Read Time:10 Minute
എൻ. സാനു

കലണ്ടറിൽ ഫെബ്രുവരിക്ക് മാത്രം സാധാരണ 28 ദിവസങ്ങളും (അധിവർഷങ്ങളിൽ 29) മറ്റെല്ലാ മാസങ്ങൾക്കും 30-ഓ 31-ഓ ദിവസങ്ങളുമുണ്ട്. എന്തുകൊണ്ടാണ് ഫെബ്രുവരിയ്ക്ക് മാത്രം ഇത്രയും ദിവസങ്ങൾ കുറഞ്ഞുപോയത്? അതറിയണമെങ്കിൽ കലണ്ടറുകളുടെ ചരിത്രം അല്പം അറിഞ്ഞിരിക്കേണ്ടതുണ്ട്.

പുരാതന റോമൻ കലണ്ടർ

ഇന്നു നാം കാണുന്ന ഗ്രിഗോറിയൻ കലണ്ടർ പുരാതന റോമിൽ ഉപയോഗിച്ചിരുന്ന ദശമാസ കലണ്ടറിന്റെ തുടർച്ചയാണ്. മാർച്ചിൽ തുടങ്ങി ഡിസംബറിൽ അവസാനിക്കുന്ന 10 മാസങ്ങളാണ് കലണ്ടറിലുണ്ടായിരുന്നത്. 8 ദിവസങ്ങളുള്ള ആഴ്ച സമ്പ്രദായം അന്ന് റോമിൽ ഉപയോഗിച്ചിരുന്നു. ഇങ്ങനെയുള്ള 38 ആഴ്ചകൾ ചേർന്ന 304 ദിവസങ്ങളാണ് പഴയ റോമൻ കലണ്ടറിൽ ക്രമീകരിച്ചിരുന്നത്. മാർട്ടിയോസ്, അപ്രിലിസ്, മൈയസ്, ജൂനിയസ്, ക്വിന്റിലിസ്, സെക്സ്റ്റൈലിസ്, സെപ്തംബർ, ഒക്ടോബര്‍, നവംബർ, ഡിസംബർ എന്നിങ്ങനെ 31ഉം 30 ഉം ദിവസങ്ങൾ വീതമുള്ള 10 മാസങ്ങളാണുണ്ടായിരുന്നത്. 31 ദിവസങ്ങളുള്ള മാസങ്ങളെ പൂർണ്ണങ്ങൾ എന്നും (full) 30 ദിവസങ്ങൾ വീതമുള്ള മാസങ്ങളെ പൊള്ള (hollow) എന്നും വിളിച്ചു. 

ഭരണപരമായ കാര്യങ്ങൾക്കും ഉത്സവങ്ങളുടെ നടത്തിപ്പിനായുമാണ് പ്രധാനാമായും കലണ്ടർ ഉപയോഗിച്ചിരുന്നത്. ഡിസംബറിനു ശേഷം വരുന്ന കടുത്ത ശൈത്യകാലത്ത് ഇത്തരം കാര്യങ്ങളൊന്നും നടക്കാത്തതിനാൽ ഡിസംബർ കഴിഞ്ഞുള്ള 50 ദിവസങ്ങൾ അവധിക്കാലമായി കണക്കാക്കി കലണ്ടറിൽ നിന്നും ഒഴിവാക്കിയിരുന്നു. അങ്ങനെയുള്ള അവധിക്കാലം കൂടി കണക്കാക്കിയാൽ 354 ദിവസങ്ങളാണ് ഒരു വർഷത്തിൽ ഉണ്ടായിരുന്നത്.

