നഗ്നനേത്രങ്ങൾക്ക് ദൃശ്യമല്ലാത്ത ഒരു ഗ്രഹത്തെ – യുറാനസിനെ – ആദ്യമായി ടെലിസ്കോപ്പ് ഉപയോഗിച്ച് കണ്ടെത്തിയതിന്റെ പേരിൽ പ്രസിദ്ധനായ ശാസ്ത്രജ്ഞനാണ് വില്യം ഹെർഷൽ (William Herschel).
1772 മുതൽ ഗവേഷണത്തിനായി ഇളയ സഹോദരി കരോലിൻ ഹെർഷലിനേയും ഒപ്പം ചേർത്തു. പിന്നീട് കരോലിനും സ്വന്തം നിലയിൽ പ്രശസ്തയായ ജ്യോതിശ്ശാസ്ത്രജ്ഞയായി. ആദ്യത്തെ പ്രൊഫഷണൽ വനിതാ അസ്ട്രോണമറാണ് കരോലിൻ. ഒന്നാന്തരം നിരീക്ഷക ആയിരുന്ന അവർ 8 ധൂമകേതുക്കളെ (comets) സ്വന്തം നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
ഇരട്ട രക്ഷത്രങ്ങളെ (binary stars) ക്കുറിച്ചുള്ള പഠനമായിരുന്നു ഹെർഷലിന്റെ മറ്റൊരു സംഭാവന. ഇത്തരത്തിലുള്ള 800 ലധികം നക്ഷത്രക്കൂട്ടങ്ങളെ അദ്ദേഹം കണ്ടെത്തി. ശനിയുടെയും യുറാനസിന്റേയുമായി രണ്ടു വീതം ഉപഗ്രഹങ്ങളെ കണ്ടെത്തിയതിന്റെ ഖ്യാതിയും ഹെർഷലിന് അവകാശപ്പെട്ടതു തന്നെ.
ഭൂമിക്കു പുറമേ മറ്റു ഗ്രഹങ്ങളിലും ജീവൻ ഉണ്ടാകാമെന്ന് അദ്ദേഹം കരുതി. സൂര്യന്റെ പുറംഭാഗത്തിനാണ് വലിയ ചൂടെന്നും അകത്ത് ജീവികളുണ്ടാകാമെന്നുവരെ വില്യം ഹെർഷൽ വിശ്വസിച്ചു. സർവ്വകലാശാലാ വിദ്യാഭ്യാസമോ ബിരുദങ്ങളോ ഇല്ലെങ്കിലും നല്ലൊരു ഗവേഷകനായി അദ്ദേഹം അറിയപ്പെട്ടു. ബ്രിട്ടനിൽ റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റി സ്ഥാപിക്കപ്പെട്ടപ്പോൾ ആദ്യ പ്രസിഡന്റ് ആയത് ഹെർഷലാണ്. ജ്യോതിശ്ശാസ്‌ത്രത്തിനു പുറമേ മറ്റു മേഖലകളിലും ഇദ്ദേഹത്തിന്റെ സംഭാവന ഉണ്ടായിട്ടുണ്ട്. പവിഴപ്പുറ്റിനു (coral) കാരണമാകുന്ന ജീവി സസ്യമല്ല, ഒരു തരം അകശേരുകികളാണെന്ന് (invertebrates) സ്ഥാപിച്ചത് വില്യമാണ്.
തയ്യാറാക്കിയത് : ഡോ.എൻ.ഷാജി
One thought on “വില്യം ഹെർഷൽ – നക്ഷത്രങ്ങളുടെ കൂട്ടുകാരൻ”