Read Time:6 Minute

വിനയരാജ് വി.ആര്‍

ദ്യമായി സങ്കരവിദ്യയിൽക്കൂടി ഉയർന്ന ഉൽപ്പാദനം നൽകുന്ന ചോളം വികസിപ്പിച്ചെടുത്ത സസ്യശാസ്ത്രജ്ഞരിൽ ഒരാളാണ് വില്യം ജെയിംസ് ബീൽ. ക്ലാസ് റൂമിനു വെളിയിലേക്ക് വിദ്യാർത്ഥികളെ കൊണ്ടുവന്നു പഠിപ്പിക്കാനായി 1870 -കളിൽ അദ്ദേഹം മിഷിഗൺ സ്റ്റേറ്റ് സർവ്വകലാശാലയിൽ തുടങ്ങിയ ഉദ്യാനം അദ്ദേഹത്തിന്റെ പേരിൽ ഇന്നും അറിയപ്പെടുന്നുവെന്നുമാത്രമല്ല അമേരിക്കയിൽ നിരന്തരമായി സംരക്ഷിച്ചുവരുന്ന ഏറ്റവും പുരാതനമായ സസ്യോദ്യാനമായി ഇതു മാറുകയും ചെയ്തു. വെറും അഞ്ച് ഏക്കർ മാത്രം വിസ്താരമുള്ള ഇവിടെ 1800 തരം സസ്യങ്ങൾ സംരക്ഷിച്ചുപോരുന്നു. എല്ലാവർക്കും സൗജന്യമായി ഇവിടെ സന്ദർശിക്കാം.

മിഷിഗൺ സ്റ്റേറ്റ് സർവ്വകലാശാലയിലെ ജെയിസ് ബീല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ കടപ്പാട് വിക്കിപീഡിയ

1879 -ൽ അദ്ദേഹം ഒരു പരീക്ഷണം തുടങ്ങി. കഴുത്തു കുറുകിയ 20 കുപ്പികളിലായി 21 തരം സസ്യങ്ങളുടെ 50 വീതം വിത്തുകൾ മണലിനോടൊപ്പം അദ്ദേഹം നിറച്ചു. വെള്ളം കയറാതിരിക്കാൻ അവയെ തലകീഴായി സർവ്വകലാശാലയുടെ കാമ്പസിനകത്ത് രഹസ്യമായൊരിടത്ത് നിരനിരയായി അരമീറ്റർ താഴെ കുഴിച്ചിട്ടു. ഓരോ അഞ്ചുവർഷം കൂടുമ്പോഴും ഓരോ കുപ്പികളായി പുറത്തെടുത്ത് അവയിലെ വിത്തുകൾ നടുകയും അവയുടെ മുളയ്ക്കൽ ശേഷി പരീക്ഷിച്ചു കണ്ടുപിടിക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ഇതു കുഴിച്ചിട്ട കാലത്ത് കർഷകർ നേരിട്ട പ്രധാനപ്പെട്ട ഒരു വെല്ലുവിളിയായിരുന്നു കളനിയന്ത്രണം. എത്ര പറിച്ചുകളഞ്ഞാലും അവ വീണ്ടും വളർന്നുവന്നുകൊണ്ടിരിക്കുന്നു, അന്നു കളനാശിനികൾ ഒന്നും കണ്ടുപിടിച്ചിട്ടില്ല താനും. ഓരോ കളയുടെ വിത്തുകൾക്കും എത്രനാൾ മുളയ്ക്കൾശേഷിയുണ്ടെന്നു കണ്ടെത്തുകയായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമികലക്ഷ്യം. വിത്തുകൾ ചിലപ്പോൾ വളരെ ചെറുതാണെങ്കിലും പലതും നശിപ്പിക്കുക എന്നത് അസാധ്യമായിരുന്നു. കാര്യം അവ അന്ന് കളകളായിരുന്നെങ്കിലും, സസ്യങ്ങളെ നശിപ്പിക്കുന്നത് പഠിക്കാനാണ് ഈ പരീക്ഷണം ലക്ഷ്യമിട്ടിരുന്നതെങ്കിലും, ഇന്ന് ഇത് വിത്തുസംരക്ഷണത്തെപ്പറ്റിയുള്ള പഠനത്തിനാണ് ഉപയോഗിക്കുന്നതെന്നതാണ് കൗതുകകരം. കളകൾ നശിപ്പികാൻ ഇന്നുകർഷകർക്ക് നിരവധി മറ്റുമാർഗ്ഗങ്ങൾ ഉള്ളതിനാൽ അന്നത്തെ ഭീഷണി ഇപ്പോഴില്ലതാനും.