പുരാതന റോമൻ കലണ്ടർ
ആധുനിക നാമം പഴയ ലാറ്റിൻ നാമം ദിവസങ്ങൾ ലാറ്റിൻ നാമത്തിന്റെ അർത്ഥം
മാർച്ച് മെൻസിസ് മാർട്ടിയോസ് 31 മാർസിന്റെ മാസം
ഏപ്രിൽ മെൻസിസ് അപ്രിലിസ് 30 അഫ്രൊഡൈറ്റിന്റെ മാസം
മെയ് മെൻസിസ് മൈയസ് 31 മൈയസ്സിന്റെ മാസം
ജൂൺ മെൻസിസ് ജൂനിയസ് 30 ജൂനിയസ്സിന്റെ മാസം
ജൂലൈ മെൻസിസ് ക്വിന്റിലിസ് 31 അ‍ഞ്ചാമത്തെ മാസം
ആഗസ്റ്റ് മെൻസിസ് സെക്സ്റ്റൈലിസ് 30 ആറാമത്തെ മാസം
സെപ്തംബർ മെൻസിസ് സെപ്തംബർ 30 ഏഴാമത്തെ മാസം
ഒക്ടോബർ മെൻസിസ് ഒക്ടോബര്‍ 31 എട്ടാമത്തെ മാസം
നവംബർ മെൻസിസ് നവംബർ 30 ഒമ്പതാമത്തെ മാസം
ഡിസംബർ മെൻസിസ് ഡിസംബർ 30 പത്താമത്തെ മാസം

31,30;   31,30;   31,30,30;   31,30,30 എന്ന ഒരു പാറ്റേണിൽ ദിവസങ്ങളുടെ എണ്ണം ഓർത്തിരിക്കാവുന്നതാണ്.

പരിഷ്കരിച്ച റോമൻ കലണ്ടർ

Numapisocng6371obverse.jpg
നൂമാ പോമ്പീലിയസ്

ഒരു അമാവാസി മുതൽ അടുത്ത അമാവാസി വരെയോ, ഒരു പൗർണ്ണമി മുതൽ അടുത്ത പൗർണ്ണമി വരെയോ ഉള്ള കാലയളവാണ് ഒരു ചാന്ദ്രമാസം. ഇത് 29.5 ദിവസങ്ങളാണ്. ഇങ്ങനെയുള്ള 12 ചാന്ദ്രമാസങ്ങള്‍ ചേർന്ന 354 ദിവസങ്ങളായിരുന്നു പുരാതന കാലത്ത് പല സംസ്കാരങ്ങളിലും ഒരു വർഷമായി കണക്കാക്കിയിരുന്നത്.

പുരാതന റോമൻ കലണ്ടറിലും 304 ദിവസങ്ങളുള്ള 10 മാസങ്ങളും 50 അവധി ദിവസങ്ങളും ചേര്‍ന്ന് 354 ദിവസങ്ങളാണുള്ളത്. പത്തുമാസങ്ങളും അവധി ദിവസങ്ങളുമുള്ള കലണ്ടറിനെ 12 മാസങ്ങളുള്ള കലണ്ടറായി പരിഷ്കരിച്ചത് ബി.സി.713ൽ റോമൻ രാജാവായിരുന്ന നൂമാ പോമ്പീലിയസാണ്. നൂമയുടെ പരിഷ്കരണം ഇപ്രകാരമായിരുന്നു:

  • വർഷത്തിലെ ദിവസങ്ങളുടെ എണ്ണം 354ന് പകരം 355 ആക്കി. ഒറ്റയക്കങ്ങൾ ഭാഗ്യദായകങ്ങളും ഇരട്ടയക്കങ്ങൾ ദോഷങ്ങളുമാണെന്ന ഒരു അന്ധവിശ്വാസം അക്കാലത്ത് റോമിലുണ്ടായിരുന്നു. ഇക്കാരണത്താലാണ് 354ന് പകരം ദിവസളുടെ എണ്ണം 355 ആക്കിയത് എന്ന് പറയപ്പെടുന്നു. അങ്ങനെ കലണ്ടറിൽ 1 ദിവസം അധികമായി വന്നു.
  • എല്ലാ മാസങ്ങളിലെയും ദിവസങ്ങളുടെ എണ്ണം ഒറ്റസംഖ്യയാക്കി മാറ്റുന്നതിനായി  30 ദിവസങ്ങളുള്ള മാസങ്ങളിൽ നിന്നും ഓരോ ദിവസങ്ങൾ വീതം വെട്ടിക്കുറച്ച് അവയെ 29 ദിവസങ്ങൾ വീതമുള്ള മാസങ്ങളാക്കി മാറ്റി. അങ്ങനെ 6 ദിവസങ്ങൾ മാസങ്ങളിൽ നിന്നും പുറത്തായി.
  • അധികമായി ചേര്‍ത്ത ഒരു ദിവസം,  വെട്ടിക്കുറയ്ക്കപ്പെട്ട 6 ദിവസങ്ങൾ, മുമ്പുണ്ടായിരുന്ന 50 അവധി ദിവസങ്ങൾ ഇവയെല്ലാം ചേര്‍ന്ന് മാസങ്ങളിൽ ഉൾപ്പെടാതെ കിടന്ന 57 ദിവസങ്ങളെ 29ഉം 28ഉം ദിവസങ്ങൾ വീതമുള്ള രണ്ടു പുതിയ മാസങ്ങളാക്കി ഡിസംബറിനു ശേഷം ഉൾപ്പെടുത്തി. അധികമായി ചേർത്ത, 29 ദിവസങ്ങളുള്ള പതിനൊന്നാമത്തെ മാസത്തിന് ജനുവരി എന്നും 28 ദിവസങ്ങളുള്ള പന്ത്രണ്ടാമത്തെ മാസത്തെ ഫെബ്രുവരി എന്നും വിളിച്ചു. അങ്ങനെയാണ് 28 ദിവസങ്ങളുള്ള ഫെബ്രുവരി ആദ്യമായി കലണ്ടറിൽ സ്ഥാനം പിടിച്ചത്.

