വയർലെസ് ചാർജിംഗ് റൂം

ഡോ.ദീപ.കെ.ജി

മുറിയിൽ പ്രവേശിച്ച ഉടനെ നമ്മുടെ മൊബൈൽ ഫോണിൽ ചാർജ് കയറാൻ തുടങ്ങിയാലോ? വയർലെസ് ചാർജ് ട്രാൻസ്ഫർ വഴി സ്മാർട്ട് ഫോണുകളും ചെറിയ വീട്ടുപകരണങ്ങളും ചാർജ് ചെയ്യാനൊരു മുറി വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഗവേഷകർ. മാഗ്നെറ്റോക്വാസിസ്റ്റാറ്റിക് വയർലെസ് പവർ ട്രാൻസ്ഫർ എന്ന സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

കടപ്പാട്: media.springernature.com

വയർലെസ് ചാർജിംഗിൽ മുൻപ് നടത്തിയിരുന്ന പരീക്ഷണങ്ങളിൽ ഇലക്ട്രോ മാഗ്നെറ്റിക് വികിരണങ്ങളാണ് (മൈക്രോവേവ്സ്) ഉപയോഗിച്ചിരുന്നത്. വലിയ ആന്റിനകളും അതുപോലെ ട്രാക്കിംഗിനുള്ള സങ്കീർണമായ സംവിധാനങ്ങളും ഉൾപ്പെട്ടിരുന്നതിനാൽ ഈ വിദ്യ അത്ര വിജയകരമായിരുന്നില്ല. മാത്രമല്ല, മൈക്രോവേവ് കിരണങ്ങൾ ശരീരകോശങ്ങൾക്ക് ഹാനികരവുമാണ്. മാഗ്നറ്റിക് റെസൊണൻസ് കപ്ലിംഗ് വഴി കാന്തികക്ഷേത്രത്തിനുള്ളിൽ നിന്നു കൊണ്ട് രണ്ട് കോയിലുകൾ തമ്മിൽ ഊർജകൈമാറ്റം സാധ്യമാണ്.

അലുമിനിയം കൊണ്ടുണ്ടാക്കിയ 18cm3 വലിപ്പം ഉള്ള മുറിയാണ് പരീക്ഷണത്തിന് ക്രമീകരിച്ചത്. ത്രിമാന തലത്തിലുള്ള കാന്തികക്ഷേത്രം ഈ മുറിയിൽ സജ്ജമാക്കിയിരുന്നു. ഇലക്ട്രോണിക് ഉപകരണം വച്ചിരിക്കുന്ന സ്ഥലത്തെ കാന്തികക്ഷേത്രത്തിന്റെ തീവ്രതയ്ക്കനുസരിച്ച് ഊർജ കൈമാറ്റത്തിന്റെ കാര്യക്ഷമത 37.1 മുതൽ 90 ശതമാനം വരെ മാറുന്നതായി കണ്ടെത്തി. ഇതിൽ ഉപയോഗിച്ചിരിക്കുന്ന കപ്പാസിറ്റർ വൈദ്യുതക്ഷേത്രത്തെ സംഭരിക്കുക വഴി ശരീരകോശങ്ങൾക്ക് ഹാനികരമായ വികിരണങ്ങളെ തടയുകയും ചെയ്യുന്നു. അടുത്തകാലത്ത് ഇറങ്ങിയിരിക്കുന്ന പല സ്മാർട്ട് ഫോണുകളിലും ചാർജിംഗിനായുള്ള കോയിലുകളുണ്ട്. നിലവിലുള്ള വയർലെസ് ചാർജിംഗിൽ കാന്തികക്ഷേത്രം ഒരു ചെറിയ സ്ഥലത്തു മാത്രമേ നിർമിക്കാൻ പറ്റിയിരുന്നുള്ളൂ. ഇത് ചാർജിംഗ് സ്ഥലത്തെ പരിമിതപ്പെടുത്തുന്നതിന് കാരണമാകുകയും ചെയ്യുന്നു. എന്നാൽ, പുതിയ കണ്ടുപിടിത്തത്തിൽ കാന്തികക്ഷേത്രം മുറി നിറയെ വ്യാപിപ്പിക്കാനും തന്മൂലം സ്ഥല പരിമിതി ഇല്ലാതെ ചാർജിംഗ് കൂടുതൽ കാര്യക്ഷമമാക്കാനും സാധിച്ചു.


അവലംബം: Nature Electronics https://doi.org/10.1038/ $41928-021-00636-3

മറ്റു ലേഖനങ്ങൾ

കമ്പിയില്ലാ കറന്റ് : ജപ്പാന്‍ പുതിയ നേട്ടത്തിലേക്ക്

 

 

 

 

Leave a Reply