടരുകയും ചെയ്യുന്നു. 2022 മുതൽ നിലവിലുള്ളത് പതിനാലാം പഞ്ചവൽസര പദ്ധതിയാണ്.

കേരള വികസന മാതൃക എന്ന് പ്രസിദ്ധമായ ഇടപെടലിന്റെ പ്രധാന ഘടകങ്ങൾ വിദ്യാഭ്യാസവും ആരോഗ്യവുമായിരുന്നല്ലോ. ഇതിൽ സ്ത്രീകളുടെ വിദ്യാഭ്യാസനേട്ടങ്ങളും മികച്ച ആരോഗ്യസൂചകങ്ങളും പ്രസ്തുതമികവിന്റെ അടിസ്ഥാനമായി മാറുകയും ചെയ്തു. എന്നാൽ കേരളം നേടിയ നേട്ടങ്ങളോടൊപ്പമെത്താൻ കഴിയാതെ സ്ത്രീകൾ ഇപ്പോഴും സാമൂഹ്യമായി പിന്നോക്കം തന്നെയാണെന്ന് കാണാം. കുറഞ്ഞ തൊഴിൽ പങ്കാളിത്തവും അതിനാൽ തന്നെ കുറഞ്ഞ ആർജിത വരുമാനവും, വേതനം കുറവുള്ള തൊഴിൽ മേഖലകളിലെ സ്ത്രീ കേന്ദ്രീകരണം, പരമ്പരാഗത തൊഴിൽ മേഖലകളായ കയർ, കശുവണ്ടി, കൈത്തറി, തോട്ടം മേഖല തുടങ്ങിയവയിലെ വർധിച്ച സ്ത്രീ പ്രാതിനിധ്യം തുടങ്ങിയവയൊക്കെ ഇതിലേക്ക് നയിക്കുന്ന കാരണങ്ങളിൽ ചിലതാണ്. പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേ പ്രകാരം 2024 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 15-29 പ്രായക്കാരായ 42.3% പുരുഷന്മാരും 18.6% സ്ത്രീകളുമാണ് തൊഴിൽ പങ്കാളിത്തത്തില്‍(Worker Population Ratio, WPR) ഉള്ളത്. ഇത് മൊത്തം പ്രായഗ്രൂപ്പിലാവുമ്പോൾ യഥാക്രമം 52.5%, 21.8% എന്നിങ്ങനെയാണ്.
വേതനതുല്യത നിയമം മൂലം ഉറപ്പാക്കിയിട്ടുള്ളതാണ്. എന്നാൽ 2024-ൽ ഗ്രാമപ്രദേശങ്ങളിൽ പുരുഷന്മാരുടെ ദിവസവേതനം 846 രൂപയും സ്ത്രീകളുടേത് 419 രൂപയും ആയിരുന്നു. ഇത് നഗരങ്ങളിൽ യഥാക്രമം 903, 494 എന്നിങ്ങനെയും ആയിരുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർഷം തോറും വർധിച്ചു വരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. സമൂഹത്തിൽ നിലനിൽക്കുന്ന അധികാരഘടനയുടേയും സാമൂഹ്യ ധാരണകളുടേയും പ്രതിഫലനമായി കൂടെ ഇത്തരം അതിക്രമങ്ങളെ കാണേണ്ടതുണ്ട്.