355 ദിവസങ്ങൾ കഴിയുമ്പോൾ കലണ്ടർ വർഷം ആവർത്തിക്കുമെങ്കിലും ഋതുക്കൾ ഇതനുസരിച്ച് ആവർത്തിക്കില്ല. ഋതുക്കളുടെ ആവർത്തനം ഭൂമിയുടെ പരിക്രമണവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഇതിനെടുക്കുന്ന സമയം ഏകദേശം 365.25 ദിവസങ്ങളാണ്. അതായത് കലണ്ടറിൽ ഏതാണ്ട് 10 ദിവസങ്ങൾ കുറവാണ്. ഇതുമൂലം കാലാവസ്ഥയുമായി ബന്ധപ്പെട്ട് നടന്നു വരാറുള്ള ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും സമയവും കലണ്ടറിലെ തീയതിയുമായി ഒത്തു വരാതെയായി. ഇതു പരിഹരിക്കാനായി ഒന്നിടവിട്ട വർഷങ്ങളിൽ 27 ദിവസങ്ങള്‍ വീതമുള്ള മെഴ്സിഡോണിയസ് അന്ന ഒരു അധിമാസം കൂടി കലണ്ടറിൽ അധികമായി ചേർത്തു. അധിമാസം വരുന്ന വർഷങ്ങളിലെ ഫെബ്രുവരിക്ക് ഒന്നിടവിട്ട് 23ഉം 24ഉം ദിവസങ്ങൾ മാത്രമായി നിജപ്പെടുത്തി. ഇതും മറ്റുചില ക്രമീകരണങ്ങളും കൂടിച്ചേരുമ്പോൾ ഒരു 20 വർഷ ചക്രത്തിലെ ശരാശരി ദിവസങ്ങളുടെ എണ്ണം 365.25 ആയി വരുമായിരുന്നു.

ജൂലിയൻ കലണ്ടർ

Retrato de Julio César (26724093101) (cropped).jpg
ജൂലിയസ് സീസർ

അധിമാസങ്ങളും സങ്കീർണ്ണമായ മാസസമ്പ്രദായങ്ങളും ചേർന്ന റോമൻ കലണ്ടർ ജൂലിയസ് സീസറിന്റെ കാലത്ത് (49ബി.സി.) വീണ്ടും പരിഷ്കരിക്കപ്പെട്ടു. വർഷത്തിലെ ദിവസങ്ങളുടെ എണ്ണം സാധാരണ വർഷങ്ങളിൽ 365 ഉം അധിവർഷത്തിൽ 366 ഉം ആയി നിജപ്പെടുത്തുന്നതിനും അധിമാസ സമ്പ്രദാസം ഒഴിവാക്കുന്നതിനും തീരുമാനിച്ചു. ഇപ്രകാരം ചെയ്യുന്നതിന് പഴയ കലണ്ടറിൽ കുറവുണ്ടായിരുന്ന 10 ദിവസങ്ങൾ അധികമായി ചേര്‍ക്കേണ്ടതായി വന്നു. ഈ 10 ദിവസങ്ങൾ നിലവിലെ മാസങ്ങൾക്കായി പട്ടികയിൽ കാണുന്നപോലെ വീതിച്ചു നൽകുകയാണുണ്ടായത്. അപ്പോഴും 28 ദിവസങ്ങൾ മാത്രമുണ്ടായിരുന്ന ഫെബ്രുവരിക്ക് മാത്രം ഇതിന്റെ പങ്ക് കിട്ടിയില്ല.

