Read Time:13 Minute

പെൺകരുത്തിന്റെ ത്രസ്റ്ററിൽ ഇന്ത്യൻ ബഹിരാകാശ കുതിപ്പ്..

ഐ.എസ്.ആർ.ഒ.യുടെ ബഹിരാകാശശാസ്ത്രസാങ്കേതിക രംഗത്തെ വിവിധഘട്ടങ്ങളിൽ നിരവധി സ്ത്രീകളാണ് നേതൃത്വം നൽകുന്നത്. ചന്ദ്രയാൻ 3 പദ്ധതിയിൽ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരുമായി 54 സ്ത്രീകളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഐഎസ്ആർഒയിലെ 16,000 ജീവനക്കാരിൽ 20 മുതൽ 25 ശതമാനം വരെ സ്ത്രീകളാണ്


ന്ദ്രയാൻ 3 ലക്ഷ്യപ്രാപ്തിയിലൂടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയ ഇന്ത്യയുടെ ശാസ്ത്രവിജയം ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ പുതിയൊരാദ്ധ്യായമാണ് എഴുതിച്ചേർത്തത്. അതുവഴി ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടനയായ ഐഎസ്ആർഒ ഇന്ത്യയെ ശാസ്ത്രലോകത്തിന്റെ നെറുകയിലാണ് എത്തിച്ചത്.

എന്നാൽ അതിൽ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ചന്ദ്രയാൻ 3 പദ്ധതിയിൽ 54 വനിതാ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും ഉൾപ്പെട്ടിട്ടുണ്ടായിരുന്നുവെന്നതാണ്. ഐഎസ്ആർഒയിലെ 16,000 ജീവനക്കാരിൽ 20 മുതൽ 25 ശതമാനം വരെ സ്ത്രീകളാണെന്ന് ലേഡി മിഷൻ ഡയറക്ടർ അനുരാധ ടി.കെ. യെ ഉദ്ധരിച്ച് ബിബിസിയും റിപ്പോർട്ട് ചെയ്തു. വീടും കുടുംബവും മാത്രമാണ് സ്ത്രീകൾക്ക് അനുയോജ്യമായ ഇടമാണെന്ന് കരുതുന്ന യാഥാസ്ഥിതിക ഇന്ത്യയിൽ പരിതസ്ഥിതിയിൽ സാമൂഹിക മാറ്റത്തിന്റെ സുവർണ്ണ രേഖയായി ഇതിനെ കാണാം.

മംഗൾയാൻ വിജയം ആഘോഷിക്കുന്ന ഇസ്രോ സംഘം

ചൊവ്വയിലേക്ക് പേടകങ്ങൾ അയയ്‌ക്കുന്ന പദ്ധതികളിൽ ഉൾപ്പെടെ ഡയറക്‌ടർമാർ, ഡെപ്യൂട്ടി ഡയറക്‌ടർമാർ എന്നീ നിലകളിൽ കുറഞ്ഞത്‌ എട്ട്‌ വനിതാ ശാസ്ത്രജ്ഞരെങ്കിലും ബഹിരാകാശ മിഷനുകൾക്ക് തന്ത്രപ്രധാനമായ ചുക്കാൻ പിടിച്ചിട്ടുണ്ട്‌.

