കൊളംബിയയിലെ മൂന്നു നഗരങ്ങളിൽ കൊതുകുകൾ നല്ല നടപ്പിനു പഠിക്കുന്നു എന്ന് വാർത്ത വരുന്നു. വോൾബാക്കിയ എന്ന ബാക്ടീരിയയെ ഉള്ളിലാക്കിയ ഈഡിസ് ഈജിപ്റ്റൈ എന്നയിനം കൊതുകുകൾ നഗരത്തിൽ പറന്നിറങ്ങിയതോടെ ഡെങ്കിപ്പനിയുടെ അളവ് 94 മുതൽ 97 ശതമാനം വരെയാണത്രേ കുറഞ്ഞത്. ഒന്ന് ചുഴിഞ്ഞു ചിന്തിച്ചാൽ നമുക്ക് കാര്യം മനസ്സിലാകും. പറന്നിറങ്ങിയതല്ല.. പറത്തിയിറക്കിയതാ !
കൊതുകുകൾക്കായുള്ള ഒരു ആഗോളപദ്ധതിയുണ്ടെന്നും അവർക്ക് വൻകിട കൊതുകു ഫാക്ടറികൾ ഉണ്ടെന്നും കേൾക്കുമ്പോൾ ഒരു പക്ഷേ, അവയേതോ കുടില കൊടൂര കൊതുകു സാമ്രാജ്യത്തിന്റെ ഗൂഢപദ്ധതിയായിരിക്കും എന്ന് നമ്മൾ സംശയിച്ചേക്കാം.
അല്ല.. ശരിക്കും അത് മനുഷ്യരുടെ കുതന്ത്രമാണ്.
കൊതുകുകളെ വെറും സാധുക്കളായ ചൊറിയപ്രമാണിമാരാക്കി മാറ്റാനുള്ള വളരെ കൃത്യമായ ഒരു പരിപാടിയാണ് ഈ വേൾഡ് മൊസ്കിറ്റോ പ്രോഗ്രാം. വന്യമശകങ്ങളെ മെരുക്കിമിനുക്കി പുത്തൻ ബ്രീഡാക്കി മാറ്റി നാട്ടകങ്ങളിലേക്ക് പറത്തി വിടുകയാണ് അവരുടെ പരിപാടി.
ഇങ്ങനെ ജനിതകമാറ്റം വരുത്തിയ കൊതുകുകളെ നല്ല നടപ്പിനായി കൊളംബിയയിലെ അബുറാ വാലിയിലേക്കും പിന്നീട് ബെല്ലോ, മെഡെയിൻ, ഇറ്റാഗ്വി നഗരങ്ങളിലേക്കും 2015 മുതൽ 2020 വരെ ഇറക്കി വിടുകയായിരുന്നു. 135 ചതുരശ്രകിലോമീറ്ററുകൾ വരുന്ന 33 ലക്ഷം മനുഷ്യർ താമസിക്കുന്ന ഈ വിശാലവേദിയിലെത്തിയ അവർ നന്നായി സുഹൃത്തുക്കളേ.. നന്നായി. ഒട്ടും നന്നാവാത്ത പഴയ ടീമുകളെയും ഇവർ കൂട്ടുകൂടി ഇണ ചേർന്ന് നന്നാക്കിയെടുത്തു.
വോൾബാക്കിയ ബാക്ടീരിയ ഉള്ളിലുള്ളതിനാൽ, ഡെങ്കി, സിക്ക വൈറസ്സുകൾക്ക് താമസിക്കാൻ കൊതുകു ശരീരങ്ങളിൽ ഇടമില്ലാണ്ടായെന്നാണ് കരക്കമ്പി. അതിൻ്റെ ശാസ്ത്രമറിയണമെങ്കിൽ Efficacy of Wolbachia-Infected Mosquito Deployments for the Control of Dengue എന്ന പഠനം The New England Journal of Medicine ൽ പോയി വായിച്ചാൽ മതി.
നല്ല പോക്കാണ് ഇതെന്നാണ് എപിഡെമിയോളജിസ്റ്റുകളൊക്കെ പറയുന്നത്. എന്നും പറഞ്ഞ് ലോകാരോഗ്യ സംഘടനയെപ്പോലെയുള്ള പ്രധാന ഏജൻസികൾ ഇത് ഔദ്യോഗികമായി അംഗീകരിച്ചിട്ടൊന്നുമില്ല കേട്ടൊ.. അവര് പഠിക്കുവാണ്.. പഠിക്കട്ടെ.. പഠിച്ചു കൊണ്ടേയിരിക്കട്ടെ..
അപ്പോ..
പറഞ്ഞു വരുന്നതിതാണ്.
ഭാവിയിൽ ഈ നല്ലവരായ കൊതുകുകൾ നമ്മുടെ നാട്ടിലും വരികയും, അസുഖങ്ങളൊന്നുമുണ്ടാക്കി നിങ്ങളെ ഉപദ്രവിക്കാതെ, ജീവിച്ചിരിക്കാൻ വേണ്ടി മാത്രം അവർ നിങ്ങളോടല്പം ചോര ചോദിക്കുകയും ചെയ്താൽ നിങ്ങളെന്തു ചെയ്യും?
“പിന്നേ.. നല്ലവരാണേലും ചീത്തവരാണേലും ഞങ്ങള് ചോര കൊടുക്കൂല” എന്നാണ് ഉത്തരമെങ്കിൽ..
എന്തൊരു ദുഷ്ടമനുഷ്യരാടോ നിങ്ങളൊക്കെ.. കഷ്ടം തന്നെ..!
അധിക വായനയ്ക്ക് :
- https://www.nature.com/articles/d41586-023-03346-2
- https://www.nejm.org/doi/10.1056/NEJMoa2030243
- https://www.nature.com/articles/d41586-023-01266-9
- https://www.worldmosquitoprogram.org/en/news-stories/stories/health-and-economic-benefits-wolbachia-method