ജൂലിയൻ കലണ്ടർ പരിഷ്കരണം
മാസം നൂമ കലണ്ടറിലെ ദിവസങ്ങൾ ജൂലിയസ് ചേർത്ത ദിവസങ്ങൾ ആകെ ദിവസങ്ങൾ
മാർച്ച് 31 0 31
ഏപ്രിൽ 29 1 30
മെയ് 31 0 31
ജൂൺ 29 1 30
ജൂലൈ 31 0 31
ആഗസ്റ്റ് 29 2 31
സെപ്തംബർ 29 1 30
ഒക്ടോബർ 31 0 31
നവംബർ 29 1 30
ഡിസംബർ 29 2 31
ജനുവരി 29 2 31
ഫെബ്രുവരി 28 0 28
ആകെ 355 10 365

അങ്ങനെ ഇന്നു നാം കാണുന്ന രീതിയിൽ മാസങ്ങളിലെ ദിവസങ്ങൾ പരിഷ്കരിക്കപ്പെട്ടു.  ഒരു സൗജന്യം എന്ന നിലയിൽ അധിവർഷങ്ങളിൽ ഫെബ്രുവരിക്ക് ഒരു ദിവസം അധികം കിട്ടുന്നു.

ഈ പരിഷ്കരണത്തിനു ശേഷം ജനുവരി 1 വർഷാരംഭമായും ഡിസംബർ അവസാന മാസമായും മാറി. തുടർന്നുവന്ന ചില പരിഷ്കരണങ്ങളുടെ ഭാഗമായി ക്വിന്റിലിസിന്റെ പേര് ജൂലൈ എന്നും (ജൂലിയസ് സീസറിന്റെ ഓർമ്മയ്ക്ക്) സെക്സ്റ്റൈലിസിന്റെ പേര് ആഗസ്റ്റ് എന്നും (അഗസ്റ്റസ് സീസറിന്റെ ഓർമ്മയ്ക്ക്) മാറ്റി.

ഗ്രിഗോറിയൻ കലണ്ടർ

ജൂലിയൻ കലണ്ടറിന്റെ തുടർച്ചയാണ് ഇന്നു നാം കാണുന്ന ഗ്രിഗോറിയൻ കലണ്ടർ. 1582ൽ പോപ്പ് ഗ്രിഗറിയുടെ നേതൃത്വത്തിൽ ജൂലിയൻ കലണ്ടറിൽ ഉണ്ടായിരുന്ന പല കുറവുകളും പരിഹരിച്ചു.  എന്നാൽ മാസങ്ങളിലെ ദിവസങ്ങളുടെ എണ്ണം പഴയ രീതിയിൽ തന്നെ തുടർന്നു. അതിനാൽ ഫെബ്രുവരിക്ക് സാധാരണ വർഷങ്ങളിൽ 28 ദിവസവും അധിവർഷങ്ങളിൽ 29 ദിവസവും എന്ന രീതി തന്നെ തുടർന്നു വരുന്നു.

ലൂക്കയുടെ 2021 ശാസ്ത്രകലണ്ടർ സ്വന്തമാക്കാം


Happy
Happy
67 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
11 %
Surprise
Surprise
22 %

One thought on “അതെന്താ ഫെബ്രുവരിയ്ക്ക് മാത്രം 28 ദിവസം

Leave a Reply

Previous post കാർബൺ ന്യൂട്രൽ ആയാൽ പോര, നെറ്റ് സീറോ തന്നെ ആകണം!
Next post പരിഭാഷകന്റെ പിഴയും റഷ്യന്‍- ജര്‍മന്‍ തര്‍ക്കവും
Close