ഈ വനിതാ ശാസ്ത്രജ്ഞരെ “റോക്കറ്റ് വിമൻ ഓഫ് ഇന്ത്യ” എന്ന് ബഹുമാനപൂർവ്വം വിശേഷിപ്പിക്കാം. ഡയറക്ടർ തലത്തിലുള്ള വനിതാശാസ്ത്രജ്ഞർ തന്നെ ഒന്നിലധികം ദൗത്യങ്ങളിൽ പങ്കെടുത്തത് 30-ലധികം വർഷങ്ങളിലായുള്ള തങ്ങളുടെ പ്രവൃത്തിപരിചയത്തിലൂടെയാണ്. 1980-കൾ മുതൽ ഐഎസ്ആർഒയിൽ സ്ത്രീകളുടെ സജീവ പങ്കാളിത്തം ഉയർന്നുവരുന്നുണ്ട്. ഐഎസ്ആർഒയിലെ വനിതകളുടെ ശ്രദ്ധേയമായ ഒരു സവിശേഷത പുരുഷന്മാരെപ്പോലെ, അവരും സാധാരണ ഇന്ത്യൻ മധ്യവർഗത്തിലെ വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു എന്നതാണ്. ഇന്ത്യയിലെ മധ്യവർഗത്തിന്റെ ഹാർഡ്കോർ ആയ ചെറുപട്ടണങ്ങളിൽ നിന്ന് വളർന്ന് വിദ്യാഭ്യാസം നേടി വന്നവരാണധികം പേരും. അവർക്കെല്ലാം അവരുടെ അടുത്ത കുടുംബാംഗങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും ലഭിക്കുന്ന പൂർണ്ണപിന്തുണയും പ്രോത്സാഹനവുമാകാം അവരുടെ ശേഷിയുടെയും നിപുണതയുടെയും ചാലകശക്തി.

അനുരാധ ടി.കെ.

ഐ എസ് ആർ ഒ യിലെ ആദ്യത്തെ സാറ്റലൈറ്റ് പ്രോജക്ട് ഡയറക്ടറാണ് അനുരാധ ടി.കെ . 1961-ൽ ബാംഗ്ലൂരിൽ ജനിച്ച അനുരാധ വിശ്വേശ്വര യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നിന്നും ഇലക്ട്രോണിക്സിൽ എഞ്ചിനീയറിങ് പൂർത്തിയാക്കി. കമ്യൂണിക്കേഷൻ സാറ്റലൈറ്റിൽ വൈധഗ്ധ്യം നേടി. അനുരാധ ഇന്ന് ഐഎസ്ആർഒയിലെ ഏറ്റവും മുതിർന്ന വനിതാ ശാസ്ത്രജ്ഞരിൽ ഒരാളാണ്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ റഡാർ ഇമേജിംഗ് സാറ്റലൈറ്റായ റിസാറ്റ്-1 ന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു അവർ. ഇൻസാറ്റ്-2എ, ഐആർഎസ്-1സി, ഐആർഎസ് തുടങ്ങിയ വിവിധ ദൗത്യങ്ങളിലും അവർ പങ്കാളിയായിരുന്നു.

മുത്തയ്യ വനിത

ചന്ദ്രയാൻ 2 പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറായിരുന്നു മുത്തയ്യ വനിത. ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറാണ് ചെന്നൈ സ്വദേശിയായ മുത്തയ്യ. പ്രോജക്ട് ഡയറക്ടർ എന്ന നിലയിൽ അവർ ഹാർഡ്‌വെയർ വികസനത്തിന് മേൽനോട്ടം വഹിച്ചു. മുന്‍പ് ഇന്ത്യയുടെ വിദൂരസംവേദന ഉപഗ്രഹങ്ങളുമായി ബന്ധപ്പെട്ട ചുമതലകള്‍ വഹിച്ചിരുന്നു. 2006 ലെ മികച്ച വനിതാശാസ്ത്രജ്ഞക്കുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. കാർട്ടോസാറ്റ്-1, ഓഷ്യൻസാറ്റ്-2, മേഘ-ട്രോപിക്‌സ് ഉപഗ്രഹങ്ങൾ തുടങ്ങിയ സാറ്റലൈറ്റ് പ്രോജക്ടുകളുടെ ഡാറ്റാ സിസ്റ്റങ്ങളുടെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറായിരുന്നു അവർ. 2006-ൽ ആസ്ട്രോണമിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ മികച്ച വനിതാ ശാസ്ത്രജ്ഞയ്ക്കുള്ള പുരസ്കാരം അവർക്ക് ലഭിച്ചു.