കാൽ നൂറ്റാണ്ട് കഴിഞ്ഞ ജനകീയാസൂത്രണ -അധികാര വികേന്ദ്രീകരണ പ്രക്രിയ പൊതു സമൂഹത്തിൽ ഏറെ മികവുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഇക്കാലയളവിൽ നടപ്പാക്കിയ വനിതാഘടകപദ്ധതിയും നൂതനമായ ഇടപെടൽ തന്നെ ആയിരുന്നു. പ്രളയം, കോവിഡ് പോലുള്ള കെടുതികളുടെ കാലത്ത് തദ്ദേശഭരണ സ്ഥാപനങ്ങളുടേയും കുടുംബശ്രീ സംവിധാനത്തിന്റേയും മറ്റും ഇടപെടലുകളിൽ ഈ അനുഭവങ്ങളുടെ ഉൾക്കരുത്ത് സവിശേഷമായി ദൃശ്യമായിരുന്നു. ഇതൊക്കെയാണെങ്കിലും കേരളസമൂഹത്തിൽ ലിംഗപരമായ അസമത്വങ്ങൾ തുടരുന്നുണ്ട് എന്നതാണ് വാസ്തവം. പട്ടികവർഗ വിഭാഗങ്ങളിൽപെട്ട മനുഷ്യരുടെ ജീവിതസൂചകങ്ങൾ പൊതുവെയും പട്ടികവർഗത്തിൽപെട്ട സ്ത്രീകളുടേത് പ്രത്യേകിച്ചും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഉദാഹരണമായി 2011 സെൻസസ് പ്രകാരം കേരളത്തിലെ സാക്ഷരതാ നിരക്ക് 93.91 ശതമാനമായിരുന്നപ്പോൾ പട്ടികവർഗ സ്ത്രീകളുടെ സാക്ഷരതാ നിരക്ക് 70.15 ശതമാനമായിരുന്നു.
ഇനിയെന്ത്?
നിയമപരമായ പരിരക്ഷകളും സർക്കാർ തല നടപടികളും വഴി ജനങ്ങളുടെ ജീവിതാവസ്ഥകൾ കുറേയൊക്കെ മെച്ചപ്പെടുത്താനാവും. എന്നാൽ മതവും ജാതിയും ആചാരങ്ങളും വിശ്വാസങ്ങളും എല്ലാം മനുഷ്യ ജീവിതത്തിൽ ഇടപെട്ടു കൊണ്ടേയിരിക്കുന്നുണ്ട്. ഇവ മുന്നോട്ട് വെക്കുന്ന അധികാരബന്ധങ്ങളും അശാസ്ത്രീയ സമീപനങ്ങളും എല്ലാ മനുഷ്യരേയും ബാധിക്കുമെങ്കിലും സ്ത്രീകളുടേയും മറ്റ് ദുർബല, പാർശ്വവൽകൃത മനുഷ്യരുടേയും ജീവിതത്തെ അത് കൂടുതൽ ബുദ്ധിമുട്ടിലാക്കും. എല്ലാ മനുഷ്യർക്കും ലിംഗപദവീ തുല്യത ഉറപ്പുവരുത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ അവബോധമുണ്ടാവുക എന്നത് പ്രധാനമാണ്. അതിനായി നിലവിൽ ലഭ്യമായ ജെൻഡർ റിസോഴ്സ് സെൻറർ പോലുള്ള സംവിധാനങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇത്തരം കേന്ദ്രങ്ങളുടെ മേൽനോട്ടത്തിൽ ജെൻഡർ റിസോഴ്സ് ഗ്രൂപ്പുകൾ രൂപീകരിച്ച് ഇടപെടൽ സാധ്യത വർധിപ്പിക്കേണ്ടതുണ്ട്. സ്ത്രീകൾക്കും തുല്യജോലിക്ക് തുല്യവേതനം ലഭിക്കാനുള്ള സാമൂഹ്യമായ ഇച്ഛാശക്തി ഉയർന്നുവരണം, ഉറപ്പാക്കണം. പൊതുസ്ഥാപനങ്ങളേയും സംവിധാനങ്ങളേയും ജെൻഡർ സൗഹൃദപരമാക്കണം. അതിനായി ജെൻഡർ ഓഡിറ്റ് നിർബ്ബന്ധമാക്കണം. വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കും വിജ്ഞാനസമൂഹത്തിലേക്കും മുന്നേറുന്ന കേരളത്തിൽ ലിംഗസമത്വമെന്നത് അനിവാര്യമായും സാധിച്ചെടുക്കേണ്ട ഒരു ലക്ഷ്യമാണ്.
അധിക വായനയ്ക്ക്


സ്ത്രീപഠനം
കേരളത്തിലെ സ്ത്രീ ജീവിതത്തിന്റെ വൈരുധ്യങ്ങളെ കുറിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ അന്വേഷണമാണ് കേരള സ്ത്രീ എങ്ങനെ ജീവിക്കുന്നു ?എങ്ങനെചിന്തിക്കുന്നു ? എന്ന സ്ത്രീപഠനം.
വനിതാദിന ലേഖനങ്ങൾ