ജയിംസ് ബീല്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കടപ്പാട് research.msu.edu

ലോകത്തേറ്റവും കാലം നീണ്ടുനിൽക്കുന്ന ഈ ജൈവശാസ്ത്രപരീക്ഷണം ഇത്രയും നീണ്ടുപോകുമെന്ന് ആരും കരുതിയില്ല. ആദ്യം ഓരോ കുപ്പികൾ തുറക്കുന്നതിന്റെയും ഇടവേള അഞ്ചുവർഷമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ 1920 -ൽ ഈ ഇടവേള 10 വർഷമായി വർദ്ധിപ്പിച്ചു. 1980 -ൽ അത് 20 വർഷമായി മാറ്റി. ആദ്യമാദ്യം പരീക്ഷണങ്ങൾ നടത്തിയപ്പോൾ നിരവധി വിത്തുകൾ മുളച്ചുവന്നിരുന്നു. എന്നാൽ വർഷങ്ങൾ പോകെ നിരവധി വിത്തുകളുടെ മുളയ്ക്കൽ ശേഷി നഷ്ടപ്പെട്ടു. അൻപതാം വർഷമായ 1930 -ൽ അഞ്ചുതരംവിത്തുകൾ മാത്രം മുളച്ചത് 1970 ആയപ്പോഴേക്കും കേവലം ഒരുതരം വിത്തുമാത്രം മുളയ്ക്കുന്നതിൽ എത്തി. എന്നാൽ 120 വർഷത്തിനുശേഷം രണ്ടായിരത്തിൽ ഒരു കുപ്പി പുറത്തെടുത്ത് വിത്തുകൾ നട്ടുനോക്കിയപ്പോൾ മൂന്നിനം വിത്തുകൾ മുളയ്ക്കുകയുണ്ടായി.

ജെയിസ് ബീല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 1873ലെ ചിത്രം കടപ്പാട് Betty Harper Fussel, The Story of Corn

ഇനി അഞ്ചുകുപ്പികൾ മാത്രമാണ് ബാക്കിയുള്ളത്. ഇക്കൊല്ലം ഒരെണ്ണം തുറക്കും. ഇങ്ങനെത്തന്നെ തുടർന്നുപോയാൽ അവസാനത്തെ കുപ്പി തുറക്കുന്നത് 2100 -ൽ ആയിരിക്കും, അന്ന് അതുകാണാൻ എന്തായാലും നമ്മളൊന്നും ഉണ്ടാവില്ല. അന്നേക്ക് 221 വർഷം നീണ്ടുനിൽക്കുന്നതാവും ഈ പരീക്ഷണം. ധാരാളം അറിവുകളാണ് ഇതു ശാസ്ത്രലോകത്തിനു നൽകിയത്. വളരെ ലളിതമായ ഒരു ശാസ്ത്രപരീക്ഷണം ഇത്രമാത്രം വിജയകരമായിത്തീർന്നു എന്നത് ശാസ്ത്രലോകം വളരെ കൗതുകത്തോടെ നോക്കിക്കാണുന്നൊരു കാര്യമാണ്.

ജയിംസ് ബീല്‍ പരീക്ഷണത്തിനായി ഉപയോഗിച്ച കഴുത്തു കുറുകിയ കുപ്പി

പരീക്ഷണത്തെപ്പറ്റി കൂടുതൽ അറിയാനും, സസ്യങ്ങളുടെ ഇനങ്ങൾ അറിയാനും The 120‐yr period for Dr. Beal’s seed viability experiment  വായിക്കാം


ലേഖകന്റെ ഫേസ്ബുക്ക് പേജ് : vinayrajvr

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കുട്ടികളിലെ ഡിജിറ്റല്‍ മീഡിയ ഉപയോഗം 
Next post Neowise ധൂമകേതു വീട്ടിലിരുന്ന് കാണാം
Close