റിതു കരിധാൾ

ഇന്ത്യയുടെ റോക്കറ്റ് വനിത എന്നറിയപ്പെടുന്ന റിതു കരിധാൾ മംഗള്‍യാന്‍ ദൌത്യത്തില്‍ ഡെപ്യൂട്ടി ഡയരക്ടര്‍ ആയിരുന്നു. ബഹിരാകാശത്തെ യാത്ര സ്വയം നിയന്ത്രിക്കാനും തകരാറുകള്‍ സംഭവിക്കുമ്പോള്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും പറ്റുന്ന വിധത്തില്‍ പേടകത്തിന്റെ ഓട്ടോമേഷന്‍ സംവിധാനം രൂപപ്പെടുത്തുകയായിരുന്നു അവരുടെ ചുമതല. 2007 ല്‍ യുവശാസ്ത്രജ്ഞക്കുള്ള പ്രതിഭാപുരസ്‌കാരം നേടിയിരുന്നു.

വി.ആർ.ലളിതാംബിക

ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കുന്ന ഇന്ത്യയുടെ ഗഗന്‍ യാന്‍’ ദൗത്യത്തിന്റെ മുഖ്യ ചുമതലക്കാരിൽ മലയാളി ശാസ്ത്രജ്ഞയായ വി.ആർ.ലളിതാംബികയാണ്. ഗഗന്‍യാന്‍ ദൌത്യത്തില്‍ ഒരു വനിതയെ ബഹിരാകാശത്തേക്ക് അയക്കാനും പദ്ധതിയുണ്ട്. വിക്ഷേപണ സാങ്കേതിയ വിദ്യയില്‍ വിദഗ്ധയായ ഡോ. ലളിതാംബിക. 1988 മുതല്‍ ഐഎസ്ആര്‍ഒ യില്‍ സേവനം ചെയ്യുകയാണ്. ഇതിനോടകം തന്നെ നിരവധി പുരസ്‌കാരങ്ങളും അവര്‍ സ്വന്തമാക്കിട്ടുണ്ട്. 2001ല്‍ സ്‌പേസ് ഗോള്‍ഡ് മെഡല്‍, ഐ എസ് ആര്‍ ഒ വ്യക്തിഗത മെറിറ്റ് അവാര്‍ഡ്, 2013ല്‍ പെര്‍ഫോമന്‍സ് എക്‌സലന്‍സ് അവാര്‍ഡ് തുടങ്ങി നേട്ടങ്ങള്‍ക്ക് ഇവര്‍ അര്‍ഹയാണ്. 2014ല്‍ വിജയകരമായി പരീക്ഷണം നടത്തിയ എല്‍ വി എം3(ജിഎസ്എല്‍വി മാക് ത്രീ) വികസിപ്പിച്ചെടുത്തത് ലളിതാംബികയുടെ നേതൃത്യത്തിലുള്ള സംഘമാണ്.

ടെസ്സി തോമസ്

“മിസൈൽ വുമൺ” എന്നറിയപ്പെടുന്ന ടെസ്സി തോമസ് 1963-ൽ കേരളത്തിലെ ആലപ്പുഴയിലാണ് ജനിച്ചത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനിൽ (ഡിആർഡിഒ) അഗ്നി-IV മിസൈൽ പ്രോഗ്രാമിന്റെ പ്രോജക്ട് ഡയറക്‌ടറായിരുന്ന അവർ ഇന്ത്യയിലെ ഒരു മിസൈൽ പദ്ധതിക്ക് നേതൃത്വം നൽകുന്ന ആദ്യവനിതാ എഞ്ചിനീയറാണ്. 3000 കിലോമീറ്റർ ദൂര പരിധിയുള്ള അഗ്നി – 3 മിസൈൽ പദ്ധതിയുടെ പ്രവർത്തനങ്ങളിൽ ടെസ്സി പങ്കാളിയായിരുന്നു. 2009ൽ അവർ 5000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി – 5 മിസൈൽ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറായി നിയമിതയായി. 2012 ഏപ്രിൽ 19നു അഗ്നി – 5 മിസൈൽ വിജയ്കരമായി പരീക്ഷിച്ചു.

എൻ.വളർമതി

1984 മുതൽ ഐഎസ്ആർഒയിൽ ജോലി ചെയ്യുന്ന തമിഴ്‌നാട്ടിലെ അരിയല്ലൂർ സ്വദേശിയായ എൻ.വളർമതി ഇൻസാറ്റ് 2എ, ഐആർഎസ് ഐസി, ഐആർഎസ് ഐഡി, ടിഇഎസ് ഉൾപ്പെടെയുള്ള ദൗത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. കോയമ്പത്തൂരിലെ ഗവൺമെന്റ് കോളേജ് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദവും, ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടി. ഇന്ത്യ സ്വന്തമായി വികസിപ്പെടുച്ച റഡാർ ഇമേജിങ് ഉപഗ്രഹം റിസാറ്റ്–1 ന്റെ പ്രൊജക്ട് ഡയറക്ടർ. ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൽ എത്തുന്നതു 1984ൽ. ഇൻസാറ്റ് 2–എ ഉൾപ്പെടെയുള്ള പ്രശസ്ത പദ്ധതികളുടെ ഭാഗമായി. ടി.കെ.അനുരാധയ്ക്കുശേഷം ഒരു വലിയ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ ആകുന്ന രണ്ടാമത്തെ വനിതയാണു വളർമതി. മുൻ രാഷ്ട്രപതി അബ്ദുൽ കലാമിന്റെ ഓർമയിൽ തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ശാസ്ത്ര പുരസ്കാരത്തിന് അർഹയായ വനിതയാണ് എൻ.വളർമതി.

കൂടാതെ മംഗൾയാൻ മിഷനിൽ ചുമതലയുള്ള ശാസ്ത്രജ്ഞരായ കൽപന കെ, നന്ദിനിഹരിനാഥ് , മിനൽ രോഹിത് സ്പേസ് ആപ്ലിക്കേഷൻ സെന്ററിലെ മമിത ദത്ത ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ ചുമതലയുള്ള വി ആർ ലളിതാംബിക തുടങ്ങിയവർ ഇന്ത്യൻ ബഹിരാകാശ ശാസ്ത്ര ഗവേഷണ രംഗത്തെ പെൺകരുത്തുകളാണ്. ഇങ്ങനെ ഐ എസ് ആർ ഒ യുടെ ബഹിരാകാശശാസ്ത്രസാങ്കേതിക രംഗത്തെ വിവിധഘട്ടങ്ങളിൽ നിരവധി പെൺഅഭിമാനങ്ങൾ നിർണ്ണായക ചുമതലകൾ വഹിക്കുന്നത് എന്തുകൊണ്ടും നമുക്ക് അഭിമാനകരം തന്നെയാണ്.


അനുബന്ധ വായനയ്ക്ക്


female engineer in space station

വനിതാ ശാസ്ത്രപ്രതിഭകളുടെ ചിത്രഗാലറി

200 വനിതാശാസ്ത്രജ്ഞർ – ലൂക്ക തയ്യാറാക്കിയ പ്രത്യേക ഇന്ററാക്ടീവ് പതിപ്പ് സ്വന്തമാക്കാം

Happy
Happy
38 %
Sad
Sad
0 %
Excited
Excited
63 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കണ്ട്, കേട്ട്, തൊട്ട് അറിയുന്ന ലോകങ്ങൾ
Next post പൂമ്പാറ്റകളും ചോദ്യപ്പൂക്കളവും – ലൂക്ക ഓണപ്പതിപ്പ് ഡൗൺലോഡ് ചെയ്യാം
Close